അടുത്തുനിന്നവര്‍ അകലം പാലിച്ചവര്‍ - ശീറാസിയുടെ മറുപടി പ്രസംഗം
മുഹമ്മദ് ശിറാസി ഫലിത പ്രകൃതനായിരുന്നു എന്ന് പറഞ്ഞുവല്ലോ. അദ്ദേഹം വഅ്ദ് പരമ്പരകള്‍ നടത്താറുണ്ടായിരുന്നു. സുന്നികള്‍ക്ക് ഭൂരിപക്ഷമുള്ള വെളിയങ്കോട് പ്രദേശത്ത്, ഉള്ളാലെ ഉല്‍പതിഷ്ണുവായ മൌലവി വഅദ് പരമ്പര നടത്തുകയുണ്ടായി. അക്കാലത്ത് സുന്നി മേഖലയില്‍ ഉല്‍പതിഷ്ണുക്കളുടെ വഅദുകളില്‍ തവസുല്‍-ഇസ്തിഗാസത്ത്, ഖുതുബ പരിഭാഷ, മാല മൌലൂദ് തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചക്ക് വന്നാല്‍, വഅ്ദ് മുടങ്ങാം. ചിലപ്പോള്‍ തടികേടാവുകയും ചെയ്യും. സുന്നി പ്രദേശത്തെ ഈ വഅ്ദ് പരമ്പരക്ക് നാലഞ്ച് ദിവസത്തെ ദൈര്‍ഘ്യവും ഭേദപ്പെട്ട സദസുമുണ്ട്. ഒന്നാം ദിവസം കഴിഞ്ഞപ്പോള്‍ ഒരു ചോദ്യാവലി ലഭിച്ചു. അതില്‍ മേല്‍ പറഞ്ഞ വിഷയങ്ങള്‍ എല്ലാമുണ്ടായിരുന്നു. തവസുല്‍-ഇസ്തിഗാസത്ത്, ഖുതുബ പരിഭാഷ, അടുത്തിടെ ആ പ്രദേശത്ത് പ്രസിദ്ധീകരിച്ച 'കുശുണ്ടും കുന്തിരിയു'മെന്ന പുസ്തകം, മുഹ്യിദ്ദീന്‍ മാല എന്നിവയൊക്കെയായിരുന്നു ചോദ്യ വിഷയങ്ങള്‍. രണ്ടാമത്തെ ദിവസം മൌലവി ബിസ്മിയും ഹംദും സലാത്തും ഓതിയശേഷം പറഞ്ഞു: ഇന്നലത്തേതിന്റെ ബാക്കിയാണ് ഇന്ന് പറയാന്‍ പോകുന്നത്. പക്ഷേ, അതിനിടക്ക് ഒരു സംഭവമുണ്ടായി. സ്ഥലത്തെ ചില ആളുകള്‍ എനിക്ക് ഒരു ചോദ്യാവലി തന്നു. അതില്‍ ഇന്നയിന്ന വിഷയങ്ങളാണ് ഉള്ളത്. എനിക്കത് ശരിക്ക് വായിച്ച് പഠിക്കാന്‍ കഴിഞ്ഞിട്ടില്ല. വഅദ് കേള്‍ക്കുന്നതു പോലെ എളുപ്പമല്ല പറയല്‍. പകല്‍ സമയത്ത് കിതാബുകളൊക്കെ പരതണം. പഴയ ഓര്‍മവെച്ച് പറഞ്ഞാല്‍ പോര. അതിനാല്‍ ചോദ്യം പരിശോധിക്കാന്‍ സാധിച്ചിട്ടില്ല. എന്തായാലും അടുത്ത ദിവസങ്ങളില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞിട്ടേ ഞാനിവിടുന്ന് പോവൂ. നിങ്ങള്‍ അസ്വസ്ഥരാവുകയൊന്നും വേണ്ട. നാളെ പറ്റുമെങ്കില്‍ നാളെ തന്നെ പറയാം, പക്ഷേ, അതിന് സമയം വേണം.'
