കാമ്പസിലെ പെണ്‍പ്രതിഭകള്‍ എങ്ങോട്ടാണ് അപ്രത്യക്ഷരാകുന്നത്
മലപ്പുറം ജില്ലയിലെ പ്രസിദ്ധമായ ഒരു എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററിന്റെ പത്രപ്പരസ്യത്തില്‍ പ്രസിദ്ധീകരിച്ച റാങ്ക് ഹോള്‍ഡേഴ്‌സിന്റെ ഫോട്ടോ ലിസ്റ്റില്‍ 60 ശതമാനത്തോളവും തട്ടമിട്ട പെണ്‍കുട്ടികള്‍! കുട്ടികളുടെ ആവേശത്തേക്കാളുപരി രക്ഷിതാക്കളുടെ ഹരമായി മാറിയ എഞ്ചിനിയറിംഗ്/മെഡിക്കല്‍ എന്‍ട്രന്‍സ് മേഖലയില്‍ മാത്രമല്ല ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകള്‍ ഉള്‍പ്പെടെയുള്ള കലാലയങ്ങളില്‍ പലതിലും പെണ്‍കുട്ടികള്‍ വ്യക്തമായ ആധിപത്യം ഉറപ്പിച്ചു കഴിഞ്ഞു. ഈ കുതിച്ചു ചാട്ടത്തില്‍ ബഹുദൂരം മുന്നിലെത്താന്‍ മാപ്പിള പെണ്‍കുട്ടികളെ സഹായിച്ചത് കഴിഞ്ഞ 20-25 വര്‍ഷങ്ങളിലായി വിദ്യാഭ്യാസ രംഗത്ത് കിതച്ചും കുതിച്ചും അവര്‍ നടത്തിയ പടയോട്ടമാണ് എന്ന് കാണാന്‍ കഴിയും.
മതാന്ധത ബാധിച്ച യാഥാസ്ഥിതിക പൗരോഹിത്യം പഴയ കാല മുസ്‌ലിം സ്ത്രീക്ക് അനുവദിച്ച് നല്‍കിയ ഉപരിപ്ലവകരവും അപൂര്‍ണവുമായ മതാധ്യാപനത്തിലൂടെ അവള്‍ നേടിയത് വികലമായ മതസങ്കല്‍പങ്ങള്‍ മാത്രമാണ്. ഭൗതിക വിദ്യാഭ്യാസം പൂര്‍ണമായി നിഷേധിച്ചുകൊണ്ട് കര്‍ക്കശവും കര്‍ശനവുമായ അലിഖിത നിയമങ്ങള്‍ അവളുടെ മേല്‍ അടിച്ചേല്‍പിച്ച അക്കൂട്ടര്‍ പൂമുഖ വാതിലും ഉമ്മറപ്പടിയും വരെ അവള്‍ക്ക് ഹറാം ആക്കി. ഇസ്‌ലാമിന്റെ മഹനീയവും വിശാലവുമായ സ്ത്രീസങ്കല്‍പം അക്കാലത്തെ യാഥാസ്ഥിതിക പണ്ഡിത വര്‍ഗത്തിന്റെ വീക്ഷണങ്ങള്‍ക്ക് അന്യമായിരുന്നു.
സമുദായം കാലങ്ങളായി വളര്‍ത്തിയെടുത്ത വികലമായ വിവാഹ സങ്കല്‍പം അവളുടെ അപചയത്തിന് ആക്കം കൂട്ടി. കൂട്ടുത്തരവാദിത്വവും ദീര്‍ഘ വീക്ഷണവും വേണ്ട ദാമ്പത്യ ജീവിതത്തില്‍ വൈജ്ഞാനികവും ബുദ്ധിപരവുമായ കഴിവ് പുരുഷന് അനിവാര്യതയായി നിശ്ചയിച്ചപ്പോള്‍ സ്ത്രീയുടെ യോഗ്യത സ്വത്തും സൗന്ദര്യവും മാത്രമായി പരിമിതപ്പെടുത്തി. അതോടെ വിവാഹ പന്തലിലേക്ക് ഒരുക്കിയെടുക്കുന്ന ഒരു ചരക്കായി മാത്രം അവള്‍ ഗണിക്കപ്പട്ടു.
