Prabodhanm Weekly

Pages

Search

2020 ജൂലൈ 03

3158

1441 ദുല്‍ഖഅദ് 11

വിശ്വാസിക്ക് വിജയം മാത്രം

കെ.പി ഇസ്മാഈല്‍

സ്വയം ചലിക്കുന്ന യന്ത്രങ്ങള്‍ നിങ്ങള്‍ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? ചുറ്റും നോക്കേണ്ട. നിങ്ങളെത്തന്നെ നോക്കൂ. നിങ്ങള്‍ സ്വയം ചലിക്കുന്ന യന്ത്രമാണ്. ഈ അത്ഭുതയന്ത്രം സൃഷ്ടിച്ചത് അല്ലാഹുവാണ്. എന്നാല്‍ മനുഷ്യന്‍ എന്ന ഈ യന്ത്രത്തെ തോന്നിയതുപോലെ നടക്കാന്‍ അല്ലാഹു അനുവദിച്ചിട്ടില്ല. അതിന് ചില ചിട്ടകളും വ്യവസ്ഥകളും വെച്ചിട്ടുണ്ട്. ഏതാനും വിശ്വാസകാര്യങ്ങളും ചിട്ടയായ പ്രവര്‍ത്തനങ്ങളും. ഇസ്ലാം ഒരു ജീവിതക്രമമാണ്. ലോകത്ത് കിട്ടാവുന്ന ഏറ്റവും നല്ല ജീവിതക്രമം. പ്രവാചകനിലൂടെയാണ് അല്ലാഹു അത് അവതരിപ്പിച്ചിട്ടുള്ളത്. എങ്ങനെയെങ്കിലും ജീവിച്ചാല്‍ പോരാ, ഏറ്റവും ഉത്തമമായി ജീവിക്കണം എന്നാണ് ഖുര്‍ആന്‍ ആവശ്യപ്പെടുന്നത്. ഉത്തമമായ ജീവിതം എന്നാല്‍ ആഡംബരപൂര്‍ണമായ ജീവിതമല്ല. ഉത്തമമായ സ്വഭാവ ഗുണങ്ങളോടെയുള്ള ജീവിതം എന്നാണ്.
വീട്ടില്‍നിന്ന് തുടങ്ങണം ഉത്തമ ജീവിതം. മാതാപിതാക്കളോട് സ്നേഹവും കരുണയും കാണിക്കണം. മക്കളോട് സ്നേഹവും കരുണയും കാണിക്കണം. വീട്ടിലുള്ളവരോടും അയല്‍വാസികളോടും നല്ല നിലയില്‍ പെരുമാറണം. അയല്‍വാസി ഏത് മതക്കാരനായാലും അവനോട് നല്ല നിലയില്‍ വര്‍ത്തിക്കണം. വൃത്തി, സത്യസന്ധത, കരാര്‍ പാലനം, ജനസേവനം, അനാഥ സംരക്ഷണം, കഴിവില്ലാത്തവരെ സഹായിക്കല്‍, രോഗബാധിതരെ ശുശ്രൂഷിക്കല്‍, വീടില്ലാത്തവര്‍ക്ക് വീടുണ്ടാക്കി കൊടുക്കല്‍, അപകടങ്ങളില്‍ സഹായിക്കല്‍ തുടങ്ങി ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ കാര്യങ്ങളിലും പരസ്പരം സഹകരിച്ചും സഹായിച്ചും വേണം ജീവിക്കാന്‍. ഇസ്ലാം എന്നാല്‍ മനസ്സില്‍ കൊണ്ടുനടക്കുന്ന ഒരു മന്ത്രമല്ല, സമ്പൂര്‍ണ ജീവിത രീതിയാണ്. നബിയുടെ ജീവിതം അതാണ് നമ്മെ പഠിപ്പിക്കുന്നത്.
ജീവിക്കാനാവശ്യമായ എല്ലാം അല്ലാഹു ഒരുക്കിവെച്ചിട്ടുണ്ട്. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ എണ്ണിക്കണക്കാക്കാന്‍ കഴിയില്ല എന്ന് ഖുര്‍ആന്‍ പറയുന്നു (14:32,34). ഈ അനുഗ്രഹങ്ങള്‍ ആസ്വദിച്ചും അവക്ക് നന്ദി പ്രകാശിപ്പിച്ചുകൊണ്ടുമാണ് ജീവിക്കേണ്ടത്. ഒരു മുസ്ലിമിന്റെ ജീവിതം എല്ലാവര്‍ക്കും മാതൃകയും അനുഗ്രഹവുമായിരിക്കണം.
ഒരു വിശ്വാസി അല്ലാഹുവുമായി കച്ചവടം ഉറപ്പിച്ചവനാണ്. സത്യവിശ്വാസിയുടെ ദേഹവും ധനവും അല്ലാഹു വിലയ്ക്ക് വാങ്ങിയിരിക്കുന്നുവെന്ന് ഖുര്‍ആന്‍ പറയുന്നു (9:111,112). വിശ്വാസിയുടെ ഗുണങ്ങളും എടുത്തുപറയുന്നുണ്ട്. 'തെറ്റു ചെയ്തുപോയെങ്കില്‍ പശ്ചാത്തപിക്കുന്നവന്‍, അല്ലാഹുവെ അനുസരിച്ചുകൊണ്ടിരിക്കുന്നവന്‍, നോമ്പു നോല്‍ക്കുന്നവന്‍, നമസ്‌കരിക്കുന്നവന്‍, നന്മ ഉപദേശിക്കുന്നവന്‍, തിന്മ ചെയ്യരുതെന്ന് പറയുന്നവന്‍, അല്ലാഹുവിന്റെ നിയമപരിധികള്‍ പാലിക്കുന്നവന്‍. ഇവരാണ് അല്ലാഹുവിന് ദേഹവും ധനവും പണയം വെച്ചവര്‍. ഇവര്‍ക്കാണ് സ്വര്‍ഗം. ഇവര്‍ക്കാണ് യഥാര്‍ഥ വിജയം.' ഈ ലോക ജീവിതം എപ്പോഴും നിലനില്‍ക്കുകയില്ല. മരണം സുനിശ്ചിതമാണ്. ഈ ലോകജീവിതം അല്‍പകാലത്തേക്കുള്ള ആഹ്ലാദം മാത്രമാണെന്ന് ഖുര്‍ആന്‍ പറയുന്നു (57:20,25).
വിശ്വസിക്കാനും നിഷേധിക്കാനും എളുപ്പമാണ്. എന്നാല്‍ വിശ്വാസം നിരാകരിക്കുമ്പോള്‍ സംഭവിക്കുന്ന അനേകം നഷ്ടങ്ങളുണ്ട്. ഒന്നാമത് ചിട്ടയായ ജീവിതം. നിഷേധിക്ക് സത്യസന്ധമായ ജീവിതം കിട്ടിയെങ്കില്‍ ഭാഗ്യം. അപ്പോഴും അവന് പകുതി ജീവിതമേ കിട്ടുന്നുള്ളൂ. അവന്റെ ആദര്‍ശം പരലോക ജീവിതം നിഷേധിക്കുന്നു. മുസ്ലിമിനാകട്ടെ ചിട്ടയായ ജീവിതം വിശ്വാസത്തിന്റെ ഒന്നാമത്തെ കര്‍ത്തവ്യമാണ്. അതുകൊണ്ട് അവന്റെ ഭൗതികജീവിതം സുരക്ഷിതവും സമാധാനപൂര്‍ണവുമാകുന്നു. പരലോക ജീവിതം അവന് ഉറപ്പായ കാര്യവുമാണ്. ഇനി അത് ഇല്ലെങ്കില്‍ പോലും വിശ്വാസിക്ക് ഒരു നഷ്ടവുമില്ല.
നബിമാതൃകകളാണ് വിശ്വാസിയുടെ അണയാത്ത വിളക്ക്. ആ മൊഴികളാണ് ജീവിത വിജയത്തിന്റെ ഉറപ്പായ പടവുകള്‍. പ്രവാചക ജീവിതം മുന്നില്‍ വെച്ച് യാത്ര ചെയ്യുന്നവന് പരാജയം സംഭവിക്കുന്നേയില്ല. ദുഃഖവും ദുരിതവും അവന്റെ ലക്ഷ്യത്തെ തകര്‍ക്കുകയേ ഇല്ല. എല്ലാ ദുരിതങ്ങളും സഹിക്കാന്‍ വിശ്വാസം അവനെ പ്രാപ്തനാക്കുന്നു. കണ്ണീര് അവന് ആനന്ദത്തിന്റെ പളുങ്കുമണികളായി മാറുന്നു.
നബി പറഞ്ഞു: 'അല്ലാഹുവിനെ ഭയക്കുകയും മനസ്സിനെ ദുര്‍മോഹങ്ങളില്‍നിന്ന് മോചിപ്പിക്കുകയും ചെയ്യുന്നതാരോ, ഉറപ്പായും അവരുടെ അഭയമാണ് സ്വര്‍ഗം.'
ജീവിത വിജയത്തിന്റെ രണ്ട് പ്രധാന സ്തംഭങ്ങളാണ് പ്രവാചക വചനത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. അല്ലാഹുവിനെക്കുറിച്ചുള്ള മങ്ങാത്ത ചിന്ത, ദുര്‍മോഹങ്ങളില്‍നിന്നുള്ള മോചനം. ഇവ രണ്ടും ഉറപ്പിക്കുന്നവര്‍ക്ക് സമ്മാനം സ്വര്‍ഗം.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (6-8)
ടി.കെ ഉബൈദ്‌

ഹദീസ്‌

ഈമാന്‍ രുചിയറിഞ്ഞാസ്വദിക്കുക
അബ്ദുര്‍റഹ്മാന്‍ ചെറുവാടി