മാലിക് ബ്‌നു ദീനാര്‍ സംഘത്തിന്റെ ഇളനീര്‍ നിരാസം
ഇന്ത്യയിലേക്ക്, അഥവാ കേരളത്തിലേക്ക് ഇസ്‌ലാം കടന്നുവന്നതെപ്പോള്‍, എങ്ങനെ, ആരിലൂടെ എന്ന വിഷയം ചരിത്രകാരന്മാര്‍ ധാരാളം ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. മതിയായ രേഖകളുടെയും അടയാളങ്ങളുടെയും അഭാവത്തില്‍ ശരിയാവാനും തെറ്റാവാനും സാധ്യതകളുള്ള അഭ്യൂഹങ്ങളും നിഗമനങ്ങളും മാത്രമാണ് ഇതു സംബന്ധമായി നിലനില്‍ക്കുന്നത്. ഏറെ വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടതാണ് ചേരമാന്‍ പെരുമാളുടെ ഇസ്‌ലാം സ്വീകരണം. സി.ഇ ഏഴാം നൂറ്റാണ്ടിലെ ചരിത്ര യാഥാര്‍ഥ്യമായ പ്രവാചക നിയോഗത്തിന്റെ കാലത്തു തന്നെ ചേരമാന്‍ പെരുമാള്‍, ഇന്നത്തെ ശ്രീലങ്കയായ അന്നത്തെ സിലോണിലേക്ക് പുറപ്പെട്ട അറബി വര്‍ത്തക സംഘം മുഖേന മുഹമ്മദ് നബിയെക്കുറിച്ച് കേള്‍ക്കാനിടയായെന്നും തിരുമേനിയെ നേരില്‍ കാണാന്‍ കൊതിച്ച പെരുമാള്‍ രാജ്യം നാട്ടുപ്രമുഖര്‍ക്കു വിഭജിച്ചു നല്‍കി മക്കയിലേക്കു പുറപ്പെട്ട്, പ്രവാചക സന്നിധിയിലെത്തി ഇസ്‌ലാം സ്വീകരിച്ചുവെന്നുമാണ് പരക്കെ പ്രചരിച്ച ഐതിഹ്യങ്ങളിലൊന്ന്. മുസ്‌ലിമായ പെരുമാള്‍ താജുദ്ദീന്‍ എന്ന പേരു സ്വീകരിച്ച് മടക്കക്കപ്പലില്‍ ഒമാനിലെ സ്വലാലയില്‍ എത്തിയപ്പോള്‍ ദേഹവിയോഗം സംഭവിച്ചുവെന്നും കഥയുണ്ട്. സ്വലാലയില്‍ ഇപ്പോഴും താജുദ്ദീന്‍ എന്ന പേരിലുള്ള മഖ്ബറ സന്ദര്‍ശിക്കാന്‍ എനിക്കും അവസരമുണ്ടായിട്ടുണ്ട്. സിലോണിലേക്കുള്ള അറബി സംഘവുമായി പെരുമാള്‍ സന്ധിക്കാനിട വന്നതിനെക്കുറിച്ചുമുണ്ട് ഐതിഹ്യം. വിശുദ്ധ ഖുര്‍ആനിലെ അല്‍ഖമര്‍ (ചന്ദ്രന്‍) എന്ന 54-ാം അധ്യായം ആരംഭിക്കുന്നത് 'അന്ത്യനാള്‍ ആസന്നമായി, ചന്ദ്രന്‍ പിളര്‍ന്നു' എന്ന പരാമര്‍ശത്തിലൂടെയാണ്. തന്റെ പ്രവാചകത്വം സത്യമാണെന്ന് പ്രഥമ സംബോധിതരായ അറബികളെ ബോധ്യപ്പെടുത്താന്‍ പ്രവാചകന് അല്ലാഹു അമാനുഷിക സിദ്ധിയായി ചന്ദ്രനെ പിളര്‍ത്തിക്കാണിച്ചു കൊടുത്ത സംഭവത്തെയാണ് ഈ ഖുര്‍ആന്‍ സൂക്തങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് ചില വ്യാഖ്യാതാക്കള്‍ക്ക് അഭിപ്രായമുണ്ട്. ഈ അത്ഭുത ദൃശ്യം കാണാനിടയായ ചേരമാന്‍ പെരുമാള്‍ കൊട്ടാരസേവകരോട് ഇക്കാര്യം പറഞ്ഞപ്പോള്‍ അവര്‍ നടേ പറഞ്ഞ അറബി വര്‍ത്തക സംഘത്തോട് അതിന്റെ പൊരുള്‍ അന്വേഷിച്ചതായും അപ്പോഴാണ് മക്കയില്‍ മുഹമ്മദ് നബി ആഗതനായ വിവരം അറിയിച്ചതെന്നും കഥയിലുണ്ട്. പ്രസ്തുത ഖുര്‍ആന്‍ സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി 'തഫ്ഹീമുല്‍ ഖുര്‍ആനി'ല്‍ അതുദ്ധരിച്ചതായും കാണാം.
