ശാന്തപുരം അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യ
(ഗതകാല സ്മരണകള്‍-2)
ഹാജി വി.പി മുഹമ്മദലി സാഹിബുമായി പതി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന വാദപ്രതിവാദത്തില്‍നിന്ന് പതി പിന്‍വാങ്ങിയതോടെ ശാന്തപുരം മഹല്ല് പരിപൂര്‍ണമായി ജമാഅത്തെ ഇസ്‌ലാമിയുടെ ആശയാദര്‍ശങ്ങള്‍ അംഗീകരിക്കുകയും ഹാജി സാഹിബിനെയും ഇസ്സുദ്ദീന്‍ മൗലവിയെയും മാര്‍ഗദര്‍ശികളായി സ്വീകരിക്കുകയും ചെയ്തു. മഹല്ലിന് പുതിയ രൂപവും ഭാവവും നല്‍കാന്‍ അവര്‍ തീരുമാനിച്ചു. മഹല്ലിനെ പൊതുവായും ജുമുഅത്ത് പള്ളിയെയും ദര്‍സിനെയും പ്രത്യേകമായും ബാധിക്കുന്ന കാര്യങ്ങളില്‍ ആവശ്യമായ തീരുമാനങ്ങളെടുത്ത് ഭാവി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ മഹല്ല് നിവാസികളുടെ മുഴുവന്‍ പ്രാതിനിധ്യമുള്ള ഒരു കമ്മിറ്റിയെ തെരഞ്ഞെടുത്തു. 1947 മെയ് 30-ന് മഹല്ലിന്റെ പ്രഥമ യോഗം ചേര്‍ന്ന് താഴെ പറയുന്നവരെ മഹല്ല് കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുത്തു:
1. വി.കെ മുഹമ്മദ് ഇസ്സുദ്ദീന്‍ മൗലവി (ഖാദി & പ്രസിഡന്റ്) 2. കെ.വി മരക്കാരുട്ടി (വൈസ് പ്രസിഡന്റ്) 3. കൊടുവായക്കല്‍ മുഹമ്മദ് (വൈസ് പ്രസിഡന്റ്) 4. കെ.വി മുഹമ്മദ് എന്ന കുഞ്ഞിപ്പ (സെക്രട്ടറി) 5. ആനമങ്ങാടന്‍ അബ്ദുല്ല (ജോ. സെക്രട്ടറി) 6. ആനമങ്ങാടന്‍ മൊയ്തു ഹാജി (ട്രഷറര്‍) 7. കെ.വി മുഹമ്മദ് എന്ന കുഞ്ഞിപ്പ (കാരണവര്‍) 8. കെ.പി ആലിയമുട്ടി (കാരണവര്‍) 9. കൂര്യാട് പുത്തന്‍പുരയില്‍ മുഹമ്മദ് (കാരണവര്‍) 10. ആനമങ്ങാടന്‍ അബ്ദുല്ല (കാരണവര്‍) 11. തോരക്കാടന്‍ ഉണ്ണീന്‍ 12. കെ.വി അഹ്മദ് കുട്ടി 13 കാടംതൊടി കുഞ്ഞയമ്മു 14. കെ.വി മൊയ്തു 15. കൂര്യാട്ട് തച്ചങ്ങാട്ടില്‍ മുഹമ്മദ് 16. കൂര്യാട്ട് ആലിച്ചത്ത് മൊയ്തു 17. കോഴിപ്പറമ്പന്‍ അബൂബക്കര്‍ 18. അല്ലൂര്‍ കുഞ്ഞയമ്മു 19. മനച്ചിത്തൊടി ഹൈദറു 20. എം.ടി കുഞ്ഞാന്‍ എന്ന മുഹമ്മദ് 21. കൂര്യാട്ട് വെളികളത്തില്‍ മൊയ്തു (മെമ്പര്‍മാര്‍).
