തിരിച്ചൊഴുക്കിന്റെ പുറവാസ പാഠങ്ങള്‍
'മരുഭൂമിയില്‍ ശബ്ദത്തിന് പ്രതിധ്വനിക്കാന്‍ ആവില്ല. ആഴി പോലെ പരന്നു കിടക്കുന്ന പൂഴിപ്പരപ്പില്‍ നമ്മുടെ ചുണ്ടുകള്‍ക്കിടയില്‍നിന്നു രക്ഷപ്പെടുന്ന ശബ്ദം ഇനിയൊരിക്കലും തിരിച്ചുവരാത്തവിധം അകലങ്ങളിലേക്ക് പറന്നുപറന്ന് പോകുന്നു.....'
''എല്ലാ പ്രവാസികളും ഒടുക്കം തിരിച്ചെത്തുന്ന അത്യന്തം സ്‌ത്രൈണമായ ഒരിടമുണ്ട്. അത് അമ്മയാകാം, സഹോദരിയാകാം, ഭാര്യയാകാം, കാമുകിയാകാം, പെങ്ങളാകാം. ഇതൊന്നുമില്ലാത്ത ഹതഭാഗ്യരായ പ്രവാസികള്‍ ഒരിക്കലും തിരിച്ചെത്താറില്ല.... '' ('പ്രവാസിയുടെ കുറിപ്പുകള്‍'- ബാബു ഭരദ്വാജ്).
ഒറ്റപ്പെടല്‍, നിസ്സഹായത, ദൈന്യത തുടങ്ങിയ നിരവധി പദങ്ങള്‍. ഇവയുടെയൊക്കെ അര്‍ഥവ്യാപ്തി എത്രയെന്ന് ഓരോ പരദേശിയും വീണ്ടും അനുഭവിച്ചറിയുകയാണിപ്പോള്‍.
അഞ്ചിലേറെ പതിറ്റാണ്ടുകള്‍ പിന്നിട്ട മലയാളി പ്രവാസം എത്തിനില്‍ക്കുന്ന മരണമുനമ്പ് കൂടിയാണിത്. താഴേത്തട്ടില്‍ പ്രവാസം തളിരിട്ട രിയാദിലെ ബത്ഹയും ദുബൈയിലെ ദേരയും ജിദ്ദയിലെ ശറഫിയ്യയും ദോഹയും മനാമയും ഒക്കെ വിറങ്ങലിച്ചു നില്‍പ്പാണ്. കോവിഡ് കാലത്ത് ലോകത്തിന്റെ പൊതു ചിത്രം ഇതില്‍ നിന്ന് ഭിന്നമല്ലെന്ന് സമാശ്വസിക്കാം. പക്ഷേ, ഗള്‍ഫ് പ്രതിസന്ധി കൂടുതല്‍ തീവ്രമാണ്; സങ്കടകരമാണ്.
സ്വദേശികളേക്കാള്‍ പ്രവാസി സമൂഹങ്ങളാണ് യു.എ.ഇയിലും മറ്റും കൂടുതല്‍. കോവിഡ് ഗള്‍ഫ് നാടുകളിലും പടരുമ്പാള്‍ പരദേശി സമൂഹങ്ങളോട് വൈറസ് ഒരു കനിവും പുലര്‍ത്തുന്നില്ല.
ഗള്‍ഫിന്റെ ആരോഗ്യ മേഖലക്ക് താങ്ങാവുന്നതിലും അപ്പുറത്താണ് രോഗികളുടെ ആധിക്യം. വ്യാപനം നടക്കുന്നത് കൂടുതലും സാധാരണ തൊഴിലാളികള്‍ക്കിടയില്‍. രണ്ടര ലക്ഷത്തോളം പേരെയാണ് ലേബര്‍ ക്യാമ്പുകളില്‍ നിന്ന് സുഊദി അറേബ്യ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. കുവൈത്തിലും മറ്റും രോഗികളില്‍ എണ്‍പതു ശതമാനവും ഇന്ത്യക്കാര്‍ ആണെന്നു കൂടി ഓര്‍ക്കുക.
ഏറ്റവും വലിയ ഡയസ്പോറ കമ്യൂണിറ്റി എന്ന നിലക്ക് ഇന്ത്യക്കാരുടെ കാര്യത്തില്‍ ഭരണ സംവിധാനങ്ങള്‍ പ്രതിസന്ധി വേളയില്‍ സ്വീകരിച്ച നിലപാടെന്ത്? ഈ ചോദ്യം തീര്‍ച്ചയായും നാളെ ഉന്നയിക്കപ്പെടും.
