Prabodhanm Weekly

Pages

Search

2020 മെയ് 15

3152

1441 റമദാന്‍ 22

ദിരിലിസ് എര്‍തുഗ്‌റുല്‍ വീണ്ടെടുപ്പിന്റെ ചരിത്രാഖ്യായിക

സ്വാദിഖ് ചുഴലി 

തുര്‍ക്കികള്‍ക്കിടയില്‍ ഏറെ പ്രശസ്തനായ നായകനാണ് എര്‍തുഗ്‌റുല്‍ ഗാസി. ഇദ്ദേഹത്തെ കുറിച്ച് ധാരാളം നാടോടിക്കഥകള്‍ തുര്‍ക്കിയില്‍ പ്രചാരത്തിലുണ്ട്. ഉസ്മാനീ ഖിലാഫത്തിന്റെ സ്ഥാപകനും നയതന്ത്രജ്ഞനുമാണ് എര്‍തുഗ്‌റുല്‍. അദ്ദേഹത്തിന്റെ ജീവിതം ആസ്പദമാക്കി ടര്‍ക്കിഷ് സംവിധായകന്‍ മുഹമ്മദ് ബെസ്‌തോഗ് ചെയ്യുന്ന ടര്‍ക്കിഷ് ടി.വി സീരീസാണ് 'ദിരിലിസ് എര്‍തുഗ്‌റുല്‍.' 2015 മുതല്‍ ഇതിന്റെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. തുര്‍ക്കിക്കു പുറമെ ഇരുപതിലധികം രാജ്യങ്ങളില്‍ വ്യത്യസ്ത ഭാഷകളില്‍ ഇത് സംപ്രേഷണം ചെയ്യുന്നുണ്ട്.
പതിമൂന്നാം നൂറ്റാണ്ടിലെ സങ്കീര്‍ണമായ മുസ്ലിം രാഷ്ട്രീയ സാഹചര്യത്തെ സംവിധായകന്‍ തനതായ രീതിയില്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ടര്‍ക്കിഷ് വംശമായ ഒകുസിലെ കായി ഗോത്രത്തില്‍ നിന്നാണ് പുതിയൊരു ഇസ്ലാമിക രാഷ്ട്രീയ മുന്നേറ്റം ഉയര്‍ന്നു വരുന്നത്. പടിഞ്ഞാറു ഭാഗത്ത് ക്രിസ്ത്യാനികളായ കുരിശുയുദ്ധ പടയും കിഴക്ക് ചെങ്കിസ് ഖാന്റെ മംഗോളിയന്‍ സേനയും മുസ്ലിം ലോകത്തെ തകര്‍ത്തു മുന്നേറുന്നു. ഇപ്പുറത്തുള്ളത് വരാന്‍ പോകുന്ന വിപത്തിനെത്തിനെക്കുറിച്ച് ഒരു ബോധവുമില്ലാതെ ഭൗതികതയില്‍ ഭ്രമിച്ചു കഴിയുന്ന മുസ്ലിം ഭരണാധികാരികള്‍, അവരിലെതന്നെ ഒറ്റുകാര്‍. ഇസ്ലാമിക ലോകം ഇത്രയും പരിതാപകരമായ നിലയിലേക്ക് പതിച്ച ഘട്ടത്തില്‍ ഖിലാഫത്ത് പുനഃസ്ഥാപനത്തിന്റെ കഥപറയുകയാണ് ദിരിലിസ് എര്‍തുഗ്‌റുല്‍.
എര്‍തുഗ്‌റുലും പിതാവ് സുലൈമാന്‍ ഷായും സഹോദരന്മാരും നടത്തുന്ന സൈനിക, നയതന്ത്ര വിജയങ്ങളാണ് സീരീസില്‍ ചിത്രീകരിക്കുന്നത്.  സൂഫി പണ്ഡിതനും തത്ത്വജ്ഞാനിയുമായ ഇബ്‌നു അറബി എര്‍തുഗ്‌റുലിന് പകര്‍ന്നു നല്‍കുന്ന ഇസ്ലാമിക വിചാരങ്ങള്‍  സീരിയലിന് ആധ്യാത്മിക മാനങ്ങള്‍ നല്‍കുന്നുണ്ട്. ചിത്രീകരണത്തില്‍ മികച്ച സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ചരിത്രത്തിലെ ഒരു പ്രധാന ദശാസന്ധിയിലേക്ക്  ഇത് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു.
'ദിരിലിസ് എര്‍തുഗ്‌റുല്‍' ലോകത്തുടനീളം പ്രേക്ഷകരെ നേടിയെടുത്തിട്ടുണ്ട്.  ചിത്രീകരണ വേളയിലും ലോഞ്ചിംഗ് വേളയിലും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ നേതൃത്വത്തില്‍ വലിയ പിന്തുണ സീരീസിനു ലഭിക്കുന്നണ്ട്. അമേരിക്കന്‍-ഇസ്രയേലീ നിലപാടിനെ അനുകൂലിക്കുന്ന അബ്ദുല്‍ ഫത്താഹ് അല്‍സീസി നയിക്കുന്ന സര്‍ക്കാര്‍ ഈ സീരീസ് ഈജിപ്തില്‍ നിരോധിച്ചിട്ടുണ്ട്. തുര്‍ക്കിയോടും ഉര്‍ദുഗാനോടുമുള്ള  രാഷ്ട്രീയ വിരോധമാണ് ഇതിനു കാരണമെന്ന് വ്യക്തം. പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെയും വെനസ്വേലന്‍ പ്രസിഡന്റ് നിക്കളോസ് മദുറെയെയും പോലെയുള്ള പ്രമുഖര്‍ സീരീസ് കണ്ടിട്ട് നല്ല അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ രേഖപ്പെടുത്തിയിട്ടുണ്ട്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (38-41)
ടി.കെ ഉബൈദ്‌