പെരുകുന്ന മൂല്യച്യുതി
ലൈംഗിക സുഖമാസ്വദിക്കാന്‍ പ്രകൃതി ആവിഷ്‌കരിച്ച മാര്‍ഗം ആണും പെണ്ണും തമ്മില്‍ ഇണ ചേരലാണ്. കേവലം നൈമിഷികാനന്ദത്തിനപ്പുറം വംശ വര്‍ധനവിനും നിലനില്‍പിനുമുള്ള ഉപാധി കൂടിയാണ് പ്രകൃതി നിശ്ചയിച്ച ഇണചേരല്‍ പ്രക്രിയ. ആണും ആണും തമ്മിലോ പെണ്ണും പെണ്ണും തമ്മിലോ ഇണ ചേര്‍ന്നാല്‍ പ്രജനനമുണ്ടാവില്ല. അത്തരം പ്രകൃതിവിരുദ്ധമായ ഇണചേരലുകള്‍ ജീവജാലങ്ങള്‍ പൊതുവില്‍ നിരാകരിക്കുന്നു. തിര്യക്കുകളിലെ ആണിന് ഏതു പെണ്ണിനെയും പ്രാപിക്കാം. അത് അമ്മയോ പെങ്ങളോ മകളോ ആരായാലും കുഴപ്പമില്ല. പെണ്ണിന്റെ കാര്യവും അപ്രകാരം തന്നെ. കുടുംബവും സമൂഹവുമായി, സാംസ്‌കാരിക ജീവിതം നയിക്കേണ്ട മനുഷ്യന്‍ ഇക്കാര്യത്തില്‍ ചില നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. താന്‍ ഭര്‍ത്താവ്/ഭാര്യ ആയി സ്വീകരിക്കുകയും സമൂഹം അംഗീകരിക്കുകയും ചെയ്തവരുമായേ ഇണ ചേരാവൂ. ഉറ്റ ബന്ധുക്കള്‍ പോലുള്ള വിലക്കപ്പെട്ടവരെ ഭര്‍ത്താവ്/ ഭാര്യ ആയി സ്വീകരിച്ചുകൂടാ. തിര്യക്കുകളെ പോലെ ആണും പെണ്ണും ഇഷ്ടമുള്ള ആരുമായും ഇണ ചേരുന്ന സാഹചര്യത്തില്‍, കുടുംബവും അതുവഴി സമൂഹവും ഉളവാകുക അസാധ്യമാകുന്നു. ആദിമുതലേ മാനുഷിക ബോധത്തിന്റെ ഭാഗമാണ് ദൈവനിര്‍ദിഷ്ടമായ ഈ പ്രകൃതിനിയമം. ദൈവിക മതങ്ങളെല്ലാം അത് ഊന്നിപ്പറയുകയും ചെയ്തിരിക്കുന്നു.
മറ്റെന്തിലുമെന്ന പോലെ ലൈംഗികതയിലും പ്രകൃതിവിരുദ്ധ മാര്‍ഗങ്ങളവലംബിക്കുന്നവര്‍ എക്കാലത്തും ഉണ്ടായിട്ടുണ്ട്. അത്തരം നടപടികള്‍ സാമൂഹിക വിപത്തായി മാറാതിരിക്കാന്‍ മതങ്ങളും സമൂഹങ്ങളും അതിനെ ശിക്ഷാര്‍ഹമായ കുറ്റമായി കല്‍പിച്ചു. സ്വവര്‍ഗ ഭോഗത്തിലും അവിഹിത വേഴ്ചയിലും ഏര്‍പ്പെടുന്ന സ്ത്രീ-പുരുഷന്മാര്‍ തങ്ങള്‍ ചെയ്യുന്നത് മ്ലേഛമായ പാപവൃത്തിയാണെന്ന കുറ്റബോധത്തോടെയാണത് ചെയ്തിരുന്നത്. സ്വവര്‍ഗരതി സാമൂഹിക രോഗമായി വളരുകയും തങ്ങളുടെ സ്വാതന്ത്ര്യമെന്നഹങ്കരിച്ച് പരസ്യമായി ആ നികൃഷ്ട നടപടിയിലേര്‍പ്പെടുകയും ചെയ്ത സമുദായമായിരുന്നു ലൂത്വ് നബിയുടെ കാലത്തെ സോദോം നിവാസികള്‍. ലൂത്വ് നബിയുടെ വിലക്കിനെ പുഛിച്ചുതള്ളിയ ആ ജനത ഒടുവില്‍ ദൈവനിയോഗത്താല്‍ ഉന്മൂലനം ചെയ്യപ്പെടുകയായിരുന്നു.