ഈ യാഥാസ്ഥിതികതയോട് പടവെട്ടി കൊടി നാട്ടി ജയിച്ചു വന്ന കേരളത്തിലെ മുസ്‌ലിം പുരോഗമന പരിഷ്‌കരണ പ്രസ്ഥാനങ്ങളുടെ ശാസ്ത്രീയമായ വിദ്യാഭ്യാസ വീക്ഷണങ്ങളും ബോധവല്‍ക്കരണ സമുദ്ധാരണ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സ്ത്രീകളുടെ വൈജ്ഞാനിക സാമൂഹിക വളര്‍ച്ചക്ക് ഒരു കൈത്താങ്ങായി വര്‍ത്തിച്ചതിന്റെ ജീവിക്കുന്ന സാക്ഷ്യപത്രങ്ങളാണ് വിവിധ കലാലയങ്ങളിലെ മാപ്പിള മങ്കമാര്‍. വിദ്യാഭ്യാസാവകാശം മുതല്‍ അഭിപ്രായ സ്വാതന്ത്ര്യം വരെ നീതിമാനും കാരുണ്യവാനുമായ പടച്ച തമ്പുരാന്‍ സ്ത്രീക്ക് അനുവദിച്ചു നല്‍കിയ അവകാശങ്ങളാണെന്ന മുസ്‌ലിം സ്ത്രീയുടെ തിരിച്ചറിവിന്റെ നേര്‍ക്കാഴ്ചയാണ് പള്ളികളിലും ഈദ് ഗാഹുകളിലും സാംസ്‌കാരിക വൈജ്ഞാനിക വേദികളിലും സാന്നിധ്യമുറപ്പിക്കാന്‍ അവള്‍ കാണിക്കുന്ന പുതിയ ആവേശം. വിദ്യാഭ്യാസമാണ് പുരോഗതിയുടെ കവാടം എന്ന് തിരിച്ചറിഞ്ഞ അവള്‍ സ്‌കൂള്‍-കോളേജ് കാമ്പസിന്റെ പ്രവിശാലമായ ലോകത്തേക്ക് വലതുകാല്‍ വെച്ച് കടന്നു വന്നു. കാലങ്ങളായി കെട്ടിപ്പൂട്ടി വെച്ച പെണ്‍ബുദ്ധി ഉണര്‍ന്ന് പ്രവര്‍ത്തിച്ചപ്പോള്‍ പഠന പാഠ്യേതര മേഖലകളില്‍ ആണ്‍കുട്ടികളെ പിന്നിലാക്കി അവള്‍ മുന്നോട്ട് കുതിച്ചു. പ്രഫഷനല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള കലാലയങ്ങളില്‍ തട്ടമിട്ട തരുണീമണികള്‍ ഒഴുകി നടക്കുന്ന ഹൃദ്യമായ കാഴ്ച കണ്ട് കേരളം കുളിരണിഞ്ഞു. അവിടെ നടക്കുന്ന ചൂടേറിയ വാഗ്വാദങ്ങളില്‍ ചോദ്യ ശരങ്ങള്‍ തൊടുത്തു വിട്ടുകൊണ്ടവര്‍ അവതാരകരെ വെള്ളം കുടിപ്പിച്ചപ്പോള്‍ മാപ്പിള പെണ്ണിന്റെ വീറും വാശിയും ബിരിയാണി ചട്ടുകത്തില്‍ മാത്രമല്ലെന്ന് സാംസ്‌കാരിക കേരളം തിരിച്ചറിഞ്ഞു. അതോടെ ഈ ന്യൂനപക്ഷ പിന്നാക്ക സ്ത്രീ വിഭാഗത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ ഉല്‍പതിഷ്ണുക്കളില്‍ മുളപൊട്ടാന്‍ തുടങ്ങി.
