Prabodhanm Weekly

Pages

Search

2020 മെയ് 15

3152

1441 റമദാന്‍ 22

മഹാമാരിക്ക് മതമുണ്ടെന്ന് പ്രചരിപ്പിച്ചവരുടെ രാജ്യം

എ. റശീദുദ്ദീന്‍

അടിസ്ഥാന ജനാധിപത്യ മൂല്യങ്ങളോട് തരിമ്പും ബഹുമാനമില്ലാതിരിക്കുകയും അതോടൊപ്പം കൃത്യമായ ഫാഷിസ്റ്റ് അജണ്ടകള്‍ ഉണ്ടായിരിക്കുകയും ചെയ്യുന്ന ഒരു സര്‍ക്കാറില്‍ നിന്ന് പ്രതീക്ഷിക്കാവുന്നതൊക്കെയും ഈ കോവിഡ് കാലത്ത് ഇന്ത്യയിലെ ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നുണ്ട്. 2014 മുതല്‍ ഇന്ത്യ ഭരിക്കുന്ന ഇപ്പോഴത്തെ വലതുപക്ഷ സര്‍ക്കാറിന്റെ ധ്രുവീകരണ  അജണ്ടകളുടെ പാരമ്യത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. 2014-ല്‍ അധികാരത്തിലേറിയതിനു ശേഷം പിന്നീടിങ്ങോട്ട് കൃത്യമായ അജണ്ടയോടെയുള്ള ധ്രുവീകരണമാണ് മോദി സര്‍ക്കാര്‍ നടപ്പാക്കി വന്നത്. ഭൂരിപക്ഷം ലഭിക്കാത്ത ഒരു രാഷ്ട്രീയ കക്ഷി  ജനങ്ങളെ തമ്മിലടിപ്പിച്ച് പിടിച്ചു നില്‍ക്കുന്ന പതിവു രാഷ്ട്രീയ കാപട്യമായിരുന്നില്ല മോദിയുടേതും ബി.ജെ.പിയുടേതും. അധികാരം കിട്ടിയതു തന്നെ തമ്മിലടിപ്പിക്കാനാണെന്ന ഉറച്ച ബോധ്യത്തില്‍ നിന്നും രൂപപ്പെട്ടുവന്ന സുചിന്തിതമായ നിലപാടുകളായിരുന്നു അത്. അന്താരാഷ്ട്ര ഭീകരവിരുദ്ധ യുദ്ധം എന്ന ഓമനപ്പേരില്‍ ബുഷ് തുടങ്ങിവെച്ച ഇസ്ലാം വിരുദ്ധ പ്രചാരണത്തിന് അവരുടെ രാജ്യത്തിനകത്തെ മുസ്ലിംകളുടെ കാര്യത്തില്‍ ഉണ്ടായിരുന്ന ജനാധിപത്യപരമായ ഒരു വേര്‍തിരിവ് ഇന്ത്യയില്‍ കാണാനുണ്ടായിരുന്നില്ല. ബുഷ് തുടങ്ങിയിരുന്നില്ലെങ്കില്‍ പോലും ബി.ജെ.പി എന്നോ പ്രവൃത്തിപഥത്തില്‍ കൊണ്ടുവന്ന വെറുപ്പിന്റെയും വംശീയതയുടെയും സിദ്ധാന്തങ്ങളെ പൊതുസമൂഹത്തിലേക്ക് ആഴത്തില്‍ വേരുപടര്‍ത്താനുള്ള അവസരമായാണ് മോദി ഭരണം ഇന്ത്യയില്‍ മാറിയത്. മുസ്ലിംകളായി ജീവിക്കുക എന്നതു തന്നെ അങ്ങേയറ്റം പ്രയാസകരമായി മാറി. മുസ്ലിം വിരുദ്ധത മുഖമുദ്രയായ സി.എ.എ നിയമവും എന്‍. പി. ആര്‍, എന്‍. ആര്‍. സി പോലുള്ള നിഗൂഢമായ അജണ്ടകളും രാജ്യത്ത് കൊടുമ്പരി കൊള്ളുന്നതിനിടയിലാണ് കോവിഡ് എന്ന മഹാമാരി ചൈനയില്‍ പ്രത്യക്ഷപ്പെട്ടത്. രോഗത്തെ പോലും മുസ്ലിം വിരുദ്ധത പടര്‍ത്താനുള്ള അവസരമാക്കി മാറ്റിയെടുക്കുന്നതായിരുന്നു പിന്നീട് ഇന്ത്യയില്‍ കണ്ടത്.
