മുന്‍ധാരണകള്‍ അപകടമാണ്
സംസ്‌കരണ പ്രവര്‍ത്തകര്‍ നിര്‍ബന്ധമായും ആര്‍ജിക്കേണ്ട സവിശേഷ ഗുണമാണ് പ്രശ്‌നങ്ങളുടെ നിജസ്ഥിതി ഉറപ്പാക്കല്‍. ഒരാളിന്റെയോ കുടുംബത്തിന്റെയോ ഒരു വിഭാഗത്തിന്റെയോ പെരുമാറ്റം, ഇടപാട്, സമ്പാദ്യം, ബന്ധങ്ങള്‍ എന്നിവയെ സംബന്ധിച്ച് പരാതികളും സംശയാശങ്കകളും ഉയര്‍ന്നാല്‍ എന്തെങ്കിലും നീക്കം നടത്തും മുമ്പെ പ്രശ്‌നത്തിന്റെ സത്യാവസ്ഥ പൂര്‍ണമായും ശരിയായ സ്രോതസ്സിലൂടെ കണ്ടെത്താന്‍ എല്ലാ ശ്രമങ്ങളും നടത്തണം. കാള പെറ്റുവെന്ന് കേള്‍ക്കുമ്പോഴേക്കും കയറെടുക്കുന്ന മുന്‍വിധിക്കാര്‍ രാഷ്ട്രീയ സാമ്പത്തിക വ്യാവസായിക സാമൂഹിക മേഖലകളില്‍ നിറസാന്നിധ്യമാണെങ്കില്‍ ഇന്ന് ആ പ്രവണത മതപ്രവര്‍ത്തനങ്ങളിലും അതിന്റെ പ്രബോധന പ്രചാരണ രംഗങ്ങളിലും പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. സുവിശേഷ പ്രവര്‍ത്തനവും ബോധവത്കരണവും നടത്തുന്ന ധാരാളം ആളുകള്‍ പ്രശ്‌നത്തെ ആഴത്തില്‍ പഠിക്കാത്തവരും സങ്കുചിത മനസ്സിന്റെ ഉടമകളുമാണ്. യഥാര്‍ഥത്തില്‍ ആരോപിക്കപ്പെട്ട തെറ്റ് സംഭവിച്ചിട്ടുണ്ടോ, ആ വിവരം നമ്മുടെ കാതുകളിലെത്തിച്ച വ്യക്തി സത്യസന്ധനാണോ, അയാള്‍ക്ക് കുറ്റം ചെയ്ത വ്യക്തിയോടോ വ്യക്തികളോടോ വൈരാഗ്യമുണ്ടോ? കുറ്റം ചെയ്ത ആള്‍ ആ കുറ്റം പ്രവര്‍ത്തിക്കുമ്പോള്‍ സ്വബോധത്തോടെയാണോ ചെയ്തത്? കുറ്റം ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെട്ടിരുന്നോ? ഈവക കാര്യങ്ങളെക്കുറിച്ച് ഒന്നാമത്തെ കാല്‍വെപ്പില്‍ തന്നെ വസ്തുനിഷ്ഠമായ പഠനം നടത്തുകയും നിഷ്പക്ഷമായ നിലപാടുകളെടുക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രമേ സംസ്‌കരണ ശ്രമങ്ങളില്‍ പ്രതീക്ഷാപൂര്‍വം മുന്നേറാനാവൂ. അല്ലാത്തവര്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് വഴിമരുന്നിടുകയേ ചെയ്യുകയുള്ളൂ. പ്രശ്‌നങ്ങളില്‍ സത്യാവസ്ഥ ഉറപ്പുവരുത്താന്‍ സത്യവിശ്വാസികള്‍ ബാധ്യസ്ഥരാണെന്ന് ആഹ്വാനം ചെയ്യുന്ന ഒരു ഖുര്‍ആന്‍ സൂക്തം ഇങ്ങനെ:
''വിശ്വാസികളേ, ഒരു ദുഷ്ട സ്വഭാവി ഒരു വര്‍ത്തമാനവുമായി നിങ്ങളെ സമീപിച്ചാല്‍ നിങ്ങള്‍ അതിന്റെ സത്യാവസ്ഥ ഉറപ്പ് വരുത്തുക. അറിയാതെ ഏതെങ്കിലുമാളുകള്‍ക്ക് ആപത്ത് സംഭവിക്കാതിരിക്കാനാണത്. സ്വയം ചെയ്തിയില്‍ നിങ്ങള്‍ പിന്നീട് ദുഃഖിക്കാതിരിക്കാനും'' (ഹുജറാത്ത് 6).
വിശാല മാനങ്ങളും ആഴമുള്ള അര്‍ഥതലങ്ങളുമുള്ള ഈ ഖുര്‍ആന്‍ വാക്യം അവതരിച്ചത് മദീനയില്‍ ബനൂ മുസ്വ്ത്വലഖ് ഗോത്രവുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നത്തിലാണ്. മേല്‍ ആശയത്തിന്റെ വ്യാഖ്യാനത്തില്‍ വിഖ്യാത പണ്ഡിതന്‍ ഇബ്‌നു കസീര്‍ രേഖപ്പെടുത്തുന്നു: ഉഖ്ബയുടെ മകന്‍ വലീദിനെ പ്രവാചകന്‍ നിര്‍ബന്ധ ദാനമായ സകാത്ത് പിരിച്ചെടുക്കാന്‍ ബനുല്‍ മുസ്ത്വലഖ് ഗോത്രത്തിലേക്ക് അയച്ചു. സകാത്ത് വകയില്‍ കൊടുക്കേണ്ടത് അവര്‍ വലീദിന് നല്‍കി. പക്ഷേ വലീദ് നബിക്ക് തെറ്റായ വിവരം നല്‍കി. ഈ ഗോത്രം നിങ്ങള്‍ക്കെതിരെ യുദ്ധത്തിനു തയാറാടെക്കുകയാണെന്ന് അദ്ദേഹം നബിയെ ധരിപ്പിച്ചു.