മഹല്ല് പള്ളിയുടെ സംരക്ഷണം, മത വിദ്യാഭ്യാസത്തിന്റെ പ്രചാരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് കമ്മിറ്റിയുടെ പരിധിയില്‍ വരുന്നതെന്നും തികച്ചും പരലോക മോക്ഷം മുന്‍നിര്‍ത്തിയാണ് ഇത് പ്രവര്‍ത്തിക്കുന്നതെന്നും ഈ മാര്‍ഗത്തില്‍ പല പരീക്ഷണ ഘട്ടങ്ങളെയും തരണം ചെയ്യേണ്ടിവന്നിട്ടുണ്ടെന്നും ധാരാളം പണച്ചെലവുള്ള പല സന്ദര്‍ഭങ്ങളിലും മഹല്ല് നിവാസികള്‍ ഉദാരമനസ്‌കരായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും യോഗം വിലയിരുത്തി.
1948 ഒക്‌ടോബര്‍ 15-ന് നടന്ന പൊതുയോഗത്തില്‍ വെച്ച് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. അതില്‍ താഴെ പറയുന്നവര്‍ അംഗങ്ങളാണ്:
1. എം.പി മമ്മദ് കുട്ടി (പ്രസിഡന്റ്) 2. കെ.വി കുഞ്ഞിപ്പ (വൈസ് പ്രസിഡന്റ്) 3. അല്ലൂര്‍ കുഞ്ഞഹമ്മദ് (സെക്രട്ടറി) 4. ടി.കെ കുഞ്ഞാന്‍ എന്ന മുഹമ്മദ് (ജോ. സെക്രട്ടറി) 5. കൊടുവായക്കല്‍ ബാപ്പു ഹാജി എന്ന മൊയ്തുട്ടിമാന്‍ ഹാജി (ട്രഷറര്‍) 6. കെ.കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ (ഖാദി) 7. കാടംതൊടി കുഞ്ഞഹമ്മദ് (മെമ്പര്‍) 8. കെ.വി മരക്കാര്‍ കുട്ടി ഹാജി 9. കെ.പി ആലിയമുട്ടി ഹാജി. 10. ആനമങ്ങാടന്‍ മൊയ്തു ഹാജി 11. വി.കെ കുഞ്ഞാലി 12. കൊടുവായക്കല്‍ കുഞ്ഞാലന്‍ 13. പി.സി അബ്ദുല്ല 14. ആനമങ്ങാടന്‍ മമ്മദ് 15. കൊമ്പന്‍ സൈദാലി 16. എ. വലിയ കുഞ്ഞയമ്മു 17. കെ. മുഹമ്മദ് 18. തച്ചങ്ങാട്ടില്‍ മുഹമ്മദ് 19. ആലിച്ചത്ത് മൊയ്തു 20. കെ.വി അബൂബക്കര്‍ 21. കെ.ടി രായിന്‍ കുട്ടി.
പിന്നീട് ഇതില്‍നിന്ന് കൊടുവായക്കല്‍ ബാപ്പു ഹാജി അംഗത്വം രാജിവെക്കുകയും തല്‍സ്ഥാനത്തേക്ക് കെ.പി മുഹമ്മദ് അധികാരിയെ തെരഞ്ഞെടുക്കുകയും ട്രഷറര്‍ സ്ഥാനം കെ.കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ക്ക് നല്‍കുകയും ചെയ്തു. കെ.വി മരക്കാര്‍ കുട്ടി ഹാജി രാജിവെച്ച സ്ഥാനത്തേക്ക് കെ.വി അഹ്മദ് കുട്ടി സാഹിബിനെ തെരഞ്ഞെടുത്തു.