സ്വാഭാവികമായും ഇന്ത്യയിലേക്കും കോവിഡ് പടര്‍ന്നു. വിമാനത്താവളങ്ങളില്‍ പാലിക്കാതിരുന്ന സൂക്ഷ്മതയും ആദ്യഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കാണിച്ച അലംഭാവവുമാണ് രോഗത്തിന്റെ വ്യാപ്തി വര്‍ധിക്കാന്‍ വഴിയൊരുക്കിയത്. ചൈനയില്‍ കഴിഞ്ഞ ഡിസംബര്‍ 31-നാണ് ലോകാരോഗ്യ സംഘടന പുതിയൊരു മാരക വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതെങ്കിലും അതിനും ഒന്നോ രണ്ടോ മാസങ്ങള്‍ മുമ്പേ തന്നെ വുഹാന്‍ പ്രവിശ്യയില്‍ ഇതുമായി ബന്ധപ്പെട്ട ധാരാളം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ജനുവരി അവസാനത്തോടെ തന്നെ ലോകരാജ്യങ്ങള്‍ കോവിഡുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകള്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു. ഫെബ്രുവരി മാസത്തിലുടനീളം ആരോഗ്യ പ്രവര്‍ത്തകരെയും ആശുപത്രികളെയും സജ്ജമാക്കുന്ന തിരക്കിലായിരുന്നു ലോകരാജ്യങ്ങള്‍. അപ്പോഴൊന്നും പ്രത്യേകിച്ച് ഒന്നും ചെയ്യാതെ കോവിഡ് പ്രത്യക്ഷപ്പെട്ടു തുടങ്ങിയ രാജ്യങ്ങളിലേക്ക് മാസ്‌കും വെന്റിലേറ്ററുമൊക്കെ കയറ്റിയയച്ച് നാല് കാശുണ്ടാക്കാനാവുമോ എന്ന ആലോചന മാത്രമാണ് മോദി സര്‍ക്കാറിന് ഉണ്ടായിരുന്നത്. കോവിഡ് പരിശോധനയുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ ഒരു പ്രത്യേക കമ്പനി അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഒരു സവിശേഷ കിറ്റിനു മാത്രം അംഗീകാരം നല്‍കിയതിലൂടെയും പ്രത്യക്ഷമായി തന്നെ അഴിമതി നടത്തി. 8000 രൂപ വരെയാണ് ആദ്യദിനങ്ങളില്‍ ഈ കിറ്റുപയോഗിച്ച് നടത്തി വന്ന ടെസ്റ്റിന് ഫീസ് ഈടാക്കിയത്. എന്നാല്‍ ഇന്ത്യക്കകത്ത് 500 രൂപയിലും കുറഞ്ഞ വിലയ്ക്ക് കോവിഡ് പരിശോധനാ കിറ്റുകള്‍ വികസിപ്പിച്ചു കഴിഞ്ഞതായി വാര്‍ത്തകള്‍ വരുന്നുണ്ടായിരുന്നു. രോഗനിര്‍ണയം ചെലവേറിയതോടെ മാര്‍ച്ച് മാസത്തിലെ നിര്‍ണായകമായ ആദ്യ ആഴ്ചകളില്‍ ഇന്ത്യ ബഹുദൂരം പിന്നിലേക്കു പോയി. ഒരു ദശലക്ഷത്തില്‍ നിന്നും കഷ്ടിച്ച് 11 പേരുടേതാണ് മാര്‍ച്ച് 12-ന് പുറത്തുവന്ന കണക്കനുസരിച്ച് ഇന്ത്യ രോഗനിര്‍ണയം നടത്തിയത്. 12,000-ത്തിനും മുകളിലായിരുന്നു അതേ ദിവസം യു.എ.ഇയുടെ കണക്ക്.
2020 ഫെബ്രുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളിലും വെട്ടിക്കുറവുകള്‍ മാത്രമായിരുന്നു കാണാനുണ്ടായിരുന്നത്. രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിന്റെ സൂചനകള്‍ എമ്പാടുമുണ്ടായിരുന്നു. തൊഴിലില്ലായ്മയുടെ കണക്കുകള്‍ പുറത്തുവിടാന്‍ സര്‍ക്കാര്‍ തയാറുണ്ടായിരുന്നില്ല. വളര്‍ച്ചാ നിരക്ക് കുത്തനെ ഇടിയുമെന്ന് അന്താരാഷ്ട്ര ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നുണ്ടായിരുന്നു. കാര്‍ഷിക മേഖലയിലും തൊഴിലുറപ്പു പദ്ധതിയിലുമൊന്നും എടുത്തു പറയാവുന്ന ഒരു പദ്ധതിയും മോദി സര്‍ക്കാറിന് ഉണ്ടായിരുന്നില്ല. ജനങ്ങളുടെ ക്രയശേഷി വര്‍ധിപ്പിക്കണമെന്ന് തത്ത്വം പ്രസംഗിക്കുക എന്നല്ലാതെ അതെങ്ങനെ നടപ്പില്‍ വരുത്തുമെന്നതിനെ കുറിച്ച ഒരു ധാരണയും ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന് ഉണ്ടായിരുന്നില്ല. ഈ വീഴ്ചകള്‍ മറച്ചുപിടിക്കുകയും ജനങ്ങളെ തമ്മിലടിപ്പിച്ച് നിര്‍ത്തുകയും മാത്രമാണ് മോദി സര്‍ക്കാറിന് അറിയാമായിരുന്ന ഒരേയൊരു പോംവഴി. സി.എ.എയും എന്‍.ആര്‍.സിയുമൊക്കെ വളരെ ഭംഗിയായി ആ ദൗത്യം നിര്‍വഹിക്കുന്നുണ്ടായിരുന്നു. സമീപകാലത്തൊന്നും ഇന്ത്യ കണ്ടിട്ടില്ലാത്ത അത്രയും ദൂഷിതമായ വര്‍ഗീയ പ്രചാരണവുമായി ദല്‍ഹി തെരഞ്ഞെടുപ്പില്‍ ബി.ജെ.