ഇനിയും കരയെത്താത്തവരുണ്ട്, ഉള്‍ക്കടലില്‍ നനയുന്നവര്‍
യുദ്ധങ്ങള്‍ക്കും കെടുതികള്‍ക്കുമിടയിലെ ജീവിതം എന്തുമാത്രം അനിശ്ചിതത്വം നിറഞ്ഞതായിരിക്കും! എല്ലാം നേരെയാകും എന്ന പ്രതീക്ഷയില്‍ ജീവിതം മുന്നോട്ടു നയിക്കുന്ന ഒരു കൂട്ടം മനുഷ്യര്‍. എന്നാല്‍ അവര്‍ക്കു മീതെ ഇരുട്ടിന് കട്ടി കൂടുന്നു എന്നല്ലാതെ മറ്റൊന്നും സംഭവിക്കുന്നില്ല. കലഹങ്ങള്‍ കേട്ടാണവര്‍ ഉറക്കമുണരുന്നത്, വെടിയൊച്ചകളാണവര്‍ കണി കേള്‍ക്കുന്നത്. സ്വാതന്ത്ര്യം എന്നത് എത്രമാത്രം വലുപ്പമുള്ള ഒന്നാണെന്ന് ഒരുപക്ഷേ ഈ ലോക്ക് ഡൗണ്‍ കാലം നമുക്ക് ബോധ്യപ്പെടുത്തിത്തന്നിരിക്കും. അതിന്റെയെല്ലാം എത്രയോ മടങ്ങ് ദുരിതകാലങ്ങളാണ് ലോകത്തിന്റെ പലഭാഗങ്ങളിലുമുള്ളവര്‍ ജീവിച്ചുതീര്‍ക്കുന്നത്. സ്വന്തം നാട്ടില്‍ അന്യരായി പോകുന്ന മനുഷ്യരുടെ കഥകളാണ് മെലീസ ഫ്‌ളെമിംഗിന്റെ 'എ ഹോപ് മോര്‍ പവര്‍ഫുള്‍ ദാന്‍ ദ സീ' എന്ന നോവല്‍ പറയുന്നത്. നോവലിലാകെ പൊള്ളുന്ന സിറിയയാണ്.
ദുആ എന്ന പെണ്‍കുട്ടിയുടെ ഉശിരിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും കഥയാണിത്. സിറിയയിലെ ദാരായിലാണ് ദുആയുടെ വീട്.
ലോകത്തിന്റെ പല ഭാഗങ്ങളിലും മുല്ലപ്പൂ വിപ്ലവം അലയടിച്ചപ്പോള്‍ സ്വാതന്ത്ര്യത്തിന്റെ കാറ്റ് സിറിയയിലും വിരുന്നെത്തുമെന്ന് പ്രതീക്ഷിച്ച് സമരത്തിനിറങ്ങിയ ചെറുപ്പത്തെക്കുറിച്ച് പുസ്തകത്തില്‍ പറയുന്നു. എന്നാല്‍ ക്രൂരമായാണ് പട്ടാളം എല്ലാത്തിനെയും അടിച്ചമര്‍ത്തിയത്. റഷ്യയും അമേരിക്കയും ഐ.എസും മറ്റനേകം ഗ്രൂപ്പുകളും ചേര്‍ന്ന് സിറിയയെ ദുരന്തഭൂമിയാക്കിത്തീര്‍ത്തു.
സിറിയയില്‍ താമസിക്കുകയെന്നത് ആലോചിക്കാന്‍ പോലും കഴിയാത്ത അവസ്ഥയായി. സിറിയ ചോരയില്‍ കുതിര്‍ന്നുകൊണ്ടിരിക്കുന്ന നേരത്താണ് ഈജിപ്തില്‍ മുഹമ്മദ് മുര്‍സി ഭരണത്തിലെത്തുന്നത്. അഭയാര്‍ഥികളോട് കരുണയുള്ള പുതിയ ഭരണകൂടം ഈജിപ്തില്‍ വന്നപ്പോള്‍ അവിടേക്ക് അഭയാര്‍ഥികളുടെ ഒഴുക്കായി. കുടുംബത്തോടൊപ്പം ദുആ ഈജിപ്തിലേക്ക് പോകുന്നു. മുര്‍സി ഭരണകൂടം നല്ല സ്വീകരണമായിരുന്നു സിറിയന്‍ അഭയാര്‍ഥികള്‍ക്ക് നല്‍കിയത്. എന്നാല്‍ പിന്നീട് പട്ടാളം ഈജിപ്തില്‍ ഭരണം അട്ടിമറിച്ചു. അതോടെ അഭയാര്‍ഥികളുടെ ജീവിതം ദുരിതമയമാവുകയാണ്. മുര്‍സിയുടെ ആളുകളാണെന്നു പറഞ്ഞ് ഭരണകൂടം അവരെ വേട്ടയാടി. എങ്ങനെയെങ്കിലും അവിടെ നിന്ന് രക്ഷപ്പെടണമെന്ന ചിന്തയായിരുന്നു അവര്‍ക്ക്. ദുആയും ഭര്‍ത്താവും യൂറോപ്പിലേക്ക് രക്ഷപ്പെടാനുള്ള ശ്രമങ്ങളുടെ കഥയാണ് മെലീസ ഫഌമിംഗ് പങ്കുവെക്കുന്നത്.
സങ്കടമെന്താണെന്നു വെച്ചാല്‍ ഈ കഥ വായിച്ച് ഇത് കഥയല്ലേ എന്ന് ആശ്വസിക്കാന്‍ വകയില്ല എന്നതാണ്. യഥാര്‍ഥ സംഭവങ്ങളെ ആസ്പദിച്ചാണ് യു.എന്‍ റെഫ്യൂജി ടീമില്‍ ജോലി ചെയ്യുന്ന മെലീസ ഫഌമിംഗ് ഈ നോവല്‍ എഴുതിയിട്ടുള്ളത്. കഥകളേക്കാള്‍ ഭീതിജനകമാണ് യാഥാര്‍ഥ്യങ്ങള്‍ എന്ന സത്യം നമ്മെ തൊട്ടു നോവിക്കുന്നു. കടലിനപ്പുറം കരയുണ്ടല്ലോ, ജീവിതമുണ്ടല്ലോ, സമാധാനവും ആഹ്ലാദങ്ങളുമുണ്ടാകുമല്ലോ എന്ന പ്രതീക്ഷകളുടെ പുറത്താണ് ദുആ അത്യന്തം സാഹസികമായ കടല്‍യാത്രക്ക് തയാറെടുക്കുന്നത്.
ലോകത്തിന്റെ പല കോണുകളില്‍ എങ്ങനെയെല്ലാമാണ് ആളുകള്‍ ജീവിച്ചുതീരുന്നതെന്ന ബോധ്യങ്ങള്‍ പുസ്തകവായനക്കിടെ നമ്മില്‍ ഒരു ആന്തലുയര്‍ത്തും. നമ്മളൊരു ഉള്‍ക്കടലില്‍ പെട്ടതായി തോന്നും, കടലിരമ്പമല്ലാതെ ഒന്നും കേള്‍ക്കാതാകും, ഇനിയും കരയെത്താത്തവരെയോര്‍ത്ത് ഉറക്കം കെടും.
ജീവിതത്തിന് കരയെന്നും പര്യായമുണ്ടെന്ന് സിലബസിനു പുറത്തുള്ള ഈ പുസ്തകം നമ്മെ അഭ്യസിപ്പിക്കും.
Comments