Prabodhanm Weekly

Pages

Search

2020 ജൂലൈ 03

3158

1441 ദുല്‍ഖഅദ് 11

ഫാഷിസം വാര്‍ത്തകളെ 'നരേറ്റിവുകളാ'ക്കുന്നു

ഡോ. യാസീന്‍ അശ്‌റഫ്

പന്നിക്ക് വെച്ച തോട്ട ആന കടിക്കുന്നു. തോട്ടപൊട്ടി ആനയുടെ വായ തകരുന്നു. വേദന കുറക്കാന്‍ ആന വെള്ളത്തില്‍ ദിവസങ്ങളോളം കിടക്കുന്നു. പട്ടിണി കാരണം അവശയാവുന്നു. ആനക്കൊപ്പം ഗര്‍ഭസ്ഥ കുഞ്ഞും ചായുന്നു. ഇത് മലപ്പുറം ജില്ലയിലാണ് നടന്നതെന്ന് ശ്രുതി പരന്നതോടെ മുന്‍ കേന്ദ്രമന്ത്രിയും എം.പിയുമായ മനേക ഗാന്ധി ട്വിറ്ററിലിറങ്ങി കളി തുടങ്ങുന്നു. ആനയുടെ വേദനയേക്കാള്‍ അവര്‍ കുറിച്ചത് മലപ്പുറം ജില്ലയിലെ കുറ്റകൃത്യങ്ങളെപ്പറ്റിയാണ്.
ജില്ല മലപ്പുറമാണല്ലോ. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമെന്ന നിലക്ക് മാധ്യമങ്ങള്‍ നോട്ടമിട്ട സ്ഥലം. എ.ബി.പി ന്യൂസ് ചാനല്‍ വാര്‍ത്ത പൊലിപ്പിക്കുന്നു. ചാനലിലും മിനിറ്റുകളോളം മനേക കത്തിപ്പടരുന്നു- ആനയുടെ വേദനയെപ്പറ്റിയല്ല, മലപ്പുറത്തെ കുറ്റകൃത്യങ്ങളെപ്പറ്റി. പിന്നീടാണറിഞ്ഞത്; സംഭവം മലപ്പുറം ജില്ലയിലല്ല, പാലക്കാട് ജില്ലയിലാണ്. മനേകയുടെ ധാര്‍മികരോഷം പെട്ടെന്ന് ആറിത്തണുക്കുന്നു.
കേരളത്തില്‍ തന്നെ, തെക്ക് പത്തനാപുരത്ത് സമാനമായ സംഭവം. പന്നിക്ക് വെച്ചത് ആനക്ക് കൊണ്ടു, ആന ചത്തു. മനേക എന്തെങ്കിലും ഉരിയാടിയതായി കേട്ടില്ല. ഗര്‍ഭിണിയായ വിദ്യാര്‍ഥിനിയെ കൊറോണക്കാലത്ത് ജയിലിലിട്ട ക്രൂരതയെപ്പറ്റി അവരൊന്നും മൊഴിഞ്ഞിട്ടേ ഇല്ല. വടക്കേ ഇന്ത്യയിലെ നോയ്ഡയില്‍, എട്ട് ആശുപത്രികളില്‍ ശ്രമിച്ചിട്ടും ചികിത്സ നിഷേധിക്കപ്പെട്ട് മരിച്ച നീലംകുമാരി എന്ന ഗര്‍ഭിണിയെപ്പറ്റി മിണ്ടിയില്ല. 'മലപ്പുറ'ത്താകുമ്പോള്‍ മാത്രം, മൃഗത്തിന്റെ ദാരുണ മരണം പ്രശ്നമാകുന്നു. ഹിമാചലില്‍ ഒരു പശുവിനെ വായില്‍ തോട്ടപൊട്ടിച്ച് മുറിപ്പെടുത്തിയ സംഭവത്തെപ്പറ്റിയും മിണ്ടിയില്ലല്ലോ. സമാനമായ സംഭവങ്ങളിലും പ്രതികരണമുണ്ടായില്ല.
