Prabodhanm Weekly

Pages

Search

2012 മാര്‍ച്ച്‌ 24

ഇസ്രയേലിന്റെ നേര്‍ച്ചക്കുതിരയും ഇന്ത്യന്‍ നിസ്സഹായതയും

വിശകലനം - എ. റശീദുദ്ദീന്‍

റാന്‍ റേഡിയോയുടെ ഫ്രീലാന്‍സ് ലേഖകന്‍ മുഹമ്മദ് അഹ്മദ് ഖാസിമിയുടെ അറസ്റ്റിലേക്കു നയിച്ച ഇസ്രയേല്‍ എംബസി സ്‌ഫോടനം ദല്‍ഹിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി നടന്നുവന്ന സ്‌ഫോടന നാടകങ്ങളില്‍ നിന്നോ സ്‌ഫോടനാനന്തര നാടകങ്ങളില്‍ നിന്നോ തരിമ്പും വ്യത്യാസപ്പെട്ടതായിരുന്നില്ല. രണ്ടു നാടകങ്ങളും പതിവുപോലെ നിര്‍ലജ്ജം അരങ്ങേറി. മുസ്‌ലിം സമൂഹത്തിന്റെ മേല്‍ കുതിര കയറുന്നതിന് തെരഞ്ഞെടുപ്പുകളുടെ രാഹുകാലം മാത്രമേ നോക്കേണ്ടതുള്ളൂ എന്ന പരമാര്‍ഥത്തിന് പോലീസുകാര്‍ മുപ്പത്തിയഞ്ചാം തവണയും അടിവരയിട്ടു. മാധ്യമ ലോകത്ത് സമാദരണീയനായ ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകനെയാണ് ദല്‍ഹി പോലീസിലെ അഞ്ചാംപത്തികള്‍ ചേര്‍ന്ന് 'കഴുതപ്പുറത്ത്' കെട്ടിയെഴുന്നള്ളിച്ചത്. പൂനെ ബേക്കറി സ്‌ഫോടനവും മുംബൈ സ്‌ഫോടനവും കഴിഞ്ഞതിനു ശേഷം രാജ്യം കണ്ടുവന്ന ദുര്‍ബലമായ സ്‌ഫോടനങ്ങളുടെ കൂട്ടത്തില്‍ പെടുത്താവുന്ന ഒന്നായിരുന്നു ഇത്. വാരണാസി, ജുമാ മസ്ജിദ്, ബംഗളൂരു, ദല്‍ഹി ഹൈക്കോടതി സ്‌ഫോടനങ്ങളുടെ മാതൃകയില്‍ അധികമൊന്നും ആള്‍നാശമുണ്ടാക്കാത്ത, നടന്ന സാഹചര്യങ്ങളുമായി മാത്രം ബന്ധപ്പെട്ടു പ്രാധാന്യമുള്ള ഒന്നായിരുന്നു ഈ ഇസ്രയേല്‍ സ്‌ഫോടനവും. ആ സാഹചര്യം എന്താണെന്ന മിതമായ വിലയിരുത്തല്‍ പോലും ഇസ്രയേലിന്റെ നാണംകെട്ട രാഷ്ട്രീയ നാടകത്തിന്റെ ഉടുമുണ്ടുരിയുന്നുണ്ടായിരുന്നു. പക്ഷേ അത്തരം നാണക്കേടുകളുടെ ഒരു മല തന്നെ ചുമന്നു നടക്കുന്ന ദല്‍ഹി പോലീസിന് ഇതൊന്നും വിഷയമേ ആയിരുന്നില്ല. ഓരോ സ്‌ഫോടനത്തിനു ശേഷവും പ്രഖ്യാപിക്കാറുള്ള വിദേശി അക്രമികളുടെ പേരും അവരെ കുറിച്ച 'സൂചനകളും' ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ് നേരത്തെ ലഭിച്ചിരുന്നുവെന്ന ആഭ്യന്തരമന്ത്രിയുടെ വെളിപ്പെടുത്തലും ടൈംസാദി മീഡിയകളുടെ 'എക്‌സ്‌കഌസീവു'കളും ചേരുന്നതോടെ ഇന്ത്യക്കാരന്റെ സാമാന്യബുദ്ധിയെ പരിഹസിക്കുന്ന ഭരണകൂടത്തിന്റെ 'വിഢ്യാസുരവധം ബാലെ' അരങ്ങ് തകര്‍ത്താടുന്ന കാഴ്ചയായി.