പി രംഗത്തെത്തി. പാകിസ്താനില്‍  നിന്നെത്തിയ ബലാല്‍ക്കാരികള്‍ ഹിന്ദുക്കളെ ലക്ഷ്യമിട്ട് നടത്തുന്ന തയാറെടുപ്പുകളാണ് ശാഹീന്‍ ബാഗ് സമരവും ദല്‍ഹിയിലെ വിവിധ പ്രദേശങ്ങളില്‍ മുസ്ലിംകള്‍ നടത്തിവന്ന പ്രതിഷേധവുമെന്ന് ബി.ജെ.പിയുടെ പാര്‍ലമെന്റംഗങ്ങള്‍ വരെ അങ്ങാടിയില്‍ പ്രസംഗിച്ചു. കപില്‍ മിശ്രയും പര്‍വേഷ് സാഹബ് വര്‍മയുമൊക്കെ പാര്‍ട്ടിയുടെ പുതിയ താരപ്രചാരകരായി മാറി. തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തകര്‍ന്നടിഞ്ഞപ്പോള്‍ താഴെത്തട്ടിലെ നേതാക്കള്‍ നടത്തിയ പ്രചാരണത്തില്‍ പാര്‍ട്ടിക്കു പിഴച്ചുവെന്ന കുറ്റസമ്മതവുമായി അമിത് ഷാ രംഗത്തു വന്നു. എന്നാല്‍ തൊട്ടു പുറകെ ദല്‍ഹിയെ ഞെട്ടിച്ച വര്‍ഗീയ കലാപത്തില്‍ അതേ നേതാക്കള്‍ കുറ്റകരമായ പങ്കു വഹിക്കുന്നതിനും രാജ്യം സാക്ഷിയായി. 2002-ലെ ഗുജറാത്ത് കലാപത്തിന്റെ കാലടിപ്പാടുകള്‍ പിന്തുടര്‍ന്ന ദല്‍ഹി പോലീസ് അക്രമികളോടൊപ്പം നിലയുറപ്പിക്കുക മാത്രമായിരുന്നില്ല, ഒരുപടി കൂടി മുന്നോട്ടു പോയി കുറ്റകൃത്യങ്ങളില്‍ നേര്‍ക്കുനേരെ പങ്കാളികളായി മാറുന്നതിന്റെ ദൃശ്യങ്ങള്‍ ബി.ബി.സി പുറത്തുവിട്ടു. കലാപ ദിവസങ്ങളില്‍ അമിത് ഷാ കണ്‍ട്രോള്‍ റൂമിലിരുന്ന് നേര്‍ക്കു നേരെ കാര്യങ്ങള്‍ നിയന്ത്രിച്ചതു കൊണ്ടാണ് ദല്‍ഹി കലാപം കെട്ടടങ്ങിയതെന്ന അവകാശവാദവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയെങ്കിലും അതായിരുന്നില്ല യാഥാര്‍ഥ്യം. കലാപം നിയന്ത്രിക്കപ്പെടുകയായിരുന്നില്ല, മറിച്ച് തെരഞ്ഞെടുപ്പില്‍ തോറ്റതിന് കപില്‍ മിശ്രയും കൂട്ടരും പകവീട്ടിയതിനു ശേഷം സ്വാഭാവികമായ രീതിയില്‍ അന്ത്യം കാണുകയായിരുന്നു. ഫാറൂഖിയ മസ്ജിദിന് തീ കൊടുത്തത് മറ്റാരുമായിരുന്നില്ല, ദല്‍ഹി പോലീസ് തന്നെ ആയിരുന്നുവെന്നാണ് ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പ്രദേശത്തെ ഹിന്ദുക്കള്‍ തന്നെയാണ് ഈ ആരോപണമുന്നയിച്ച് രംഗത്തുവന്നത്.
സ്വന്തം നേതാക്കളെയും പോലീസിനെയും രക്ഷിച്ചെടുക്കാനുള്ള തത്രപ്പാടിലാണ് പിന്നീടിങ്ങോട്ടുള്ള ദിവസങ്ങളില്‍ ബി.ജെ.പിയെ കാണാനുണ്ടായിരുന്നത്. ഇതുവരെയായി 3000 -ത്തില്‍ അധികം മുസ്ലിം യുവാക്കളെയാണ് ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടിയത്. കലാപബാധിത മേഖലകളിലെ ഗല്ലികളിലേക്ക് മഫ്ടിയില്‍ ചെന്ന് കണ്ണില്‍ പെടുന്നവരെ മുസ്ലിമാണെന്ന് പേര് ചോദിച്ച് ഉറപ്പു വരുത്തിയതിനു ശേഷം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വാഹനങ്ങളില്‍ കയറ്റി കൊണ്ടുപോകുകയും പിന്നീട് അവരെ കേസില്‍ കുടുക്കുകയുമാണ് ചെയ്യുന്നതെന്നാണ് വ്യാപകമായ പരാതി. പിടികൂടുന്നവരെ കിലോമീറ്ററുകള്‍ അകലെയുള്ള സ്റ്റേഷനുകളിലേക്ക് കൊണ്ടുപോയാണ് ചോദ്യം ചെയ്തിരുന്നത്. അറസ്റ്റ് വാറണ്ടോ മറ്റ് നടപടിക്രമങ്ങളോ ഒന്നും ദല്‍ഹി പോലീസിന് ബാധകമായിരുന്നില്ല. മുസ്ലിംകള്‍ക്കിടയില്‍ സമാധാനത്തിന് പരിശ്രമിച്ച സാമൂഹിക പ്രവര്‍ത്തകനും സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്റ് പീസ് പ്രവര്‍ത്തകനുമായ ഖാലിദ് സൈഫിയെ മര്‍ദിച്ച് മൃതപ്രാണനാക്കിയാണ് പോലീസ് സ്റ്റേഷനില്‍ നിന്നും മടക്കി അയച്ചത്. ദല്‍ഹിയിലെ പൗരപ്രമുഖര്‍ ഇടപെട്ടതിനെ തുടര്‍ന്ന് നിര്‍ബന്ധിതാവസ്ഥയിലായിരുന്നു അദ്ദേഹത്തെ പോലീസ് മോചിപ്പിച്ചത്. എന്നാല്‍ ഒരു ഹൈക്കോടതി ജഡ്ജിയുടെ ഉത്തരവ് ഉണ്ടായിട്ടു പോലും കപില്‍ മിശ്രയെ അറസ്റ്റ് ചെയ്യാന്‍ ആഭ്യന്തര വകുപ്പ് പോലീസിന് അനുവാദം നല്‍കിയിരുന്നില്ല. മുസ്ലിംകള്‍ തന്നെയാണ് കലാപം നടത്തിയതെന്നും സി.എ.