കലാലയങ്ങളിലെ ചുണക്കുട്ടികളായ 'ബീവി' മാരുടെ ഉശിരന്‍ പ്രകടനം കാണുമ്പോള്‍ സാമൂഹിക സാംസ്‌കാരിക നായകര്‍ക്കുണ്ടാകുന്ന മനോവേദന കണ്ടില്ലെന്ന് നടിക്കാന്‍ നമുക്കാവില്ല. സമുദായത്തിലെ യുവാക്കളെക്കാള്‍ പതിന്മടങ്ങ് ശോഭയുള്ള ഈ 916 തങ്കക്കട്ടികളുടെ ഭാവി ഏതെങ്കിലും നാലുകെട്ടു വീരന്റെയോ മുത്തലാഖ് സാഹിബിന്റെയോ തലയില്‍ കുരുങ്ങുമോ എന്നും വിവാഹനന്തരം ഈ പ്രതിഭകളെ സമൂഹത്തിന് നഷ്ടപ്പെടുമോ എന്നുമുള്ള അവരുടെ ആശങ്കക്ക് ഉത്തരം പറയേണ്ടത് സമുദായ നേതൃത്വവും പണ്ഡിതന്മാരും ആ മിടുക്കികളെ എത്രയും പെട്ടെന്ന് കെട്ടിച്ചയച്ച് ഭാരമൊഴിവാക്കാന്‍ കാത്തിരിക്കുന്ന അവരുടെ രക്ഷിതാക്കളുമാണ്.
അടുത്ത കാലത്ത് നടന്ന ഒരു സര്‍വേ പ്രകാരം എഞ്ചിനീയിറിംഗ് കോളേജുകളില്‍ നിന്ന് പുറത്തിറങ്ങുന്ന കേരളത്തിലെ പെണ്‍കുട്ടികളില്‍ എഴുപത് ശതമാനവും വീട്ടമ്മമാരായി ഒതുങ്ങി കഴിയുകയാണത്രെ. ഇപ്പോഴത്തെ വിവാഹ മാര്‍ക്കറ്റില്‍ പെണ്‍കുട്ടിയുടെ മറ്റൊരു യോഗ്യത പ്രഫഷനല്‍ ഡിഗ്രിയാണ്. എന്നാല്‍ ലക്ഷങ്ങള്‍ മുടക്കി നേടുന്ന BTech/BDS/BHMS തുടങ്ങിയ ഡിഗ്രികള്‍ അടുക്കള പാത്രങ്ങളില്‍ തട്ടി ഉടഞ്ഞു വീഴുമ്പോള്‍ സമൂഹത്തിനും സര്‍ക്കാറിനുമുണ്ടാകുന്ന ഭീമമായ സാമ്പത്തിക നഷ്ടത്തെകുറിച്ചുള്ള വ്യാകുലതയോ കഷ്ടപ്പെട്ടു പഠിച്ചു തളര്‍ന്ന പെണ്‍മക്കളുടെ ഊര്‍ജം നിഷ്ഫലമായി ചോര്‍ന്നു പോയതിന്റെ വേദനയോ നമ്മില്‍ അലോസരങ്ങള്‍ സൃഷ്ടിക്കാത്തതെന്ത്‌കൊണ്ട്? ഗൃഹ ഭരണത്തിന് പ്രഫഷനല്‍ ഡിഗ്രി അനിവാര്യമല്ലെന്നിരിക്കെ ഉന്നത വിദ്യാഭ്യാസം നേടി പുറത്ത് വരുന്ന ഈ കൊച്ചു മിടുക്കികളെ കേവലം അടുക്കളക്കാരികളാക്കി മാറ്റുന്ന ക്രൂര വിനോദം സമൂഹത്തിന് നഷ്ടപ്പെടുത്തുന്നത് കഴിവുറ്റ പ്രതിഭകളെയാണ്.
പഠനം വിവാഹ പന്തലില്‍ അവസാനിപ്പിച്ച് വീട്ടമ്മയുടെ ഗൗണ്‍ എടുത്തണിഞ്ഞ് സഫലമീ ജീവിതം എന്ന് കരുതി ഒതുങ്ങി കൂടുന്ന കേമികളോട് ചോദിക്കട്ടെ. സമൂഹത്തിന്റെ ഊര്‍ജവും സമയവും പണവും നഷ്ടപ്പെടുത്തികൊണ്ട് ഇത്ര ലാഘവത്തോടെ ആയിരക്കണക്കിനു സീറ്റുകള്‍ ഒഴിച്ചിട്ട് പാതി വഴിക്ക് ഇറങ്ങി പോകുന്നതിന്റെ സാമൂഹിക നീതി എന്താണ്? പഠിച്ചുയരാന്‍ മോഹിച്ച് ക്യൂ നിന്ന അനേകം കുട്ടികളുടെ അവസരങ്ങള്‍ തട്ടിയെടുത്ത് നിങ്ങള്‍ നേടിയ പ്രസ്തുത സീറ്റുകള്‍ മരവിപ്പിച്ച് കടന്നു പോകുന്നതിന്റെ ധാര്‍മിക ഉത്തരവാദിത്വത്തില്‍ നിന്ന് കൈ കഴുകി എഴുന്നേറ്റ് പോകാന്‍ നിങ്ങള്‍ക്കും നിങ്ങളുടെ രക്ഷിതാക്കള്‍ക്കും കഴിയുമോ?