മനേക ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത അസത്യം അതിവേഗത്തിലാണ് പ്രചരിച്ചത്. എ.ബി.പി ചാനല്‍ അത് ദേശീയ വാര്‍ത്തയാക്കിയെന്ന് മാത്രമല്ല, സമൂഹമാധ്യമങ്ങളില്‍ അത് അംഫാന്‍ ചുഴലിക്കാറ്റിനേക്കാള്‍ വേഗത്തില്‍ പരക്കുകയും ചെയ്തു. കേന്ദ്ര വനംമന്ത്രി ജാവ്‌ദേക്കര്‍ മലപ്പുറത്തെ ലക്ഷ്യമിട്ട് ട്വിറ്റര്‍ പോസ്റ്റിട്ടു. റിപ്പബ്ലിക് ടി.വി, ഹിന്ദുസ്ഥാന്‍ ടൈംസ്, ടൈംസ് നൗ, ഇന്ത്യാ ടി.വി, ഇക്കണോമിക് ടൈംസ്, ന്യൂസ് നേഷന്‍ എന്നിങ്ങനെ ഒട്ടനേകം പത്രങ്ങളും ചാനലുകളും, ഒപ്പം എ.എന്‍.ഐ എന്ന വാര്‍ത്താ ഏജന്‍സി തന്നെയും 'മലപ്പുറം ആംഗിള്‍' പൊലിപ്പിച്ചു. ബോളിവുഡ് താരങ്ങള്‍ മുതല്‍ ക്രിക്കറ്റ് താരങ്ങള്‍ വരെ ചാനലുകളിലും സമൂഹ മാധ്യമങ്ങളിലുമായി രോഷമൊഴുക്കി. വാട്ട്സ് ആപ്പുപോലുള്ള സ്വകാര്യ വ്യക്തി സംഭാഷണ സൂത്രങ്ങളിലൂടെ കണക്കറ്റ പ്രചാരണം. പരക്കുംതോറും വാര്‍ത്തക്ക് കൊഴുപ്പ് കൂട്ടുന്നു. 'മലപ്പുറം സംഭവ'ത്തില്‍ ഒരു അംസത്ത് അലിയും ഒരു തമീം ശൈഖുമാണ് അറസ്റ്റ് ചെയ്യപ്പെട്ടതെന്ന് ചിലര്‍ അറിയിച്ചു ('മലപ്പുറം' എന്ന വാര്‍ത്ത തെറ്റാണെന്ന് ഏറ്റുപറഞ്ഞത് എന്‍.ഡി.ടി.വിയും ഇന്ത്യ ടുഡെയും മാത്രം).
എല്ലാം തുടങ്ങിവെച്ച മനേക എന്ത് ചെയ്തു? നേരറിഞ്ഞിട്ടും തിരുത്തിയില്ല. മൊറയൂര്‍ പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് അയച്ച പ്രതിഷേധക്കുറിപ്പിനുള്ള മറുപടിയില്‍, മലപ്പുറത്തോട് വിരോധമില്ലെന്ന് പറഞ്ഞതല്ലാതെ തന്റെ വിഷലിപ്തമായ കള്ളം ഏറ്റുപറഞ്ഞില്ല. ചാനലിലോ ഫേസ്ബുക്കിലോ തിരുത്തിയില്ല.
ഫാഷിസം എങ്ങനെ വ്യാജവാര്‍ത്തകളെ ഇന്ധനമാക്കുന്നു എന്നതിന് ഒരു ലഘുപാഠം ഈ സംഭവത്തിലുണ്ട്. ആദ്യം ഒരു സാധാരണ സംഭവം കണ്ടെത്തുക- ഊതിപ്പെരുപ്പിക്കാവുന്ന വൈകാരികാംശം ഉള്ളതായിരിക്കണം (ആനയുടെ ദയനീയാവസ്ഥയാണ് ഈ സംഭവത്തിലെ വൈകാരികാംശം). ഇനി, സംഭവത്തില്‍ അല്‍പ്പം അസത്യം ചേര്‍ക്കുക; അല്ലെങ്കില്‍, സംഭവത്തെ സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിമാറ്റുക (പാലക്കാടിനു പകരം മലപ്പുറമായാല്‍ പാകം). മിക്ക വ്യാജ നിര്‍മിതികളിലും സത്യത്തിന്റെ ഏതോ അംശമെങ്കിലും ഉണ്ടാകും. അതാണ് സംഭവത്തെ മനസ്സിലുറപ്പിക്കുന്ന ആണി.