ഈ ബോംബ് സ്‌ഫോടനത്തെ സൂക്ഷ്മമായി അപഗ്രഥിച്ചാല്‍ മനസ്സിലാക്കാനാവുന്നത് ഇത്രയുമാണ്. ഇസ്രയേല്‍ എംബസിയുടെ അത്രയൊന്നും സുരക്ഷാ പ്രാധാന്യമില്ലാത്ത ഒരു ഇന്നോവ കാര്‍ സംഭവ ദിവസം എംബസിയില്‍ നിന്നും പുറത്തേക്കു വരികയും എംബസിയിലെ നയതന്ത്ര ഉദ്യോഗസ്ഥന്റെ ഭാര്യയായ താലി യെഹോഷ്വ കോറെയെയും കൊണ്ട് കഷ്ടിച്ച് 200 മീറ്റര്‍ ദൂരം ഓടുകയും ചെയ്തു. നാലാംകിട അറ്റാഷെമാര്‍ വരെ ബുള്ളറ്റ് പ്രൂഫ് കാറില്‍ പുറത്തേക്കിറങ്ങുന്ന എംബസിയാണ് ഇസ്രയേലിന്റേത് എന്നോര്‍ക്കുക. അവരവിടെ ഇന്നോവ പോലുള്ള ദരിദ്രരുടെ കാറുകളും ഉപയോഗിക്കുന്നുണ്ട് എന്നതു തന്നെ അത്ഭുതപ്പെടുത്തുന്ന വിവരമാണ്! അതിരിക്കട്ടെ, നാടകത്തിന്റെ രണ്ടാമങ്കത്തില്‍ ഏതോ ഒരു മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരന്‍ കാറിന്റെ പിന്‍ഭാഗത്ത് സ്റ്റിക്കര്‍ ബോംബ് പതിക്കുകയും കാര്‍ പൊട്ടിത്തെറിക്കുകയും ചെയ്തുവത്രെ.
പൊട്ടിത്തെറിച്ചു എന്നത് മാധ്യമ ഭാഷ്യമാണ്. അതിനു മാത്രം ശക്തിയൊന്നും ഈ ബോംബിന് ഉണ്ടായിരുന്നില്ല. യഥാര്‍ഥത്തില്‍ അങ്ങനെ സംഭവിച്ചതായി കത്തിയ കാറിന്റെ ചിത്രം വ്യക്തമാക്കുന്നുമില്ല. കാറിന്റെ ഡീസല്‍ ടാങ്ക് സ്ഥിതി ചെയ്യുന്നതിന്റെ നേരെ എതിര്‍ വശത്താണ് സ്റ്റിക്കര്‍ പതിച്ചത് എന്നതു കൊണ്ട് ലക്ഷ്യം യഹോഷ്വ തന്നെയായിരുന്നുവെന്നാണ് സയണിസ്റ്റ് പത്രമായ ഹേററ്റ്‌സ് ആരോപിക്കുന്നത്. കാറില്‍ നിന്നും വിദഗ്ധമായി രക്ഷപ്പെട്ട യഹോഷ്വയെ ബെഞ്ചമിന്‍ നെതന്യാഹു ടെലിഫോണില്‍ വിളിച്ച് അഭിനന്ദിച്ചതായും വാര്‍ത്തകളുണ്ട്. ഇസ്രയേലി മദാമ്മക്ക് ഒരു ചുക്കും പറ്റിയിട്ടില്ലെന്നാണ് ലഭ്യമായിടത്തോളം റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന വിവരം. അവര്‍ ഇതിനകം തെല്‍അവീവിലേക്കു പോവുകയും ചെയ്തു. അപ്പോള്‍ കാറിന് തീയിടുകയും മദാമ്മക്ക് പരിക്കേല്‍ക്കാതിരിക്കുകയുമായിരുന്നില്ലേ യഥാര്‍ഥ ലക്ഷ്യം? ഡീസല്‍ ടാങ്കിന്റെ മുകളില്‍ ഈ ബോംബ് സ്ഥാപിച്ചിരുന്നുവെങ്കില്‍ അതാവുമായിരുന്നില്ലേ യഥാര്‍ഥ ഭീകരാക്രമണം? അതെന്താണാവോ ഭീകരന് മദാമ്മയോട് ഒരു സഹാനുഭൂതി?
