Prabodhanm Weekly

Pages

Search

2020 ജൂലൈ 03

3158

1441 ദുല്‍ഖഅദ് 11

ശാന്തപുരം മാതൃകാ മഹല്ലിന്റെ പിറവി

ഹൈദറലി ശാന്തപുരം

[ഗതകാല സ്മരണകള്‍-1 ]

ഏഴര പതിറ്റാണ്ട് ദൈര്‍ഘ്യമുള്ള ജീവിതയാത്രക്കു ശേഷം അസ്മതയസൂര്യനെ പ്രതീക്ഷിച്ചു കഴിയുന്ന സായന്തനത്തില്‍, നടന്നുവന്ന വഴികളിലേക്കുള്ള തിരിഞ്ഞുനോട്ടമാണിത്. യാത്രക്ക് തുടക്കം കുറിച്ച ശാന്തപുരം എന്ന ശാന്തിഗ്രാമത്തില്‍നിന്നാവട്ടെ തിരിഞ്ഞുനോട്ടത്തിന്റെയും ആരംഭം. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ താലൂക്കില്‍ കീഴാറ്റൂര്‍- വെട്ടത്തൂര്‍ പഞ്ചായത്തുകളുടെ ഏതാനും ഭാഗങ്ങളടങ്ങിയ അനുഗൃഹീതമായ ഒരു പ്രദേശമാണ് പ്രശസ്തമായ ശാന്തപുരം മഹല്ല്. 1955 വരെ അങ്ങനെയൊരു മഹല്ല് ഉണ്ടായിരുന്നില്ല. ഇന്നും റവന്യൂ വകുപ്പിന്റെ ഔദ്യോഗിക രേഖകളിലൊന്നും ശാന്തപുരം എന്ന പേര് കാണുകയില്ല. കീഴാറ്റൂര്‍ പഞ്ചായത്തിലെ മുള്ള്യാകുര്‍ശി പ്രദേശവും വെട്ടത്തൂര്‍ പഞ്ചായത്തിലെ പള്ളിക്കുന്ന് വില്ലേജും ചേര്‍ന്ന ഭൂപ്രദേശമാണ് ശാന്തപുരം മഹല്ല്. മുള്ള്യാകുര്‍ശി-പള്ളിക്കുത്ത് പുത്തന്‍പള്ളി മഹല്ല് എന്നാണ് ഔദ്യോഗിക രേഖകളില്‍ കാണുക. ഷൊര്‍ണൂര്‍- നിലമ്പൂര്‍ റെയില്‍വേ പാതയും പെരുമ്പിലാവ് -നിലമ്പൂര്‍ സ്റ്റേറ്റ് ഹൈവേയും കടന്നുപോകുന്നത് ശാന്തപുരം മഹല്ലിലൂടെയാണ്.
മുള്ള്യാകുര്‍ശി-പള്ളിക്കുത്ത് പുത്തന്‍ പള്ളി സ്ഥാപിതമായത് എപ്പോഴായിരുന്നുവെന്നതിന് വ്യക്തമായ രേഖകളൊന്നുമില്ല. എങ്കിലും 1892-ലായിരുന്നു അതെന്ന് ചില റിപ്പോര്‍ട്ടുകളില്‍ കാണുന്നു. അതുവരെ മുള്ള്യാകുര്‍ശി-പള്ളിക്കുന്ന് നിവാസികളുടെ ഏക ജുമുഅ മസ്ജിദ് ഇപ്പോഴത്തെ മുള്ള്യാകുര്‍ശി കീഴ്മുറി ജുമുഅ മസ്ജിദായിരുന്നു. അക്കാലത്ത് സമീപ പ്രദേശത്തെ പള്ളികളും മഹല്ലുകളുമൊക്കെ ഒന്നുകില്‍ കൊണ്ടോട്ടി കൈക്ക് കീഴില്‍, അല്ലെങ്കില്‍ പൊന്നാനി കൈക്ക് കീഴില്‍. ഇസ്മാഈലീ ശീഈ ധാരയായിരുന്നു കൊണ്ടോട്ടി കൈക്കാര്‍. പൊന്നാനി കൈക്കാര്‍ അഹ്ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ നിയന്ത്രണത്തിലുള്ളവരും. മുള്ള്യാകുര്‍ശി-പള്ളിക്കുത്ത് നിവാസികള്‍ കൊണ്ടോട്ടി കൈക്കാരുടെ അധീനത്തിലുള്ള പള്ളിയുടെയും മഹല്ലിന്റെയും ഭാഗമായിരുന്നു. വിശ്വാസപരമായും ആചാരപരമായും തങ്ങള്‍ ആ മഹല്ലില്‍ തുടരുന്നത് ശരിയല്ല എന്ന അഭിപ്രായമുള്ള വലിയ വിഭാഗം ആളുകള്‍ അതില്‍നിന്ന് വേറിട്ട് പുതിയ പള്ളിയും മഹല്ലും സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിച്ചു. അവരത് പ്രാവര്‍ത്തികമാക്കുകയും ചെയ്തു. അങ്ങനെയാണ് മുള്ള്യാകുര്‍ശി-പള്ളിക്കുത്ത് പുത്തന്‍പള്ളിയും മഹല്ലും നിലവില്‍ വന്നത്. അക്കാലത്തെ മഹല്ല് നിവാസികള്‍ ദീനീതല്‍പരരും ഉദാരമതികളുമായിരുന്നതിനാല്‍ പള്ളിയുടെയും മഹല്ലിന്റെയും അഭിവൃദ്ധിക്കും കുട്ടികളുടെ മതപഠനത്തിനുമായി ധാരാളം സ്വത്തുക്കള്‍ വഖ്ഫ് ചെയ്തു. പള്ളിയില്‍ ഉന്നത നിലവാരത്തിലുള്ള ദര്‍സുകള്‍ ആരംഭിച്ചു. പ്രഗത്ഭരായ പണ്ഡിതന്മാരെ പങ്കെടുപ്പിച്ച് മതപ്രഭാഷണങ്ങള്‍ സംഘടിപ്പിച്ചു. മഹല്ല് നിവാസികളില്‍ ഭൗതിക വിദ്യാഭ്യാസം നേടിയവരും ഉയര്‍ന്ന ഉദ്യോഗങ്ങളിലുള്ളവരും ധാരാളമുണ്ടായിരുന്നു. അവര്‍ പുരോഗമനവാദികളും ഉല്‍പതിഷ്ണു ചിന്താഗതിക്കാരുമായിരുന്നു.
പള്ളിയുടെ കാര്യങ്ങളും ദര്‍സും നല്ല നിലയില്‍ കൊണ്ടുപോകുന്നതിന് സാമ്പത്തിക പ്രയാസം അനുഭവപ്പെട്ടപ്പോള്‍ പരിഹാരമായി ഒരു വഅ്ള് പരമ്പര നടത്താന്‍ കമ്മിറ്റി തീരുമാനിച്ചു. ആരെയാണ് അതിന് ക്ഷണിക്കുക എന്ന ചര്‍ച്ച വന്നപ്പോള്‍ ചിലര്‍ പറഞ്ഞു: 'പറവണ്ണ മുഹ്‌യിദ്ദീന്‍ കുട്ടി മുസ്ലിയാര്‍.' മറ്റു ചിലര്‍ പറഞ്ഞു: 'പറപ്പൂര്‍ അബ്ദുല്ല ഹാജി.' ആദ്യം പറഞ്ഞയാള്‍ കടുത്ത സുന്നിപക്ഷക്കാരനും രണ്ടാമത്തെ ആള്‍ കടുത്ത മുജാഹിദ് പക്ഷക്കാരനുമായതിനാല്‍ മൂന്നാമതൊരു അഭിപ്രായം കൂടി ഉയര്‍ന്നുവന്നു: 'നമുക്ക് അങ്ങനെ വിഭാഗീയ ചിന്താഗതിയൊന്നുമില്ലാത്ത ഇസ്സുദ്ദീന്‍ മൗലവിയെ ക്ഷണിക്കാം.' ഈ അഭിപ്രായമാണ് അവസാനം അംഗീകരിക്കപ്പെട്ടത്. ഇസ്സുദ്ദീന്‍ മൗലവി അക്കാലത്ത് വടക്കേ മലബാറിന്റെ പല ഭാഗങ്ങളിലും പ്രസംഗ പരമ്പരകള്‍ നടത്തുകയും ആവശ്യമുള്ള സ്ഥലങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്യുന്ന കാലമായിരുന്നു.
മുള്ള്യാകുര്‍ശി-പള്ളിക്കുത്ത് പുത്തന്‍ പള്ളി മഹല്ല്, കൊണ്ടോട്ടി കൈയില്‍നിന്ന് വേറിട്ട് പൊന്നാനി കൈക്ക് കീഴിലായിത്തീര്‍ന്നുവെങ്കിലും മഹല്ലില്‍ പലതരം അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിലനിന്നിരുന്നു. മൗലിദ്, റാത്തീബ് തുടങ്ങിയ അനാചാരങ്ങള്‍ നടന്നിരുന്നു. കീഴ്മുറി പള്ളിക്കാരെപ്പോലെ കൊടികുത്തി നേര്‍ച്ചയൊന്നും ഉണ്ടായിരുന്നില്ല. പല കച്ചവടക്കാരും ഒരു പെട്ടിയില്‍ ദിവസം തോറും ഒരു അണ വീതം ഇടുമായിരുന്നു, വര്‍ഷാന്തം മൗലിദ് കഴിക്കാനും നോമ്പ് തുറപ്പിക്കാനും. മൗലിദ് ഒരാചാരമെന്ന നിലയില്‍ തന്നെ നിലനിന്നിരുന്നു. മൗലിദ് ദിവസം കുടുംബങ്ങളെല്ലാം ഒരു വീട്ടില്‍ ഒരുമിച്ചുകൂടും. കുത്തുറാത്തീബ് അന്നുണ്ടായിരുന്നില്ലെങ്കിലും പരിഷ്‌കരിച്ച രൂപത്തിലുള്ള ഒരുതരം റാത്തീബ് നിലവിലുണ്ടായിരുന്നു. ഖബ്റുകള്‍ക്ക് മുകളില്‍ കുഴിക്കപ്പുര കെട്ടുകയും അതിനുള്ളിലിരുന്ന് മുസ്ലിയാക്കന്മാരെ കൊണ്ട് ഖുര്‍ആന്‍ ഓതിപ്പിക്കുകയും ചെയ്യുന്ന പതിവുമുണ്ടായിരുന്നു. ബാങ്കിനു മുമ്പ് നഗാറയടിക്കുന്ന സമ്പ്രദായവുമുണ്ടായിരുന്നു.
