കോവിഡ് കാലത്ത് കൈത്താങ്ങായി കനിവും ടീം വെല്‍ഫെയറും
കോവിഡ് മൂലം കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദുരിതമനുഭവിക്കുന്ന പതിനായിരങ്ങള്‍ക്ക് ആശ്വാസത്തിന്റെ കൈത്താങ്ങുമായി ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് കുവൈത്തിലെ സജീവ സാന്നിധ്യമായ കെ. ഐ. ജിയുടെ കനിവ് സോഷ്യല്‍ റിലീഫ് സെല്ലും വെല്‍ഫെയര്‍ കേരള കുവൈത്തിന്റെ ജനസേവന വിഭാഗമായ ടീം വെല്‍ഫെയറും. കോവിഡ് മഹാമാരിയില്‍ കുവൈത്തിലെ പ്രവാസ ലോകം സ്തംഭിച്ചുനിന്നപ്പോള്‍ കൃത്യമായ ആസൂത്രണം നടത്തിയാണ് സംഘം സേവന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഭക്ഷണ വിതരണത്തിനും മെഡിക്കല്‍ സേവനത്തിനും കൗണ്‍സലിംഗിനും മരുന്നുകള്‍ എത്തിക്കാനും വ്യത്യസ്തമായ സേവന മുഖങ്ങള്‍ തുറന്നാണ് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോയത്. അതുകൊണ്ടുതന്നെ സേവനങ്ങളുടെ വ്യാപ്തി വര്‍ധിപ്പിക്കാനും നിസ്സഹായരായ ജനങ്ങള്‍ക്ക് വേഗത്തില്‍ സേവനങ്ങള്‍ എത്തിക്കാനും സംഘത്തിന് എളുപ്പത്തില്‍ സാധിച്ചു. ഫുഡ് ഹെല്‍പ് ഡെസ്‌ക്, മെഡിക്കല്‍ ഹെല്‍പ്, കൗണ്‍സലിംഗ് എന്നീ പേരുകളില്‍ വ്യത്യസ്ത പോസ്റ്ററുകള്‍ പുറത്തിറക്കിയും ഹെല്‍പ് ഡെസ്‌ക് നമ്പറുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിച്ചും നടത്തിയ സേവന പ്രവര്‍ത്തനങ്ങള്‍ ഭീതിയിലമര്‍ന്ന പ്രവാസി മനസ്സുകളില്‍ തീര്‍ത്ത ആത്മവിശ്വാസം ചെറുതല്ല.
മനശ്ശാസ്ത്ര വിദഗ്ധരും ഡോക്ടര്‍മാരും പാരാ മെഡിക്കല്‍ വിഭാഗവും നഴ്‌സുമാരുമടങ്ങുന്ന സംഘമാണ് ലോക്ക് ഡൗണിലായ ആയിരങ്ങള്‍ക്ക് മെഡിക്കല്‍ ഹെല്‍പ് ലൈനിനു കീഴില്‍ സൗജന്യമായ മെഡിക്കല്‍ സേവനത്തിന് നേതൃത്വം നല്‍കുന്നത്.
ഉദാരമതികളായ സ്വദേശികളെയും പ്രവാസ ലോകത്തെ മനുഷ്യസ്നേഹികളെയും സഹകരിപ്പിച്ചുകൊണ്ടാണ് സേവനപ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നത്. മഹാമാരിയുടെ പകര്‍ച്ചാഭീതിയിലും സമര്‍പ്പണമനസ്‌കരും സേവനസന്നദ്ധരുമായ പ്രവര്‍ത്തകരുടെ സേവനങ്ങള്‍ ടീം വെല്‍ഫെയറിന്റെയും കനിവിന്റെയും പ്രവര്‍ത്തനങ്ങളെ കൂടുതല്‍ കാര്യക്ഷമമാക്കുന്നുണ്ട്. മഹാമാരിയുടെ വ്യാപനം ശമനമില്ലാതെ തുടരുമ്പോഴും ടീം വെല്‍ഫെയറിന്റെയും കനിവിന്റെയും പ്രവര്‍ത്തകര്‍ റമദാനിന്റെ നാളുകളിലും കോവിഡ് മൂലം ഒരു പ്രവാസിയും പ്രയാസപ്പെടരുതെന്ന ദൃഢനിശ്ചയത്തോടെ തളരാതെ സേവന പ്രവര്‍ത്തനങ്ങളില്‍ നിരതരാണ്.
ഭക്ഷണ വിതരണം
ലോക്ക് ഡൗണും കര്‍ഫ്യൂവും കാരണം ജോലി മുടങ്ങുകയും വരുമാനം നിലക്കുകയും ചെയ്തവര്‍ക്ക് ഭക്ഷ്യ വിഭവക്കിറ്റുകളും ഭക്ഷണ കിറ്റുകളും വിതരണം ചെയ്താണ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇതിനകം 1485 -ലേറെ ഭക്ഷ്യവിഭവ കിറ്റുകളും 1765 -ലേറെ ഭക്ഷണ കിറ്റുകളും മെഹ്ബൂല, ഫഹാഹീല്‍, ഫര്‍വാനിയ, അബ്ബാസിയ, ശുവൈഖ്, സാല്‍മിയ തുടങ്ങിയ കുവൈത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഫഌറ്റുകളിലും ലേബര്‍ ക്യാമ്പുകളിലുമായി സംഘം വിതരണം ചെയ്തു. ഒരു വ്യക്തിക്ക് ഒരു മാസത്തേക്ക് പട്ടിണി കൂടാതെ കഴിയാനുള്ള വിഭവങ്ങളാണ് ഭക്ഷണ വിഭവ കിറ്റില്‍ അടങ്ങിയിട്ടുള്ളത്. കൂടാതെ റമദാനില്‍ സ്ഥിരമായി വിവിധ സ്ഥലങ്ങളിലായി 1315 ഇഫ്ത്വാര്‍ ഫുഡ് പാക്കുകള്‍ വിതരണം ചെയ്യുന്നുണ്ട്. ടാക്സി ഡ്രൈവര്‍മാര്‍, ജോലിയില്ലാതെ ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്നവര്‍, താഴ്ന്ന വരുമാനക്കാരായ കടകളില്‍ ജോലി ചെയ്യുന്നവര്‍, കോവിഡ് പ്രതിസന്ധി മൂലം ജോലി നഷ്ടപ്പെട്ടവര്‍ എന്നിവരാണ് പ്രധാനമായും ഭക്ഷ്യ വിതരണത്തിന്റെ ഗുണഭോക്താക്കള്‍.
കൗണ്‍സലിംഗ്
വനിതകളുള്‍പ്പെടെയുള്ള 30 പ്രഗത്ഭരായ സൈക്കോളജിസ്റ്റുകളും കൗണ്‍സലര്‍മാരുമടങ്ങുന്ന സംഘമാണ് കൗണ്‍സലിംഗ് നടത്തിക്കൊണ്ടിരിക്കുന്നത്. രോഗവ്യാപനത്തില്‍ ഭീതിപൂണ്ട് ഭാവിയെക്കുറിച്ച കടുത്ത ആശങ്കകള്‍ മൂലം മാനസിക സമ്മര്‍ദം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസം പകരാനും അതിജീവനത്തിന്റെ കരുത്ത് നല്‍കാനും കൗണ്‍സലിംഗ് ടീമിന് സാധിച്ചു. ഇതിനകം നാല്‍പതോളം പേര്‍ക്കാണ് സംഘം കൗണ്‍സലിംഗ് നല്‍കിയത്.
വൈദ്യസഹായം
10 ഡോക്ടര്‍മാരും 50 നഴ്‌സുമാരുമാണ് വൈദ്യസഹായം നല്‍കുന്നതിനായി മെഡിക്കല്‍ ടീമില്‍ പ്രവര്‍ത്തിക്കുന്നത്. പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയും ക്വാറന്റൈനില്‍ കഴിയുകയും ചെയ്യുന്ന എണ്‍പതോളം പേര്‍ക്ക് ചികിത്സയെക്കുറിച്ച കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. രോഗം വരാതിരിക്കാനുള്ള മുന്‍കരുതലുകളും രോഗപ്രതിരോധ മാര്‍ഗങ്ങളും പറഞ്ഞുകൊടുത്ത് നിരവധി പേരുമായി ടെലി കണ്‍സള്‍ട്ടിംഗ് നടത്തി ആശ്വാസം നല്‍കാന്‍ സംഘത്തിന് സാധിക്കുകയുണ്ടായി.
മരുന്നു വിതരണം
398 പേര്‍ക്ക് വിവിധ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ പാരാ മെഡിക്കല്‍ അംഗങ്ങളും വളന്റിയര്‍മാരുമടങ്ങുന്ന ഡ്രഗ് ബാങ്ക് സെന്റര്‍ രോഗികള്‍ക്ക് ലഭ്യമാക്കി. കുവൈത്തിലെ ഭീമമായ മരുന്നുവില താങ്ങാനാവാതെ നാട്ടില്‍ നിന്നും മരുന്ന് കൊണ്ടുവന്ന് കഴിക്കുന്നവര്‍ക്കും ലോക്ക് ഡൗണില്‍ പുറത്തിറങ്ങാന്‍ കഴിയാത്തവര്‍ക്കും കനിവിന്റെയും ടീം വെല്‍ഫെയറിന്റെയും ഈ സേവനം വളരെയധികം ആശ്വാസമായി. മെഡിക്കല്‍ ഹെല്‍പ് ലൈനിനു കീഴില്‍ പ്രത്യേകം തയാറാക്കിയ ആപ്ലിക്കേഷന്‍ മുഖേന വിവരങ്ങള്‍ ശേഖരിച്ചാണ് മരുന്നുകള്‍ എത്തിച്ചുകൊണ്ടിരിക്കുന്നത്. മുപ്പതോളം വരുന്ന പാരാ മെഡിക്കല്‍സ് വിഭാഗം ഇതിനായി സേവനം ചെയ്തുകൊണ്ടിരിക്കുന്നു.
അവശ്യ വസ്തുക്കളുടെ കിറ്റ്
പൊടുന്നനെ രോഗം സ്ഥിരീകരിക്കപ്പെട്ട് ക്വാറന്റൈന്‍ സെന്ററുകളിലേക്കും ആശുപത്രികളിലേക്കും എത്തിയ രോഗികള്‍ക്ക് സാന്ത്വനം നല്‍കാനും നിത്യോപയോഗ സാധനങ്ങളുടെ കിറ്റുകള്‍ അവര്‍ക്ക് വിതരണം നടത്താനും സാധിച്ചു. ഇത്തരത്തില്‍ ടീ ഷര്‍ട്ട്, ട്രാക്ക് പാന്റ്, സോപ്പ്, തോര്‍ത്തുമുണ്ട്, ടൂത്ത് ബ്രഷ്, ടൂത്ത് പേസ്റ്റ്, മൊബൈല്‍ ചാര്‍ജര്‍ എന്നിവയടങ്ങിയ 300 കിറ്റുകള്‍ മിശ്‌രിഫിലെ ക്വാറന്റൈന്‍ സെന്ററിലും ശൈഖ് ജാബിര്‍, അമീരി, മുബാറക് അല്‍ കബീര്‍ ആശുപത്രികളിലുമായി വിതരണം ചെയ്തു.
Comments