സമരം ഒരു സര്‍ഗാത്മക, സാംസ്‌കാരിക അനുഷ്ഠാനം
സത്യവിശ്വാസികളെ സംബന്ധിച്ചേടത്തോളം ആദര്‍ശത്തിന്റെ കൂടെപ്പിറപ്പാണ് സമരം. 'സമരം ചെയ്യാതെയും, സമരം ചെയ്യണമെന്ന് സ്വന്തത്തോട് പറയാതെയും ആരെങ്കിലും മരിച്ചാല്‍ കാപട്യത്തിന്റെ അംശവുമായാണ് അയാള്‍ മരിക്കുന്നത്' എന്ന നബിവചനം സത്യവിശ്വാസി എപ്പോഴും സമരസജ്ജനായിരിക്കണമെന്ന പാഠമാണ് നല്‍കുന്നത്. 'സമരം ചെയ്യാതെ സ്വര്‍ഗ പ്രവേശനം സാധ്യമല്ല' (ആലുഇംറാന്‍ 142), 'സമരം ചെയ്യുമ്പോള്‍ മാത്രമേ യഥാര്‍ഥ സത്യവിശ്വാസിയാവുന്നുള്ളൂ' (അല്‍ അന്‍ഫാല്‍ 74), 'സമരം ചെയ്തു മാത്രമേ നേരായ വഴിയിലെത്തുകയുള്ളൂ' (അന്‍കബൂത്ത് 69), 'ഏതൊരു സമരത്തിന്റെയും പ്രഥമ ഗുണം സമരം ചെയ്യുന്നവര്‍ക്കുതന്നെയാണ്' (അന്‍കബൂത്ത് 6), 'സമരത്തിന്റെ ആത്യന്തിക ലക്ഷ്യം അല്ലാഹുവിന്റെ കാരുണ്യ പ്രതീക്ഷയും' (അല്‍ബഖറ 218), 'അവന്റെ തൃപ്തി' (മുംതഹിന 1)യുമായിരിക്കണം.
സമരത്തെ ഇസ്‌ലാമിക ദൃഷ്ട്യാ വിലയിരുത്തുമ്പോള്‍ അത് സര്‍ഗാത്മകവും സാംസ്‌കാരികവുമായ അനുഷ്ഠാനമാണെന്ന് കാണാം. സര്‍ഗാത്മകമെന്നതിന്റെ വിവക്ഷ, രചനാത്മകവും സൃഷ്ടിപരവുമായിരിക്കും, വിധ്വംസകമോ നിഷേധാത്മകമോ ആയിരിക്കില്ല എന്നാണ്.
നിലവിലെ ഏതെങ്കിലും കെടുകാര്യങ്ങളെ തിരുത്തുക മാത്രമല്ല, തിരുത്തിയ ശേഷം ഗുണപ്രദമായ പുതിയൊരു പകരത്തെ സ്ഥാപിക്കുകയായിരിക്കും സമരത്തിന്റെ ലക്ഷ്യം. ഖുര്‍ആനില്‍, 'തിന്മ നിരോധിക്കുക' എന്ന് പറഞ്ഞുമതിയാക്കാതെ 'നന്മ കല്‍പിക്കുക' എന്നു കൂടി ചേര്‍ത്തുപറയുമ്പോള്‍ ഈ രചനാത്മക വശത്തിന് ഊന്നല്‍ ലഭിക്കുന്നുണ്ട്. മരം മുറിക്കാന്‍ അനുവാദം ചോദിച്ച അനുചരന്മാരോട്, 'മുറിയ്ക്കാം, പക്ഷേ പകരം മരം വെച്ചു പിടിപ്പിക്കണം' എന്ന് നിര്‍ദേശിച്ചപ്പോള്‍ ഈ രചനാത്മക വശത്തിലേക്ക് നബി (സ) ശ്രദ്ധ ക്ഷണിക്കുകയായിരുന്നു.
