സാമ്പത്തിക സംഘാടനത്തിന്റെ ലക്ഷ്യങ്ങള്‍-3 - സകാത്തിന്റെ സാമൂഹികത
സമ്പാദിച്ചത് നിയമാനുസൃതമാണെങ്കില്‍ തന്നെ പിന്നെയും അത് ചില വ്യവസ്ഥകള്‍ക്ക് വിധേയമാണ്. ഒരാള്‍ സ്വന്തം ആവശ്യങ്ങള്‍ക്ക് ചെലവഴിക്കുകയാണെങ്കിലും അത് തന്റെ ധാര്‍മിക, സദാചാര ജീവിതത്തിന് പരിക്കേല്‍പിക്കുന്ന തരത്തിലോ പൊതു താല്‍പര്യങ്ങളെ അപകടപ്പെടുത്തുന്ന വിധത്തിലോ ആകാന്‍ പാടില്ല. കള്ള് കുടിക്കാനോ അവിഹിത ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടാനോ ചൂതാടാനോ തന്റെ ധനം തുലച്ചുകളയാന്‍ വ്യക്തിക്ക് അനുവാദമില്ല. നിയമവിരുദ്ധമായ എല്ലാ സുഖാനന്ദങ്ങളും കര്‍ശനമായി തടഞ്ഞിരിക്കുകയാണ്. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും പാത്രങ്ങളില്‍ ഭക്ഷണം കഴിക്കുക പോലുള്ള അസാധാരണവും വളരെ ചെലവേറിയതുമായ ജീവിതശൈലിയാണ് ഒരാള്‍ സ്വീകരിക്കുന്നതെങ്കില്‍ തീര്‍ച്ചയായും അയാള്‍ക്ക് നിയന്ത്രണങ്ങള്‍ വീഴും. വിനിമയത്തിന് നല്‍കാതെ ധനം കെട്ടിപ്പൂട്ടി വെക്കുന്നതും ഇസ്‌ലാം അനുവദിക്കുകയില്ല. നിക്ഷേപങ്ങളൊക്കെയും വിനിമയം (circulation) ചെയ്യപ്പെടണം, നിയമാനുസൃത വഴികളിലൂടെ.
വ്യക്തിയുടെ സമ്പാദ്യത്തിനു മേല്‍ ഇസ്‌ലാം പ്രത്യേകമായി ചുമത്തുന്ന ഒന്നാണ് സകാത്ത്. അത്തരം സമ്പാദ്യങ്ങളുടെ നിശ്ചിത വിഹിതം നിര്‍ബന്ധമായും സമൂഹത്തിലെ അശരണര്‍ക്കും സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ക്കുമായി നീക്കിവെക്കേണ്ടതാണ്. സമ്പത്തിങ്ങനെ കുമിച്ച് കൂട്ടിവെക്കുന്നത് ഇസ്‌ലാം ഏറ്റവുമധികം വെറുക്കുന്ന ഒന്നാണെന്ന് ഖുര്‍ആന്‍ വായിക്കുമ്പോള്‍ നിങ്ങള്‍ക്ക് ബോധ്യപ്പെടും. സ്വര്‍ണവും വെള്ളിയും കൂട്ടിവെക്കുന്നവന്റെ ദേഹത്ത് പരലോകത്ത് വെച്ച് അതേ ലോഹങ്ങള്‍ ഉരുക്കിയൊഴിച്ച് മുദ്ര വെക്കുമെന്നാണ് ഖുര്‍ആന്‍ പറയുന്നത്. മൊത്തം മനുഷ്യര്‍ക്കും പ്രയോജനം ലഭിക്കുന്നതിനാണ് അല്ലാഹു ലോകത്ത് സമ്പത്ത് സൃഷ്ടിച്ചിരിക്കുന്നത് എന്നതാണിതിന് കാരണം. അത് കെട്ടിപ്പൂട്ടി വെക്കാന്‍ ഒരാള്‍ക്കും അവകാശമില്ല. ശരിയായ വഴി ഇതാണ്: നിയമാനുസൃതമായ മാര്‍ഗത്തിലൂടെ സമ്പാദിക്കുക, ന്യായമായ സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടി അതില്‍ നിന്ന് ചെലവഴിക്കുക, ബാക്കിയുള്ളത് നിയമാനുസൃത മാര്‍ഗങ്ങളിലൂടെ വിനിമയം ചെയ്യപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുക.
ഇസ്‌ലാം പൂഴ്ത്തിവെപ്പ് തടയാനും ഇതുതന്നെ ന്യായം. ഉല്‍പന്നങ്ങള്‍ മാര്‍ക്കറ്റിലിറക്കാതെ കൃത്രിമ ക്ഷാമമമുണ്ടാക്കി അവക്ക് വില വര്‍ധിപ്പിക്കാന്‍ മനഃപൂര്‍വം ശ്രമിക്കുന്നതിനെയാണ് പൂഴ്ത്തിവെപ്പ് എന്ന് പറയുന്നത്. ഒരാള്‍ കച്ചവടം ചെയ്യുന്നത് ന്യായമായ രീതിയിലേ ആകാവൂ എന്നാണ് ഇസ്‌ലാമിന്റെ അനുശാസന. നിങ്ങളുടെ കൈവശം വില്‍ക്കാന്‍ വേണ്ടിയുള്ള ഉല്‍പന്നങ്ങളുണ്ടെങ്കില്‍ കമ്പോളത്തില്‍ അവക്ക് ആവശ്യക്കാരുണ്ട്. ആ വില്‍പന വേണ്ടെന്ന് വെക്കാന്‍ നിങ്ങള്‍ക്ക് ന്യായമായ ഒരു കാരണവുമില്ല.
മാര്‍ക്കറ്റില്‍ ക്ഷാമമുണ്ടാക്കുന്നതിനായി ഒരു കച്ചവടക്കാരന്‍ മനഃപൂര്‍വം സാധനങ്ങള്‍ പൂഴ്ത്തിവെക്കുന്നുണ്ടെങ്കില്‍ അതയാളെ ഒരു കൊള്ളക്കാരനാക്കി മാറ്റും. അന്യായമായ രീതിയില്‍ കുത്തകകള്‍ ഉയര്‍ന്നുവരുന്നതിനെ ഇസ്‌ലാം എതിര്‍ക്കുന്നതും അതുകൊണ്ടാണ്. കുത്തകവത്കരണം സാധാരണക്കാരന് സാമ്പത്തിക വിഭവങ്ങള്‍ കൈയെത്തിപ്പിടിക്കാനുള്ള വഴികള്‍ അടച്ചുകളയുകയാണ് ചെയ്യുന്നത്. ചില സാമ്പത്തിക അവസരങ്ങളും ഉപാധികളും നിര്‍ണിത വ്യക്തികള്‍ക്കോ കുടുംബങ്ങള്‍ക്കോ വര്‍ഗങ്ങള്‍ക്കോ സംവരണം ചെയ്യുന്നതിനെയും മറ്റുള്ള വിഭാഗങ്ങള്‍ക്ക് അങ്ങോട്ട് പ്രവേശനം നിഷേധിക്കുന്നതിനെയും ഇസ്‌ലാം അംഗീകരിക്കുകയില്ല.
ഏതെങ്കിലും തരത്തിലുള്ള കുത്തക ഇസ്‌ലാം അനുവദിക്കുകയാണെങ്കില്‍ തന്നെ പൊതുതാല്‍പര്യം സംരക്ഷിക്കാന്‍ അത് അനിവാര്യമാണെന്ന് കണ്ടെങ്കില്‍ മാത്രമാണ്. മറ്റു സന്ദര്‍ഭങ്ങളിലെല്ലാം സാമ്പത്തിക പ്രവര്‍ത്തന മേഖല എല്ലാവര്‍ക്കുമായി തുറന്നു കൊടുക്കാനും അങ്ങനെ വ്യക്തിക്ക് തന്റെ ശേഷികള്‍ പൂര്‍ണമായി ഉപയോഗപ്പെടുത്താനുള്ള അവസരം സൃഷ്ടിക്കാനുമാണ് ഇസ്‌ലാം ആഗ്രഹിക്കുന്നത്.