ആവശ്യമായ ചേരുവകളായാല്‍ ഒരത്ഭുതം കൂടി സംഭവിക്കും. വെറുമൊരു വാര്‍ത്ത മാത്രമായിരുന്ന ഒരു സാധാരണ സംഭവം ഒരു കഥയായി, ആഖ്യാനമായി, 'നരേറ്റിവ്' (ചമൃൃമശേ്‌ല) ആയി പരിണമിക്കും. പ്രത്യേക ദിശയില്‍ വികസിപ്പിച്ച്, വ്യാഖ്യാനങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും അടിത്തറയായി ഉപയോഗിക്കാവുന്ന ഒന്നാണ് 'നരേറ്റിവ്.' പ്രോപഗണ്ടക്ക് പാകമായ അസംസ്‌കൃത വസ്തു. പാലക്കാടിനെപ്പറ്റിയാകുമ്പോള്‍ ആനക്കഥ വെറും വാര്‍ത്ത; മലപ്പുറത്തെപ്പറ്റിയാകുന്നതോടെ അത് ആഖ്യാനമാകും. അതുകൊണ്ടാണ് മനേക ആനയുടെ ദുരിതത്തെപ്പറ്റി പറയുന്നതിനു പകരം മലപ്പുറത്തെ കുറ്റവാസനയെപ്പറ്റി വാചാലയായത് (സ്വന്തം മണ്ഡലമായ സുല്‍ത്താന്‍പൂരില്‍ മലപ്പുറത്തേതിനേക്കാള്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നുണ്ടെന്നത് അവരറിയേണ്ട വിഷയമല്ലല്ലോ). അതുകൊണ്ടുതന്നെയാണ്, സ്ഥലം മലപ്പുറമല്ല എന്ന് വെളിപ്പെട്ടതോടെ അവരുടെ മൃഗസ്നേഹവും ആവേശവും കെട്ടത്.
സാധാരണ സംഭവത്തെ പ്രചാരണക്ഷമമായ ആഖ്യാനമാക്കി മാറ്റിക്കഴിഞ്ഞാല്‍ അടുത്ത ചുവടിന് സമയമായി. സ്ഫോടകം അകമേ നിറച്ച ഈ 'നരേറ്റിവ്' കഴിയുന്നത്ര വ്യാപ്തിയില്‍ പരത്തുക എന്നതാണത്. മൊബൈല്‍ ഫോണ്‍ കൊണ്ട് ലക്ഷങ്ങളിലേക്ക് സന്ദേശമെത്തിക്കാവുന്ന ഇക്കാലത്ത് അത് എളുപ്പമാണ്. ഈ മേഖലയില്‍ സംഘ്പരിവാര്‍ ആര്‍ജിച്ചിട്ടുള്ള കഴിവും സംഘടനാ ശേഷിയും 'അയാം എ ട്രോള്‍' (ക മാ മ ഠൃീഹഹ) എന്ന പുസ്തകത്തില്‍ പത്രപ്രവര്‍ത്തക സ്വാതി ചതുര്‍വേദി വിശദീകരിച്ചിട്ടുണ്ട്. വേണ്ടത്ര പരന്നു കഴിഞ്ഞാല്‍ ഫാഷിസത്തിന് ആവശ്യമായ ദുഷ്പ്രചാരണം 'നരേറ്റിവി'ല്‍നിന്ന് താനേ ഉല്‍പാദിപ്പിക്കപ്പെടും. മലപ്പുറം എന്ന ഒരൊറ്റ വാക്ക് സൃഷ്ടിച്ച വിഷം, അത് പാലക്കാടായിരുന്നു എന്ന് തിരുത്തപ്പെട്ടാലും ഒഴിവാകില്ല. കാരണം മലപ്പുറം എന്ന നരേറ്റിവ് (മലപ്പുറം = മുസ്‌ലിം = കൊല = കുറ്റകൃത്യങ്ങള്‍ = ഭീകരത = ഒഴിവാക്കപ്പെടേണ്ടവര്‍) കോടിക്കണക്കിന് ജനങ്ങളിലെത്തും. പാലക്കാട് എന്ന വെറും വാര്‍ത്തയാകട്ടെ, വാര്‍ത്തയായി മാത്രം നിലനില്‍ക്കും.
വല്ലപ്പോഴും ഇറങ്ങുന്ന വിഷപ്പാമ്പാണ് ഇത്തരം വ്യാജവാര്‍ത്തകളെന്ന് കരുതാന്‍ വയ്യ. വര്‍ഗീയ പ്രചാരണം എപ്പോഴും എത്രയും നടത്താവുന്ന സാമൂഹികാന്തരീക്ഷം ഭരണകൂട ഒത്താശയോടെ തന്നെ ഇന്ത്യയില്‍  രൂപപ്പെട്ടുകഴിഞ്ഞു. ആള്‍ട്ട് ന്യൂസ്, ബൂംലൈവ്, മീഡിയാസ്‌കാനര്‍, എസ്സെം ഹോക്സ് ബസ്റ്റര്‍ തുടങ്ങിയ വസ്തുതാപരിശോധക സൈറ്റുകളും മറ്റു മാധ്യമങ്ങളുടെ സമാനമായ സംരംഭങ്ങളും ഓരോ ദിവസവും പരിശോധിക്കേണ്ടി വരുന്ന വ്യാജവാര്‍ത്തകളുടെ പട്ടിക കണ്ടാല്‍ തലകറങ്ങും.
ചില സാമ്പിളുകള്‍: ഭരണഘടനയുടെ 30-ാം വകുപ്പ്, ഖുര്‍ആന്‍ പഠിപ്പിക്കാന്‍ അനുവദിക്കുന്നു. 30 എ വകുപ്പ്, ഹിന്ദുവേദ പഠനം വിലക്കുന്നു (ഭരണഘടനക്ക് 30 എ വകുപ്പ് ഇല്ല. ന്യൂനപക്ഷാവകാശങ്ങളെപ്പറ്റിയാണ് 30-ാം വകുപ്പ്).
കുര്‍ളയില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് മുസ്‌ലിംകള്‍ പള്ളിയില്‍ നിന്നിറങ്ങി പൊലീസിനെ ആക്രമിച്ചെന്ന് ന്യൂസ് 18, റിപ്പബ്ലിക് ചാനലുകള്‍ (നാട്ടില്‍ പോകാന്‍ എത്തിയ തൊഴിലാളികള്‍ തങ്ങളെ തടയുന്ന പോലീസിനോട് ഇടഞ്ഞതാണ് സംഭവം. പശ്ചാത്തലത്തില്‍ ഒരു പള്ളി കാണാനുള്ളതാണ് വ്യാജത്തിന് സൗകര്യമായത്).
അഹ്മദാബാദില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് പള്ളിയില്‍ മുസ്‌ലിം ജനക്കൂട്ടം (ലോക്ക് ഡൗണിനു മുമ്പ് മഹാരാഷ്ട്രയിലെ ഒരു പള്ളിയാണ് രംഗം).
കര്‍ണൂല്‍ എം.എല്‍.എ ഹഫീസ് ഖാന്‍ നഴ്സിനെക്കൊണ്ട് പള്ളി ഇമാമിന്റെ കാല്‍ കഴുകിച്ചു (പ്രമേഹരോഗിയായ ഇമാമിന്റെ കാലിന് മുറിവുപറ്റിയപ്പോള്‍ നഴ്സ് വന്ന് ശുശ്രൂഷിച്ചതാണ് രംഗം).
ഇത്തരം സംഭവങ്ങളുടെ നൂറുകണക്കിന് ഉദാഹരണങ്ങള്‍ ഫാക്ട് ചെക്കിംഗ് സൈറ്റുകളില്‍ കാണാനാവും. ഇല്ലാത്ത സംഭവം കെട്ടിച്ചമക്കുക, ഉണ്ടായ സംഭവം തന്നെ ഭാവന ചേര്‍ത്ത് മറ്റൊന്നാക്കുക എന്നതൊക്കെയാണ് രീതി.
വംശഹത്യയുടെ അനേകം ഉദാഹരണങ്ങള്‍ ചരിത്രത്തിലുണ്ട്. ജൂതരെ നാസികള്‍ കൂട്ടക്കൊല ചെയ്ത ഹോളോകോസ്റ്റ്, റുവാണ്ടയിലെ കൂട്ടക്കൊല, ബോസ്നിയ, മ്യാന്മര്‍ തുടങ്ങി ആ ലിസ്റ്റ് നീളും. ഇവയിലൊക്കെ പൊതുവായുള്ളത്, ഇരയാക്കപ്പെട്ട ജനസമൂഹത്തിനെതിരെ പൊടുന്നനെ അക്രമമുണ്ടാവുകയല്ല ചെയ്തതെന്ന വസ്തുതയാണ്. ആസൂത്രിതമായ പ്രചാരണങ്ങളിലൂടെ അവരെ പിശാചുക്കളായി വര്‍ണിക്കുന്ന വ്യാജവാര്‍ത്താ പരിസരം മുന്‍കൂട്ടിത്തന്നെ അതിന് അനുകൂല സാഹചര്യമൊരുക്കിയിരുന്നു.
വംശഹത്യയുടെ (ജനസൈഡ്) പത്ത് ഘട്ടങ്ങളെപ്പറ്റി ചരിത്ര പണ്ഡിതര്‍ പറയാറുണ്ട് (ചിലരുടെ പഠനത്തില്‍ ഒന്നു രണ്ട് ഘട്ടങ്ങള്‍ കൂടുതല്‍ കണ്ടെന്നും വരാം). ഈ ഘട്ടങ്ങളില്‍ പലതിലും മാധ്യമ പ്രചാരണങ്ങളുടെയും വ്യാജവാര്‍ത്തകളുടെയും പങ്ക് നിര്‍ണായകമാണ്.
വര്‍ഗീകരണം (ക്ലാസിഫിക്കേഷന്‍) ആണ് ആദ്യഘട്ടം. ജനങ്ങളെ 'നമ്മളും അവരു'മായി അധീശവിഭാഗം വേര്‍തിരിക്കുന്നത് ഈ ഘട്ടത്തിലാണ്. നമ്മുടെ ചില ദേശീയ ചാനലുകളിലെ അന്തിച്ചര്‍ച്ചകള്‍ കണ്ടാല്‍ ഇതെങ്ങനെയെന്ന് മനസ്സിലാകും. തബ്‌ലീഗ് ജമാഅത്തുകാര്‍ കൊറോണ ബോധപൂര്‍വം പരത്തി എന്ന ആഖ്യാനം നിര്‍മിച്ച റിപ്പബ്ലിക്കും സീ ന്യൂസുമൊക്കെ ഒന്നുകൂടി പറഞ്ഞു: മുസ്‌ലിംകള്‍ ഇന്ത്യയുടെ രോഗപ്രതിരോധ ശ്രമത്തെ തകര്‍ക്കുകയാണെന്ന്- മുസ്‌ലിം വേറെ, ഇന്ത്യ വേറെ.
'പ്രതീകവല്‍ക്കരണം' എന്ന അടുത്ത ഘട്ടം, ഇരകളെപ്പറ്റി മോശം വാര്‍പ്പുമാതൃകകള്‍ നിര്‍മിക്കുന്ന ഘട്ടമാണ്. ഇതില്‍ മാധ്യമങ്ങള്‍ക്കാണ് മുഖ്യപങ്ക് എന്ന് പറയേണ്ടതില്ല. ഇരകളുമായി ബന്ധപ്പെട്ടതെന്ന് വരുത്തിത്തീര്‍ത്ത ചിലതുണ്ടല്ലോ. അവ ഉപയോഗിച്ചാണ് പിന്നെ 'പിശാചുവല്‍ക്കരണം' (കേരളത്തിലെ 'പച്ചബോര്‍ഡ്' വിവാദം ഓര്‍ക്കുക; തബ്‌ലീഗിനെ പഴിക്കാനുപയോഗിച്ച ഒരു ഹാഷ്ടാഗ് 'കൊറോണ 786' എന്നാണ്). കൂട്ടത്തില്‍ ഒരു കൗതുകം കൂടി: കോവിഡ് വ്യാപനത്തിന് തൊട്ടുമുമ്പ് ഫ്രാന്‍സ് മുസ്‌ലിം സ്ത്രീകളുടെ മുഖാവരണം നിരോധിച്ചിരുന്നു. ഫ്രാന്‍സിന്റെ സംസ്‌കാരത്തിന് മുഖം മറയ്ക്കല്‍ എതിരാണത്രെ. കോവിഡ് എത്തിയതോടെ മാസ്‌ക് നിര്‍ബന്ധമാക്കി. മുഖാവരണം ഉപയോഗിക്കുന്നത് കുറ്റകരമായിരുന്നിടത്ത്, അത് ഉപയോഗിക്കാതിരിക്കലായി കുറ്റം. അപ്പോള്‍ 'ഫ്രാന്‍സിന്റെ സംസ്‌കാര'ത്തിന് എന്തുപറ്റി? കാര്യം ഇപ്പോള്‍ വ്യക്തം: മുഖാവരണം മുസ്‌ലിംകളുടെ പ്രതീകമായിരുന്നതുകൊണ്ടായിരുന്നു വിലക്ക്. ഇന്നും നിഖാബിന് വിലക്കുണ്ട്. പ്രതീകങ്ങളെ സൃഷ്ടിക്കുന്നതും അവയോട് വെറുപ്പു വളര്‍ത്തുന്നതും മാധ്യമങ്ങള്‍ മുഖേനയാണ് നടക്കുന്നത്.
വിവേചനം എന്ന മൂന്നാം ഘട്ടത്തിലും (പൗരത്വ ഭേദഗതി ഉദാഹരണം) മനുഷ്യപദവി എടുത്തുകളയുന്ന നാലാം ഘട്ടത്തിലും (റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ ചിതലുകളെന്ന് അമിത് ഷാ; വംശഹത്യയില്‍ കൊല്ലപ്പെടുന്നവര്‍ റോഡപകടത്തില്‍ കൊല്ലപ്പെടുന്ന പട്ടിക്കുഞ്ഞിനെപ്പോലെയെന്ന് മോദി) സമൂഹ മനസ്സിനെ മാറ്റിയെടുക്കുന്നതിന് വ്യാജവാര്‍ത്തകള്‍ നല്‍കുന്ന സഹായം ചെറുതല്ല. ധ്രുവീകരണം എന്ന അടുത്ത ഘട്ടവും വ്യാജ പ്രചാരണങ്ങളെ ആശ്രയിക്കുന്നു. ആസൂത്രിത വ്യാജപ്രചാരണങ്ങള്‍കൊണ്ട് സമൂഹത്തിലുണ്ടാകാവുന്ന പ്രത്യാഘാതം ചെറുതല്ല. ഒരു കണക്കിന് വംശഹത്യയുടെ തിരനോട്ടമായ ആള്‍ക്കൂട്ടക്കൊലകള്‍ക്ക് ഊര്‍ജം നല്‍കിയത് വ്യാജവാര്‍ത്തകള്‍ വഴി ഉല്‍പാദിപ്പിക്കപ്പെട്ട വിദ്വേഷമാണ്. ഉത്തരേന്ത്യയില്‍ ആഴത്തില്‍ വേരോടിക്കഴിഞ്ഞ വംശീയ വിദ്വേഷം തെക്കോട്ടും പടര്‍ന്നുകൊണ്ടിരിക്കുന്നതും വ്യാജങ്ങളുടെ ചിറകിലാണ്. തമിഴ്നാട്ടില്‍ ക്ഷേത്രങ്ങള്‍ക്ക് വലിയ വൈദ്യുതി നിരക്കും പള്ളികള്‍ക്ക് കുറഞ്ഞ നിരക്കുമാണെന്ന നുണ ഈയിടെ ട്വിറ്റര്‍ വഴി വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ബി.ജെ.പി പക്ഷക്കാരായ പ്രീതി ഗാന്ധി, അതുല്‍ സക്സേന തുടങ്ങിയവര്‍ ഫേസ്ബുക്കും യൂട്യൂബുമെല്ലാം വഴി പരത്തിയ വിഷം അതേപടി ഭൂരിപക്ഷ മനസ്സില്‍ അടിഞ്ഞു കിടപ്പുണ്ട്. മലപ്പുറത്തെപ്പറ്റി പരത്തിയ ഒരുപാട് കെട്ട ചിത്രങ്ങളും മാഞ്ഞിട്ടില്ല. തബ്‌ലീഗ് ജമാഅത്തിനെതിരെ പരത്തിയ അനേകം നുണകള്‍ മുസ്‌ലിം വിഭാഗത്തിന്റെ മുഴുവന്‍ വിശേഷണങ്ങളായി, മഴയെ കാത്തു കിടക്കുന്ന വിഷവിത്തുകളായി കിടപ്പുണ്ട്. കോവിഡ് കാലത്ത് മുസ്‌ലിംകള്‍ക്കെതിരെ ഓണ്‍ലൈന്‍ വഴി പ്രചരിച്ച 69 വ്യാജ വീഡിയോകള്‍ 'മീഡിയാസ്‌കാനര്‍' എന്ന ഫാക്ട് ചെക്കര്‍ സൈറ്റ് ഈയിടെ പട്ടികയാക്കി; ആ വ്യാജങ്ങള്‍ കാരണം ഉണ്ടായ 28 അക്രമ സംഭവങ്ങളും. മതവിദ്വേഷം മൂലം മുന്‍പരിചയമില്ലാത്ത ഒമ്പതു പേരെ വെടിവെച്ചുകൊന്ന യു.എസിലെ ഡിലന്‍ റൂഫിനെയും റോഹിങ്ക്യകളെ ആട്ടിപ്പായിക്കുകയും കത്തിച്ചു കളയുകയും ചെയ്ത മ്യാന്മറിലെ ബുദ്ധമതക്കാരെയും സ്വാധീനിച്ച തരം വ്യാജവാര്‍ത്താ ഫാക്ടറികള്‍ തന്നെയാണ് ഇന്ത്യയിലും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
ഇപ്പോള്‍ ഈ ഫാഷിസ്റ്റ് സൂത്രം ഗൗരവമേറിയ ഘട്ടത്തിലെത്തുകയാണ്. ഈയിടെ ബിഹാറില്‍നിന്ന് കേട്ട ഒരു കെട്ടുകഥയുടെ സൂചന നിസ്സാരമല്ല. പതിനഞ്ചുകാരനായ രോഹിത് കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ മാര്‍ച്ച് 28-ന് മുങ്ങി മരിച്ചു. 40 ദിവസം കഴിഞ്ഞ് വര്‍ഗീയ സൈറ്റായ 'ഓപ് ഇന്ത്യ'യില്‍ 'നരേറ്റിവ്' വരുന്നു: രോഹിതിനെ മുസ്‌ലിംകള്‍ പള്ളിയില്‍വെച്ച് ബലിയറുത്തതാണ്! അധികൃതര്‍ ഇത് നിഷേധിക്കുകയും 'ഓപ് ഇന്ത്യ'ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ 'വാര്‍ത്ത' തിരുത്തപ്പെട്ടെങ്കിലും 'നരേറ്റിവ്' ആയിരങ്ങളുടെ മനസ്സില്‍ പതിഞ്ഞു കഴിഞ്ഞു. 'ബലിനല്‍കിയ' പള്ളിയിലെ മൗലവി ഒളിവിലാണെന്ന ആഖ്യാനം പടര്‍ന്ന അതേ മനസ്സുകളിലേക്ക്, അവിടെ പള്ളിയോ മൗലവിയോ പോലുമില്ലെന്നതും അവരില്‍ സംഘ്പരിവാറിന്റെ അറിയപ്പെടുന്ന പലരുമുണ്ടെന്നതും പ്രധാനമന്ത്രി മോദി ഫേസ്ബുക്കില്‍ 'ഫോളോ' ചെയ്യുന്നവരും അക്കൂട്ടത്തിലുണ്ടെന്നതും നുണകള്‍ക്ക് സ്വീകാര്യത നല്‍കുന്നു.
ഫാഷിസത്തിന്റെ വജ്രായുധമാണ് നുണക്കഥകള്‍. ബിഹാര്‍ ഗോപാല്‍ഗഞ്ചിലെ രോഹിതിന്റെ മരണവാര്‍ത്ത 40 നാള്‍ കഴിഞ്ഞ് ആഖ്യാനമാക്കിയ വിദ്യ ഒരു നിലക്ക് ആവര്‍ത്തനമാണ്. 1255-ല്‍ ബ്രിട്ടനിലെ ലിങ്കണ്‍ പട്ടണത്തില്‍ നടന്ന മറ്റൊരു സംഭവത്തിന്റെ പുനരാവിഷ്‌കാരം. ലിങ്കണിലെ ഹ്യൂ എന്ന ഒമ്പതു വയസ്സുകാരനെ കാണാതായി. ഒരു മാസം കഴിഞ്ഞ് ജഡം ഒരു കിണറ്റില്‍നിന്ന് കിട്ടി. കിണര്‍ ഒരു ജൂതന്റേതായിരുന്നു. അങ്ങനെ ആഖ്യാനം പിറന്നു, ക്രിസ്ത്യന്‍ ബാലനെ ജൂതന്‍ ബലി ചെയ്തതാണ് എന്ന്! ഇതിനു മുമ്പും പിമ്പുമായി ജൂതന്മാരുടെ 'ബലി ആചാര'ത്തെപ്പറ്റി കെട്ടുകഥകള്‍ ധാരാളം പിറന്നു (ഹ്യൂവിന്റെ കാര്യത്തിലാകട്ടെ, ആ ജൂതന്‍ മര്‍ദനം സഹിക്കാനാകാതെ കുറ്റമേറ്റിരുന്നു). ഹ്യൂ സംഭവം ഒരുപാട് കഥകള്‍ക്കും നാടന്‍ പാട്ടുകള്‍ക്കും ജന്മം നല്‍കി. വെറുപ്പിന് ആഴമേറി. 14-ാം നൂറ്റാണ്ടില്‍ യൂറോപ്പിനെ പ്ലേഗ് മഹാമാരി പിടികൂടിയപ്പോള്‍ അത് ജൂതന്മാര്‍ കിണറുകളില്‍ വിഷം കലക്കി ഉണ്ടാക്കിയതാണ് എന്ന കഥ പിറന്നു. ജൂതന്മാരെ കൂട്ടക്കൊല ചെയ്യുന്നതിലാണ് ഇത് കലാശിച്ചത്. ഹോളോകാസ്റ്റിനു പിന്നിലും ഗീബല്‍സ് പോലുള്ള നുണ നിര്‍മാതാക്കളുടേതടക്കം അനേകം വ്യാജകഥകളുണ്ട്. ഇന്ന് ഇന്ത്യയില്‍ കോവിഡ് എന്തുകൊണ്ട് പരക്കുന്നു എന്ന ചോദ്യത്തിന് ഭരണകൂടത്തിന്റെ പിടിപ്പുകേട് എന്ന ഉത്തരമല്ല പലരും നല്‍കുക- തബ്‌ലീഗ് ജമാഅത്ത് എന്ന ഉത്തരമാണ്.
നിസ്സാരമാക്കാവുന്നതല്ല ഇന്ത്യയിലെ അവസ്ഥ എന്ന് മുന്നറിയിപ്പു നല്‍കിക്കൊണ്ട് ശിവ് വിജ് എഴുതുന്നു: ''2017-ല്‍ രാജസ്ഥാനില്‍ ശംഭുലാല്‍ റെഗര്‍ എന്നയാള്‍, ഒരു മുസ്‌ലിം തൊഴിലാളിയെ വെട്ടി, ജീവനോടെ കത്തിച്ചു. സംഭവം അന്വേഷിച്ച ബി.ബി.സി ഹിന്ദി ലേഖകന്‍ ഒരു കാര്യം കണ്ടെത്തി. വാട്ട്സാപ്പില്‍ മുസ്‌ലിംകള്‍ പശുക്കുട്ടികളെ കൊല്ലുന്നതെന്ന മട്ടിലുള്ള വീഡിയോകള്‍ നിരന്തരം കണ്ടിട്ടാണ് ശംഭുലാലിന് മതഭ്രാന്ത് പിടിച്ചത്.''
2015-ലാണ് ഉത്തര്‍പ്രദേശുകാരന്‍ മുഹമ്മദ് അഖ്‌ലാഖിനെ 500-ലേറെ വരുന്ന ആള്‍ക്കൂട്ടം അടിച്ചുകൊന്നത്. അതിനുശേഷം ഇതുവരെ 113 പേരെങ്കിലും ഹിന്ദുക്കളുടെ ലിഞ്ചിംഗിന് ഇരയായിട്ടുണ്ടെന്ന് 'ദ ക്വിന്റ്' വാര്‍ത്താ പോര്‍ട്ടലിന്റെ പഠനത്തില്‍ കണ്ടു.
ഭീകരമായ വ്യാജവാര്‍ത്താ ഭൂതത്തെ എങ്ങനെ നേരിടും? സത്യവും നന്മയും പ്രചരിപ്പിക്കുക വിശ്വാസിയുടെ കടമയാണ്. അത്ര തന്നെ പ്രധാനപ്പെട്ട കര്‍ത്തവ്യമാണ് നാട്ടിനെ തകര്‍ക്കുന്ന വ്യാജപ്രചാരണങ്ങളെ ചെറുക്കുക എന്നതും. വിശദമായ ചിന്തയും ആസൂത്രണവും ഇതിനാവശ്യമാണ്. വാര്‍ത്തകളിലെ ശരിയും തെറ്റും തിരിച്ചറിയുന്നതിനേക്കാള്‍ പ്രധാനമാണ് 'നരേറ്റിവുകളു'ടെ നിജഃസ്ഥിതി വെളിപ്പെടുത്തല്‍. വിദ്വേഷ നരേറ്റിവുകള്‍ ഭൂരിപക്ഷ സമുദായത്തിലുള്ള നിഷ്‌കളങ്കരെ സ്വാധീനിക്കുന്നുണ്ട്. അവര്‍ 'നരേറ്റിവു'കളുടെ സത്യാവസ്ഥ അറിയണം. നേതാക്കളോടും അണികളോടും തുറന്നു സംസാരിക്കാനുള്ള ചാലുകള്‍ സൃഷ്ടിക്കണം. വ്യാജങ്ങള്‍ക്കെതിരെ നിയമത്തിന്റെ വഴിയും തേടണം.
വാര്‍ത്തകള്‍ മസ്തിഷ്‌കങ്ങളെ നിയന്ത്രിക്കുമ്പോള്‍ 'നരേറ്റിവു'കള്‍ ഹൃദയങ്ങളെയാണ് പിടികൂടുന്നത്. രണ്ടും ഫാഷിസത്തിന് ആയുധങ്ങളാണ്. എന്നാല്‍ വാര്‍ത്തകള്‍ തിരുത്താനെളുപ്പമാകാം; ആഖ്യാനങ്ങളാകട്ടെ, എളുപ്പം നീങ്ങാത്ത കറയാണ്.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (6-8)
ടി.കെ ഉബൈദ്‌

ഹദീസ്‌

ഈമാന്‍ രുചിയറിഞ്ഞാസ്വദിക്കുക
അബ്ദുര്‍റഹ്മാന്‍ ചെറുവാടി