Prabodhanm Weekly

Pages

Search

2012 മാര്‍ച്ച്‌ 24

കത്തുകള്‍

ആദര്‍ശം അലമാരകളിലിരിക്കുമ്പോള്‍
സാലിം നൂര്‍

സഖാവ് പിണറായി പാര്‍ട്ടി സെക്രട്ടറി ആയതിനു ശേഷമാണോ എന്നറിയില്ല, വലതുപക്ഷത്തേക്ക് സൂനാമി പോലെയാണ് പാര്‍ട്ടിയില്‍നിന്നും സഖാക്കള്‍ മറുകണ്ടം ചാടുന്നത്. അച്യുതാനന്ദനെ പോലെ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിലല്ല പിണറായി വിശ്വസിക്കുന്നത്. മറിച്ച് പ്രായോഗിക അടവ് നയരാഷ്ട്രീയത്തിലാണ്. ഇതാണ് അണികളെ ഇത്രമേല്‍ വലതുപക്ഷ പ്രേമികളാക്കിയത്. തലപ്പത്ത് സംഭവിച്ച മൂല്യശോഷണം താഴേക്കിടയിലെ അണികളിലും നേതാക്കളിലും പ്രകടമാണ്. യൂദാസുമാരെ ഉണ്ടാക്കിയെടുത്ത് വലതുപക്ഷത്തിനു നല്‍കുന്ന ഏര്‍പ്പാട് അവസാനിക്കണമെങ്കില്‍ നേതൃത്വം പുനര്‍ചിന്തനം നടത്തിയേ മതിയാവൂ.
പാര്‍ട്ടി സമ്മേളനങ്ങളില്‍ മാര്‍ക്‌സിനും ലെനിനും ഒപ്പം മതാചാര്യന്മാരുടെയും ചിത്രങ്ങള്‍ വെച്ച് വോട്ട് പിടിക്കുന്ന പ്രവണത വളരുന്നു. പാര്‍ട്ടിയുടെ മൂലധനം പണമായി മാറുന്നു. ആദര്‍ശം അലമാരകളില്‍ അടയിരിക്കുന്നു. നമ്മുടെ സമൂഹത്തില്‍ പുതിയ ബദലുകള്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ പോലും പാര്‍ട്ടിയുടെ അകത്തളങ്ങളില്‍ ചര്‍ച്ചയാകുന്നില്ല. അവിടെ ക്യാപിറ്റല്‍ പണിഷ്‌മെന്റുകളും പാരവെപ്പും അരങ്ങുതകര്‍ക്കുന്നു. 'തങ്ങള്‍ കൊയ്യും വയലുകളെല്ലാം ആരുടേതാകും പൈങ്കിളിയേ' എന്ന് മാറ്റി പാടേണ്ട ഗതികേട് പാര്‍ട്ടിക്ക് വന്നിരിക്കുന്നു.
-----
പി.ടി കുഞ്ഞാലി ചേന്ദമംഗല്ലൂര്‍ എഴുതിയ 'ഊമപ്പൂങ്കുയില്‍ പാടുമ്പോള്‍' എന്ന പുതിയ സിനിമയെ കുറിച്ച നിരൂപണം ശ്രദ്ധിച്ചു (മാര്‍ച്ച് 10). കേരളത്തിലെ ഏതാനും തീയേറ്ററുകളില്‍ ആരോരുമറിയാതെ വന്നുപോയതുകൊണ്ട് ചിത്രത്തിന് പ്രേക്ഷക ശ്രദ്ധ നേടാനായില്ല. എങ്കിലും കേട്ടറിഞ്ഞും വായിച്ചും സിനിമാ പ്രേമികള്‍ക്കിടയില്‍ ആ ചിത്രം ചര്‍ച്ചാ വിഷയമായിട്ടുണ്ട്.
യു. ബാലഗോപാലന്‍ / പേരാമ്പ്ര
-----