സാമൂഹിക അവകാശങ്ങള്‍
വ്യക്തിയുടെ സമ്പത്തിനല്ല, സാമൂഹിക അവകാശങ്ങള്‍ക്കാണ് മുന്‍ഗണനയെന്ന് ഖുര്‍ആന്‍ പല രീതിയില്‍ വ്യക്തമാക്കുന്നുണ്ട്. അടുത്ത ബന്ധുക്കളുടെ അവകാശങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് ഖുര്‍ആനില്‍ ധാരാളമായി കാണാം. ഏതൊരു വ്യക്തിയുടെയും സ്വകാര്യ സ്വത്തില്‍ അയാളുടെ ബന്ധുക്കള്‍ക്കും അവകാശമുണ്ടെന്നാണ് അതിനര്‍ഥം. ഈ വ്യക്തി സ്വന്തം ചെലവ് കഴിച്ച് മിച്ചം വെക്കുന്നുണ്ടെങ്കില്‍ പ്രയാസപ്പെടുന്ന തന്റെ ബന്ധുവിനെ സഹായിക്കാന്‍ ബാധ്യസ്ഥനാണ്. രാജ്യത്തെ ഓരോ കുടുംബവും ഈവിധം അവശ കുടുംബാംഗങ്ങളെ സഹായിക്കാന്‍ മുന്നോട്ട് വരികയാണെങ്കില്‍ പുറത്ത് നിന്നുള്ള സഹായം ഇല്ലാതെ തന്നെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. മനുഷ്യരുടെ അവകാശങ്ങള്‍ (ഹഖൂഖുല്‍ ഇബാദ്) പറഞ്ഞേടത്ത് മാതാപിതാക്കളെയും ബന്ധുക്കളെയും ഖുര്‍ആന്‍ ആദ്യം എടുത്ത് പറയുന്നത് അതുകൊണ്ടാണ്.
വ്യക്തിയുടെ സ്വകാര്യ സ്വത്തില്‍ തന്നെ അയല്‍വാസിക്കും അവകാശമുണ്ടെന്ന് ഖുര്‍ആന്‍ പറയുന്നു. ഒരു പ്രദേശത്ത്, ഒരു തെരുവില്‍, ഒരു വാര്‍ഡില്‍ താമസിക്കുന്ന ധനികന്‍ ദുരിത ജീവിതം നയിക്കുന്ന തന്റെ അയല്‍പക്കക്കാരായ പാവങ്ങളെ സഹായിച്ചിരിക്കണം എന്നര്‍ഥം. ഈ രണ്ട് വിഭാഗവും കഴിഞ്ഞാല്‍, പിന്നെ ഖുര്‍ആന്‍ പറയുന്നത് സാമ്പത്തിക സഹായം ആവശ്യമുള്ള മറ്റുള്ളവരെക്കുറിച്ചാണ്. സഹായം തേടി വരുന്നവന്നും (സാഇല്‍) ജീവിത വിഭവങ്ങള്‍ നിഷേധിക്കപ്പെടുന്നവന്നും (മഹ്‌റൂം) അവകാശമുണ്ടെന്ന് ഉണര്‍ത്തുന്നു. 'സാഇല്‍' എന്ന് പറയുന്നത് യാചന തൊഴിലാക്കിയവരെ കുറിച്ചല്ല. ശരിക്കും നിങ്ങളുടെ സഹായം ആവശ്യമുള്ളവരെക്കുറിച്ചാണ്. സഹായം കൊടുക്കുന്നതിന് മുമ്പ് നിങ്ങള്‍ അക്കാര്യം അന്വേഷിച്ച് ഉറപ്പ് വരുത്തുകയും വേണം. അയാള്‍ സഹായം അത്യാവശ്യമുള്ളവനാണെന്ന് ബോധ്യപ്പെട്ട് കഴിഞ്ഞാല്‍, നിങ്ങളുടെ സ്വത്തില്‍ അയാള്‍ കൂടി അവകാശിയായി എന്ന് മനസ്സിലാക്കണം.