എ ബില്ലിനെതിരെ ജാമിഅ മില്ലിയ്യയില്‍ നടന്ന പ്രസംഗങ്ങളാണ് സംഘര്‍ഷങ്ങള്‍ക്ക് വഴിയൊരുക്കിയതെന്നും പുതിയൊരു യക്ഷിക്കഥ മെനഞ്ഞുണ്ടാക്കുകയാണ് രാഷ്ട്രീയ യജമാനന്മാര്‍ക്കു വേണ്ടി പോലീസ് ഇപ്പോള്‍ ചെയ്യുന്നത്. പ്രസംഗങ്ങള്‍ കേട്ട് പ്രകോപിതരായതാണ് കലാപത്തിന് കാരണമെങ്കില്‍ കപില്‍ മിശ്ര നടത്തിയ പ്രസംഗത്തിന് എന്തുകൊണ്ട് നിയമം ബാധകമായിരുന്നില്ല? കലാപം നടത്താനായി ഖത്തോലിയില്‍ നിന്നും ഭാഗ്പതില്‍ നിന്നും എന്തിനേറെ മുസഫര്‍ നഗറില്‍ നിന്നുവരെ ട്രാക്ടറിലും മറ്റും ദല്‍ഹിയിലേക്ക് ആളും ആയുധങ്ങളും എത്തിച്ചവര്‍ക്കൊന്നും നിയമം ബാധകമല്ലേ? പ്രകോപിക്കാനും പ്രകോപിതരാവാനും ആളുകളെ വെട്ടിക്കൊല്ലാനുമൊക്കെ ഒരു കൂട്ടര്‍ക്ക് സവിശേഷമായ അവകാശമുണ്ടെന്നാണോ ദല്‍ഹി പോലീസ് അര്‍ഥമാക്കുന്നത്? ജാമിഅ മില്ലിയ്യയില്‍ സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്നാരോപിച്ച് മൂന്നു മാസം ഗര്‍ഭിണിയായ ഒരു ഗവേഷക വിദ്യാര്‍ഥിനിയെ അടക്കം യു.എ.പി.എ ചുമത്തിയാണ് പോലീസ് ജയിലില്‍ അടച്ചത്. പ്രഫഷണലിസത്തെ കുറിച്ച് ദല്‍ഹി പോലീസ് വാര്‍ത്താ കുറിപ്പുകള്‍ ഇറക്കി 'ബ്ളാബ്ളാ' പറയുന്നുണ്ടെങ്കില്‍ പോലും ഒരു സമൂഹത്തെ മതപരമായി ഉന്നം വെക്കുകയാണ് അവര്‍ ചെയ്തതെന്ന ആരോപണം ശക്തിപ്പെടാന്‍ വഴിയൊരുക്കുന്നതായിരുന്നു ഇത്തരം പക്ഷപാത സമീപനങ്ങള്‍. 
കോവിഡിന്റെ രംഗപ്രവേശം ഈ ധ്രുവീകരണ കോലാഹലങ്ങള്‍ക്കിടയില്‍ ബി.ജെ.പിക്ക് വീണുകിട്ടിയ സുവര്‍ണാവസരമായി മാറി. നിസാമുദ്ദീന്‍ മര്‍കസ് കേന്ദ്രീകരിച്ച് മാധ്യമങ്ങളിലൂടെ പുറത്തുവന്നു കൊണ്ടിരുന്ന വാര്‍ത്തകള്‍ക്ക് പൊതുജനത്തിന് അറിയുന്നതും അറിയാത്തതുമായ രണ്ട് വശങ്ങളുണ്ടായിരുന്നു. തബ്‌ലീഗ് ജമാഅത്തിന്റേത് ഒഴിവാക്കാമായിരുന്ന പരിപാടികളായിരുന്നു എന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. പക്ഷേ ഈ യോഗത്തിലേക്ക് മലേഷ്യയില്‍ നിന്നും ഇന്തോനേഷ്യയില്‍ നിന്നും മറ്റുമുള്ളവര്‍ പങ്കെടുക്കുന്ന സാഹചര്യം എങ്ങനെയുണ്ടായി? സന്ദര്‍ശക വിസയില്‍ വന്ന് രാജ്യത്ത് മതപ്രബോധനം നടത്തരുതെന്ന് 2019 -ല്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ശനമായ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നല്ലോ. നിസാമുദ്ദീന്‍ മര്‍കസിനകത്ത് ഈ വിലക്ക് നിലവില്‍ വന്നതിനു ശേഷവും കഴിഞ്ഞ ഒമ്പത് മാസക്കാലയളവില്‍ ആയിരക്കണക്കിന് വിദേശികള്‍ വന്നുപോയതെന്തു കൊണ്ട്? ഓരോ ദിവസവും നിസാമുദ്ദീനിലെ വിദേശികളുടെ കണക്ക് ശേഖരിക്കാനായി ഇന്റലിജന്‍സിന്റെ രണ്ട് ഉദ്യോഗസ്ഥര്‍ അവിടെ എത്താറുണ്ടായിരുന്നു എന്നതാണ് വസ്തുത. ഏറ്റവും ചുരുങ്ങിയത് മാര്‍ച്ച് മാസത്തിലെങ്കിലും കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും വരുന്നവരെ വിമാനത്താവളങ്ങളില്‍ പരിശാധിച്ചിരുന്നുവെങ്കില്‍ നിസാമുദ്ദീനില്‍ കോവിഡ് പടരുമായിരുന്നോ? വലിയ അനാസ്ഥ സര്‍ക്കാറിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ട് എന്നത് വ്യക്തം. എന്നാല്‍ രാജ്യത്ത് കോവിഡ് വ്യാപിക്കാന്‍ തുടങ്ങിയപ്പോള്‍ മാധ്യമങ്ങളുടെ സഹായത്തോടെ അതിനെ വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിയെ ആണ് പിന്നീട് കണ്ടത്. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കൂടിയായ മുഖ്താര്‍ അബ്ബാസ് നഖ്‌വി നിസാമുദ്ദീനിലെ രോഗബാധയെ കുറ്റപ്പെടുത്തിയത് 'താലിബാനീ കുറ്റകൃത്യം' എന്നായിരുന്നു. അയോധ്യയിലടക്കം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ കോവിഡ് കാലത്ത് വിലക്കുകള്‍ ലംഘിച്ച് ഇതുപോലെ നടന്ന മറ്റ് മതസമ്മേളനങ്ങളെ കുറിച്ചൊന്നും ഭരണഘടനാപദവി വഹിക്കുന്ന മന്ത്രി ഈയൊരു വാക്ക് ഉപയോഗിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല.
