Prabodhanm Weekly

Pages

Search

2020 ജൂലൈ 03

3158

1441 ദുല്‍ഖഅദ് 11

ഭൗമ രാഷ്ട്രീയത്തില്‍ ഉണ്ടാക്കിയേക്കാവുന്ന മാറ്റങ്ങള്‍

പി.പി അബ്ദുര്‍റസാഖ്

[കോവിഡും  കോവിഡാനന്തര ലോകവും ഒരു ഇസ്‌ലാമിക വായന - 2]

ആധുനിക ലോകത്ത്  ആഗോള വ്യാപാരത്തിന്റെയും നിക്ഷേപത്തിന്റെയും സ്റ്റേറ്റിന്റെ നേരിട്ടുള്ള മുതല്‍മുടക്കി (Sovereign Fund)  ന്റെയുമൊക്കെ മുഖ്യ കറന്‍സി ഡോളര്‍ തന്നെയാണ്. അതോടൊപ്പം തന്നെ ആഗോള സാമ്പത്തിക സുസ്ഥിരതക്ക് അമേരിക്കയോ അതിന്റെ ഡോളറോ ഒരു ഗ്യാരന്റിയും ആകില്ല എന്ന യാഥാര്‍ഥ്യത്തെ കോവിഡ് തുറന്നു കാണിക്കുകയും ചെയ്തിട്ടുണ്ട്. കോവിഡ് രൂക്ഷമായി ബാധിച്ച ഇറ്റലി, സ്‌പെയിന്‍ പോലുള്ള പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് അമേരിക്കയോ യൂറോപ്യന്‍ യൂനിയനോ ഏതെങ്കിലും നിലയില്‍ സഹായകമായിട്ടില്ല. ഏതൊരു രാജ്യത്തിന്റെയും സാമ്പത്തിക സുസ്ഥിരതയില്‍ ധനകാര്യ നയ(എശരെമഹ ജീഹശര്യ)ത്തിനു നിര്‍ണായക സ്വാധീനമുണ്ട്. രാജ്യത്തിന്റെ നികുതി വരുമാനത്തിനനുസരിച്ച് ചെലവുകള്‍ ക്രമീകരിക്കുകയും രാജ്യത്തിന്റെ കടം ഏറ്റവും ഉത്തമമായ രൂപത്തില്‍ മാനേജ് ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്ന ഫിസ്‌കല്‍ പോളിസി, അതേ രാജ്യത്തിന്റെ പണ വിതരണക്രമത്തെ സ്വാധീനിക്കുന്ന നാണയ നയ(Fiscal Policy)വുമായി കൈയോടു കൈ ചേര്‍ന്ന് പൊരുത്തപ്പെട്ടുപോകണം.  ഈ രണ്ടു നയങ്ങളുടെ ആരോഗ്യപൂര്‍ണമായ സംയോജനമാണ് ഏതൊരു രാജ്യത്തിന്റെയും സാമ്പത്തികവും സാമൂഹികവുമായ  ലക്ഷ്യങ്ങള്‍ക്ക് മാര്‍ഗ രേഖയാകുന്നത്. യൂറോപ്യന്‍ യൂനിയനിലെ ഓരോ രാജ്യത്തിന്റെയും ഫിസ്‌കല്‍ പോളിസി അതത് രാജ്യങ്ങളില്‍നിന്നും, ഓരോ രാജ്യവുമായി ബന്ധപ്പെട്ട  മോണിറ്ററി പോളിസി  എല്ലാ രാജ്യങ്ങള്‍ക്കുമായി ഫ്രാങ്ക്‌ഫെര്‍ട്ടില്‍നിന്നുമാണ് തീരുമാനിക്കപ്പെടുന്നത്. ഇത് യൂറോപ്യന്‍ യൂനിയന്റെ സാമ്പത്തിക അഖണ്ഡതയെ തന്നെ ബാധിക്കുന്ന വിഷയമാണ്. ഗ്രീസിന്റെയും സ്‌പെയിനിന്റെയുമൊക്കെ സാമ്പത്തിക പ്രതിസന്ധി അനാവരണം ചെയ്തതും മറ്റൊന്നല്ല.
കോവിഡ് അമേരിക്കയില്‍ മാത്രം 3 .8 കോടി ആളുകളുടെ ജോലി നഷ്ടപ്പെടുത്തിയതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.  ഇത് സമ്പദ് വ്യവസ്ഥയില്‍ പൗരന്മാരുടെ ക്രയശേഷി നഷ്ടപ്പെടുത്തി, ഉല്‍പന്നങ്ങള്‍ക്ക് വേണ്ടിയുള്ള ഡിമാന്‍ഡ് കുറച്ചു, വിതരണശൃംഖലയെ അസ്ഥിരപ്പെടുത്തി, അസംസ്‌കൃത പദാര്‍ഥങ്ങള്‍ വില്‍ക്കുന്ന കര്‍ഷകരെ ദോഷകരമായി ബാധിച്ചു. ഇതിന്റെ ചാക്രിക പ്രത്യാഘാതങ്ങള്‍ ഊഹിക്കാവുന്നതാണ്. അമേരിക്കയും ചൈനയുമായി ബന്ധപ്പെട്ട് നേരത്തേ തന്നെ മൂന്നു സൂക്ഷ്മ തലങ്ങളില്‍ ശീതയുദ്ധം നടക്കുന്നുണ്ട്. ചൈനയുമായുള്ള വ്യാപാരത്തില്‍ അമേരിക്കയുടെ കമ്മി 2019-ല്‍ 345 ബില്യന്‍ ഡോളറാണെങ്കില്‍ 2018-ല്‍ അത് 419 ബില്യന്‍ ഡോളറായിരുന്നു. അമേരിക്കയുമായുള്ള ട്രേഡ് ബാലന്‍സില്‍ 345 ബില്യന്‍ ഡോളര്‍  കയറ്റുമതിയുടെ പോസിറ്റീവ് ബാലന്‍സ് ചൈനക്കുള്ളത് രണ്ടു മുന്നണികളില്‍ അമേരിക്ക - ചൈന വടംവലി നടക്കുന്നതിന് കാരണമായിട്ടുണ്ട്. പോസിറ്റീവ് ആയ ട്രേഡ് ബാലന്‍സുള്ള രാജ്യത്തെ സംബന്ധിച്ചേടത്തോളം കറന്‍സി മൂല്യം കുറക്കുന്നത് കയറ്റുമതി വര്‍ധിപ്പിക്കാനും ഇറക്കുമതി കുറക്കാനും ദേശീയ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനും സഹായിക്കുന്നു. ചൈന കറന്‍സിയുടെ മൂല്യത്തില്‍ വരുത്തുന്ന ഈ മാറ്റവും ചൈനീസ് ഉല്‍പന്നങ്ങള്‍ അമേരിക്കന്‍ മാര്‍ക്കറ്റ് കീഴടക്കുന്നതും  അമേരിക്കക്കു ചില്ലറ തലവേദനയല്ല സൃഷ്ടിക്കുന്നത്. ഡോളറിന്റെ മൂല്യം കുറക്കുന്നത് അമേരിക്കക്ക് മറ്റു നിലകളാല്‍ ദോഷകരമാണെന്നതിനാല്‍  ചൈനീസ് ഉല്‍പന്നങ്ങള്‍ക്കുമേല്‍ അധിക താരിഫ് ചുമത്തിയാണ് അമേരിക്ക ഇതിനെ നേരിടുന്നത്. ട്രംപ് അധികാരത്തില്‍ വന്നതില്‍പിന്നെ ഈ മേഖലയിലെ ചൈന-അമേരിക്ക കിടമത്സരം രൂക്ഷമായിരിക്കുകയാണ്.
ചൈന ലോകത്തിലെ ഏറ്റവും വലിയ മാര്‍ക്കറ്റ് ആയതിനാലും, അമേരിക്കയുമായി താരതമ്യം ചെയ്യുമ്പോള്‍ ഉല്‍പാദനച്ചെലവ് കുറവായതിനാലും, അമേരിക്കന്‍ കമ്പനികള്‍ അവരുടെ ഉല്‍പാദനം ചൈനയിലേക്ക് മാറ്റുന്ന പ്രവണതയു്. ഇതും അമേരിക്കക്ക് തലവേദനയാണ്.  ഇതുമായി ചേര്‍ത്തു വായിക്കേണ്ടതു തന്നെയാണ് ചൈനയുടെ വണ്‍ ബെല്‍റ്റ്  വണ്‍ റോഡ് പദ്ധതി. പഴയ പട്ടുപാതയെ പുനരുജ്ജീവിപ്പിക്കുന്ന പദ്ധതിയോ, യൂറോപ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ എഴുപതിലേറെ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ആഗോള വികസന പദ്ധതിയോ മാത്രമല്ല അത്. ആഗോള വാണിജ്യ രംഗത്തും സൈനിക മേഖലയിലും ചൈനയുടെ സമ്പൂര്‍ണമായ ആധിപത്യം കൂടി അത് ലക്ഷ്യം വെക്കുന്നു്. അതുകൊണ്ടുതന്നെ ആ പദ്ധതിയെ തകര്‍ക്കാന്‍ അമേരിക്ക ആവുന്ന പണി മുഴുവന്‍ ചെയ്യുന്നുമുണ്ട്. അമേരിക്ക-ചൈന ബന്ധത്തില്‍ പുതിയൊരു യുദ്ധ മുഖം കൂടി തുറന്നിരിക്കുകയാണ് കോവിഡ് 19.  ചൈനക്ക് അനുകൂലമായ സമീപനം സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് ലോകാരോഗ്യ സംഘടനക്കുള്ള സഹായം നിര്‍ത്തല്‍ ചെയ്ത്  അതില്‍നിന്നും പിന്‍വാങ്ങുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. ചൈനയാകട്ടെ, ലോകാരോഗ്യ സംഘടനക്കും ആഫ്രിക്കന്‍ യൂനിയന്നുമുള്‍പ്പടെ 82 രാജ്യങ്ങള്‍ക്കു കോവിഡ് പ്രതിസന്ധി കാലത്ത് സഹായം പ്രഖ്യാപിക്കുകയും ചെയ്തു.  
ലോകത്തെ വികസ്വരവും അവികസിതവുമായ രാജ്യങ്ങള്‍ക്ക് വികസന-വികസനേതര മേഖലകളില്‍ ധനസഹായം നല്‍കുന്ന വിഷയത്തില്‍ 2009 മുതല്‍ ചൈന അമേരിക്കയെ കവച്ചുവെച്ചുകൊണ്ട് ഏറെ മുന്നോട്ടുപോയ കാര്യവും ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതായിട്ടുണ്ട്. പാകിസ്താന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളിലും മധ്യപൗരസ്ത്യ രാജ്യങ്ങളിലും വടക്കു പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലും വര്‍ധിച്ചുവരുന്ന ചൈനീസ് നിക്ഷേപങ്ങളും കാണാതിരുന്നുകൂടാ. ഇന്ത്യയുടെ ഉപഗ്രഹ രാജ്യമായി മാത്രം ഇന്ത്യ കണ്ടിരുന്ന നേപ്പാള്‍ പോലും അതിര്‍ത്തിപോലും മാറ്റിവരച്ചു കൊണ്ട്  ഇന്ത്യക്കെതിരെ നിലപാട് സ്വീകരിച്ചതും നേരത്തേ ദോക് ലാമിലും ഇപ്പോള്‍ ലഡാക്കിലും ചൈന ഇന്ത്യയുടെ ഭൂമി കൈയേറിയതും, ഇന്ത്യ ഭൂമി വിട്ടുകൊടുത്തുകൊണ്ടു അതിര്‍ത്തി പ്രശ്‌നം പരിഹരിച്ച ബംഗ്ലാദേശ് അതിന്റെ വിദേശകാര്യ മന്ത്രിയെ ഇന്ത്യയിലേക്ക് സന്ദര്‍ശനത്തിന് അയക്കാന്‍ വിസമ്മതിച്ചതുമൊക്കെ ചൈനയുടെ വര്‍ധിച്ചുവരുന്ന സ്വാധീനത്തെയാണ് അടയാളപ്പെടുത്തുന്നത്.  

