ഇതാണ് മതരഹിത രാജ്യങ്ങളിലെ സന്തോഷ സൂചിക!
ധാര്‍മികതയുടെ മാനദണ്ഡം നിര്‍ണയിക്കാന്‍ സാധിക്കാതെ, നന്മക്ക് അസ്തിത്വമുണ്ടോ എന്നു പോലും പറയാന്‍ കഴിയാതെ എക്കാലത്തും ആസ്തികര്‍ക്ക് മുമ്പില്‍ ഉഴലുകയായിരുന്ന യുക്തിവാദികള്‍ ഇന്ന് പുതിയ ചില അവകാശവാദങ്ങള്‍ മുന്നോട്ടു വെക്കാന്‍ തുടങ്ങിയിട്ടുണ്ട്. മതരഹിതമായ രാജ്യങ്ങളിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ സമാധാനവും സന്തോഷവും നിലനില്‍ക്കുന്നതെന്നും, മതം ശക്തമായ ഇടങ്ങളിലെല്ലാം അസമാധാനവും അസന്തുഷ്ടിയുമാണ് ഉള്ളതെന്നുമാണ് അതിലൊരു വാദം. എന്നാല്‍ എങ്ങനെയാണ് മതനിരാസം സന്തോഷത്തിനും സമാധാനത്തിനും കാരണമാവുന്നത് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം അവര്‍ക്കില്ല. മതം മനുഷ്യനെ ഭിന്നിപ്പിക്കുന്നു തുടങ്ങിയ ബാലിശമായ വാദങ്ങള്‍ ഉയര്‍ത്തുക മാത്രമാണ് അവര്‍ ചെയ്യുന്നത്. നാല്‍പതാളുകള്‍ കൂടിയ ഒരു സംഘടന രൂപീകരിച്ച് നാലാഴ്ച പിന്നിടുമ്പോഴേക്കും നാല് സംഘങ്ങളായി പരസ്പരം തെറിയഭിഷേകം നടത്തുന്ന നാസ്തികരാണ് മനുഷ്യനെ മതങ്ങള്‍ ഭിന്നിപ്പിക്കുന്നു എന്ന് ആവലാതിപ്പെടുന്നത് എന്നതാണ് അത്ഭുതം.
മതരഹിത രാജ്യങ്ങളിലാണ് സമാധാനവും സന്തോഷവുമുള്ളത് എന്ന വാദം ആഴത്തില്‍ പഠനവിധേയമാക്കിയാല്‍ അത്യത്ഭുതകരമായ വൈരുധ്യങ്ങളിലാണ് ചെന്നെത്തുക. നാസ്തികരുടെ വാദങ്ങള്‍ പൊള്ളയാണെന്നു മാത്രമല്ല അര്‍ധ സത്യങ്ങളുടെ ഘോഷയാത്രയുമാണ്. വിവിധ ഗാലപ്പ് പോളുകളുടെ അടിസ്ഥാനത്തിലാണ് ഓരോ രാജ്യത്തെയും മതരഹിതരുടെ എണ്ണം കണക്കാക്കുക. പ്യൂ റിസര്‍ച്ച് സെന്റര്‍, ഗാലപ്പ് ഇന്റര്‍നാഷ്‌നല്‍ അസോസിയേഷന്‍, ഗാലപ്പ് തുടങ്ങിയ സ്ഥാപനങ്ങളാണ് പട്ടികകള്‍ തയാറാക്കുന്നത്. ഇതിനു പുറമെ ഫില്‍ സുക്കര്‍മാന്‍ എന്ന ഗവേഷകന്‍ തന്റെ ഗവേഷണത്തിനു വേണ്ടി ഒരു പട്ടിക തയാറാക്കിയിട്ടുണ്ട്.
ഗാലപ്പ് വേള്‍ഡ് പോളിന്റെ അടിസ്ഥാനത്തില്‍ തയാറാക്കപ്പെട്ട ഡാറ്റയാണ് ഐക്യരാഷ്ട്രസഭ വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് തയാറാക്കാനായി ഉപയോഗിക്കുന്നത്. ഫോണിലൂടെയോ നേരിട്ടോ ചോദ്യങ്ങള്‍ ചോദിച്ചാണ് ഡാറ്റ തയാറാക്കുന്നത്. സാധാരണ രാജ്യങ്ങളില്‍ ആയിരത്തോളം ആളുകളെ ക്രമരഹിതമായും ജനസംഖ്യ വളരെ കൂടിയ ചൈന പോലുള്ള രാജ്യങ്ങളില്‍ രണ്ടായിരത്തോളം ആളുകളുമായി ബന്ധപ്പെട്ടുമാണ് വിവരശേഖരണം.
ബന്ധപ്പെടുന്ന ആളുകളോട് ഒരു ഏണി സങ്കല്‍പ്പിക്കാനാണ് ആവശ്യപ്പെടുക. കേന്‍ഡ്രില്‍ ഏണി എന്നാണ് ഇതിനെ വിളിക്കുന്നത്. ഏറ്റവും നല്ല ജീവിതം നയിക്കുന്നവര്‍ 10 എന്നും ഏറ്റവും മോശം ജീവിതം നയിക്കുന്നവര്‍ 0 എന്നും ഉത്തരം നല്‍കും. 6 മാസം കൂടുമ്പോള്‍ ഈ സര്‍വേകള്‍ നടക്കും. സര്‍വേ ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കുക. ഇതിനു പുറമെ ഈ രാജ്യങ്ങളുടെ ആറ് ഘടകങ്ങള്‍ വേറെയും ഇതിനൊപ്പം ചേര്‍ക്കുന്നുണ്ട്. ജി.ഡി.പി, ശരാശരി ആയുസ്സ്, ഉദാരത, സാമൂഹിക പിന്തുണ, സ്വാതന്ത്ര്യം, അഴിമതി ഇതൊക്കെ എത്രത്തോളമുണ്ടെന്നും അന്വേഷിക്കും.
വേള്‍ഡ് ഹാപ്പിനസ്സ് റിപ്പോര്‍ട്ട് തയാറാക്കാനായി യു.എന്‍ ഡാറ്റകള്‍ സ്വീകരിക്കുന്ന ഗാലപ്പിന്റെ കണക്കു പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ മതരഹിതരുള്ളത് എസ്റ്റോണിയയിലാണ്. ചൈന ഗാലപ്പിന്റെ ഈ പട്ടികയില്‍ ഇടം പിടിച്ചിട്ടില്ല. എന്നാല്‍ ഏറ്റവും കൂടുതല്‍ മതരഹിതരുള്ള രാജ്യമായി ഗാലപ്പിന്റെ പട്ടികയില്‍ ഇടം പിടിച്ച എസ്റ്റോണിയ പക്ഷേ വേള്‍ഡ് ഹാപ്പിനസ്സ് റിപ്പോര്‍ട്ടില്‍ 51 -ആം സ്ഥാനത്താണുള്ളത്. ഗാലപ്പില്‍ നാലാം സ്ഥാനമുള്ള ജപ്പാന്‍ വേള്‍ഡ് ഹാപ്പിനസ്സ് റിപ്പോര്‍ട്ടില്‍ 62-ാം സ്ഥാനത്തുമാണ്. മതരഹിതരില്‍ അഞ്ചാം സ്ഥാനത്തുള്ള ഹോങ്കോംഗാകട്ടെ 78-ാം സ്ഥാനത്താണ് വേള്‍ഡ് ഹാപ്പിനസ്സ് റിപ്പോര്‍ട്ടില്‍. ഏഴാം സ്ഥാനത്തുള്ള വിയറ്റ്നാമാകട്ടെ വേള്‍ഡ് ഹാപ്പിനസ്സ് റിപ്പോര്‍ട്ടില്‍ 83-ാം സ്ഥാനത്തും. ഗാലപ്പില്‍ 10-ാം സ്ഥാനത്തുള്ള ബെലാറസ് വേള്‍ഡ് ഹാപ്പിനസ്സ് റിപ്പോര്‍ട്ടില്‍ 75-ാം സ്ഥാനത്താണ്. ഗാലപ്പില്‍ 20-ാം സ്ഥാനത്തുള്ള ഉക്രൈന്‍ വേള്‍ഡ് ഹാപ്പിനസ്സ് റിപ്പോര്‍ട്ടില്‍ 123-ാം സ്ഥാനത്താണ് നില്‍ക്കുന്നത്.
