Prabodhanm Weekly

Pages

Search

2012 മാര്‍ച്ച്‌ 24

ഇടതുപക്ഷ വലതുപക്ഷ ജീര്‍ണതയുടെ വര്‍ത്തമാനങ്ങള്‍

വീക്ഷണം - ശിഹാബ് പൂക്കോട്ടൂര്‍

പിറവത്തിനു മുമ്പേ പിറവിയെടുത്ത കേരളത്തിലെ രാഷ്ട്രീയ ശൈലികള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തെയും ജനാധിപത്യ സംവിധാനങ്ങളെയും വിചാരണ ചെയ്യുന്നവയാണ്. സി.പി.എം എം.എല്‍.എ ശെല്‍വരാജിന്റെ രാജിയോടെ, പിറവത്തിന് പ്രാധാന്യം കൊടുക്കാതെ മാറിനിന്ന പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് അഭിമാന പോരാട്ടമായി മാറുകയാണ്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ രൂപപ്പെട്ട വിഭാഗീയതയെയും ജന്മിത്ത നിലപാടിനെയും വിമര്‍ശിച്ചാണ് എം.എല്‍.എ രാജിവെച്ചത്. അദ്ദേഹത്തിന്റെ രാജിക്ക് മറ്റെന്തുകാരണമുണ്ടെങ്കിലും പുറത്തു പറഞ്ഞ ഈ ന്യായങ്ങള്‍ തികച്ചും സത്യസന്ധമാണ്.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അദ്ദേഹത്തിന്റെ വലംകൈയായ ചീഫ് വിപ്പ് മുഖേന സി.പി.എമ്മിലെ പത്തോളം എം.എല്‍.എമാര്‍ക്ക് വിലപേശിയിട്ടുണ്ടെന്നാണ് വിവരം. വിലപേശലില്‍ ശെല്‍വരാജ് വീഴുകയും ചെയ്തു. നേരത്തെ വിജിലന്‍സ് ജഡ്ജിയെ 'പാകിസ്താന്‍ ചാരന്‍' എന്ന രീതിയില്‍ കൈകാര്യം ചെയ്ത് കേസില്‍ നിന്നും മാറ്റിനിര്‍ത്തിയതും ഇതേ ഒതുക്കല്‍ നയത്തിന്റെ ഭാഗമാണ്. എം.എല്‍.എമാരെ ചാക്കിലിടുകയും കോടിക്കണക്കിന് രൂപക്ക് വിലയ്ക്കു വാങ്ങുകയും ഭരണകൂടത്തെ മറിച്ചിടുകയും ചെയ്യുന്ന രീതി ഇന്ത്യന്‍ ജനാധിപത്യ സമ്പ്രദായത്തില്‍ പുതുമയുള്ളതല്ല. പണത്തിന് ഇളകാത്തവരെ തട്ടിക്കൊണ്ടുപോകും, അല്ലെങ്കില്‍ ഭീഷണിപ്പെടുത്തും. ഉയര്‍ത്തുന്ന കൊടിക്കും വിളിക്കുന്ന മുദ്രാവാക്യത്തിനും വിശ്വസിക്കുന്ന ആദര്‍ശത്തിനും പണത്തിനു മീതെ ചലിക്കാന്‍ സാധിക്കാതെ വരുന്നത് ജനാധിപത്യ സംവിധാനത്തിന്റെ പോരായ്മ തന്നെയാണ്. ഒടുവില്‍ ആശയാദര്‍ശങ്ങളുടെ അടിത്തറയില്‍ കെട്ടിപ്പടുത്ത കേഡര്‍ സ്വഭാവമുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് ഒരാള്‍ കൂറുമാറിയിരിക്കുന്നു. ''കമ്യൂണിസ്റ്റ് സാഹോദര്യം എല്ലാം മാറി. പാര്‍ട്ടി മാറി. പാര്‍ലമെന്ററി വ്യാമോഹത്തിനാണ് ഇന്ന് മേല്‍ക്കൈ. പാര്‍ട്ടിയില്‍ പുതിയ സംസ്‌കാരമുള്ള ആളുകളാ.. അതിന്റെ വ്യത്യാസമുണ്ട്. ഇനി പാര്‍ട്ടിക്ക് പഴയ നിലയിലെത്താന്‍ കഴിയുകയില്ല'' (സരോജിനി ബാലാനന്ദന്‍, മാധ്യമം ആഴ്ചപ്പതിപ്പ്). ഈ വിലാപം ഓരോ കമ്യൂണിസ്റ്റുകാരന്റേതുമായി. ചോദ്യം ചെയ്യുന്നവരും വിമര്‍ശിക്കുന്നവരും ഒറ്റുകാരും വര്‍ഗവഞ്ചകരുമായി.
