Prabodhanm Weekly

Pages

Search

2020 ജൂലൈ 03

3158

1441 ദുല്‍ഖഅദ് 11

അബ്ദുല്ലാഹി

കെ.ടി അബ്ദുര്‍റഹ്മാന്‍ നദ്‌വി

ജമാഅത്തംഗമായിരുന്നു അബ്ദുര്‍റഹ്മാന്‍ നഗര്‍ കുന്നുംപുറം സ്വദേശി അബ്ദുല്ലാഹി. ദീനീനിഷ്ഠയും ഇസ്‌ലാമിക വൈജ്ഞാനിക പാരമ്പര്യവും ഒത്തിണങ്ങിയ കുടുംബാംഗമായ അബ്ദുല്ലാഹിക്ക് എല്ലാ കാര്യത്തിലും സ്വന്തമായ അഭിപ്രായവും നിലപാടുകളുമുണ്ടായിരുന്നു. കിതാബ് ഓതിപ്പഠിച്ചിരുന്നു.
അദ്ദേഹത്തില്‍ ജ്വലിച്ചുനിന്ന സഹൃദയത്വം ഒപ്പമുള്ള എല്ലാവരെയും സ്‌നേഹിക്കാനും തിരിച്ച് അവരുടെ സൗഹൃദവും സ്‌നേഹവും സമ്പാദിക്കാനും അദ്ദേഹത്തെ തുണക്കുകയുണ്ടായി. കോഴിക്കോട്, ആലപ്പുഴ ജില്ലകളിലും കര്‍ണാടകയിലും പഴയ മദ്രാസിലുമൊക്കെ ജോലിയാവശ്യാര്‍ഥം അദ്ദേഹം ജീവിച്ചിട്ടുണ്ട്. അവിടങ്ങളിലെല്ലാം ധാരാളം ഉറ്റ സുഹൃത്തുക്കളെ സമ്പാദിക്കാനും അവരില്‍ പലരുമായും ബന്ധം നിലനിര്‍ത്താനും അദ്ദേഹത്തിന് സാധിക്കുകയുണ്ടായി.
ജമാഅത്തേതര സംഘടനാ പ്രവര്‍ത്തകരുടെ പങ്കാളിയും സഹപ്രവര്‍ത്തകനുമായി ദീനീ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോലും ജോലി ചെയ്യാന്‍ അബ്ദുല്ലാഹിയെ പ്രാപ്തനാക്കിയത് അദ്ദേഹത്തിന്റെ സഹൃദയത്വവും കലാഭിരുചിയും തന്നെയായിരിക്കണം. ഗാനരചയിതാവും ഗാനാവതാരകനുമായിരുന്നു അബ്ദുല്ലാഹി. കുട്ടികളുടെ പ്രിയങ്കരനായ അധ്യാപകനായി ക്ലാസ് മുറികളിലും സംഘടനാ പ്രവര്‍ത്തകനായി സ്റ്റേജിലും തെരുവുകളിലും നിറഞ്ഞുനിന്നു. 1980-കളുടെ മധ്യത്തിലാണ് ഈ രംഗത്തെ അദ്ദേഹത്തിന്റെ പ്രതിഭാശേഷി ജ്വലിച്ചുയരുകയും തളരാത്ത പ്രവര്‍ത്തനൗത്സുക്യം ജനങ്ങള്‍ നേരിട്ട് അനുഭവിക്കുകയും ചെയ്തത്. അക്കാലത്ത് എസ്.ഐ.ഒവിന്റെ സ്റ്റേജിലും തെരുവോരങ്ങളിലും അദ്ദേഹം കാഴ്ചവെച്ച മികച്ച പ്രകടനങ്ങള്‍ ഈ കുറിപ്പുകാരന്‍ ഉള്‍പ്പെടെ എല്ലാ പ്രവര്‍ത്തകരും ഇന്നും ഓര്‍ക്കുന്നു.
ഖുര്‍ആന്‍ പാരായണം അദ്ദേഹത്തിന്റെ ഇഷ്ടവിഷയമായിരുന്നു. നല്ലൊരു ഹോമിയോ ചികിത്സകന്‍ കൂടിയായിരുന്നു.
പ്രാദേശിക ജമാഅത്ത് അമീര്‍, സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. സ്വാശ്രയ ശീലം, ലളിത ജീവിതം, ആരുമായും പിണങ്ങാത്ത പ്രകൃതം. എന്നാല്‍ സ്വന്തം അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയാന്‍ കൂസലില്ലായ്മ, മുന്‍വിധിയില്ലായ്മ, കുടുംബത്തെ പ്രസ്ഥാനവത്കരിക്കുന്നതിലുള്ള ശ്രദ്ധ തുടങ്ങിയവയെല്ലാം അബ്ദുല്ലാഹിയുടെ എടുത്തു പറയേണ്ട നന്മകളാണ്. അതിനാല്‍ കുടുംബക്കാര്‍ക്കും അയല്‍പക്കക്കാര്‍ക്കും പ്രസ്ഥാന ബന്ധുക്കള്‍ക്കും പ്രിയപ്പെട്ടവനായി യാതൊരു കടബാധ്യതയുമില്ലാതെയാണ് അബ്ദുല്ലാഹി വിടവാങ്ങിയത്. ഭാര്യ: ഖദീജ. മൂന്ന് പെണ്‍മക്കളും നാല് ആണ്‍മക്കളുമുണ്ട്.

 


പി.എന്‍ ആലിക്കോയ മാസ്റ്റര്‍

2020 മാര്‍ച്ച് 22-ന് പള്ളി നാലകത്ത് ആലിക്കോയ മാസ്റ്റര്‍ അല്ലാഹുവിലേക്ക് യാത്രയായി. കുടുംബത്തിനും നാട്ടുകാര്‍ക്കും പ്രസ്ഥാനപ്രവര്‍ത്തകര്‍ക്കും തണലും വാത്സല്യവും സംരക്ഷണവും നല്‍കി വന്ന ആ വന്മരം പെട്ടെന്ന് കടപുഴകി വീണപോലെയാണ് തോന്നിയത്. ബാല്യത്തില്‍തന്നെ ഉമ്മ നഷ്ടപ്പെട്ട് അരക്ഷിതമായ അവസ്ഥയിലാണ് ആലിക്കോയ മാസ്റ്ററുടെ ജീവിതമാരംഭിക്കുന്നത്. തൊള്ളായിരത്തി അറുപതുകളുടെ അവസാനത്തില്‍ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കപ്പെട്ട അദ്ദേഹം അന്ത്യം വരെയും ജീവിത വിശുദ്ധി കാത്തു സൂക്ഷിച്ചു പ്രസ്ഥാനത്തോടൊപ്പം നിലകൊണ്ടു. പരപ്പില്‍ എം.എം.എല്‍.പി സ്‌കൂളില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം ഹെഡ് മാസ്റ്ററായാണ് വിരമിച്ചത്. കോഴിക്കോട് സിറ്റിയിലെ ആദ്യ പ്രസ്ഥാന ഘടകങ്ങളിലൊന്നായ പരപ്പില്‍ ഹല്‍ഖയില്‍നിന്നാണ് അദ്ദേഹം പ്രവര്‍ത്തനമാരംഭിക്കുന്നത്. പരേതരായ ഇല്ലുഹാജി, സി.പി.എം അബ്ദുല്‍ഖാദര്‍ സാഹിബ്, കെ. അഹമ്മദ് കോയ സാഹിബ്, സി. സൈതലവി സാഹിബ്, ഉസ്സന്‍ കോയ സാഹിബ് തുടങ്ങിയവരുടെ കൂടെ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ ചെറുതല്ലാത്ത പങ്ക് വഹിച്ചു. ക്ലാസുകള്‍ സംഘടിപ്പിക്കാനും ഇസ്‌ലാമിക സാഹിത്യങ്ങള്‍ പ്രചരിപ്പിക്കാനും മുന്‍പന്തിയിലുണ്ടായിരുന്നു മാസ്റ്റര്‍. കോഴിക്കോട് നടക്കുന്ന പൊതുപരിപാടികളില്‍ ഐ.പി.എച്ച് പുസ്തക സ്റ്റാള്‍ ഏറ്റെടുത്ത് നടത്തുക അദ്ദേഹമായിരിക്കും. മസ്ജിദ് ലുഅ്‌ലുഅ്, മസ്ജിദ് മര്‍ജാന്‍, ഗോവിന്ദപുരത്തെ ശാന്തിസദനം, കുറ്റിച്ചിറയിലെ ഇസ്‌ലാമിക് സെന്റര്‍ തുടങ്ങിയവയുടെ നിര്‍മാണവേളകളില്‍, ഫണ്ട് ശേഖരിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചു. നേരത്തേ കുണ്ടുങ്ങല്‍ ഹല്‍ഖയുടെയും പിന്നീട് മരണം വരെയും കുറ്റിച്ചിറ ഹല്‍ഖയുടെയും നാസിമായിരുന്നു.
താമസം മാങ്കാവിലേക്ക് മാറിയപ്പോള്‍ അവിടെയുള്ള പൊതുപ്രവര്‍ത്തനങ്ങളിലും ജാതിമതഭേദമന്യേ പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മാണം, ചികിത്സ, വിദ്യാഭ്യാസം, വിവാഹസഹായം തുടങ്ങിയവയിലും അദ്ദേഹം ശ്രദ്ധിച്ചു. സ്വന്തമായി മൊബൈല്‍ ഫോണോ വാഹനമോ ഇല്ലാത്ത അദ്ദേഹം നിത്യവും രാവിലെ 8 മണിക്ക് വീട്ടില്‍നിന്നിറങ്ങി, പ്രാസ്ഥാനികമായ വ്യത്യസ്ത ആവശ്യങ്ങള്‍ക്കായി 5 കിലോമീറ്റര്‍ നടന്ന് സിറ്റിയില്‍ എത്തുമായിരുന്നു. മസ്ജിദ് ലുഅ്‌ലുഇല്‍ എല്ലാ വെള്ളിയാഴ്ചകളിലും ജുമുഅക്കു ശേഷം 'പ്രബോധന'വുമായി ഗെയ്റ്റിനടുത്ത് നില്‍ക്കുന്ന ആലിക്കോയ മാസ്റ്ററെ ആരും മറക്കില്ല. സര്‍വീസില്‍നിന്നും പിരിഞ്ഞശേഷം മറ്റു അവസരങ്ങള്‍ തേടിപ്പോകാതെ മുഴുസമയ പ്രസ്ഥാന പ്രവര്‍ത്തകനായി മാറുകയായിരുന്നു. മക്കള്‍: ജുറൈജ്, ഹഫ്‌സ, ജസീല, ജാസിര്‍.

ഇമ്പിച്ചിക്കോയ കുറ്റിച്ചിറ

Comments

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (6-8)
ടി.കെ ഉബൈദ്‌

ഹദീസ്‌

ഈമാന്‍ രുചിയറിഞ്ഞാസ്വദിക്കുക
അബ്ദുര്‍റഹ്മാന്‍ ചെറുവാടി