ഗാലപ്പ് ഇന്റര്‍നാഷ്‌നല്‍ അസോസിയേഷന്‍ 2017-ല്‍ നടത്തിയ കണക്കെടുപ്പിലാവട്ടെ, ലോകത്ത് മതരഹിത രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമത് ചൈനയാണ്. അതിനു താഴെ സ്വീഡനും ചെക് റിപ്പബ്ലിക്കും. ലോകത്ത് ഏറ്റവും കൂടുതല്‍ മതരഹിതര്‍ ജീവിക്കുന്ന ചൈന പക്ഷേ വേള്‍ഡ് ഹാപ്പിനസ്സ് റിപ്പോര്‍ട്ടില്‍ 93-ാം സ്ഥാനത്തേ വരുന്നുള്ളൂ. ശേഷം വരുന്ന ചെക്ക് റിപ്പബ്ലിക് 20-ാം സ്ഥാനത്തും. എന്നാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ മതരഹിതരുള്ള രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്തുള്ള ചെക്ക് റിപ്പബ്ലിക്ക് 20-ാം സ്ഥാനത്ത് നിലകൊള്ളുമ്പോള്‍ തൊട്ടു താഴെയായി യുനൈറ്റഡ് അറബ് എമിറേറ്റ്സും ഉണ്ടെന്ന് ഓര്‍ക്കണം. ഏറ്റവും കൂടുതല്‍ വിശ്വാസികള്‍ ജീവിക്കുന്ന ഖത്തര്‍, സുഊദി അറേബ്യ എന്നിവ യഥാക്രമം 28, 29 സ്ഥാനങ്ങളിലാണ്. അതായത് മതരഹിത രാജ്യങ്ങളുടെ കൂടെ തന്നെ മതം വളരെ ശക്തമായ രാജ്യങ്ങളും നിലകൊള്ളുന്നു എന്നര്‍ഥം. ഇതേ ഗാലപ്പ് പോളിന്റെ അടിസ്ഥാനത്തില്‍ ആറാം സ്ഥാനത്ത് നില്‍ക്കുന്ന അസര്‍ബൈജാന്‍ വേള്‍ഡ് ഹാപ്പിനസ്സ് റിപ്പോര്‍ട്ടില്‍ 90-ാം സ്ഥാനത്താണ്. 14-ാം സ്ഥാനത്ത് നിലനില്‍ക്കുന്ന എസ്റ്റോണിയ വേള്‍ഡ് ഹാപ്പിനസ്സ് റിപ്പോര്‍ട്ടില്‍ 55-ാംസ്ഥാനത്തും. ഇനി സുക്കര്‍മാന്റെ ഡാറ്റയില്‍ ഏറ്റവും കൂടുതല്‍ അവിശ്വാസികളുള്ള രാജ്യമായ വിയറ്റ്നാം വേള്‍ഡ് ഹാപ്പിനസ്സ് റിപ്പോര്‍ട്ടില്‍ 94-ാം സ്ഥാനത്താണ്. തൊട്ടു താഴെയുള്ള ജപ്പാന്‍ ഹാപ്പിനസ്സ് റിപ്പോര്‍ട്ടില്‍ 58-ാംസ്ഥാനത്തും. മതരാഹിത്യവുമായി യാതൊരു ബന്ധവുമില്ലാത്ത രീതിയിലാണ് വേള്‍ഡ് ഹാപ്പിനസ്സ് റിപ്പോര്‍ട്ടില്‍ സ്ഥാനങ്ങള്‍ ക്രമപ്പെടുത്തിയിരിക്കുന്നത് എന്നര്‍ഥം.
ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇക്കണോമിക്സ് ആന്റ് പീസ് എന്ന സ്ഥാപനം പുറത്തിറക്കിയ ഗ്ലോബല്‍ പീസ് ഇന്‍ഡക്സ് എന്ന പട്ടിക ലോകത്ത് ഏറ്റവും കൂടുതല്‍ സമാധാനം നിലനില്‍ക്കുന്ന രാജ്യങ്ങളെ റാങ്കിംഗ് ചെയ്തുകൊണ്ടുള്ള പട്ടികയാണ്. വേള്‍ഡ് ഹാപ്പിനസ്സ് റിപ്പോര്‍ട്ടില്‍ 19-ാം സ്ഥാനത്ത് നിലകൊള്ളുന്ന യു.എസ്.എ ഗ്ലോബല്‍ പീസ് ഇന്‍ഡക്സില്‍ 128-ാം സ്ഥാനത്തേ വരുന്നുള്ളൂ. വേള്‍ഡ് ഹാപ്പിനസ്സ് റിപ്പോര്‍ട്ടില്‍ 58-ാം സ്ഥാനത്തുള്ള ജപ്പാന്‍ ഗ്ലോബല്‍ പീസ് ഇന്‍ഡക്സില്‍ ഒമ്പതാം സ്ഥാനത്ത് ഉണ്ട് താനും. പോര്‍ച്ചുഗല്‍ വേള്‍ഡ് ഹാപ്പിനസ്സ് റിപ്പോര്‍ട്ടില്‍ 66-ാം സ്ഥാനത്ത് നിലകൊള്ളുമ്പോള്‍ ഗ്ലോബല്‍ പീസ് ഇന്‍ഡക്സില്‍ മൂന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്. ഇത്തരം ഡാറ്റ കാണുമ്പോള്‍ സന്തോഷവും സമാധാനവും തമ്മില്‍ എന്ത് ബന്ധം എന്ന് ആരും സംശയിച്ചുപോകും.