അതിന് മുമ്പോ പിമ്പോ സ്വവര്‍ഗരതിക്ക് സാമൂഹികമായ അംഗീകാരം ലഭിച്ച ചരിത്രമില്ല. എന്നാല്‍, അടുത്തകാലത്തായി പാശ്ചാത്യ നാടുകളില്‍ സ്വവര്‍ഗരതിയും സ്വവര്‍ഗ വിവാഹവും പ്രചാരം നേടി വരികയാണ്. പല നാടുകളിലും അത് നിയമവിധേയമാക്കി കഴിഞ്ഞു. കര്‍ത്താവിന് സുഖംനല്‍കുന്ന ഏതു കര്‍മത്തിലും കുറ്റബോധം വേണ്ടതില്ല, വിലക്കപ്പെടേണ്ടതുമില്ല, അവിഹിത വേഴ്ചയിലും സ്വവര്‍ഗരതിയിലും ഏര്‍പ്പെടുന്നതല്ല, ഏര്‍പ്പെടുന്നവരെ വിലക്കുന്നതാണ് ദുരാചാരം. ഇതാണ് ഇന്നത്തെ 'പുരോഗമന ചിന്ത'. ഈ പ്രവണത ഇന്ത്യയിലും വേരോടിക്കൊണ്ടിരിക്കുന്നുവെന്നതിന്റെ തെളിവാണ് സ്വവര്‍ഗരതിക്കനുകൂലമായി ഈയിടെ ദേശീയതലത്തില്‍ ഉയര്‍ന്നുകേള്‍ക്കുന്ന വാദഗതികള്‍.
ഇന്ത്യന്‍ പീനല്‍കോട് 377-ാം വകുപ്പ് പ്രകാരം സ്വവര്‍ഗരതി ശിക്ഷാര്‍ഹമായ കുറ്റമാണ്. ഈ വകുപ്പ് നീക്കം ചെയ്യണമെന്ന് 2009-ല്‍ ദല്‍ഹി ഹൈക്കോടതി വിധിക്കുകയുണ്ടായി. അന്ന് കേന്ദ്ര ഗവണ്‍മെന്റ് ആ വിധിയെ സ്വാഗതം ചെയ്തില്ല. ഭരണഘടനയുടെ 14,15,21 വകുപ്പുകള്‍ക്കനുയോജ്യമാണ് ഐ.പി.സി 377-ാം വകുപ്പെന്നും അത് എടുത്തുകളയരുതെന്നുമായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. പക്ഷേ, സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ പോയില്ല. ഈ സാഹചര്യത്തില്‍ ദല്‍ഹി ചൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ കമീഷന്‍, ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്, ഉത്ക്കല്‍ ക്രിസ്ത്യന്‍ കൗണ്‍സില്‍, അപ്പോസ്തലിക് ചര്‍ച്ച് അലയന്‍സ് തുടങ്ങിയ സംഘടനകളും ബി.ജെ.പി നേതാവ് ബി.പി സിംഗലും ഹൈക്കോടതിവിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചു. കേസ് പരിഗണിച്ച സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിന്റെ അഭിപ്രായം തേടി. സ്വവര്‍ഗരതി കുറ്റമാണെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു വേണ്ടി ഹാജരായ എ.എസ്.ജി പി.പി മല്‍ഹോത്ര ബോധിപ്പിച്ചത്. അത് മാരകമായ എയിഡ്‌സ് രോഗം വര്‍ധിക്കാനിടയായേക്കുമെന്നും രാജ്യത്തിന്റെ സംസ്‌കാരത്തിനും പാരമ്പര്യത്തിനും വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. തൊട്ടടുത്ത ദിവസം ആരോഗ്യമന്ത്രാലയത്തിനു വേണ്ടി ഹാജരായ എ.എസ്.ജി മോഹന്‍ ജയിന്‍ കോടതിയില്‍ ബോധിപ്പിച്ചത് ദല്‍ഹി ഹൈക്കോടതിയുടെ വിധി റദ്ദാക്കേണ്ടതില്ലെന്നും സ്വവര്‍ഗരതി നിയമവിധേയമാക്കുന്നതില്‍ കുഴപ്പമില്ലെന്നുമാണ്. സര്‍ക്കാറിന്റെ പരസ്പര വിരുദ്ധമായ ഈ സത്യവാങ്മൂലങ്ങള്‍ ജനങ്ങളെ അത്ഭുതപ്പെടുത്തുകയും കോടതിയെ അലോസരപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്.