ആദ്യകാലത്ത് മഹല്ല് നിവാസികള്‍ ഇസ്ലാമിക വിദ്യാഭ്യാസം നല്‍കുന്നതില്‍ കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. പിന്നീടാണ് ഓത്തുപള്ളികളുണ്ടായത്. കെ.വി മൊയ്തുട്ടിമാന്‍ ഹാജിയുടെ വീടിന്റെ കോലായയില്‍ കുമ്മുട്ടി മുസ്ലിയാര്‍ എന്ന ആള്‍ കുട്ടികളെ പഠിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ അനുജന്‍ സൈദാലി മുസ്ലിയാര്‍ പിന്നീട് മഹല്ലിലെ കാഞ്ഞിരപ്പള്ളി എന്ന സ്ഥലത്ത് കുട്ടികളെ പഠിപ്പിച്ചിരുന്നു. അലിഫ് മുതല്‍ ഖുര്‍ആന്‍ മുഴുവന്‍ ഓതുന്നതുവരെയുള്ള വിവിധ ഘട്ടങ്ങളിലെ കുട്ടികളെയെല്ലാം ഒരു മൊല്ലാക്കയാണ് പഠിപ്പിച്ചിരുന്നത്. ഖുര്‍ആന്‍ ഓതാന്‍ പഠിച്ചുകഴിഞ്ഞാല്‍ ഈമാന്‍ കാര്യം, ഇസ്ലാം കാര്യം എന്നിവ പഠിപ്പിക്കും. ദീനിയാത്ത്, അമലിയ്യാത്ത് എന്നീ അറബി മലയാളത്തിലുള്ള പുസ്തകങ്ങളാണ് പഠിപ്പിക്കുക. പിന്നീട് സബീന പഠിപ്പിക്കും. അതില്‍ മന്‍ഖൂസ് മൗലിദും ബദ്ര്‍ മാലയുമൊക്കെ ഉണ്ടാവും. അക്കാലത്ത് മഹല്ല് ഖാദി കെ.കെ അബ്ദുര്‍റഹ്മാന്‍ മുസ്ലിയാരായിരുന്നു; കെ.കെ മമ്മുണ്ണി മൗലവിയുടെ പിതാമഹന്‍. അദ്ദേഹം തന്നെയായിരുന്നു ഖുത്വ്ബ (നബാത്തിയ) ഓതിയിരുന്നത്. 
മഹല്ലിന്റെ ഹൃദയഭാഗമായ ചുങ്കത്ത് നമസ്‌കാരപ്പള്ളി മുമ്പേ ഉണ്ട്. എന്നാല്‍ അതില്‍ കൃത്യമായി നമസ്‌കാരമോ ദീനീ ക്ലാസ്സുകളോ നടന്നിരുന്നില്ല. പലപ്പോഴും കാലികള്‍ അതില്‍ കയറിക്കിടക്കും. അക്കാലത്ത് ഒരു അത്തര്‍ കച്ചവടക്കാരന്‍ ആ വഴി വന്നു. നാട്ടുകാരുടെ ശ്രദ്ധയില്ലായ്മയും അനാസ്ഥയുമാണ് ഈ ശോച്യാവസ്ഥക്ക് കാരണമെന്ന് മനസ്സിലാക്കിയ അദ്ദേഹം ഒരു മൈക്ക് സെറ്റ് വാടകക്കെടുത്ത് നമസ്‌കാരപ്പള്ളിയുടെ കൊലായയില്‍ കൊണ്ട് വെച്ച് ഒരു പ്രസംഗം ചെയ്തു. നാട്ടുകാര്‍ക്ക് പള്ളി സംരക്ഷിക്കുന്ന കാര്യത്തില്‍ ശ്രദ്ധയില്ലെന്നും നല്ലവരായ ആളുകള്‍ നിര്‍മിച്ച പള്ളി കന്നുകാലി പള്ളിയായിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആ പ്രസംഗം ആളുകളുടെ ജാഗ്രതയെ തൊട്ടുണര്‍ത്തി. അവര്‍ പള്ളി വൃത്തിയായി സൂക്ഷിക്കാനും നമസ്‌കാരം പോലുള്ള ആരാധനാ കാര്യങ്ങളില്‍ ശ്രദ്ധിക്കാനും തുടങ്ങി. ആ സംഭവത്തിനു ശേഷമാണ് പറപ്പൂര്‍ അബ്ദുല്ല ഹാജിയുടെ പ്രസംഗ പരമ്പര. അദ്ദേഹം ഖുര്‍ആനും ഹദീസും ആഴത്തില്‍ പഠിച്ചിരുന്നു. അത് രണ്ടും പ്രമാണമാക്കി അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും അദ്ദേഹം തുറന്നെതിര്‍ത്തു. വിവരമറിഞ്ഞ അമ്പതോളം പേരടങ്ങുന്ന ഒരു സംഘം അബ്ദുല്ല ഹാജിയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. അവര്‍ പെരിന്തല്‍മണ്ണയില്‍നിന്ന് വന്നവരായിരുന്നു. കെ.പി ആലിയമുട്ടി ഹാജിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം നാട്ടുകാര്‍ അവരെ അക്രമത്തില്‍നിന്ന് പിന്തിരിപ്പിക്കുകയാണുണ്ടായത്. അബ്ദുല്ല ഹാജി പ്രസംഗം തുടര്‍ന്നു. പ്രസംഗം ശ്രവിച്ച ചെറുപ്പക്കാരില്‍ പലര്‍ക്കും മനംമാറ്റമുണ്ടായി. അന്ധവിശ്വാസങ്ങളില്‍നിന്നും അനാചാരങ്ങളില്‍നിന്നും അവര്‍ അകലം പാലിച്ചു.
പിന്നീട് നമസ്‌കാരപ്പള്ളി പുനരുദ്ധരിക്കുകയും അത് ഒരു ഇസ്ലാമിക കേന്ദ്രമാവുകയും ചെയ്തു. കൂടുതല്‍ ആളുകള്‍ നമസ്‌കാരാദി കാര്യങ്ങളില്‍ നിഷ്ഠയുള്ളവരായി.