സന്തോഷത്തിന് കടകവിരുദ്ധമാണ് വിഷാദം. എത്രയോ വമ്പന്‍ മുന്നേറ്റങ്ങള്‍ മനുഷ്യരാശി നടത്തി. പക്ഷേ ഇന്നും ദിനേന പട്ടിണി കാരണം മരിക്കുന്നത് 25000 മനുഷ്യജീവനുകളാണ്. പട്ടിണി, തൊഴിലില്ലായ്മ തുടങ്ങിയ കാരണങ്ങളില്‍ ഒട്ടനവധി ആളുകള്‍ വിഷാദരോഗികളായി മാറുകയും ആത്മഹത്യ ചെയ്യുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇത്തരം പ്രശ്നങ്ങളൊന്നും തന്നെ ഇപ്പോള്‍ അഭിമുഖീകരിക്കാത്ത സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ ആത്മഹത്യാ നിരക്ക് വളരെ ഗുരുതരമായ നിലയിലാണു താനും. ലോകരാജ്യങ്ങളിലെ പ്രതിശീര്‍ഷ ആത്മഹത്യാ നിരക്ക് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ പുറത്തുവിട്ടിട്ടുണ്ട്. ഏറ്റവും കൂടുതല്‍ സന്തോഷം അനുഭവിക്കുന്നവര്‍ മരണത്തെ കൊതിക്കാത്തവരായിരിക്കും. അതുകൊണ്ടുതന്നെ വേള്‍ഡ് ഹാപ്പിനസ്സ് റിപ്പോര്‍ട്ടില്‍ മുന്‍പന്തിയിലുള്ള രാജ്യങ്ങളെ നാം അന്വേഷിക്കുക ഈ പട്ടികയുടെ താഴെ തട്ടില്‍ ആയിരിക്കും. 183 രാജ്യങ്ങളിലെ പ്രതിശീര്‍ഷ ആത്മഹത്യാ നിരക്കു പട്ടികയില്‍, ലോകത്ത് ഏറ്റവും സന്തോഷം നിലനില്‍ക്കുന്നുവെന്ന് പറയപ്പെടുന്ന ഫിന്‍ലാന്‍ഡ് ഉണ്ടാകേണ്ടത് 183-ാം സ്ഥാനത്താണ്. എന്നാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ സന്തോഷം നിലനില്‍ക്കുന്നു എന്ന് പറയപ്പെടുന്ന ഫിന്‍ലാന്‍ഡ് ഈ പട്ടികയില്‍ 32-ാം സ്ഥാനത്ത് എത്തിനില്‍ക്കുന്നു.
കൊടും പട്ടിണിയും തൊഴിലില്ലായ്മയും കാരണം ജീവിതത്തില്‍ യാതൊരു പ്രതീക്ഷയും വെച്ചു പുലര്‍ത്താന്‍ സാധിക്കാത്ത ജനസമൂഹങ്ങളുണ്ട്. തെക്കേ അമേരിക്കയിലെ ഏറ്റവും ദരിദ്രമായ രാജ്യങ്ങളിലൊന്നായ ഗയാനയില്‍ പത്തില്‍ നാലാളുകള്‍ക്ക് മൗലികാവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ സാധിക്കുന്നില്ല. ലെസൊട്ടോയില്‍ മുപ്പത് ശതമാനത്തോളം ആളുകള്‍ കടുത്ത പട്ടിണിയില്‍ കഴിയുന്നവരാണ്. ജനസംഖ്യയുടെ പാതിയും ദരിദ്രര്‍. മറ്റൊരു രാജ്യമായ എറൊട്രേയില്‍ അമ്പത്തിമൂന്ന് ശതമാനത്തോളം ആളുകള്‍ ദാരിദ്ര്യരേഖക്കു താഴെ ജീവിക്കുന്നവരാണ്. 183 രാജ്യങ്ങളിലെ പ്രതിശീര്‍ഷ ആത്മഹത്യാ നിരക്കു പട്ടികയില്‍ ഇത്തരം രാജ്യങ്ങളുടെ കൂടെയാണ് ഏറ്റവും കൂടുതല്‍ സന്തോഷം നിലനില്‍ക്കുന്ന ഫിന്‍ലാന്റിന്റെ സ്ഥാനം എന്നത് എത്രമാത്രം അത്ഭുതകരമാണ്. സ്വീഡന്‍ പോലുള്ള രാജ്യങ്ങളിലെ ആത്മഹത്യാ കണക്കുകള്‍ ശരിയല്ല എന്നതാണ് യാഥാര്‍ഥ്യം. പരസഹായത്തോടു കൂടിയുള്ള ആത്മഹത്യ സ്വീഡനില്‍ കുറ്റകരമല്ലാത്തതിനാല്‍ അവയുടെ ഡാറ്റ ഇതില്‍ ചേര്‍ക്കപ്പെടുന്നില്ല. എന്നിട്ടും ഈ രാജ്യം ഈ പട്ടികയില്‍ മുന്നില്‍ തന്നെയുണ്ട്.
ലോകത്ത് നടക്കുന്ന ആത്മഹത്യയുടെ നാലില്‍ ഒന്നും ചൈനയിലാണ്. മറ്റു രാജ്യങ്ങളില്‍ പുരുഷന്മാരാണ് കൂടുതല്‍ ആത്മഹത്യ ചെയ്യുന്നതെങ്കില്‍ ചൈനയില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ ചെയ്യുന്നത് സ്ത്രീകളാണ്. മതരഹിത രാജ്യങ്ങളില്‍ സമാധാനവും സന്തോഷവും നിലനില്‍ക്കുന്നു എന്ന് പറഞ്ഞതിനു ശേഷം ഫില്‍ സുക്കര്‍മാന്‍ തന്നെ ഈ ഞെട്ടിക്കുന്ന ആത്മഹത്യാ നിരക്കിനെ കുറിച്ച് പറയുന്നുണ്ട്. അതിതീവ്ര വിഷാദ രോഗങ്ങള്‍ക്ക് അടിപ്പെട്ടവര്‍ വളരെ കൂടുതലുണ്ട്, 'സമാധാനവും സന്തോഷവും കളിയാടുന്ന' രാജ്യങ്ങളില്‍ എന്നാണ് ഈ റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്. ഏറ്റവും കൂടുതല്‍ ആന്റി ഡിപ്രെസന്റ് മരുന്നുകള്‍ കഴിക്കുന്നതും ഈ രാജ്യങ്ങളിലുള്ളവര്‍ തന്നെ. ഒരുപക്ഷേ ഈ മരുന്നുകളുടെ സഹായം കൂടി ഇല്ലായിരുന്നെങ്കില്‍ ആത്മഹത്യാ നിരക്കുകളും കുത്തനെ ഉയരുമായിരുന്നു. മാനസിക അസ്വസ്ഥതകള്‍ക്ക് ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ നോര്‍വേയിലുണ്ടായത് 40 ശതമാനം വളര്‍ച്ചയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ സന്തോഷം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ള ഫിന്‍ലാന്റില്‍ സംഭവിക്കുന്ന മരണകാരണങ്ങളില്‍ മൂന്നാം സ്ഥാനത്തുള്ളത് ആത്മഹത്യയാണ്. അതില്‍ തന്നെ സ്ത്രീകളാണ് കൂടുതല്‍ വിഷാദ രോഗങ്ങള്‍ക്ക് അടിപ്പെട്ടിരിക്കുന്നതെന്ന് പഠനങ്ങള്‍ കാണിക്കുന്നു.
വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ മെന്റല്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റിന്റെ മേധാവിയായ ജോസ് മനോല്‍ ബെര്‍ട്ടലോട്ട് ആത്മഹത്യയുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് നാസ്തികരില്‍ ആത്മഹത്യാ നിരക്ക് വളരെ കൂടുതലാണെന്നാണ്. മുസ്ലിംകളിലാണ് ഏറ്റവും കുറഞ്ഞ ആത്മഹത്യാ നിരക്ക്. ഹിന്ദു, ക്രിസ്ത്യന്‍, ബുദ്ധര്‍ എന്നിവരില്‍ 9.6,11.2,17.9 എന്നിങ്ങനെയാണ് ആത്മഹത്യാ നിരക്ക്. നാസ്തികരിലാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യാ നിരക്കെന്ന് പറഞ്ഞല്ലോ. മുസ്ലിംകളില്‍ ഒരു ലക്ഷത്തില്‍ 0.1 ആണ് ആത്മഹത്യാ നിരക്കെങ്കില്‍ 0.1-ന്റെ സ്ഥാനത്ത് 25.6 ആണ് നാസ്തികരുടെ ആത്മഹത്യാ നിരക്ക്. മാത്രമല്ല 1950 മുതല്‍ 2020 വരെ ആത്മഹത്യാ നിരക്ക് വര്‍ധിച്ചുകൊണ്ടിരിക്കുകയുമാണ്.