നിസാമുദ്ദീനിലേക്ക് ബോധപൂര്‍വം കോവിഡ് രോഗികളെ കൊണ്ടുവന്ന് ഇന്ത്യക്കെതിരെ തബ്‌ലീഗുകാര്‍ കോവിഡ് ജിഹാദ് നടത്താന്‍ തുനിഞ്ഞുവെന്ന ആരോപണമാണ് പിന്നീട് ഉയര്‍ന്നു കേട്ടത്. കോവിഡ് ജിഹാദ്, കൊറോണാ ബോംബ് തബ്‌ലീഗി പോലുള്ള ഹാഷ്ടാഗുകള്‍ ട്വിറ്ററില്‍ സജീവമായി മാറി. ഏപ്രില്‍ മാസത്തിന്റെ ആദ്യത്തെ ആഴ്ചയില്‍ മാത്രം ഈ ഹാഷ്ടാഗ് 165 ദശലക്ഷം പേരാണ് ട്വിറ്ററില്‍ കണ്ടത്. തായ്‌ലന്റില്‍ ചിത്രീകരിച്ച ഒരു സിനിമയിലെ ദൃശ്യം ഉപയോഗിച്ച് തബ് ലീഗുകാര്‍ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും നേരെ ചുമക്കുകയും തുപ്പുകയും ചെയ്യുന്നതായ ദൃശ്യങ്ങള്‍ വൈറലായി മാറി. കപില്‍ മിശ്ര ഈ ആരോപണം ട്വിറ്ററില്‍ ആവര്‍ത്തിച്ചു. കൊറോണാ ജിഹാദ് എന്നു പേരിട്ട മുസ്ലിം വേഷധാരിയായ ഒരാള്‍ ഒരു ഹിന്ദുവേഷധാരിയെ കൊക്കയിലേക്ക് തള്ളിയിടുന്ന കാരിക്കേച്ചറും ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടു. ട്വിറ്ററിന്റെ അടിസ്ഥാന നിയമങ്ങള്‍ക്ക് നിരക്കാത്ത ഈ കാരിക്കേച്ചര്‍ പിന്നീട് നീക്കിയെങ്കിലും 2000 പേരെങ്കിലും അതിനകം അത് പങ്കുവെച്ചിരുന്നു. മുസ്ലിംകളെ ഗല്ലികള്‍ക്കകത്ത് കടത്തരുതെന്ന് യു.പിയിലെ ചില എം.എല്‍.എമാര്‍ ശബ്ദസന്ദേശങ്ങള്‍ പ്രചരിപ്പിച്ചത് ഇതിനിടെ സോഷ്യല്‍ മീഡിയ ഏറ്റുപിടിച്ചു. ചില ഉന്തുവണ്ടി കച്ചവടക്കാരെ മതം ഉറപ്പുവരുത്തി അടിച്ചോടിക്കുന്ന ദൃശ്യങ്ങളും വൈറലായി. ബി.ജെ.പി ഭരിക്കുന്ന കര്‍ണാടകയില്‍ അനന്ത് കുമാര്‍ ഹെഗ്ഡെ തബ്‌ലീഗുകാര്‍ ഭീകരന്മാരാണെന്ന് അധിക്ഷേപിച്ചു. കര്‍ണാടകയില്‍ പാവങ്ങള്‍ക്ക് ഭക്ഷണ വിതരണം നടത്തിയതിന് ഒരു മുസ്ലിം മാതാവിനെയും മകനെയും സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ക്രിക്കറ്റ് ബാറ്റുപയോഗിച്ച് അടിച്ചു ചതച്ചു. ഉത്തര്‍പ്രദേശില്‍ തബ് ലീഗ് സമ്മേളനത്തിന് പോയവരെ കുറിച്ച വിവരങ്ങള്‍ പോലീസിന് കൈമാറുന്നവര്‍ക്ക് 10,000 രൂപയുടെ പാരിതോഷികം പ്രഖ്യാപിക്കപ്പെട്ടു. അന്താരാഷ്ട്ര സോഷ്യല്‍ മീഡിയാ വാച്ച്ഡോഗ് ആയ ഇക്വാലിറ്റി ലാബ് ഇന്ത്യയില്‍ നടക്കുന്ന ഈ ദുഷിച്ച പ്രചാരണങ്ങള്‍ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്നാണ് കോവിഡിന് മതമില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ പ്രസ്താവന പുറത്തുവന്നത്. ഫെബ്രുവരി വരെയും ചൈനാ വൈറസ് എന്ന പേരില്‍ വിശേഷിപ്പിക്കപ്പെട്ടിരുന്ന കൊറോണയെ കോവിഡ് -19 എന്ന് പുനര്‍ നാമകരണം ചെയ്തുകൊണ്ട് മഹാമാരിക്ക് രാജ്യങ്ങളില്ലെന്ന ശ്രദ്ധേയമായ നിലപാടും സംഘടന സ്വീകരിച്ചിരുന്നു. ചൈനാ വൈറസ് എന്ന വാക്ക് പിന്നീടൊരിക്കലും ഇന്ത്യ ഉപയോഗിച്ചിട്ടില്ലെന്നോര്‍ക്കുക.
കോവിഡിനെ തൊപ്പിയിടീക്കാന്‍ നടത്തിയ ഈ ശ്രമങ്ങളെ ഗള്‍ഫ് രാജ്യങ്ങളിലിരുന്ന് ചിലര്‍ ഏറ്റുപിടിച്ചതോടെയാണ് ചിത്രം പൊടുന്നനെ മാറിയത്. സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ കഴിഞ്ഞ കുറേക്കാലമായി നടത്തിവരുന്ന ഈ ഇസ്ലാമോഫോബിയാ പ്രചാരണത്തെ ഇതാദ്യമായി അറബ് രാജ്യങ്ങളിലെ പൗരസമൂഹവും സോഷ്യല്‍ മീഡിയയും ശൈഖ ഹിന്ദിനെ പോലുള്ള ചില ഭരണാധികാരികളും അപലപിച്ചു. ഐക്യരാഷ്ട്ര സഭ കഴിഞ്ഞാല്‍  ലോകത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര കൂട്ടായ്മയായ ഒ.ഐ.സി ഇന്ത്യയില്‍ ഇസ്ലാമിനെതിരെ നടന്നുവരുന്ന പ്രചാരണങ്ങള്‍ അവസാനിപ്പിക്കാനും മുസ്ലിംകളുടെ ജീവനും സ്വത്തും സംരക്ഷിക്കാനും മോദി സര്‍ക്കാറിനോട് പരസ്യമായി ആവശ്യപ്പെട്ടു. ദല്‍ഹി കലാപത്തിനു ശേഷം ഇത് രണ്ടാം തവണയായിരുന്നു ഇന്ത്യ അന്താരാഷ്ട്ര മുസ്ലിം സമൂഹത്തിനു മുമ്പാകെ നാണം കെട്ടത്. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളുടെ നേര്‍ക്ക് ആസൂത്രിതമായ ആക്രമണം നടന്നു വരുന്നതായി നിരവധി അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ലേഖനങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ഇക്കഴിഞ്ഞ ഏപ്രില്‍ 3-ന് പുറത്തിറങ്ങിയ ടൈം മാഗസിന്‍ സുദീര്‍ഘമായി തന്നെ വിഷയം ഉപന്യസിച്ചു. ന്യൂയോര്‍ക്ക് ടൈംസ്, ഗാര്‍ഡിയന്‍, വാഷിംഗ്ടണ്‍ പോസ്റ്റ്, ബി.ബി.സി തുടങ്ങിയവയിലൊക്കെ ഇന്ത്യന്‍  ഇസ്ലാമോഫോബിയ ചര്‍ച്ചാ വിഷയമായി. ഇന്ത്യയില്‍ സമീപകാലത്ത് നടന്നു വരുന്ന സംഭവങ്ങള്‍ ലോകത്തെ മറ്റൊരു രാജ്യത്തും സമാനതയില്ലാത്തതാണെന്ന് അമേരിക്കയുടെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമീഷന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മതസ്വാതന്ത്ര്യ വിഷയത്തില്‍ മോശപ്പെട്ടവരില്‍ മോശപ്പെട്ട രാജ്യങ്ങളുടെ കരിമ്പട്ടികയിലേക്ക് ഇന്ത്യയെ തരംതാഴ്ത്താനും കമീഷന്‍ ശിപാര്‍ശ ചെയ്തു. സി.എ.എ നിയമവും കശ്മീരിലെ 370-ാം വകുപ്പ് എടുത്തു കളഞ്ഞതുമൊക്കെ പരാമര്‍ശിച്ച കമീഷന്‍ രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ബി.ജെ.പിയെയും നരേന്ദ്ര മോദിയെയും ഒപ്പം ഗവണ്‍മെന്റിന്റെ വിവിധ ഏജന്‍സികളെയും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു.
ഇന്ത്യയിലെ ഇസ്ലാമോഫോബിയയെ കുറിച്ച അറബ് ലോകത്തിന്റെ ആശങ്കക്ക് ട്വിറ്ററിലൂടെ നന്ദി അറിയിച്ച ദല്‍ഹി മൈനോരിറ്റി കമീഷന്‍ ചെയര്‍മാന്‍ ഡോ. സഫറുല്‍ ഇസ്ലാം ഖാനെതിരെ ദേശദ്രോഹത്തിനാണ് ദല്‍ഹി പോലീസ് കേസെടുത്തതെന്ന് ശ്രദ്ധിക്കുക. കമീഷനുകളില്‍ ചുമതലയേല്‍പ്പിക്കപ്പെടുന്നവര്‍ സര്‍ക്കാറിന്റെയും ബി.ജെ.