പുതിയ സാമൂഹിക മുന്നേറ്റങ്ങളും ജാതി, മത സമവാക്യങ്ങളും പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളായി മുദ്ര കുത്തപ്പെട്ടു. സാമൂഹിക മുന്നേറ്റങ്ങളെക്കുറിച്ച ചാതുര്‍വര്‍ണ്യ വിശകലന രീതികള്‍ 'വര്‍ഗ വിശകലനം' എന്ന പേരില്‍ വ്യാഖ്യാനിക്കപ്പെട്ടു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ന്യൂനപക്ഷ മേഖലകളില്‍ പാര്‍ട്ടി തറപറ്റി. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അധികാരം ലഭിച്ചിടങ്ങളില്‍ പാര്‍ട്ടി ഗ്രാമങ്ങളെന്ന ഫ്യൂഡല്‍ സമ്പ്രദായങ്ങള്‍ നിലനിര്‍ത്തി. പള്ളിയും അമ്പലവുമെല്ലാം ഈ ഫ്യൂഡല്‍ വ്യവസ്ഥയില്‍ കരം കൊടുക്കാന്‍ നിര്‍ബന്ധിതമായി. യുവാക്കളെ ബലി കൊടുത്തും ഗുണ്ടാ രാഷ്ട്രീയം പഠിപ്പിച്ചും വളര്‍ത്തി. പുതിയ വിദ്യാഭ്യാസം നേടിയവരും ഉന്നത വിദ്യാഭ്യാസം നേടിയവരും പാര്‍ട്ടി ഗ്രാമങ്ങളില്‍ അപൂര്‍വയിനമായി. ഉന്നത വിജ്ഞാന മേഖലയില്‍ എത്തിപ്പെട്ടവരും സാങ്കേതിക മേഖലയില്‍ ജോലിയെടുക്കുന്നവരുമായ പുതുതലമുറ പാര്‍ട്ടിയോട് അയിത്തം പ്രഖ്യാപിച്ചു. വിദ്യാര്‍ഥി സംഘടനകള്‍ക്ക് സ്റ്റഡി ക്ലാസ്സുകള്‍ നല്‍കുന്നത് എങ്ങനെ എതിരാളികളെ അടിച്ചമര്‍ത്താം, സൈക്കിള്‍ ചെയ്‌നും മസില്‍ പവറുമുപയോഗിച്ച് വര്‍ഗവിപ്ലവം സാധ്യമാക്കാം എന്ന വിഷയത്തിലാണ്.
കേരളത്തില്‍ എസ്.എഫ്.ഐക്ക് ആധിപത്യമുള്ള കാമ്പസുകളില്‍ കൈയൂക്കിന്റെ പ്രത്യയശാസ്ത്രമാണ് അവര്‍ പ്രചരിപ്പിച്ചത്. റാംഗിംഗിലൂടെയും അക്രമത്തിലൂടെയും മാത്രം നിലനില്‍ക്കുന്ന ഒരു സംഘടനയായി അത് മാറി. തീക്ഷ്ണമായ സമരങ്ങള്‍ അവരുടെ ചരിത്രത്തിലെ പഴങ്കഥകളായി. ഇവിടെയാണ് ശെല്‍വരാജിന്റെ രാജിയും പ്രസക്തമാവുന്നത്. രാജിയില്‍ കുതിരക്കച്ചവടം നടന്നിട്ടുണ്ടെങ്കിലും അദ്ദേഹം ഉന്നയിച്ച ആരോപണങ്ങള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ച് വളരെ ഗുരുതരമാണ്.
സോളിഡാരിറ്റി പോലുള്ള സാമൂഹിക പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന സാമൂഹിക, പാരിസ്ഥിതിക മുന്നേറ്റങ്ങളില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എതിര്‍പക്ഷത്തായിരുന്നു. ഓരോ ജനകീയ സമരങ്ങളുടെയും അവസാന ഘട്ടത്തിലാണ് വി.എസ് വരിക. കേരളത്തില്‍ അച്യുതാനന്ദനെന്ന നേതാവ് ഒരു പോരാട്ടവും സ്വന്തമായി ഉയര്‍ത്തിക്കൊണ്ടുവന്നിട്ടില്ല. മറ്റുള്ളവര്‍ ഉയര്‍ത്തിയ സമരങ്ങളുടെ അവസാന ഘട്ടത്തിലാണ് അദ്ദേഹം എഴുന്നള്ളിയത്. ഈ സമര സന്ദര്‍ഭങ്ങളിലൂടെ മാത്രമാണ് അദ്ദേഹം ജനകീയനാവുന്നത്.ഈ ജനകീയതയെയും പാര്‍ട്ടി ഔദ്യോഗികമായി എതിര്‍ത്തു. ചെങ്ങറ പോലുള്ള ഭൂമിക്ക് വേണ്ടിയുള്ള മൗലിക പോരാട്ടങ്ങളില്‍ വി.എസ് ചെങ്ങറ സമരക്കാര്‍ക്കെതിരായിരുന്നു.
വി.എസ് സ്വാംശീകരിക്കുന്ന വിഷയങ്ങള്‍ പാര്‍ട്ടിയുടേതല്ല. ജനകീയ സമരങ്ങളുടെ 'രക്ഷകന്‍' റോളിലാണ് അദ്ദേഹം അവതരിക്കുന്നത്. രക്ഷക പരിവേഷത്തിനപ്പുറം ഒന്നും പറയാനില്ലാത്ത വേഷം കെട്ടിയാടുന്ന നേതാവായി അദ്ദേഹം മാറി. ശുദ്ധ പുരോഗമന ഇടതുപക്ഷത്തിന്റെ ആശയാദര്‍ശങ്ങളെ സ്വീകരിക്കുന്നവര്‍ ജാതികളെയും മതത്തെയും അവസരവാദത്തിലൂടെ വ്യാഖ്യാനിച്ചു. വി.എസിനെ പിന്തുണക്കുന്ന ശെല്‍വരാജ് നാടാര്‍ സമുദായത്തിന്റെ പ്രതിനിധിയാണ്. വേലനാടാര്‍ സമുദായത്തിന്റെ പിന്തുണയോടെയാണ് അദ്ദേഹം ജയിച്ചത്. അദ്ദേഹം രാജി വെച്ചപ്പോഴും അനുകൂലിച്ച് പ്രകടനം നടത്തിയവര്‍ നാടാര്‍ സമുദായക്കാരാണ്.
ജാതി, മത പരിഗണനകള്‍ക്കതീതമായി പാര്‍ട്ടിയെ എഴുന്നെള്ളിക്കുന്നവര്‍ ജാതിയെ ലാഭത്തിനു വേണ്ടി ഉപയോഗിക്കുന്നു. ജാതിയെയും മതത്തെയും പ്രത്യയശാസ്ത്രപരമായി അഭിമുഖീകരിക്കാന്‍ സാധിക്കാതെ പിന്തിരിപ്പന്‍ വര്‍ഗ വിശകലന രീതിയിലേക്ക് ഉള്‍വലിയുകയും ചെയ്യുന്നു. മറുഭാഗത്ത് മുസ്‌ലിം വിഭാഗങ്ങളിലെ ഏറ്റവും യാഥാസ്ഥിതികരായ വിഭാഗത്തെ കൂടെ നിര്‍ത്തുന്നു. ഹിന്ദുസമുദായത്തിലെ പരിഷ്‌കരണ വാദികളെ സി.പി.എം ആദരിക്കുമ്പോള്‍ മുസ്‌ലിംസമൂഹത്തില്‍ നിന്ന് കൂടെ നിര്‍ത്തിയത് പിന്തിരിപ്പന്‍ കക്ഷികളെയാണ്.
സവര്‍ണ കേന്ദ്രീകൃതമായ പാര്‍ട്ടി പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് അധികം മാറിനില്‍ക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചില്ല. ശെല്‍വരാജ് രാജി വെച്ച സന്ദര്‍ഭത്തില്‍ വി.എസ് നടത്തിയ പ്രസ്താവന ഏറെ വിവാദമായിരിക്കുന്നു. സിന്ധു ജോയിയുമായി ചേര്‍ത്ത് നടത്തിയ പരാമര്‍ശം കേവലം നാക്കു പിഴയല്ല. മുമ്പും അദ്ദേഹം പല രീതിയില്‍ ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. അദ്ദേഹം പറയുന്നത് തന്റെ ഭൂതകാല ഇടപെടലുകള്‍ കാരണമാണ് ഇത്തരം പരാമര്‍ശങ്ങള്‍ എന്നാണ്. അവര്‍ണരായ ജനവിഭാഗങ്ങളുമായി ഇടപഴകിയതിലൂടെ അവരുടെ സംസ്‌കാരവും ഭാഷയും തന്നെയും സ്വാധീനിച്ചുവെന്നാണ് വി.എസ് പറയുന്നത്. അതായത് തന്റെ അസഭ്യ പരാമര്‍ശങ്ങള്‍ക്ക് ഉത്തരവാദി താനല്ലെന്നും അവര്‍ണ ജനവിഭാഗങ്ങളാണെന്നുമെന്ന്! പിണറായി, വി.എസ് എന്ന ദ്വന്ദ്വത്തിലൂടെയല്ല പാര്‍ട്ടിയെ നാം വിശകലനം ചെയ്യേണ്ടത്. അതിലൂടെ ഉല്‍പാദിപ്പിക്കപ്പെടുന്ന വിഭാഗീയതകളും പടപ്പുറപ്പാടുകളും താല്‍ക്കാലികമായ രാഷ്ട്രീയ വിഷയം മാത്രമാണ്. സി.പി.എമ്മില്‍ രൂപപ്പെട്ട നവ വര്‍ഗ വാദങ്ങള്‍ സത്യസന്ധമാണെങ്കിലും ഇടതുപക്ഷ പുരോഗമന പ്ലാറ്റ്‌ഫോമിന്റെ അപചയത്തെയാണ് കൂടുതല്‍ പ്രശ്‌നവത്കരിക്കേണ്ടത്.