വേള്‍ഡ് ഹാപ്പിനസ്സ് റിപ്പോര്‍ട്ട് തയാറാക്കാന്‍ വേണ്ട ഡാറ്റ നല്‍കിയ ഗാലപ്പ് ഇവ്വിഷയകമായും വിവരശേഖരണം നടത്തിയിട്ടുണ്ട്. ബ്രെറ്റ് പെല്‍ഹാം നടത്തിയ ഈ പഠനത്തില്‍ മത പ്രതിപത്തി (Religiostiy) കുറയുന്നതിന് ആനുപാതികമായി ആത്മഹത്യാ നിരക്ക് കൂടുന്നു എന്ന് കണ്ടെത്തുകയുണ്ടായി. ഡബ്ല്യൂ.എച്ച്.ഒ തയാറാക്കിയ ആത്മഹത്യ സ്ഥിതിവിവരഗണിതവും മത പ്രതിപത്തിയും തമ്മില്‍ താരതമ്യം ചെയ്തുകൊണ്ടാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഏറ്റവും കൂടുതല്‍ മത പ്രതിപത്തി സ്‌കോര്‍ (79) ലഭിച്ച ഫിലിപ്പീന്‍സിനേക്കാള്‍ 12 ഇരട്ടി ആത്മഹത്യാ നിരക്കാണ് മത പ്രതിപത്തി സ്‌കോര്‍ (29) വളരെ കുറഞ്ഞ ജപ്പാനില്‍ കാണപ്പെടുന്നത്. ഉറുഗ്വക്കാരേക്കാള്‍ മത പ്രതിപത്തി കൂടിയ പരാഗ്വക്കാരില്‍ ഉറുഗ്വക്കാരേക്കാള്‍ അഞ്ചിരട്ടി കുറവാണ് ആത്മഹത്യാ നിരക്ക്. ആശ്ചര്യകരമായ തരത്തില്‍ ഈ അനുപാതം നില നില്‍ക്കുന്നു എന്നാണ് ഗാലപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 2002-ല്‍ സ്റ്റാറ്റിസ്റ്റിഷ്യന്‍ ആയ സ്റ്റെര്‍ലിങ് ഹില്‍ടണും സഹപ്രവര്‍ത്തകരും ഒരു പഠനം നടത്തുകയുണ്ടായി. പള്ളിയില്‍ പോകുന്ന യുവാക്കളുമായി പള്ളിയുമായി ബന്ധം ഇല്ലാത്ത യുവാക്കളെ താരതമ്യം ചെയ്തപ്പോള്‍ മൂന്ന് മുതല്‍ അഞ്ച് വരെ ഇരട്ടി ആത്മഹത്യയാണ് പള്ളിയുമായി ബന്ധമില്ലാത്ത യുവാക്കളില്‍ കൂടുതല്‍ കണ്ടെത്തിയത്.
വിശ്വാസികളാണ് നാസ്തികരേക്കാള്‍ സന്തോഷവാന്മാര്‍ എന്നാണ് പല ഗവേഷണങ്ങളും കണ്ടെത്തിയിട്ടുള്ളത്. യുനൈറ്റഡ് സ്റ്റേറ്റ്സ് അടക്കമുള്ള 25 രാജ്യങ്ങളില്‍ നടത്തിയ പഠന റിപ്പോര്‍ട്ട് പ്യൂ റിസര്‍ച്ച് സെന്റര്‍ പുറത്തുവിട്ടിട്ടുണ്ട്. മത പ്രതിപത്തി കൂടിയ ആളുകള്‍ തങ്ങള്‍ വളരെ സന്തോഷവാന്മാരാണെന്ന് തുറന്നു പറയുന്നുണ്ട്. സഹോദര മതവിശ്വാസികളുടെ ക്ലബ്ബുകളിലും ചാരിറ്റി പ്രവര്‍ത്തനങ്ങളിലും മത പ്രതിപത്തി കൂടുതലുള്ളവരാണ് ധാരാളമായി പങ്കെടുക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കയില്‍ നടന്ന ഒരു പഠനത്തില്‍ മതവുമായി ബന്ധപ്പെട്ട പരിപാടികളില്‍ പങ്കെടുക്കുന്നത് കൂടുന്നതനുസരിച്ച് ആളുകള്‍ കൂടുതല്‍ സന്തോഷം പ്രകടിപ്പിക്കുന്നവരായി മാറുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. 1972-2005 വരെ 47909 അമേരിക്കക്കാരില്‍ നടത്തിയ സര്‍വേയില്‍ ആണ് ഈ കണ്ടെത്തല്‍.
പ്രായമായവര്‍ വിശ്വാസികളെങ്കില്‍ അവര്‍ കൂടുതല്‍ സന്തോഷവാന്മാരായി കാണപ്പെടുന്നു. ജീവിത പ്രാരാബ്ധങ്ങള്‍ പേറുന്നവരിലും വിധവകളിലും രോഗം, വിവാഹമോചനം, തൊഴിലില്ലായ്മ പോലുള്ള പ്രശ്നങ്ങള്‍ അനുഭവിക്കുന്നവരിലും വിശ്വാസം അവര്‍ക്ക് താങ്ങായി മാറുന്നുവെന്ന് കാണണം.
2018-ല്‍ ഹാപ്പിനസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടും നോര്‍ഡിക് കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്സും ചേര്‍ന്ന് ഒരു റിപ്പോര്‍ട്ട് തയാറാക്കി. നോര്‍ഡിക് യുവത നേരിടുന്ന മാനസിക വിഷമങ്ങളെ അപഗ്രഥിക്കുന്ന റിപ്പോര്‍ട്ടില്‍ സന്തോഷവും മത പ്രതിപത്തിയും തമ്മിലുള്ള ബന്ധം ചര്‍ച്ച ചെയ്യുന്നുണ്ട്. മത പ്രതിപത്തി വളരെ കൂടിയ ആളുകളില്‍ മതനിഷേധികളേക്കാള്‍ സാരമായി തന്നെ സന്തോഷം വളരെയധികം കാണപ്പെടുന്നു എന്നാണ് കണ്ടെത്തിയത്. ജീവിതത്തില്‍ വിപത്തുകള്‍ നേരിടേണ്ടി വരുമ്പോള്‍ മതം താങ്ങായി നില്‍ക്കുന്നതാകാം ഇതിനു കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മതം ജീവിതത്തിന് അര്‍ഥം നല്‍കുന്നതാകാം മറ്റൊരു കാരണം എന്നും സൂചിപ്പിക്കുന്നുണ്ട്.
ഇവ്വിഷയകമായി ഗാലപ്പ് ഗ്ലോബല്‍ ഇമോഷന്‍സ് റിപ്പോര്‍ട്ട് എന്തുപറയുന്നുവെന്ന് നോക്കാം. വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് തയാറാക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍നിന്ന് ഭിന്നമാണ് ഈ റിപ്പോര്‍ട്ട് തയാറാക്കാന്‍ വേണ്ടി ചോദിക്കുന്ന ചോദ്യങ്ങള്‍. നിങ്ങള്‍ ഇന്നലെ നന്നായി ചിരിച്ചോ, നിങ്ങള്‍ എത്രത്തോളം ജീവിതം ആസ്വദിക്കുന്നു, നിങ്ങളോട് മറ്റുള്ളവര്‍ ബഹുമാനത്തോടെയാണോ പെരുമാറിയത് ഇങ്ങനെയാണ് സന്തോഷവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍. ലഭിക്കുന്ന ഉത്തരങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു പട്ടിക തയാറാക്കുന്നു. ധനാത്മക അനുഭവ സൂചിക (ജീശെശേ്‌ല ഋഃുലൃശലിരല കിറലഃ) എന്ന പേരില്‍ തയാറാക്കപ്പെട്ട ഈ പട്ടിക പക്ഷേ വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ടിലെ പട്ടികയുമായി യാതൊരുവിധ ബന്ധവും പുലര്‍ത്തുന്നില്ല എന്നതാണ് ആശ്ചര്യകരം. ധനാത്മക അനുഭവ സൂചികയില്‍ ഏറ്റവും മുന്‍പന്തിയില്‍ വന്നത് പരാഗ്വ ആണ്. തൊട്ടു താഴെയായി ഗ്വാട്ടിമാല എന്ന രാജ്യവും. ഏറ്റവും ശ്രദ്ധേയയായ കാര്യം ഇവയില്‍ നോര്‍വേ ഒഴിച്ച് മറ്റൊരു രാജ്യവും വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ടില്‍ മുന്നിലല്ല എന്നുള്ളതാണ്.
ദൈനംദിന ജീവിതത്തില്‍ മതത്തിന്റെ പ്രാധാന്യം ഓരോ രാജ്യത്തിനും എത്രത്തോളം എന്ന ഡാറ്റ പുറത്തുവിട്ട ഗാലപ്പിന്റെ റിപ്പോര്‍ട്ടില്‍ പരാഗ്വയില്‍ 92 ശതമാനം ആളുകള്‍ മതത്തിന് ദൈനംദിന ജീവിതത്തില്‍ പ്രാധാന്യമുണ്ട് എന്നു പറയുന്നവരാണ്. രണ്ടാം സ്ഥാനത്തുള്ള പനാമയില്‍ 85 ശതമാനം ആളുകള്‍ മതത്തിന് ദൈനംദിന ജീവിതത്തില്‍ പ്രധാന്യമുണ്ടെന്നു പറയുന്നു. അതിന് താഴെയായി വരുന്ന ഗ്വാട്ടിമാല, മെക്സിക്കോ, എല്‍ സാല്‍വദോര്‍, ഇന്തോനേഷ്യ, ഹോണ്ടുറാസ്, ഇക്ക്വഡോര്‍ എന്നീ രാജ്യങ്ങളില്‍ യഥാക്രമം 88 ശതമാനം, 73 ശതമാനം, 99 ശതമാനം, 84 ശതമാനം, 82 ശതമാനം ആളുകള്‍ മതം ദൈനംദിന ജീവിതത്തില്‍ പ്രധാനപ്പെട്ടതാണെന്നു പറയുന്നവരാണ്. ഫില്‍ സുക്കര്‍മാന്റെ നാസ്തിക രാജ്യങ്ങളുടെ പട്ടികയില്‍ ഈ രാജ്യങ്ങള്‍ തന്നെ വരുന്നില്ല എന്നതാണ് ശ്രദ്ധേയം.
ഈ വിഷയം വളരെ വിശദമായി തന്നെ ഗാലപ്പിന്റെ ഗ്ലോബല്‍ മാനേജിങ് പാര്‍ട്ണര്‍ ആയ ജോണ്‍ ക്ലിഫ്റ്റന്‍ വിശദീകരിക്കുന്നുണ്ട്. നിങ്ങള്‍ എത്രത്തോളം ചിരിച്ചു, ജീവിതം ആസ്വദിക്കുന്നു, ആദരിക്കപ്പെട്ടു, താല്‍പര്യമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ പറ്റി, സങ്കടം എത്ര കുറവാണ്, വേവലാതികള്‍ എത്ര കുറവാണ് തുടങ്ങിയ ഘടകങ്ങള്‍ വെച്ച് ഒരു പട്ടിക തയാറാക്കുമ്പോള്‍ നോര്‍ഡിക് രാജ്യങ്ങള്‍ മുന്നില്‍ വരുന്നില്ല എന്ന് അദ്ദേഹം പറയുന്നു.
ഗാലപ്പ് ഇന്റര്‍നാഷ്‌നല്‍ അസോസിയേഷന്‍ 2017-ല്‍ സന്തോഷ സൂചിക നിര്‍മിച്ചിട്ടുണ്ട്. 55 രാജ്യങ്ങള്‍ മാത്രമേ ഈ സൂചികയിലുള്ളൂ എന്നതാണ് ഈ സൂചികയുടെ പരിമിതി. ഡെന്മാര്‍ക്ക്, ഫിന്‍ലാന്റ് തുടങ്ങിയ രാജ്യങ്ങള്‍ ഈ സൂചികയില്‍ ഉള്‍പ്പെട്ടിട്ടില്ല. എന്നാല്‍ സ്വീഡന്‍, ചെക്ക് റിപ്പബ്ലിക്, അസര്‍ബൈജാന്‍ തുടങ്ങിയ മത പ്രതിപത്തി കുറഞ്ഞ രാജ്യങ്ങള്‍ ഈ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ഗാലപ്പ് പോളിന്റെ ചോദ്യോത്തര രീതി തന്നെയാണ് ഈ പട്ടിക തയാറാക്കാനായി അവലംബിച്ചിട്ടുള്ളത്. വ്യക്തിപരമായി നിങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ വളരെ സന്തുഷ്ടനാണോ, അസന്തുഷ്ടനാണോ എന്നീ ചോദ്യങ്ങളാണ് ചോദിക്കുന്നത്. ഗാലപ്പ് പോളിന്റെ രീതി പോലെ, നേരിട്ടോ ഫോണിലൂടെയോ ആണ് ചോദ്യങ്ങള്‍ ചോദിക്കുന്നത്. ഉത്തരങ്ങളുടെ അടിസ്ഥാനത്തില്‍ രാജ്യങ്ങളെ വേര്‍തിരിച്ചുകൊണ്ട് പട്ടിക തയാറാക്കുന്നു. ഇത്തരത്തില്‍ തയാറാക്കപ്പെട്ട സന്തോഷ സൂചിക പക്ഷേ വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ടുമായി യാതൊരു വിധത്തിലുള്ള സാമ്യതയും പുലര്‍ത്തുന്നില്ല. വളരെയധികം മത പ്രതിപത്തി കുറഞ്ഞ രാജ്യങ്ങളായ സ്വീഡന്‍, റഷ്യ, ചെക്ക് റിപ്പബ്ലിക്ക്, ഹോങ്കോംഗ്, അസര്‍ബൈജാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഈ പട്ടികയില്‍ ഏറ്റവും താഴെയാണ്. എന്നാല്‍ ഈ റിപ്പോര്‍ട്ടിനെ കുറിച്ച് നാസ്തികരാരും മിണ്ടുകയേയില്ല.
നെതര്‍ലാന്റില്‍ ജയിലുകള്‍ അടച്ചു പൂട്ടുന്നു എന്ന വാര്‍ത്ത നാസ്തികര്‍ സാധാരണയായി പ്രചരിപ്പിക്കാറുണ്ട്. മത പ്രതിപത്തി കുറവായ നെതര്‍ലാന്റില്‍ കുറ്റവാളികളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുന്നതിനാല്‍ ജയിലുകള്‍ അടക്കുന്നു എന്നതാണ് പ്രചാരണം. സമഗ്രമായി വിഷയം പഠിക്കാതെ നാസ്തിക പ്രമുഖര്‍ ആവേശത്തോടുകൂടി അനുയായികള്‍ക്കു മുന്നില്‍ ഇത് വിളമ്പുന്നു. വിഷയം പഠനവിധേയമാക്കാതെ അനുയായികളും ആവേശത്തോടെ നേതാക്കളുടെ പ്രചാരണം ഏറ്റുപിടിക്കുന്നു. വിവര സാങ്കേതിക വിദ്യ ഉത്തുംഗതയിലെത്തിയ കാലത്ത് പക്ഷേ ഈ പ്രചാരകരൊന്നും ലോക രാജ്യങ്ങളില്‍ എവിടെയെല്ലാമാണ് കുറ്റകൃത്യങ്ങള്‍ കുറയുന്നത് എന്ന് പരിശോധിച്ചില്ല എന്നതാണ് വാസ്തവം.
ഓരോ വര്‍ഷത്തെയും കുറ്റകൃത്യ നിരക്കിന്റെ കൃത്യമായ ഡാറ്റ നമുക്ക് ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ഈ ഡാറ്റ പരിശോധനാവിധേയമാക്കിയാല്‍ യാതൊരു വിധത്തിലുള്ള പ്രത്യേകതയും നെതര്‍ലാന്റിനുള്ളതായി കാണാന്‍ സാധിക്കുകയില്ല. പല രാജ്യങ്ങളും ഇത്തരത്തില്‍ ക്രൈം റേറ്റ് കുറഞ്ഞുകൊണ്ടിരിക്കുന്ന രാജ്യങ്ങളാണ്. അതിന് മത പ്രതിപത്തി കുറയുന്നതുമായി യാതൊരു ബന്ധവുമില്ലെന്ന് മാത്രം. അവിടങ്ങളില്‍ നിന്നൊന്നും നെതര്‍ലാന്റില്‍നിന്ന് വന്ന തരത്തിലൊരു വാര്‍ത്ത പുറത്തു വന്നിട്ടില്ല.
ക്രൈം കുറയുന്നതിന്റെ തോത് മറ്റു രാജ്യങ്ങളിലെന്ന പോലെ തന്നെയായി നിലനില്‍ക്കുന്ന നെതര്‍ലാന്റില്‍ എന്തു കൊണ്ട് ജയിലുകള്‍ അടച്ചുപൂട്ടുന്നു എന്ന ചോദ്യത്തിന് നെതര്‍ലാന്റില്‍ ജയിലുകളിലെ സൈക്യാട്രിസ്റ്റ് ആയ മെന്നോ വേന്‍ കോണിങ്ഷ്വെല്‍സ് ഉത്തരം നല്‍കുന്നുണ്ട്. നെതര്‍ലാന്റില്‍, ജയിലുകളില്‍ അടക്കുന്നതിനു പകരം ഇലക്ട്രോണിക് ആങ്കിള്‍ ബ്രേസ്ലെറ്റുകള്‍ കുറ്റവാളികളെ അണിയിക്കാന്‍ ആരംഭിച്ചതാണ് ജയിലുകളുടെ ആവശ്യകത കുറയാനുള്ള പ്രധാന കാരണം. ഇതിലൂടെ കുറ്റവാളികളുടെ ചലനങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നു. ഒട്ടനവധി വിമര്‍ശനങ്ങള്‍ ഈ സമ്പ്രദായത്തിനെതിരെയുണ്ടെങ്കിലും ജയിലുകളുടെ ആവശ്യകത ഗണ്യമായി തന്നെ ഈ സമ്പ്രദായം കുറക്കുന്നുണ്ട്. മറ്റൊരു കാരണം ഇത്തരം കുറ്റവാളികളെ മാനസികാരോഗ്യ പരിപാലനത്തിനയക്കുന്നു എന്നതാണ്. അതുകൊണ്ടുതന്നെ ജയിലുകളുടെ എണ്ണം കുറയുന്നതിനനുസരിച്ച് മാനസിക രോഗികളുടെ എണ്ണം വര്‍ധിക്കുന്നുമുണ്ട്. ഇതില്‍ തന്നെ സ്ത്രീകളാണ് ഏറ്റവും മുന്നിലുള്ളത്. അന്നാട്ടില്‍ മനുഷ്യമാഹാത്മ്യവാദം (കിറശ്ശറൗമഹശാെ) ശക്തിപ്പെട്ടതാണ് സ്ത്രീകളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധനവിന് കാരണമെന്നും കോണിങ്ഷ്വേല്‍സ് പറയുന്നുണ്ട്. വളരെ വലിയ തെറ്റുകള്‍ക്ക് മാത്രമേ നെതര്‍ലാന്റില്‍ ജയില്‍ ശിക്ഷ നല്‍കുന്നുള്ളൂ എന്നതാണ് മറ്റൊരു കാരണം. കൂടുതലും പിഴ ചുമത്തുകയോ ഇലക്‌ട്രോണിക് ആങ്കിള്‍ ബ്രേസ്ലെറ്റുകള്‍ ഘടിപ്പിക്കുകയോ ആണ് ചെയ്യുന്നത്. കടുത്ത അക്രമാസക്തമായ കുറ്റങ്ങള്‍ക്ക് ടി.ബി.എസ് എന്ന സ്ഥാപനത്തിലേക്കാണ് മാറ്റുക. വളരെ നീണ്ട കാലമാണ് കുറ്റവാളികള്‍ക്ക് ടി.ബി.എസില്‍ ചെലവഴിക്കേണ്ടി വരുന്നത്. ഇതിലൂടെ പൊതു ജനങ്ങളില്‍ നിന്ന് കുറ്റവാളികളെ മാറ്റിനിര്‍ത്താനും പുനരധിവസിപ്പിക്കാനും കഴിയുന്നു.
നെതര്‍ലാന്റിലെ മുന്‍ ജയില്‍ ഗവര്‍ണറായ മാഡലായിന്റെ അഭിപ്രായം, കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കുറഞ്ഞുപോയ കാരണത്താല്‍ ജയില്‍ പുള്ളികളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ടെന്നാണ്. പോലീസ് സേനയുടെ അംഗബലം കുറച്ചതും കാരണമായി ചിലര്‍ ആരോപിക്കുന്നുണ്ട്. മറ്റു രാജ്യങ്ങള്‍ കുറ്റകൃത്യമായി കാണുന്ന മയക്കുമരുന്ന് ഉപയോഗം നെതര്‍ലാന്റില്‍ അനുവദനീയമാണ് എന്നതും മറ്റൊരു കാരണമാണ്. ഒരു കോഫി ഷോപ്പില്‍ പോയിരുന്ന് ആരെയും പേടിക്കാതെ കഞ്ചാവ് വലിക്കാന്‍ നെതര്‍ലാന്റുകാര്‍ക്ക് സാധിക്കും.
മോഷണം പോലുള്ള കുറ്റകൃത്യങ്ങള്‍ കുറയുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട് സമ്പദ് സമൃദ്ധി. സാമ്പത്തിക ഉച്ചനീചത്വങ്ങള്‍ കുറയുക, മൗലികാവശ്യങ്ങള്‍ ലഭ്യമാക്കുക തുടങ്ങിയവയെല്ലാം തന്നെ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ കുറക്കാന്‍ കാരണമാവും. സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ സമ്പദ് സമൃദ്ധമാണ്. സാമ്പത്തിക ഉച്ചനീചത്വവും വളരെ കുറവ്. വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയവയെല്ലാം സൗജന്യമായി സര്‍ക്കാര്‍ നല്‍കുന്നു. ഒരു കുട്ടി ജനിച്ചാല്‍ മാതാവിന് പുറമെ പിതാവിനും വേതനത്തോട് കൂടിയ അവധി ലഭിക്കുന്നു. ഇതിനായി ഭീമമായ നികുതി സര്‍ക്കാരിന് നല്‍കേണ്ടതുണ്ട്. കടുത്ത തണുപ്പ് അനുഭവപ്പെടുന്ന രാജ്യങ്ങളാണ് സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍. ഒരുപാട് സമയം ഇരുട്ടില്‍ കഴിയേണ്ട അവസ്ഥയും ഇവിടത്തെ ജനങ്ങള്‍ക്കുണ്ട്. ഇതെല്ലാം സാധാരണ നിലയില്‍ ക്രൈം റേറ്റ് കുറയാനുള്ള കാരണങ്ങളാണ്.
വിവിധ കുറ്റകൃത്യങ്ങളുടെ ലഭ്യമായ ഡാറ്റയുടെ അടിസ്ഥാനത്തില്‍ ഓരോ രാജ്യത്തും എത്രമാത്രം കുറ്റകൃത്യങ്ങള്‍ നടക്കുന്നു എന്ന് യുനൈറ്റഡ് നാഷന്‍സ് പുറത്തു വിടുന്നുണ്ട്. പല രാജ്യങ്ങളുടെയും കണക്ക് ലഭ്യമല്ല. ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടന്നത് എവിടെയെന്നും പ്രതിശീര്‍ഷ കുറ്റകൃത്യങ്ങള്‍ എത്രത്തോളമെന്നും ഡാറ്റയില്‍ നിന്നും ലഭിക്കും. ഒരു രാജ്യത്തെ ജനങ്ങളുടെ കുറ്റകൃത്യ വാസന എത്രത്തോളമെന്നു മനസ്സിലാക്കാന്‍ പ്രതിശീര്‍ഷ കുറ്റകൃത്യം എത്രയെന്ന് കണക്കു കൂട്ടേണ്ടതുണ്ട്. ഒരു രാജ്യത്തിലെ മൊത്തം കുറ്റകൃത്യങ്ങളുടെ എണ്ണത്തെ മൊത്തം ജനസംഖ്യ കൊണ്ട് ഹരിച്ചാണ് ആ രാജ്യത്തെ പ്രതിശീര്‍ഷ കുറ്റകൃത്യത്തിന്റെ തോത് കണക്കാക്കുക. 142 രാജ്യങ്ങളിലെ മോഷണത്തിന്റെ പ്രതിശീര്‍ഷ തോത് എത്രത്തോളമെന്ന ഡാറ്റ യുനൈറ്റഡ് നാഷന്‍സ് പുറത്തു വിട്ടിട്ടുണ്ട്.
എന്നാല്‍ ഇത്രയേറെ സമ്പദ് സമൃദ്ധി ഉണ്ടായിട്ടും പ്രതിശീര്‍ഷ വരുമാനം വളരെ ഉയര്‍ന്നിട്ടും ഉച്ചനീചത്വത്തിന് വളരെ കുറവുണ്ടായിട്ടും ഏറ്റവും കൂടുതല്‍ മോഷണം നടക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് ഡെന്മാര്‍ക്ക്, സ്വീഡന്‍, നെതര്‍ലാന്റ് തുടങ്ങിയ രാജ്യങ്ങള്‍. ലോകത്ത് ഏറ്റവും കൂടുതല്‍ സന്തോഷം നിലനില്‍ക്കുന്നു എന്ന് പറയപ്പെടുന്ന ഫിന്‍ലാന്റ് 2016-ലെ യു.എന്‍ ഡാറ്റ പ്രകാരം മോഷണത്തില്‍ ഒമ്പതാം സ്ഥാനത്താണ്. ഈ രാജ്യങ്ങളെല്ലാം തന്നെ വര്‍ഷാവര്‍ഷങ്ങളില്‍ ഇതേ യു. എന്‍ ഡാറ്റയില്‍ മുന്‍പന്തിയില്‍ തന്നെ നില്‍ക്കുന്നവയുമാണ്. പ്രതിശീര്‍ഷ വരുമാനം വളരെ കുറവുള്ള ഹോണ്ടുറാസ്, ബുറൂണ്ടി പോലുള്ള രാജ്യങ്ങള്‍ പട്ടികയില്‍ ഉള്ളപ്പോഴാണ് സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ ഏറ്റവും കൂടുതല്‍ മോഷണം നടക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയിലെത്തുന്നത് എന്നത് ആശ്ചര്യകരമല്ലേ? വാഹന മോഷണ നിരക്കിലും ഈ രാജ്യങ്ങളുടെ സ്ഥിതി ഇതുതന്നെ. പ്രതിശീര്‍ഷ വാഹന മോഷണ നിരക്ക് കാണിക്കുന്ന പട്ടികയില്‍ ഈ രാജ്യങ്ങള്‍ മുമ്പില്‍ തന്നെയുണ്ട്. പ്രതിശീര്‍ഷ ഭവനഭേദന നിരക്കില്‍ മൂന്നാം സ്ഥാനത്താണ് ഡെന്മാര്‍ക്ക്. അതിനു താഴെയായി ഓസ്ട്രിയയും സ്വീഡനും. 2019 ഏപ്രിലില്‍ മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷ്‌നല്‍ നോര്‍ഡിക് രാജ്യങ്ങളെക്കുറിച്ച് ഒരു റിപ്പോര്‍ട്ട് പുറത്തുവിട്ടു. ഒട്ടനവധി സ്ത്രീകള്‍ അവിടങ്ങളില്‍ ബലാത്കാരത്തിന് ഇരകളാകുന്നു എന്നും ഒട്ടുമിക്ക കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുകയാണെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഏറ്റവും കൂടുതല്‍ സന്തോഷം നിലനില്‍ക്കുന്നു എന്ന് വേള്‍ഡ് ഹാപ്പിനസ്സ് റിപ്പോര്‍ട്ടില്‍ പറയുന്ന ഫിന്‍ലാന്റില്‍ വര്‍ഷം തോറും 50000 സ്ത്രീകളാണ് ലൈംഗിക ആക്രമണങ്ങള്‍ക്ക് ഇരയാകുന്നത് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ 2017-ല്‍ വെറും 209 കേസ് മാത്രമേ ബലാത്സംഗം ആയി കണക്കാക്കപ്പെട്ടിട്ടുള്ളൂ.
ഡെന്മാര്‍ക്കില്‍ 24000 സ്ത്രീകള്‍ ബലാല്‍ക്കാരത്തിന് ഇരയാക്കപ്പെട്ടപ്പോള്‍ വെറും 890 കേസുകള്‍ മാത്രമേ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം അവിടങ്ങളില്‍ വളരെ കുറവാണെന്നാണ് ആംനസ്റ്റി ഇന്റര്‍നാഷ്‌നല്‍ കണ്ടെത്തിയത്.
ഇത്രയധികം ബലാത്സംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരുന്നിട്ടും ഏറ്റവും കൂടുതല്‍ ബലാത്സംഗം നടക്കുന്ന രാജ്യങ്ങളില്‍ മുന്‍പന്തിയില്‍ തന്നെയാണ് സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍. 2010-ലെ കണക്കു പ്രകാരം സ്വീഡന്‍ മൂന്നാം സ്ഥാനത്താണ്. ലൈംഗിക ചൂഷണങ്ങളുടെ പട്ടികയിലാണെങ്കില്‍ ഒന്നാം സ്ഥാനത്ത് വരും സ്വീഡന്‍. ലോകത്ത് ഏറ്റവും കൂടുതല്‍ ബലാത്സംഗം നടക്കുന്ന ദക്ഷിണാഫ്രിക്ക ലൈംഗിക ചൂഷണത്തിന്റെ പട്ടികയില്‍ നാലാം സ്ഥാനത്താകുമ്പോഴാണ് സ്വീഡന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത്. ദക്ഷിണാഫ്രിക്കക്ക് തൊട്ടു താഴെയായി ആസ്ത്രേലിയയാണ്. 'ജയിലുകള്‍ പൂട്ടിക്കൊണ്ടിരിക്കുന്ന' നെതര്‍ലാന്റ് എട്ടാം സ്ഥാനത്തും. ഏറ്റവും കൂടുതല്‍ സന്തോഷം നിലനില്‍ക്കുന്നു എന്ന് പറയപ്പെടുന്ന ഫിന്‍ലാന്റ് ബലാത്സംഗ പട്ടികയില്‍ പത്താം സ്ഥാനത്ത് നിലകൊള്ളുമ്പോള്‍ ഏതാണ്ടെല്ലാ കുറ്റകൃത്യ പട്ടികയിലും മുന്‍പന്തിയിലുള്ള ഡെന്മാര്‍ക്ക് പതിമൂന്നാം സ്ഥാനത്തുണ്ട്.
യുനൈറ്റഡ് നാഷന്‍സ് പുറത്തിറക്കുന്ന ഡാറ്റയില്‍ ഒരു വര്‍ഷത്തെ മൊത്തം കുറ്റകൃത്യ നിരക്കാണ് കാണിക്കുന്നത്. ഇതില്‍ തന്നെ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളെ പോലെയുള്ള രാജ്യങ്ങള്‍ ഏറെ സമയം ഇരുട്ടില്‍ കഴിയേണ്ടിവരുന്നവരാണ്. മാത്രമല്ല, ശൈത്യകാലത്ത് കടുത്ത തണുപ്പാണ് ആ രാജ്യങ്ങളില്‍ അനുഭവപ്പെടുക. ഇങ്ങനെയൊക്കെയുള്ള സാഹചര്യത്തിലും അവിടങ്ങളിലുള്ള മേല്‍ പറഞ്ഞ കുറ്റകൃത്യങ്ങളുടെ നിരക്ക് ആശ്ചര്യകരമാണ്.
മതരഹിത രാജ്യങ്ങളില്‍ മതനിരാസത്തിനു കാരണം അവിടെയുള്ള സമ്പദ് സമൃദ്ധി ആണെന്ന് സുക്കര്‍മാന്‍ തന്റെ ഗ്രന്ഥത്തില്‍ പറയുന്നുണ്ട്. ഇക്കാര്യം നാസ്തികര്‍ അഭിമാനപൂര്‍വം അവതരിപ്പിക്കാറുമുണ്ട്. ഇക്കാര്യത്തില്‍ അഭിമാനിക്കാനുള്ള വക ഒന്നും തന്നെയില്ല എന്നതാണ് വാസ്തവം. പക്ഷേ അത് മനസ്സിലാക്കാനുള്ള സാമാന്യബോധം പോലും നാസ്തികര്‍ക്ക് ഇല്ലാതെ പോയി. യഥാര്‍ഥത്തില്‍ അദ്ദേഹം ആ നാട്ടുകാരെ അപഹസിക്കുകയാണ് ചെയ്യുന്നത്. ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ ദൈവത്തെ കരഞ്ഞു വിളിച്ച് പ്രാര്‍ഥിക്കുകയും സമ്പദ് സമൃദ്ധി കൈവരുമ്പോള്‍ ദൈവത്തെ കൈവെടിയുകയും ചെയ്യുന്നവരാണ് അവരെന്ന് പറയുന്നത് എത്ര കടുത്ത പരിഹാസമാണ്!
സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ക്ക് ഉയര്‍ന്ന ധാര്‍മിക ബോധമാണെന്നാണ് നാസ്തികര്‍ അവകാശപ്പെടാറുള്ളത്. എന്നാല്‍ ഇവര്‍ മാതൃകയായി പറയുന്ന ഫിന്‍ലാന്റില്‍ മൃഗരതി നിയമം മൂലം അനുവദിക്കപ്പെട്ടിരിക്കുന്നു. വളര്‍ത്തു മൃഗങ്ങളുമായി ഫിന്‍ലാന്റില്‍ ജീവിക്കുന്ന ഒരാള്‍ക്ക് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാം. പിഞ്ചുകുഞ്ഞുങ്ങളുടെ കാര്‍ട്ടൂണ്‍ രൂപത്തിലുള്ള അശ്ലീല സിനിമകള്‍ക്ക് ഫിന്‍ലാന്റ്, ഡെന്മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങളില്‍ വിലക്കില്ല. നാസ്തികരുടെ അപ്പോസ്തലനായ റിച്ചാര്‍ഡ് ഡോക്കിന്‍സ്, 2018-ല്‍ ട്വിറ്ററിലൂടെ സന്തോഷപൂര്‍വം പങ്കുവെച്ചത് മനുഷ്യമാംസം കൃത്രിമമായി സൃഷ്ടിക്കാന്‍ കഴിയുന്നതിലൂടെ മനുഷ്യമാംസം കഴിക്കരുത് എന്ന വിലക്കിനെ മറികടക്കാം എന്നാണ്. അഗമ്യഗമനവും ശവരതിയും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത് സ്വീഡനിലെ ലിബറല്‍ യൂത്ത് ലീഗ് ആണ്.
ഇതെല്ലാം ഉയര്‍ന്ന ധാര്‍മികബോധമായി നാസ്തികര്‍ക്ക് തോന്നിയേക്കാം. കാരണം പ്രമുഖ നാസ്തികനായ ലോറന്‍സ് ക്രോസ്സ് പറഞ്ഞത്, ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അഗമ്യഗമനം തെറ്റല്ല എന്നാണ്. നാസ്തികരുടെ തലതൊട്ടപ്പനായ പീറ്റര്‍ സിംഗര്‍ മൃഗരതി, ശവരതി, അഗമ്യഗമനം തുടങ്ങിയവക്കു വേണ്ടി വാദിക്കുന്നയാളാണ്. മാത്രമല്ല അംഗവൈകല്യം സംഭവിച്ച പിഞ്ചുകുഞ്ഞുങ്ങളെ കൊല്ലുകയാണ് വേണ്ടതെന്നാണ് പീറ്റര്‍ സിംഗര്‍ പറഞ്ഞിരിക്കുന്നത്. പ്രയോജന വാദം വെച്ച് ധാര്‍മികത അളക്കുന്ന പീറ്റര്‍ സിംഗര്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ധാര്‍മിക ബോധമുള്ള സമൂഹങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്. മതവിശ്വാസികള്‍ നടത്തുന്ന സംവാദങ്ങള്‍ ബാലിശമാണെന്ന് പറഞ്ഞ് പരിഹസിച്ചിരുന്ന നാസ്തികര്‍ ഇന്ന് നടത്തുന്ന ധര്‍മികതയുമായി ബന്ധപ്പെട്ട സംവാദങ്ങള്‍ അറപ്പുളവാക്കുന്നതും ഓക്കാനം വരുത്തുന്നതുമാണ്. അതിലേക്കാണ് പരിഷ്‌കൃത മനുഷ്യരെ ഇവര്‍ വലിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുന്നത്.
Comments