പിയുടെയും മെഗാഫോണുകളാവുക എന്നതിലപ്പൂറം ന്യൂനപക്ഷങ്ങളാവട്ടെ, വനിതകളാവട്ടെ, ദലിതരാവട്ടെ ആരെ കുറിച്ചും വസ്തുതാപരമായ ഒരു അഭിപ്രായ പ്രകടനവും നടത്തരുതെന്നാണ് ഈ കേസ് ഓര്‍മപ്പെടുത്തുന്നത്. ഖാന്റെ പരാമര്‍ശം ഗള്‍ഫിലെ ഏതാനും സംഘ് പരിവാര്‍ പ്രമുഖന്മാര്‍ക്ക് ചൊറിച്ചിലുണ്ടാക്കിയതൊഴിച്ചാല്‍ ഇതിനകം ഒ.ഐ.സി പുറപ്പെടുവിച്ച പ്രസ്താവന ഉണ്ടാക്കിയ മാനക്കേടിനേക്കാള്‍ പുതിയ മറ്റൊരു പ്രതിഛായാ നഷ്ടവും ഇന്ത്യക്ക് ഉണ്ടാക്കിയിരുന്നില്ല. ഖാന്‍ ട്വീറ്റ് ചെയ്താലുമില്ലെങ്കിലും പൗരത്വ നിയമവും വര്‍ഗീയ കലാപവും ആള്‍ക്കൂട്ട കൊലപാതകവുമൊക്കെ ഇന്ത്യയെ ആഗോള സമൂഹത്തിനു മുന്നില്‍ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ടായിരുന്നു. മറുഭാഗത്ത് മുഖ്താര്‍ അബ്ബാസ് നഖ്‌വി, തബ്‌ലീഗ് ജമാഅത്തിനെതിരെ നടത്തിയ 'താലിബാനി കുറ്റകൃത്യം' എന്ന പരാമര്‍ശം പൊതുസമൂഹത്തില്‍ ഉണ്ടാക്കിയ മതസ്പര്‍ധയുടെ ആഴം എന്തുമാത്രം ഭീതിദമായിരുന്നു! കോവിഡ് കാലത്ത് ബി.ജെ.പിയുടെ എത്രയെത്ര നേതാക്കള്‍ വര്‍ഗീയവിഷം തുപ്പുന്ന പ്രസ്താവനകളിറക്കി! അതേസമയം 124 (എ), 153 (എ) എന്നീ വകുപ്പുകളാണ് സഫറുല്‍ ഇസ്ലാം ഖാന്‍ തന്റെ സ്വകാര്യ ട്വിറ്റര്‍ പേജില്‍ നടത്തിയ അഭിപ്രായപ്രകടനത്തിനെതിരെ ചുമത്തിയത്. ഒറ്റ ബി.ജെ.പി നേതാവിനെതിരെ പോലും തബ്ലീഗ് വിഷയത്തില്‍ പോലീസ് കേസെടുത്തിട്ടില്ല. ധ്രുവീകരണം ഒരു രാഷ്ട്രീയ അവകാശമാണെന്ന് ധരിച്ച ഈ ബി.ജെ.പി നേതാക്കള്‍ ദല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറെ കണ്ട് ഖാനെ ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാന്‍ സ്ഥാനത്തു നിന്നും നീക്കണമെന്ന് ആവശ്യപ്പെടുവോളം ഈ അസംബന്ധ നാടകം മുഴുക്കുന്നതാണ് പിന്നീട് കണ്ടത്. എന്നിട്ടും പോരാഞ്ഞ് ഒരു മുന്‍ ബാങ്ക് ഉദ്യോഗസ്ഥനെ ഡമ്മിയാക്കി നിര്‍ത്തി ദല്‍ഹി ഹൈക്കോടതിയില്‍ കേസ് കൊടുക്കുകയും ചെയ്തിരിക്കുന്നു.
തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അത് പ്രകടിപ്പിച്ച സമയത്തില്‍ അനൗചിത്യമുണ്ടായെങ്കില്‍ അതില്‍ ക്ഷമ ചോദിക്കുന്നുവെന്നുമാണ് ഖാന്‍ നടത്തിയ പ്രതികരണം. രാജ്യം കോവിഡിനെതിരെ ഒറ്റക്കെട്ടായി നീങ്ങുന്ന സമയത്ത് ഈ പ്രസ്താവന ഒഴിവാക്കാമായിരുന്നു. എന്നാല്‍ ഇന്ത്യയില്‍  മുസ്ലിംകള്‍ക്കെതിരെ വിദ്വേഷ പ്രചാരണം ഇല്ലെന്ന് തനിക്ക് പറയാനാവില്ലെന്നും വിദ്വേഷ പ്രചാരണങ്ങളില്‍ നിന്നും വംശഹത്യകളില്‍ നിന്നും ഇന്ത്യയെയും തന്റെ സമുദായത്തെയും സംരക്ഷിക്കാനായി ഇത്രയും കാലം സ്വീകരിച്ച നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ഖാന്‍ പറഞ്ഞു. അദ്ദേഹത്തെ അദ്ദേഹമിരിക്കുന്ന കസേരയില്‍ നിന്ന് പുറത്താക്കാന്‍ ബി.ജെ.പിക്കും കെജ്രിവാളിനും ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല. പക്ഷേ എന്താണോ ഖാന്‍ ട്വീറ്റ് ചെയ്തത് അതിന്റെ ഏറ്റവും വലിയ തെളിവായി ഈ പുറത്താക്കല്‍ മാറുമെന്ന ഭയമാണ് ഇപ്പോള്‍ അവരെ പിടിച്ചുനിര്‍ത്തുന്നത്.
മാധ്യമലോകം ഏതാണ്ട് സമ്പൂര്‍ണമായും കാവിവല്‍ക്കരിക്കപ്പെട്ട ഇന്ത്യയില്‍  മുസ്ലിംകളെ പൈശാചികവല്‍ക്കരിക്കുന്നതില്‍ ഇലക്‌ട്രോണിക്, അച്ചടി, റേഡിയോ വകഭേദങ്ങളൊന്നും തന്നെ ഒന്നു മറ്റൊന്നില്‍ നിന്ന് വ്യത്യസ്തമായിരുന്നില്ല. കോവിഡ് കാലത്ത് അച്ചടി മാധ്യമങ്ങളുടെ വിതരണം മിക്ക നഗരങ്ങളിലും നിലക്കുകയോ നാമമാത്രമാവുകയോ ചെയ്തതോടെ തക്കംപാര്‍ത്തിരുന്നതു പോലെയാണ് ഗവണ്‍മെന്റ് അതിന്റെ വര്‍ഗീയ അജണ്ടകള്‍ക്ക് മൂര്‍ച്ച കൂട്ടാനിറങ്ങിയത്. ജാമിഅയിലെ ഗവേഷക വിദ്യാര്‍ഥികളായ മീരാന്‍ ഹൈദറിനെയും സഫൂറാ സര്‍ഗറിനെയും അറസ്റ്റ് ചെയ്ത രീതിയില്‍ ഇതുണ്ട്. സി.എ.എക്കെതിരെ പ്രസംഗിച്ച കുറ്റത്തിന് ദല്‍ഹി പോലീസിന്റെ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ വിളിപ്പിച്ച ഇവരെ പിന്നീട് ദല്‍ഹി കലാപത്തിന്റെ ഗൂഢാലോചനാ കുറ്റം ചുമത്തി യു.എ.പി.എ അടക്കമുള്ള കിരാത നിയമങ്ങള്‍ ചാര്‍ത്തി അറസ്റ്റ് ചെയ്ത് ജയിലിലിടുകയാണുണ്ടായത്. 300-ാളം സാമൂഹിക പ്രവര്‍ത്തകരും എഴുത്തുകാരും ബുദ്ധിജീവികളും ഒപ്പിട്ടു നല്‍കിയ പ്രതിഷേധക്കുറിപ്പിന് തരിമ്പുപോലും ദല്‍ഹി പോലീസ് വിലകല്‍പ്പിക്കുന്നത് കാണാനുണ്ടായിരുന്നില്ല. അത് റിപ്പോര്‍ട്ട് ചെയ്യാന്‍ പോലും മോദിഭക്തരായ മാധ്യമങ്ങള്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. കശ്മീരിലാകട്ടെ കൂടുതല്‍ ഭയാനകമായ രീതിയിലായിരുന്നു മാധ്യമങ്ങളെ അടിച്ചമര്‍ത്തുന്നുണ്ടായിരുന്നത്. ഗെറ്റി ഇമേജസിലേക്ക് ഒരു ഫോട്ടോ നല്‍കിയ മസ്റത്ത് സഹ്റ എന്ന 26കാരിയായ വനിതാ ജേണലിസ്റ്റിനെതിരെ കശ്മീര്‍ പോലിസ് യു.എ.പി.എ ചുമത്തി. 16 മാസം മുമ്പേ അവര്‍ നല്‍കിയ ഫോട്ടോയെ ചൊല്ലിയാണ് കോവിഡ് ലോക്ക്  ഡൗണിനിടയില്‍ അറസ്റ്റ് നടത്തിയത്. 'ഹിന്ദു' ദിനപത്രത്തിന്റെ ലേഖകന്‍ പീര്‍സാദാ ആശിഖിനെതിരെയും 'വോയ്‌സ് ഓഫ് അമേരിക്ക'യുടെ സ്ട്രിംഗര്‍ ഗൗഹര്‍ ഗീലാനിക്കെതിരെയും അവര്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകളുടെയും ദൃശ്യങ്ങളുടെയും പേരില്‍ യു.എ.പി.എ ചുമത്തി. ലശ്കര്‍ ഭീകരനെന്ന് മുദ്രകുത്തി ഏറ്റുമുട്ടലില്‍ വധിച്ച സജ്ജാദ് ദാറിന്റെ മയ്യിത്ത് നമസ്‌കാരത്തില്‍ പങ്കെടുക്കാനായി ആയിരക്കണക്കിനാളുകള്‍ ഒരു കിലോമീറ്ററോളം നീളത്തില്‍ നടന്നു വരുന്നതിന്റെ ദൃശ്യം പകര്‍ത്തിയതായിരുന്നു പീര്‍സാദയുടെ കുറ്റം. ഇങ്ങനെയൊക്കെ കശ്മീരിലെ മാധ്യമ പ്രവര്‍ത്തകരെ അടിച്ചൊതുക്കുമ്പോഴും ഇത്തവണ പുലിറ്റ്സര്‍ പുരസ്‌കാരത്തിന് അര്‍ഹരായ മൂന്ന് ഫോട്ടോ ജേണലിസ്റ്റുകളും എ.എഫ്.പിക്കു വേണ്ടി കശ്മീരില്‍ ജോലി ചെയ്യുന്നവരായിരുന്നു. 370-ാം വകുപ്പ് എടുത്തുകളഞ്ഞതിനു ശേഷമുള്ള കാലത്തെ കശ്മീരിന്റെ ആകുലതകളെ കുറിച്ച് ഇവര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ അന്താരാഷ്ട്ര അംഗീകാരം ലഭിച്ചത് കേന്ദ്ര സര്‍ക്കാറിനെ കുറച്ചൊന്നുമല്ല അസ്വസ്ഥപ്പെടുത്തുന്നുണ്ടാവുക.
ലോകം ഇന്ത്യയെ തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു എന്നതു തന്നെയാണ് വസ്തുത. കോവിഡാനന്തര കാലത്തെ ലോകക്രമത്തില്‍ ഇന്ത്യക്ക് വാചകക്കസര്‍ത്ത് കൊണ്ട് മുഖംമിനുക്കാന്‍ കഴിയണമെന്നില്ല. ചൈന കൂടുതല്‍ ശക്തമാവുകയാണ്, അമേരിക്കയാകട്ടെ ദുര്‍ബലമാവുകയും. എക്കാലത്തും ഇന്ത്യയെ കണ്ണടച്ചു വിശ്വസിച്ച അറബികള്‍ പുതിയ തിരിച്ചറിവിന്റെ പാതയിലാണ്. ലോകരാജ്യങ്ങള്‍ക്ക് കൊടുത്തു തീര്‍ക്കാനുള്ള കടം മന്‍മോഹന്‍ കാലത്തു നിന്നും ഇരട്ടിയിലേറെ പെരുകി, രാജ്യത്തിനകത്ത് തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമാവുന്ന ഇന്ത്യ ആഗോള മാര്‍ക്കറ്റില്‍നിന്ന് പുറംതള്ളപ്പെടുന്ന കാലത്തെ കുറിച്ച് കൂടുതല്‍ ഗൗരവേത്താടെയുള്ള ചര്‍ച്ചകള്‍ നടക്കേണ്ടിയിരിക്കുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (38-41)
ടി.കെ ഉബൈദ്‌