സമസ്തക്ക് മാത്രമേ അത് സാധ്യമാവൂ
വി.യു മുത്തലിഖ് ജാഹൊര്‍, മലേഷ്യ

കേരള മുസ്‌ലിംകളില്‍ ബഹുഭൂരിപക്ഷവും അംഗീകരിക്കുന്ന സമസ്ത ഒരുപടികൂടി മുന്നോട്ട് വന്നാല്‍ മുസ്‌ലിം ഉമ്മത്തിന്റെ മാത്രമല്ല കേരളത്തിന്റെ പൊതു മണ്ഡലത്തിനു തന്നെ മാതൃകയായേക്കാവുന്ന ഇസ്‌ലാമിക പരിസരത്ത് നിന്നുകൊണ്ടുള്ള ഒരു മഹത്തായ സാമൂഹിക വിപ്ലവത്തിനു അത് നിമിത്തമാവുമെന്നതില്‍ രണ്ടുപക്ഷമില്ല. സദ്‌റുദ്ദീന്‍ വാഴക്കാട് രണ്ടു ലക്കങ്ങളിലായി ചര്‍ച്ച ചെയ്ത വിഷയം കാലോചിതവും ഏറ്റവും ആനുകാലികവും പ്രബോധനം വാരികയുടെ സാംസ്‌കാരിക വ്യതിരിക്തതക്കു ചേര്‍ന്നു നില്‍ക്കുന്നതുമായി. ലേഖനത്തില്‍ ഉന്നയിച്ച ഒട്ടുമിക്ക വിഷയങ്ങളിലും സമസ്ത മുന്‍കൈയെടുത്താല്‍ പ്രയോഗവല്‍ക്കരിക്കാവുന്നതാണെന്നുള്ളതില്‍ തര്‍ക്കമില്ല. അതുപക്ഷേ, അടിസ്ഥാനപരമായി എങ്ങനെ സാധിച്ചെടുക്കാനാവുമെന്നതിലേക്കുള്ള നിര്‍ദേശങ്ങളോ അഭിപ്രായങ്ങളോ ലേഖനത്തില്‍ വേണ്ടത്ര പ്രതിപാദിച്ചു കണ്ടില്ല.
സ്‌നേഹ സമ്പര്‍ക്കങ്ങളിലൂടെ, സാമൂഹിക സേവനങ്ങളിലൂടെ പരസ്പര സ്‌നേഹബന്ധങ്ങള്‍ വളര്‍ത്തിക്കൊണ്ട് വന്ന എത്രയോ മഹല്ലുകള്‍ നമുക്ക് ചുറ്റിലുമുണ്ട്. ഇത് വസ്തുതയായിരിക്കെ, സാമൂഹിക സേവന രംഗത്ത് ഒന്നാം നിരയിലുള്ള പ്രസ്ഥാന യുവജന സംഘടനയുടെ അജണ്ടയിലും ഇതിന് മുഖ്യ പരിഗണന നല്‍കേണ്ടിയിരിക്കുന്നു. സമസ്തയുടെ കീഴിലുള്ള മഹല്ല് കമ്മിറ്റികളില്‍ ഭാരവാഹിത്വമുള്ള പ്രസ്ഥാന യുവജന നിരയിലെ യുവാക്കളെ ഈ കുറിപ്പുകാരന് അറിയാം. എന്തു കൊണ്ടാണത് സാധ്യമാകുന്നത്? ഈ കുറിപ്പുകാരന്റെ പ്രദേശം, ഇ.കെ സുന്നികളുടെ നിയന്ത്രണത്തിലുള്ള മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കാറുള്ള പരിപാടികളില്‍ അത് പള്ളിക്കകത്ത് വെച്ചായാലും മദ്‌റസാ ഹാളിലായാലും പ്രത്യേക ക്ഷണിതാവായി പ്രസംഗിക്കാനെത്താറുള്ളത് പ്രസ്ഥാന നിരയിലെ സജീവ പ്രവര്‍ത്തകനാണെന്നത് കൗതുകകരമായി തോന്നാം.
ലേഖകന്‍ ഉന്നയിച്ച വിഷയങ്ങള്‍ പ്രയോഗതലത്തില്‍ സാധിച്ചെടുക്കണമെങ്കില്‍ നേതൃനിരയിലെ സംഘടനാ പക്ഷപാതിത്വം അത്ര കണ്ടു വ്യാപിച്ചിട്ടില്ലാത്ത മഹല്ല് സംവിധാനത്തില്‍ നിന്ന് തന്നെ അതിനു വേണ്ടി പണിയെടുക്കേണ്ടതായിട്ടുണ്ട്. നന്മ മാത്രം ലക്ഷ്യമിടുന്ന, സമുദായ ഐക്യത്തിനു മുന്തിയ പരിഗണന നല്‍കുന്ന പ്രസ്ഥാനത്തിന്റെ നിസ്വാര്‍ഥരായ പ്രവര്‍ത്തകര്‍ക്ക് അത് സാധിച്ചെടുക്കുന്നതില്‍ അനല്‍പമായ പങ്കുവഹിക്കാനാവുമെന്നതാണ് പല പ്രദേശങ്ങളിലെയും അനുഭവങ്ങള്‍. ഒരു പരിധി വരെയെങ്കിലും അത് സാധിച്ചെടുക്കാനായാല്‍ അത്ഭുതകരമായ ഒരു സാമൂഹിക വിപ്ലവത്തിന്റെ തുടക്കമായിരിക്കുമത്.