ഈ വിഷയത്തില്‍ രക്ഷിതാക്കള്‍ അകപ്പെടുന്ന പ്രതിസന്ധി മനസ്സിലാക്കാന്‍ ഇക്കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുത്ത് സമ്മാനര്‍ഹയായ മുസ്‌ലിം പെണ്‍കുട്ടിയുടെ പിതാവിനുണ്ടായ അനുഭവം വായനക്കാരുമായി പങ്ക് വെക്കുകയാണ്. എതിര്‍പ്പിന്റെ വേലിക്കെട്ടുകള്‍ തകര്‍ത്ത് ശാസ്ത്രീയ സംഗീത ലോകത്ത് വിസ്മയമായി മാറിയ മകളെ കുറിച്ച് പത്രങ്ങളും ചാനലുകളും എക്‌സ്‌ക്ലൂസീവ് നിരത്തിയപ്പോള്‍ അദ്ദേഹത്തിന് ലഭിച്ച അഭിനന്ദനത്തിന്റെ ഫോണ്‍ കോളുകള്‍ക്കിടയില്‍ ചില വിരുതന്മാര്‍ പ്രകടിപ്പിച്ച അതിബുദ്ധിയെ കുറിച്ച് കേട്ടപ്പോള്‍ പുഛമാണ് തോന്നിയത്. അവര്‍ക്ക് ഈ കൊച്ചു മിടുക്കിയെ മരുമകളായി കിട്ടണമത്രെ! ഏതറ്റം വരെയും പഠിപ്പിച്ചു കൊള്ളാം എന്ന ഓഫറു കൂടിയാകുമ്പോള്‍ പെണ്‍മക്കളുള്ള ഏതൊരു പിതാവിന്റെയും മനസ്സ് ചഞ്ചലപ്പെടുക സ്വാഭാവികം. 'എന്നായാലും വിവാഹം വേണം, എങ്കില്‍ പിന്നെ അതല്‍പം നേരത്തെയാകുന്നതില്‍ എന്താണ് അപാകത?' പക്ഷേ നമ്മുടെ കഥാ നായികയുടെ പിതാവിന് ദീര്‍ഘ വീക്ഷണവും ഉയര്‍ന്ന ചിന്തയും സ്ത്രീ വിദ്യാഭ്യാസത്തെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടും ഉള്ളതുകൊണ്ട് പൊന്നുമകള്‍ രക്ഷപ്പെട്ടു എന്ന് കരുതാം.
പുരുഷനെ പോലെ തന്നെ ഒരു സ്വതന്ത്ര വ്യക്തിയാണ് സ്ത്രീ. മാനസിക - സര്‍ഗാത്മക കഴിവുകളുടെ വളര്‍ച്ച അവളുടെ അവകാശമാണ്. അത് സാമൂഹിക പുരോഗതിക്ക് അനിവാര്യവുമാണ്. വിവാഹം എന്നത് മനുഷ്യ ജീവിതത്തിന്റെ അവസാന വാക്കല്ല എന്നത് കൊണ്ട് തന്നെ സ്ത്രീയുടെയും പുരുഷന്റെയും വളര്‍ച്ചയും വികാസവും വിവാഹത്തോടെ അവസാനിക്കുകയല്ല, പകരം പരസ്പര സഹകരണത്തോടെ കൂടുതല്‍ തളിര്‍ക്കുകയും പുഷ്പിക്കുകയുമാണ് വേണ്ടത്. ഈ താല്‍പര്യം പുരുഷനെന്ന പോലെ തന്നെ സ്ത്രീക്കും ഉണ്ട്. എന്ന് മാത്രമല്ല, അതവള്‍ക്ക് കാരുണ്യവാനായ നാഥന്‍ അറിഞ്ഞു നല്‍കിയ അവകാശം കൂടിയാണ്. പുരുഷന് തന്റെ പ്രതിഭ വളര്‍ത്തുന്നതിനോ മാറ്റു കൂട്ടുന്നതിനോ വിവാഹം ഒരു തടസ്സമല്ലെന്നിരിക്കെ സ്ത്രീക്ക് മാത്രം എന്തിനീ അലിഖിത നിയന്ത്രണങ്ങള്‍? സ്ത്രീയുടെ സര്‍ഗാത്മകതയുടെ വളര്‍ച്ചയും തളര്‍ച്ചയും അവളുടെ സംരക്ഷണ ബാധ്യത ഏറ്റെടുക്കുന്ന പുരുഷന്റെ കൈയിലാണ്. അഥവാ രക്ഷിതാവിന്റെയും ഭര്‍ത്താവിന്റെയും കരങ്ങളില്‍.