ഇവിടെ 'മഹ്‌റൂം' എന്നു പറഞ്ഞിരിക്കുന്നത് തീര്‍ത്തും അശരണനാണെങ്കിലും ഒരാളുടെയും സഹായം ആവശ്യപ്പെടാത്തവനെക്കുറിച്ചാണ്. പക്ഷേ, അയാളുടെ അവസ്ഥ എന്താണെന്ന് നിങ്ങള്‍ക്ക് അറിയാം. അയാള്‍ക്കും നിങ്ങളുടെ സ്വത്തില്‍ അവകാശമുണ്ടായിരിക്കും. ഇതിനു ശേഷവും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവ് ചെയ്യൂ എന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. ഒരു സമൂഹത്തിന്/ രാഷ്ട്രത്തിന് വ്യക്തിയുടെ സ്വത്തില്‍ അവകാശമുണ്ടെന്നാണ് അത് സ്ഥാപിക്കുന്നത്. ഉദാരത, വിശാല ഹൃദയത്വം, സഹജീവി സ്‌നേഹം തുടങ്ങിയ അത്യുല്‍കൃഷ്ട ഗുണങ്ങള്‍ ഒരു വിശ്വാസിയില്‍ നട്ടുവളര്‍ത്തുകയാണ് ഇത്തരം സാമ്പത്തിക ഉദ്‌ബോധനങ്ങളുടെയെല്ലാം ലക്ഷ്യം. ഈ ധനവ്യയത്തിനൊന്നും വ്യക്തിപരമോ സ്വാര്‍ഥപരമോ ആയ ലക്ഷ്യങ്ങളില്ല; ദൈവപ്രീതി മാത്രമാണ് വിശ്വാസി ആഗ്രഹിക്കുന്നത്. സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും ആ സഹായത്തിന്റെ പ്രതിഫലനങ്ങള്‍ ചെന്നെത്തുകയും ചെയ്യുന്നു. ഇങ്ങനെ ഓരോ മുസ്‌ലിമിനെയും വിദ്യാഭ്യാസം ചെയ്യിച്ചും പരിശീലനം നല്‍കിയും ഇസ്‌ലാമികമായ ഒരു സാമൂഹികാന്തരീക്ഷം സൃഷ്ടിച്ചും ധാര്‍മികതയുടെ ഒരു മഹാ പ്രവാഹത്തെ വ്യക്തിയിലേക്ക് തുറന്നുവിടുകയാണ് ഇസ്‌ലാം. അങ്ങനെ ഒരാളും നിര്‍ബന്ധിക്കാതെയും സമ്മര്‍ദം ചെലുത്താതെയും പൊതു നന്മക്കായി സ്വമേധയാ ഇറങ്ങിത്തിരിക്കാന്‍ ഒരു യഥാര്‍ഥ മുസ്‌ലിമിന് സാധിക്കുന്നു.