സംഗതിയുടെ നിജസ്ഥിതി അറിയാന്‍ (നടപടികള്‍ സ്വീകരിക്കാനല്ല) പ്രവാചകന്‍ പ്രസിദ്ധ സ്വഹാബി ഖാലിദി(റ)നെ ചുമതലപ്പെടുത്തി. രാത്രിയോടെ ബനൂല്‍ മുസ്ത്വലഖ് ഗോത്രത്തിലെത്തിയ ഖാലിദ് സൂക്ഷ്മ വിവരങ്ങള്‍ ശേഖരിക്കാന്‍ സ്വകാര്യമായി ആളെ വിട്ടു. അന്വേഷണം നടത്തി വന്നവരുടെ റിപ്പോര്‍ട്ട് ഇങ്ങനെയായിരുന്നു: ഈ ഗോത്രം ഇസ്‌ലാമിക നിയമങ്ങള്‍ മുറുകെ പിടിക്കുന്നവരാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായിരിക്കുന്നു.അവര്‍ ബാങ്ക് വിളിക്കുന്നതും നമസ്‌കരിക്കുന്നതും ഞങ്ങള്‍ കണ്ടു. കാര്യങ്ങള്‍ ഒന്നുകൂടി ഉറപ്പുവരുത്താന്‍ ഖാലിദ് പുലര്‍ച്ചെ ബനുല്‍ മുസ്ത്വലഖിലെത്തി. അപ്പോള്‍ അദ്ദേഹത്തിനവിടെ സന്തോഷകരമായ കാഴ്ചയാണ് കാണാനായത്. ഉടനെ ഖാലിദ് തിരിച്ചുപോയി. എല്ലാ വിവരങ്ങളും പ്രവാചകനെ വിസ്തരിച്ച് കേള്‍പ്പിച്ചു.
മുന്‍പിന്‍ നോക്കാതെ വലീദിന്റെ വാക്കുകള്‍ അപ്പടി വിശ്വസിച്ചിരുന്നെങ്കില്‍ പ്രവാചകന് ബനുല്‍ മുസ്വ്ത്വലഖിനെതിരെ കര്‍ക്കശ നടപടി സ്വീകരിക്കേണ്ടിവരുമായിരുന്നു. കാരണം രാഷ്ട്രത്തിന് അടക്കേണ്ട സകാത്ത് തടഞ്ഞു വെക്കുകയും നബിയുടെ ദൂതനെ അപമാനിക്കുകയും പ്രവാചകനോട് യുദ്ധം ചെയ്യാന്‍ കോപ്പുകൂട്ടുകയും നേതൃത്വത്തെ ധിക്കരിക്കുകയുമൊക്കെ ചെയ്തവരാണെന്നാണല്ലോ നബിക്ക് കിട്ടിയ വിവരത്തിന്റെ പൊരുള്‍. ഗുരുതരമായ ഈ കുറ്റം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ പക്ഷേ, പ്രവാചകന്‍ അങ്ങേയറ്റം ബുദ്ധിപൂര്‍വകമായ നിലപാടാണ് സ്വീകരിച്ചത്. സ്വഹാബിയായിട്ട് കൂടി വലീദിന്റെ 'കണ്ടെത്തല്‍' അംഗീകരിക്കാതെ രണ്ടാമതൊരു അന്വേഷണം നടത്താന്‍ ഖാലിദിനെ ചുമതലപ്പെടുത്തി. ദീര്‍ഘവീക്ഷണത്തോടെയുള്ള നബി(സ)യുടെ ഈ തീരുമാനം നിരവധി പേരെ മരണത്തില്‍ നിന്ന് രക്ഷിക്കുകയും മദീന കേന്ദ്രീകരിച്ച് അടുത്തിടെ ജന്മം കൊണ്ട ഇസ്‌ലാമിക രാഷ്ട്രത്തിനകത്ത് ഉടലെടുക്കുമായിരുന്ന ഒരുപാട് ആഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് തടയിടുകയും ചെയ്തു.
സമുദായത്തിനകത്തെ തിന്മകള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പൊരുതുന്നവരില്‍ പലരും വ്യക്തികളെയോ കുടുംബങ്ങളെയോ കുറിച്ച് സൂക്ഷ്മ പഠനങ്ങളും സത്യസന്ധമായ വിലയിരുത്തലുകളും നടത്തുന്നില്ല. പകരം സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുതിരുന്നവരില്‍ മിക്കവാറും ആളുകള്‍ കരുതിവെക്കുന്ന വിഭവങ്ങള്‍ മുന്‍വിധി, എടുത്തു ചാട്ടം, പക്ഷപാതിത്വം, വിവരക്കുറവ്, സ്വയം ശേഷ്ഠതാ വിചാരം, ഉപരിപ്ലവത തുടങ്ങിയവയാണ്. എട് കൊടുവാള്‍-കൊട് വെട്ട് എന്നു പറഞ്ഞത് പോലെയുള്ള ഈ നയം ഉപകാരത്തേക്കാളധികം ഉപദ്രവമല്ലേ വരുത്തിവെക്കുക?
Comments