ഇസ്സുദ്ദീന്‍ മൗലവിയുടെ ആഗമനം

അക്കാലത്താണ് വി.കെ.എം ഇസ്സുദ്ദീന്‍ മൗലവി മുള്ള്യാകുര്‍ശി-പള്ളിക്കുത്ത് പുത്തന്‍ പള്ളി മഹല്ല് കമ്മിറ്റിയുടെ ക്ഷണമനുസരിച്ച് പത്തു ദിവസത്തെ വഅ്ള് പരമ്പര നടത്താന്‍ മഹല്ലില്‍ വരുന്നത്. അദ്ദേഹം ആദ്യമായി വഅ്ള് നടത്തിയത് ഇന്ന് ജാമിഅ നൂരിയ്യ അറബിക്കോളേജ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് സ്റ്റേജ് കെട്ടിയായിരുന്നു. 'ഇഹ്ദിനസ്സ്വിറാത്തല്‍ മുസ്തഖീം' എന്ന ഖുര്‍ആനിക സൂക്തം അടിസ്ഥാനമാക്കിയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍. എന്താണ് സ്വിറാത്തുന്‍ മുസ്തഖീം? ആരാണ് മുത്തഖി? ഇതൊക്കെ അദ്ദേഹം സവിസ്തരം പ്രതിപാദിച്ചു. പ്രസംഗം ഏതാനും ദിവസം പിന്നിട്ടപ്പോള്‍ ഒരിക്കല്‍ അദ്ദേഹം സദസ്യരോടായി പറഞ്ഞു: 'ഞാനീ പറഞ്ഞ രൂപത്തിലുള്ള മുത്തഖിയായി ജീവിക്കാന്‍ തയാറുള്ള ആരെങ്കിലുണ്ടെങ്കില്‍ അവര്‍ അത് സ്റ്റേജില്‍ വന്ന് പ്രഖ്യാപിക്കണം.' അത് കേട്ട മൂന്ന് പേര്‍ സ്റ്റേജില്‍ വന്ന് തങ്ങള്‍ മുത്തഖികളായി ജീവിക്കാന്‍ തയാറാണെന്ന് പ്രഖ്യാപിച്ചു. പള്ളിയിലെ മുദര്‍രിസായിരുന്ന അമാനത്ത് കോയണ്ണി മുസ്ലിയാരായിരുന്നു അവരിലൊരാള്‍. രണ്ടാമത്തെയാള്‍ അല്ലൂര്‍ കുഞ്ഞഹമ്മദ് മാസ്റ്റര്‍, മൂന്നാമത്തെയാള്‍ അദ്ദേഹത്തിന്റെ സഹോദരീ ഭര്‍ത്താവ് കൂരിയാടന്‍ ബാപ്പുട്ടി കാക്ക.
പ്രസ്തുത പരിപാടി ജനഹൃദയങ്ങളില്‍ നല്ല പ്രതികരണമാണ് സൃഷ്ടിച്ചത്. ഇസ്സുദ്ദീന്‍ മൗലവി താന്‍ ഏത് കക്ഷിയുടെ ആളാണെന്ന് പറഞ്ഞിരുന്നില്ല. അദ്ദേഹത്തിന്റെ വഅ്ളില്‍ എല്ലാവരും ആകൃഷ്ടരായി. ധനാഢ്യനായിരുന്ന കെ.വി ബാപ്പു ഹാജിക്ക് ഇസ്സുദ്ദീന്‍ മൗലവിയോട് വലിയ ആദരവും മതിപ്പുമായി.

മലബാര്‍ ബാഖിയാത്തുസ്സ്വാലിഹാത്ത്

താന്‍ പ്രഭാഷണം നടത്തുന്ന പ്രദേശങ്ങളില്‍ ആവശ്യമെങ്കില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തുടക്കമിടുക എന്നത് ഇസ്സുദ്ദീന്‍ മൗലവിയുടെ പതിവായിരുന്നു. മുള്ള്യാകുര്‍ശി-പള്ളിക്കുത്ത് പുത്തന്‍ പള്ളി മഹല്ലിനു കീഴില്‍ വഅ്ള് പരമ്പര നടത്താന്‍ വന്നപ്പോഴും അദ്ദേഹത്തിന്റെ മനസ്സില്‍ അങ്ങനെയൊരു ആഗ്രഹമുണ്ടായിരുന്നു. ഒരുന്നത മതവിദ്യാഭ്യാസ സ്ഥാപനം മഹല്ലില്‍ സ്ഥാപിക്കുന്നതിനെ സംബന്ധിച്ച് മഹല്ല് ഭാരവാഹികളുമായി അദ്ദേഹം സംസാരിച്ചു. വെല്ലൂര്‍ ബാഖിയാത്തുസ്സ്വാലിഹാത്തിന് സമാനമായ ഒരു സ്ഥാപനമുണ്ടാക്കാന്‍ അനുയോജ്യമായ സ്ഥലം ഇതാണെന്നായിരുന്നു മൗലവിയുടെ ബോധ്യം. അന്നത്തെ മറ്റൊരു പണ്ഡിതന്‍ പറവണ്ണ മുഹ്‌യിദ്ദീന്‍ കുട്ടി മുസ്ലിയാരുടെ സഹായത്തോടെ അടുത്ത മഹല്ലുകളിലെ ധനാഢ്യരുമായി മൗലവി ആശയവിനിമയം നടത്തി. ആ സ്ഥാപനത്തിന് 'മലബാര്‍ ബാഖിയാത്തുസ്സ്വാലിഹാത്ത്' എന്ന് പേരിടാനും തീരുമാനമായി. കെ.വി ബാപ്പു ഹാജി അതിന് ആവശ്യമായ സ്ഥലവും വരുമാനത്തിന് നല്ലൊരു തെങ്ങിന്‍തോപ്പും വലിയൊരു സംഖ്യയും വാഗ്ദാനം ചെയ്തു. അത് 'ചന്ദ്രിക' പത്രത്തിലൂടെ പരസ്യപ്പെടുത്തി. ചുങ്കത്ത് ജാമിഅ നൂരിയ്യ സ്ഥിതി  ചെയ്യുന്ന സ്ഥലത്ത് അതിന്റെ സീനിയര്‍ വിഭാഗവും ശാന്തപുരം അല്‍ ജാമിഅയുടെ അഡ്മിനിസ്ട്രേഷന്‍ ബ്ലോക്ക് സ്ഥിതിചെയ്യുന്ന ഇല്ലത്തെ പറമ്പില്‍ ജൂനിയര്‍ ക്ലാസ്സുകളും ആരംഭിക്കാനായിരുന്നു തീരുമാനം. അതനുസരിച്ച് സീനിയര്‍ വിഭാഗം കെട്ടിടത്തിന് മര്‍ഹൂം സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങളും ജൂനിയര്‍ വിഭാഗം കെട്ടിടത്തിന് മര്‍ഹൂം പാണക്കാട് സയ്യിദ് പൂക്കോയ തങ്ങളും തറക്കല്ലിടുകയും പണി ആരംഭിക്കുകയും ചെയ്തു. തറ കീറി കട്ടിലയും ജനാലയും മറ്റും നിര്‍മിച്ച് കെട്ടിടത്തിന്റെ നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നതിനിടയിലാണ് പതി അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ എന്ന പണ്ഡിതന്‍ തുരുവിതാംകൂറില്‍ നിന്ന് മലബാറില്‍ വരുന്നത്. മുസ്ലിംകള്‍ക്കിടയില്‍ വലിയ ചേരിതിരിവ് സൃഷ്ടിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍. സകല അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും സമൂഹത്തില്‍ അരക്കിട്ടുറപ്പിക്കുക, അതിനെതിരായ സകല പ്രസ്ഥാനങ്ങളെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുക ഇതായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണത്തിന്റെ ഉള്ളടക്കം. മൗദൂദികള്‍ എന്ന ഒരു വിഭാഗമുണ്ടെന്നും അവര്‍ കാഫിറുകളാണെന്നും ഇസ്സുദ്ദീന്‍ മൗലവി അതില്‍ പെട്ട ആളാണെന്നും വഹാബി - മൗദൂദികള്‍ കാഫിറുകളാണോ എന്ന് സംശയിക്കുന്നവര്‍ പോലും കാഫിറുകളാണെന്നും അദ്ദേഹം നാടുനീളെ പറഞ്ഞു നടന്നു. ഇസ്സുദ്ദീന്‍ മൗലവി മൗദൂദിയായതിനാല്‍ അദ്ദേഹം തുടക്കം കുറിച്ച മലബാര്‍ ബാഖിയാത്തുസ്സ്വാലിഹാത്ത് എന്ന സംരംഭവുമായി ആരും സഹകരിക്കരുതെന്നും പതി പ്രസംഗിച്ചു. പല പണ്ഡിതന്മാരും ധനാഢ്യന്മാരും പതി അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരുടെ പ്രസംഗങ്ങളുടെ സ്വാധീനത്തില്‍ മലബാര്‍ ബാഖിയാത്തുസ്സ്വാലിഹാത്തിന് അവര്‍ വാഗ്ദാനം ചെയ്തിരുന്ന സഹകരണം പിന്‍വലിക്കുകയുണ്ടായി. കെ.വി ബാപ്പു ഹാജിയും താന്‍ മലബാര്‍ ബാഖിയാത്തുസ്സ്വാലിഹാത്തിന് വേണ്ടി ചെയ്ത എല്ലാ വാഗ്ദാനങ്ങളും പിന്‍വലിച്ചു. മഹത്തായ ആ സംരംഭം അങ്ങനെ മുടങ്ങിപ്പോയി.
മലബാര്‍ ബാഖിയാത്തുസ്സ്വാലിഹാത്തിന്റെ ദുരന്തകഥ വിവരിച്ചുകൊണ്ട് എ.കെ അബ്ദുല്‍ ഖാദിര്‍ മൗലവി എഴുതുന്നു: ''വെല്ലൂര്‍ ബാഖിയാത്തുസ്സ്വാലിഹാത്തിനോട് എല്ലാ വിധത്തിലും കിടപിടിക്കുന്നതും മലബാര്‍ ബാഖിയാത്തുസ്സ്വാലിഹാത്ത് എന്ന് നാമകരണം ചെയ്യപ്പെട്ടതുമായ ഒരുന്നത ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനം ഇവിടെ സ്ഥാപിച്ചു നടത്താന്‍ സാധുക്കളെങ്കിലും  ഇന്നാട്ടിലെ തലമുതിര്‍ന്നവര്‍ സുമാര്‍ പത്തു പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ആലോചിച്ച് തീരുമാനിക്കുകയുണ്ടായി. അതിനു വേണ്ടി ഇന്നാട്ടിലെ ആബാലവൃദ്ധം ജനങ്ങളും വിലപ്പെട്ട പല ത്യാഗങ്ങളും ചെയ്തിരുന്നു. കേരള മുസ്ലിംകളുടെ ഏക ദിനപത്രമായ 'ചന്ദ്രിക' വലിയ പ്രാധാന്യത്തോടെയാണ് അന്നാ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഈയുള്ളവന്റെ മനോമുകുരത്തില്‍ അതിന്റെ മധുരസ്മരണകള്‍ ഇന്നും ഓളം വെട്ടുകയാണ്. കേരളത്തിലെ പ്രഗത്ഭ മതപണ്ഡിതനായ സുന്നീ വിഭാഗത്തില്‍ പെട്ട മര്‍ഹൂം കെ.പി.എ മുഹ്‌യിദ്ദീന്‍ കുട്ടി മൗലവിയും ജമാഅത്തെ ഇസ്ലാമിക്കാരനായ വി.കെ.എം ഇസ്സുദ്ദീന്‍ മൗലവി സാഹിബുമായിരുന്നു അതിന് നേതൃത്വവും മാര്‍ഗനിര്‍ദേശവും നല്‍കിക്കൊണ്ടിരുന്നത്. പ്രസ്തുത രണ്ട് പണ്ഡിതവര്യന്മാരും ഈ മഹത്തായ സംരംഭത്തിലേക്ക് കാലെടുത്തുവെച്ചപ്പോള്‍ ഇങ്ങനെ ഉള്ളു തുറന്ന് പറയുകയുണ്ടായി: 'നാം തമ്മില്‍ ചില അഭിപ്രായ വ്യത്യാസങ്ങളുള്ളത് ശരി തന്നെ. പക്ഷേ അത് നിസ്സാരവും ശാഖാപരവുമാണ്. അത്തരം അഭിപ്രായ വ്യത്യാസങ്ങള്‍ പണ്ഡിതന്മാര്‍ക്കിടയില്‍ സ്വാഭാവികവുമാണല്ലോ. അതിനാല്‍ ഈ മഹത്തായ സംരംഭത്തില്‍ നമുക്കൊറ്റക്കെട്ടായി തോളോടു തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാം.' അങ്ങനെ ആ മഹല്‍ സ്ഥാപനത്തിന്റെ ശിലാസ്ഥാപനവും തുടര്‍ന്നുള്ള കുറേയേറെ പ്രവര്‍ത്തനങ്ങളും ആവേശപൂര്‍വം തന്നെ നടക്കുകയുണ്ടായി. ശാഖാപരമായ പ്രശ്നങ്ങളില്‍ ഭിന്നിച്ചു നില്‍ക്കാതെ ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണല്ലോ മതപണ്ഡിതന്മാരുടെ കര്‍ത്തവ്യം. അങ്ങനെ പ്രവര്‍ത്തിച്ചുപോന്ന കാലഘട്ടങ്ങളില്‍ ഇസ്ലാമിനും ഇസ്ലാമിക സമുദായത്തിനും ശക്തിയും പ്രതാപവുമുണ്ടായിരുന്നു താനും.
പക്ഷേ, ഇസ്ലാമിന്റെ ജന്മശത്രുവായ ശപിക്കപ്പെട്ട പിശാച് ഒളിച്ചിരുന്നുകൊണ്ട് ഇതെല്ലാം കാണുന്നുണ്ടായിരുന്നു. അഭിപ്രായ ഭിന്നതകള്‍ മറന്നും പരസ്പരം വിട്ടുവീഴ്ച ചെയ്തും ഇസ്ലാമിലെ പണ്ഡിതന്മാര്‍ ദീനില്‍ പൊതു കാര്യങ്ങളില്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുന്നത് കണ്ടതോടെ അവന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങാനും ആ മഹത്തായ സംരംഭത്തെ തകിടം മറിക്കാനും തന്നെ തീരുമാനിച്ചു. മുഹമ്മദ് ഇസ്സുദ്ദീനും കൂട്ടുകാരും മൗദൂദികളാണ്, അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തില്‍നിന്ന് പുറത്തുപോയവരാണ് എന്നും മറ്റും പറഞ്ഞ് പരത്തി അന്തരീക്ഷം വിഷകലുഷിതമാക്കുകയും അതിലൂടെ തന്റെ പരമശത്രുവായ 'മലബാര്‍ ബാഖിയാത്തുസ്സ്വാലിഹാത്തി'നെ ഏതോ പാതാളത്തിലേക്ക് തള്ളിവിടുകയും ചെയ്തു'' (ശാന്തപുരം ഇസ്ലാമിയാ കോളേജ് ഉപഹാര ഗ്രന്ഥം, 1964).
ഇസ്സുദ്ദീന്‍ മൗലവിയുടെ ആഗമനത്തോടെ പുരോഗതിയുടെ മാര്‍ഗത്തിലൂടെ സഞ്ചരിച്ച മഹല്ല് പതി അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരുടെ വരവോടെ ഏറെ പരീക്ഷണങ്ങളെ അഭിമുഖീകരിച്ചു. പതിയുടെ പ്രകോപനപരമായ പ്രസംഗങ്ങളില്‍ ആകൃഷ്ടരായ പരിസര പ്രദേശങ്ങളിലുള്ള മഹല്ലുകളും ജനങ്ങളും ശാന്തപുരം മഹല്ലിനെ തകര്‍ക്കാനും മഹല്ലുകാരെ ഉപദ്രവിക്കാനും തുടങ്ങി. പരിസരപ്രദേശത്തെ മഹല്ല് നിവാസികള്‍ കാര്യാവട്ടത്തുള്ള കൊടക്കാട്ട് മുഹമ്മദ് കുട്ടി എന്ന ധനാഢ്യന്റെ വീട്ടില്‍ യോഗം ചേര്‍ന്ന് മുള്ള്യാകുര്‍ശി-പള്ളിക്കുത്ത് പുത്തന്‍ പള്ളി കൈയേറാനും മഹല്ല് സ്വത്തുകള്‍ പിടിച്ചടക്കാനും തീരുമാനിച്ചു. വഖ്ഫ് ഭൂമി കൈവശക്കാരെ സ്വാധീനിച്ച് കൈവശപ്പെടുത്തുക, മഹല്ല് സ്വത്തുക്കള്‍ പിടിച്ചെടുക്കുക, പുത്തന്‍ പള്ളി മഹല്ലുകാരുമായി വിവാഹബന്ധമുള്ളവരുടെ വിവാഹബന്ധം മുറിപ്പിക്കുക, വിവാഹാന്വേഷണങ്ങള്‍ മുടക്കുക, വിവാഹം-മരണം മുതലായ സന്ദര്‍ഭങ്ങളില്‍ നിസ്സഹകരിക്കുക, മാതാക്കളില്‍നിന്ന് പിഞ്ചു കുഞ്ഞുങ്ങളെ വേര്‍പെടുത്തുക തുടങ്ങിയ പല അതിക്രമങ്ങളും മഹല്ലുകാര്‍ക്കെതിരില്‍ നടന്നിരുന്നു. കൂടാതെ ശാന്തപുരം മഹല്ലുകാര്‍, വിശിഷ്യാ താടി വളര്‍ത്തിയവര്‍ പെരിന്തല്‍മണ്ണയില്‍ പോയാല്‍ ചെണ്ട കൊട്ടി കൂക്കി വിളിച്ച് അവരെ പരിഹസിക്കുക പതിവായിരുന്നു. നാട്ടിലെ ജഡയും മുടിയും വളര്‍ത്തിയ ഒരു ഈഴവ സിദ്ധനെ ജമാഅത്തുകാരനാണെന്ന് തെറ്റിദ്ധരിച്ച് കൂക്കി വിളിച്ച് സ്വയം ഇളിഭ്യരായ സംഭവവുമുണ്ടായിട്ടുണ്ട്.
ആ കാലത്തുതന്നെ ഹാജി വി.പി മുഹമ്മദലി സാഹിബും ശാന്തപുരത്ത് വരാന്‍ തുടങ്ങി. അദ്ദേഹത്തെയും തല്‍പര കക്ഷികള്‍ വെറുതെ വിട്ടില്ല. പെരിന്തല്‍മണ്ണയിലെത്തിയാല്‍ അദ്ദേഹത്തെയും അവര്‍ പല രൂപത്തിലും ഉപദ്രവിച്ചിരുന്നു. അതിനാല്‍ ഹാജി സാഹിബ് ശാന്തപുരത്ത് വന്ന് തിരിച്ചുപോകുമ്പോള്‍ നാട്ടുകാര്‍ അദ്ദേഹത്തിന്റെ കൂടെ പെരിന്തല്‍മണ്ണയില്‍ പോയി കുറ്റിപ്പുറത്തേക്കുള്ള ബസ്സില്‍ കയറ്റി വിട്ട ശേഷമേ തിരിച്ചുവരാറുണ്ടായിരുന്നുള്ളൂ.
ഒരിക്കല്‍ തൊട്ടടുത്തുള്ള മഹല്ലുകാര്‍ ഒന്നിച്ച് പള്ളി പിടിച്ചടക്കാന്‍ വരുന്നുണ്ടെന്ന വാര്‍ത്ത നാട്ടില്‍ പരന്നപ്പോള്‍ മഹല്ല് നിവാസികളായ മുസ്ലിംകളോടൊപ്പം അമുസ്ലിം സഹോദരങ്ങളും പ്രതിരോധത്തിന് സജ്ജരായി പള്ളിയിലെത്തിയിരുന്നു. അക്കാലത്തെ ശാന്തപുരം നിവാസികളായ അമുസ്ലിംകള്‍ മൗദൂദി തിയ്യന്മാരും മൗദൂദി ആശാരിമാരും മൗദൂദി ദലിതുകളുമായിട്ടായിരുന്നു അറിയപ്പെട്ടിരുന്നത്. പാണ സമുദായത്തില്‍പെട്ട അയ്യപ്പന്‍ 'അടിയനും മൗദൂദിയാണ്' എന്ന് പരസ്യമായി പ്രഖ്യാപിക്കുമായിരുന്നു.
തൊട്ടടുത്ത മഹല്ലിന്റെ പരിധിയില്‍ പെട്ട സ്ഥലത്തുള്ള ഈ മഹല്ലിന്റെ കൃഷിഭൂമി കൈവശക്കാരെ സ്വാധീനിച്ച് കൈവശപ്പെടുത്താനുള്ള ഒരു ശ്രമം നടന്നു. പന്ത്രണ്ട് മഹല്ലുകളിലെ ആളുകള്‍ മാരകായുധങ്ങളുമായി കൃഷിഭൂമിയുടെ വരമ്പിനു ചുറ്റും വന്നു നില്‍ക്കുന്നുണ്ടെന്നറിഞ്ഞ് അന്നത്തെ മഹല്ല് സെക്രട്ടറിയായിരുന്ന ആനമങ്ങാടന്‍ മൊയ്തു ഹാജിയുടെ നേതൃത്വത്തില്‍ മഹല്ലിലെ മുഴുവന്‍ ആളുകളും അവിടെയെത്തി കൃഷിഭൂമിയില്‍ പ്രവേശിച്ച് കൃഷി ഇറക്കുകയുണ്ടായി. ചുറ്റും കൂടി നിന്നവര്‍ക്ക് സ്തബ്ധരായി നോക്കിനില്‍ക്കാനേ സാധിച്ചുള്ളൂ. അതോടുകൂടി ഈ നാടിന്റെ ഐക്യം കൂടുതല്‍ സുദൃഢമാവുകയും പ്രതിയോഗികളുടെ വീര്യം കെട്ടുപോവുകയും ചെയ്തു.
പതി അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരുമായി വാദപ്രതിവാദം നടത്താന്‍ ഹാജി വി.പി മുഹമ്മദലി സാഹിബ് തയാറായപ്പോള്‍, പെരിന്തല്‍മണ്ണ ടി.ബിയില്‍ വെച്ച് വാദപ്രതിവാദത്തിന്റെ തീയതി നിശ്ചയിക്കാന്‍ കൂടിയ യോഗത്തില്‍ ഒരു ഗുണ്ട, ഹാജി സാഹിബിനു നേരെ കഠാര ഊരി ചാണിയെണീറ്റു. മഹല്ല് മെമ്പറായിരുന്ന കെ.വി അഹ്മദ് കുട്ടി ഇടക്ക് ചാടി തന്റെ വിരിമാറ് കാണിച്ചാണ് ഹാജി സാഹിബിന് രക്ഷാകവചമൊരുക്കിയത്.
പതി അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരും വാദപ്രതിവാദത്തിന് തയാറായ സാഹചര്യത്തില്‍ അതിനുവേണ്ടി ചുങ്കത്ത് ഒരു പന്തല്‍ ഒരുങ്ങി. ആര്‍ക്കും തന്ത്രപൂര്‍വം ഓടി രക്ഷപ്പെടാന്‍ പറ്റാത്ത രൂപത്തിലായിരുന്നു പന്തല്‍ നിര്‍മിച്ചിരുന്നത്. അതറിഞ്ഞ പതി അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ വാദപ്രതിവാദത്തിന് തയാറാവാതെ പിന്മാറുകയാണുണ്ടായത്. 

(തുടരും)

Comments

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (6-8)
ടി.കെ ഉബൈദ്‌

ഹദീസ്‌

ഈമാന്‍ രുചിയറിഞ്ഞാസ്വദിക്കുക
അബ്ദുര്‍റഹ്മാന്‍ ചെറുവാടി