പശ്ചിമേഷ്യയെ എങ്ങനെ സ്വാധീനിക്കും?

അമേരിക്കയും പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങളും സാമ്പത്തിക പ്രതിസന്ധിയിലകപ്പെടുമ്പോള്‍ അവരുടെ വിധേയത്വത്തില്‍ കഴിയുന്ന എണ്ണസമ്പന്നമായ മധ്യപൗരസ്ത്യ ദേശങ്ങളില്‍ രാഷ്ട്രീയവും സൈനികവുമായ പ്രതിസന്ധികള്‍ രൂപപ്പെടാനുള്ള സാധ്യത ഏറെയാണ്. സൈനിക ശേഷി ഉപയോഗിച്ചു സമ്പദ് ശക്തി വളര്‍ത്തുക, ആ സമ്പദ് ശക്തി ഉപയോഗപ്പെടുത്തി സൈനിക ശേഷി നിലനിര്‍ത്തുക എന്നതാണ് ഈ വിഷയത്തില്‍ പാശ്ചാത്യ രാജ്യങ്ങളും അമേരിക്കയും സ്വീകരിച്ചിരിക്കുന്ന സമവാക്യം. മധ്യപൗരസ്ത്യദേശത്ത് പ്രതിസന്ധിയുണ്ടാക്കി അതിലിടപെട്ട് തങ്ങള്‍ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാനുള്ള പാശ്ചാത്യ രാജ്യങ്ങളുടെയും അമേരിക്കയുടെയും ശ്രമങ്ങള്‍ അഫ്ഗാനിസ്താനും ഇറാഖും തെളിയിച്ചതുപോലെ, ആ രണ്ടു രാജ്യങ്ങളെയും നശിപ്പിച്ചുവെങ്കിലും, അത് ബൂമറാങ് ആയും  കലാശിക്കാറുണ്ട്. നവംബറില്‍ അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പു നടക്കുകയാണ്. അതിനാല്‍ കോവിഡാനന്തരം മധ്യപൗരസ്ത്യ ദേശത്ത് പുതിയ ചില ഇടപെടലുകള്‍ നടന്നുകൂടായ്കയില്ല. പതിവു രീതിയിലായിരിക്കുമോ അതല്ല വല്ല പുതിയ രീതിയും ആവിഷ്‌കരിക്കുമോ എന്നും കണ്ടറിയണം. ഉപരോധം കൊണ്ട് ഇറാന്‍ സാമ്പത്തികമായി ഏറെ ദുര്‍ബലപ്പെട്ടിരിക്കുന്നു. എണ്ണ വിലയിടിവ് ഇറാനെയും ഇറാഖിനെയും കൂടുതല്‍ ദുര്‍ബലപ്പെടുത്തും. മധ്യപൗരസ്ത്യ ദേശത്ത് കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ചത് ഇറാനെയാണ്. ഇറാനാകട്ടെ, ലബനാനിലും സിറിയയിലും ഇറാഖിലും യമനിലും സൈനിക സ്വാധീനം വര്‍ധിപ്പിച്ചുകൊണ്ടേയിരിക്കുന്നുമുണ്ട്.  ഈ പേര് പറഞ്ഞ് ഇറാനെ കേന്ദ്രീകരിച്ച് ഒരു പുതിയ പ്രതിസന്ധി സൃഷ്ടിച്ചായിരിക്കുമോ അമേരിക്ക തങ്ങള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികള്‍ക്ക് പരിഹാരം തേടാന്‍ ശ്രമിക്കുക?
1989-ലെ സോവിയറ്റ് യൂനിയന്റെ തിരോധാനം, 1990 -ലെ ബെര്‍ലിന്‍ മതിലിന്റെ തകര്‍ച്ച, ഇറാഖിന്റെ കുവൈത്ത് അധിനിവേശത്തെ തുടര്‍ന്ന് അമേരിക്ക നേതൃത്വം നല്‍കിയ രാം ഗള്‍ഫ് യുദ്ധം ഇതൊക്കെയാണ് ദ്വിധ്രുവ ലോകഘടനക്ക് അന്ത്യം കുറിച്ച്  അമേരിക്കന്‍ നേതൃത്വത്തിലുള്ള ഏകധ്രുവ ലോകം രൂപപ്പെടുത്തിയത്. തുടര്‍ന്ന് അമേരിക്കക്ക് അഫ്ഗാനിസ്താനിലും ഇറാഖിലുമുണ്ടായ തിരിച്ചടികള്‍, വിദേശ രാജ്യങ്ങളില്‍ സൈനിക ഇടപെടല്‍ നടത്തുന്നതില്‍ അമേരിക്കന്‍ ജനതക്കുള്ള  വൈമുഖ്യം, അതിലുണ്ടാവുന്ന