വിരോധമല്ല, വിയോജിപ്പ് മാത്രമാണ്
കെ.എം രിയാലു സാഹിബിനെ പറ്റി പി.കെ ജമാല്‍ കഴിഞ്ഞ ലക്കത്തില്‍ എഴുതിയ സ്മരണ വായിച്ചു. കര്‍മനൈരന്തര്യം രിയാലു സാഹിബിന്റെ പ്രത്യേകത തന്നെയായിരുന്നു. ഒരുപക്ഷേ നല്ലൊരു കച്ചവടക്കാരനായി ശോഭിക്കാമായിരുന്ന രിയാലു സാഹിബ്, ഉപജീവനം ഒരു ഉപവിഷയമാക്കി ദീനിന്റെ മാര്‍ഗത്തില്‍ മുഴുകിയത്, അതാണ് 'വേദനയേറിയ പരലോക ശിക്ഷയില്‍നിന്നുള്ള രക്ഷ ഉറപ്പായ കച്ചവടം' (61:10) എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ്. തന്റെ വിയോജിപ്പുകളോ അനിഷ്ടമോ ദീനിന്റെ മാര്‍ഗത്തിലുള്ള പരിശ്രമങ്ങളില്‍നിന്ന് പിന്തിരിയാനുള്ള ഹേതുവാക്കി മാറ്റാതെ തന്റേതായ രീതിയില്‍ കര്‍മനിരതനായതും അതുകൊണ്ടു തന്നെ.
പെരിങ്ങാടി, ചൊക്ലി പ്രദേശങ്ങളിലെ ജമാഅത്തെ ഇലാമിയുടെ പ്രവര്‍ത്തകരായിരുന്ന മര്‍ഹും ഒ.കെ മൊയ്തു സാഹിബ്, തന്റെ ജ്യേഷ്ഠന്‍ കെ.എം അബ്ദുര്‍റഹീം സാഹിബ്, മര്‍ഹൂം ഖാലിദ് ഇസ്മാഈല്‍ സാഹിബ്, മര്‍ഹൂം ടി.പി മുസ്സു, സി.കെ ഇബ്‌റാഹീം മാസ്റ്റര്‍ തുടങ്ങിയവരുടെ കൂടെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്നു രിയാലു സാഹിബ്. പിന്നീട് 1960- കളില്‍ കുവൈത്തില്‍ പോയി, അവിടെയും അദ്ദേഹം പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ മുഴുകി. അടിയന്തരാവസ്ഥാ കാലത്ത് ജമാഅത്തെ ഇസ്‌ലാമി നിരോധിക്കപ്പെട്ടപ്പോള്‍ ജയിലില്‍ അടക്കപ്പെടുകയും പ്രയാസങ്ങള്‍ അനുഭവിക്കുകയും ചെയ്ത പല പ്രവര്‍ത്തകര്‍ക്കും സഹായങ്ങളെത്തിക്കാന്‍ ശ്രദ്ധിച്ചിരുന്നു. പ്രസ്തുത നിരോധം പ്രശ്‌നവത്കരിക്കാന്‍ അദ്ദേഹം നടത്തിയ പലവിധ ശ്രമങ്ങള്‍ പ്രത്യേകം സ്മരണീയമാണ്. കേരളത്തിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ക്ക് അദ്ദേഹം നല്‍കിയ പിന്തുണ അക്കാലത്ത് വലിയ സേവനം തന്നെയായിരുന്നു. പെരിങ്ങാടിയിലെ അല്‍ഫലാഹിന് വിത്തിട്ടവരില്‍ ഒരാളാണ് രിയാലു സാഹിബ്. ദഅ്‌വാ പ്രവര്‍ത്തനങ്ങള്‍ക്ക് ഇസ്‌ലാമിക പ്രസ്ഥാനം വേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്ന പരാതി ഈയുള്ളവനോട് പല തവണ ഉന്നയിച്ചപ്പോള്‍, അഖിലേന്ത്യാടിസ്ഥാനത്തില്‍ ബഹുമുഖ പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെടുന്ന ഒരു സമ്പൂര്‍ണ പ്രസ്ഥാനത്തിന് ഒരു വ്യക്തിയെ പോലെ സര്‍വതന്ത്ര സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ പ്രയാസമാണെന്ന വസ്തുത ചൂണ്ടിക്കാണിച്ചപ്പോള്‍ അദ്ദേഹം അത് നിഷേധിച്ചിരുന്നില്ല. ദഅ്‌വാ പ്രവര്‍ത്തനങ്ങള്‍ സമുദായം മൊത്തത്തില്‍ പലമാര്‍ഗേണ കൂട്ടായി, വിശാല വീക്ഷണത്തോടെ പരസ്പരം സഹകരിച്ച് നടത്തുകയാണ് വേണ്ടതെന്ന കാര്യവും, ഇസ്‌ലാമിക പ്രസ്ഥനം ദഅ്‌വാ മേഖലയില്‍ പലരും നടത്തുന്ന പരിശ്രമങ്ങളെ രചനാത്മക ശൈലിയിലാണ് കാണുന്നത് എന്ന വസ്തുതയും ശ്രദ്ധയില്‍പെടുത്തുകയുണ്ടായി. ടി. ആരിഫലി അമീര്‍ ആയിരുന്ന കാലത്ത് അദ്ദേഹത്തിന്റെ നിര്‍ദേശപ്രകരം എന്‍.എം അബ്ദുര്‍റഹ്മാന്‍ സാഹിബിനൊപ്പം ഉമറാബാദ് ജാമിയാ ദാറുസ്സലാമില്‍ രിയാലു സാഹിബിന്റെ നേതൃത്വത്തില്‍ നടന്നിരുന്ന ദഅ്‌വാ പരിശീലന കോഴ്‌സ് കാണാനും മനസ്സിലാക്കാനും പോയിരുന്നു. ഗള്‍ഫ് നാടുകളില്‍ അദ്ദേഹം പര്യടനം നടത്തുമ്പോള്‍ ദഅ്‌വാ തല്‍പരരായ പല ഇസ്‌ലാമിക പ്രവര്‍ത്തകരും സാധ്യമായ അളവില്‍ സഹകരിക്കാറുണ്ട് എന്ന് അദ്ദേഹം പറയുകയുണ്ടായി. ജമാഅത്തെ ഇസ്‌ലാമിയുമായി അദ്ദേഹത്തിനുള്ള വിയോജിപ്പ് ഒരു വിരോധമായി മാറാതിരിക്കാന്‍ അദ്ദേഹവും പ്രസ്ഥാനവും ഒരുപോലെ ശ്രദ്ധിച്ചിരുന്നു. നാലു ദശകത്തോളം തുടര്‍ന്ന വ്യക്തിബന്ധം ഉടയാതെ നിലനിന്നത് വിയോജിപ്പ് ഒരിക്കലും വിരോധമല്ലെന്ന നിലപാടിനാല്‍തന്നെ.
പ്രായോഗിക പരിഹാരങ്ങളാണ് വേണ്ടത്
പ്രബോധനം ജൂണ്‍ 19 ലക്കം വിഷയവൈവിധ്യത്താല്‍ സമ്പന്നവും ലേഖനങ്ങള്‍ വിജ്ഞാനപ്രദവുമായിരുന്നു. വിദ്യാഭ്യാസ മേഖലയെക്കുറിച്ച കവര്‍ സ്റ്റോറികള്‍ വളരെയധികം ശ്രദ്ധേയമായി. ഡോ. കെ.എം മഹ്മൂദ് ശിഹാബ് എഴുതിയ ലേഖനത്തില്‍ ജനാധിപത്യ വ്യവസ്ഥകളില്ലാത്ത വീടകങ്ങളും ക്ലാസ് മുറികളും, മാറ്റം ആവശ്യമായ അധ്യാപകര്‍, സ്വപ്‌നങ്ങളും കണ്ടുപിടിത്തങ്ങളും പ്രോത്സാഹിപ്പിക്കുന്ന സാഹചര്യം, മനുഷ്യകേന്ദ്രീകൃതമായ വിദ്യ തുടങ്ങിയവ ഭംഗിയായി അവതരിപ്പിക്കുന്നു.
വിദ്യാഭ്യാസ മികവിന്റെ മാനദണ്ഡങ്ങളെ കുറിച്ചുള്ള യാസിര്‍ ഇല്ലത്തൊടിയുടെ ലേഖനം ഈ രംഗത്തെ പ്രായോഗിക പാഠങ്ങള്‍ പങ്കുവെക്കുന്നു. അന്താരാഷ്ട്ര തലത്തില്‍ പല ഗുണമേന്മാ സര്‍ട്ടിഫിക്കറ്റുകളും പ്രദാനം ചെയ്യുന്നത് സ്വകാര്യ ബോഡികളാണ്. ഐ.എസ്.ഒ, ഭക്ഷണങ്ങള്‍ മുതല്‍ ഷെയര്‍ മാര്‍ക്കറ്റിലെ ഹലാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വരെ ഇങ്ങനെ നല്‍കുന്നു. ഇസ്‌ലാമിക വിദ്യാഭ്യാസ രംഗത്തും ഇങ്ങനെയുള്ള ക്വാളിറ്റി കണ്‍സള്‍ട്ടിംഗിനും ഗുണമേന്മാ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനും, യോഗ്യരായവരുടെ അതോറിറ്റികളും കമ്പനികളും ഉണ്ടാക്കി പ്രവൃത്തിപഥത്തിലേക്ക് ഇറങ്ങുന്നതിന് ഗൗരവതരമായ ആലോചനകള്‍ ആരംഭിക്കണം.
പലപ്പോഴും നമ്മുടെ പല വിദ്യാഭ്യാസ ചര്‍ച്ചകളും അവസാനിക്കുക ഹ്യൂമാനിറ്റീസ് എന്ന പരിഹാരത്തിലായിരിക്കും. ശാസ്ത്ര-സാങ്കേതിക വിഷയങ്ങള്‍ക്ക് പകരം 'ഹ്യൂമാനിറ്റീസ്' പഠിക്കുക എന്ന ഒറ്റമൂലി പരിഹാരമാണ് സാധാരണ ഉയര്‍ന്നുവരാറുള്ളത്. ഇത് കാലത്തെയും യാഥാര്‍ഥ്യങ്ങളെയും അഭിമുഖീകരിക്കാത്ത നിര്‍ദേശമാണെന്ന് പറയാതെ വയ്യ. പുതിയ മാറ്റങ്ങളും നിരീക്ഷണങ്ങളും അവതരിപ്പിച്ച പ്രബോധനത്തിനും ലേഖകര്‍ക്കും അഭിനന്ദനങ്ങള്‍.
ഇബ്‌നു മൂസ, തിരൂര്‍
Comments