റൗദത്തുല്‍ മുതഅല്ലിമീന്‍ മദ്‌റസ
ശാന്തപുരം മഹല്ലുകാര്‍ക്ക് ഇസ്‌ലാമികമായി കൂടുതല്‍ പഠിച്ചുയരാന്‍ വേണ്ടി 1947 സെപ്റ്റംബര്‍ 24-ന് ആരംഭിച്ച സ്ഥാപനമാണ് റൗദത്തുല്‍ മുതഅല്ലിമീന്‍ മദ്‌റസ. ജുമുഅത്ത് പള്ളിയില്‍ തുടക്കം കുറിച്ച അതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും മേല്‍നോട്ടവും മഹല്ല് കമ്മിറ്റിക്കായിരുന്നു. കമ്മിറ്റിയുടെ നിര്‍ദേശമനുസരിച്ച് മദ്‌റസ ഇടക്കിടെ സന്ദര്‍ശിച്ച് പഠനരീതി പരിശോധിക്കാനും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാനുമായി മഹല്ലുകാരായ വെട്ടാംപറമ്പില്‍ മൊയ്തു മൗലവിയെയും അമ്പലക്കുന്ന് മൊയ്തീന്‍ കുട്ടി മൗലവിയെയും കമ്മിറ്റി നിശ്ചയിച്ചു. കൂടാതെ പുറത്തുനിന്ന് വരുന്ന ഏത് മതപണ്ഡിതനും മദ്‌റസ പരിശോധിച്ച് അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനുള്ള അവസരവും അധികാരവും കമ്മിറ്റി നല്‍കി. അതനുസരിച്ച് എ. ഉണ്ണീന്‍ മൗലവി (മദുര്‍രിസ്, കടന്നമണ്ണ), വി.എം ശിഹാബുദ്ദീന്‍ മൗലവി (എം.എഫ്.ബി), വി.എം മൊയ്തീന്‍ കുട്ടി മൗലവി (ആനമങ്ങാട്), പി.കെ മൂസ മൗലവി (എം.എഫ്.ബി), ടി. സൈദാലി മൗലവി (മണ്ണാര്‍ക്കാട്), ടി.പി അബൂബക്കര്‍ മൗലവി (പുളിക്കല്‍ മദീനത്തുല്‍ ഉലൂം) തുടങ്ങിയ പണ്ഡിതന്മാരും വി.പി സൈദാലിക്കുട്ടി (പൂക്കാട്ടിരി) തുടങ്ങി പല പൗരമുഖ്യരും മദ്‌റസ സന്ദര്‍ശിക്കുകയുണ്ടായി. 1947-ല്‍ ആകെയുണ്ടായിരുന്ന നാല്‍പതില്‍ പരം വിദ്യാര്‍ഥികളില്‍ ആറു പേരൊഴികെ എല്ലാവരും മഹല്ല് നിവാസികളായിരുന്നു.
1948 ഒക്‌ടോബര്‍ 15-ന് നിലവില്‍ വന്ന കമ്മിറ്റി പള്ളിയില്‍ നടന്നുവന്നിരുന്ന മദ്‌റസയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചു. അഗതികളും അനാഥകളുമായ വിദ്യാര്‍ഥികള്‍ക്ക് കഴിയുന്ന സഹായങ്ങളും പ്രോത്സാഹനങ്ങളും നല്‍കി. ആവശ്യക്കാരായ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം നല്‍കുന്നതിനുള്ള സംവിധാനവുമുണ്ടാക്കി.
1949 മാര്‍ച്ച് 11-ന് ചേര്‍ന്ന യോഗത്തില്‍ മഹല്ലിലെ മുതിര്‍ന്ന ആളുകള്‍ക്ക് ദീനിയാത്തും അമലിയാത്തും പഠിപ്പിക്കാന്‍ മഹല്ലിന്റെ നാല് ഭാഗങ്ങളില്‍ നിശാ ക്ലാസ്സുകള്‍ സംഘടിപ്പിക്കാനും ഈമാനിനെയും ഇസ്‌ലാമിനെയും സംബന്ധിച്ച് ചെറു പുസ്തകങ്ങള്‍ നാട്ടുകാര്‍ക്കിടയില്‍ സൗജന്യമായും അല്ലാതെയും വിതരണം ചെയ്യാനും തീരുമാനിച്ചു. കമ്മിറ്റി മെമ്പര്‍മാരും പി. കുഞ്ഞിമൊയ്തു മൊല്ല തുടങ്ങിയ പണ്ഡിതന്മാരും ഈ യത്‌നത്തില്‍ സജീവമായി പങ്കെടുത്തു.