ഇതിപ്പോള്‍ ഓര്‍ക്കാന്‍ കാരണമുണ്ട്. കോവിഡ് കാലത്ത് വീട്ടിലിരിക്കുമ്പോള്‍ വായിക്കാന്‍ തരപ്പെട്ട ഗ്രന്ഥങ്ങളിലൊന്ന് അബ്ദുര്‍റഹ്മാന്‍ മഹ്മൂദ് അല്‍ മഹ്മൂദിന്റെ 'അല്‍ഹിന്ദ് മിന്‍ സ്വിറാഅത്തില്‍ ആലിഹ ഇലാ തശള്ളില്‍ അദ്‌യാന്‍' (ഇന്ത്യ: ദൈവങ്ങളുടെ ഏറ്റുമുട്ടല്‍ മുതല്‍ മതാവിര്‍ഭാവങ്ങള്‍ വരെ) ആണ്. ഉക്രൈന്‍ തലസ്ഥാനമായ കിയേവിലെ അറബി ഇസ്‌ലാം നാഗരിക പഠനത്തിനുള്ള അല്‍ ഖലീലു ബിന്‍ അഹ്മദി അല്‍ ഫറാഹീദി സെന്ററിന്റെ ഡയറക്ടറാണ് ഗ്രന്ഥകാരന്‍. എഴുപതുകളുടെ അവസാനം മുതല്‍ പതിറ്റാണ്ടുകളോളം ലോകമാകെ കപ്പല്‍ യാത്ര നടത്തിയ ഗവേഷകനായ ഗ്രന്ഥകാരന്‍ ഇന്ത്യയും സന്ദര്‍ശിക്കുകയുണ്ടായി. അതിനിടെ താന്‍ നടത്തിയ പഠനങ്ങളെ ആധാരമാക്കിയാണ് പ്രസ്തുത ഗ്രന്ഥം അദ്ദേഹം തയാറാക്കിയത്. 2010-ല്‍ ഉക്രൈനിലാണ് ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നത്. ഓഷ്യനോളജിയില്‍ മാസ്റ്റര്‍ ബിരുദമുള്ള ഗ്രന്ഥകാരന്‍ കിയേവ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് ഡോക്ടറേറ്റ് നേടിയതിനാലാവാം അവിടെയുള്ള പഠനകേന്ദ്രത്തിന്റെ ഡയറക്ടറായത്. നാവിഗേഷന്‍ സംബന്ധമായ ഒട്ടേറെ സമിതികളില്‍ അംഗം കൂടിയാണദ്ദേഹം.
