Prabodhanm Weekly

Pages

Search

2020 മെയ് 15

3152

1441 റമദാന്‍ 22

കോവിഡ്കാല ഫത്‌വകള്‍

വി.എ കബീര്‍

ഫത്‌വകള്‍ സന്ദര്‍ഭങ്ങളുടെ താല്‍പര്യമനുസരിച്ച് മാറും എന്നത് ഒരു പുതിയ വാദമല്ല. അത് പണ്ടേ ഇസ്‌ലാമിക നിയമമീമാംസകര്‍ അംഗീകരിച്ചിട്ടുള്ളതാണ്. അസാധാരണ പരിതഃസ്ഥിതികളില്‍ അസാധാരണ നിയമം എന്ന പരികല്‍പന ആധുനിക നിയമ വ്യവഹാരങ്ങളിലും സര്‍വാംഗീകൃത പ്രമാണം തന്നെ. എന്നാല്‍ അതെങ്ങനെയും വലിച്ചുനീട്ടാവുന്ന സൗകര്യവാദമാവരുതെന്ന്, അനുവദിച്ച 'ഉസ്വൂലികള്‍' തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. അതിനുമുണ്ട് ചില ചിട്ടവട്ടങ്ങളും ഉപാധികളും.
ഒരു പഴയ ചരിത്ര സംഭവം ഉദ്ധരിച്ചുകൊണ്ട് തുടങ്ങാം. മൊറോക്കോവില്‍ ഫ്രഞ്ച് അധിനിവേശകാലത്ത് നടന്ന സംഭവമാണ്. ഇന്ന് റമദാന്‍ കാലത്ത് നമ്മുടെ നാട്ടില്‍ ഉത്തരേന്ത്യയില്‍നിന്ന് ഹാഫിളുകളെ ഇറക്കുമതി ചെയ്യുന്നപോലെ ജുമുഅ ഖത്വീബുമാരെ ഈജിപ്തില്‍നിന്ന് ഇറക്കുമതി ചെയ്യാറായിരുന്നു അന്ന് മൊറോക്കോവിലെ പതിവ്. ആവശ്യത്തിന് മാത്രം ഖത്വീബുമാര്‍ തികയാത്ത ക്ഷാമം ഒരിക്കല്‍ മൊറോക്കോക്കാര്‍ നേരിട്ടു. നോക്കി വായിക്കാനാണെങ്കിലും ഒരു ആലിം വേണമല്ലോ, ജുമുഅ നയിക്കാന്‍. ഇന്നത്തെ പോലെ സാക്ഷരതയും അന്നുണ്ടായിരുന്നില്ല. റേഡിയോ വഴി ഈജിപ്തിലെ ഇമാമിനെ പിന്തുടര്‍ന്ന് വീട്ടില്‍ വെച്ച് ജുമുഅ നമസ്‌കാരം അനുവദനീയമാകുമോ? അതായിരുന്നു മൊറോക്കോവിലെ സജീവ ചര്‍ച്ച. അനുവദനീയമാകുമെന്നായിരുന്നു അന്നത്തെ മുഫ്തിയായ ശൈഖ് അഹ്മദു ബ്‌നു അസ്സ്വിദ്ദീഖ് അല്‍ഗമാരിയുടെ ഫത്‌വ. 'അല്‍ ഇഖ്‌നാഉ ബി സ്വിഹ്ഹത്തില്‍ ജുമുഅ ഫില്‍ മന്‍സില്‍ ഖല്‍ഫല്‍ മദിയാഅ്' എന്ന ശീര്‍ഷകത്തില്‍ അദ്ദേഹം ഒരു നിബന്ധവും പ്രസിദ്ധീകരിച്ചു. അന്ന് ആരെങ്കിലും റേഡിയോ ട്യൂണ്‍ ചെയ്ത് ജുമുഅ നമസ്‌കരിച്ചോ എന്നറിയില്ല! 
ഇന്ന് കൊറോണാ യുഗത്തിലെ ക്വാറന്റൈന്‍ കാലത്ത് ടി.വി മുന്നില്‍ തുറന്ന് തറാവീഹ് നമസ്‌കരിക്കാമെന്ന് ഫത്‌വ വരുമ്പോള്‍ ഉയരുന്ന എതിരഭിപ്രായങ്ങളൊന്നും അന്ന് ഉണ്ടായില്ലെന്നാണ് പറയപ്പെടുന്നത്. ചുരുങ്ങിയ പക്ഷം ഇതര ഫുഖഹാക്കളെയൊന്നും ഖണ്ഡനത്തിന് അത് പ്രകോപിപ്പിച്ചില്ല. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് തറാവീഹിന് നവ്യാവിഷ്‌കാരം നല്‍കാമെന്ന് വാദിക്കുന്നവര്‍ മൊറോക്കോവില്‍ ഇപ്പോള്‍ ശൈഖ് അഹ്മദുല്‍ ഗമാരിയുടെ ഫത്‌വയെ ആയുധമാക്കുന്നുമുണ്ട്. ഇങ്ങനെയൊരു ഫത്‌വ നല്‍കുമ്പോള്‍ ശൈഖ് ഗമാരി ചില നിബന്ധനകള്‍ വെക്കാതെയല്ല. മൂന്ന് ഉപാധികളാണ് അദ്ദേഹം മുന്നോട്ടു വെച്ചത്: ഖത്വീബിന്റെയും റേഡിയോ വഴി അയാളെ തുടരുന്നവന്റെയും നാടുകളിലെ സമയം ഒന്നാവുക എന്നതാണൊന്ന്. അപ്പോള്‍ അള്‍ജീരിയക്കാരനെ തുടരുന്ന ഈജിപ്തുകാരന്റെ നമസ്‌കാരം സാധുവാകുകയില്ല. സമയവ്യത്യാസം തന്നെ കാരണം. തുടര്‍ന്ന് നമസ്‌കരിക്കുന്ന ആളുടെ നാടും വീടും ഖത്വീബിന്റെ നാടിന്റെയും വീടിന്റെയും പിന്നിലായിരിക്കണമെന്നതാണ് രണ്ടാമത്തെ ഉപാധി. അണിയില്‍ അയാള്‍ തനിച്ചാകാനും പാടില്ല. ഗമാരിയെ സാമ്രാജ്യത്വ ഏജന്റായി മുദ്രകുത്തിയ ചില ഈജിപ്ഷ്യന്‍ പണ്ഡിതന്മാര്‍ മാത്രമേ അദ്ദേഹത്തിന്റെ വാദമുഖങ്ങളെ തിരസ്‌കരിച്ചിരുന്നുള്ളൂ.

മാലികീ അടിസ്ഥാനം 
'ടെലിവിഷന്‍ നമസ്‌കാരം' അനുവദനീയമാണെന്നതിന് മാലികീ മദ്ഹബില്‍ തന്നെ അടിസ്ഥാനമുണ്ടെന്നാണു മൊറോക്കോവിലെ 'മഖാസ്വിദ്' പണ്ഡിതന്മാരില്‍ പ്രമുഖനായ ഡോ. അല്‍ഹുസൈന്‍ ആയത്ത് സഈദ് പറയുന്നത്. അദ്ദേഹം പ്രശ്‌നത്തെ സമീപിക്കുന്നത് വലിയ അളവില്‍ ഉദാരമായ വൈജ്ഞാനിക കാഴ്ചപ്പാടിലൂടെയാണ്. ഇതൊരു പുതിയ പ്രശ്‌നമല്ലെന്നും പണ്ടേക്കും പണ്ടേ മാലികീ ഫുഖഹാക്കള്‍ കൈകാര്യം ചെയ്തതാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ശാഫിഈകളിലുമുണ്ട് ഈ വീക്ഷാഗതിക്കാര്‍. ഫര്‍ദും സുന്നത്തും തമ്മില്‍ അന്തരം പാലിക്കുന്നുണ്ടെന്ന് മാത്രം. ടി.വി തറാവീഹിന്റെ വിഷയത്തില്‍ ഇമാമിന്റെ പിന്നില്‍ തന്നെ മഅ്മൂമിന്റെ സാന്നിധ്യവും അണികളുടെ(സ്വഫ്ഫ്) സമ്പര്‍ക്കവും നമസ്‌കാരത്തിന്റെ ഉപാധിയാണോ എന്നതാണ് അടിസ്ഥാന പ്രശ്‌നമെന്ന് അല്‍ഹുസൈന്‍ ആയത്ത് പറയുന്നു. ഉപാധിയാണെങ്കില്‍ അത് സാധുതയുടെ ഉപാധിയോ സമ്പൂര്‍ണതയുടെ ഉപാധിയോ? അത് സമ്പൂര്‍ണതയുടെ ഉപാധി മാത്രമാണ് മാലികീ-ശാഫിഈ വീക്ഷണത്തിലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഹനഫീ വീക്ഷണത്തിലാണ് അത് സാധുതയുടെ ഉപാധിയാകുന്നത്. സ്വഫ്ഫുകളുടെ സമ്പര്‍ക്കം ഉപാധിയല്ലെന്ന് 'അല്‍മുദവ്വന'യുടെ ഒന്നാം ഭാഗത്തില്‍ ഇമാം മാലിക് പറഞ്ഞതാണ് അദ്ദേഹത്തിന്റെ തെളിവ്. ഫര്‍ദ് നമസ്‌കാരത്തില്‍തന്നെ മഅ്മൂമിന്റെ സാന്നിധ്യം ഇമാമിന്റെ പിന്നില്‍ നിര്‍ബന്ധമില്ലെന്നാണ് മാലികിന്റെ വീക്ഷണം. പിന്നെ, സുന്നത്ത് നമസ്‌കാരത്തിന്റെ കാര്യം പറയണോ? ഒരു ഉപാധിയേ ഇമാം മാലിക് വെക്കുന്നുള്ളൂ; ഇമാമിന്റെ തക്ബീറുകള്‍ കേള്‍ക്കാന്‍ മഅ്മൂമിന് സാധിക്കണം. ഇമാമിനെ കാണല്‍ നിര്‍ബന്ധമില്ല. നമസ്‌കാരത്തിന്റെ സാധുത കേള്‍വിയെ അവലംബിച്ചാണ് നില്‍ക്കുന്നത്; കാഴ്ചയെയല്ല. രണ്ടും സാധ്യമായാല്‍ അത് കൂടുതല്‍ ഉത്തമമെന്നു മാത്രം. മദീനയിലെ ഉമറു ബ്‌നുല്‍ ഖത്ത്വാബ് കുടുംബത്തിന്റെ വീട്ടില്‍ നടന്ന നമസ്‌കാരമാണ് പ്രശ്‌ന വിഷയത്തിലെ അടിസ്ഥാനമെന്നതാണ് മാലികിന്റെ കാഴ്ചപ്പാട്.
ഇമാമിന്റെയും മഅ്മൂമിന്റെയും ഇടയില്‍ ചെറിയൊരു നദിയുണ്ടെന്നിരിക്കട്ടെ. എങ്കില്‍ നമസ്‌കാരം സാധുവാകുമോ? അതുകൊണ്ട് കുഴപ്പമൊന്നുമില്ലെന്ന മാലികിന്റെ അഭിപ്രായം അല്ലാമാ അല്‍ഹുസൈന്‍ ഇവിടെ എടുത്തോതുന്നു. ശബ്ദ ശ്രവണത്തിന് തടസ്സമാകില്ല എന്നതാണ് ചെറിയ നദിയെന്ന് പറയാന്‍ കാരണം. വലിയ നദിയാണെങ്കില്‍ നീരൊഴുക്കിന്റെ ശബ്ദം ഇമാമിന്റെ ശബ്ദത്തിന് തടസ്സമായേക്കും. ഇതൊക്കെ ആധാരമാക്കി മസ്ജിദുകളൊക്കെ തല്‍ക്കാലം അടച്ചിടപ്പെട്ട കോവിഡ് പശ്ചാത്തലത്തില്‍ നവസാങ്കേതിക മാധ്യമം വഴിയുള്ള സംഘം ചേര്‍ന്ന തറാവീഹ് നമസ്‌കാരം സാധുവാകുമെന്നാണ് അല്‍ഹുസൈനിയുടെ വാദം. ഇതൊരു പുത്തന്‍ ഇജ്തിഹാദല്ലെന്നും മദ്ഹബിന്റെ അടിസ്ഥാനമുള്ള കാഴ്ചപ്പാട് തന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. ലോകപണ്ഡിത സഭയുടെ അധ്യക്ഷന്‍ ശൈഖ് റയ്‌സൂനിയും മിക്‌നാസിലെ ഹറകത്തുത്തൗഹീദ് വല്‍ ഇസ്വ്‌ലാഹ് ശാഖ 'റമദാനും അടിയന്തര സാഹചര്യവും' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഒരു നവ മാധ്യമ കൂടിക്കാഴ്ചയില്‍ ഇതേ കാഴ്ചപ്പാട് തന്നെയാണ് പങ്കു വെച്ചത്. സുന്നത്ത് അനുഷ്ഠാനങ്ങളില്‍ ധാരാളം ലഘൂകരണങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ക്വാറന്റൈന്‍ സാഹചര്യത്തില്‍ തറാവീഹില്‍ ഇളവ് നല്‍കാമെന്നാണ് അദ്ദേഹവും പറയുന്നത്.
മറുവശം
എന്നാല്‍ മറ്റൊരു മൊറോക്കന്‍ പണ്ഡിതനായ മുഹമ്മദ് അര്‍റൂകിക്ക് ഇതൊന്നും സമ്മതമല്ല. സങ്കല്‍പ(വെര്‍ച്വല്‍) ഇമാമല്ലാതെ യഥാര്‍ഥ ഇമാം ഇല്ലെന്ന കാരണത്താല്‍ ഇമ്മട്ടിലുള്ള തറാവീഹ് സാധുവാകില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇബാദത്തുകളുടെ കാര്യത്തില്‍ ഇത്തരമൊരു വിശാലതക്ക് സ്ഥാനമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇബാദത്തുകളില്‍ ഇജ്തിഹാദ് നടത്തുന്നത് അവയുടെ പ്രകൃതത്തിനും ഉദ്ദിഷ്ട ലക്ഷ്യങ്ങള്‍ക്കും നിരക്കുന്നതല്ല. അതില്‍ ഫര്‍ദ്-സുന്നത്ത് വകഭേദങ്ങള്‍ പരിഗണനീയമല്ല. ഭാവിയില്‍ ഇതൊരു ശൈഥില്യത്തിന് കാരണമായേക്കുമെന്നാണ് ശൈഖ് മുസ്ത്വഫ ബിന്‍ ഹംസയുടെ ഭയം. കാരണം, ഇപ്പോള്‍ സംഘടനാ പക്ഷപാതമില്ലാതെയാണ് ജനങ്ങള്‍ മൊറോക്കോ പള്ളികളില്‍ അതത് ഇമാമുകളെ പിന്തുടരുന്നത്. ഇത് ടി.വിയിലേക്ക് ചുരുങ്ങിയാല്‍ അതൊരു ശീലമായി പരിണമിക്കുകയും തങ്ങളുടെ സംഘടനാ നേതാവിനെ ഇമാമാക്കി വീട്ടില്‍ നമസ്‌കരിക്കുന്നത് പതിവായി മാറുകയും ചെയ്‌തേക്കാമെന്ന് അദ്ദേഹം ആശങ്കിക്കുന്നു.

ഹജ്ജോ? 
ഇനി മറ്റൊരു കോണിലൂടെ വിഷയത്തെ സമീപിച്ചു നോക്കാം. സാധാരണ പള്ളികള്‍ മാത്രമല്ല, ഹറം പോലും അടച്ചിട്ട ഒരു അസാധാരണ സാഹചര്യത്തിലാണ് റമദാന്‍ സമാഗതമാകുന്നത്. കോവിഡ് കാലം നീണ്ടാല്‍ അത് ഹജ്ജിനെ കൂടി ബാധിക്കുമോ എന്ന ആശങ്കയുമുണ്ട്. അപ്പോള്‍ അതിനും ഒരു ബദല്‍ വഴി തേടേണ്ടി വരുമോ? അതൊരാവശ്യമാണോ? അബ്ദുല്‍ ഖാദിര്‍ സൂഫിയുടെ 'ജിഹാദ്- എ ഗ്രൗണ്ട് പ്ലാന്‍' എന്നൊരു ലഘുകൃതി വായിച്ചതോര്‍ക്കുന്നു (പൂര്‍വാശ്രമത്തില്‍ ഒരു സായ്പാണ് ഈ സൂഫി. ആള് സൂഫിയാണെങ്കിലും സുഊദി ഭരണകൂടത്തിനെതിരെ ജിഹാദീ രോഷാഗ്നി തുപ്പുന്നതാണ് അടിയാന്റെ ഉദീരണങ്ങള്‍. സിയാഉദ്ദീന്‍ സര്‍ദാറിന്റെ 'നിരാശാ സ്വര്‍ഗ'ത്തില്‍ ഈ കഥാപാത്രമുണ്ട്). പരാമൃഷ്ട പുസ്തകത്തില്‍ പഴയ സോവിയറ്റ് യൂനിയനിലെ നഖ്ശബന്ദി സൂഫികള്‍ ഹജ്ജിന്റെ ബദല്‍മാര്‍ഗം കണ്ടെത്തിയതിനെ കുറിച്ച് സൂഫി പറയുന്നുണ്ട്. സോവിയറ്റ് അധികൃതര്‍ ഹജ്ജിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം അവര്‍ മറികടന്നിരുന്നത് തങ്ങളുടെ ശൈഖുമാരുടെ ദര്‍ഗകളെ കഅ്ബയായി സങ്കല്‍പിച്ച് ത്വവാഫ് ചെയ്തുകൊണ്ടാണത്രെ. ഇത് മുന്‍ സോവിയറ്റ് യൂനിയനിലെ മധ്യേഷ്യന്‍ നാടുകളിലെ കഥ. യു.എസിലെ ഇജ്തിഹാദ് പോയത് ജുമുഅയുടെ വിഷയത്തിലായിരുന്നു. ഒഴിവു ദിനം അവിടെ ഞായറാഴ്ചയാണല്ലോ. അപ്പോള്‍ വെള്ളിയാഴ്ചക്ക് പകരം ജുമുഅ ഞായറാഴ്ച നടത്തിയാല്‍ അതായിരിക്കില്ലേ സൗകര്യം? ഇതായിരുന്നു ഒരു കാലത്ത് അവിടെയുള്ള ചിലരുടെ ആലോചന.

ശീലമോ ഇബാദത്തോ?
മസ്ജിദുകള്‍ ഏറെ സജീവമാകുന്ന മാസമാണ് റമദാന്‍. സാധാരണ നമസ്‌കരിക്കാത്തവര്‍ പോലും മസ്ജിദില്‍ വരും. ഖുര്‍ആന്‍ പാരായണം, തറാവീഹ്, ദാനധര്‍മങ്ങള്‍, ജനസേവന പ്രവര്‍ത്തനങ്ങള്‍, ഇഫ്ത്വാര്‍ സംഗമങ്ങള്‍- ഇങ്ങനെ ആത്മീയമായൊരു അന്തരീക്ഷം താനെ വിടര്‍ന്നു വരുന്ന പകലുകളാണ് റമദാന്‍ മാസം. മസ്ജിദില്‍ സംഘം ചേര്‍ന്നുള്ള തറാവീഹ് നമസ്‌കാരത്തിന്റെ അഭാവം വിശ്വാസിയുടെ ഹൃദയത്തെ നൊമ്പരപ്പെടുത്തുക സ്വാഭാവികമാണ്. എത്രയോ കാലമായി തുടര്‍ന്നു വരുന്ന ശീലങ്ങളും ആചാരങ്ങളും കൂടിയാണവ. അത് വിശ്വാസിയുടെ ബോധമണ്ഡലത്തില്‍ അവിഭാജ്യമായി മാറിയ ഘടകമാണ്. പൊടുന്നനെ അതില്‍നിന്നുള്ള വിഛിന്നത വിശ്വാസിയുടെ മനസ്സിനെ അഗാധമായി നോവിക്കുമെന്നതില്‍ സംശയമില്ല. മസ്ജിദ് വിശ്വാസിയുടെ ആത്മാവിനെ സംബന്ധിച്ചേടത്തോളം മത്സ്യത്തിന് ജലം പോലെയാണ്. ജലത്തില്‍നിന്ന് പുറത്തെടുത്തിട്ടാല്‍ പിന്നെ മത്സ്യത്തിന് ജീവനുമില്ല, ജീവിതവുമില്ല. എന്നാല്‍ വിശ്വാസിയുടെ സ്ഥിതി പൂര്‍ണമായും അങ്ങനെത്തന്നെയാണോ? വ്യത്യാസമില്ലേ? അവന് മസ്ജിദ് അടച്ചിട്ടാലും ഭൂമി മുഴുവന്‍ മസ്ജിദാണ്. അതുകൊണ്ടാണ് നിയമത്തെ വ്യഭിചരിച്ച് ബാബരി മസ്ജിദ് ഇല്ലാതാക്കിയിട്ടും മുസ്‌ലിംകള്‍ തോല്‍ക്കാത്തത്.
തറാവീഹ് സംഘ നമസ്‌കാരം മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം ഒരു ഉപാസന ക്രിയ മാത്രമല്ല, റമദാന്റെ സംഘബോധത്തിന്റെയും സാമൂഹികാന്തരീക്ഷത്തിന്റെയും പ്രകടിത രൂപം കൂടിയാണ്. അതിന്റെ അഭാവം മ്ലാനത സൃഷ്ടിക്കുന്നത് മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാല്‍ ഇബാദത്തില്‍ ഉള്ളടങ്ങിയിട്ടുള്ള ആത്മീയ ഭാവത്തെ കോവിഡ് തീര്‍ത്തും ചോര്‍ത്തിക്കളഞ്ഞിട്ടുണ്ടോ? ഇവിടെ മറ്റൊരു ചോദ്യവും കൂടി ഉത്ഭവിക്കുന്നുണ്ട്. റമദാനും തറാവീഹും ഇബാദത്ത് എന്നതിനേക്കാള്‍ ഉപരി, നൈരന്തര്യത്തില്‍, കേവലം ആചാരവും ആഘോഷവുമായി മാറിയിട്ടില്ലേ? ശീലത്തിന്റെ ഭാഗമായിട്ടുള്ള ആചാരമായിട്ടാണോ അതല്ല, അല്ലാഹുവിനുള്ള ഇബാദത്തായിട്ടാണോ നിങ്ങള്‍ രാത്രി നമസ്‌കാരവും നിര്‍വഹിക്കുന്നത് എന്ന ചോദ്യവുമായിട്ടാണ് കൊറോണാ വൈറസ് അവതരിക്കുന്നത്. വിഷയത്തിന് കുറേ കൂടി തെളിച്ചം കിട്ടാന്‍ ഒരു ചരിത്ര സംഭവം ഓര്‍ക്കുന്നത് സഹായകമാകും. പ്രവാചകനോളം സ്വഹാബിമാര്‍ സ്‌നേഹിച്ച ഒരസ്തിത്വം വേറെയില്ലെന്നത് നിസ്തര്‍ക്കം. തിരുസാന്നിധ്യം അവര്‍ക്ക് ആവേശത്തിന്റെയും ഊര്‍ജത്തിന്റെയും സ്രോതസ്സായിരുന്നു. അതിനാല്‍ തിരുദേഹം ഇഹലോകവാസം വെടിഞ്ഞപ്പോള്‍ ഇതികര്‍ത്തവ്യഥാമൂഢരായി, അത് വിശ്വസിക്കാന്‍ കഴിയാതെ അവര്‍ സ്തംഭിച്ചുപോയി. അബൂബക്‌റിന്റെ പ്രസിദ്ധമായ ആ വാക്കാണ് അവരെ വീണ്ടും ചലനാത്മകമാക്കിയത്: 'ആരെങ്കിലും മുഹമ്മദിനെയാണ് ഇബാദത്ത് ചെയ്തിരുന്നെങ്കില്‍ ആ മുഹമ്മദ് മരിച്ചിരിക്കുന്നു; അല്ലാഹുവിനെയാണ് ഇബാദത്ത് ചെയ്തിരുന്നതെങ്കില്‍ ആ അല്ലാഹുവിന് മരണമില്ല.' അബൂബക്‌റിന്റെ ആ വാക്കുകളില്‍ വലിയൊരു പാഠമുണ്ട്. ചിരപരിചിത രൂപങ്ങളിലുള്ള ഭ്രമമല്ല അല്ലാഹു വിശ്വാസികളില്‍നിന്ന് തേടുന്നത്. ശീലങ്ങള്‍ സൃഷ്ടിക്കുന്ന കേവലാചാരങ്ങളുമല്ല. അവന് മാത്രം സംവരണം ചെയ്യപ്പെടുന്ന ഇബാദത്താണ്. പള്ളിയിലെ ചിരപരിചിതമായ ആചാരമാണോ അതല്ല അല്ലാഹുവിനുള്ള ഇബാദത്താണോ നിങ്ങളുടെ താല്‍പര്യം എന്നാണ് കോവിഡ് നമ്മോട് ചോദിക്കുന്നത്. അല്ലാഹുവിനുള്ള ഇബാദത്താണെങ്കില്‍ അത് സ്ഥലബന്ധിതമല്ല. പള്ളിയിലായാലും വീട്ടിലായാലും അതിന്റെ പുണ്യം ലഭിക്കും. അതിന് കൃത്രിമവും യാന്ത്രികവുമായ ഒരു മസ്ജിദ് സൃഷ്ടിക്കേണ്ട ആവശ്യമില്ല.
ഉപര്യുക്ത മര്‍മത്തില്‍ ഊന്നി വിഷയത്തെ സമീപിച്ചാല്‍ പുതിയ 'ഇജ്തിഹാദി'ന്റെ ആവശ്യം വരില്ല. അസാധാരണ പരിതഃസ്ഥിതിയില്‍ മസ്ജിദിലെ ജമാഅത്തിനു തന്നെ ശരീഅത്തില്‍ ഇളവുണ്ടെങ്കില്‍ അത് സ്വീകരിച്ചാല്‍ മതിയല്ലോ. അത് 'ചാനല്‍ ജമാഅത്ത്' ആക്കേണ്ട ആവശ്യമെന്ത്? അതനുവദനീയമാണെന്നു പറയുന്ന റയ്‌സൂനി തന്നെ, ഖുര്‍ആന്‍ നോക്കി ഓതിയിട്ടാണെങ്കിലും വീട്ടില്‍ നമസ്‌കരിക്കുന്നതാണ് അപ്പോഴും ഉത്തമമെന്ന് പറഞ്ഞിട്ടുമുണ്ട്.
മസ്ജിദില്‍ ജമാഅത്തായി നമസ്‌കരിച്ച പോലെ തന്നെ വീട്ടില്‍ തനിച്ചും പ്രവാചകന്‍ തറാവീഹ് നമസ്‌കരിച്ചിട്ടുള്ളതും ശ്രദ്ധേയമാണ്. സാധാരണ പരിതഃസ്ഥിതിയില്‍ തന്നെ രണ്ട് മാതൃകയും സുന്നത്തില്‍ പെട്ടതാണെന്നര്‍ഥം. 'ചാനല്‍ ഇമാമി'ന്റെ അഭാവത്തിലും സുന്നത്ത് നഷ്ടപ്പെടുന്നില്ലെന്നു ചുരുക്കം.
ജുമുഅയുടെ വിഷയമാണെങ്കില്‍ ആ വാക്ക് ധ്വനിപ്പിക്കുന്ന പോലെ ഒരു സമ്മേളനത്തിന്റെ സ്വഭാവമുണ്ടാകുമ്പോള്‍ മാത്രമാണ് അത് നിര്‍ബന്ധമാകുന്നത്. മദീനയില്‍ അത് നിര്‍ബന്ധമായത് ഒരു മുസ്‌ലിം കമ്യൂണിറ്റി അവിടെ നിലവില്‍ വന്നപ്പോഴാണ്. ആ സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനാണ് പ്രഭാഷണം അതിന്റെ ഘടകമാകുന്നത്. നാല്‍പതാളുകളെങ്കിലും ഒത്തുചേരുമ്പോള്‍ മാത്രമേ അതിന് സാധുതയുള്ളൂ എന്ന് ശാഫിഈ മദ്ഹബ് നിശ്ചയിക്കാന്‍ അതാണ് കാരണം. ഒരു സദസ്സെന്ന് പറയണമെങ്കില്‍ അത്രയെങ്കിലും ആളുകള്‍ സംഗമിക്കണം. മരുഭൂമിയില്‍ ഒറ്റപ്പെട്ട തമ്പുകളില്‍ ജീവിക്കുന്ന ചെറിയ കുടുംബങ്ങള്‍ക്ക് ജുമുഅ നിര്‍ബന്ധമില്ലെന്നു വെച്ചത് അതുകൊണ്ടാണ്. പ്രശ്‌നങ്ങള്‍ അവര്‍ക്ക് തന്നെ ചര്‍ച്ച ചെയ്ത് തീരുമാനിക്കാവുന്നതേയുള്ളൂ. വ്യത്യസ്തമാണ് ജനനിബിഡ നഗരങ്ങളും പ്രദേശങ്ങളും. ജുമുഅ എല്ലാവര്‍ക്കും ഒത്തുകൂടാന്‍ അവസരം നല്‍കും. 'ടി.വി ഇമാമി'ന്റെ ഖുത്വ്ബ കേട്ട് വീട്ടിനകത്തെ കുടുംബാംഗങ്ങള്‍ ജുമുഅ നമസ്‌കരിച്ചാല്‍ അതില്‍ ജുമുഅയുടെ 'റൂഹ്' ഉണ്ടാവുകയില്ല, അത് ശീലം കൊണ്ടുള്ള ഒരു ചടങ്ങേ ആകൂ (അഞ്ചാളുകള്‍ കൂടിയിടത്തേക്ക് ക്ഷണിച്ചാല്‍ ഇന്ന് ഏതെങ്കിലും പ്രസംഗകന്‍ പോകുമോ? ജുമുഅക്ക് അത് ബാധകമാക്കുന്നില്ലെങ്കില്‍ ജുമുഅയെ കാണുന്നത് ഒരു ചടങ്ങായിട്ടാണെന്ന് വ്യക്തമല്ലേ?).

ആരുടെ അടിമയാണ് നിങ്ങള്‍?
നിങ്ങള്‍ ആരുടെ 'അബ്ദ്' (ദാസന്‍) ആണ് എന്നതാണ് പ്രശ്‌നത്തിന്റെ മര്‍മം. ശീലത്തിന്റെയും ചടങ്ങിന്റെയും അടിമയോ, അതല്ല അല്ലാഹുവിന്റെ അടിമയോ? സദാ അല്ലാഹുവിന്റെ അടിമയാവുക എന്നതാണ് അബൂബക്‌റിന്റെ ഉദ്‌ബോധനത്തിന്റെ അന്തസ്സത്ത. അബൂബക്ര് ഇസ്‌ലാമില്‍നിന്ന് ഉള്‍ക്കൊണ്ട 'കള്‍ച്ചര്‍' ആണ് ആ ശബ്ദത്തില്‍ മുഴങ്ങിയത്. നമ്മള്‍ 'തര്‍ബിയത്ത്' എന്നു പറയുന്നതു തന്നെയാണ് ഈ കള്‍ച്ചര്‍; ഇബാദത്തുകളുടെ റൂഹ്.
ഇസ്‌ലാമിലെ ഒരു ഇബാദത്തും അതായിട്ടും അതിനായിട്ടും മാത്രമുള്ളതല്ല. ദൈവാനുസരണയിലൂടെയുള്ള 'തര്‍ബിയത്താ'ണ് അവയുടെ ലക്ഷ്യം. പൂര്‍വ പണ്ഡിതന്മാര്‍ 'അസ്‌റാര്‍' എന്നു പറയുന്നത് ഇതിനെപ്പറ്റിയാണ്. ഇമാം ഗസ്സാലിയുടെ 'ഇഹ്‌യാഇ'ല്‍ അത് നിങ്ങള്‍ക്ക് വായിക്കാം. സയ്യിദ് മൗദൂദി 'ഖുതുബാത്തി'ലും അലി ശരീഅത്തി 'ഹജ്ജി'ലും ആധുനിക ഭാഷയില്‍ വ്യവഹരിക്കുന്നതും ഇതു തന്നെ. റമദാനില്‍ നാം നോമ്പനുഷ്ഠിക്കുന്നത് അല്ലാഹുവിന്റെ ആജ്ഞ അനുസരിക്കുന്നതായതിനാലാണ് അത് ഇബാദത്ത് ആകുന്നത്; ഭക്ഷ്യപേയങ്ങള്‍ ഉപേക്ഷിക്കുന്നതു കൊണ്ടല്ല. ഭക്ഷ്യപേയങ്ങള്‍ ഉപേക്ഷിക്കുന്നത് പുണ്യമാണെങ്കില്‍ പെരുന്നാളിനത് ഉപേക്ഷിച്ചാലും പുണ്യമാവേണ്ടതാണല്ലോ. പക്ഷേ, പെരുന്നാളിനത് പാപവും കുറ്റവുമാണ്. എന്തുകൊണ്ട്? അപ്പോള്‍ നിങ്ങളുടെ ഇബാദത്ത് നിങ്ങളുടെ 'ഹവ'(ദേഹേഛ)ക്കാണ്, അല്ലാഹുവിനല്ല. അതാണ് കാരണം. ശീലിച്ചതേ പാലിക്കൂ എന്നത് മനുഷ്യമനസ്സില്‍ ഊട്ടപ്പെട്ട ഒരു പ്രകൃതമാണ്. നിരന്തരമായ ഒരു കര്‍മത്തില്‍ നിരതനായാല്‍ അതില്‍നിന്ന് വിട്ടുനില്‍ക്കാന്‍ മനുഷ്യന്‍ മടിക്കും. പൊതുവെ യുദ്ധത്തോട് നീരസമാണ് മനുഷ്യമനസ്സിന്. എന്നാല്‍ നിരന്തരം യുദ്ധത്തില്‍ വ്യാപൃതനായി അതൊരു ശീലമായി മാറിയവന് യുദ്ധം ചെയ്തില്ലെങ്കില്‍ കൈ തരിക്കും. അപ്പോള്‍ യുദ്ധം ചെയ്യാതിരിക്കാന്‍ മനസ്സിനോടായിരിക്കണം അവന്റെ ജിഹാദ്. സത്യവും നീതിയും സ്ഥാപിക്കാനല്ലെങ്കില്‍ യുദ്ധം അനിവാര്യമല്ല. നിങ്ങള്‍ യുദ്ധത്തിന് ഇറങ്ങിപ്പുറപ്പെട്ടാല്‍ ശത്രുവിനെ കണ്ടുമുട്ടാന്‍ ആഗ്രഹിക്കരുതെന്ന് നബി (സ) പറഞ്ഞിട്ടുണ്ട്. ജമാഅത്തായി നമസ്‌കരിക്കാനുള്ള വിശ്വാസിയുടെ ത്വര ദൈവസാമീപ്യം നേടാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരിക്കണം; അതൊരു ശീലമായതുകൊണ്ടായിരിക്കരുത്. സംഘരൂപത്തിലുള്ള ഭ്രമമാണെങ്കില്‍ അതില്‍ ദൈവസാമീപ്യത്തിന്റെ ചൈതന്യമുണ്ടായിരിക്കില്ല. ജമാഅത്തിന്റെ സ്വാഭാവിക രൂപമുണ്ടാകുമ്പോള്‍ അതിനെ പുല്‍കാന്‍ വെമ്പുക. എന്നാല്‍ ജമാഅത്തില്‍ പങ്കെടുക്കുന്നതിന് ശറഇല്‍ തന്നെ റുഖ്‌സ്വ (ഇളവ്) ഉണ്ടെങ്കില്‍ പിന്നെ ജമാഅത്തില്‍ പങ്കെടുക്കുന്നതിലല്ല, ഇളവ് സ്വീകരിക്കുന്നതിലാണ് പുണ്യം. അപകടകരമാണെന്ന ഭിഷഗ്വരന്മാരുടെ ഉപദേശം തള്ളി മസ്ജിദില്‍ ജമാഅത്തില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ പിന്തുടരുന്നത് അല്ലാഹുവിന്റെ ദീനിനെയല്ല, സ്വന്തം ദേഹേഛയെയാണ്. തലക്ക് മുറിവേറ്റ ജനാബത്തുകാരനോട് കുളിക്കാതെ നമസ്‌കാരം സാധുവാകില്ല എന്നു പറഞ്ഞ്, അയാളുടെ മരണത്തിനിടയാക്കിയവരോട് 'അഹ്‌ലുദ്ദിക്‌റി'നോട് നിങ്ങള്‍ക്ക് ചോദിക്കാമായിരുന്നില്ലേ എന്ന് നബി ക്ഷുഭിതനാവുകയുണ്ടായല്ലോ. ഇവിടെ ആ 'അഹ്‌ലുദ്ദിക്ര്‍' ഭിഷഗ്വരന്മാരാണ്.

ഹിറായും അറഫയും
 വ്യക്തി ആന്തരീകരിക്കുന്നതിന് ഒപ്പം ഇസ്‌ലാമിലെ ഉപാസനകള്‍ക്ക് സാമൂഹിക മാനവുമുണ്ട്. അത് ഒരേസമയം ഹിറാഗുഹയിലെ ധ്യാനവും അറഫയിലെ ജനസംഗമവുമാണ്. അതിന്റെ സന്തുലിതത്വമാണ് ഇബാദത്തിന്റെ സൗന്ദര്യം.
അശ്ശൈഖുല്‍ അക്ബര്‍ ഇബ്‌നു അറബിയുടെ വഹ്ദത്തുല്‍ വുജൂദ് (അദൈ്വതം) വ്യാഖ്യാനിക്കുന്ന മുജദ്ദിദെ അല്‍ഫെസാനി അഹ്മദ് സര്‍ഹിന്ദി പോലും അദൈ്വതത്തിന്റെ ഫനാ(നിര്‍വാണാവസ്ഥ)യിലെത്തിയാല്‍ അവിടെത്തന്നെ തങ്ങരുതെന്നും അവിടെനിന്ന് താഴോട്ടിറങ്ങണമെന്നും പറഞ്ഞത് അതുകൊണ്ടാണ്. വഹ്ദത്തുല്‍ വുജൂദിനെ വഹ്ദത്തുശ്ശുഹൂദായി മാറ്റിപ്പണിത അദ്ദേഹത്തിന് അതുകൊണ്ടാണ് അക്ബറിന്റെ 'ദീനെ ഇലാഹി' ക്കെതിരെ ജിഹാദ് ചെയ്യാനും രണ്ടാം സഹസ്രാബ്ദത്തിലെ നവോത്ഥാന നായകനാകാനും കഴിഞ്ഞത്.
ആന്തര യുക്തികള്‍ (അസ്‌റാര്‍) ഉള്‍ക്കൊള്ളാത്ത ഇബാദത്തുകള്‍ പൊള്ളയും നിഷ്ഫലവുമായിരിക്കും. അത് സുലൈമാന്‍ മുസ്‌ലിയാരുടെ അടികൊണ്ട മുതലാളിമാരുടെ നമസ്‌കാരം പോലിരിക്കും. പണ്ട് നടന്ന കഥയാണ്. കോഴിക്കോട്ടെ മൊയ്തീന്‍ പള്ളിയിലെ 'ഹൗദി'ല്‍ അന്ന് വെള്ളം നിറച്ചിരുന്നത് കിണറ്റില്‍നിന്ന് ഏത്തം ഉപയോഗിച്ച് വെള്ളം തേവിയിട്ടായിരുന്നു. ഒരിക്കല്‍ ചില മുതലാളിമാര്‍ സുജൂദിലായിരിക്കെ മുസ്‌ലിയാര്‍ അവരുടെ ചന്തിക്കിട്ടു ചൂരല്‍ പ്രഹരം നടത്തി. വേദന കൊണ്ട് തിരിഞ്ഞുനോക്കിയ അവരോട് ഏത്തത്തിലേക്ക് വടി ചൂണ്ടി മുസ്‌ലിയാര്‍ പറഞ്ഞു: 'കുമ്പിട്ടും നീര്‍ന്നിട്ടും നന്നാവുകയാണെങ്കില്‍ ഈ ഏത്തം നന്നാവേണ്ടതാണ്.' പലിശക്ക് കടംകൊടുക്കുന്നവരായിരുന്നു ആ മുതലാളിമാര്‍.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (38-41)
ടി.കെ ഉബൈദ്‌