Prabodhanm Weekly

Pages

Search

2012 മാര്‍ച്ച്‌ 24

പ്രശ്‌നവും വീക്ഷണവും

എം.വി മുഹമ്മദ് സലീം

ഭൂമിക്കച്ചവടം അനുവദനീയമോ?

ചോദ്യം: ഇന്ന് വ്യാപകമായിക്കൊണ്ടിരിക്കുന്ന ഒന്നാണ് ഭൂമികച്ചവടം. ഇതുസംബന്ധമായി ചില ചോദ്യങ്ങള്‍ മനസ്സിലുയരുന്നു.
1. കച്ചവട ആവശ്യത്തിനായി ഭൂമി വാങ്ങാമോ?
2. ഭൂമി സ്വന്തം പേരില്‍ രജിസ്റര്‍ ചെയ്യുന്നതിന് മുമ്പ് മറിച്ചു വില്‍ക്കുന്നു. ഇതിന്റെ വിധിയെന്താണ്?
3. കച്ചവടാവശ്യത്തിന് വാങ്ങുന്ന ഭൂമിയില്‍ വീടോ, മറ്റു കെട്ടിടമോ നിര്‍മിച്ചതിനു ശേഷമേ വില്‍ക്കാന്‍ പാടുള്ളൂ എന്ന ചിലരുടെ വാദത്തെ എങ്ങനെ കാണുന്നു?
4. ഇങ്ങനെ വാങ്ങി വില്‍ക്കുന്ന ഭൂമിയുടെ സകാത്ത് എങ്ങനെയാണ് കണക്കാക്കുന്നത്?
5. ഈ കച്ചവടം പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഒന്നാണോ?
ഉത്തരം: ചോദ്യകര്‍ത്താവ് ഭൂമി വില്‍പനയിലൂടെ ഉളവാകുന്ന സാമൂഹ്യ പ്രശ്നങ്ങളില്‍ അസ്വസ്ഥനായാണ് ഈ ചോദ്യങ്ങളുന്നയിക്കുന്നത്. ഒരു കച്ചവടവും ജനജീവിതത്തിന് ശല്യമാക്കാനോ ചൂഷണത്തിന്റെ ഉപാധിയാക്കാനോ ഇസ്ലാം അനുവദിക്കുന്നില്ല. അത് ഭൂഇടപാടുകളുടെ മാത്രം പ്രശ്നവുമല്ല. ചോദ്യങ്ങള്‍ക്ക് അക്കമിട്ട് മറുപടി പറയുന്നത് നന്നാവുമെന്ന് തോന്നുന്നു.
1. കച്ചവട ആവശ്യത്തിനായി ഭൂമി, കെട്ടിടങ്ങള്‍, തോട്ടങ്ങള്‍ മുതലായവയെല്ലാം വാങ്ങാം. ശറഇല്‍ ഇതിന് ഒരു നിരോധവും ഇല്ല.
2. ഭൂമി സ്വന്തം പേരില്‍ രജിസ്റര്‍ ചെയ്യാതെ വില്‍ക്കാം. കൈവശം ലഭിക്കണമെന്നു മാത്രം. വില്‍പനക്ക് ഇസ്ലാം നിശ്ചയിക്കുന്ന നിബന്ധന കൈവശമുള്ള സ്വത്താവുക എന്നതാകുന്നു.
3. ഭൂമി വാങ്ങി വില്‍ക്കുന്നതിന് അതില്‍ കെട്ടിടം പണിയണമെന്നോ, പരിഷ്കരണങ്ങള്‍ വരുത്തണമെന്നോ നിബന്ധനയില്ല.
4. ഭൂമി വാങ്ങാന്‍ ഉപയോഗിച്ച ധനത്തിന് സകാത്ത് കൊടുക്കണം. പിന്നീട് വിറ്റുകിട്ടുന്ന പണത്തിനും സകാത്ത് കൊടുക്കണം. രണ്ടര ശതമാനമാണ് സകാത്തായി നല്‍കേണ്ടത്.
5. ഭൂമി, കെട്ടിടം, തോട്ടങ്ങള്‍ മുതലായവയുടെ വില്‍പന ആഗോളതലത്തില്‍ നടക്കുന്നതാണ്. ഇതിന്റെ വിധികള്‍ പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് നിരുത്സാഹപ്പെടുത്തണമെന്ന് ആരെങ്കിലും പറഞ്ഞതായറിയില്ല.
ഇ.പി.എഫിലൂടെ ലഭിക്കുന്ന പലിശ?