കേരളത്തില്‍ പല മേഖലകളിലായി ഒട്ടേറെ സമരങ്ങള്‍ നടക്കാറുണ്ട്. ഇവയില്‍ പലതും പൂര്‍ണായും രചനാത്മകമാണെന്ന് പറയാന്‍ വയ്യ. സാമൂഹികമായ പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും തലത്തിലേക്ക് ഉയര്‍ത്തപ്പെടുന്നതിന് മുമ്പ് സമരത്തിന്റെ സന്ദേശം വ്യക്തിപരമായി സ്വാംശീകരിക്കുകയും പ്രയോഗവത്കരിക്കുകയും അത് തുടര്‍ന്ന് സാംസ്‌കാരികമായി മാറുകയുമാണ് ഇസ്‌ലാമിന്റെ രീതി. 'സ്വന്തത്തോട് സമരം ചെയ്യുന്നവനാണ് യഥാര്‍ഥ സമര സേനാനി' എന്ന നബിവചനത്തിന്റെ മര്‍മവും ഇതുതന്നെ. സര്‍ക്കാറിന്റെ തെറ്റെന്ന് വിവരിക്കപ്പെടുന്ന വികസനത്തിനെതിരില്‍ സമരം ചെയ്യുന്നവര്‍ തന്നെ വ്യക്തികളുടെ, ഒരിക്കലും ന്യായീകരിക്കാന്‍ കഴിയാത്ത ധൂര്‍ത്തന്‍ വികസനത്തെ കണ്ടില്ലെന്ന് വെക്കുന്നത് ഇസ്‌ലാമികമല്ല. ഉദാഹരണത്തിന്, അണുകുടുംബങ്ങള്‍ക്ക് വേണ്ടി കൊട്ടാരസമാനമുള്ള വീടുകളുണ്ടാക്കുന്നവരുടെ എണ്ണം സമൂഹത്തില്‍ വല്ലാതെ കൂടി വരുന്നു. ഇത്തരം ധൂര്‍ത്തുകളുടെ ബഹുവിധ പ്രത്യാഘാതങ്ങളെക്കുറിച്ച് പ്രവര്‍ത്തകരെ ഉദ്ബുദ്ധരാക്കാനും നിയന്ത്രിക്കാനും കഴിയുന്ന സംഘടനകള്‍ പോലും ഒന്നും ചെയ്യുന്നതായി കാണുന്നില്ല. പ്രവാചകന്റേതെന്നപേരില്‍ പ്രചരിപ്പിക്കപ്പെടുന്ന മുടി സൂക്ഷിക്കാനെന്ന വ്യാജേന നിര്‍മിക്കാന്‍ പോകുന്ന പള്ളി വ്യാജ ആത്മീയ കേന്ദ്രം എന്ന നിലയില്‍ മാത്രമല്ല, പാരിസ്ഥിതികമായി വലിയ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും എന്ന നിലയിലും എതിര്‍ക്കപ്പെടേണ്ടതാണ്.
മാലിന്യ നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട് സര്‍ക്കാറിന്റെ കണ്ണും കാതും തുറപ്പിക്കാന്‍ വീട്ടമ്മമാര്‍ മുന്നില്‍ നിന്ന് നടത്തിയ ധീരോദാത്തമായ സമരം കേരളം കണ്ടുകഴിഞ്ഞു. ആധുനിക സാമൂഹിക വ്യവസ്ഥയില്‍ ഗവണ്‍മെന്റും ഗവണ്‍മെന്റ് സംവിധാനങ്ങളും വളരെ പ്രധാനം തന്നെ. പക്ഷേ, മറ്റു പലതിന്റെയും എന്ന പോലെ ശുചിത്വത്തിന്റെയും മാലിന്യ നിര്‍മാര്‍ജനത്തിന്റെയും പ്രഥമ ഉത്തരവാദിത്വവും അതത് വ്യക്തികള്‍ക്കുതന്നെയാണ്. ഇത് സാധ്യമാവാന്‍ പ്രഥമമായി വ്യക്തികള്‍ തന്നെ മാലിന്യം പരമാവധി കുറക്കാന്‍ ശ്രദ്ധിക്കണമെന്നാണ് ഇസ്‌ലാമിന്റെ നിര്‍ദേശം. ഒരു നിയന്ത്രണവുമില്ലാതെ ഉപഭോഗിച്ച് മാലിന്യങ്ങള്‍ പുറംതള്ളി, 'എന്താ സര്‍ക്കാറേ കൊണ്ടുപോവാത്തത്' എന്ന് തെരുവിലറങ്ങി ചോദിക്കുന്നത് ശരിയല്ല.
മാലിന്യ നിര്‍മാര്‍ജനത്തിന്റെ പ്രഥമോത്തരവാദിത്വം ഇസ്‌ലാം വ്യക്തികളിലാണ് ചുമത്തുന്നത്. ഉപയോഗിച്ച വസ്തുക്കള്‍ അപരന്റെ മുഖത്തേക്ക് വലിച്ചെറിയുന്ന സമൂഹത്തെ, ഇത്തരം പ്രശ്‌നങ്ങള്‍ സര്‍ഗാത്മകമായി തരണം ചെയ്യാന്‍ പഠിപ്പിക്കുകയാണ് ആദ്യം വേണ്ടത്. ഉപഭോഗം പരമാവധി കുറക്കുക, നിയന്ത്രിക്കുക, വ്യക്തികളുടെ നിയന്ത്രണങ്ങള്‍ക്ക് ശേഷവും ബാക്കിയാവുന്ന മാലിന്യങ്ങള്‍ ശാസ്ത്രീയമായി നിര്‍മാര്‍ജനം ചെയ്യാന്‍ സര്‍ക്കാറുകള്‍ വഴി കാണുക. ഇതാണ് ശരിയായ രീതി.
ഇസ്‌ലാമിക ശരീഅത്തിന്റെ മൊത്തം താല്‍പര്യം പരിഗണിക്കുമ്പോള്‍ 'പരിസ്ഥിതി സംരക്ഷണം' എന്നല്ല 'പരിസ്ഥിതി പരിപാലനം' എന്നാണ് പ്രയോഗിക്കേണ്ടതെന്ന ഡോ. യൂസുഫുല്‍ ഖറദാവിയുടെ നിരീക്ഷണം ഇവിടെ പ്രസക്തമാണ്. നിലവിലുള്ള നന്മകള്‍ സംരക്ഷിക്കുക മാത്രമല്ല, പുതിയ നന്മകള്‍ ലഭ്യമാക്കാന്‍ പരിസ്ഥിതിയെ സഹായിക്കുക കൂടി വേണം. അതാണ് പരിസ്ഥിതിക്ക് വേണ്ടിയുള്ള സമരത്തിലെ സര്‍ഗാത്മകത. ജനലുകളും വാതിലുകളും കൊട്ടിയടച്ച് ഫാനിട്ട് കരിമ്പടം പുതച്ചുകിടക്കുകയും, സൂര്യപ്രകാശം കടന്നുവരാനുള്ള പഴുതുകളെല്ലാം അടച്ചുകളഞ്ഞ് ലൈറ്റിടുകയും ചെയ്യുന്ന ആധുനിക തലമുറക്ക് വാതിലുകളും ജനലുകളും തുറക്കാന്‍ പഠിപ്പിക്കലാണ് ആ മേഖലയിലെ സര്‍ഗാത്മക സമരത്തിന്റെ ബാലപാഠം. മൂവായിരത്തോളം പേര്‍ പങ്കെടുത്ത ഒരു വിവാഹസദ്യയില്‍ തീന്മേശയില്‍ ഒരേസമയം രണ്ടു ലെയര്‍ ന്യൂസ് പ്രിന്റ് വിരിക്കുന്നത് കണ്ട്, ഇതിനു പകരം പഴയ ദിനപത്രം ഉപയോഗിച്ചാല്‍ പോരേ എന്ന് ചോദിച്ചപ്പോള്‍ അതൊക്കെ പഴഞ്ചന്‍ രീതിയാണെന്നായിരുന്നു ഒരാളുടെ പ്രതികരണം.
സാംസ്‌കാരികതയാണ് സമരത്തിന്റെ മറ്റൊരു വശം. സംഘടന തീരുമാനിച്ചതുകൊണ്ട് കൊടി പിടിച്ച് നിരത്തിലിറങ്ങുക എന്നതല്ല, സമരത്തിന്റെ സന്ദേശം സ്വാംശീകരിച്ചും ആത്മാര്‍ഥമായി ഉള്‍ക്കൊണ്ടും എപ്പോഴും അതൊരു വ്രതമെന്നോണം ആചരിക്കുകയാണ് വിവക്ഷ. ഈയൊരു തര്‍ബിയത്ത് ലഭിച്ചയാളുടെ സമരം ദിന-പക്ഷ-മാസാചരണങ്ങളില്‍ ഒതുങ്ങുകയില്ല. അയാള്‍ മുഴുസമയ സമരത്തിലായിരിക്കും. സമരസന്ദേശം അയാളുടെ ജീവിതശൈലിയായി മാറിയിരിക്കും. സര്‍ഗാത്മകതയും സമരാത്മകതയും ഭൗതിക നന്മകള്‍ മാത്രമല്ല, ആത്യന്തികമായി പാരത്രിക മോക്ഷം കൂടി കാംക്ഷിച്ചുകൊണ്ടുള്ള അനുഷ്ഠാനമായിരിക്കും. ഈയൊരു നിലവാരത്തിലേക്ക് നമ്മുടെ സമരങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള പ്രായോഗിക പരിശീലനങ്ങള്‍ കൂടി തര്‍ബിയത്ത് പരിപാടികളില്‍ പരിഗണിക്കപ്പെടണം.
Comments