പഠന കാര്യത്തിലും കഴിവുകള്‍ വളര്‍ത്തുന്നതിലും പൊതുവെ സമുദായത്തിലെ പെണ്‍കുട്ടികള്‍ കാണിക്കുന്ന ഉത്സാഹവും ആവേശവും ആണ്‍കുട്ടികള്‍ പ്രകടിപ്പിക്കുന്നില്ല എന്ന മറുവശം ചിന്തിക്കുമ്പോള്‍ വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു. ഈ കിട മത്സരത്തില്‍ ഏറെ പിന്നിലായി പോയ സമുദായത്തിലെ ചുണക്കുട്ടന്മാര്‍ പക്ഷേ കാശുണ്ടാക്കാന്‍ മിടുക്കരാണ്. അതിനാല്‍ വിദ്യാഭ്യാസ യോഗ്യത അല്‍പം കുറവാണെങ്കില്‍ കൂടി പുതിയ മോഡല്‍ കാറും കൊട്ടാര സദൃശമായ വീടുമുണ്ടെങ്കില്‍ ഒരു കോളേജ് കുമാരിയെ തന്നെ വധുവായി ലഭിക്കാന്‍ അവര്‍ പ്രയാസമനുഭവിക്കുന്നില്ല എന്നതാണ് വസ്തുത. ഭാവി വരനില്‍ ബുദ്ധിപരവും വൈജ്ഞാനികവുമായ പൊരുത്തം ആഗ്രഹിക്കുന്ന സ്ത്രീയുടെ മനസ്സ് വായിക്കാന്‍ പോലും പല രക്ഷിതാക്കളും തയ്യാറാവുന്നില്ല എന്നതും ഏറെ ഖേദകരം തന്നെ. വിദ്യസമ്പന്നയായ സ്ത്രീ കുടുംബത്തിന്റെ ഐശ്വര്യമാണെന്ന് സമ്മതിച്ച് കൊണ്ട് തന്നെ പറയട്ടെ അത്തരം ദാമ്പത്യ ബന്ധങ്ങളില്‍ ചിലതെങ്കിലും ആദ്യ നാളുകളില്‍ തന്നെ പ്രത്യക്ഷമായ പൊരുത്തക്കേടുകളാല്‍ വീര്‍പ്പുമുട്ടാറുണ്ട്. കോളേജ് കാമ്പസിലെ ഗൈഡന്‍സ് ക്ലാസ്സും ട്രൈനിംഗും ഒക്കെ കണ്ടു പരിശീലിച്ച നവ വധുവിന്റെ മുന്തിയ ചിന്തകളെ വകവെച്ചുകൊടുക്കാന്‍ തയ്യാറാകാത്ത ഭര്‍ത്താവിന്റെയും സ്വപ്നം കണ്ട ജീവിതവും നട്ടുനനച്ചു വളര്‍ത്തിയ ഐഡിയോളജിയും തലയണക്കടിയില്‍ വെച്ച് കിടന്നുറങ്ങേണ്ടി വരുന്ന സഹധര്‍മ്മിണിയുടെയും മനസ്സില്‍ ഈഗോ-കോപ്ലക്‌സുകള്‍ നൃത്തം ചെയ്യാന്‍ തുടങ്ങുന്നത് അങ്ങനെയാണ്. സാവകാശം അവ തുറന്ന യുദ്ധത്തിന് വഴിയൊരുക്കുമ്പോള്‍ മാസങ്ങളുടെ ദൈര്‍ഘ്യം മാത്രമുള്ള ദാമ്പത്യ ജീവിതത്തിന് കര്‍ട്ടന്‍ വീഴുന്നു. അങ്ങനെ പെരുകുന്ന വിവാഹ മോചനങ്ങള്‍ പുതു തലമുറയുടെ ശാപമായി വളരുന്നു.