കൂടുതല്‍ ശക്തമായ ഇടപെടലുകള്‍ സ്വീകരിക്കാന്‍ കേന്ദ്രത്തിനു കഴിയുമായിരുന്നു. എണ്ണമറ്റ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ ചാര്‍ട്ടര്‍ ചെയ്ത വിമാനങ്ങളില്‍ തിരികെ കൊണ്ടു പോയ ഘട്ടത്തില്‍ ഇന്ത്യ നിസ്സംഗത പാലിച്ചു. ഒടുവില്‍ പ്രതിഷേധം ശക്തമായതോടെയാണ് ഒഴിപ്പിക്കല്‍ നടപടിക്ക് കേന്ദ്രം പച്ചക്കൊടി കാട്ടിയത്. എന്നിട്ടും മടങ്ങാന്‍ തയാറായി നില്‍ക്കുന്ന പൗരസഞ്ചയത്തെ ഉള്‍ക്കൊള്ളുന്നതായിരുന്നില്ല, കേന്ദ്രം ആവിഷ്‌കരിച്ച ഒഴിപ്പിക്കല്‍ പദ്ധതിയും പരിപാടികളും.
അതേസമയം നാട്ടിലെത്തിക്കുന്ന പ്രക്രിയ തുടങ്ങിയതോടെ പ്രവാസലാകത്തെ പിരിമുറുക്കത്തിന് അല്‍പം അയവു വന്നിട്ടുണ്ട്. നാലു ലക്ഷത്തിലേറെ മലയാളികള്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍നിന്നായി ഇന്ത്യയിലേക്ക് മടങ്ങാന്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇന്ത്യന്‍ എംബസി, കോണ്‍സുലേറ്റ് എന്നിവക്കു കീഴിലും രജിസ്ട്രേഷന്‍ പ്രക്രിയ നടന്നു. ഒടുവില്‍ ഇന്ത്യന്‍ നയതന്ത്ര കേന്ദ്രത്തിലെ രജിസ്ട്രേഷന്റെ അടിസ്ഥാനത്തിലാണ് മടക്കയാത്രക്ക് നറുക്കുവീണത്. രോഗികള്‍, ഗര്‍ഭിണികള്‍, വിസിറ്റിംഗ് വിസയിലെത്തി കുടുങ്ങിയവര്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍ എന്നിവര്‍ക്കായിരുന്നു ആദ്യ പരിഗണന.
സാധാരണ ഗതിയില്‍ ഒഴിപ്പിക്കല്‍ ചെലവ് അതത് രാജ്യങ്ങള്‍ തന്നെയാണ് വഹിക്കേണ്ടത്. എന്നിട്ടും വിമാന ചെലവ് താങ്ങാന്‍ പ്രയാസമുള്ള പ്രവാസികളില്‍ നിന്ന് അത് ഈടാക്കണം എന്ന കര്‍ക്കശ നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. താരതമ്യേന താങ്ങാന്‍ കഴിയുന്ന തുകയാണ് ഈടാക്കുന്നത് എന്ന ആശ്വാസ വിശദീകരണവും തുടര്‍ന്നു വന്നു. ദുരിതപര്‍വം താണ്ടുന്ന മുഴുവന്‍ പേരെയും സൗജന്യമായി നാട്ടിലെത്തിക്കേണ്ട ബാധ്യതയില്‍ നിന്ന് സൗകര്യപൂര്‍വം തലയൂരുകയായിരുന്നു ഭരണകൂടം. കൃത്യമായ കോവിഡ് ടെസ്റ്റ് നടത്താതെയും വിമാനത്തില്‍ സാമൂഹിക അലകം ഉറപ്പാക്കാതെയും ആളുകളെ കൊണ്ടു പോകുന്നു എന്ന പരാതിയും ഉയര്‍ന്നിരുന്നു. അതേസമയം, ഏതു വിധേനയും നാടു പിടിക്കാനുള്ള നെട്ടോട്ടത്തില്‍ പരദേശികള്‍ മറ്റൊന്നും അത്ര കാര്യമാക്കാന്‍ കൂട്ടാക്കിയില്ല.
കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള അടച്ചുപൂട്ടലിന് വിധേയമായ ഗ്രൗണ്ട് സീറോയിലെ യാഥാര്‍ഥ്യം കൂടുതല്‍ തീക്ഷ്ണമാണ്. സന്നദ്ധ സംഘടനകള്‍ നല്‍കുന്ന ഭക്ഷണപ്പൊതികളുടെ പുറത്താണ് പലരുടെയും ജീവിതം. വാടക നല്‍കാന്‍ പോലുമാകാതെ നരകിക്കുന്നവര്‍. വളരെ പൊടുന്നനെയാണ് എല്ലാം മാറിമറിഞ്ഞത്. പല കമ്പനികളും മികച്ച അവസരമായി പ്രതിസന്ധിയെ കണ്ടു. സര്‍ക്കാര്‍ അനുവദിച്ച തൊഴിലാളി ക്രമീകരണ ഇളവുകളുടെ നഗ്‌നമായ ദുരുപയോഗത്തില്‍ അവര്‍ മത്സരിച്ചു. സ്ഥാപനങ്ങളുടെ വളര്‍ച്ചക്കും വരുമാന നേട്ടത്തിനും അടിത്തറയായി നിന്ന തൊഴിലാളികള്‍ പൊടുന്നനെ വഴിയാധാരമാകുന്ന സ്ഥിതി വന്നു.
ചില കമ്പനികള്‍ പൂര്‍ണമായും അടച്ചുപൂട്ടി. മറ്റു പലരും ശമ്പളവും ആനുകൂല്യവും വിദഗ്ധമായി കവര്‍ന്നെടുത്തു. വിമാനം പറന്നുയരും വരെ താമസ സൗകര്യം നല്‍കാന്‍ വേറെ ചിലര്‍ 'ഉദാരത' കാണിച്ചു. ഈ ഘട്ടത്തില്‍ പരദേശികള്‍ക്ക് പല നിലക്കും തുണയാകാന്‍ കഴിയുമായിരുന്ന ഇന്ത്യന്‍ നയതന്ത്ര കേന്ദ്രങ്ങള്‍ അവരില്‍ നിന്ന് സാമൂഹിക അകലം പാലിക്കാന്‍ മത്സരിക്കുന്ന അശ്ലീല കാഴ്ചകളും നാം കണ്ടു.
പ്രവാസി ക്ഷേമനിധി ആര്‍ക്കു വേണ്ടി?
പ്രവാസികളില്‍ നിന്ന് പിരിച്ചെടുത്ത വന്‍തുക തന്നെയുണ്ട് ഗള്‍ഫ് എംബസികളുടെയും കോണ്‍സുലേറ്റുകളുടെയും പക്കല്‍. അതില്‍ നിന്ന് ഒരു വിഹിതമെങ്കിലും നീക്കിവെച്ചാല്‍ ആയിരങ്ങളെ സൗജന്യമായി നാട്ടിലെത്തിക്കാന്‍ എളുപ്പം കഴിഞ്ഞേനെ. 2009 -ല്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചതാണ് ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് (ഐ.സി.ഡബ്ല്യു.എഫ്). ഗള്‍ഫ് രാജ്യങ്ങളെ മുന്നില്‍ കണ്ടാണ് പദ്ധതി ആവിഷ്‌കരിച്ചത്. ഇപ്പോള്‍ 48 വിദേശ രാജ്യങ്ങളില്‍ ഇന്ത്യന്‍ എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും കീഴിലായി ഫണ്ട് സംവിധാനം ഉണ്ട്. വന്‍തുക തന്നെ ഫണ്ടില്‍ കരുതലായുണ്ട്. എംബസികളിലെയും കോണ്‍സുലേറ്റുകളിലെയും സേവനത്തിന് പരദേശികളില്‍ നിന്നു തന്നെ പിരിച്ചെടുത്തതാണ് ഈ തുക. മുഴുവന്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ക്കും പ്രവാസികളില്‍ നിന്ന് ഇതിന്റെ പേരില്‍ നിരക്ക് ഇപ്പോഴും ഈടാക്കുന്നുണ്ട്. ദുരിതബാധിതരായ രാജ്യനിവാസികളുടെ കാര്യത്തില്‍ ഫണ്ട് വിനിയോഗത്തിന് പറ്റിയ ഏറ്റവും നല്ല സന്ദര്‍ഭം കൂടിയാണിത്. ഐ.സി.ഡബ്ല്യു.എഫ് നയരേഖയും ഇതു ശരിവെക്കുന്നുണ്ട്:
''കഇണഎ വമ െമഹീെ യലലി മ രൃശശേരമഹ ൗെുുീൃ േശി ലാലൃഴലിര്യ ല്മരൗമശേീി ീള കിറശമി ിമശേീിമഹ െളൃീാ രീിളഹശര ്വേീില,െ രീൗിൃേശല െമളളലരലേറ യ്യ ിമൗേൃമഹ റശമെേെലൃ െമിറ ീവേലൃ രവമഹഹലിഴശിഴ ശൌേമശേീി.െ..'' എന്നാല്‍ തീര്‍ത്തും പാവപ്പെട്ട മനുഷ്യരുടെ കാര്യത്തില്‍ പോലും കനിവ് ഉണ്ടായില്ല. നിര്‍ണായക ഘട്ടത്തില്‍ പ്രവാസികള്‍ കൈമാറിയ തുക പ്രയോജനപ്പെടുന്നില്ലെങ്കില്‍ ഇത്തരം ഫണ്ടുകള്‍ കൊണ്ടെന്തു കാര്യം?
ആപദ് ഘട്ടത്തില്‍ രാജ്യനിവാസികളുടെ ഒഴിപ്പിക്കല്‍ പ്രക്രിയ മുമ്പും ഉണ്ടായിട്ടുണ്ട്. 1990-ല്‍ ഗള്‍ഫ് യുദ്ധ പശ്ചാത്തലത്തില്‍ കുവൈത്തില്‍ നിന്ന് ലക്ഷങ്ങളെ നാം മടക്കിക്കൊണ്ടു വന്നത് ഓര്‍മയില്‍ ഉണ്ടായിരിക്കണം. അന്ന് വി.പി സിംഗ് ആയിരുന്നു പ്രധാനമന്ത്രി. ഐ.കെ ഗുജ്റാള്‍ വിദേശകാര്യ മന്ത്രിയും. ഒരുപക്ഷേ, ലോകത്തു തന്നെ സമാനതയില്ലാത്തതായിരുന്നു ഏറ്റവും വലിയ ആ രക്ഷാപ്രവര്‍ത്തനം. അമ്മാനില്‍ നിന്ന് രണ്ടു മാസത്തിനുള്ളില്‍ 488 വിമാനങ്ങളാണ് മുംബൈയിലേക്കു പറന്നത്. ശക്തമായ രാഷ്ട്രീയ ഇഛാശക്തിയായിരുന്നു സൗജന്യ ഒഴിപ്പിക്കല്‍ നടപടിയില്‍ ഇന്ത്യക്ക് പ്രേരകം.
പരദേശിയുടെ വിയര്‍പ്പില്‍ നിന്ന് കൂടിയാണ് ഒരു രാജ്യത്തിന്റെ സാമ്പത്തിക ധമനികള്‍ ഊര്‍ജം സംഭരിച്ചത്. ഗള്‍ഫ് രാജ്യങ്ങളും കടുത്ത പ്രതിസന്ധിയില്‍. മരണ നിരക്കും രോഗികളുടെ എണ്ണവും ഉയരുന്നതിലെ ആശങ്ക ശക്തം. കുടുങ്ങി കിടക്കുന്ന പരമാവധി പേരെ തിരികെ കൊണ്ടു പോകണമെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ നിര്‍ദേശിച്ചതും വെറുതെയല്ല. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കെ, പ്രവാസികളെ കൊണ്ടു വരിക പ്രായോഗികമല്ല എന്ന വാദമായിരുന്നു ആദ്യം ഉയര്‍ത്തിയത്. പ്രധാനമന്ത്രി ഒന്നുകൂടി ചേര്‍ത്തു പറഞ്ഞു; തല്‍ക്കാലം എവിടെയാണോ ഉള്ളത്, അവിടെ തന്നെ തുടരുക. അതു മനസ്സിലാക്കാം. എന്നാല്‍ പ്രവാസികളുടെ കുടുംബത്തിന്റെ കൂടി സുരക്ഷ പരിഗണിച്ചാണ് സര്‍ക്കാര്‍ നിലപാട് എന്ന ആ കാപട്യമൊഴി അല്‍പം കടന്നുപോയി. ഭയപ്പാടിന്റെയും ആശങ്കയുടെയും പുറത്ത് മതിയായ പരിചരണം ലഭിക്കാതെ ഉഴലുന്ന ലക്ഷക്കണക്കിന് മനുഷ്യര്‍ ഒരു രാജ്യത്തിന്റെ അജണ്ടയില്‍ എവിടെയും ഇല്ലെന്ന വിളംബരപ്പെടുത്തല്‍ കൂടിയായിരുന്നു തുടക്കത്തിലെ ഈ തിരസ്‌കാരം.
ജിവിതത്തില്‍ ആകെക്കൂടി വളരെ ചുരുക്കം വര്‍ഷങ്ങള്‍ മാത്രം കുടുംബത്തിനൊപ്പം തള്ളിനീക്കാന്‍ വിധിക്കപ്പെട്ട മനുഷ്യര്‍. പുതിയ കേരളം പണിതതില്‍ ഇവരുടെ കഠിനാധ്വാനം ഏറെയുണ്ട്. ഒരുപക്ഷേ, ഭൂപരിഷ്‌കരണത്തേക്കാള്‍ ആധുനിക കേരളത്തിന്റ ഊടും പാവും നിര്‍ണയിക്കാന്‍ ചാലകശക്തിയായത് മലയാളിയുടെ പ്രവാസം തന്നെയാണ്. അത് പലപ്പോഴും തിരിച്ചറിയാതെ പോകുന്നിടത്താണ് തുടര്‍ച്ചയായ നന്ദികേടുകള്‍ക്ക് വഴിയൊരുങ്ങുന്നതും. പള്ളിക്കല്‍ നാരായണന്റെ തലമുറ എന്തു നേടി എന്ന ചോദ്യം ഈ ഘട്ടത്തിലും ഉയരുന്നുണ്ട്. രാഷ്ട്രീയ, ഭരണ സംവിധാനങ്ങളുടെ നിഷേധ നിലപാടുകള്‍ ഏറെ കണ്ടതുകൊണ്ടാകും തിരിച്ചുകിട്ടുന്ന നന്ദികേടിന്റെ ആധിക്യം ഓര്‍ത്ത് വിങ്ങിപ്പൊട്ടുന്ന സ്വഭാവം പരദേശികളില്‍ നാളിതുവരെയും കണ്ടിട്ടില്ല.
നയതന്ത്ര കേന്ദ്രങ്ങളും സന്നദ്ധ സേവകരും
രോഗവ്യാപനം നടക്കുന്ന ഘട്ടത്തില്‍ ഏറ്റവും വലിയ പ്രവാസി സമൂഹത്തെ മുന്നില്‍ നിന്ന് നയിക്കാന്‍ ബാധ്യതപ്പെട്ടവരാണ് ഇന്ത്യന്‍ നയതന്ത്ര കേന്ദ്രങ്ങളിലുള്ളവര്‍. തദ്ദേശീയ അധികൃതരുമായി കാര്യക്ഷമ ആശയവിനിമയം നടത്താന്‍ ആകെയുള്ളതും ഈ സംവിധാനം. എന്നാല്‍ അതു പോലും
പ്രയോജനപ്പെടുത്താന്‍ വൈകി. എംബസികളും കോണ്‍സുലേറ്റുകളും അടച്ചിടുകയായിരുന്നു. വീട്ടിലിരിക്കേണ്ടതിന്റെ പ്രാധാന്യം പറഞ്ഞ് ട്വിറ്റര്‍ ഉദ്ബോധനങ്ങളായിരുന്നു പിന്നെ. അപ്പോഴും താഴേത്തട്ടില്‍ മനുഷ്യര്‍ക്കു വേണ്ടി സ്വന്തത്തെ പോലും മറന്ന് ത്യാഗത്തിന്റെ അപൂര്‍വ മാതൃകകള്‍ രചിക്കുകയായിരുന്നു വിവിധ പ്രവാസി കൂട്ടായ്മകളും സന്നദ്ധ സേവകരും. അവര്‍ നടത്തിയ അശ്രാന്ത പരിശ്രമങ്ങള്‍ കൂടി ഇല്ലായിരുന്നെങ്കില്‍ മലയാളിയുടെ ദുരിതപര്‍വം മറ്റൊന്നാകുമായിരുന്നു. എണ്ണമറ്റ കൂട്ടായ്മകളാണ് ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്കും ആശുപത്രികളിലേക്കും മാനസികമായി തകര്‍ന്ന മനുഷ്യര്‍ക്ക് വഴികാട്ടികളായി മുന്നില്‍ നിന്നത്.
പ്രതിസന്ധി സങ്കീര്‍ണം
സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ തീവ്രം തന്നെയാണ്. എന്തൊക്കെ പറഞ്ഞാലും എണ്ണയാണ് ഗള്‍ഫിന്റെ സാമ്പത്തിക അടിത്തറ. വിപണിയില്‍ വില കൂപ്പുകുത്തുകയും ഉല്‍പാദനം നിലക്കുകയും ചെയ്യുേമ്പാള്‍ ആവശ്യക്കാര്‍ പിന്‍വാങ്ങുക സ്വാഭാവികം. എണ്ണയിതര മേഖലയിലും തകര്‍ച്ച പൂര്‍ണം. ടൂറിസം, വ്യോമയാനം ഉള്‍പ്പെടെ എല്ലാ മേഖലകളും അടിമുടി നിശ്ചലാവസ്ഥയില്‍. പ്രതിസന്ധി എത്രകാലം നീണ്ടുനില്‍ക്കും എന്ന് തിട്ടപ്പെടുത്താന്‍ കഴിയാത്ത അവസ്ഥയും നിലനില്‍ക്കുന്നു.
കടുത്ത സാമ്പത്തിക പരാധീനത ഗള്‍ഫ് രാജ്യങ്ങളെ നന്നായി ബാധിക്കും. സുഊദി ധനമന്ത്രി അതു തുറന്നു തന്നെ പറഞ്ഞു; വേദനാജനകമായ ചില തീരുമാനങ്ങള്‍ കൈക്കൊള്ളാതെ വേറെ വഴിയില്ലെന്ന്. വന്‍കിട നിര്‍മാണ പദ്ധതികള്‍ പലതും നിര്‍ത്തിവെക്കും. പ്രത്യക്ഷത്തില്‍ ആയിരങ്ങള്‍ക്കാവും തൊഴില്‍ നഷ്ടം. എങ്കിലും സാധ്യമായ ചില നീക്കങ്ങള്‍ നടന്നു. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്വദേശി ജീവനക്കാരുടെ ശമ്പളത്തിന്റെ 60 ശതമാനം സുഊദിയില്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. മൂന്നു മാസം ശമ്പള വിഹിതം സര്‍ക്കാര്‍ നേരിട്ടു നല്‍കുന്നതാണ് പദ്ധതി. ഒമ്പത് ശതകോടി രിയാലിന്റെ സാമ്പത്തിക പാക്കേജ് ഇതിനായി പ്രഖ്യാപിച്ചു. സുഊദി പൗരന്മാരായ 12 ലക്ഷം ജീവനക്കാര്‍ക്ക് കരുതലിന്റെ ആനുകൂല്യം ഉറപ്പാക്കുമ്പോള്‍ തന്നെ സ്ഥാപനങ്ങള്‍ക്കും പ്രതിസന്ധി ഘട്ടത്തില്‍ വലിയ ആശ്വാസം പകര്‍ന്നു, ഈ നടപടി.
ലെവിയോ മറ്റു ഫീസുകളോ ഇല്ലാതെ മൂന്നു മാസത്തേക്ക് ഇഖാമ സൗജന്യമായി പുതുക്കി നല്‍കി. ഇഖാമ ഫീസ്, ലെവി, ആശ്രിത ലെവി തുടങ്ങി സര്‍ക്കാര്‍ ഫീസുകളൊന്നും കൂടാതെയാണ് മൂന്നു മാസത്തേക്കുള്ള പുതുക്കല്‍. യു.എ.ഇയാകട്ടെ, താമസ വിസാ ലംഘകര്‍ക്ക് ഈ വര്‍ഷാവസാനം വരെ പിഴ വേണ്ടെന്നുവെച്ചു. സന്ദര്‍ശക വിസാ കാലാവധി കഴിഞ്ഞവരും പിഴ നല്‍കേണ്ടതില്ല. ബഹ്റൈനിലും കുവൈത്തിലും പ്രഖ്യാപിച്ച പൊതുമാപ്പിലൂടെ ആയിരങ്ങള്‍ക്ക് പിഴയൊടുക്കാതെ നാടുപറ്റാനുള്ള അവസരം രൂപപ്പെട്ടതും ചെറിയ കാര്യമല്ല.
കോവിഡ് ബാധ മൂലം സ്വകാര്യമേഖലക്ക് സംഭവിച്ച നഷ്ടം കുറക്കാന്‍ പല ഗള്‍ഫ് രാജ്യങ്ങളും വിവിധ പദ്ധതികളാണ് പ്രഖ്യാപിച്ചത്.
യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് പ്രഖ്യാപിച്ച 10,000 കോടി ദിര്‍ഹത്തിന്റെയും ദുബൈ സര്‍ക്കാര്‍ പ്രഖ്യാപിച്ച 150 കോടി ദിര്‍ഹത്തിന്റെയും സാമ്പത്തിക ഉത്തേജക പദ്ധതികള്‍ ആശ്വാസകരമാണ്. ഖത്തറില്‍ 75 ബില്യന്‍ രിയാലിന്റെ സാമ്പത്തിക പാക്കേജാണ് പിറന്നത്. ബാങ്ക് വായ്പാ തിരിച്ചടവിനും മറ്റും പല രാജ്യങ്ങളും സാവകാശം അനുവദിച്ചിരിക്കുന്നു. ഭക്ഷ്യ ഉല്‍പന്നങ്ങള്‍ക്കും മറ്റും കസ്റ്റംസ് തീരുവ കുറക്കുന്നതും ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വാടകയുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇളവ് ഏര്‍പ്പെടുത്തിയതും വെറുതെയല്ല. അമ്പത് ബില്യന്‍ രിയാലിന്റെ ഉത്തേജക പാക്കേജാണ് സുഊദി സെന്‍ട്രല്‍ ബാങ്ക് പ്രഖ്യാപിച്ചത്.
ഇടറി വീണത് ഉപജീവനവഴികള്‍
അതേസമയം കോവിഡ് പ്രതിസന്ധി തകര്‍ത്ത ഇന്ത്യന്‍ പ്രവാസി ജീവിതങ്ങള്‍ ധാരാളം. തൊഴിലും ഉപജീവന വഴികളും തീര്‍ത്തും നഷ്ടപ്പെട്ടവര്‍. ഭക്ഷണത്തിനു പോലും മറ്റുള്ളവരെ ആശ്രയിക്കാന്‍ വിധിക്കപ്പെട്ടവര്‍. ഈ സങ്കടസമസ്യകള്‍ തല്‍ക്കാലം പ്രവാസത്തിന്റേതു മാത്രം. പക്ഷേ, അധികം വൈകാതെ കേരളം കാണാനിരിക്കുന്നേയുള്ളൂ, ഗള്‍ഫ് തൊഴില്‍നഷ്ടത്തിന്റെ ആസുര സാമ്പത്തിക പ്രത്യാഘാതങ്ങള്‍. നിനച്ചിരിക്കാതെ വന്നുപെട്ടതാണ് നിലവിലെ പ്രതിസന്ധി. അതിന്റെ ആഴം എത്രയെന്ന് ഗള്‍ഫ് തെരുവുകള്‍ പറയാതെ പറയുന്നുണ്ട്. ഉപജീവനവും തൊഴിലും ജീവിതവും എന്തായി മാറും എന്ന ഉത്കണ്ഠയാണ് ചുറ്റിലും. അതിനു മുന്നില്‍ പകച്ചുനില്‍ക്കുകയാണ് പരശ്ശതം മനുഷ്യര്‍. മാസാന്ത തിരിച്ചടവും തൊഴിലാളികള്‍ക്ക് ശമ്പളവും എങ്ങനെ നല്‍കുമെന്നോര്‍ത്ത് ഉറക്കം നഷ്ടപ്പെട്ടു പോയ മനുഷ്യര്‍ ഏറെ. എന്നാല്‍ എല്ലാം വൈകാതെ ശരിയാകും എന്ന ശുഭാപ്തിയില്‍ പരദേശത്തു തന്നെ പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുകയാണ് പലരും. നാട്ടിലേക്ക് പോയിട്ട് എന്ത് എന്ന ചോദ്യത്തില്‍ നിന്നാണ് പ്രവാസ മണ്ണില്‍ തന്നെ പിടിച്ചുനില്‍ക്കാനുള്ള ഉത്തരം അവര്‍ സ്വമേധയാ കണ്ടെത്തുന്നതും.
ഇരട്ട ആഘാതത്തിന്റെ തിരിച്ചടിയില്‍ ഗള്‍ഫ്
എണ്ണവിപണി കുറച്ചു കാലമായി കടുത്ത പ്രതിസന്ധിയിലാണ്. വില പിടിച്ചുനിര്‍ത്താനുള്ള പല ശ്രമങ്ങളും നടന്നു. ഒപെക്കും ഒപെക് ഇതര രാജ്യങ്ങളും തമ്മില്‍ സമവായം രൂപപ്പെടുത്തിയാണ് വിപണിയുടെ സമ്മര്‍ദത്തെ കുറച്ചെങ്കിലും അതിജീവിച്ചത്. മേഖലയിലെ അരക്ഷിതാവസ്ഥയും രാഷ്ട്രീയ, സൈനിക സംഘര്‍ഷങ്ങളും എണ്ണവിപണിയെ തളര്‍ത്തി. കോവിഡ് വ്യാപനം സൃഷ്ടിച്ച അരക്ഷിതാവസ്ഥ എണ്ണവിപണിക്കും തിരിച്ചടിയായി. ലോകതലത്തില്‍ കയറ്റിറക്കുമതി മുരടിച്ചു.
ഫെബ്രുവരി മാസം മാത്രം കയറ്റുമതിയില്‍ 5000 കോടി ഡോളറിന്റെ ഇടിവുണ്ട്. ലോകത്തെ വന്‍കിട വ്യവസായങ്ങള്‍ക്കു വേണ്ട വിവിധ ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യുന്ന കമ്പനികളില്‍ അധികവും ചൈനയില്‍ നിന്നാണ്. മാസങ്ങളായി ചൈന നിശ്ചലം. ആഗോള വിതരണ ശൃംഖലയെ ഈ പ്രതിസന്ധി ഗുരുതരമായി ബാധിച്ചു കഴിഞ്ഞു. വിമാനക്കമ്പനികളുടെ നഷ്ടം മാത്രം 11300 കോടി ഡോളര്‍. യാത്രക്കാര്‍ കുറഞ്ഞതോടെ വരുമാനവും ഇടിഞ്ഞു. തിരിച്ചടിയുടെ വ്യാപ്തി വലുതായിരിക്കുമെന്ന് ഇന്റര്‍നാഷ്‌നല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ (അയാട്ട). വ്യാപക തൊഴില്‍ നഷ്ടം എണ്ണ, വ്യോമയാന മേഖലയില്‍ തുടരുകയാണ്.
കോവിഡാനന്തര ഗള്‍ഫിന്റെ പ്രത്യാശ
ജീവിതത്തെ അടിമുടി മാറ്റിപ്പണിയാതെ പ്രവാസികളും പ്രവാസവും ഇനി രക്ഷപ്പെടുക എളുപ്പമല്ല. തൊഴില്‍ നഷ്ടം ഉള്‍പ്പെടെ തിരിച്ചടി മുന്നില്‍ കണ്ടുള്ള ബദല്‍ ക്രമീകരണം കൂടി വേണം പരദേശികള്‍ക്ക്. പുതിയ ബാധ്യതകള്‍ സാധ്യമാകുന്നത്ര വര്‍ജിച്ചേ തീരൂ. വരവിനൊത്ത ചെലവു കൊണ്ടും രക്ഷപ്പെടില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. ഭാവി മെച്ചം മുന്നില്‍ കണ്ടുള്ള ആസൂത്രണം കൂടി വേണം. എങ്കില്‍ ഈ പ്രതിസന്ധിയും നാം അതിജീവിക്കുക തന്നെ ചെയ്യും.
എല്ലാം ഇതോടെ തീര്‍ന്നു എന്ന വിലയിരുത്തലും ശരിയല്ല. ഗള്‍ഫ് യുദ്ധ കാലം മുതല്‍ കേള്‍ക്കുന്ന പല്ലവിയാണിത്. എണ്ണവില നിലംപൊത്തുമ്പോഴും ഈ മുറവിളി നാം കേട്ടതാണ്.
പ്രതിസന്ധി ചെറുതല്ല. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ഒന്നു തന്നെ, സംശയമില്ല. കോവിഡാനന്തര ലോകം മാത്രമല്ല ഗള്‍ഫും പുതിയ ഒന്നായിരിക്കും. പഴയ ഫോര്‍മുലകളും തൊഴില്‍ രീതികളും വിപണിയും ഒന്നും ആയിരിക്കില്ല വരാന്‍ പോകുന്നത്. പരമ്പരാഗത തൊഴിലുകള്‍ പലതും പിഴുതുമാറ്റപ്പെടും. ഓണ്‍ലൈന്‍ വിപണിയും ഡിജിറ്റല്‍ വ്യാപാര മേഖലയും ശക്തിയാര്‍ജിക്കും. വന്‍കിടക്കു പകരം മധ്യ, ചെറുകിട സംരംഭങ്ങള്‍ക്ക് സാധ്യതയേറും. പുതിയ പരിപ്രേക്ഷ്യത്തില്‍, ചെറുതിന്റെ സൗന്ദര്യം തിരിച്ചറിയുന്നവരുടെ വിപണിയും തൊഴിലിടങ്ങളും സൃഷ്ടിക്കപ്പെടും. കൂറ്റന്‍ ഓഫീസുകള്‍ ഇല്ലാതെ തന്നെ ഏതൊരു ബിസിനസും സാധ്യമാണെന്ന ലോക്ക് ഡൗണ്‍ തിരിച്ചറിവില്‍ പല പൊളിച്ചെഴുത്തുകളും നടക്കും. അതിലൂടെ ബദലിന്റെ പുതിയ തൊഴിലിടങ്ങളും സങ്കേതങ്ങളും പിറവി കൊള്ളും. പക്ഷേ, അവിടെ മലയാളിക്ക് എത്രമാത്രം ഇടമുണ്ടാകും?
Comments