കാറിന്റെ ഡീസല്‍ ടാങ്കിന്റെ എതിര്‍വശത്ത് ഇരിക്കുന്ന നയതന്ത്ര ഉദ്യോഗസ്ഥന്റെ ഭാര്യയെ ലക്ഷ്യമിട്ട് ഈയൊരു സ്റ്റിക്കര്‍ ബോംബ് പതിച്ചയാളിന്റെ സൂക്ഷ്മത അപാരമാണെന്ന് സമ്മതിക്കേണ്ടിവരുന്നു. അത് പറയുന്നവന്റെ തൊലിക്കട്ടിയും. ഇന്നോവ കാറിന്റെ ഡീസല്‍ ടാങ്ക് ഒഴിവാക്കാന്‍ വലതുവശത്തു കൂടെ വന്നാണ് അക്രമി സ്റ്റിക്കര്‍ പതിച്ചതെന്നും, സാധാരണ ഇന്ത്യന്‍ കാറുകളിലേക്ക് ഇടതുവശത്തു കൂടെ കയറുന്ന ആളുകള്‍ അങ്ങേപ്പുറത്തേക്ക്, അതായത് ഡ്രൈവറുടെ പിന്നിലേക്ക് നീങ്ങിയിരുന്നുവെന്നുമാണ് ഇതിന്നര്‍ഥം. ഏകദേശം 30 മുതല്‍ 40 വരെ സെക്കന്റ് സമയം കാര്‍ റോഡില്‍ നിശ്ചലമായി നിന്ന സമയത്താണ് ഈ മോട്ടോര്‍ സൈക്കിളുകാരന്‍ എത്തിയതത്രെ. കറുത്ത ബൈക്കില്‍ വന്ന ഈ അക്രമിയെ താന്‍ കണ്ടുവെന്ന് മദാമ്മയും ചുകന്ന ബൈക്കില്‍ വന്ന അക്രമിയെ താന്‍ കണ്ടുവെന്ന് ദല്‍ഹി പോലീസിന്റെ 'ദൃക്‌സാക്ഷി'യായ ഈസ്റ്റ് ദല്‍ഹിയിലെ ഗോപാലും അവകാശപ്പെടുന്നു. രണ്ടാളും ഒരു ബൈക്കും കണ്ടിട്ടില്ലെന്ന് വേണമെങ്കില്‍ ഈ മൊഴിക്ക് അര്‍ഥം വെക്കാവുന്നതേ ഉള്ളൂ. യെഹോഷ്വ ഒരുപടി കൂടി മുന്നോട്ടു പോയി താന്‍ ഈ ബൈക്ക് യാത്രക്കാരനുമായി സംസാരിക്കാന്‍ വേണ്ടി കാറിന്റെ ചില്ല് താഴ്ത്തിയതായും പറയുന്നുണ്ട്. പക്ഷേ അയാള്‍ ഓടിച്ചു പോയത്രെ!
എന്തായാലും ദല്‍ഹി പോലീസും ദേശീയ അന്വേഷണ ഏജന്‍സിയുമൊന്നും സ്‌ഫോടനത്തെ കുറിച്ച് കൂടുതല്‍ അന്വേഷിക്കരുതെന്ന മൊസാദിന്റെ ഇണ്ടാസ് ന്യൂദല്‍ഹിയിലെ ഇസ്രയേലി അംബാസഡര്‍ അലോണ്‍ ഉസ്ഫിസ് വഴി ഇതിനകം വേണ്ടപ്പെട്ടവര്‍ക്ക് കൈമാറിക്കഴിഞ്ഞിരുന്നു. ദല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ ഒഴികെ ഒറ്റ ഇന്ത്യന്‍ ഏജന്‍സിക്കും സംഭവസ്ഥലത്തേക്ക് പ്രവേശനാനുമതി ലഭിച്ചില്ല. നോക്കണേ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ഗതികേട്! പിന്നീട് മൊസാദിന്റെ ഉദ്യോഗസ്ഥന്മാരാണ് ആക്രമണം ആരുടേതന്നും എങ്ങനെ നടന്നുവെന്നും നമ്മെ പറഞ്ഞു പഠിപ്പിച്ചത്. ലബനാന്‍കാരനോ ഇറാനിയോ ആയ ശീഈ വിഭാഗത്തില്‍ പെട്ടയാളാണ് അക്രമിയെന്നും അത്തരക്കാരുടെ താമസ വിവരങ്ങള്‍ വിദേശകാര്യമന്ത്രാലയത്തില്‍ നിന്നും ശേഖരിച്ചു വരുന്നതായും വിദേശിയായ അക്രമിക്ക് ഇന്ത്യയില്‍ ഒത്താശക്കാരുണ്ടായിരുന്നുവെന്നും മൊസാദിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ ദിനപത്രം ഫെബ്രുവരി 19ന് റിപ്പോര്‍ട്ട് ചെയ്യുന്നു.
