Prabodhanm Weekly

Pages

Search

2020 മെയ് 15

3152

1441 റമദാന്‍ 22

ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുന്ന ഹിന്ദുത്വ പ്രചാരണങ്ങള്‍

തല്‍മീസ് അഹ്മദ്

ഗള്‍ഫ് രാജ്യങ്ങളുമായി ബന്ധം സുദൃഢമാക്കാന്‍ തന്റെ മുന്‍ഗാമികളേക്കാള്‍ സമയവും ശ്രമവും  കൂടുതല്‍ ചെലവഴിച്ചിട്ടുണ്ട്, പ്രധാനമന്ത്രി പദത്തില്‍ ആറു വര്‍ഷം പൂര്‍ത്തിയാക്കുന്ന നരേന്ദ്ര മോദി. ഈ ശ്രമങ്ങളെ അതേ ഊഷ്മളതയോടെ തിരിച്ചുനല്‍കി ഗള്‍ഫ് രാജ്യങ്ങളും ഒപ്പമുണ്ട്. ഇരുവശത്തേക്കും നിലക്കാത്ത നിരന്തര സന്ദര്‍ശനങ്ങള്‍, വ്യക്തിഗത സൗഹൃദത്തിന്റെ നനവുള്ള കൈമാറ്റങ്ങള്‍, രാഷ്ട്രീയ-ഊര്‍ജ-സാമ്പത്തിക മേഖലകളിലെ എണ്ണമറ്റ കരാറുകള്‍ തുടങ്ങിയവ ഈ പാരസ്പര്യത്തെ ക്രമപ്രവൃദ്ധമായി ഉര്‍വരമാക്കി.
കൊറോണാ വൈറസ് മഹാമാരി സൃഷ്ടിച്ച വെല്ലുവിളിയുമായി ലോകം മല്ലിടുന്ന ഈ അസാധാരണ ഘട്ടത്തില്‍ പക്ഷേ, വര്‍ഷങ്ങളെടുത്ത് പ്രധാനമന്ത്രി രൂപപ്പെടുത്തി രൂഢമാക്കിയ സൗഹൃദം അപകട മുനമ്പിലാണ്. പുറത്തുനിന്നുള്ള വൈരികളല്ല, പ്രശ്‌നക്കാരായി പിന്നില്‍. മറിച്ച്, അദ്ദേഹം നിലയുറപ്പിച്ച ദര്‍ശനത്തിന്റെയും രാഷ്ട്രീയത്തിന്റെയും ഭാഗമായ ആള്‍ക്കൂട്ടം- അഥവാ ഹിന്ദുത്വ ബ്രിഗേഡ്- തന്നെയാണ് എല്ലാം തകര്‍ക്കുന്നത്. എത്ര പെട്ടെന്നാണ്, സമൂഹ മാധ്യമങ്ങളിലെ ട്വീറ്റുകള്‍, മുഖ്യധാരാ ടെലിവിഷന്‍ മാധ്യമങ്ങളിലെയും പത്ര പംക്തികളിലെയും റിപ്പോര്‍ട്ടുകള്‍ എന്നിവ ഗള്‍ഫ് രാജ്യങ്ങളിലെ ഉപരിവര്‍ഗമായ രാജകുടുംബാംഗങ്ങള്‍, വ്യവസായികള്‍, പ്രഫഷനലുകള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവര്‍ ഒരു വശത്തും ഇന്ത്യയിലെ ഹിന്ദുത്വ ദേശീയവാദികള്‍ മറുവശത്തും നിലയുറപ്പിച്ച കൊമ്പുകോര്‍ക്കലുകളുടെ വേദിയായത്.
ഒരു കണ്‍സള്‍ട്ടന്‍സി കമ്പനി നടത്തുന്ന, യു. എ. ഇയില്‍ താമസക്കാരനായ സൗരഭ് ഉപാധ്യായ എന്നൊരാള്‍ തബ്‌ലീഗ് ജമാഅത്ത് അംഗങ്ങള്‍ക്കുമേല്‍ അധിക്ഷേപം ചൊരിഞ്ഞ് പോസ്റ്റ് ചെയ്ത ട്വീറ്റില്‍നിന്നായിരുന്നു എല്ലാറ്റിന്റെയും തുടക്കം. തബ്‌ലീഗുകാര്‍ ജനങ്ങള്‍ക്കു മേല്‍ 'ജിഹാദിന്റെ പുതുരൂപ'മാണ് തുപ്പുന്നതെന്നായിരുന്നു ട്വീറ്റിലെ ഒരു പരാമര്‍ശം. ഉഗ്രവിഷമുള്ള ട്വീറ്റ് അവസാനിക്കുന്നത് ഇങ്ങനെ: 'റാഡിക്കല്‍ ഇസ്ലാമിക് തബ്‌ലീഗീ ഭീകരര്‍ക്കും സാത്താന്റെ സന്തതികളായ റാഡിക്കല്‍ ഇസ്ലാമിന്റെ മറ്റു സന്തതികള്‍ക്കും മരണം.' ആണയിടാന്‍ ചില ഹിന്ദി പദങ്ങള്‍ കൂടി ചേര്‍ത്താണ് ട്വീറ്റ് അവസാനിപ്പിക്കുന്നത്.