വാര്‍ത്ത നാട്ടില്‍ പരന്നു. പിറ്റേ ദിവസം ഒരു നല്ല ആള്‍ക്കൂട്ടം വഅദ് കേള്‍ക്കാന്‍ എത്തി. വഅദ് തുടങ്ങുകയായി: അല്‍ഹംദുലില്ലാഹ്, നിങ്ങളുടെ വരവു കണ്ടിട്ട് സന്തോഷമായി. ചോദ്യാവലി നിങ്ങളെ ആകര്‍ഷിച്ചിട്ടുണ്ടെന്ന് മനസിലാകുന്നു. ഇന്നു നമുക്ക് ഏതായാലും അതിലേക്ക് പ്രവേശിക്കാന്‍ പറ്റില്ല. ഇന്നു പറയുമെന്ന് ഞാന്‍ പറഞ്ഞിട്ടുമില്ല. പരിശോധിച്ചപ്പോള്‍ പെട്ടെന്ന് മറുപടി പറയുക എളുപ്പമല്ലെന്നു ബോധ്യമായി. അതിനാല്‍ നിങ്ങള്‍ ക്ഷമിക്കണം. വഅ്ള് വഅ്ളായി പോകട്ടെ, ഏതായാലും ഞാന്‍ അതു ഏറ്റെടുത്തിരിക്കുന്നു.'' ഇങ്ങനെ അദ്ദേഹം സദസിനെ സമാധാനിപ്പിച്ചു. പിറ്റെ ദിവസം മറുപടി ഉറപ്പിച്ച് കൂടുതല്‍ വലിയ സദസുണ്ടായി. പറഞ്ഞ രീതി ആവര്‍ത്തിക്കാതെ അടുത്ത ദിവസത്തേക്കു കൂടി മറുപടി നീട്ടുന്ന കാര്യത്തില്‍ അദ്ദേഹം വിജയിച്ചു. അടുത്തദിവസമാകട്ടെ, ഇനിയെന്തായാലും ഒരു ദിവസം കൂടിയല്ലേയുള്ളൂ, എന്ന് പറഞ്ഞ് നാളെ, അവസാന ദിവസം വഅ്ദിന്റെ അവസാനം മറുപടി പറയുമെന്ന് മൌലവി പ്രഖ്യാപിച്ചു. വഅ്ള് വിഷയം പൂര്‍ത്തീകരിച്ച ശേഷം ചോദ്യങ്ങള്‍ വായിച്ചു കേള്‍പ്പിച്ചു.
പിറ്റേന്ന്- അവസാന ദിവസം- വഅള് വിഷയം പറഞ്ഞു തീര്‍ത്തശേഷം മറുപടിയിലേക്ക് പ്രവേശിച്ചു. ചോദ്യാവലി ഒന്നുകൂടെ നല്ലപോലെ വായിച്ച് എല്ലാവര്‍ക്കും മനസിലായെന്ന് ഉറപ്പുവരുത്തി. എന്നിട്ട് തുടര്‍ന്നു: "വിഷയം ഒന്ന് തവസ്സുല്‍ ഇസ്തിഗാസത്ത്. ഇതില്‍ ഗ്രാമര്‍ മിസ്റേക്കുണ്ട്. 'തവസ്സുല്‍ ഇസ്തിഗാസത്ത്' എന്ന് എഴുതിയാല്‍ ഉദ്ദേശിക്കുന്നത് ഒരു കാര്യമാണോ, രണ്ട് കാര്യമാണോ എന്ന് തിരിയില്ല. രണ്ടു കാര്യമാണെങ്കില്‍ അതു എഴുതുന്നതിന് നിയമങ്ങളുണ്ട്. ഹൈഫണോ കോമയോ പോലെ. ഇവിടെ ഇതൊന്നും പാലിക്കാതെയാണുള്ളത്. എന്തിനാണ് ഞാന്‍ മറുപടി പറയേണ്ടത്. സങ്കീര്‍ണമാണ് പ്രശ്നം. ചോദ്യാവലി മാറ്റി എഴുതിക്കല്‍ പ്രയാസവുമാണ്. വിഷയത്തിലേക്ക് കടന്നപ്പോഴല്ലേ കാര്യം മനസ്സിലാകുന്നത്. തവസുല്‍ എന്നാല്‍ ഒരു കാര്യത്തിന്റെ മധ്യത്തില്‍ ആളെ നിര്‍ത്തുക എന്നാണര്‍ഥം, ഇടതേട്ടം എന്നും പറയും. ഒരു പ്രശ്നം പരിഹരിക്കണമെങ്കില്‍ കക്ഷികള്‍ മാത്രം പോരല്ലോ, ചിലപ്പോള്‍ മധ്യസ്ഥരും വേണ്ടിവരും. ഇങ്ങനെ നടുവില്‍ ആളെ നിര്‍ത്തുന്ന സമ്പ്രദായത്തിന് തവസുല്‍ എന്നാണ് പറയുക. 'തവസുലിസ്തിഗാസത്ത്' എന്ന ഒരൊറ്റ സംഗതി ഇല്ല. ഇതില്‍ ഏതിനാണ് ഞാന്‍ മറുപടി പറയേണ്ടതെന്ന് ചോദ്യത്തില്‍നിന്ന് വ്യക്തമല്ല. ഇനി ഇസ്തിഗാസ, എനിക്ക് പ്രത്യേക താല്‍പര്യമുള്ള വിഷയമാണത്. ഇസ്തിഗാസ എന്നപേരില്‍ നഹ്വില്‍(അറബി ഗ്രാമറില്‍) ഒരു അധ്യായം തന്നെയുണ്ട്. അതിനെ പറ്റി എന്തും എനിക്കറിയാം'' എന്ന് പറഞ്ഞ് നഹ്വിന്റെ കിതാബായ അല്‍ഫിയയിലെ ബൈത്ത് നീട്ടി പാടി. മൌലവി തുടര്‍ന്നു: ഇത് പാടുണ്ടോയെന്ന് എന്തിനാണ് ചോദിക്കുന്നത്? ഇതു ഒരു ഭാഷയുമായി ബന്ധപ്പെട്ടതല്ലേ. അതിനാല്‍ ഭാഷ പഠിക്കണമെങ്കില്‍ ഇതു പഠിക്കണം. ഈ ദീനീ വേദിയില്‍ ഭാഷാപ്രശ്നം ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലല്ലോ. പിന്നെ, ഇതിഗാസയെന്ന പേരില്‍ മതപണ്ഡിതര്‍ തര്‍ക്കിക്കുന്ന ഒരു വിഷയമുണ്ട്, പക്ഷേ, അതാണോ ചോദ്യകര്‍ത്താക്കള്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല. ഊഹിച്ച് മറുപടി പറയുന്നത് ശരിയല്ലല്ലോ.
"അടുത്ത പ്രശ്നം ഖുത്വ്ബയാണ്. ഖുത്വ്ബയെന്നാല്‍, പ്രസംഗമെന്നാണര്‍ഥം. ഇവിടെ ഞാന്‍ മലയാളത്തില്‍ പ്രസംഗിക്കുകയല്ലേ. അങ്ങനെയുള്ള എന്നോട് പ്രസംഗം പാടുണ്ടോ എന്ന് ചോദിക്കുന്നത് ശരിയല്ല. അറബിയിലാണ് പ്രസംഗമെങ്കില്‍ അതിന് ഖുത്വ്ബയെന്ന് പറയും. ഇതില്‍ ഏതാണ് ചോദ്യകര്‍ത്താവ് ഉദ്ദേശിക്കുന്നത്? പിന്നെ, സങ്കല്‍പിക്കാവുന്നത് ജുമുഅ ഖുത്വ്ബ തര്‍ജമ പാടുണ്ടോ എന്നതാണ്. ഞാന്‍ എന്തിനാണ് സങ്കല്‍പിക്കുന്നത്? അവര്‍ ജുമുഅ ഖത്വ്ബയാണ് ഉദ്ദേശിച്ചതെങ്കില്‍ അതു ചോദ്യത്തില്‍ രേഖപ്പെടുത്തേണ്ടതല്ലേ? അതില്ലാത്തതിനാല്‍ അതിലേക്ക് കടക്കുന്നില്ല.