അമേരിക്കന്‍ സൈനികരുടെ മരണവും സാമ്പത്തിക നഷ്ടവും, കോവിഡ് തുറന്നുകാട്ടിയ അമേരിക്കയുടെ ആഭ്യന്തര ദൗര്‍ബല്യങ്ങള്‍, അമേരിക്കയില്‍ ശക്തിപ്പെട്ടുവരുന്ന വംശീയ സംഘര്‍ഷങ്ങളും വൈറ്റ് സൂപ്പര്‍മാസിസവും,  ഉക്രൈനിന്റെ ഭാഗമായിരുന്ന ക്രീമിയയെ റഷ്യ കൈയേറിയതും അതില്‍ അമേരിക്കക്കും യൂറോപ്യന്‍ യൂനിയനും ഒരു ചുക്കും ചെയ്യാന്‍ സാധിക്കാതെപോയതും, ഇതെല്ലാം വിദൂരമല്ലാത്ത ഭാവിയില്‍ ലോകം ദ്വിധ്രുവമോ ബഹുധ്രുവമോ ആകാന്‍ പോകുന്നു എന്നതിന്റെ സൂചനയായി കാണാം. എന്ന് കരുതി അമേരിക്ക പൊടുന്നനവെ തകരുകയോ അതിന്റെ രാഷ്ട്രാന്തരീയ തലത്തിലെ സ്വാധീനം അടുത്തൊന്നും കുറയുകയോ ചെയ്യാന്‍ പോകുന്നില്ല. കാരണം, അമേരിക്ക തന്നെയാണ് ഇപ്പോഴും ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തി. സാമ്പത്തിക ശേഷി ശോഷിച്ച് സൈനിക ശേഷി നി ലനിര്‍ത്താന്‍ സാധിക്കാതെ വരുന്ന കാലത്തോളം അതങ്ങനെ തന്നെ തുടരുകയും ചെയ്യും. ഐ.എം.എഫ്, വേള്‍ഡ് ബാങ്ക് ഉള്‍പ്പെടെയുള്ള ലോക ധനകാര്യ സ്ഥാപനങ്ങളെല്ലാം ഏറക്കുറെ അമേരിക്കയുടെ നിയന്ത്രണത്തിലാണ്. അമേരിക്കന്‍ ഡോളര്‍ തന്നെയാണ് ആഗോള വ്യാപാരത്തിനും  ഇന്‍വെസ്റ്റ്‌മെന്റിനും ഉപയോഗിക്കുന്ന മുഖ്യ കറന്‍സി. ശാസ്ത്ര-സാങ്കേതിക രംഗത്തും അമേരിക്ക തന്നെയാണ് ഇപ്പോഴും ചൈനയും റഷ്യയും ഉള്‍പ്പെടെയുള്ള മറ്റേതു രാജ്യത്തേക്കാളും ഏറെ മുന്നില്‍. അമേരിക്കയിലെ ഗവണ്‍മെന്റ് സംവിധാനങ്ങളും നയരൂപീകരണ സ്ഥാപനങ്ങളും മറ്റേതു രാജ്യങ്ങളിലേതിനേക്കാളും ശക്തമാണ്. റഷ്യയുടെയും ചൈനയുടെയും രാഷ്ട്രീയ ഘടന അവരെ അമേരിക്കയെ പോലെ ലോകത്തിന്റെ നേതൃത്വത്തിന് അര്‍ഹമാക്കുന്നില്ല. ഏറ്റവും മികവുള്ള വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്ന ലോകത്തെ ഏറ്റവും ഉന്നതമായ സര്‍വകലാശാലകളുള്ളതും അമേരിക്കയിലാണ്. കലാ-സാംസ്‌കാരിക-സിനിമാ  രംഗങ്ങളിലും അമേരിക്കയെ കവച്ചുവെക്കുന്ന രാജ്യങ്ങള്‍ ഇല്ല എന്നു തന്നെ പറയാം. ഇതൊക്കെ ഒരു രാജ്യത്തിന്റെ ശക്തിക്ക് ആധാരമായി വര്‍ത്തിക്കുന്ന ആന്തരിക ഘടകങ്ങളാണ്. 
നേരത്തേ സൂചിപ്പിച്ചതുപോലെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ പലതരം പ്രതിസന്ധികള്‍ ഇരുുകൂടാന്‍ സാധ്യതയുെങ്കിലും ലോക രാഷ്ട്രീയ രംഗത്ത് ആ മേഖലക്ക് പ്രാമുഖ്യം ലഭിക്കാനുള്ള സാധ്യത ഏറെയുണ്ട്. ഏഷ്യയും ആഫ്രിക്കയും യൂറോപ്പും സംഗമിക്കുന്ന ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ പ്രദേശമാണ് അത് എന്നതാണ് അതിന്റെ ഒന്നാമത്തെ  പ്രത്യേകത.  