സകാത്തും ടാക്‌സും
സ്വമേധയാ ചെയ്യേണ്ട ദാനധര്‍മങ്ങളെക്കുറിച്ചാണ് നാം പറഞ്ഞുവന്നത്. നിര്‍ബന്ധമായി നല്‍കേണ്ട ദാനവുമുണ്ട്. അതാണ് സകാത്ത്. സൂക്ഷിച്ച് വെച്ച ധനം, കച്ചവടവസ്തുക്കള്‍, പലതരത്തിലുള്ള ബിസിനസ് സംരംഭങ്ങള്‍, കാര്‍ഷികോല്‍പന്നങ്ങള്‍, കന്നുകാലികള്‍ തുടങ്ങിയവക്കൊക്കെ ഇത് ബാധകമാവും. സാമ്പത്തികമായി അവശതയനുഭവിക്കുന്ന വിഭാഗങ്ങള്‍ക്ക് താങ്ങ് നല്‍കാനുള്ള ഫണ്ട് സ്വരൂപിക്കുകയാണ് അതുകൊണ്ടുള്ള ലക്ഷ്യം.
ഈ രണ്ട് തരത്തിലുള്ള ദാനധര്‍മങ്ങളെയും നമുക്ക് നഫ്ല്‍ (നിര്‍ബന്ധമല്ലാത്തത്) നമസ്‌കാരത്തോടും ഫര്‍ദ് (നിര്‍ബന്ധമായത്) നമസ്‌കാരത്തോടും താരതമ്യം ചെയ്യാം. നഫ്ല്‍ നമസ്‌കാരങ്ങള്‍ നിങ്ങള്‍ക്ക് എത്രയധികവും നിര്‍വഹിക്കാം, എത്ര കുറച്ചും നിര്‍വഹിക്കാം. നിങ്ങള്‍ ആത്മീയമായി മുന്നേറി എത്രമാത്രം അല്ലാഹുവുമായി അടുക്കുന്നുവോ, അതിനനുസരിച്ച് നിങ്ങളുടെ നഫ്ല്‍ നമസ്‌കാരങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കും. എന്നാല്‍ ഫര്‍ദ് നമസ്‌കാരം എന്തുവന്നാലും നിങ്ങള്‍ നിര്‍വഹിച്ചേ മതിയാകൂ. 'അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ചെലവഴിക്കലും' ഇങ്ങനെ തന്നെ. ഒരിനം ഐഛികവും മറ്റേയിനം നിര്‍ബന്ധവും.
സകാത്ത് ഒരുതരം ടാക്‌സ് ആണെന്ന ധാരണയും നിങ്ങള്‍ തിരുത്തേണ്ടതുണ്ട്. അതൊരു നികുതിയല്ല, പവിത്രമായ ഒരു അനുഷ്ഠാനമാണ്. നമസ്‌കാരത്തെപ്പോലെ ഇസ്‌ലാമിന്റെ പ്രമുഖ സ്തംഭങ്ങളിലൊന്ന്. ആശയപരമായി രണ്ട് വിരുദ്ധ ധ്രുവങ്ങളില്‍ നില്‍ക്കുന്നവയാണ് സകാത്തും ടാക്‌സും. ഒരു വ്യക്തിയില്‍ നിര്‍ബന്ധപൂര്‍വം ചുമത്തപ്പെടുന്ന സാമ്പത്തിക ബാധ്യതയാണ് ടാക്‌സ്. സ്വാഭാവികമായും വ്യക്തിക്കത് ഇഷ്ടമാകണമെന്നില്ല. ടാക്‌സ് പിരിക്കുന്നവന്റെ അനുയായി അല്ല ടാക്‌സ് കൊടുക്കുന്നവന്‍. ആദ്യത്തെയാള്‍ നീതിപൂര്‍വമാണ് പ്രവര്‍ത്തിക്കുന്നതെന്ന് രണ്ടാമത്തെയാള്‍ക്ക്/ ടാക്‌സ് കൊടുക്കുന്നവന് അഭിപ്രായവുമുണ്ടാകില്ല.