"അടുത്ത ചോദ്യം, ഈ പ്രദേശത്ത് പ്രസിദ്ധീകരിച്ച 'കുശുണ്ടും കുന്തിരി'യുമെന്ന പുസ്തകം വാങ്ങാനും വായിക്കാനും പാടുണ്ടോ എന്നാണ്. ചോദ്യകര്‍ത്താക്കള്‍, പാവം മൌലവിയായ എന്നോട് സാമാന്യ നീതിയെങ്കിലും പാലിക്കേണ്ടതായിരുന്നു. അഭിപ്രായത്തിനയക്കുന്ന പുസ്തകം മൂന്ന് കോപ്പിയെങ്കിലും വേണമെന്നതാണ് സാധാരണരീതി. അതുപോട്ടെ, ഒരു കോപ്പിയെങ്കിലും അയച്ചു തരണ്ടേ. ഈ സാമാന്യ മര്യാദപോലും ഇവിടെ പാലിച്ചിട്ടില്ല. പിന്നെ എന്തിനെപ്പറ്റിയാണ് ഞാന്‍ മറുപടി പറയേണ്ടത്. ഒരു വട്ടമെങ്കിലും വായിക്കാതെ എങ്ങനെ അഭിപ്രായം പറയും. വളരെ മോശമായി പോയി കേട്ടോ. ഞാന്‍ പൊറുത്തിരിക്കുന്നു.'' ഇത്രയും ആയപ്പോഴേക്കും സദസ് ഏതാണ്ട് മൌലവിയുടെ ഫലിതോക്തികളോട് പൊരുത്തപ്പെട്ട് കഴിഞ്ഞിരുന്നു. മൌലവി തുടര്‍ന്നു:
"ഇനി, മുഹ്യിദ്ദീന്‍ മാലയെക്കുറിച്ചാണ്. എന്നെ നിങ്ങള്‍ക്ക് മനസിലായില്ലെന്ന് തോന്നുന്നു. എനിക്ക് പാട്ടിനെ പറ്റി ഒരു വസ്തുവും അറിയില്ല. എന്നു മാത്രമല്ല, ചിലപ്പോള്‍ പാട്ടല്ലാത്തത് പാട്ടായും മറിച്ചും എനിക്ക് തോന്നും. അങ്ങനെ ചില കത്തുകളൊക്കെ പാട്ടാണെന്ന് ധരിച്ച് ഞാന്‍ പാടിനോക്കാറുണ്ട്. ഇവിടെ അയച്ചുകിട്ടിയ ഈ ചോദ്യാവലി തന്നെ ചിലപ്പോള്‍ പാട്ടാണെന്ന് എനിക്ക് തോന്നിപ്പോകുന്നു. വേണമെങ്കില്‍ ഞാന്‍ പാടിനോക്കാം. മൌലവി പാടിത്തുടങ്ങി. അതിങ്ങനെ: (ഇശല്‍: ഏകദേശം ഉളരീടൈ പോലെ.)
1. തവസ്സുലിസ്തിഗാസത്ത് പാടുണ്ടോ ഇല്ലയോ?
2. ഖുത്വ്ബ പരിഭാഷ ചെയ്യാന്‍ പാടുണ്ടോ ഇല്ലയോ?
3. കുശുണ്ടും കുന്തിരി എന്ന പേരുള്ള പുസ്തകം/ വാങ്ങാനും വായിക്കുവാനും പാടുണ്ടോ ഇല്ലയോ?
4. മുഹ്യിദ്ദീന്‍ മാലകള്‍ പോലോത്തെ പാട്ടുകള്‍/ പാടാനും പാടിക്കുവാനും പാടുണ്ടോ ഇല്ലയോ?
മൌലവി ഈണത്തില്‍ നീട്ടിപാടിക്കൊണ്ടിരിക്കെ സദസ് ചിരിച്ചും താളംപിടിച്ചും അതില്‍ ലയിക്കുകയായിരുന്നു. ചോദ്യവിഷയമെല്ലാം അവര്‍ മറന്നു കഴിഞ്ഞിരുന്നു.
(ഈ വഅദ് കഥ എനിക്ക് പറഞ്ഞു തന്നതും പാട്ട് പാടിത്തന്നതും സുഹൃത്ത് ഇ.ജെ മമ്മു).
(തുടരും)
Comments