പ്രകൃതിവിഭവങ്ങളാല്‍ സമ്പന്നമാണ്, ലോകം പൊതുവായി പങ്കിടുന്ന ചരിത്രമുറങ്ങുന്ന ആ പ്രദേശം. ആദര്‍ശപ്രചോദിതരും ധീരരുമായ ജനങ്ങളും മേഖലയെ വ്യതിരിക്തമാക്കുന്നു. എന്നാല്‍ പൊതുവായ ചരിത്രത്തോടും ഭാഷയോടും  ഭൂമിശാസ്ത്രത്തോടും വിശ്വാസാദര്‍ശങ്ങളോടും നീതി ചെയ്യുന്ന വിധത്തില്‍ പ്രാതിനിധ്യ സ്വഭാവത്തോടുകൂടിയ ഐക്യ അറബ് സ്റ്റേറ്റ്‌സ് (യു.എ.എസ്) പോലുള്ള കൂട്ടായ്മകളെങ്കിലും രൂപപ്പെടുത്തിയാലേ ലോകത്തിന്ന് വീണ്ടും മാതൃക കാണിക്കാന്‍ അവര്‍ക്ക് സാധിക്കുകയുള്ളൂ. കൂടാതെ, പൊതുവായ കറന്‍സിയുണ്ടാക്കുകയും ആ കറന്‍സിയില്‍ അവരുടെ വിഭവങ്ങള്‍ ആഗോളതലത്തില്‍ വിപണനം ചെയ്യപ്പെടുകയും ചെയ്യണം. അവര്‍ക്കും മുസ്‌ലിം ലോകത്തിനുമായി പൊതുകമ്പോളം സൃഷ്ടിക്കാനും ശ്രമിക്കണം. അജയ്യവും സമഗ്രവും പ്രകൃതിയോട് ചേര്‍ന്നു നില്‍ക്കുന്നതുമായ ഒരു ഐഡിയോളജിയും അവരുടെ കൈവശം ഉണ്ടല്ലോ. അതാകട്ടെ കോവിഡ് തുറന്നുകാട്ടിയ ലിബറല്‍ ഡെമോക്രസിയുടെയും ഫ്രീ മാര്‍ക്കറ്റിന്റെയും ആന്തരിക ദൗര്‍ബല്യങ്ങളില്‍ നിന്നും മുക്തവുമാണ്.
ലോകം സ്വാഭാവികമായും കൂടുതല്‍ ഉദാത്തവും ഉത്തമവുമായ പരിഹാരം തേടിയുള്ള  അന്വേഷണത്തിന്റെ പാതയിലാണ്. സ്വകാര്യതയിലേക്കു വരെ ചൂഴ്ന്നുനോക്കുന്ന ആധിപത്യത്തിന്റേതല്ലാത്ത, എന്നാല്‍ സാമൂഹിക സംരക്ഷണോത്തരവാദിത്തത്തിന്റെ ഭാഷ സംസാരിക്കുന്ന, ആ സംരക്ഷണോത്തരവാദിത്തം നിര്‍വഹിക്കാന്‍ മാത്രം അധികാരാവകാശങ്ങളുള്ള സ്റ്റേറ്റിനെ സംബന്ധിച്ച ഇസ്ലാമിക സങ്കല്‍പം സമൂഹത്തിന്ന് പുതിയ ഭാഷയില്‍ പരിചയപ്പെടുത്തേണ്ടതുണ്ട്.  ഈ സങ്കല്‍പമനുസരിച്ച് സ്റ്റേറ്റിന്ന് പൗരന്മാരുമായി വൈകാരിക ബന്ധവും ഉണ്ടായിരിക്കും. കോവിഡ് ജനങ്ങളെ കുടുംബത്തിലേക്ക് തിരിച്ചുകൊണ്ടുപോയിരിക്കുകയാണല്ലോ. അതേ, ആ കുടുംബത്തിന്റെ വികസിത രൂപമാണ് ഇസ്ലാമിക വിവക്ഷയില്‍ സ്റ്റേറ്റ്.  കുടുംബത്തിന്റെ നായകനും സ്റ്റേറ്റിന്റെ തലവനും ഖുര്‍ആന്റെ ഭാഷയില്‍ വലിയ്യ് ആണ്. അഥവാ തന്റെ കീഴിലുള്ള കുടുംബാംഗങ്ങളുടെയും പ്രജകളുടെയും സംരക്ഷണോത്തരവാദിത്തം വഹിക്കുന്നവനും ആ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ സഹായിക്കുന്ന അധികാര അവകാശങ്ങള്‍ ഉള്ളവനുമെന്നര്‍ഥം. ഇസ്ലാമിക രാഷ്ട്രത്തിന്റെ പുറത്തുള്ള ജനങ്ങളുടെ മേല്‍ ഇസ്ലാമിക രാഷ്ട്രത്തിന് വലായത്തില്ല, എന്ന് വിശുദ്ധ ഖുര്‍ആന്‍ (8:72) പറയുമ്പോള്‍ സ്റ്റേറ്റിന് രാഷ്ട്രത്തിലെ പൗരന്മാരുടെ മേലുള്ള ഉത്തരവാദിത്തവും അധികാരവും വലായത്തിന്റേതാണ് എന്നാണ് സൂചിപ്പിക്കുന്നത്.
ലിബറല്‍ ഡെമോക്രസിയുടെ വലിയൊരു ന്യൂനത, അത് ഏതെങ്കിലും മൂല്യസംഹിതയെ അടിസ്ഥാനപ്പെടുത്തിയല്ല എന്നതാണ്. അല്ലെങ്കില്‍ അതിന് അങ്ങനെയൊരു മൂല്യാടിത്തറയേ ഇല്ല. ഇസ്ലാമിക വ്യവസ്ഥ അതിന്റെ കുടുംബ സംവിധാനം തൊട്ട് സ്റ്റേറ്റ് സംവിധാനം വരെ ദൈവപ്രോക്തമായ ഒരു മൂല്യസംഹിതയെ അടിസ്ഥാനപ്പെടുത്തിയാണ് പ്രവര്‍ത്തിക്കുന്നത്. ഈ മൂല്യവ്യവസ്ഥയുടെ പ്രതിനിധാനത്തെ കൂടിയാണ് വിശുദ്ധ ഖുര്‍ആന്‍  'ഖലീഫ' എന്ന പദത്തിലൂടെ സൂചിപ്പിക്കുന്നത്. വിശുദ്ധ ഖുര്‍ആന്‍ പ്രാതിനിധ്യത്തെ കുറിക്കുന്ന 'ഖലീഫ' എന്ന വാക്കിനെ ദൈവവുമായി ചേര്‍ത്തു പറയാതിരുന്നത് അദ്വിതീയനും അതുല്യനുമായ ഏക പരാശക്തിയെ, അവന്റെ ഏതെങ്കിലും ഒരു സൃഷ്ടി പ്രതിനിധീകരിക്കുന്നതിലെ അനൗചിത്യവും അസാംഗത്യവും  കണക്കിലെടുത്തുകൊണ്ടു മാത്രമല്ല. അങ്ങനെയുള്ള ദൈവപ്രാതിനിധ്യവാദം വലിയ ചൂഷണോപാധിയായി പൗരോഹിത്യം ദുരുപയോഗം ചെയ്തതിന്റെ ചരിത്രഭാരം കൂടി ഉള്ളതുകൊണ്ടാണ്. എന്നാല്‍ പ്രാതിനിധ്യത്തെ ഒന്നിനോടും ചേര്‍ക്കാതെ സ്വതന്ത്രമായി പറയുക മുഖേന, ഖുര്‍ആന്‍ അതിന്റെ മുഴുവന്‍ സാധ്യതകളുടെയും വാതായനങ്ങള്‍ തുറന്നുവെക്കുകയായിരുന്നു. ദൈവപ്രോക്തമായ മൂല്യസംഹിതയെയും തദടിസ്ഥാനത്തില്‍ ജനങ്ങളെയും പരിസ്ഥിതിയെയും ഭൂമിയെയും സമ്പത്തിനെയും ഭാവി തലമുറയെയും മുഴുവന്‍ മനുഷ്യരാശിയെയും പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ-സാമൂഹിക വ്യവസ്ഥ കൂടിയാണ് പ്രാതിനിധ്യ വ്യവസ്ഥ മുന്നോട്ടു വെക്കുന്നത്. ആധിപത്യത്തിന്റെ സ്ഥാനത്ത് പ്രാതിനിധ്യമെന്നത് സൂക്ഷ്മ -സ്ഥൂല തലങ്ങളിലുള്ള മനുഷ്യന്റെ മനോഭാവത്തില്‍ മാതൃകാമാറ്റം(Paradigm Shift) തന്നെയാണ് ഉണ്ടാക്കുക.  അത് അധികാരത്തേക്കാള്‍ ഉത്തരവാദിത്തത്തെയാണ് ദ്യോതിപ്പിക്കുന്നത്.  അത് വ്യക്തിയുടെ സ്വാതന്ത്ര്യത്തെ സാമൂഹിക ഉത്തരവാദിത്തവുമായി ബന്ധിപ്പിക്കുകയും, വ്യക്തി-സാമൂഹിക ബന്ധങ്ങളെ പ്രകൃതിപരത കണക്കിലെടുത്തുകൊണ്ട് ഏറ്റവും സുന്ദരവും പ്രായോഗികമായ രൂപത്തില്‍ കൃത്യമായി പുനര്‍നിര്‍ണയിക്കുകയും ചെയ്യുന്നു.    ഇതേ പ്രാതിനിധ്യ  സങ്കല്‍പത്തെയാണ് വ്യക്തിക്കും സമ്പത്തിനുമിടയിലെ ബന്ധത്തെ നിര്‍വചിക്കാനും വിശുദ്ധ ഖുര്‍ആന്‍ മുന്നോട്ടു വെക്കുന്നത്.     
 ഈ പ്രപഞ്ചത്തിലെ ഒരു പ്രതിഭാസത്തിനും അതിന്റെ തന്നെ ഉണ്മയിലോ വളര്‍ച്ചയിലോ നിലനില്‍പിലോ അതിന്റെ അവസാനത്തിലോ എന്തെങ്കിലും  ഉടമാവകാശമോ നിയന്ത്രണമോ ഇല്ല എന്നതാണ് വസ്തുത. മനുഷ്യനും ഇതില്‍നിന്നും ഒട്ടും വ്യത്യസ്തനല്ല. മനുഷ്യന്‍ തന്റേത് എന്ന് കരുതുന്ന തന്റെ ശരീരത്തെ പോലും ഉടമപ്പെടുത്തുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നില്ല. അല്ലായിരുന്നെങ്കില്‍ നമ്മളില്‍ ആരെങ്കിലും പ്രായമായി ചുക്കിച്ചുളിയാന്‍ ഇഷ്ടപ്പെടുമായിരുന്നില്ലല്ലോ. അങ്ങനെയിരിക്കെ, സ്വന്തത്തില്‍ തന്നെ ഉടമാവകാശം ഇല്ലാത്ത അതേ മനുഷ്യന്‍ എങ്ങനെയാണ് അവന്നു ബാഹ്യമായ വസ്തുവിനെ ഉടമപ്പെടുത്തുക?
അപ്പോള്‍, നാമും നമ്മുടെ തലമുറയും പിറന്നു വീഴുന്നതിനു മുമ്പേ ഇവിടെയുണ്ടായിരുന്ന, നമ്മള്‍ പിറന്നു വീഴുമ്പോള്‍ കൊണ്ടുവന്നിട്ടുണ്ടായിരുന്നിട്ടില്ലാത്ത, നമ്മള്‍ മരിക്കുമ്പോള്‍ നമുക്ക് നമ്മുടെ കൂടെ കൊണ്ടുപോകാന്‍ കഴിയാത്ത, നമുക്ക് ശേഷവും ഇവിടെ നിലനില്‍ക്കുന്ന, നമുക്ക് പൂര്‍വിക തലമുറകള്‍ കൈമാറിയ, നമ്മള്‍ വരും തലമുറകള്‍ക്ക് കൂടുതല്‍ യോഗ്യവും ഉത്തമവുമായ രൂപത്തില്‍ കൈമാറേണ്ട ഈ പ്രകൃതി വിഭവങ്ങളുടെ മേല്‍ നമുക്ക് ഉണ്ടാകാവുന്ന ഏക ബന്ധം സ്വാഭാവികമായും പ്രതിനിധ്യത്തിന്റേതും ട്രസ്റ്റിഷിപ്പിന്റേതും  മാത്രമാണെന്നതാണ് യാഥാര്‍ഥ്യം. അഹങ്കാരവും താന്തോന്നിത്തവും തജ്ജന്യമായ സകല മനോവൈകൃതങ്ങളും ഉണ്ടാക്കുന്ന ഉടമാവകാശ സങ്കല്‍പത്തിന്നു പകരം പ്രാതിനിധ്യ ബോധത്തിനു പൂരകമായ ഉത്തരവാദിത്തബോധം സന്നിവേശിപ്പിക്കുന്ന, സമൂഹത്തോടും സമഷ്ടി ലോകത്തോടുമുള്ള കടമകളെയും ബാധ്യതകളെയും കൃത്യമായി പഠിപ്പിക്കുന്ന, വ്യക്തി-സാമൂഹിക ബന്ധങ്ങളെ ഏറ്റവും ആരോഗ്യകരമായ രൂപത്തില്‍ പുനഃസംവിധാനിക്കുന്ന, മനുഷ്യ മനോഭാവത്തില്‍ തന്നെ ക്രിയാത്മകവും നിര്‍മാണാത്മകവുമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്ന, വിനയവും യാഥാര്‍ഥ്യ ബോധവും സൃഷ്ടിക്കുന്ന ട്രസ്റ്റിഷിപ്പ്.
നീതിനിഷ്ഠയിലും മാനവികബോധത്തിലും അധിഷ്ഠിതമായ, നമ്മുടെ പ്രകൃതിക്കും ആവാസ വ്യവസ്ഥക്കുമിണങ്ങുന്ന, പ്രകൃതിയെയും ജനങ്ങളെയും ഭാവി സമൂഹത്തെയും മൂല്യങ്ങളെയും ഒരേസമയം പ്രതിനിധീകരിക്കുന്ന, പ്രാതിനിധ്യ രാഷ്ട്രീയത്തിന്നു പൂരകമായ ഒരു പുത്തന്‍ സാമ്പത്തിക വ്യവസ്ഥയുടെ നിര്‍മാണത്തിന്ന് സാമൂഹിക-രാഷ്ട്രീയ- സാമ്പത്തിക വിഷയങ്ങളില്‍ വിശുദ്ധ ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്ന പ്രാതിനിധ്യത്തിന്റെയും ട്രസ്റ്റിഷിപ്പിന്റെയും തത്ത്വത്തെ മുറുകെപ്പിടിക്കുക മാത്രമാണ് വഴി. ലിബറല്‍ ഡെമോക്രസിയും സ്വതന്ത്ര കമ്പോള സാമ്പത്തിക വ്യവസ്ഥയും സൃഷ്ടിക്കുന്ന മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കുമുള്ള  പരിഹാരം ഇതു മാത്രമാണ്. 