ആരെയാണ് മൊസാദ് വിഡ്ഢികളാക്കുന്നത് ആവോ? കത്തുന്ന കാറിന്റെ ചിത്രം കണ്ടാല്‍ ഏത് കണ്ണുപൊട്ടനും തിരിയുന്ന ചില കാര്യങ്ങള്‍ കൂടിയുണ്ട്. അത് പൊട്ടിത്തെറിച്ചിട്ടില്ല മറിച്ച് തീപിടിക്കുക മാത്രമാണ് സംഭവിച്ചതെന്നും പക്ഷേ എന്തോ കാരണവശാല്‍ കാറിന്റെ ഡിക്കി തുറന്ന് മുകളിലേക്ക് ഉയര്‍ന്നു നില്‍ക്കുന്നുണ്ടായിരുന്നു എന്നതും ഏതാണ്ടെല്ലാ ടെലിവിഷനുകളിലും പ്രത്യക്ഷപ്പെട്ട ദൃശ്യങ്ങളിലുണ്ട്. സാധ്യതകളെ നമുക്ക് എങ്ങനെയും വിഭാവനം ചെയ്യാം. പക്ഷേ കാറിന്റെ ഡിക്കിയുടെ പുറത്തു പതിപ്പിച്ച ഇത്രക്കു ദുര്‍ബലമായ ഒരു ബോംബ് ഡിക്കിക്ക് കേടുപാടുകളൊന്നുമില്ലാതെ ചുമ്മാ മുകളിലേക്കു തുറപ്പിക്കുന്നതിന്റെ ഗുട്ടന്‍സ് എന്താണാവോ?
കാറിനകത്തായിരുന്നോ പുറത്തായിരുന്നോ യഥാര്‍ഥ ബോംബ്? ഇസ്രയേലിന്റെ പൂര്‍വകാല ചരിത്രം പരിശോധിച്ചാല്‍ അത്തരം നെറികേടുകളുടെ കാര്യത്തില്‍ 'അന്തസ്സായ' റെക്കാര്‍ഡുകളാണ് അവരുടേതെന്ന് കാണാവുന്നതേ ഉള്ളൂ. ബംഗ്ലാദേശിലെ ധാക്ക ജമാഅത്ത് സമ്മേളനത്തില്‍ ബോംബുവെക്കാനുള്ള യാത്രക്കിടെ ഇസ്രയേലിന്റെ പൗരത്വ രേഖകള്‍ കൈയിലുണ്ടായിരുന്ന നാല് അഫ്ഗാന്‍ വംശജരെ വാജ്‌പേയിയുടെ ഭരണ കാലത്ത് കൊല്‍ക്കത്തയില്‍ നിന്നും പിടികൂടി രായ്ക്കുരാമാനം തെല്‍അവീവിലേക്കു കയറ്റിവിട്ട സംഭവം ഓര്‍ക്കുക. ജൂത വംശീയത തങ്ങളുടെ പൗരത്വത്തിന്റെ അടിസ്ഥാനമായ ഇസ്രയേലിന് അഫ്ഗാനികളായ പൗരന്മാര്‍ പോലുമുണ്ടെന്ന ഞെട്ടിക്കുന്ന തിരിച്ചറിവായിരുന്നു അത്. അതുകൊണ്ടു തന്നെ ആഗോളതലത്തില്‍ ഇസ്രയേല്‍ പോറ്റിവളര്‍ത്തുന്ന ചാരന്മാരുടെ പട്ടികയില്‍ ഒരുവേള ഇറാനികള്‍ തന്നെ ഉണ്ടായിക്കൂടെന്നുമില്ല. പക്ഷേ ഇന്നോളവും വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ചരിത്രമില്ലാത്ത ഒരു പത്ര ലേഖകനെതിരെ ദല്‍ഹി പോലീസ് ചാടിവീഴുമ്പോള്‍ കൃത്യമായ തെളിവ് ആദ്യം തന്നെ പുറത്തുവിടലായിരുന്നു അഭിലഷണീയം.
