Prabodhanm Weekly

Pages

Search

2020 ജൂലൈ 10

3159

1441 ദുല്‍ഖഅദ് 18

അയല്‍ രാഷ്ട്രങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണി

കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയില്‍ രൂപപ്പെട്ട ഇന്ത്യാ- ചൈന സംഘര്‍ഷത്തിന് അല്‍പം അയവ് വന്നിട്ടുണ്ടെങ്കിലും, ഇരു രാജ്യങ്ങള്‍ക്കും സ്വീകാര്യമായ ഒരു സമാധാന ഫോര്‍മുല ഇനിയും രൂപപ്പെട്ടിട്ടില്ല.  ഇത് അപ്രതീക്ഷിതമായി കൂടുതല്‍ രൂക്ഷമായ അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കുമോ എന്ന ഭീതി ഇപ്പോഴും നിലനില്‍ക്കുന്നു. ഇതിനെ കേവലം അതിര്‍ത്തി തര്‍ക്കമായി കാണാന്‍ കഴിയില്ല; തര്‍ക്കം ആണവായുധങ്ങള്‍ കൈവശം വെച്ചിരിക്കുന്ന രണ്ട് രാഷ്ട്രങ്ങള്‍ തമ്മിലാവുമ്പോള്‍. ലോക സമാധാനത്തിന് ഭീഷണിയാവുന്ന തലത്തിലേക്ക് സംഘര്‍ഷം വളരാതിരിക്കാന്‍ ഇരു രാഷ്ട്രങ്ങളും വേണ്ടത് ചെയ്യണമെന്ന് ഐക്യരാഷ്ട്ര സഭ പോലുള്ള വേദികള്‍ നിരന്തരം ഓര്‍മപ്പെടുത്തുന്നത് അതുകൊണ്ടാണ്. കോവിഡ് മഹാമാരിയെ മാത്രമല്ല, കടുത്ത സാമ്പത്തിക മാന്ദ്യത്തെയും നേരിട്ടുകൊണ്ടിരിക്കുന്ന ഈ അയല്‍ രാഷ്ട്രങ്ങള്‍ക്ക് ഒരു സൈനിക ഏറ്റുമുട്ടല്‍ കനത്ത ആഘാതമേല്‍പിക്കുമെന്ന് തിരിച്ചറിവ് എല്ലാവര്‍ക്കുമുണ്ട്. അതുകൊണ്ടാണ് പ്രശ്‌നപരിഹാരത്തിന് വഴിതുറന്നില്ലെങ്കിലും, സൈനിക ഏറ്റുമുട്ടലിലേക്ക് കാര്യങ്ങള്‍ നീങ്ങാതിരിക്കാനുള്ള ജാഗ്രതയും കരുതലും ഇരുപക്ഷത്തും നാം കാണുന്നത്. ഇത് പ്രതീക്ഷക്ക് വക നല്‍കുകയും ചെയ്യുന്നു.
അതേസമയം ആഭ്യന്തരമായി നരേന്ദ്ര മോദി ഗവണ്‍മെന്റ് ഈ പ്രശ്‌നത്തില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്. മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് ഇന്ത്യയുടെ സുരക്ഷയുമായും അഖണ്ഡതയുമായും ബന്ധപ്പെടുത്തി നിരവധി ചോദ്യങ്ങള്‍ ഇപ്പോഴും ചോദിച്ചുകൊണ്ടിരിക്കുന്നു. കോണ്‍ഗ്രസ് ഭരണകാലത്തെ തിരിച്ചാക്രമിച്ചുകൊണ്ട്, ചോദ്യങ്ങളില്‍നിന്നെല്ലാം ഒഴിഞ്ഞുമാറുകയാണ് ബി.ജെ.പി ഭരണകൂടം. കഴിഞ്ഞ മെയ് 19-ന് ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ വെച്ച് പ്രധാനമന്ത്രി ഉറപ്പുനല്‍കിയ ഒരു കാര്യമുണ്ട്: 'ആരും നമ്മുടെ അതിര്‍ത്തി കടന്നുവന്നിട്ടില്ല; നമ്മുടെ ഒരു സൈനിക പോസ്റ്റും പിടിച്ചടക്കപ്പെട്ടിട്ടുമില്ല.' അങ്ങനെയെങ്കില്‍, പ്രതിപക്ഷം ചോദിക്കുന്നു, എങ്ങനെയാണ് നമ്മുടെ ഇരുപത് ജവാന്മാര്‍ക്ക് ജീവന്‍ ബലി നല്‍കേണ്ടിവന്നത്? എങ്ങനെയാണ് 85 ജവാന്മാര്‍ക്ക് പരിക്കേറ്റത്? ചൈനീസ് സൈനികര്‍ അതിര്‍ത്തി കടന്ന് നമ്മുടെ മണ്ണിലേക്ക് വന്നിട്ടില്ലെങ്കില്‍ പിന്നെ എവിടെ വെച്ചാണ് സംഘട്ടനം നടന്നത്? ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ വിശദീകരണം നല്‍കാന്‍ ഭരണകൂടത്തിന് കഴിയുന്നില്ല.