(അവസാനിച്ചു)

 

ചെപ്പടിവിദ്യകള്‍

സാമ്പത്തിക പ്രതിസന്ധി ഘട്ടങ്ങളില്‍ ഭരണകൂടങ്ങള്‍ പൊതുവെ ചെയ്യുന്ന കാര്യമാണ്, പൗരന്മാരുടെ അക്കൗണ്ടില്‍ ചുരുങ്ങിയ തുക നിക്ഷേപിക്കുക പോലുള്ള ചെപ്പടിവിദ്യകള്‍. ഇത് താഴെക്കിടയിലുള്ള ജനങ്ങള്‍ക്ക് താത്കാലിക ആശ്വാസം പകരുകയും അവരെ സന്തോഷിപ്പിക്കുകയും ചെയ്യും.  ഇതുണ്ടാക്കുന്ന ലിക്വിഡിറ്റി പ്രളയം നാണയപ്പെരുപ്പത്തിന് കാരണമാക്കുകയാണ് ചെയ്യുക. അങ്ങനെ മാര്‍ക്കറ്റില്‍ ഉദ്പാദനവും വിതരണവും കുറഞ്ഞിരിക്കെ അവശ്യ ഉപഭോഗ സാധനങ്ങളുടെ വില വര്‍ധിക്കാനത് കാരണമാകും. ഭരണകൂടം അക്കൗില്‍ നിക്ഷേപിച്ച തുകയുടെ പ്രയോജനം സാധാരണക്കാരന് വിലവര്‍ധനവ് കാരണം ലഭിക്കാതെ വരികയും അന്തിമമായി ആ തുകയൊക്കെ കുത്തകകളുടെ പോക്കറ്റിലേക്കു തന്നെ ചെന്നെത്തുകയും ചെയ്യുന്നു.  ഇത്തരം വിദ്യകള്‍ തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ വോട്ട് സമാഹരിക്കാന്‍ ഭരിക്കുന്ന പാര്‍ട്ടിയെ സഹായിച്ചേക്കാം. പ്രതിസന്ധി ഘട്ടങ്ങളില്‍ ജനങ്ങളിലുണ്ടാവുന്ന വികാരം ഭയത്തിന്റേതായിരിക്കും, സ്വഭാവം പരമാവധി ചെലവഴിക്കാതെ സൂക്ഷിച്ചുവെക്കുക എന്നതുമായിരിക്കും. നഷ്ടപ്പെടുന്ന തൊഴിലുകള്‍ ഈ ഭയത്തിനു ആക്കം കൂട്ടുകയും  അത്യാവശ്യത്തിനല്ലാതെ ചെലവഴിക്കാതിരിക്കുക എന്ന സ്വഭാവത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.  ഭരണകൂടങ്ങള്‍ സ്വീകരിക്കേണ്ടത്, ഭയം ദൂരീകരിക്കുന്നതിനും, ചെലവഴിക്കുന്ന സ്വഭാവത്തിന് ആക്കം കൂട്ടുന്നതിനും ഉപകരിക്കുന്ന നടപടികളാണ്.  ഇതിനു തൊഴില്‍ നഷ്ടം ഉണ്ടാവുന്ന സാഹചര്യത്തെ ഇല്ലാതാക്കുകയാണ് ചെയ്യേണ്ടത്. ജനങ്ങളുടെ കൈവശമുള്ള കരുതല്‍ പണം മുതല്‍ മുടക്കാക്കി മാറ്റുന്നതിന് രാസത്വരകമായി പ്രവര്‍ത്തിക്കുന്ന നയങ്ങളും, അതിനെ എളുപ്പമാക്കുന്ന നടപടി ക്രമങ്ങളുമാണ് ആവിഷ്‌കരിക്കേണ്ടത്. അതാണ് ഉദ്പാദനം വര്‍ധിക്കാനും, വിതരണത്തിന്റെ സന്തുലനം നിലനിര്‍ത്താനും, തൊഴിലവസരങ്ങള്‍ നഷ്ടപ്പെടാതിരിക്കാനും,  വര്‍ധിക്കാനും,  തദ്വാരാ  പൗരന്മാരുടെ ക്രയശേഷി വര്‍ധിക്കാനും സഹായിക്കുക.  മറുവശത്ത്, പ്രതിസന്ധി ഘട്ടങ്ങളില്‍ കോര്‍പ്പറേറ്റുകള്‍ ചെയ്യുന്നത്, ഭരണകൂടത്തിന്റെ ഭാഗത്തു നിന്നും പരമാവധി ആനുകൂല്യങ്ങള്‍  പിടിച്ചുവാങ്ങുന്നതോടൊപ്പം തന്നെ, തൊഴിലാളികളെ വെട്ടിക്കുറച്ച് അവരുടെ ലാഭത്തോത് കുറയാതെ പിടിച്ചുനിര്‍ത്തുക എന്നതാണ്. അതാണ് ദശലക്ഷക്കണക്കിന് ആളുകളുടെ ജോലി നഷ്ടപ്പെടുന്നതിലേക്കു നയിക്കുന്നത്.  ഇവിടെ കോര്‍പ്പറേറ്റ് കമ്പനികള്‍ അവരുടെ കമ്പനിയാകുന്ന മരത്തെ മാത്രം കണ്ടു സമൂഹമാകുന്ന കാട് കാണാതെ പോവുകയാണ്.  ഇത് സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ സങ്കീര്‍ണമാക്കുന്നു.     
മുതല്‍മുടക്കിനും സംരംഭകത്വത്തിന്നും  പ്രചോദനമാകാത്ത, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാത്ത, കോര്‍പ്പറേറ്റുകളെ മാത്രം പ്രതിസന്ധി ഘട്ടത്തില്‍ ലാഭം കൊയ്യാന്‍ പ്രാപ്തമാക്കുന്ന ആമശഹീൗ േകളും  കേവല ലിക്വിഡിറ്റി പ്രളയവും  സൃഷ്ടിച്ചുകൊണ്ടു  മാത്രം മഹാമാരികള്‍ സൃഷ്ടിക്കുന്ന ഇത്തരം പ്രതിസന്ധികള്‍ക്കു പരിഹാരം കാണാന്‍ സാധിക്കില്ല. കോര്‍പ്പറേറ്റുകള്‍ക്കു വിടുപണി ചെയ്യുന്ന  ഭരണകൂടങ്ങളും അമിത ലാഭത്തിനു വേണ്ടി മാത്രം തൊഴിലാളികളെ വെട്ടിക്കുറക്കുന്ന കോര്‍പ്പറേറ്ററുകളും ഇതിലൂടെ പൊതുസമൂഹത്തിന് വാല്യൂ യാതൊന്നും നല്‍കുന്നില്ല; ഉള്ളത് നഷ്ടപ്പെടുത്തുന്നുമു്. പ്രതിസന്ധി ഘട്ടങ്ങളില്‍ പോലും കടം നല്‍കുമ്പോള്‍ പൗരന്മാരില്‍നിന്ന് അമിത പലിശ ഈടാക്കുകയും കോര്‍പ്പറേറ്റുകളുടെ പതിനായിരക്കണക്കിന് കോടികളുടെ കടം എഴുതിത്തള്ളുകയും ചെയ്യുന്ന ഈ സാമ്പത്തിക ക്രമം, പാവങ്ങളുടെ പണം കുത്തകകളുടെ ഖജനാവ് നിറക്കുമെന്നല്ലാതെ, പാവങ്ങളിലേക്ക് പണം തിരിച്ചൊഴുകുന്നതിന് സഹായകമാകില്ല.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (6-8)
ടി.കെ ഉബൈദ്‌

ഹദീസ്‌

ഈമാന്‍ രുചിയറിഞ്ഞാസ്വദിക്കുക
അബ്ദുര്‍റഹ്മാന്‍ ചെറുവാടി