ട്വീറ്റുകളുടെ പോര്

ഗള്‍ഫിന്റെ ചരിത്രത്തില്‍ അത്യപൂര്‍വ സംഭവമെന്നോണം, ഇതിന് പ്രതികരണവുമായി എത്തിയത് ഷാര്‍ജ രാജകുടുംബത്തിലെ ശൈഖ ഹിന്ദ് അല്‍ഖാസിമിയാണ്. ഇന്ത്യയുമായി ഹൃദയം കൊണ്ടെഴുതിയ ആത്മബന്ധം സൂചിപ്പിച്ച് അവര്‍ പറഞ്ഞു: 'ഈ ഔദ്ധത്യം പൊറുക്കാനാവില്ല... അന്നം കണ്ടെത്തുന്ന അതേ മണ്ണിനെ അവമതിക്കുന്നത് കണ്ടില്ലെന്നു നടിക്കാനുമാവില്ല.' പൗരന്മാരാകട്ടെ, അല്ലാത്തവരാകട്ടെ, വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്നത് നിരോധിക്കുന്ന യു.എ.ഇ നിയമങ്ങളും അനുബന്ധമായി അവര്‍  എടുത്തു ചേര്‍ത്തു.
അവിടെ നിര്‍ത്താതെ, മാര്‍ച്ച് ഒമ്പതു മുതല്‍ 19 വരെ കാലയളവില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ആയിരക്കണക്കിന് ഹിന്ദു തീര്‍ഥാടകര്‍ സംഗമിച്ച പരിപാടികളുടെ പട്ടിക നിരത്തിയ ശൈഖ ഹിന്ദ് 4,000 തബ്‌ലീഗുകാര്‍ ഒത്തുകൂടിയ ഈ സംഗമത്തിനും അതേ പശ്ചാത്തലമേയുള്ളൂവെന്നും വിശദീകരിച്ചു. സമൂഹ മാധ്യമങ്ങളില്‍ ഇതിനെതിരെ രംഗത്തെത്തിയ ഹിന്ദുത്വ കാമ്പയിന്‍ മാനേജര്‍മാരോട് 'മനുഷ്യന്റെ യശസ്സും അവകാശങ്ങളും സ്ഥാപിച്ചുകിട്ടാന്‍ നിര്‍ഭീതനായി പൊരുതിയ പോരാളിയായിരുന്നു ഗാന്ധിയെന്നും അദ്ദേഹമാണ് തന്റെ ഹൃദയം കീഴടക്കിയതെന്നും' അവര്‍ കൂട്ടിച്ചേര്‍ത്തു. വെറുപ്പിന്റെ പ്രചാരകര്‍ക്കെതിരെ സമാധാനത്തിന്റേതാണ് തന്റെ വഴിയെന്നുകൂടി ഓര്‍മിപ്പിച്ചു. ഒരു ഇന്ത്യന്‍ ടെലിവിഷന്‍ ചാനല്‍ നടത്തിയ അഭിമുഖത്തില്‍ 'ഹിന്ദുഫോബിയ'യെയും വിമര്‍ശിക്കുമോയെന്ന ചോദ്യത്തിന് യു.എ.ഇയില്‍ ആരും ഹിന്ദുക്കളെ വെറുക്കുന്നില്ലെന്നായിരുന്നു അവരുടെ പ്രതികരണം.
രാജകുടുംബം ഇടപെട്ട വിഷയമെന്ന നിലവന്നതോടെ മലവെള്ളപ്പാച്ചില്‍ കണക്കെയായിരുന്നു വിഷയത്തില്‍ പിന്നീട് അഭിപ്രായ പ്രകടനങ്ങള്‍. 'ഇസ്ലാംഭീതി' വിഷയത്തിലെ വിദഗ്ധനും യു.എസ് ആസ്ഥാനമായുള്ള അക്കാദമിക വിശാരദനുമായ ഖാലിദ് ബെയ്ദൂന്‍ 'ദ ന്യൂ അറബി'ല്‍ എഴുതിയ ലേഖനം തബ്‌ലീഗുകാര്‍ കാണിച്ച അതിരുകടക്കലിന്റെ പേരില്‍ ഇന്ത്യന്‍ മുസ്ലിംകള്‍ സമ്പൂര്‍ണമായി മുദ്രകുത്തപ്പെടുകയാണെന്ന് എഴുതി. ഇന്ത്യയില്‍ കൊറോണാ വൈറസ് വാഹകരായി ചാപ്പകുത്തുന്നതിനു പുറമെ 'കൊറോണാ ജിഹാദും മുസ്ലിം വൈറസും' വരെ എഴുന്നള്ളപ്പെടുന്നുവെന്നും ലേഖനം പറയുന്നു.