ടാക്‌സ് കൊടുക്കുന്നവന്‍ ഇതൊരു ബലപ്രയോഗമായാണ് കാണുക. അതില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള സൂത്രവിദ്യകള്‍ അയാള്‍ പ്രയോഗിക്കുകയും ചെയ്യും. അതുകൊണ്ട് തന്റെ വിശ്വാസപ്രമാണങ്ങള്‍ക്ക് എന്തെങ്കിലും തകരാറ് സംഭവിച്ചതായി അയാള്‍ കരുതുകയില്ല. പൊതു സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്താനാണ് ടാക്‌സ് എന്ന കാര്യവും ഓര്‍ക്കണം. ടാക്‌സ് കൊടുക്കുന്നവന് പകരം ചില പ്രയോജനങ്ങള്‍ ലഭിക്കുന്നുമുണ്ട്. രാഷ്ട്രം ചില സേവനങ്ങള്‍ തനിക്ക് നല്‍കിയിരിക്കണം എന്ന് പൗരന്‍ ആവശ്യപ്പെടുന്നുണ്ടെങ്കില്‍, തന്റെ ധനസ്ഥിതിക്ക് ആനുപാതികമായി ഒരു സംഖ്യ തിരിച്ചു നല്‍കാനും ആ പൗരന്‍ ബാധ്യസ്ഥനാണ്. ഇതാണ് ടാക്‌സ് ചുമത്തുന്നതിനുള്ള ന്യായം. എന്നാല്‍ സകാത്ത്, നമസ്‌കാരം പോലെ ഒരു അനുഷ്ഠാന കര്‍മമാണ്. പാര്‍ലമെന്റോ അസംബ്ലിയോ നിയമം പാസ്സാക്കിയല്ല അത് ചുമത്തുന്നത്. മുസ്‌ലിംകള്‍ തങ്ങളുടെ രക്ഷിതാവായി കാണുന്ന അല്ലാഹുവാണ് അത് ചുമത്തുന്നത്. തന്റെ വിശ്വാസ പ്രമാണം സംരക്ഷിക്കണമെന്ന് ആഗ്രഹമുള്ള ഒരാളും കബളിപ്പിക്കാനോ സകാത്ത് വെട്ടിപ്പിനോ തുനിയുകയില്ല. സകാത്ത് കണക്കാക്കാനോ സ്വീകരിക്കാനോ പുറമെ നിന്ന് ഒരാളും വന്നില്ലെങ്കിലും വിശ്വാസി തന്റെ സകാത്ത് സ്വയം കണക്കാക്കി സ്വമേധയാ അത് നല്‍കിയിരിക്കും. പൊതുസ്വത്തില്‍ നിന്ന് പല കാരണങ്ങളാല്‍ കാര്യമായൊന്നും ലഭിക്കാതെ, സ്ഥിരമായോ താല്‍ക്കാലികമായോ നിസ്സഹായരും ആലംബഹീനരുമായി കഴിയുന്നവര്‍ക്ക് സംവരണം ചെയ്യപ്പെട്ടതാണ് സകാത്ത് എന്ന പ്രത്യേകതയും ഉണ്ട്.
സ്വഭാവത്തിലും രൂപത്തിലും ചൈതന്യത്തിലുമൊന്നും സകാത്തും ടാക്‌സും തമ്മില്‍ സാദൃശ്യങ്ങളില്ല. റോഡ്, റെയില്‍, കനാല്‍ പോലുള്ള നിര്‍മാണ പ്രവൃത്തികള്‍ക്കോ ഭരണസംബന്ധമായ മറ്റു കാര്യങ്ങള്‍ക്കോ സകാത്ത് വിഹിതം വഴിതിരിച്ചുവിടാന്‍ പറ്റില്ല. ദൈവ നിര്‍ദേശ പ്രകാരം, ഒരു നിര്‍ണിത വിഭാഗം ആളുകളുടെ ആവശ്യങ്ങളും അവകാശങ്ങളും വകവെച്ചുകൊടുക്കുന്നതിന് വേണ്ടിയുള്ള സംവിധാനമാണത്. ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസ പ്രമാണങ്ങളുമായി ബന്ധപ്പെട്ട ഒന്ന്. സകാത്ത് കൊടുക്കുന്നവന്‍ ദൈവത്തിന്റെ പൊരുത്തവും തൃപ്തിയുമല്ലാതെ മറ്റൊന്നും പകരമായി ആഗ്രഹിക്കുന്നില്ല.