പ്രാചീന ഇന്ത്യയിലെ വിചിത്ര മത നാഗരിക വിശേഷങ്ങള്‍ സാമാന്യം നന്നായി പഠിച്ചെഴുതിയ പരാമൃഷ്ട ഗ്രന്ഥം വായനക്ക് കൗതുകകരമാണ്. ചേരമാന്‍ പെരുമാളുടെ ഇസ്‌ലാം സ്വീകരണ പശ്ചാത്തലത്തെക്കുറിച്ച് നമുക്ക് സുപരിചിതമല്ലാത്ത ഒരു കഥ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. ഏകദേശം സി.ഇ 701-ല്‍ മലബാറിന്റെ തീരത്തണഞ്ഞ മാലികു ബ്‌നു ദീനാറും പതിനാലംഗ സംഘവും യാത്രാക്ലേശം മൂലം തളര്‍ന്നവശരായപ്പോള്‍ നാട്ടുകാര്‍ അവര്‍ക്കു വലിയൊരു വിരിപ്പ് നിലത്ത് വിരിച്ചുകൊടുത്തു. അവരതില്‍ മലര്‍ന്നു കിടക്കുന്നത് പരിസരത്തെ തെങ്ങില്‍ കയറി തേങ്ങ പറിക്കുന്ന ഒരു ദലിതന്‍ കാണാനിടയായി. അയാള്‍ ഉടനെ കുറേ ഇളനീര്‍ പറിച്ചു താഴെയിട്ടുകൊടുത്തു. പക്ഷേ അവരത് കുടിച്ചില്ല. തെങ്ങില്‍നിന്ന് താഴെ ഇറങ്ങി വന്ന് അയാള്‍ കാരണമന്വേഷിച്ചപ്പോള്‍ മാലികു ബ്‌നു ദീനാര്‍ പറഞ്ഞ മറുപടി: 'അന്യന്റെ സ്വത്തെടുക്കാന്‍ ഞങ്ങളുടെ മതം അനുവദിക്കുന്നില്ല. അത് നിഷിദ്ധമാണ്.' ഈ സംഭവം വലിയ വാര്‍ത്തയായി. അതറിയാനിടവന്ന രാജാവ് ചേരമാന്‍ പെരുമാള്‍ അവരെ വിളിച്ചുവരുത്തി വിവരങ്ങളന്വേഷിച്ചപ്പോള്‍ ഇസ്‌ലാം മതത്തെക്കുറിച്ചും അതിന്റെ അധ്യാപനങ്ങളെക്കുറിച്ചും മാലികു ബ്‌നു ദീനാര്‍ വിശദമായി സംസാരിച്ചു. തുടര്‍ന്ന് രാജാവ് ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം ഹജ്ജിനു പോയി. മാലികു ബ്‌നു ദീനാറും സംഘവും മതപ്രബോധനം വ്യാപിപ്പിച്ചു. 11 പള്ളികള്‍ അവര്‍ നിര്‍മിച്ചു. അതിലൊന്നാണ് ചേരമാന്‍ പെരുമാള്‍ മസ്ജിദ്. ഇന്നേവരെ (കൊടുങ്ങല്ലൂരില്‍) നിലനില്‍ക്കുന്ന ചേരമാന്‍ പെരുമാള്‍ മസ്ജിദാണ് ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പള്ളി.
ഇത് കഥയാവാം, സംഭവമാകാം, രണ്ടും ചേര്‍ന്നതുമാവാം. സി.ഇ ഏഴാം ശതകത്തില്‍ തന്നെ ഇസ്‌ലാം കേരളത്തിലെത്തി എന്ന പ്രചാരണത്തെ ഡോ. എം.ജി.എസ് നാരായണനെപോലുള്ള ചരിത്രപണ്ഡിതന്മാര്‍ പിന്തുണക്കുന്നില്ലെങ്കിലും മാലികു ബ്‌നു ദീനാര്‍ സംഘത്തിന്റെ ആഗമനത്തെ അവര്‍ നിരാകരിക്കുന്നില്ല. മൂന്നോ നാലോ ശതകങ്ങള്‍ക്കു ശേഷമാവാം സംഭവമെന്നാണ് അവരുടെ നിഗമനം. എന്തായാലും ഒരു സത്യത്തിന് അടിവരയിടേണ്ടതുണ്ട്: ഉപദേശകരുടെ തത്ത്വോപദേശമോ ബലപ്രയോഗമോ ഒന്നുമല്ല കേരളത്തില്‍ ഇസ്‌ലാമിന്റെ സ്വീകാര്യതയിലും വ്യാപനത്തിലും നിര്‍ണായകമായത്; പ്രത്യുത, മാലികു ബ്‌നു ദീനാര്‍ സംഘം മുതല്‍ വന്ന വ്യാപാരികളുടെ സത്യസന്ധമായ ജീവിത മാതൃകയാണ്. അവരുടെ ചിട്ടയായ ജീവിതശൈലിയും ഇടപാടുകളിലെ സത്യസന്ധതയും ജാതീയതയുടെ നിരാസവും ഏകദൈവ വിശ്വാസത്തിലൂടെ എല്ലാ വിഭാഗം മനുഷ്യരോടുമുള്ള മാനവികമായ സഹവാസവുമാണ് ജനഹൃദയങ്ങളെ ഇസ്‌ലാമിലേക്കാകര്‍ഷിച്ചത്. ആ മാതൃക വേണ്ടവിധം ഉള്‍ക്കൊണ്ട് ജീവിക്കാനായാല്‍ വര്‍ത്തമാനകാല വെല്ലുവിളികളെയും വിശ്വാസികള്‍ക്ക് മനക്കരുത്തോടെ നേരിടാനാവും.
Comments