വ്യക്തിസ്വാതന്ത്ര്യം, ഉഭയസമ്മതം എന്നീ പോയിന്റുകളില്‍ മാത്രം ഊന്നിയാണ് അത്യാധുനികരെന്ന് ഊറ്റം കൊള്ളുന്ന പലരും വ്യഭിചാരം, സ്വവര്‍ഗരതി പോലുള്ള പ്രകൃതിവിരുദ്ധ നടപടികളെ ന്യായീകരിക്കുന്നത്. സദാചാരം, പ്രകൃതിധര്‍മം, സമൂഹത്തിന്റെ കെട്ടുറപ്പ് തുടങ്ങിയ ആശയങ്ങളില്‍നിന്ന് ന്യായാസനങ്ങള്‍ പോലും ചിലപ്പോള്‍ മുക്തമാകുന്നു. ആശാസ്യവും അനാശാസ്യവും തമ്മിലുള്ള വ്യത്യാസം മാഞ്ഞുപോകുന്ന ഈ അവസ്ഥയാണ് യഥാര്‍ഥ മൂല്യച്യുതി. തുടക്കത്തിലേ തടയിട്ടില്ലെങ്കില്‍ വ്യാപകമായ അരാജകത്വത്തിലേക്കാണിത് സമൂഹത്തെ നയിക്കുക.
സ്വവര്‍ഗരതിയുടെ ഇരകളേറെയും ബാല്യ-കൗമാര പ്രായക്കാരാണ്. നിയമത്തിന്റെ വിലക്കും ശിക്ഷാ നടപടികളുമുണ്ടായിട്ടും നമ്മുടെ സ്‌കൂള്‍ കുട്ടികളില്‍ ചിലര്‍ ഹോമോസെക്‌സ് മാഫിയകളുടെ കരങ്ങളിലകപ്പെടുകയും വിദ്യാഭ്യാസവും ഭാവിയും തകര്‍ന്ന് സാമൂഹികവിരുദ്ധരായി മാറുകയും ചെയ്യുന്നുണ്ട്. എന്നിരിക്കെ അതിന് നിയമത്തിന്റെ പരിരക്ഷ കൂടി ലഭിച്ചാലോ! രാജ്യത്തെ 25 ലക്ഷം വരുന്ന എച്ച്.ഐ.വി ബാധിതരില്‍ 8 ശതമാനം സ്വവര്‍ഗരതിക്കാരാണ് എന്ന കണ്ടെത്തലും ഉത്തരവാദപ്പെട്ടവരുടെ സഗൗരവമായ പരിഗണനയര്‍ഹിക്കുന്നില്ലേ? കുടുംബമാണ് രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും അടിത്തറ. മനുഷ്യപ്രകൃതി താല്‍പര്യപ്പെടുന്ന ദാമ്പത്യബന്ധത്തിലൂടെയും അതുവഴി ജന്മംകൊള്ളുന്ന കുഞ്ഞുങ്ങളിലൂടെയുമാണ് കുടുംബം സ്ഥാപിതമാകുന്നത്. കുടുംബം സ്ഥാപിക്കുന്നതിലൂടെ സമൂഹത്തിന്റെ തുടര്‍ച്ച ഉറപ്പാക്കുകയാണ് ലൈംഗിക ബന്ധത്തിന്റെ ധര്‍മം. സ്വവര്‍ഗരതിക്ക് ലഭിക്കുന്ന അംഗീകാരവും പ്രചാരവും കുടുംബധര്‍മത്തിനും വ്യവസ്ഥാപിത സമൂഹത്തിന്റെ നിലനില്‍പിനും എതിരെ ഉയരുന്ന ഭീഷണിയാണ്.
Comments