ഇസ്‌ലാമില്‍ സകാത്തും ഖറാജും (ഭൂനികുതി) അല്ലാതെ മറ്റു നികുതിയിനങ്ങളൊന്നും ഇല്ലെന്ന മിഥ്യാധാരണയില്‍ കുടുങ്ങിപ്പോയിട്ടുണ്ട് ചിലര്‍. പക്ഷേ, പ്രവാചകന്‍ തിരുമേനി വ്യക്തമായും പ്രഖ്യാപിച്ചിട്ടുണ്ട്, 'സകാത്ത് അല്ലാതെയും ആളുകളുടെ ധനത്തില്‍ കൊടുത്ത് വീട്ടേണ്ട ബാധ്യതകള്‍ ഉണ്ട്' എന്ന്. ചരിത്രത്തില്‍ പല നികുതികളും ഇസ്‌ലാമിക ഭരണകര്‍ത്താക്കള്‍ റദ്ദാക്കിയിട്ടുണ്ടെന്നത് നേരാണ്. അത് പക്ഷേ, സീസര്‍മാരും ചക്രവര്‍ത്തിമാരും പ്രഭുക്കന്മാരുമൊക്കെ ജനങ്ങള്‍ക്ക് മേല്‍ അന്യായമായി അടിച്ചേല്‍പിച്ച നികുതികളായിരുന്നു. അവരുടെ സ്വന്തം അക്കൗണ്ടിലേക്കാണ് ആ നികുതികള്‍ പോയിരുന്നത്. എത്ര നികുതി ചുമത്തി, അത് എങ്ങനെയൊക്കെ ചെലവഴിച്ചു എന്ന് അവര്‍ക്ക് ആരോടും കണക്ക് ബോധിപ്പിക്കേണ്ടതില്ലായിരുന്നു. ശൂറ (കൂടിയാലോചന)യുടെ അടിസ്ഥാനത്തില്‍ ഭരണം നടത്തുന്ന ഒരു ഗവണ്‍മെന്റ് ജനങ്ങളുടെ അംഗീകാരം വാങ്ങിയ ശേഷമാണ് നികുതിയിനങ്ങള്‍ പ്രഖ്യാപിക്കുക. ആ നികുതികളത്രയും പൊതുഖജനാവില്‍ എത്തിച്ചേരും. വന്നതിന്റെയും ചെലവഴിച്ചതിന്റെയും കണക്കുകള്‍ സൂക്ഷിക്കും. നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെ ചില വ്യക്തികള്‍ സമ്പത്ത് കുന്നുകൂട്ടുന്നുണ്ടെങ്കില്‍ ആ സാമൂഹിക തിന്മകള്‍ക്ക് ഇസ്‌ലാം പരിഹാരം കാണുക സ്വകാര്യ സമ്പത്ത് അപ്പാടെ പിടിച്ചെടുത്തു കൊണ്ടല്ല; നികുതി ചുമത്തിക്കൊണ്ടാണ്. സമ്പത്തിന്റെ കേന്ദ്രീകരണം തടയാനുള്ള മറ്റു മാര്‍ഗങ്ങളും സ്വീകരിക്കും. സ്വകാര്യ സ്വത്ത് പിടിച്ചെടുക്കുന്ന രീതി പിന്തുടരുകയാണെങ്കില്‍ അത് ചില കേന്ദ്രങ്ങള്‍ക്ക് അനിയന്ത്രിതമായ അധികാരങ്ങള്‍ നല്‍കും. ഒരു ഏകാധിപത്യത്തിന് പകരം അതിനേക്കാള്‍ മോശമായ മറ്റൊരു ഏകാധിപത്യം പകരം വരും എന്നത് മാത്രമായിരിക്കും മിച്ചം.
(തുടരും)
Comments