ഉഭയകക്ഷി, മാധ്യസ്ഥ ചര്‍ച്ചകള്‍ക്ക് ഏറ്റവും വലിയ തടസ്സമായി നില്‍ക്കുന്നത് 'യഥാര്‍ഥ നിയന്ത്രണ രേഖ' ഏതെന്ന തര്‍ക്കമാണ്. ഇന്ത്യ പറയുന്ന നിയന്ത്രണ രേഖ ചൈനയോ, ചൈന പറയുന്ന നിയന്ത്രണ രേഖ ഇന്ത്യയോ അംഗീകരിക്കുന്നില്ല. ഇന്ത്യന്‍ മണ്ണിന്റെ ഭാഗമായ ഗാല്‍വന്‍ താഴ്‌വരയിലെ പല ഭാഗങ്ങളും തങ്ങളുടേതാണെന്നാണ് ചൈനയുടെ അവകാശവാദം. ആ സ്ഥലങ്ങളിലേക്ക് കടന്നുകയറിയാലും ഇന്ത്യന്‍ മണ്ണിലേക്ക് കയറിയിട്ടില്ല എന്നേ ചൈന പറയൂ. കാരണം അവരുടെ നോട്ടത്തില്‍ ആ ഇന്ത്യന്‍ ഭൂമി അവരുടേതാണല്ലോ. തിബത്ത് പോലുള്ള അയല്‍ നാടുകളിലേക്കും ഇതേ ന്യായം പറഞ്ഞ് ചൈന കടന്നുകയറിയിട്ടുണ്ട്.
അവസരം മുതലെടുത്ത് മറ്റൊരു അയല്‍ രാഷ്ട്രമായ നേപ്പാളും ഇന്ത്യയുമായുള്ള അവരുടെ അതിര്‍ത്തി മാറ്റി വരക്കാന്‍ ഒരുമ്പെടുകയാണ്. ഉത്തരാഖണ്ഡിലെ കാലാപാനി, ലുപ്‌ലേഖ്, ലിംപിയാധുര എന്നീ ഇന്ത്യന്‍ പ്രദേശങ്ങള്‍ തങ്ങളുടേതാക്കി മാറ്റി മാപ്പ് ഉണ്ടാക്കിയിരിക്കുകയാണ് ഇപ്പോള്‍. അതിന് നേപ്പാള്‍ പാര്‍ലമെന്റിന്റെയും പ്രസിഡന്റിന്റെയും അംഗീകാരവും ലഭിച്ചുകഴിഞ്ഞു. ഇന്ത്യ ഈ അവകാശവാദം തള്ളിക്കളഞ്ഞിട്ടുണ്ടെങ്കിലും പ്രശ്‌നപരിഹാരത്തിന് വഴിതെളിഞ്ഞിട്ടൊന്നുമില്ല. ഇങ്ങനെയൊരു നീക്കത്തിന് ഈ കൊച്ചു ഹിമാലയന്‍ രാഷ്ട്രത്തിന് ധൈര്യം പകരുന്നതും പിന്നില്‍നിന്ന് കളിക്കുന്നതും ചൈനയാണെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. ഇരു നാടുകളിലും ഭരിക്കുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടികളാണല്ലോ. മറ്റു അയല്‍നാടുകളെയും ചൈന പാട്ടിലാക്കിയിട്ടുണ്ടെന്നും അവരും ഇതുപോലുള്ള നീക്കങ്ങള്‍ നടത്തിയേക്കാമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ സംശയിക്കുന്നുണ്ട്.
ഇന്ത്യയുടെ അഖണ്ഡത സംരക്ഷിക്കുക എന്നതാണ് ഭരണകൂടത്തിന് ഇക്കാര്യത്തില്‍ ആദ്യമായി ചെയ്യാനുള്ളത്. ചൈനയോ നേപ്പാളോ ഇന്ത്യയുടെ ഭൂമി കൈയേറിയിട്ടുണ്ടെങ്കില്‍ അതത്രയും ഇന്ത്യക്ക് തിരിച്ചുകിട്ടേണ്ടതുണ്ട്; പ്രത്യേകിച്ചും വളരെ സൈനിക പ്രാധാന്യമുള്ള ഗാല്‍വന്‍ താഴ്‌വര പ്രദേശങ്ങള്‍. പക്ഷേ അത് നേടേണ്ടത് സൈനിക നീക്കത്തിലൂടെയല്ല, ലോക രാഷ്ട്രങ്ങളെയും വേദികളെയും സ്വാധീനിച്ചും അയല്‍ രാഷ്ട്രങ്ങള്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തിയുമാണ്. ഒരു രാഷ്ട്രത്തിന്റെ നയതന്ത്ര മികവ് പ്രകടമാവേണ്ടത് ഇവിടെയാണ്. ചൈനീസ് ഉല്‍പന്നങ്ങളും ആപ്പുകളും തടഞ്ഞുകൊണ്ടാണെങ്കിലും അത്തരമൊരു അന്താരാഷ്ട്ര സമ്മര്‍ദം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഇന്ത്യന്‍ നയതന്ത്രങ്ങള്‍ക്ക് കഴിയണം. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (9-10)
ടി.കെ ഉബൈദ്‌

ഹദീസ്‌

താഴോട്ടു നോക്കൂ, സമാധാനമുണ്ടാകും
അബ്ദുര്‍റഹ്മാന്‍ ചെറുവാടി