1949 ജനുവരി 28-ന് നിലവില്‍ വന്ന കമ്മിറ്റിയില്‍ മണ്ണക്കംപള്ളി മമ്മദു കുട്ടി പ്രസിഡന്റും അല്ലൂര്‍ കുഞ്ഞഹമ്മദ് സെക്രട്ടറിയുമായിരുന്നു.
1951 ഒക്‌ടോബര്‍ 16-നാണ് പാലക്കാട് രജിസ്റ്റര്‍ ഓഫീസില്‍ മഹല്ല് കമ്മിറ്റി രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. പതിനഞ്ച് അംഗങ്ങളുള്ള പ്രസ്തുത കമ്മിറ്റിയില്‍ വി.കെ.എം ഇസ്സുദ്ദീന്‍ മൗലവി പ്രസിഡന്റും കെ.വി മുഹമ്മദ് എന്ന കുഞ്ഞിപ്പ സെക്രട്ടറിയുമായിരുന്നു.
എ.കെ അബ്ദുല്‍ ഖാദിര്‍ മൗലവിയുടെ ആഗമനം
പതി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ വരവോടു കൂടി നാട്ടില്‍ പല പ്രശ്‌നങ്ങളും ഉടലെടുക്കുകയും കെ.വി ബാപ്പു ഹാജി, കെ.വി മരക്കാരുട്ടി തുടങ്ങിയവര്‍ മഹല്ല് കമ്മിറ്റിയില്‍നിന്ന് രാജിവെച്ച് പോവുകയും ചെയ്ത സാഹചര്യത്തില്‍ അമാനത്ത് കോയണ്ണി മുസ്‌ലിയാര്‍ പള്ളിയിലെ മുദര്‍രിസ് സ്ഥാനവും കളക്കണ്ടത്തില്‍ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ ഖത്വീബ് സ്ഥാനവും ഒഴിവായി. ആ പ്രത്യേക സാഹചര്യത്തിലാണ് 1951-ല്‍ ഹാജി സാഹിബ്, എ.കെ അബ്ദുല്‍ ഖാദിര്‍ മൗലവിയെ ശാന്തപുരം പള്ളിയിലെ മുദര്‍രിസും മഹല്ലിലെ ഖത്വീബുമായി കൊണ്ടുവരുന്നത്. എ.കെ അക്കാലത്ത് ഇരിമ്പിളിയം പള്ളിയില്‍ ഖത്വീബും മുദര്‍രിസുമായി സേവനമനുഷ്ഠിക്കുകയായിരുന്നു.
കോയണ്ണി മുസ്‌ലിയാര്‍ നിര്‍ത്തിവെച്ചിരുന്ന പള്ളിയിലെ ദര്‍സ് എ.കെ വന്ന ശേഷം പുനരാരംഭിച്ചു. കോയണ്ണി മുസ്‌ലിയാരുടെ ദര്‍സില്‍ പഠിപ്പിച്ചിരുന്നത് ശാഫിഈ മദ്ഹബിലെ കര്‍മശാസ്ത്ര ഗ്രന്ഥങ്ങളും നഹ്‌വ്-സ്വര്‍ഫ് അറബി വ്യാകരണ ഗ്രന്ഥങ്ങളുമായിരുന്നു. ഹദീസ് ഗ്രന്ഥങ്ങളുടെയും അറബി ഭാഷാ പഠനത്തിന്റെയും അഭാവം എ.കെ മനസ്സിലാക്കി. ഹൈദറാബാദില്‍ കുട്ടികള്‍ക്ക് അറബി ഭാഷാ പഠനത്തിന് തയാറാക്കപ്പെട്ട 'മിന്‍ഹാജുല്‍ അറബിയ്യ' എന്ന പുസ്തകത്തിന്റെ കോപ്പികള്‍ വരുത്തി കുട്ടികളുടെ അറബി പഠനത്തിന് അത് നിശ്ചയിച്ചു. ഉസ്മാനിയാ യൂനിവേഴ്‌സിറ്റിയിലെ അറബി പ്രഫ. സയ്യിദ് നബീ ഹൈദറാബാദി രചിച്ചതായിരുന്നു ആ പാഠപുസ്തകം. ഹദീസ് പഠനത്തിന് ശൈഖ് മുഹമ്മദ് അഹ്മദ് അല്‍ അദവി രചിച്ച 'മിഫ്താഹുല്‍ ഖിത്വാബത്തി വല്‍ വഅ്‌ള്' എന്ന പുസ്തകമാണ് ആദ്യകാലത്ത് ഉപയോഗപ്പെടുത്തിയിരുന്നത്.
