Prabodhanm Weekly

Pages

Search

2020 ജൂലൈ 03

3158

1441 ദുല്‍ഖഅദ് 11

കോവിഡ് കാലത്തെ ചെറുകിട കച്ചവടം

സി.എച്ച് അബ്ദുര്‍റഹീം

കോവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് ചെറുകിട കച്ചവടക്കാരെയാണ്; കടം എടുത്തുള്ള കച്ചവടമാണെങ്കില്‍ പ്രത്യേകിച്ചും. കഴിഞ്ഞ രണ്ടു മാസത്തിലെ വിറ്റുവരവ് പൂര്‍ണമായും നിലച്ചു എന്നു മാത്രമല്ല മുന്‍ മാസങ്ങളിലെ കടം പിരിച്ചെടുക്കാനും കഴിഞ്ഞില്ല. സ്റ്റോക്കുകള്‍ ചിലതെല്ലാം കാലഹരണപ്പെട്ടു കാണും. പുതിയ സ്റ്റോക്ക് വാങ്ങാന്‍ കൈയില്‍ പണമില്ല. നേരത്തേ സ്റ്റോക്ക് വാങ്ങിയവയില്‍ കൊടുക്കാനുള്ളവര്‍ക്ക് കൊടുക്കുകയും വേണം. എല്ലാം കൊണ്ടും വിഷമസന്ധി. ഇത്തരം ഘട്ടത്തില്‍ സ്വാഭാവികമായും ആലോചിക്കുക കച്ചവടം പൂര്‍വനിലയില്‍ കൊണ്ടുവരാനുള്ള നടപടികളെക്കുറിച്ചായിരിക്കും. ധൃതിപിടിച്ച് തീരുമാനമെടുക്കേണ്ടി വരുമ്പോള്‍ സൂക്ഷിക്കേണ്ട ചില കാര്യങ്ങള്‍ താഴെ:

*    സര്‍ക്കാര്‍ പ്രഖ്യാപിച്ച എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കാന്‍ ശ്രമിക്കുക. ബാങ്കില്‍നിന്ന് കടം എടുത്തിട്ടുണ്ടെങ്കില്‍ തിരിച്ചടക്കാനുള്ള സമയപരിധി മൂന്നു മാസം കൂട്ടിയിട്ടുണ്ട്. നഷ്ടത്തിലുള്ള ചെറുകിട വ്യവസായങ്ങള്‍ക്ക് പിഴപ്പലിശ ഒഴിവാക്കും. ഇതു വരെ അടക്കാത്ത പലിശ മറ്റൊരു വായ്പയാക്കി മാറ്റി മൂന്ന് വര്‍ഷത്തിനകം തിരിച്ചടച്ചാല്‍ മതി. പ്രവര്‍ത്തന മൂലധന വായ്പകള്‍ക്ക് 12 മാസത്തെ മൊറട്ടോറിയം. ഈ കാലത്ത് പലിശയില്ല. ഇ.എസ്.ഐ, പി.എഫ് തുടങ്ങിയവ അടക്കാന്‍ കൂടുതല്‍ സമയം അനുവദിച്ചിട്ടുണ്ട്. ഇതിനെല്ലാമുള്ള അപേക്ഷകള്‍ ഉടനെ കൊടുക്കുക.
*    കച്ചവടസ്ഥലം വാടകക്കെടുത്തതാണെങ്കില്‍ വാടക ആനുകൂല്യങ്ങള്‍ക്കായി കെട്ടിട ഉടമയെ സമീപിക്കുക. വാടക കുറയ്ക്കുകയോ സമയം നീട്ടിത്തരികയോ കഴിഞ്ഞ രണ്ട് മാസത്തെ വാടക ഒഴിവാക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെടാം.
*    പുതിയ സ്റ്റോക്കുകള്‍ ഒന്നിച്ചു വാങ്ങാതിരിക്കണം. കൂടുതല്‍ ചെലവാകുന്ന സാധനങ്ങള്‍ ആദ്യം വാങ്ങുക, ബാക്കിയുള്ളത് കുറച്ച് നാളുകള്‍ കഴിഞ്ഞ് വാങ്ങുക. തീരെ ലാഭമോ കച്ചവടമോ ഇല്ലാത്ത സാധനങ്ങള്‍ ചില നിര്‍ബന്ധിതാവസ്ഥയില്‍ വാങ്ങിയിരുന്നെങ്കില്‍ ഒഴിവാക്കാന്‍ പറ്റിയ സമയമാണിത്. 
*    കച്ചവടം പുനരാരംഭിക്കുന്നതിന് കടം വാങ്ങുന്നത് തീരെ ഒഴിവാക്കുക. അതിനുപകരം സമാനമനസ്‌കരായ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ ബിസിനസ്സില്‍ പാര്‍ട്ണര്‍മാരായി ചേര്‍ത്ത് പണം കണ്ടെത്തുക. സാമാന്യം ലാഭം ലഭിച്ചിരുന്ന കച്ചവടമാണെങ്കില്‍ താല്‍പര്യമുള്ളവര്‍ ധാരാളം കാണും. നമ്മള്‍ മുന്‍കൈ എടുത്ത് അന്വേഷിക്കണം. കൂടുതല്‍ കടമെടുത്തുള്ള കച്ചവടമാണെങ്കില്‍ വീണ്ടും പ്രതിസന്ധികള്‍ വരുമ്പോള്‍ താങ്ങാന്‍ ബുദ്ധിമുട്ടാകും. 
*    കടമുള്ള ബിസിനസ്സാണെങ്കില്‍ നേരത്തേ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ പാര്‍ട്ണര്‍മാരായി ചേര്‍ത്ത് കടം തിരിച്ചടക്കാന്‍ ശ്രമിക്കുക. നൂറ് ശതമാനം ഉടമസ്ഥതയില്‍നിന്ന് 60-70 ശതമാനം ആയി കുറഞ്ഞാലും കടബാധ്യതകളും പലിശയും ഒഴിവാക്കാനും മനസ്സമാധാനത്തോടെ കച്ചവടത്തില്‍ ശ്രദ്ധിക്കാനും കഴിയും.
*    കച്ചവടത്തില്‍ പാര്‍ട്ണര്‍മാരെ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട രണ്ടുമൂന്നു പ്രധാന കാര്യങ്ങളുണ്ട്. സാധാരണ സംഭവിക്കാവുന്നതുപോലെ പരസ്പരം തെറ്റിദ്ധരിക്കാനും പാര്‍ട്ണര്‍ഷിപ്പ് പൊളിയാനുമുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. ഒന്നാമതായി കച്ചവടത്തിന്റെ കണക്കുകള്‍ കൃത്യമായി സൂക്ഷിക്കുക. അന്യോന്യം അറിയിക്കുകയും വേണം; അത് ഏറ്റവുമടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ ആയിരുന്നാലും ശരി. മാസത്തില്‍ ഒരിക്കലോ രണ്ടുമൂന്നു മാസത്തില്‍ ഒരിക്കലോ (ഏറ്റവും കുറഞ്ഞത് കൊല്ലത്തില്‍ ഒരിക്കലെങ്കിലും) ഒരുമിച്ചിരുന്നു കണക്കുകള്‍ പരിശോധിച്ച് തിട്ടപ്പെടുത്തണം. ഒരാള്‍ കച്ചവടത്തില്‍ ഇടപെടുന്നയാളും മറ്റേയാള്‍ സ്ലീപിംഗ് പാര്‍ട്ണറുമായിരുന്നാല്‍ ഇടപാടുകള്‍ സുതാര്യമാവേണ്ടത് അനിവാര്യമായിത്തീരും. കണക്കിലില്ലാത്ത കച്ചവടം തീര്‍ത്തും ഒഴിവാക്കണം. അത് നിയമവിരുദ്ധമാണ് എന്നുമാത്രമല്ല, അതില്‍ തട്ടിയാണ് പാര്‍ട്ണര്‍ഷിപ്പ് പലതും പൊളിയുന്നത്.
*    മാര്‍ക്കറ്റില്‍ സാധനങ്ങള്‍ കടം കൊടുക്കുന്നത് നന്നേ കുറക്കണം. ബാങ്കില്‍നിന്ന് കടമെടുത്തുള്ള കച്ചവടമാണെങ്കില്‍ പ്രത്യേകിച്ചും. കടം കൊടുത്തതിലൂടെയുള്ള വിറ്റുവരവ് വര്‍ധനവില്‍നിന്ന് കിട്ടാന്‍ സാധ്യതയുള്ള ലാഭത്തേക്കാള്‍ കൂടുതല്‍ കിട്ടാക്കടമായി എഴുതിത്തള്ളേണ്ടിവരുമ്പോള്‍ മൊത്തത്തില്‍ നഷ്ടമുണ്ടാകുമെന്നത് വളരെ ലളിതമായ സത്യമാണ്. പക്ഷേ, വിറ്റുവരവ് കൂട്ടാനുള്ള ആവേശത്തില്‍ പലപ്പോഴും നാം ഇത് മറന്നുപോകാറുണ്ട്. 
* ചെറുകിട കച്ചവടക്കാര്‍ പരസ്പരം സഹകരിക്കേണ്ട സമയമാണിപ്പോള്‍ (കമ്പോളത്തിലെ മത്സരം മൂലമാണ് കച്ചവടങ്ങള്‍ വളരുക എന്നത് മുതലാളിത്ത വ്യവസ്ഥിതി പഠിപ്പിച്ച അബദ്ധ ധാരണയാണ്). സ്വന്തം കച്ചവടത്തിന് ഹാനികരമാകാത്ത വിധം സഹകരിക്കാനുള്ള പല സാധ്യതകളും ചെറുകിട കച്ചവട മേഖലയിലുണ്ട്. ഉദാഹരണത്തിന്, ഒരു വാഹനമുണ്ടെങ്കില്‍ ചരക്കുകള്‍ നീക്കാന്‍ രണ്ടോ മൂന്നോ കച്ചവടക്കാര്‍ക്ക് അത് ഉപയോഗിക്കാം. ഒരു വാഹനം നിറയെ കൊണ്ടുവരാനുള്ള ചരക്കുകള്‍ പലപ്പോഴും ഒരാള്‍ക്ക് ഉണ്ടാകണമെന്നില്ലല്ലോ. ഓരോരുത്തരും പ്രത്യേക വാഹനങ്ങള്‍ വാങ്ങി ഉപയോഗിക്കുന്നതിനേക്കാള്‍ ചെലവ് പകുതിയോ മൂന്നിലൊന്നോ ആയി കുറഞ്ഞുകിട്ടും.
* ചെറുകിട കച്ചവടക്കാര്‍ ചരക്കുകള്‍ വാങ്ങുന്നത് സംസ്ഥാനത്തിനു പുറത്തുള്ള ഉല്‍പ്പാദന കേന്ദ്രത്തില്‍നിന്നോ ജില്ലാ ആസ്ഥാനത്തുള്ള മൊത്ത വ്യാപാരിയില്‍നിന്നോ ആയിരിക്കും. ഒരു പ്രദേശത്തെ മൂന്നോ നാലോ കച്ചവടക്കാര്‍ ഒന്നിച്ചുചേര്‍ന്ന് സാധനങ്ങള്‍ വാങ്ങിയാല്‍ കൂടുതല്‍ സാധനം ഒന്നിച്ച് വാങ്ങുന്നതുകൊണ്ട് വില കുറച്ചുകിട്ടും. ചിലപ്പോള്‍ 15 ശതമാനം മുതല്‍ 20 ശതമാനം വരെ കുറവ് കിട്ടിയെന്നുവരും. തമ്മില്‍ മത്സരിക്കുന്നവരാണ് എന്ന ഒരു അബദ്ധ ധാരണ മനസ്സില്‍ ഉള്ളതുകൊണ്ട് ഇത്തരം സഹകരണങ്ങള്‍ പൊതുവെ ഉണ്ടാകാറില്ല. 
പ്രശസ്ത യൂറോപ്യന്‍ ചിന്തകനും നയതന്ത്ര ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ മുറാദ് ഹോഫ്മന്‍ ഒരു അനുഭവം വിവരിക്കുന്നുണ്ട്: അദ്ദേഹവും പത്നിയും ഇസ്തംബൂളിലെ ഒരു മാര്‍ക്കറ്റിന്റെ മുന്നിലൂടെ നടന്നു പോവുകയാണ്. നിരന്നു കിടക്കുന്ന തുണിക്കടകളിലൊന്നില്‍ തൂങ്ങി കിടക്കുന്ന ഒരു സില്‍ക്ക് തട്ടം (Scarf) അദ്ദേഹത്തിന്റെ പത്നിക്ക് ഇഷ്ടമായി. അതൊന്നു നോക്കാന്‍ വേണ്ടി ഷോപ്പിന്റെ അകത്ത് കയറിയപ്പോള്‍, ഷോപ്പിന്റെ ഉടമസ്ഥന്‍ അവിടെയില്ല. ഉടനെ തൊട്ടടുത്ത ഷോപ്പിന്റെ ഉടമസ്ഥന്‍ വന്നു, കാര്യങ്ങള്‍ അന്വേഷിച്ച്, അവര്‍ ആവശ്യപ്പെട്ട തട്ടം എടുത്തു കൊടുത്ത് കാശ് വാങ്ങി മേശപ്പുറത്തു വെച്ചു. ഇതു കണ്ട് അല്‍പം ആശ്ചര്യം പൂണ്ട ഹോഫ്മന്‍ കടക്കാരനോട് ചോദിച്ചു: 'താങ്കളുടെ കടയിലും അതേ തട്ടം ഉണ്ടല്ലോ, അത് ഞങ്ങള്‍ക്ക് വില്‍ക്കാമായിരുന്നില്ലേ?' കടക്കാരന്റെ ഉത്തരം: 'ഇത് എന്റെ സുഹൃത്തിന്റെ കടയാണ്. അദ്ദേഹം നമസ്‌കരിക്കാന്‍ പള്ളിയില്‍ പോയപ്പോള്‍ എന്നെ ഏല്‍പിച്ചതാണ്. താങ്കള്‍ അദ്ദേഹത്തിന്റെ കടയില്‍ ആദ്യം കയറിയതുകൊണ്ട് ഈ കച്ചവടം അദ്ദേഹത്തിന് അര്‍ഹതപ്പെട്ടതാണ്, ഞാന്‍ തട്ടിയെടുക്കാന്‍ പാടില്ല.' ഈ സംഭവവും ഹോഫ്മന്റെ ഇസ്‌ലാമാശ്ലേഷത്തിന് നിമിത്തമായിട്ടുണ്ട്. 
*    കോവിഡാനന്തര കച്ചവടത്തിന്റെ ഒരു പ്രധാന പ്രശ്നം, നേരത്തേ സൂചിപ്പിച്ചതു പോലെ, പ്രവര്‍ത്തന മൂലധനത്തിന്റെ (Working Capital) കമ്മിയാണ്. എല്ലാവര്‍ക്കും ഞെരുക്കമായതുകൊണ്ട്, മാര്‍ക്കറ്റില്‍നിന്ന് പിരിഞ്ഞുകിട്ടാന്‍ സമയമെടുക്കും. അതേസമയം പുതിയ സ്റ്റോക്കിലേക്ക് ഇറക്കേണ്ടതുമുണ്ട്. അപ്പോഴാണ് മൂലധന കമ്മി അനുഭവപ്പെടുക. അപ്പോള്‍ കടങ്ങളെ ആശ്രയിക്കേണ്ടിവരുന്നു. പക്ഷേ പലിശ കൊടുക്കേണ്ടിവരുന്ന കടങ്ങള്‍ ഒരിക്കലും അത്തരം പ്രവര്‍ത്തന മൂലധനത്തിന് പരിഹാരമല്ല എന്ന് മനസ്സിലാക്കണം. വില്‍ക്കാന്‍ പറ്റുന്ന ഭൂമി പോലെയുള്ള വല്ലതും നമുക്കുണ്ടെങ്കില്‍ അത് വിറ്റ് പണം സ്വരൂപിക്കുകയാണ് വേണ്ടത്. കച്ചവടമാണ് നമ്മുടെ മുഖ്യ മുന്‍ഗണന, ഭൂമി നമുക്ക് പിന്നെയും വാങ്ങിക്കാം എന്നതായിരിക്കണം മനോഭാവം.
*    പരസ്പര മത്സരമാണ് ആധുനിക കച്ചവട രീതിയുടെ മുഖമുദ്ര. നാലോ അഞ്ചോ കൊല്ലം മുമ്പ് ഒന്നോ രണ്ടോ കടകള്‍ ഉണ്ടായ ചെറിയ പ്രദേശങ്ങളില്‍ ഇപ്പോള്‍ അഞ്ചും പത്തും കടകള്‍ വന്നുകാണും. അതിനനുസരിച്ചുള്ള ഉപഭോഗ വര്‍ധനവ് ഉണ്ടാവുകയില്ല. സ്വാഭാവികമായും കച്ചവടത്തിന് മത്സരം കൂടും. ഈ ബുദ്ധിശൂന്യമായ മത്സരമാണ് പലപ്പോഴും കച്ചവടം നഷ്ടത്തിലാകാന്‍ കാരണമാകുന്നത്. ഈ യാഥാര്‍ഥ്യം മനസ്സിലാക്കി കച്ചവടക്കാര്‍ 'ഒന്നിക്കേണ്ട' കാലമാണ് കോവിഡാനന്തര സന്ദര്‍ഭം. ഒരേ പ്രദേശത്ത് ഒരേ കച്ചവടം ചെയ്യുന്ന അനേകം കച്ചവടക്കാര്‍ ഉണ്ടെങ്കില്‍ കൂടുതല്‍ അടുപ്പവും പരിചയവുമുള്ള രണ്ടോ മൂന്നോ പേര്‍ ലയിച്ച് ഒന്നിച്ചായാല്‍ കച്ചവടത്തിന്റെ മത്സരം കുറയും എന്നതു മാത്രമല്ല, ചെലവുകള്‍ പലതും ഗണ്യമായി കുറക്കാനും ലാഭശതമാനം വര്‍ധിപ്പിക്കാനും കഴിയും. പരസ്പരം ലയിക്കലും സംയോജിക്കലും (Mergers and Acquisition)  ആഗോള സാമ്പത്തിക മേഖലയിലെ ആധുനിക പ്രവണതകളാണ്. 2008-ലെ സാമ്പത്തിക തകര്‍ച്ചക്കു ശേഷം ലോകത്തിലെ അനേകം ബാങ്കുകള്‍ ലയിക്കുകയുണ്ടായി. ഇന്ത്യയിലെ ടെലികമ്യൂണിക്കേഷന്‍ മേഖലയില്‍ മത്സരം മുറുകിയപ്പോള്‍ രണ്ട് പ്രശസ്ത കമ്പനികളായ വൊഡാഫോണും ഐഡിയയും ലയിച്ചു. ഇത് അതിജീവനമാണ്. വളരെ സങ്കീര്‍ണമായ ഈ സന്ദര്‍ഭം അതാണ് ആവശ്യപ്പെടുന്നതെങ്കില്‍, അതാണ് ബുദ്ധിപരമായി നാം ചെയ്യേണ്ടത്. 
*    അധികം ചെലവില്ലാത്ത നവീന സാങ്കേതിക സാധ്യതകള്‍ ഉപയോഗപ്പെടുത്തണം. സാധാരണ കച്ചവടക്കാര്‍ നേരിടുന്ന വലിയ വെല്ലുവിളി ‘Online’  ഭീമന്മാരാണ്. നാട്ടിന്‍പ്രദേശത്ത് ഒരു പലചരക്കു കച്ചവടക്കാരനു പോലും മത്സരിക്കേണ്ടിവരുന്നത് ആമസോണ്‍, ഫ്ളിപ്കാര്‍ട്ട്, ബിഗ് ബാസ്‌കറ്റ് പോലുള്ള അന്താരാഷ്ട്ര ഓണ്‍ലൈന്‍ കമ്പനികളുമായാണ്. പച്ചമീനും പുട്ടുപൊടിയും വരെ ഇപ്പോള്‍ ഓണ്‍ലൈനായി കിട്ടും. ഇതിന് പകരം വെക്കാന്‍ സാധാരണ കച്ചവടക്കാരന് കഴിയുന്നതാണ്; ഡോര്‍ ഡെലിവെറി സിസ്റ്റം പരീക്ഷിക്കാം. ടെലിഫോണിലും മറ്റും ഓര്‍ഡര്‍ എടുത്ത് വീട്ടില്‍ സാധനങ്ങള്‍ എത്തിക്കാന്‍ കഴിയുമെങ്കില്‍ ഓണ്‍ലൈന്‍ ഭീമന്മാരെ ഒരു പരിധിവരെ ചെറുക്കാം. 
*    ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ പലതും പ്രയാസങ്ങള്‍ അനുഭവിക്കുന്നുണ്ടാകും. ഒരു പ്രത്യേക ഉല്‍പന്നം മാത്രം ഉണ്ടാക്കുന്ന സ്ഥാപനത്തിന് ആ ഉല്‍പന്നത്തിന്റെ ആവശ്യക്കാര്‍ കുറഞ്ഞാല്‍ അതിജീവനം ബുദ്ധിമുട്ടാകും. അത്തരം സാഹചര്യങ്ങളില്‍ പുതിയ ഉല്‍പന്നത്തിലേക്ക് മാറേണ്ടിവരും. ചിലപ്പോള്‍ യന്ത്രസാമഗ്രികളില്‍ അല്‍പം ചില മാറ്റങ്ങള്‍ വരുത്തി ഇങ്ങനെ മാറാന്‍ പറ്റും. ഉദാഹരണത്തിന് അലക്കു സോപ്പ് ഉണ്ടാക്കുന്ന കമ്പനികള്‍ക്ക് സാനിറ്റൈസറിലേക്ക് മാറാം. ഉപഭോക്താക്കള്‍ക്ക് നേരിട്ട് എത്തിക്കാനുള്ള പുതിയ വിതരണരീതി പരീക്ഷിക്കാം. അപ്പോള്‍ വിതരണ ചെലവ് കുറയും. സ്ഥാപനം അടച്ചിടുന്നതിലും ഭേദം അല്‍പം പണമിറക്കി ഇത്തരം മാറ്റങ്ങള്‍ പരീക്ഷിക്കുന്നതാണ്.

പ്രവാസികളുടെ പുനരധിവാസം

ഏകദേശം അഞ്ച് ലക്ഷത്തോളം പ്രവാസികള്‍ തിരിച്ചുവരാന്‍ ഇതു വരെ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. വിമാനങ്ങളും കപ്പലുകളും ലഭ്യമാകുന്നതനുസരിച്ച് അതില്‍ നല്ലൊരു ഭാഗം തിരിച്ചെത്തും. ഇത്രയധികം പേരെ ഒറ്റയടിക്ക് പുനഃരധിവസിപ്പിക്കുക പ്രയാസകരം തന്നെയായിരിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പലതും വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും അതൊക്കെ എത്രകണ്ട് പ്രാവര്‍ത്തികമാകും എന്നത് കണ്ടറിയണം. മടങ്ങി വരുന്നവരില്‍ നല്ലൊരു വിഭാഗം വലിയ സാമ്പത്തിക ശേഷിയുള്ളവരായിരിക്കില്ല. അതേസമയം ഇതില്‍ പകുതി പേരെങ്കിലും പ്രയാസങ്ങളുടെ കാലം കഴിഞ്ഞാല്‍ രണ്ടോ മൂന്നോ മാസങ്ങള്‍ക്കകം പോകാനും സാധ്യതയുണ്ട്. അങ്ങനെ സാധ്യതയുണ്ടെങ്കില്‍ അതിനെയാണ് പ്രോത്സാഹിപ്പിക്കേണ്ടത്. 
തിരിച്ചുവരുന്നവരില്‍ ചിലരെങ്കിലും ഗള്‍ഫില്‍ നൈപുണി(സ്‌കില്‍)യോടെ വര്‍ഷങ്ങളോളം ജോലി ചെയ്ത് പരിചയമുള്ളവര്‍ ആയിരിക്കും. അവര്‍ക്കല്‍പം സാമ്പത്തിക മിച്ചവും കരുതിയിരുപ്പും ഉണ്ടാകാന്‍ മതി. പക്ഷേ ആ കരുതല്‍ പണത്തില്‍ കൈവെക്കാതെ, ആരോഗ്യമുണ്ടെങ്കില്‍ അവരുടെ പരിചയത്തിനനുസരിച്ചുള്ള ഒരു ജോലി തരപ്പെടുത്താനാണ് ആദ്യം നോക്കേണ്ടത്. അത് കേരളത്തില്‍ തന്നെ ആവണമെന്നില്ല. മുംബൈ, ചെന്നൈ തുടങ്ങി വ്യവസായ നഗരങ്ങളിലാണ് കൂടുതല്‍ സാധ്യതയെങ്കില്‍ അവിടെയൊക്കെ പരിശ്രമിക്കണം.  
ജോലി നൈപുണി ഇല്ലാത്തവരാണെങ്കില്‍ സ്വന്തം നിലക്ക് വല്ലതും ചെയ്യാന്‍ ശ്രമിക്കലേ നിവൃത്തിയുള്ളൂ. അതും ഒറ്റക്കോ സംഘടിതമായോ ചെയ്യാം. സേവനരംഗത്താണ് കൂടുതല്‍ സാധ്യത കാണുന്നത്. കൃഷിയും കച്ചവടവുമെല്ലാം പരീക്ഷിക്കാവുന്ന മേഖലയാണ്. ചെറുകിട വ്യവസായങ്ങളും ആലോചിക്കാം. പക്ഷേ ഇവയെല്ലാം തെരഞ്ഞെടുക്കുമ്പോള്‍ ആലോചിച്ച്, വിദഗ്ധരുടെയും, നാട്ടില്‍ അത്തരം കാര്യങ്ങള്‍ ചെയ്ത് പരിചയമുള്ളവരുടെയും ഉപദേശങ്ങള്‍ ആരായണം - അതില്‍ എന്ത് കൊള്ളണം, എന്ത് തള്ളണം എന്നത് അവരവര്‍ക്ക് സന്ദര്‍ഭമനുസരിച്ച് തീരുമാനിക്കാം. ചില അടിസ്ഥാന കാര്യങ്ങള്‍ ഇവിടെ സൂചിപ്പിക്കുന്നു:
*    സ്വന്തമായി ഒരു സംരംഭം തുടങ്ങാനാണ് ഉദ്ദേശ്യമെങ്കില്‍ അതിനുള്ള മുതല്‍മുടക്കിനെ കുറിച്ച് നല്ല ധാരണ വേണം. കൈയിലുള്ള പണത്തിന്റെ 25 ശതമാനമെങ്കിലും കരുതല്‍ പണമായി മാറ്റിവെക്കണം.  അതായത്, പത്ത് ലക്ഷം രൂപ കൈയില്‍ ഉണ്ടെങ്കില്‍ എട്ട് ലക്ഷത്തില്‍ താഴെ മുതല്‍മുടക്കുള്ള സംരംഭമേ തുടങ്ങാവൂ. സംരംഭത്തില്‍ ഉദ്ദേശിച്ച കാലയളവില്‍ പ്രതീക്ഷിച്ച പുരോഗതി ഉണ്ടായില്ലെങ്കില്‍, കുറച്ച് കാലം കൂടി പിടിച്ചുനിന്നാല്‍ വിജയസാധ്യതയുണ്ടെങ്കില്‍, ഈ കരുതല്‍ പണം അത്യധികം ഉപകരിക്കും. 
*    എന്തു തരം സംരംഭം തുടങ്ങണമെന്നതാണ് പ്രധാനം. ഇതില്‍ സാധാരണ പറ്റാറുള്ള അബദ്ധം, അവരവര്‍ക്ക് ഇഷ്ടപ്പെട്ട എന്തോ മനസ്സില്‍ മുന്‍ധാരണയായി ഉണ്ടാകും. അത് ചെയ്യാനായിരിക്കും താല്‍പര്യം. പക്ഷേ വിജയിക്കണമെങ്കില്‍ നമുക്ക് ഇഷ്ടമുള്ള ബിസിനസ്സല്ല ചെയ്യേണ്ടത്, മറിച്ച് ഉപഭോക്താവിന് ആവശ്യമുള്ള ബിസിനസ്സാണ് ചെയ്യേണ്ടത്. നാം വല്ല സാധനമോ സേവനമോ കൊടുക്കാന്‍ തയാറായാല്‍ അത് വാങ്ങാന്‍ ആള് വേണം. ആവശ്യത്തിന് ഉപഭോക്താക്കളില്ലെങ്കില്‍ നമ്മുടെ സേവനമോ  നമ്മള്‍ കൊടുക്കുന്ന സാധനമോ എത്ര ഗുണമേന്മയുണ്ടെങ്കിലും സംരംഭം വിജയിക്കില്ല.
*    നമുക്കറിയാം, ഇന്ന് കേരളത്തില്‍ ഉപയോഗിക്കുന്ന മുക്കാല്‍ ഭാഗം നിത്യോപയോഗ സാധനങ്ങളും അന്യ സംസ്ഥാനങ്ങളില്‍ ഉണ്ടാക്കുന്നവയാണ്. പച്ചക്കറിയും പഴങ്ങളും അടങ്ങുന്ന ഭക്ഷണ സാധനങ്ങള്‍ മാത്രമല്ല സോപ്പ്, എണ്ണ, ബിസ്‌ക്കറ്റ് തുടങ്ങി കോഴിയും കോഴിമുട്ടയും വരെ പുറത്തു നിന്ന് വരുന്നു. ഇതില്‍ പലതും കേരളത്തില്‍ ഉണ്ടാക്കാന്‍ കഴിയും, ലാഭകരമായി നടത്താനും കഴിയും. അതിന്റെ അസംസ്‌കൃത സാധനങ്ങള്‍ അയല്‍ സംസ്ഥാനങ്ങളില്‍ ലഭ്യമായിരിക്കും. വിദഗ്ധരുമായി ആലോചിച്ച് അത്തരം അവസരങ്ങള്‍ കണ്ടുപിടിക്കണം. 
*    പുതുതായി സംരംഭങ്ങള്‍ തുടങ്ങുന്നതിനു പകരം ഇപ്പോള്‍ സംരംഭകരായി നാട്ടില്‍ പ്രവര്‍ത്തിക്കുന്നവരുമായി സഹകരിക്കുന്നതാകും ഉത്തമം. അപ്പോള്‍ താരതമ്യേന നഷ്ടസാധ്യത (റിസ്‌ക്) കുറയും. കടമെടുത്ത് കച്ചവടം ചെയ്യുന്നവരുണ്ടാകും. പ്രവാസി സുഹൃത്ത്, അല്ലെങ്കില്‍ ഒന്നിലധികം സുഹൃത്തുക്കള്‍ ചേര്‍ന്ന് കൂടുതല്‍ മൂലധനം ഇറക്കുകയാണെങ്കില്‍ ഈ സംരംഭക സുഹൃത്തിന് കടബാധ്യതയില്‍നിന്നും പലിശയില്‍നിന്നും മുക്തനാകാം. കച്ചവടം കൂടുതല്‍ കാര്യക്ഷമമാക്കാനും കഴിയും. അതുപോലെ, ഇപ്പോള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ഒരു സാധനത്തിന് ആവശ്യക്കാര്‍ കൂടുതല്‍ കാണും. പക്ഷേ മൂലധന ദൗര്‍ലഭ്യം കൊണ്ട് അത് വിപുലീകരിക്കാനുള്ള സാഹചര്യം ഉണ്ടാവുകയില്ല. അങ്ങനെയുള്ളവരെയും കണ്ടുപിടിക്കണം. ലാഭത്തില്‍  നടന്നുവരുന്ന സംരംഭമായതുകൊണ്ട് പുതുതായി ചേരുന്ന പാര്‍ട്ണര്‍ക്ക് ഉടനെത്തന്നെ ലാഭവിഹിതം കിട്ടുകയും ചെയ്യും.
*    പുതുതായി തുടങ്ങുന്നത് സേവന മേഖലയില്‍ (സര്‍വീസ് സെക്ടര്‍) ആണെങ്കില്‍ തുടക്കത്തില്‍ തന്നെ വലിയ പത്രാസും കൂടുതല്‍ വാടകയുമുള്ള ഷോറൂമും ഓഫീസും മറ്റു സൗകര്യങ്ങളും സജജീകരിക്കാതിരിക്കുക. സ്വന്തം വീട്ടില്‍ ഒരു മുറി ഇതിനായി സജ്ജീകരിച്ച് ഓഫീസായി തല്‍ക്കാലം ഉപയോഗിക്കുക. ബിസിനസ്സ് പുരോഗമിക്കുന്നതനുസരിച്ച് കൂടുതല്‍ സൗകര്യമുള്ള ഓഫീസിലേക്ക് പിന്നീട് മാറാം.
*    കുറേ വര്‍ഷങ്ങളായി വിദേശത്തു കഴിഞ്ഞ് മടങ്ങിവന്ന പ്രവാസിക്ക് നാട്ടിലെ ചുറ്റുപാടും മറ്റുമായി വലിയ പരിചയം ഉണ്ടാവണമെന്നില്ല. അതുകൊണ്ട് പരിചയസമ്പന്നനായ ഒരു വ്യക്തിയെ കാര്യങ്ങള്‍ മാനേജ് ചെയ്യാന്‍ ആദ്യമേ കണ്ടുപിടിക്കുക. പക്ഷേ അദ്ദേഹത്തിന്റെ കഴിവും പരിചയവും അനുസരിച്ചുള്ള വേതനം തുടക്കത്തില്‍ കൊടുക്കാന്‍ പറ്റിയെന്നു വരില്ല. അതുകൊണ്ട് അയാളുടെ കഴിവും സത്യസന്ധതയുമൊക്കെ ബോധ്യം വരുന്ന മുറക്ക് അയാള്‍ക്ക് കച്ചവടത്തില്‍നിന്ന് ലാഭവിഹിതം ഓഫര്‍ ചെയ്യുക. ഇങ്ങനെ ചെയ്താല്‍ അദ്ദേഹത്തിന് കൂടുതല്‍ താല്‍പര്യം ഉണ്ടാവുകയും ബിസിനസ്സ് മെച്ചപ്പെടുകയും ചെയ്യും. പല മള്‍ട്ടിനാഷ്‌നല്‍ കമ്പനികളും Employee Stock Option Program (ESOP)  എന്ന പേരില്‍ തെരഞ്ഞെടുക്കപ്പെട്ട ജോലിക്കാര്‍ക്ക് കമ്പനിയില്‍ ഷെയര്‍ നല്‍കുന്നുണ്ട്. പ്രധാനപ്പെട്ട, കഴിവുള്ള കുറച്ച് ജോലിക്കാരെയെങ്കിലും സ്ഥിരമായി നിലനിര്‍ത്താന്‍ വേണ്ടിയാണിത്.
*    വകമാറ്റി ചെലവാക്കലാണ് മറ്റൊരു പ്രശ്നം. കച്ചവടത്തിനിറക്കിയ മൂലധനം ഒരു നിലക്കും അതില്‍നിന്ന് മാറ്റി മറ്റു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്. കച്ചവടം അല്‍പം പുരോഗമിക്കുമ്പോള്‍ നമ്മുടെ വീടും കാറുമൊക്കെ അതിനനുസൃതമായ നിലവാരത്തിലല്ല എന്ന് തോന്നും. അപ്പോള്‍ പുതിയ കാറ് വാങ്ങാനും വീട് മോടിപിടിപ്പിക്കാനുമൊക്കെ തുടങ്ങും. അതിനുള്ള പണം, ലാഭം ഉണ്ടാവുമല്ലോ എന്ന കണക്കുകൂട്ടലില്‍ കച്ചവടത്തില്‍നിന്ന് എടുക്കും. ഇതോടു കൂടി കച്ചവടത്തിന് പണം തികയാതെ വരികയും അത് കച്ചവടത്തെ തളര്‍ത്തുകയും ചെയ്യും.
*    കച്ചവട ആസ്തികളില്‍ (Fixed Assets)  മുതല്‍മുടക്ക് കുറച്ച്, കച്ചവടച്ചരക്കില്‍ കൂടുതല്‍ നിക്ഷേപിക്കുക. ഉദാഹരണത്തിന് കൈയില്‍ മൂലധനം കുറവാണെങ്കില്‍ സ്വന്തം കെട്ടിടം ഉണ്ടാക്കി അതില്‍ കച്ചവടം ചെയ്യുന്നതിനേക്കാള്‍ അഭികാമ്യം വാടക സ്ഥലത്ത് കച്ചവടം ചെയ്യുന്നതാണ്. കെട്ടിടം പണിയാന്‍ വേണ്ടി ചെലവഴിക്കുന്ന പണം ഉപയോഗിച്ച് കച്ചവടച്ചരക്കുകള്‍ (സ്റ്റോക്ക്) കൂടുതല്‍ ആദായത്തിന് വാങ്ങിയാല്‍ വാടക കാശിനേക്കാള്‍ കൂടുതല്‍ ലാഭം ഉണ്ടാകും. വാഹനം, മിഷനറി പോലെയുള്ള ആസ്തികളും സ്വന്തം വാങ്ങുന്നതിനു പകരം വാടകക്ക് (Lease) എടുക്കുന്നതാണ് മൂലധനം കുറഞ്ഞ കച്ചവടക്കാര്‍ക്ക് ലാഭകരം.
*    ബിസിനസ്സില്‍ ഏര്‍പ്പെട്ടുകഴിഞ്ഞാല്‍ അതില്‍ നേരിട്ട് ശ്രദ്ധിക്കണം. കണ്ണിലെണ്ണയൊഴിച്ച് സദാ ജാഗരൂകരായി പ്രവര്‍ത്തിച്ചാലേ, പ്രത്യേകിച്ച് ആദ്യഘട്ടത്തില്‍, ബിസിനസ്സുകള്‍ വിജയിക്കുകയുള്ളൂ. ഉദാഹരണത്തിന് ഒരു റസ്റ്റൊറന്റ് തുടങ്ങാനാണ് പരിപാടിയെങ്കില്‍ അതിരാവിലെ മാര്‍ക്കറ്റില്‍ പോയി മത്സ്യവും ഇറച്ചിയും വാങ്ങുന്നതു മുതല്‍ ശ്രദ്ധ വേണം. അവിടെയെല്ലാമാണ് ചോര്‍ച്ചകള്‍ക്ക് സാധ്യത കൂടുതല്‍. ശരിയായ കണക്കും രസീതും ബില്ലുമൊക്കെ ഉണ്ടാകണം. അതിലൊക്കെ അലംഭാവം കാണിച്ചാല്‍ ചിലപ്പോള്‍ കാശു പോയ വഴി കാണില്ല. അതുപോലെ ബിസിനസ്സ് തുടങ്ങിയിട്ട് രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലേക്കും സംഘടനാ സമ്മേളനങ്ങളിലേക്കുമൊക്കെ കൂടുതല്‍ ശ്രദ്ധ പോയിക്കഴിഞ്ഞാല്‍ അത്തരം റിമോട്ട് കണ്‍ട്രോള്‍ ബിസിനസ്സ് പുഷ്ടിപ്പെടുന്നതിനേക്കാള്‍ പൊളിയാനാണ് സാധ്യത കൂടുതല്‍.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (6-8)
ടി.കെ ഉബൈദ്‌

ഹദീസ്‌

ഈമാന്‍ രുചിയറിഞ്ഞാസ്വദിക്കുക
അബ്ദുര്‍റഹ്മാന്‍ ചെറുവാടി