ഇറാനുമായി ബന്ധപ്പെട്ട് ആഗോളതലത്തില്‍ ഇസ്രയേലും അമേരിക്കയും സ്വീകരിക്കുന്ന നയങ്ങളും അതിനോടനുബന്ധിച്ച ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യവും തുടര്‍ നടപടികളും പ്രസ്താവനകളും മൊത്തത്തിലെടുത്ത് പരിശോധിച്ചാല്‍ ബോംബ് 'അവനവന്‍' വകയായിരുന്നുവെന്നും അതൊരു മുഴുത്ത നുണബോംബായിരുന്നുവെന്നും മനസ്സിലാക്കാന്‍ സ്‌കോട്ട്‌ലാന്റ് യാര്‍ഡിനെ വിളിപ്പിക്കേണ്ടý ആവശ്യമില്ല. ഏതെല്ലാം രാജ്യങ്ങള്‍ ഇറാനുമായി വ്യാപാരബന്ധവും നയതന്ത്ര ബന്ധവും പുലര്‍ത്തുന്നുണ്ടോ അവരെയാണ് 'ശിഈ' സമുദായക്കാരായ അക്രമികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരേ ദിവസം, ഒരേ സമയം തെരഞ്ഞു പിടിച്ച് ആക്രമിച്ചത്!
ഇസ്രയേലിലെ പത്രങ്ങള്‍ പരിശോധിച്ചാല്‍ മുഹമ്മദ് ഖാസിമിയെ കുറിച്ച് അതില്‍ പ്രത്യക്ഷപ്പെടുന്ന വാര്‍ത്തകളില്‍ അദ്ദേഹം ശീഈ സമുദായക്കാരനാണെന്നും സിറിയിലേക്കും ലബനാനിലേക്കും ഫലസ്ത്വീനിലേക്കും മറ്റും പതിവായി യാത്ര പോകാറുണ്ടെന്നും ആ സ്ഥിതിക്ക് ഖാസിമിക്ക് ഭീകരബന്ധമുണ്ടെന്നുമാണ് വാദം. പക്ഷേ സാഹചര്യ തെളിവുകള്‍ ഇത്രകണ്ട് അസംബന്ധജഡിലമായിട്ടും ദല്‍ഹി പോലീസ് ഖാസിമിയെ പിടികൂടി ജയിലിലടച്ചത് ശബ്‌നം ഹാശ്മി പറഞ്ഞതിനേക്കാള്‍ അപകടകരമായ ഒരു ഇന്ത്യയെ കുറിച്ചാണ് നമ്മെ ഓര്‍മപ്പെടുത്തുന്നത്. ഇസ്രയേലിനെയോ അമേരിക്കയെയോ 'ആഗോള ഭീകര വിരുദ്ധ' യുദ്ധത്തെയോ ബോംബ് സ്‌ഫോടനങ്ങളെയോ ചോദ്യം ചെയ്യുന്ന ആരെയും ഏത് സ്‌ഫോടനക്കേസിലും പ്രതിചേര്‍ത്ത് മാനം കെടുത്തുകയാണ് കേന്ദ്രസര്‍ക്കാറിന്റെ പുതിയ പ്രവര്‍ത്തന രീതിയെന്നു കൂടി ഈ സംഭവം ഓര്‍മപ്പെടുത്തുന്നു.