എന്നാല്‍ മേല്‍പറഞ്ഞ പൊട്ടിത്തെറികളൊന്നും കാര്യമായി ബാധിക്കാത്ത വീടുകളില്‍ പോലും വിദ്യാസമ്പന്നയായ നവ വധുവിന്റെ വീക്ഷണങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും വേണ്ടത്ര പരിഗണന കിട്ടാറില്ല. കോളേജ് കാമ്പസിലെ ബഹുമുഖ പ്രതിഭക്ക് കുടുംബ സാമൂഹിക സംവിധാനത്തെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടും കൃത്യമായ ദിശാ ബോധവും ഉണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍ അവ അംഗീകരിക്കപ്പെടാതെ പോകുമ്പോള്‍ സ്ത്രീ സ്വയം അവളിലേക്കൊതുങ്ങി കൂടാന്‍ നിര്‍ബന്ധിതയാവുന്നു. ചുറ്റും നടക്കുന്ന സംഗതികളിലൊന്നും തനിക്കൊരു റോളുമില്ലെന്ന് അവള്‍ മനസ്സിനെ പറഞ്ഞു ബോധ്യപ്പെടുത്താന്‍ തുടങ്ങുന്നതോടെ അവളിലെ പ്രതികരണ ശേഷി പതുക്കെപ്പതുക്കെ കൂമ്പടയുന്നു. കലാലയ മുറ്റത്ത് ഓടി നടന്ന് സാമൂഹിക പ്രതിബദ്ധത വളര്‍ത്താന്‍ കാണിച്ച ആവേശവും ചുറുചുറുക്കും തിളക്കുന്ന സാമ്പാറിന്റെ ചേരുവകള്‍ കണക്കേ അലിഞ്ഞില്ലാതാകുന്നത് ഒരു നെടുവീര്‍പ്പോടെ അവള്‍ തിരിച്ചറിയും.
സ്ത്രീ വിദ്യാഭ്യാസം നിഷിദ്ധമാക്കി ഫത്‌വ ഇറക്കിയ പഴയ കാല യാഥാസ്ഥിതികത്വം പുതിയ രൂപത്തിലും ഭാവത്തിലും ഇന്നും അരങ്ങുതകര്‍ത്താടുന്നു എന്നാണ് പറഞ്ഞു വന്നതിന്റെ രത്‌നച്ചുരുക്കം. വൈജ്ഞാനിക രംഗത്തെ പുത്തനുണര്‍വ് സ്ത്രീക്ക് ആശ്വാസകരമാണെങ്കില്‍ കൂടി സൃഷ്ടാവ് അനുവദിച്ച സാമൂഹിക പങ്കാളിത്തം ആസ്വദിക്കാനും അനുഭവിക്കാനും അവള്‍ക്ക് കഴിയാതെ പോകുന്നത് അതുകൊണ്ടാണ്. ഗൃഹ ഭരണവും സന്താന പരിപാലനവും ഭാര്യാഭര്‍ത്താക്കന്‍മാരുടെ കൂട്ടുത്തരവാദിത്വമാണെന്ന പ്രവാചക മാതൃക ഇന്ന് പരക്കെ വിസ്മരിക്കപ്പെടുന്നു. സാഹിത്യകാരികളും പ്രസംഗകരും കവയിത്രികളുമൊക്കെയായി കാലം കണ്ട മഹത് വനിതകളുടെ ചരിത്രവും മാതൃകയും കണ്ടില്ലെന്ന് നടിക്കുന്നവരുടെ ഇടയില്‍ പെടുമ്പോള്‍ ഭര്‍തൃഗൃഹത്തില്‍ കേവലം പാചകറാണിമാരായി മാറുകയാണ് പുതു തലമുറയിലെ കലാലയ പ്രതിഭകള്‍. കറിയിലെ ചേരുവയെ കുറിച്ച് അവള്‍ക്ക് അഭിപ്രായം പറയാം. അനിയന്ത്രിതമായ ബഹുഭാര്യത്വം, ക്രൂരമായ ത്വലാഖ് തുടങ്ങിയ അനീതികളാല്‍ പൊറുതി മുട്ടുന്ന സഹോദരിമാര്‍ക്ക് വേണ്ടി ശബ്ദിക്കാനോ സ്ത്രീ സമുദ്ധാരണത്തെക്കുറിച്ച് അഭിപ്രായം പറയാനോ അവള്‍ക്ക് അനുവാദമില്ല. വളര്‍ത്തി വലുതാക്കിയ രക്ഷിതാക്കളും ഏറ്റെടുത്ത മണവാളന്‍മാരും സമുദായ നേതൃത്വവും അവരെ അതിന് പ്രാപ്തരാക്കുന്നില്ല എന്നത് സമുദായത്തിലെ സ്ത്രീ വിഭവ ശേഷിയുടെ കൃത്യമായ ആസൂത്രണ സമാഹരണ വിന്യാസത്തിന് തടസ്സം സൃഷ്ടിക്കുന്നു.
കുഞ്ഞനുജത്തിമാരേ... നിങ്ങളുടെ ഈ പ്രതികരണ ശേഷിയെ വിവാഹ പന്തലില്‍ തന്നെ കുഴിച്ചു മൂടാന്‍ കുഴി വെട്ടുകയാണ് സമുദായത്തിലെ ചില പിന്തിരിപ്പന്‍ യാഥാസ്ഥിതിക ശക്തികള്‍. ആ കുഴിയില്‍ സ്വയം ഒടുങ്ങാനാണ് നിങ്ങളുടെ തീരുമാനമെങ്കില്‍ എന്തിന് ഇത്ര പ്രയാസപ്പെട്ട് കോളേജ് കാമ്പസില്‍ തലങ്ങും വിലങ്ങും നെട്ടോട്ടമോടുന്നു?
ചിന്തിക്കാനും പ്രതികരിക്കാനും കഴിവുള്ള നിങ്ങളുടെ ശബ്ദവും ഭാഷയും സമൂഹത്തിന്നാവശ്യമുണ്ട്. അതിനാവശ്യമായ മാനസികവും കുടുംബപരവുമായ തയ്യാറെടുപ്പുകള്‍ വിവാഹ വേളയില്‍ തന്നെ നടത്താന്‍ നിങ്ങള്‍ സ്വയം സന്നദ്ധരായി മുന്നോട്ട് വരിക. ബൗദ്ധികമായ ഔന്നത്യവും ചിന്താപരമായ ഉണര്‍വും പ്രകടിപ്പിക്കുന്ന തരുണീ മണികളെ മതാന്ധതയുടെ മറവില്‍ കയറില്ലാതെ കെട്ടിയിടുന്ന പുത്തന്‍ കുടില തന്ത്രങ്ങളെ തിരിച്ചറിയാനും തകര്‍ത്തെറിയാനുമുള്ള ആര്‍ജവം നിങ്ങള്‍ക്കുണ്ടാവട്ടെ. കാരണം ഇനി നിങ്ങളിലൂടെയാണ് സമുദായത്തിലെ സ്ത്രീകള്‍ക്ക് ആശ്വാസവും സംരക്ഷണവും ലഭിക്കേണ്ടത്. വനിതാ പ്രതിഭകളുടെ ദൗര്‍ലഭ്യം ഗുരുതരമായ സാമൂഹിക പ്രതിസന്ധിയായി വളര്‍ന്നു വരുന്ന ഇക്കാലത്ത് അഭ്യസ്ത വിദ്യരായ നിങ്ങള്‍ അലസതയുടെ ചങ്ങാതിമാരായി സ്വയം തരം താഴാതിരിക്കുക. കാലം സ്മരിക്കുന്ന നായികമാരായി എഴുന്നേറ്റ് നില്‍ക്കുക.
[email protected]
Comments