ഇടതുപക്ഷത്തിന്റെ നിലപാടുകള്‍ പ്രത്യക്ഷമായും പരോക്ഷമായും പലപ്പോഴും ഫാഷിസ്റ്റുകളെ സഹായിച്ചിട്ടുണ്ട്. ശരീഅത്ത് വിവാദം, ബാബരി മസ്ജിദ്, മണ്ഡല്‍ കമീഷന്‍, ലൗ ജിഹാദ് തുടങ്ങിയവയിലെ ഇടതുപക്ഷ നിലപാടെടുത്ത് പരിശോധിച്ചാല്‍ കാര്യം വ്യക്തമാവും. ന്യൂനപക്ഷ വിഭാഗങ്ങളുടെ രാഷ്ട്രീയ സ്വരങ്ങളെ അവര്‍ പല്ലും നഖവുമുപയോഗിച്ച് എതിര്‍ത്തു. കഴിഞ്ഞ പാര്‍ട്ടി സമ്മേളനത്തില്‍ കേരളത്തില്‍ ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെട്ടുകൊണ്ടിരിക്കുന്ന സോളിഡാരിറ്റിയെ വര്‍ഗീയവാദ പ്രസ്ഥാനമെന്നാണ് രേഖപ്പെടുത്തിയത്. റോഡിന്റെ പ്രശ്‌നങ്ങളിലും മാലിന്യ വിരുദ്ധ സമരങ്ങളിലും മതമൗലികവാദ പ്രവണതകള്‍ ശക്തിപ്പെട്ടുവരുന്നതിനെ ചെറുക്കണമെന്ന് വിലയിരുത്തി. തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ ആദ്യമായി എസ്.എഫ്.ഐക്കെതിരെ മത്സരിക്കാന്‍ എസ്.ഐ.ഒ തയാറായി. ഇതിന്റെ പേരില്‍ മതമൗലികവാദത്തെ കെട്ടുകെട്ടിക്കാന്‍ പഠിപ്പ് മുടക്ക് സമരത്തിന് ആഹ്വാനം ചെയ്തു എസ്.എഫ്.ഐ. ഭിന്നമായ രാഷ്ട്രീയ വീക്ഷണങ്ങളെയും സമരങ്ങളെയും സ്വാംശീകരിച്ച് നശിപ്പിക്കുകയോ കൈയൂക്ക് കൊണ്ട് ചെറുക്കുകയോ ആണ് പാര്‍ട്ടി ചെയ്തിട്ടുള്ളത്.
ഡോ. മനോജ്, സിന്ധു ജോയി, അബ്ദുല്ല കുട്ടി, മഞ്ഞളാംകുഴി അലി തുടങ്ങിയ ന്യൂനപക്ഷ പ്രതിനിധികള്‍ പാര്‍ട്ടിവിടുന്നത് മറ്റെന്തു കാരണങ്ങള്‍ നിരത്താനുണ്ടെങ്കിലും പാര്‍ട്ടി നയങ്ങളുടെ ന്യൂനപക്ഷവിരുദ്ധത അതിലൊരു വലിയ ഘടകം തന്നെയാണ്. സവര്‍ണ ദേശീയതയെ പ്രത്യക്ഷമായി സ്വാംശീകരിച്ച ബി.ജെ.പിയും കോണ്‍ഗ്രസ്സും ന്യൂനപക്ഷ വിരുദ്ധ നിലപാടില്‍ പ്രഖ്യാപിതമായ നിലപാടുകള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഇതിന്റെപരോക്ഷമായ ഒരു ഘടനയാണ് സി.പി.എം, സി.പി.ഐ തുടങ്ങിയ പാര്‍ലമെന്ററി ഇടതുപക്ഷത്തിലും മറ്റു തീവ്ര ഇടതുപക്ഷത്തിലും ന്യൂനപക്ഷ-അവര്‍ണ വിഭാഗങ്ങളുടെ കാര്യത്തില്‍ പ്രവര്‍ത്തനക്ഷമമാകുന്നത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം