Prabodhanm Weekly

Pages

Search

2020 മെയ് 15

3152

1441 റമദാന്‍ 22

വീടുകള്‍ ആരാധനാലയങ്ങളാവുമ്പോള്‍

'ഇഹലോകത്ത് ഒരു സ്വര്‍ഗമുണ്ട്. ആ സ്വര്‍ഗത്തില്‍ കടക്കാത്തവന്‍ പരലോകത്തെ സ്വര്‍ഗത്തിലും കടക്കുകയില്ല.' മുന്‍കാല ജ്ഞാനികളിലൊരാള്‍ പറഞ്ഞതാണിത്. ഇഹലോകത്തെ സ്വര്‍ഗം എന്താണെന്നും അദ്ദേഹം വിശദീകരിച്ചു. വിശ്വാസത്തിന്റെയും അല്ലാഹുവുമായി അടുത്തിരിക്കുന്നതിന്റെയും അലൗകികമായ മാധുര്യമാണത്. പറഞ്ഞറിയിക്കാനാവാത്ത ആത്മീയ അനുഭൂതി. ഖുര്‍ആന്റെ ഭാഷയില്‍ ഹൃദയം ശാന്തമാവുന്നത് അപ്പോള്‍ മാത്രമാണ്. മഹാനായ ഒരു പണ്ഡിതനെ ഭരണാധികാരികള്‍ അന്യായമായി തടവറയിലിട്ടപ്പോള്‍ അദ്ദേഹം അവരോട് ചോദിച്ച ഒരു ചോദ്യമുണ്ട്; 'സ്വര്‍ഗം എന്റെ ഹൃദയത്തില്‍ പൂത്തുലഞ്ഞു നില്‍ക്കുകയാണ്, അത് പിഴുതുമാറ്റാന്‍ നിങ്ങള്‍ക്കാവുമോ? എന്നെ എകാന്ത തടവില്‍ പാര്‍പ്പിച്ച് എന്നെ മാനസികമായി തകര്‍ക്കാം എന്നാണോ വിചാരം? തടവറ എനിക്ക് എന്റെ നാഥനുമായി ഒറ്റക്കിരിക്കാനുള്ള അസുലഭ സന്ദര്‍ഭമാണ്.'
തന്റെ നാഥനുമായി ഒറ്റക്കിരിക്കാനുള്ള സാധനയും സന്നദ്ധതയുമാണ് റമദാന്‍ മാസത്തിലെ നോമ്പിലുടെ വിശ്വാസി ആര്‍ജിച്ചെടുക്കുന്ന ഒരു പ്രധാന ഗുണവിശേഷം. സകല ഭൗതിക പ്രലോഭനങ്ങളില്‍ നിന്നും മുക്തമായെങ്കില്‍ മാത്രമേ മനസ്സിന് ആയൊരു തലത്തിലേക്ക് ഉയരാനാകൂ. മനുഷ്യന് ആത്മാവും ശരീരവുമുണ്ട്. ആത്മാവിന് ഉപരിലോകവുമായാണ് ബന്ധം; ശരീരത്തിന് ഭൂമിയിലെ മണ്ണുമായും. ശരീരത്തില്‍ നിന്ന് വേര്‍പെട്ട ആത്മാവ് ആകാശലോകത്തേക്കുയരുമ്പോള്‍ ശരീരം മണ്ണില്‍ ലയിച്ചുചേരുന്നു. മനുഷ്യരില്‍ രണ്ട് തരക്കാരെയാണ് നമ്മള്‍ കാണുക. ഒരു കൂട്ടരുടെ ചിന്തയും പ്രവര്‍ത്തനങ്ങളും ലക്ഷ്യങ്ങളുമെല്ലാം ശരീരബന്ധിതമായിരിക്കും. ശരീരത്തെയും അതിന്റെ ശേഷികളെയും ആത്മാവിന്റെ സംസ്‌കരണത്തിനും പോഷണത്തിനും ഉപയോഗപ്പെടുത്തുന്നവരാണ് രണ്ടാമത്തെ കൂട്ടര്‍. ശരീരേഛകള്‍ക്കു മേല്‍ ഒരാള്‍ നേടുന്ന വിജയമാണ് അയാളെ യഥാര്‍ഥ മനുഷ്യനും ഭൂമിയില്‍ ദൈവത്തിന്റെ പ്രതിനിധിയുമാക്കുന്നത്. നോമ്പിലൂടെ ഈയൊരു ഉല്‍ക്കര്‍ഷവും സംസ്‌കരണവും സാധ്യമാവുന്നില്ലെങ്കില്‍ ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിച്ച് പകല്‍സമയം തള്ളിനീക്കുന്നതുകൊണ്ട് ഒന്നും നേടാനില്ലെന്ന് നബി (സ) നമ്മെ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
റമദാന്റെ അവസാന പത്തിലേക്ക് കടക്കുകയാണ് വിശ്വാസിസമൂഹം. മറ്റെല്ലാ ജീവിതവ്യവഹാരങ്ങളും മാറ്റിവെച്ച് നബി (സ) ഈ ദിനങ്ങളില്‍ ആരാധനാ കര്‍മങ്ങളില്‍ ധാരാളമായി മുഴുകുമായിരുന്നു. 'വസ്ത്രം മുറുക്കിയുടുക്കും, രാത്രിയെ ജീവിപ്പിക്കും, വീട്ടുകാരെ വിളിച്ചുണര്‍ത്തും' എന്നാണ് ഈ ദിനരാത്രങ്ങളിലെ നബിചര്യയെക്കുറിച്ച് ഹദീസുകളില്‍ വന്നിട്ടുള്ളത്. വസ്ത്രം മുറുക്കിയുടുക്കുക എന്നാല്‍ സ്ത്രീസംസര്‍ഗം ഒഴിവാക്കുന്നതിന്റെ ആലങ്കാരിക പ്രയോഗമാണെന്ന് വിശദീകരിക്കപ്പെട്ടിട്ടുണ്ട്. ഉറക്കമിളച്ചും ആരാധനാകര്‍മങ്ങളില്‍ മുഴുകിക്കൊണ്ടാണ് 'രാത്രിയെ ജീവിപ്പിക്കുക.' ആയിരം മാസത്തേക്കാള്‍ പുണ്യകരം എന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച രാത്രി കടന്നുവരിക ഈ പത്ത് ദിനങ്ങളിലൊന്നായിരിക്കും എന്ന് നബി (സ) സൂചന നല്‍കുകയും ചെയ്തിട്ടുണ്ട്. അക്കത്തിലെടുത്താല്‍, ആയിരം മാസമെന്നത് 84 വര്‍ഷമാണ്. അതായത് ദീര്‍ഘിച്ച ഒരു മനുഷ്യായുസ്സില്‍ നേടിയെടുക്കാവുന്ന പുണ്യം ഒരൊറ്റ രാവു കൊണ്ട് കരഗതമാവുന്നു. ആ പുണ്യനിമിഷങ്ങളെ ഒറ്റയൊറ്റ രാവുകളില്‍ പ്രതീക്ഷിക്കാനാണ് റസൂല്‍ പറഞ്ഞിരിക്കുന്നത്. ഏതു രാത്രിയെന്ന് കൃത്യമായി പറയാത്തതുകൊണ്ട് പത്ത്  ദിനങ്ങളെയും ആരാധനകളാലും സല്‍ക്കര്‍മങ്ങളാലും സമ്പുഷ്ടമാക്കുക മാത്രമാണ് ലൈലതുല്‍ ഖദ്റിന്റെ പുണ്യം നഷ്ടപ്പെടാതിരിക്കാനുള്ള ഏക വഴി. ഈ പത്ത് ദിനങ്ങളില്‍ ഖുര്‍ആന്‍ പഠന - പാരായണങ്ങളും ദാനധര്‍മങ്ങളും ധാരാളമായി വര്‍ധിപ്പിച്ചിരുന്നു നബി (സ).
ജീവിതം ദൈവസ്മരണയും ധ്യാനവും മനനവും മാത്രമായി മാറുന്ന ദിനരാത്രങ്ങള്‍. ഈ ദിവസങ്ങളില്‍ പുറത്തെങ്ങും പോകാതെ പള്ളിയില്‍ മാത്രമായി കഴിച്ചുകൂട്ടുക എന്നതായിരുന്നു നബി(സ)യുടെ രീതി. ആ ധ്യാനവും ഒഴിഞ്ഞിരിപ്പുമാണ് ഇഅ്ത്തികാഫ്. നൂറ്റാണ്ടുകളായി ആ നബിചര്യ മുസ് ലിം ലോകം പിന്തുടര്‍ന്നു പോരുന്നു. നിര്‍ഭാഗ്യവശാല്‍, കോവിഡ് ഭീഷണി കാരണം പളളികളെല്ലാം അടഞ്ഞു കിടക്കുകയാണ്. ഇഅ്ത്തികാഫ് പള്ളിയില്‍ സാധ്യമായില്ലെങ്കിലും ഈ നബിചര്യ സ്വന്തം വീടുകളില്‍ ഇരുന്നുകൊണ്ട് നിര്‍വഹിക്കണമെന്നാണ് പണ്ഡിതന്മാര്‍ പറഞ്ഞിരിക്കുന്നത്. വീടുകളില്‍ അതിനു വേണ്ടി പ്രത്യേകം മുറി സജ്ജമാക്കാം (മസ്ജിദുല്‍ ബൈത്ത് എന്നാണവരതിന് പേര്‍ നല്‍കിയിരിക്കുന്നത്). ഫറോവയുടെ കിരാത ഭരണത്തില്‍ ആരാധനാലയങ്ങളില്‍ പോകാന്‍ കഴിയാതെ വന്നപ്പോള്‍ സ്വന്തം വീടുകള്‍ പള്ളികളാക്കി മാറ്റാന്‍ ബനൂ ഇസ്റാഈലിനോട് മൂസാ നബി പറയുന്നുണ്ടല്ലോ. കോവിഡ് ഭീഷണി തുടരുന്നേടത്തോളം കാലം നമ്മുടെ പള്ളികള്‍ നിര്‍വഹിച്ചിരുന്ന ധര്‍മം നമ്മുടെ വീടുകള്‍ നിര്‍വഹിക്കുമെന്ന് ഉറപ്പു വരുത്താന്‍ നമുക്ക് കഴിയണം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (38-41)
ടി.കെ ഉബൈദ്‌