മുള്ള്യാകുര്‍ശി അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യ
മുമ്പ് അലസിപ്പോയ മലബാര്‍ ബാഖിയാത്തുസ്സ്വാലിഹാത്തിന്റെ സ്ഥാനത്ത് ഒരു ഉന്നത മതവിദ്യാഭ്യാസ സ്ഥാപനം സ്ഥാപിക്കുക എന്നത് മഹല്ല് നിവാസികളുടെ അദമ്യമായ അഭിലാഷമായിരുന്നു. എ.കെയുടെ വരവോടെ അത് സംബന്ധിച്ച ചിന്ത കൂടുതല്‍ സജീവമായി. അങ്ങനെയാണ് 1953-ല്‍ അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യ എന്ന സ്ഥാപനം മുള്ള്യാകുര്‍ശിയില്‍ സ്ഥാപിതമായത്. എ.കെ അബ്ദുല്‍ ഖാദിര്‍ മൗലവി തന്നെ അതിന്റെ ചരിത്രം വിവരിക്കുന്നു:
''ഏറ്റവും പ്രശസ്തമായ നിലയില്‍ ഇന്നിവിടെ നടന്നുവരുന്ന ശാന്തപുരം ഇസ്‌ലാമിയാ കോളേജിന്റെ പൂര്‍വകാല ചരിത്രത്തിലേക്ക് കണ്ണോടിക്കുമ്പോള്‍ സര്‍വശക്തനായ അല്ലാഹുവെ നാം ആയിരമായിരം സ്തുതിക്കേണ്ടതുണ്ട്. പത്തിരുപത് ചെറു വിദ്യാര്‍ഥികളെ കൊണ്ട് മുമ്പുതന്നെ നടന്നുവന്നിരുന്ന ഇവിടത്തെ പള്ളിദര്‍സില്‍ 1951-ല്‍ ഈയുള്ളവന്‍ ഒരു മുദര്‍രിസായി നിയമിക്കപ്പെട്ടു. അങ്ങനെ ആ ദര്‍സ് നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഒരു മദ്‌റസയുടെ ആവശ്യകത നാട്ടുകാരില്‍ ശക്തിയായി ഉയര്‍ന്നുവന്നത്. സന്ദര്‍ഭവശാല്‍ അന്നൊരു ദിവസം മര്‍ഹൂം ഹാജി വി.പി മുഹമ്മദലി സാഹിബും ജനാബ് ഇസ്സുദ്ദീന്‍ മൗലവി സാഹിബും സ്ഥലത്ത് വരികയും ഹാജി സാഹിബിന്റെ അധ്യക്ഷതയില്‍ നാട്ടുകാരുടെ ഒരു യോഗം പള്ളിയില്‍ വെച്ച് ചേരുകയും ചെയ്തു. പ്രസ്തുത യോഗത്തില്‍ മദ്‌റസയുടെ പ്രശ്‌നം ആലോചനക്കു വെച്ചു. പള്ളിക്ക് സമീപം സ്ഥിതി ചെയ്യുന്നതും ഇപ്പോള്‍ കോളേജിന്റെ പഴയ കെട്ടിടങ്ങള്‍ നില്‍ക്കുന്നതുമായ സ്ഥലം അതിന്റെ അവകാശികള്‍ വഖ്ഫ് ചെയ്യാനും നാട്ടിലെ പ്രധാനികളായ അഞ്ച് വ്യക്തികള്‍ തങ്ങളുടെ സ്വന്തം ചെലവില്‍ പ്രസ്തുത സ്ഥലത്ത് മദ്‌റസക്കാവശ്യമായ ബില്‍ഡിംഗുണ്ടാക്കി കൊടുക്കാനും ഭരമേറ്റു. അധികം താമസിയാതെ തല്‍ഭാരവാഹികള്‍ അവരുടെ ചുമതല ഭംഗിയായി നിര്‍വഹിച്ചു. അല്ലാഹു അവര്‍ക്ക് അര്‍ഹമായ പ്രതിഫലം നല്‍കട്ടെ. മദ്‌റസയില്‍ അഞ്ച് ക്ലാസ്സുകള്‍ തുറന്ന് പഠനമാരംഭിക്കുകയും ചെയ്തു'' (ശാന്തപുരം ഇസ്‌ലാമിയാ കോളേജ് ഉപഹാര ഗ്രന്ഥം 1964).
ഹാജി വി.പി മുഹമ്മദലി സാഹിബിന്റെയും വി.കെ.എം ഇസ്സുദ്ദീന്‍ മൗലവിയുടെയും എ.കെ അബ്ദുല്‍ ഖാദിര്‍ മൗലവിയുടെയും കൂട്ടായ പ്രവര്‍ത്തനഫലമായി നാട്ടില്‍ വലിയ പുരോഗതിയുണ്ടായി. മഹല്ല് നിവാസികളുടെ കുട്ടികളുടെ ഇസ്‌ലാമിക വിദ്യാഭ്യാസ കാര്യത്തില്‍ ശ്രദ്ധിച്ചതിനു പുറമെ മഹല്ല് നിവാസികളെ ഇസ്‌ലാമിക സംസ്‌കാരമുള്ളവരാക്കി വളര്‍ത്തുന്നതിലും അവര്‍ പ്രത്യേകം ശ്രദ്ധിച്ചു. സമൂഹത്തില്‍ അവശേഷിച്ചിരുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തുടച്ചുനീക്കി അവരെ ശരിയായ ഇസ്‌ലാമിന്റെ വക്താക്കളും പ്രയോക്താക്കളുമാക്കി. മഹല്ലുകാരെല്ലാം ഏക നേതൃത്വത്തിനു കീഴില്‍ കൂടുതല്‍ ഐക്യത്തോടെ ജീവിച്ചു. എ.കെ അബ്ദുല്‍ ഖാദിര്‍ മൗലവി മഹല്ലിലെ ഓരോ വ്യക്തിയുമായും കുടുംബവുമായും അടുത്ത് ഇടപഴകിയിരുന്നു. അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി അവ പരിഹരിക്കുന്നതിനും അദ്ദേഹം മുന്‍കൈയെടുത്തു. സ്വന്തം നാട്ടുകാരെപ്പോലെയും സ്വകുടുംബങ്ങളെപ്പോലെയുമാണ് എ.കെ ശാന്തപുരത്തുകാരെ കണ്ടത്. അവര്‍ തമ്മിലുള്ള ബന്ധം അത്രയും സുദൃഢമായിരുന്നു. എ.കെയുടെ നേതൃത്വത്തിലുള്ള മഹല്ലിനും മദ്‌റസക്കും വേണ്ടി ത്യാഗം ചെയ്യാന്‍ നാട്ടുകാര്‍ സന്നദ്ധരായിരുന്നു.
(തുടരും)
Comments