ഇസ്‌ലാമിന്റെ സൗന്ദര്യവും കര്‍ക്കശമായ ഫിഖ്ഹും
കെ.പി ഇസ്മാഈല്‍ കണ്ണൂര്‍

2012 മാര്‍ച്ച് 10-ലെ 'പ്രശ്‌നവും വീക്ഷണവും' എന്ന പംക്തിയില്‍ ഇസ്‌ലാം സ്വീകരിച്ച വനിതയുടെ ചോദ്യത്തിനു നല്‍കിയ മറുപടിയാണ് ഈ കുറിപ്പിന് പ്രേരകം.
ഹീറ എന്ന നാട്ടിലെ ഒരു സ്ത്രീ ഭര്‍ത്താവിനെ കൂടാതെ ഇസ്‌ലാം സ്വീകരിക്കുകയും വിഷയം ഖലീഫാ ഉമറിന്റെ മുമ്പില്‍ വരികയും ചെയ്തപ്പോള്‍ അദ്ദേഹം ഇങ്ങനെ വിധിച്ചു: 'വേണമെങ്കില്‍ തുടരുകയും ചെയ്യാം' എന്ന ഖണ്ഡിക വായിച്ചപ്പോള്‍ അല്‍ ഹംദുലില്ലാഹ് എന്ന് ആശ്വസിച്ചു. എത്ര ലളിതമായും മാനുഷികമായുമാണ് ഉമര്‍ പ്രശ്‌നം പരിഹരിച്ചത്! നമ്മുടെ ഫിഖ്ഹിന്ന് നഷ്ടപ്പെട്ടത് ഈ മാനുഷികതയാണ്.
ഫിഖ്ഹിന്റെ അക്ഷരങ്ങളില്‍ അഭിരമിച്ച പണ്ഡിതന്മാര്‍ പച്ച മനുഷ്യനെ മറന്നും അവന്റെ ദുഃഖവും വ്യാകുലതയും കണ്ടില്ലെന്നു നടിച്ചും ഫിഖ്ഹ് എന്നാല്‍ മനുഷ്യനെ വലക്കാനുള്ള മതത്തിന്റെ വടിയാണെന്ന ധാരണ പരത്തുന്നു.
നബിയുടെ വാക്കുകളും പ്രവൃത്തികളും ഹദീസ് ഗ്രന്ഥങ്ങളില്‍ വായിക്കുന്നവര്‍ക്ക്, പില്‍ക്കാലത്തെ ഫിഖ്ഹീ പണ്ഡിതന്മാര്‍ മാനുഷിക വിഷയങ്ങള്‍ എത്ര കാരുണ്യലേശമില്ലാതെയാണ് കൈകാര്യം ചെയ്തതെന്ന് ബോധ്യമാകും. ഫിഖ്ഹിന്റെ സങ്കീര്‍ണതകളില്‍ കെട്ടിമറിഞ്ഞ പണ്ഡിതന്മാര്‍, നബിയുടെ കാലത്ത് മതത്തിനുണ്ടായിരുന്ന ലാളിത്യത്തിന്റെ ഉടയാടകള്‍ അഴിച്ചുമാറ്റുകയും കാര്‍ക്കശ്യത്തിന്റെ കരിമ്പടം പുതപ്പിക്കുകയും ചെയ്തു. ഇസ്‌ലാമിന്റെ സൗന്ദര്യത്തിന് കുറച്ചൊന്നുമല്ല ഇത് മങ്ങലേല്‍പിച്ചത്.
-----
'ദലിതന്റെ വായനാ ഭൂപടം' ശക്കീര്‍ മുല്ലക്കരയുടെ പുസ്തക പരിചയം ശ്രദ്ധേയമായി. ദലിത് വായനകള്‍ക്കും എഴുത്തുകാര്‍ക്കും പ്രബോധനം ഇനിയും വേണ്ടത്ര പരിഗണന നല്‍കണം. അഭിമുഖങ്ങളും സ്‌പെഷല്‍ പതിപ്പുകളിലെ ലേഖനങ്ങളുമെല്ലാം പലപ്പോഴും നിലവിലെ മുഖ്യധാരാ എഴുത്തുകാരിലും സാംസ്‌കാരിക നായകന്മാരിലും ഒതുങ്ങിപ്പോകുന്നു. പ്രസ്തുത പുസ്തകത്തില്‍ ഇതേ നിരീക്ഷണമാണ് ബാബു രാജും പങ്കുവെക്കുന്നത്.
ബുഷ്‌റാ ബഷീര്‍ / ചെറുപുത്തൂര്‍
-----