നിലപാടില്‍ പക്ഷേ ക്രമാനുഗതികവും ഒപ്പം ഭീതിജനകവുമായ മുന്നേറ്റമുണ്ട്. ടാഡ നിയമത്തിന്റെ കരുത്ത് പരിശോധിക്കാന്‍ മുംബൈ ഘട്കൂപാര്‍ ബസ് സ്‌ഫോടനകേസില്‍ 12 മുസ്‌ലിം പ്രഫഷനലുകളെ പ്രതി ചേര്‍ത്ത് കേസ് കോടതിയില്‍ നേരിട്ടുനോക്കിയ പരീക്ഷണത്തില്‍ നിന്ന് ഇന്ത്യ ഒരുപടി കൂടി മുന്നോട്ടു പോകുകയാണ്. മുസ്‌ലിംകള്‍ പൊതുവെ രാഷ്ട്രീയ ശക്തികളല്ലാത്ത സംസ്ഥാനങ്ങളില്‍, വിശിഷ്യ മഹാരാഷ്ട്ര, കേന്ദ്രീകരിച്ച് ആദ്യകാലത്ത് ദരിദ്ര മുസ്‌ലിംകളെയായിരുന്നു കേന്ദ്രസര്‍ക്കാര്‍ വേട്ടയാടിയിരുന്നത്. പിന്നീടാണ് അത് പ്രഫഷനലുകളെ ലക്ഷ്യമിട്ടു തുടങ്ങിയത്. പിന്നെ ശേഷിച്ചത് പത്ര പ്രവര്‍ത്തകര്‍ മാത്രമായിരുന്നു. അക്കൂട്ടത്തില്‍ നിന്ന് ഒത്ത ഉരുപ്പടികളെ നോക്കി ദല്‍ഹി പോലീസിനെ ഭരമേല്‍പ്പിക്കുന്ന ഈ ഒടുവിലത്തെ അധ്യായം ശബ്ദിച്ചു പോകരുതെന്ന കൃത്യമായ താക്കീതായി വേണം മനസ്സിലാക്കാന്‍. എഴുത്തുകാരും സാമൂഹിക പ്രവര്‍ത്തകരും ഒന്നുകില്‍ വായടക്കുക. അല്ലെങ്കില്‍ മാനഹാനിയുടെ ഏത് കുടിലമായ അധ്യായങ്ങള്‍ക്കും ഇരയാവാന്‍ തയാറായി നിന്നു കൊള്ളുക.
സൂര്യനു കീഴിലുള്ള എന്തിനെയും കുറിച്ച് ഏത് കോലത്തിലും വ്യാഖ്യാനിക്കാനാവുന്ന മട്ടില്‍ പക്ഷിശാസ്ത്രക്കാരന്റെ പ്രവചനം പോലെയാണ് ഇപ്പോഴത്തെ രഹസ്യാന്വേഷണ വിഭാഗം പുറത്തുവിടുന്ന മുന്നറിയിപ്പുകള്‍. ഇസ്രയേല്‍ എംബസി വാഹനത്തിനു നേരെയുള്ള ആക്രമണം ആറു മാസം മുമ്പെങ്കെിലും ആസൂത്രണം ചെയ്തതാണെന്നാണ് മൊസാദിന്റെ വിദഗ്ധര്‍ 'കണ്ടെത്തി'യത്. അദ്വാനിയുടെ കാലം തൊട്ട് കഴിഞ്ഞ 12 വര്‍ഷമായി നമ്മുടെ രഹസ്യാന്വേഷണ വകുപ്പിലുള്ളവര്‍ തെല്‍അവീവില്‍ പോയി ഇതേ മൊസാദില്‍ നിന്നും നേരിട്ട് പരിശീലനം സിദ്ധിച്ചിട്ടും ബാക്കിയാവുന്ന ദയനീയമായ ചിത്രം കൂടിയാണിത്. ഭീകരാക്രമണങ്ങള്‍ എങ്ങനെ കണ്ടെത്തരുത് എന്നാണ് ഈ മൊസാദിന്റെ പരിശീലനം എന്നു തോന്നുന്നു. ആ പരിശീലനം എന്ന് ഇന്ത്യ നിര്‍ത്തി നമ്മുടെ 'ഇന്റലിജന്‍സ്' ഉപയോഗിക്കാന്‍ തുടങ്ങുമോ അത്ര കണ്ട് ഇന്ത്യയുടെ തലവേദന കുറയും.


Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം