ഇരുട്ടിന്റെ ശക്തികള്‍ ഭയക്കുന്നത്
വലിയ രാഷ്ട്രീയ അട്ടിമറികള്‍ക്കാണ് ലിബിയ എന്ന വടക്കനാഫ്രിക്കന്‍ രാജ്യം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ലിബിയന്‍ ഏകാധിപതി മുഅമ്മര്‍ ഖദ്ദാഫി പുറത്താക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്തതിനു ശേഷം സിറിയയെപ്പോലെ ലോക വന്‍ശക്തികളുടെയും അവരുടെ മേഖലാ പിണിയാളുകളുടെയും രാഷ്ട്രീയ യുദ്ധക്കളമാണ് ഈ രാഷ്ട്രവും. നടക്കുന്നത് നേരിട്ടുള്ള യുദ്ധമല്ല, ബിനാമികളെ (Proxy) വെച്ചുള്ള യുദ്ധമാണെന്ന് മാത്രം. ലിബിയക്കകത്ത് രണ്ട് ശക്തികളാണ് അധികാരം പിടിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതില്‍ ജനകീയാംഗീകാരമുള്ളതും യു.എന്‍ പിന്തുണയുള്ളതും നാഷ്നല്‍ അക്കോഡ് എന്ന പേരിലുള്ള മുന്നണിക്കാണ്. രണ്ട് പ്രമുഖ പാര്‍ട്ടികള്‍ ചേര്‍ന്നാണ് ഇത് രൂപവത്കരിച്ചിരിക്കുന്നത്. ഈ മുന്നണി അധികാരത്തില്‍ വന്നാല്‍ മേഖലയിലെ തങ്ങളുടെ താല്പര്യങ്ങള് അപകടത്തിലാവുമെന്ന് അമേരിക്ക, റഷ്യ, ഫ്രാന്‍സ് തുടങ്ങിയ വന്‍ശക്തികള്‍ക്ക് മാത്രമല്ല, ചുറ്റുവട്ടത്തുള്ള ഏകാധിപത്യ ഭരണകൂടങ്ങള്‍ക്കും നല്ല ബോധ്യമുണ്ട്. അതിനാല്‍, ദേശീയ സഖ്യം ഒരു നിലക്കും അധികാരം പിടിക്കരുതെന്ന വാശി ഈ ഇരുട്ടിന്റെ ശക്തികള്‍ക്കുണ്ട്. അവരെല്ലാം ചേര്‍ന്നാണ് പണവും പടക്കോപ്പുകളും നല്കി ഖലീഫ ഹഫ്തര്‍ എന്ന മുന്‍ ലിബിയന്‍ മേജര്‍ ജനറലിനെ അങ്ങോട്ടയച്ചത്. ജനകീയ ഗവണ്മെന്റിനെ അട്ടിമറിക്കുക എന്ന ലക്ഷ്യം മാത്രമേ അതിന് ഉണ്ടായിരുന്നുള്ളൂ. കുറേയേറെ പ്രദേശങ്ങള്‍ ഹഫ്തറിന്റെ കൂലിപ്പട കൈയേറുകയും ചെയ്തു.
ഇപ്പോള്‍ കാറ്റ് മാറിവീശുകയാണ്. ഹഫ്തര്‍ കൈയടക്കിയ പ്രദേശങ്ങള്‍ ഓരോന്നായി ദേശീയ സഖ്യസേന തിരിച്ചുപിടിച്ചുകൊണ്ടിരിക്കുന്നു. തുര്‍ക്കിയുടെ പിന്തുണയാണ് അവര്‍ക്ക് തുണയായത്. പല മേഖലകളും അവര്‍ മോചിപ്പിച്ചു. പശ്ചിമ ലിബിയയിലെ ഏതാനും നഗരങ്ങള്‍ മാത്രമാണ് ഹഫ്തറിന്റെ കൈയിലുള്ളത്. അതില്‍ ഏറ്റവും തന്ത്രപ്രധാനമായ സിര്‍ത്ത് നഗരത്തിന് വേണ്ടിയുള്ള അവസാന പോരാട്ടത്തിന് ഒരുങ്ങുകയാണ് ഇതെഴുതുമ്പോള്‍ സഖ്യസേന. സിര്‍ത്ത് കൈവിട്ടാല്‍ പിന്നെ അബ്ദുല്‍ ഫത്താഹ് സീസിയുടെ ഈജിപ്തിലേക്ക് ഓടിരക്ഷപ്പെടുകയേ ഹഫ്തറിന് മാര്‍ഗമുള്ളൂ. ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഈജിപ്ഷ്യന്‍ ഏകാധിപതി സീസിക്ക് നല്ല ബോധ്യമുണ്ട്. ദേശീയ സഖ്യസേനയുടെ മുന്നേറ്റത്തിന് ഏതെങ്കിലും വിധത്തില്‍ തടയിടേണ്ടത് അയാളുടെ ആവശ്യമാണ്. വെടിനിര്‍ത്തൂ, രാഷ്ട്രീയ പരിഹാരത്തിന് ഒന്നിച്ചിരിക്കൂ എന്നൊക്കെ വിളിച്ചുകൂവുന്നത് അതുകൊണ്ടാണ്. ഇതുവരെ എല്ലാ സമാധാനാഭ്യര്ഥനകളെയും കാറ്റില്‍ പറത്തി ലിബിയയില്‍ ചുടല നൃത്തമാടുകയായിരുന്നു സീസിയുടെയും മറ്റും കൂലിപ്പട. തോറ്റ് തുന്നംപാടുമെന്നായപ്പോള് സമാധാനം, സമാധാനം എന്ന് വിളിച്ച് കേഴുകയാണ്. തന്റെ അഭ്യര്‍ഥന മാനിച്ചില്ലെങ്കില്‍ സൈനികമായി ഇടപെടും എന്നു വരെ സീസി ഭീഷണി മുഴക്കിക്കഴിഞ്ഞു.
ലിബിയയുമായി ആയിരത്തിലധികം കിലോമീറ്ററുകള്‍ അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് ഈജിപ്ത്. ലിബിയന്‍ പ്രശ്നത്തില്‍ ഈജിപ്തിന് ഉത്കണ്ഠയുണ്ടാവുക സ്വാഭാവികം. പക്ഷേ ഇക്കാലമത്രയും തന്റെ ഒരു പാവയെ ട്രിപ്പോളിയില്‍ അധികാരത്തിലിരുത്താനാണ് സീസി ശ്രമിച്ചത്. അതുകൊണ്ടു തന്നെ ജനകീയ പാര്‍ട്ടികളൊന്നും സീസിയെ വിശ്വസിക്കുകയോ അയാളുടെ വാക്കുകള്‍ വിലമതിക്കുകയോ ചെയ്യുന്നില്ല. ജനകീയ മുന്നേറ്റത്തിനു മുമ്പില്‍ ഹഫ്തറിന്റെ കൂലിപ്പടക്ക് അടിയറവ് പറയേണ്ടി വന്നാല്‍ മേഖലയുടെ ശാക്തിക സമവാക്യങ്ങളെ അത് തകിടം മറിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അതാണ് ഇരുട്ടിന്റെ ശക്തികള്‍ ഭയക്കുന്നതും.
Comments