ടെന്‍ഷനും ജീവിതവും
കെ.എം അബൂബക്കര്‍ സിദ്ദീഖ്  അറപ്പുറം, എറിയാട്

ആധുനിക ലോകത്തെ ഭീകരമായി അലട്ടുന്ന പ്രശ്‌നമാണ് ടെന്‍ഷന്‍. എസ്.എസ്. എല്‍.സി/പ്ലസ്ടുവിന് പഠിക്കുന്ന വിദ്യാര്‍ഥി പരീക്ഷയില്‍ ജയിക്കുമോ, തോറ്റാല്‍ രക്ഷിതാക്കളുടെ കുറ്റപ്പെടുത്തലും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പരിഹാസം നേടരിടേണ്ടിവരുമോ, പരീക്ഷയില്‍ ഒന്നാം റാങ്ക് കിട്ടുമോ എന്നിങ്ങനെ പലതരം വേവലാതികള്‍. ''പരീക്ഷയില്‍ തോറ്റതിന് പ്ലസ്ടു വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. ടി.വി ഓഫാക്കിയതില്‍ മനം നൊന്ത് 9-ാം ക്ലാസുകാരിയുടെ ആത്മഹത്യ, ഭര്‍തൃമതിയായ സ്ത്രീ കാമുകനുമൊത്ത് ജീവിക്കാനാകാത്തതില്‍ നിരാശയായി ആത്മഹത്യക്ക് ശ്രമിച്ചു, മക്കളെ എം.ബി.ബി.എസ് ഡോക്ടര്‍മാരാക്കാനുള്ള നെട്ടോട്ടത്തിനിടെ സാമ്പത്തിക ഞെരുക്കം നേരിട്ടതിന്റെ പേരില്‍ ബാംഗ്ലൂരിലുള്ള ഡോക്ടര്‍കുടുംബം കൂട്ട ആത്മഹത്യ ചെയ്തു''. ഈയിടെ വാര്‍ത്താ മാധ്യമങ്ങള്‍ നമ്മെ അറിയിച്ച വാര്‍ത്തകളില്‍ ചിലതാണിത്. പൊതുവെ ടെന്‍ഷനാണ് ഉപരിസൂചിത സംഭവങ്ങളിലെ വില്ലന്‍. യഥാര്‍ഥത്തില്‍ എന്താണ് ടെന്‍ഷന്‍? പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടിവരുമ്പോള്‍ മനസ്സില്‍ രൂപപ്പെടുന്ന സംഘര്‍ഷത്തെയാണല്ലോ ടെന്‍ഷന്‍ എന്ന് പൊതുവെ വ്യവഹരിക്കുന്നത്. പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ മനസ്സ് കലുഷിതമാകേണ്ടതുണ്ടോ?
അടുത്ത നിമിഷത്തില്‍ നമുക്ക് എന്താണ് സംഭവിക്കുക എന്നറിയാതെ ഇഹലോകം കെട്ടിപ്പടുക്കാനും വെട്ടിപ്പിടിക്കാനുമുള്ള നെട്ടോട്ടത്തിലാണ് നാം. ആ തിരക്കിനിടയില്‍ നാം നമ്മെ മറക്കുന്നു. രക്തബന്ധങ്ങള്‍ അറുത്തെറിയുന്നു. ഉന്നതമായ മൂല്യങ്ങളും വ്യക്തിത്വ ഗുണങ്ങളും കളഞ്ഞുകുളിക്കുന്നു. ഈ ലോകജീവിതം സ്വര്‍ഗ തുല്യമാക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി ആലോചിച്ചാലോചിച്ച് ചിന്തകള്‍ കാടുകയറുകയും സ്വസ്ഥമായ ഉറക്കം നഷ്ടപ്പെടുകയും ചെയ്യുന്നു. രക്തസമ്മര്‍ദം അമിതമായി ഉയരുന്നതും ഇതിന്റെ ഭാഗമാണ്. ലോകം ഇത്രമേല്‍ പുരോഗമിച്ചിട്ടും രക്തസമ്മര്‍ദം മൂലമാണ് ഹൃദ്രോഗികളുടെ എണ്ണം വര്‍ധിക്കുന്നതും ആശുപത്രികളില്‍ തിരക്കേറുന്നതും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം