Prabodhanm Weekly

Pages

Search

2020 ജൂലൈ 03

3158

1441 ദുല്‍ഖഅദ് 11

ഉദാരതയുടെ ഉറവയാകട്ടെ ജീവിതം

ശമീര്‍ബാബു കൊടുവള്ളി

'ദൈവം മനുഷ്യന് രണ്ടു കൈകള്‍ നല്‍കി. ഒന്ന് സ്വന്തത്തെ സഹായിക്കാന്‍. മറ്റൊന്ന് അപരനെ സഹായിക്കാന്‍. പക്ഷേ, മിക്കവരും ഒരു കൈ മാത്രം ഉപയോഗിക്കുന്നു' - ഡോ. മുസ്ത്വഫസ്സിബാഈ
****
സസ്യങ്ങള്‍, മൃഗങ്ങള്‍, പക്ഷികള്‍ തുടങ്ങി പ്രകൃതിയില്‍ ധാരാളം ജീവജാലങ്ങളുണ്ട്. അവക്ക് ഉദാരതയും സ്നേഹവും പകര്‍ന്നുനല്‍കിക്കൊണ്ടായിരിക്കണം ജീവിതപ്രയാണം. എന്നാല്‍, സഹജീവികളോട് ഉദാരതയില്‍ വര്‍ത്തിക്കുന്നതിന് സവിശേഷ പ്രാധാന്യമുണ്ട്. സഹജീവികളില്‍തന്നെ അഗതികളും ആലംബഹീനരും അനാഥകളും വിധവകളും സ്വന്തം കുടുംബാംഗങ്ങളുമൊക്കെയാണ് ഏറ്റവും കൂടുതല്‍ ഉദാരത അര്‍ഹിക്കുന്നവര്‍. സഹജീവികളിലേക്ക് ഉദാരത ഒഴുകുമ്പോള്‍ ജീവിതം സ്വഛന്ദവും വിശുദ്ധവുമാവും. വിവേകത്തിന്റെ അടയാളമാണ് ഉദാരത. മൂഢന്മാര്‍ മാത്രമേ ഉദാരതയെ വിലവെക്കാതിരിക്കുകയുള്ളൂവെന്ന് ശ്രീബുദ്ധന്‍. സ്നേഹംകൊണ്ട് ക്രോധത്തെയും പുണ്യംകൊണ്ട് പാപത്തെയും ഉദാരതകൊണ്ട് പിശുക്കിനെയും അതിജയിക്കണമെന്നും അദ്ദേഹം പറയുന്നുണ്ട്.
സഹജീവിയുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും സ്വന്തം ക്ഷേമത്തേക്കാള്‍ മുന്‍ഗണന നല്‍കലാണ് ഉദാരതയുടെ ശ്രേഷ്ഠ രൂപം. സ്വന്തം വിഷമങ്ങളില്‍ സംയമനം പാലിച്ച് സഹോദരന്റെ വേദനകള്‍ ഒപ്പിക്കൊടുക്കലാണത്. പരക്ഷേമ തല്‍പരതയെന്നും പരോപകാരമെന്നും ഉദാരതക്ക് പേരുണ്ട്. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, സമ്പത്ത്, സേവനം, വാഹനം തുടങ്ങി എന്തിലും  ഉദാരതയാവാം. സ്നേഹവും കാരുണ്യവും പ്രത്യാശയും പകര്‍ന്നുനല്‍കലും ഉദാരതയാണ്. പ്രസന്നവദനനായി സഹോദരനെ അഭിമുഖീകരിക്കലും തൊട്ടിയിലെ വെള്ളം പാനപാത്രത്തില്‍ ഒഴിച്ചുകൊടുക്കലും ഉദാരതയാണെന്ന് പ്രവാചകന്‍ പഠിപ്പിക്കുകയുണ്ടായി.
ഉദാരതയെ കുറിക്കാന്‍  പ്രധാനമായും രണ്ട് പദങ്ങളാണ്  പ്രയോഗിക്കാറുള്ളത്. ജൂദ്, ഈസാര്‍ എന്നിവയാണവ. സ്വാര്‍ഥ താല്‍പര്യങ്ങളൊന്നുമില്ലാതെ ഒരു വസ്തുവോ വികാരമോ സേവനമോ മറ്റൊരു വ്യക്തിക്ക് പകര്‍ന്നുനല്‍കലാണ് ജൂദ്. സ്വന്തം താല്‍പ്പര്യങ്ങളേക്കാള്‍  അപരന്റെ താല്‍പ്പര്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കലാണ് ഈസാര്‍. എത്രത്തോളം ഉദാരനാവാന്‍ ഒരാള്‍ക്ക് സാധിക്കുമോ അത്രത്തോളം ഉദാരനാവണമെന്ന് ഇസ്ലാം താല്‍പ്പര്യപ്പെടുന്നു. വിശുദ്ധ വേദം പറയുന്നു: ''തങ്ങള്‍ക്കുതന്നെ അത്യാവശ്യമുണ്ടെങ്കില്‍പോലും, അവര്‍ സ്വന്തത്തേക്കാള്‍ മറ്റുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുന്നു'' (അല്‍ഹശ്ര്‍ 9). നബി(സ) പറയുന്നു: ''ആരെങ്കിലും തന്റെ പരിശുദ്ധമായ സമ്പാദ്യത്തില്‍നിന്ന് ഒരു കാരക്കയുടെയത്ര ദാനം ചെയ്താല്‍ ദൈവം തന്റെ വലംകൈ കൊണ്ട് അത് സ്വീകരിക്കും. തുടര്‍ന്ന്, നിങ്ങളിലൊരാള്‍ തന്റെ കുതിരക്കുട്ടിയെ വളര്‍ത്തും മാതിരി ഒരു പര്‍വതത്തോളം വലുതാകുംവരെ ദൈവം അതിനെ വളര്‍ത്തിക്കൊണ്ടിരിക്കും'' (ബുഖാരി), ''മനുഷ്യാ, നീ നിന്റെ ആവശ്യം കഴിച്ച് ബാക്കിയുള്ളവ ദാനം ചെയ്യുന്നത് ഗുണകരമാണ്. അത് പിടിച്ചുവെക്കുന്നതാവട്ടെ ദോഷകരവും. അത്യാവശ്യമുണ്ടെങ്കില്‍ നീ അക്കാര്യത്തില്‍ ആക്ഷേപാര്‍ഹനല്ല. നീ സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ടവരാരോ അവരില്‍നിന്ന് ദാനധര്‍മം ആരംഭിക്കുക. താഴ്ന്ന കരത്തേക്കാള്‍ ഉയര്‍ന്ന കരമാണ് ഉത്തമം''(മുസ്ലിം).
രണ്ടു രൂപത്തിലുള്ള ഉദാരതയുണ്ട്. ഒന്ന്, വളരെ ശ്രേഷ്ഠമായ, അസാധാരണമായ ഉദാരത. ഉദാരമായി നല്‍കുന്ന വസ്തുക്കളും സേവനങ്ങളും  സ്വന്തത്തിനുതന്നെ അനിവാര്യമായിരിക്കെ, അവ മറ്റൊരാള്‍ക്ക് നല്‍കലാണ് അസാധാരണമായ ഉദാരത. ഉദാഹരണത്തിന്, തനിക്ക് വിശപ്പ് അസഹ്യമായിരിക്കെ ലഭിക്കുന്ന ഭക്ഷണം വിശക്കുന്ന മറ്റൊരാള്‍ക്ക് നല്‍കുക. ഏതു ഉദാരതയാണ് മികച്ചതെന്ന് പ്രവാചകനോട് ചോദിച്ചപ്പോള്‍ ഇപ്രകാരമായിരുന്നു മറുപടി: ''നിന്റെ പിതാവ് തന്നെയാണ് സത്യം. നീ ആരോഗ്യമുള്ളവനും ആവശ്യമുള്ളവനുമായിരിക്കെ, ദാരിദ്ര്യം ഭയക്കുകയും ഐശ്വര്യം കാംക്ഷിക്കുകയും ചെയ്യുന്നവനുമായിരിക്കെ കാണിക്കുന്ന ഉദാരതയാണ് ശ്രേഷ്ഠകരമായ ഉദാരത'' (ബുഖാരി). ഖുര്‍ആന്‍ പറയുന്നു: ''ആഹാരത്തോട് ഏറെ പ്രിയമുള്ളതോടൊപ്പം അവരത് അഗതിക്കും അനാഥക്കും തടവുകാരനും നല്‍കുന്നു''(അദ്ദഹ്ര്‍ 8). രണ്ട്, സാധാരണ ഉദാരത. ഭക്ഷണമോ വസ്ത്രമോ വാഹനമോ പാര്‍പ്പിടമോ മറ്റു ഉപകരണങ്ങളോ തനിക്ക് അനിവാര്യ ഉപയോഗമില്ലാതിരിക്കെ സഹോദരന് നല്‍കലാണ് സാധാരണ ഉദാരത. അഥവാ, ഭൗതിക വിഭവങ്ങളില്‍ ഐശ്വര്യവാനായ വ്യക്തി ആ വിഭവങ്ങളില്‍ മറ്റുള്ളവരെക്കൂടി പങ്കാളികളാക്കലാണിത്. 
ദൈവത്തിന് ഏറെ പ്രിയങ്കരമാണ് ഉദാരത. ഉദാരവാന്  ദൈവത്തിന്റെ കരുതലും സംരക്ഷണവും ഉണ്ടാവും. ഉദാരതക്കു പകരം പിശുക്കും ധൂര്‍ത്തും സ്വാര്‍ഥതയും ശീലിച്ചവരെക്കുറിച്ച് ദൈവം ഒട്ടും തൃപ്തനല്ല. അവന്റെ കോപമാണ് അവരില്‍ വര്‍ഷിക്കുക.  പ്രവാചകന്‍ അരുളിയിട്ടുണ്ട്: ''ഓരോ പ്രഭാതത്തിലും രണ്ട് മാലാഖമാര്‍ ആകാശത്തുനിന്ന് ഭൂമിയിലേക്ക് ഇറങ്ങിവരികയും ഒന്നാമത്തെ മാലാഖ ഇപ്രകാരം പ്രാര്‍ഥിക്കുകയും ചെയ്യും: ദൈവമേ, ഉദാരവാന് നീ കൂടുതല്‍ കൂടുതല്‍ പകരം നല്‍കിയാലും. രണ്ടാമത്തെ മാലാഖ ഇപ്രകാരവും പ്രാര്‍ഥിക്കും: ദൈവമേ, ചെലവഴിക്കാതെ കെട്ടിപ്പൂട്ടിവെക്കുന്നവന് നീ നാശം പ്രദാനം ചെയ്യേണമേ'' (ബുഖാരി).
ഉദാരതയുടെ കാര്യത്തില്‍ മികച്ച മാതൃകയാണ് പ്രവാചകന്‍ കാഴ്ചവെച്ചത്. കൈയും മെയ്യും മറന്ന് ഇതര ജീവജാലങ്ങളെയടക്കം ചുറ്റുമുള്ളതിനെ ഊട്ടുകയും ഹൃദയത്തിലേക്ക് ചേര്‍ത്തുപിടിക്കുകയും ചെയ്തു അവിടുന്ന്. ജനങ്ങളില്‍ ഏറ്റവും വലിയ ഉദാരവാനെന്നായിരുന്നു പ്രവാചകന്‍ വിശേഷിപ്പിക്കപ്പെട്ടത്. റമദാന്‍ മാസം സമാഗതമായാല്‍ പ്രവാചകന്റെ ഉദാരതക്ക് പരിധിയും പരിമിതിയും ഉണ്ടായിരുന്നില്ല. ഉദാരതയുടെ കാര്യത്തില്‍ പ്രവാചകസഖാക്കളും പ്രവാചകനെപ്പോലെത്തന്നെ ആയിരുന്നു.  ഒരിക്കല്‍ ഒരു അഗതി വിശ്വാസികളുടെ മാതാവായ ആഇശ(റ) യുടെ വീട്ടില്‍ വന്ന് ആഹാരം ചോദിച്ചു. ആ സമയത്ത് ആഇശ(റ) നോമ്പുകാരിയായിരുന്നു. നോമ്പ് തുറക്കുമ്പോള്‍ അവര്‍ക്ക് കഴിക്കാനുള്ള ഒരു പത്തിരി മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. അതെടുത്ത് അഗതിയെ ഊട്ടാന്‍ ആഇശ തന്റെ വേലക്കാരിയോട് ആവശ്യപ്പെട്ടു. 'നോമ്പുതുറക്ക് അതല്ലാതെ നിങ്ങള്‍ക്ക് മറ്റൊന്നുമില്ലെ'ന്ന് വേലക്കാരി പരിഭവിച്ചപ്പോള്‍ 'അതങ്ങ് ദാനമായി നല്‍കിയേക്കൂ' എന്നായിരുന്നു ആഇശയുടെ മറുപടി.
പര്‍വത ശിഖരത്തില്‍നിന്ന് ജലം താഴ്വാരത്തിലേക്ക് ഒഴുകുന്നതുപോലെ ഉദാരത ഒഴുകുമ്പോഴാണ് സാമൂഹികജീവിതം സുന്ദരമാവുന്നത്. താഴോട്ടു പതിക്കുന്ന ജലം എല്ലാറ്റിനെയും തഴുകിത്തലോടി കടന്നുപോവുന്നു. ജലസ്പര്‍ശമേല്‍ക്കുന്ന മണ്ണും കല്ലും വൃക്ഷങ്ങളും അനുഭൂതിയാല്‍ ത്രസിക്കുകയും ഉത്തേജിതമാവുകയും ചെയ്യുന്നു. ഉദാരത ഒഴുകുമ്പോള്‍ സഹജീവിയുടെ സ്വത്വവും ആത്മാവും ശരീരവും ഉത്തേജിതമാവുന്നു. ഓരോ വ്യക്തിയും തനിക്കു തോന്നിയപോലെ ജീവിച്ചാല്‍ സമൂഹത്തില്‍ ഉദാരത ഉണ്ടാവില്ല. മരുഭൂമിയുടെ വിണ്ടുകീറിയ പ്രതലങ്ങള്‍ പോലെയായിരിക്കും ഉദാരതയുടെ സ്പര്‍ശമേല്‍ക്കാത്ത സമൂഹം. ചുടുകാറ്റും പൊടിപടലങ്ങളും മാത്രമേ അവിടെ ഉണ്ടാവൂ.  ഉദാരത കാണിച്ചാല്‍ എല്ലാം തീര്‍ന്നുപോവുമെന്ന് കരുതരുത്. ഉദാരതയിലൂടെ വ്യക്തിക്ക് ദിവ്യാനുഭൂതിയും സമൂഹത്തിന് ഐശ്വര്യവും കരഗതമാവുന്നു. 'അവനവന് ആത്മസുഖത്തിനാചരിക്കുന്നവ അപരന് സുഖത്തിനായ് വരേണ' മെന്ന ശ്രീനാരായണ ഗുരുവിന്റെ മൊഴി ഉദാത്തമായ ഉദാരതയെയാണ് കുറിക്കുന്നത്.
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (6-8)
ടി.കെ ഉബൈദ്‌

ഹദീസ്‌

ഈമാന്‍ രുചിയറിഞ്ഞാസ്വദിക്കുക
അബ്ദുര്‍റഹ്മാന്‍ ചെറുവാടി