ചോദ്യം: സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ഇ.പി.എഫില്‍ തൊഴിലാളിയും തൊഴിലുടമയും അവരുടെ വിഹിതമായി അടക്കുന്ന സംഖ്യയോടൊപ്പം പലിശ വിഹിതം കൂടി ചേര്‍ത്താണ് പിരിയുന്ന സമയത്ത് തൊഴിലാളിക്ക് ലഭിക്കുന്നത്. നീണ്ടകാലം സര്‍വീസില്‍ തുടരുകയും പെന്‍ഷന്‍ പറ്റി പിരിയുകയും ചെയ്യുന്ന തൊഴിലാളിക്ക് അടച്ചതിന് മുകളില്‍ ലഭിക്കുന്ന സംഖ്യ അനുവദനീയമാകുമോ?
ഉത്തരം: ഇസ്ലാം കഠിനമായി വിരോധിച്ച സാമ്പത്തിക വരുമാനമാണ് പലിശ. ഒരു സത്യവിശ്വാസി അതില്‍നിന്ന് പരമാവധി അകന്നു നില്‍ക്കണം. പലിശ വാങ്ങുന്നവനും കൊടുക്കുന്നവനും രേഖപ്പെടുത്തുന്നവനും സാക്ഷ്യം വഹിക്കുന്നവനുമെല്ലാം ശപിക്കപ്പെട്ടവരാണെന്ന് നബി(സ) പഠിപ്പിച്ചിരിക്കുന്നു.
തൊഴിലാളിയുടെ ശമ്പളത്തിന്റെ ഒരു ചെറിയ ശതമാനവും തൊഴില്‍ ദാതാവില്‍നിന്ന് തത്തുല്യവിഹിതവും ശേഖരിക്കുന്നതാണല്ലോ പ്രോവിഡന്റ് ഫണ്ട്. ഈ സംഖ്യയില്‍ നിശ്ചിത ശതമാനം പലിശ ചേര്‍ത്താണ് ഫണ്ട് തൊഴിലാളിക്ക് തിരിച്ചു നല്‍കുന്നത്. തന്റെ വേതനത്തില്‍നിന്ന് പിടിച്ച സംഖ്യ കണക്കാക്കിയാല്‍ അതിന്റെ ഇരട്ടി പലിശ കലരാത്ത മൂലധനമാണ്. ഫണ്ട് കൈപറ്റുമ്പോള്‍ അര്‍ഹമായ ഈ മൂലധനം സ്വീകരിക്കുകയും അധികമുള്ള സംഖ്യ ദരിദ്രര്‍ക്കോ ധര്‍മസ്ഥാപനങ്ങള്‍ക്കോ നല്‍കുകയും ചെയ്താല്‍ പലിശ കലരാത്ത ശുദ്ധമായ സമ്പത്ത് അനുഭവിക്കാം. ഇതാണ് സൂക്ഷ്മതയുള്ള പണ്ഡിതന്മാര്‍ പഠിപ്പിക്കുന്ന രീതി. സര്‍ക്കാര്‍ സ്കീമുകളില്‍ മിക്കതും ഇങ്ങനെ പലിശയില്‍ അധിഷ്ഠിതമാണ്. അതിനാല്‍ ആ പലിശ അനുവദനീയമാണെന്നു പറയാന്‍ തെളിവില്ല.
സകാത്ത് അമുസ്ലിംകള്‍ക്ക് നല്‍കാമോ?
ചോദ്യം: സകാത്ത് അമുസ്ലിം സഹോദരങ്ങള്‍ക്ക് കൊടുക്കുന്നതില്‍ കുഴപ്പം ഉണ്ടോ? ഖുര്‍ആനിലോ ഹദീസിലോ അമുസ്ലിംകള്‍ക്ക് സകാത്ത് കൊടുക്കുന്നതിനെപ്പറ്റി പറയുന്നുണ്ടോ? മദ്ഹബ് ഇമാമുകളുടെ അഭിപ്രായം എന്താണ്?
ഉത്തരം: ഇസ്ലാമിക കര്‍മശാസ്ത്ര പണ്ഡിതന്മാരില്‍ നാലു മദ്ഹബുകളുടെ പണ്ഡിതന്മാരും ഭൂരിപക്ഷം പൂര്‍വികരും അഭിപ്രായപ്പെടുന്നത് സകാത്ത് അമുസ്ലിംകള്‍ക്ക് നല്‍കാന്‍ പാടില്ല എന്നാണ്. മതനിഷ്ഠയില്ലാത്ത മുസ്ലിംകള്‍ക്ക് സകാത്ത് നല്‍കാന്‍ പാടില്ല എന്നും ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നുണ്ട്.
ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥിതിയുടെ അതി പ്രധാന ഘടകങ്ങളിലൊന്നാണ് സകാത്ത്. ഇത് ശറഇല്‍ നിര്‍ദേശിച്ച രൂപത്തില്‍ നടപ്പാക്കാന്‍ ഒരിസ്ലാമിക ഭരണ വ്യവസ്ഥ അനിവാര്യമാണ്. ധനികരുടെ സ്വത്ത് വിവരം പരിശോധിച്ച് കൃത്യമായി കണക്കാക്കി സകാത്ത് ശേഖരിക്കാന്‍ ഭരണാധികാരം ആവശ്യമാണ്. സകാത്ത് നല്‍കാന്‍ വിസമ്മതിച്ചവരോട് ഒന്നാം ഖലീഫ അബൂബക്കര്‍(റ) യുദ്ധം ചെയ്തത് പ്രസിദ്ധമാണല്ലോ!
രാഷ്ട്രം പൌരന്മാര്‍ക്കിടയില്‍ സാമ്പത്തിക സമീകരണം സാധിക്കാനും ഉള്ളവരുടെയും ഇല്ലാത്തവരുടെയും ഇടയില്‍ അകലം കുറച്ചുകൊണ്ടുവരാനും അവലംബിക്കുന്നത് സകാത്തിനെയാണ്. ഈ അടിസ്ഥാനത്തില്‍ ഇസ്ലാമിക രാഷ്ട്രത്തിലെ അമുസ്ലിം പൌരന്മാര്‍ സാമ്പത്തിക പരാധീനത അനുഭവിക്കുമ്പോള്‍ അവര്‍ക്കും സകാത്ത് നല്‍കാമെന്ന് ഉമര്‍(റ) അഭിപ്രായപ്പെടുകയും അത് നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. ഇബ്നു സീരീന്‍, സുഹ്രി എന്നീ പൂര്‍വിക പണ്ഡിതന്മാര്‍ ഈ അഭിപ്രായക്കാരാണെന്ന് ഇമാം നവവി(റ) തന്റെ മജ്മൂഇല്‍ രേഖപ്പെടുത്തുന്നു. ജാബിര്‍ബിന്‍ സൈദ്, ഇക്രിമ എന്നീ മഹത്തുക്കളും ഇതേ അഭിപ്രായക്കാരാണ്. എന്നാല്‍ വ്യക്തികളെ ഇസ്ലാമിലേക്കാകര്‍ഷിക്കാന്‍ അവരുമായി നല്ല നിലയില്‍ വര്‍ത്തിക്കാനുള്ള നിര്‍ദേശത്തിന്റെ ഭാഗമായി അവര്‍ക്ക് സകാത്ത് നല്‍കാമെന്ന ഒരഭിപ്രായമുണ്ട്. അമുസ്ലിംകളെ ഉദ്ദേശിച്ചാണ് 'ഹൃദയമിണങ്ങിയവര്‍' എന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ചതെന്ന്(9:60) ഈ അഭിപ്രായക്കാര്‍ പറയുന്നു.
അമുസ്ലിം സഹോദരന്മാര്‍ക്ക് നിര്‍ബന്ധ ദാനമല്ലാത്ത ഇനങ്ങളില്‍നിന്ന് സഹായം നല്‍കാമെന്നതില്‍ എതിരഭിപ്രായമില്ല. മുസ്ലിംകള്‍ ന്യൂനപക്ഷമായി കഴിയുമ്പോള്‍ സകാത്ത് സംഘടിതമായി വിതരണം ചെയ്യാന്‍ കമ്മിറ്റികളും മറ്റുമുണ്ടാക്കി പരമാവധി വ്യവസ്ഥാപിതമാക്കേണ്ടതാണ്. ഇങ്ങനെ രൂപം നല്‍കുന്ന കമ്മിറ്റികള്‍ പൊതുവായി അംഗീകരിക്കപ്പെട്ട അഭിപ്രായങ്ങളാണ് അവലംബിക്കേണ്ടത്.
സകാത്ത് ഒരു വ്യക്തിഗത കര്‍മമായി മാറിയ സാഹചര്യത്തില്‍ അതിന്റെ വിതരണം വളരെ ദുഷ്കരമാണ്. ഈ സാഹചര്യമാണ് സകാത്ത് ദരിദ്രര്‍ക്ക് നേരിട്ടുകൊടുക്കുന്ന നിലവിലുള്ള രീതിക്ക് ജന്മം നല്‍കിയത്. അതില്‍നിന്ന് ചെറിയ ഒരു പുരോഗതിയാണ് സംഘടിത സകാത്ത് വിതരണ സംരംഭങ്ങള്‍. വിതരണവും ശേഖരണവും ശാസ്ത്രീയമാകുമ്പോള്‍ ദാരിദ്യ്ര നിര്‍മാര്‍ജനത്തിന് സകാത്ത് പര്യാപ്തമാകും. അപ്പോള്‍ സമൂഹത്തിലെ അമുസ്ലിംകളുടെയും ദാരിദ്യ്രനിവാരണം നടത്താം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം