ധ്യാനവും ചിന്തയും ഇസ്‌ലാം ദര്‍ശനത്തില്‍
രണ്ടു സന്യാസിമാര്‍ ഏകാഗ്ര ധ്യാനത്തിനായി വനത്തിലെ ഗുഹയിലേക്ക് നടക്കുകയാണ്. നടത്തത്തിനിടയില്‍ ആധ്യാത്മിക വിഷയങ്ങളാണ് ചര്‍ച്ച. കാനന പാതയില്‍ കടക്കേണ്ടുന്ന പുഴയില്‍ പതിവില്‍ കവിഞ്ഞ വെള്ളം. ധരിച്ച വിലയേറിയ വസ്ത്രത്തില്‍ വെള്ളമാവുമല്ലോ എന്ന് കരുതി ഒരു സുന്ദരി പുഴക്കരയിലുണ്ട്. അവള്‍ ആദ്യത്തെ സന്യാസിയോട് സഹായം അഭ്യര്‍ഥിച്ചു. ഒന്ന് തല ഉയര്‍ത്തി നോക്കി അവളുടെ സൗന്ദര്യം താങ്ങാനാവാതെയോ ബ്രഹ്മചര്യത്തെ ഓര്‍ത്തിട്ടോ അദ്ദേഹം ഉത്തരം നല്‍കാതെ യാത്ര തുടരുന്നു. അവള്‍ രണ്ടാമനോടും അതേ ആവശ്യം ഉന്നയിച്ചു. അയാള്‍ അവളെ എടുത്തു തോളത്തിട്ടു പുഴ കടക്കാന്‍ സഹായിച്ച ശേഷം യാത്ര തുടര്‍ന്നു. മുന്നിലുള്ളയാള്‍ പിന്നീട് പതിവിനു വിരുദ്ധമായി നിശ്ശബ്ദനായിരുന്നു. ഗുഹയിലേക്ക് പ്രവേശിക്കും മുമ്പ് അയാള്‍ ചോദിച്ചു: 'താങ്കള്‍ അവളെ കൈയിലാണോ എടുത്തത്? ചുമലിലാണോ?'
രണ്ടാമന്‍ ഇങ്ങനെ പ്രതികരിച്ചു: 'ഞാന്‍ അവളെ പുഴക്കരയില്‍ തന്നെ ഉപേക്ഷിച്ചിരുന്നല്ലോ? താങ്കള്‍ ഇപ്പോഴും അവളെ മനസ്സില്‍ ചുമന്നു കൊണ്ടിരിക്കുകയാണോ?'
ഇങ്ങനെ ഒരുപാട് ചിന്തകള്‍, ആസക്തികള്‍ ചുമന്നുകൊണ്ട് നടക്കുന്നവനാണ് മനുഷ്യന്‍. അവയെ വേണ്ടിടത്തു ഇറക്കാന്‍ വയ്യാതെ കാലിടറുമ്പോള്‍ വിശ്വാസികള്‍ക്ക് ആശ്വാസമായാണ് ഓരോ റമദാനും കടന്നുവരിക. നോമ്പ് എന്ന പരിചയിലൂടെ പുറത്തുനിന്ന് വരുന്ന കുറേ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ പരിശീലിപ്പിക്കുകയാണത്. എന്നാലും ഉള്ളിലും ഉണ്ടാവുമല്ലോ കുറേ അടിഞ്ഞുകൂടിയവയൊക്കെ. അതും കൂടി കളയാന്‍ അവസാനത്തെ പത്തില്‍ ഇഅ്തികാഫ് നിര്‍ദേശിക്കപ്പെടുകയും ചെയ്തിരിക്കുന്നു.
ഒരു കാറ്റുകാലം സങ്കല്‍പ്പിക്കുക. വീശിപ്പോകുന്ന ഓരോ കാറ്റും എത്രമാത്രം മാലിന്യമാണ് നമ്മുടെ വീടിന്റെ പരിസരങ്ങളില്‍ നിക്ഷേപിക്കുക? അതുപോലെ തന്നെയാണ് ജീവിതത്തിലെ ഓരോ അനുഭവങ്ങളും. കുറേയേറെ ഓര്‍മകളെ, കുറേയേറെ മാലിന്യങ്ങളെ നമ്മുടെ മനസ്സിന്റെ അകത്തളങ്ങളില്‍ നിക്ഷേപിച്ചിട്ടാണ് നല്ലതും ചീത്തയുമായ ഓരോ അനുഭവങ്ങളും കടന്നുപോവുക. അനുഭവങ്ങള്‍ അവശേഷിപ്പിച്ചു പോകുന്ന ഈ മാലിന്യങ്ങളെ ദിനംപ്രതി നാം മനസ്സില്‍ നിന്ന് നീക്കം ചെയ്തില്ലെങ്കില്‍ അവ അവിടെ കുന്നുകൂടുകയും ചിലപ്പോള്‍ ചീഞ്ഞു നാറാന്‍ തുടങ്ങുകയും ചെയ്യും.
അത് നീക്കണം എന്നാഗ്രഹിക്കുന്നവര്‍ റമദാനും ഇഅ്തികാഫും ഒക്കെ മഹാ അനുഗ്രഹങ്ങളായി കാണും. നിര്‍ബന്ധപൂര്‍വമായ ഒരു ലോക്ക് ഡൗണ്‍ വൈറസ് വ്യാപനത്തെ ചെറുക്കാന്‍ സഹായിക്കുമെന്ന് കരുതി നാം വീട്ടിലിരിക്കുകയാണല്ലോ. പ്രവാചകന്‍ പ്രോത്സാഹിപ്പിച്ച പള്ളിയില്‍ ഇരുത്തത്തിന്റെ ആവശ്യകത മനസ്സിലാക്കാന്‍ പറ്റുന്ന അവസ്ഥയിലല്ലേ നമ്മളിപ്പോള്‍? ധ്യാനം എന്ന് അര്‍ഥം വരുന്ന മെഡിറ്റേഷന്‍ (ങലറശമേശേീി) എന്ന് ഇംഗ്ലീഷ് പദം, ലാറ്റിന്‍ ഭാഷയിലെ മെഡിറ്റാറി (ാലറശമേൃശ) എന്ന വാക്കില്‍നിന്നാണ് നിഷ്പന്നമായത്. ഇതിന്റെ അര്‍ഥം ആഴത്തിലുള്ള, തുടര്‍ച്ചയായ വിചിന്തനം അല്ലെങ്കില്‍ ഏതെങ്കിലും ഒരു ചിന്തയിലുള്ള ശ്രദ്ധാപൂര്‍വമായ വാസം എന്നാണ്. ഇതിന്റെ ലളിതമായ അര്‍ഥം മനസ്സില്‍ ആലോചിച്ച് ഉറപ്പിക്കുക എന്നോ ഏതെങ്കിലും ഒരു കാര്യത്തെക്കുറിച്ചു മാത്രം തുടര്‍ച്ചയായി ചിന്തിക്കുക എന്നോ ആണ്.
എന്താണ് ചിന്തിക്കേണ്ടത് എന്ന് കൃത്യമായി നിര്‍വചിച്ചു തന്ന ദര്‍ശനമാണ് ഇസ്ലാം. ഹൃദയങ്ങള്‍ ശാന്തി അടയുക ആ ചിന്തയിലൂടെ മാത്രമാണെന്നാണ് വിശുദ്ധ ഖുര്‍ആന്‍ പറയുന്നത്. പറഞ്ഞാലും ചിന്തിച്ചാലും തീരാത്ത അല്ലാഹുവിന്റെ വിശേഷണങ്ങളിലൂടെ അവയെ അറിയാന്‍ മനുഷ്യന്‍ ബോധപൂര്‍വം ശ്രമം നടത്തുമ്പോള്‍ ഉള്ളിലുള്ള മാലിന്യങ്ങള്‍ വൃത്തിയാവാതിരിക്കുന്നതെങ്ങനെ?
വിഗ്രഹങ്ങളെല്ലാം ഉടച്ചിട്ടുണ്ടെന്നു സമാധാനിച്ചാലും സ്വന്തം ചിന്തകളെ പോലും വിഗ്രഹമാക്കി പൂജിക്കാന്‍ ആസക്തി ഉള്ളവനാണ് മനുഷ്യന്‍. ബഹുദൈവത്വത്തിനു കടന്നുവരാന്‍ നൂതന വഴികള്‍ ഉണ്ടാക്കിക്കൊടുക്കാന്‍ മിടുക്കനായ ഇബ്‌ലീസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ അല്ലാഹുവിനു മാത്രം വഴങ്ങുക എന്ന പാഠമാണ് ഇഅ്തികാഫ് പരിശീലിപ്പിക്കുക. അതില്‍ കൂടി കടന്നുപോയാല്‍ മാത്രം അനുഭവവേദ്യമാകുന്ന ഒരു തുടച്ചു മിനുക്കല്‍. ആരാധനാപരമായ പല കാര്യങ്ങളും അങ്ങനെ തന്നെ. ചില പ്രോസസ്സുകളിലൂടെ നിങ്ങളെ നിര്‍ബന്ധപൂര്‍വം കയറ്റി വിട്ടാല്‍ മാത്രം കരഗതമാവുന്ന ചില സംസ്‌കരണമുണ്ട്. തേയിലകള്‍ മികച്ച ചായപ്പൊടിയായി മാറണമെങ്കില്‍ കുറേ ഉണക്കലും, പൊടിക്കലും, നിറം നല്‍കലും, അരിക്കലും ഒക്കെ കഴിയണം. അതില്ലാതെ തന്നെ മികച്ച ചായപ്പൊടി വേണം എന്ന് ആശിക്കുന്നത് അത്യാഗ്രഹമാണ്. മികച്ച മനുഷ്യരായി തീരാന്‍ ഇത്തരം ഒരു പ്രക്രിയക്ക് തയാറാവാനല്ലേ പ്രവാചക ചര്യ വിശ്വാസികളോട് അനുശാസിക്കുന്നത്?
ഒരുപക്ഷേ മനുഷ്യനെ ശാസന കൊണ്ട് നിലക്കു നിര്‍ത്താന്‍ പറ്റുന്നില്ലെങ്കില്‍ നിസ്സാരമായ സൂക്ഷ്മജീവികള്‍ കൊണ്ട് പോലും നിയന്ത്രിക്കാന്‍ സാധിക്കുന്ന പടച്ച റബ്ബിനെ ഇപ്പോഴല്ലാതെ പിന്നെയെപ്പോഴാണ് ഒന്ന് സൗകര്യപൂര്‍വം ധ്യാനിക്കുക! യുദ്ധവിമാനങ്ങളേക്കാള്‍ സോപ്പിനെ കുറിച്ച് ലോകം ചിന്തിക്കുന്ന കാലമാണ്. ആണവായുധങ്ങളേക്കാള്‍ മാസ്‌കിനെക്കുറിച്ച് ഓര്‍ക്കുന്ന കാലം. വംശീയ വേട്ട ആസൂത്രണം ചെയ്യുന്നവര്‍ പോലും സ്വന്തം മാളങ്ങളില്‍ ഇരിക്കുന്നു.
നിങ്ങള്‍ സ്വന്തം മരണത്തെക്കുറിച്ച് ധാരാളമായി ഓര്‍ത്തു കൊണ്ടിരിക്കുക എന്ന പ്രവാചക വചനത്തെ ഇത്രമേല്‍ പ്രാവര്‍ത്തികമാക്കാന്‍ സഹായിച്ച ഈ കോവിഡ് കാലത്ത് പ്രവാചക ശാസനകള്‍ ഉള്‍ക്കൊണ്ട് റമദാനിന്റെ ചൈതന്യത്തിലേക്കും ഇഅ്തികാഫിന്റെ സംസ്‌കരണത്തിലേക്കും പ്രവേശിക്കാന്‍ തയാറാവുക എന്നല്ലാതെ വിശ്വാസിക്ക് മറ്റെന്തു ചെയ്യാനുണ്ട്! സംസ്‌കരണം നിര്‍വഹിക്കപ്പെടുന്നവര്‍ക്കാണ് ജീവിക്കാന്‍ അര്‍ഹത, ഇഹലോകത്തായാലുംപരലോകത്തായാലും.
ഇതെഴുതുന്നയാള്‍ ഇസ്ലാമിക വിഷയങ്ങളില്‍ പണ്ഡിതനല്ല. അതുകൊണ്ടുതന്നെ റമദാന്‍, ഇഅ്തികാഫ് തുടങ്ങിയ അനുഷ്ഠാനങ്ങളെ കുറിച്ച് ആധികാരികമായി പറയാന്‍ അറിയുകയില്ല. അതേസമയം ഭൗതികവും ആത്മീയവുമായ കാര്യങ്ങള്‍ സമഞ്ജസമായി സമ്മേളിച്ച ഇത്തരം ഇസ്ലാമികമായ ആരാധനാരീതികളെ വല്ലാതെ മതിപ്പോടെ നോക്കിക്കാണുന്ന ഒരാളാണ്. എല്ലാ മനുഷ്യര്‍ക്കും പാലിക്കാനാവുന്ന രീതിയില്‍ സന്നിവേശിപ്പിച്ച ഉപവാസവും ധ്യാനവും ഒക്കെ ശ്രദ്ധാപൂര്‍വം നിര്‍വഹിക്കപ്പെടുമ്പോഴാവാം രാത്രിയില്‍ പ്രാര്‍ഥനയില്‍ മുഴുകിയ സന്യാസിമാരും പകല്‍ സമൂഹത്തിനു വേണ്ടി അടരാടുന്ന അശ്വാരൂഢരായ പോരാളികളും ആവാന്‍ സാധിക്കുന്നത്. പരസ്പരപൂരകമാവുന്ന ഈ സവിശേഷത തന്നെയാണ് ഇസ്ലാമിനെ സവിശേഷമാക്കുന്നത്.
റമദാനിലെ അവസാനത്തെ പത്തു ദിവസം എല്ലാ പതിവുകളും വെടിഞ്ഞ് അല്ലാഹുവില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. ഉപവാസം എന്നല്ലേ നോമ്പിന് മലയാളത്തില്‍ പറയുക. ഉപ സമീപേ വസതി ഇതി ഉപവാസ എന്നാണ്. ആരുടെയോ അടുത്തിരിക്കല്‍ ആണത്. നമ്മള്‍ക്ക് ഏറ്റവും ഇഷ്ടം തോന്നുന്ന, അല്ലെങ്കില്‍ പ്രണയം തോന്നുന്ന ഒരാളുടെ അടുത്ത് ഇരിക്കാനല്ലേ നാം കൊതിക്കുക. നോമ്പെടുക്കുന്ന ഒരാള്‍ ആരുടെ കൂടെയാണ് ഏറ്റവും അടുത്തിരിക്കാന്‍ കൊതിക്കുക, പരമകാരുണികനായ അല്ലാഹുവിനൊപ്പമല്ലാതെ.
ഉപവസിക്കലിന്റെ പാരമ്യമായ ഇഅ്തികാഫില്‍ നിന്ന് പോലും ഒരാവശ്യക്കാരനെ സഹായിക്കാനായി ഇറങ്ങിപ്പോവേണ്ടി വന്നാല്‍ അതിന്റെ പുണ്യത്തെ കുറിച്ച് കൂടിയുള്ള പ്രവാചക അധ്യാപനങ്ങള്‍ നാം വായിക്കുന്നു. അവനവനെ പോലെ അപരനെയും കരുതുന്ന മനുഷ്യസ്‌നേഹത്തിന്റെ ഈ ഉദാത്ത നിലവാരത്തിലേക്ക് സ്വന്തം സൃഷ്ടികള്‍ ഉയരുമ്പോള്‍ പടച്ച തമ്പുരാന്‍ സ്വര്‍ഗവാതില്‍ തുറക്കാതിരിക്കുന്നതെങ്ങനെ?
Comments