ഇന്ത്യയിലെ ഇസ്ലാംഭീതി 'സര്‍ക്കാര്‍ സ്‌പോണ്‍സേഡ്' ആണെന്നും, ലോകം മുഴുക്കെ പിടിച്ചുലച്ച ഈ മഹാമാരിയില്‍  രാജ്യത്തിന്റെ ഉത്കണ്ഠ മുതലെടുത്ത് മുസ്ലിംകള്‍ക്ക് പൈശാചിക മുദ്ര നല്‍കാനാണ് പുതിയ ഹിന്ദുത്വ അജണ്ടയെന്നും ലേഖനം ആരോപിക്കുന്നു.
സുഊദി അറേബ്യയിലെ മതപണ്ഡിതനായ ശൈഖ് ആബിദി അല്‍സഹ്‌റാനി 'ഹിന്ദുത്വയെ തിരിച്ചയക്കൂ' എന്ന ഹാഷ്ടാഗില്‍  ഇസ്ലാമിനും മുസ്ലിംകള്‍ക്കും പ്രവാചകനുമെതിരെ വെറുപ്പ് പ്രസരിപ്പിക്കുന്ന ജി.സി.സി രാജ്യങ്ങളിലെ തീവ്ര ഹിന്ദുത്വ വക്താക്കളെ തിരിച്ചറിഞ്ഞ് ലിസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് രംഗത്തെത്തി. ദശലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ഗള്‍ഫില്‍ കഴിയുന്നതെന്നും അവര്‍ക്ക് കോവിഡ് വന്നാല്‍ സൗജന്യമായി ചികിത്സ നല്‍കുമെന്നും എന്നിട്ടും 'ഹിന്ദുത്വ തീവ്രവാദ ശക്തികള്‍ മുസ്ലിം പൗരന്മാര്‍ക്കെതിരെ അതിക്രമം തുടരുകയാണെന്നും' മറ്റൊരു ട്വീറ്റില്‍ അദ്ദേഹം കുറിച്ചു.
ഗള്‍ഫില്‍ പ്രമുഖ പ്രാദേശിക കമ്പനിയില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായ പ്രീതി ഗിരി ട്വീറ്റ് ചെയ്തത് നടന്‍ ആമിര്‍ ഖാന്‍ തബ്‌ലീഗ് ജമാഅത്തുകാരനാണെന്നും തബ്‌ലീഗ് ജമാഅത്തെന്നാല്‍ 99 ശതമാനം ദയൂബന്ദിയായ സുന്നി, ഹനഫി വിശ്വാസസംഹിതയാണെന്നും അവരുടെ സിനിമക്കു പിന്നാലെ ഓടുന്ന വിഡ്ഢികളാകരുതെന്നുമായിരുന്നു. ഗിരിയെ ശാസിച്ച് പ്രമുഖ യു.എ.ഇ വ്യവസായി നൂറ അല്‍ഗുറൈര്‍ തന്നെ സമൂഹ മാധ്യമത്തില്‍ രംഗത്തെത്തി: 'വെറുപ്പ് നിറഞ്ഞ നിങ്ങളുടെ യുക്തി പ്രകാരം, സുന്നികള്‍ ആ പ്രസ്ഥാനത്തിന്റെ ഭാഗമാകുക വഴി തീവ്രവാദികളാണെന്നാണോ? നിങ്ങള്‍ ജീവിക്കുന്ന നാട്ടിലെ ഭരണാധികാരികള്‍ മുഴുവന്‍ സുന്നികളാണെന്ന് നിങ്ങള്‍ക്കറിയുമോ? ഞങ്ങളെ ബഹിഷ്‌കരിക്കാനാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്?'
സ്വീഡനിലെ ഉപ്പഷാല യൂനിവേഴ്‌സിറ്റിയിലെ ഇന്ത്യന്‍ വംശജനായ  അധ്യാപകന്‍ അശോക് സ്വെയ്ന്‍ ദുബൈ ആസ്ഥാനമായ 'ഗള്‍ഫ് ന്യൂസ്' പത്രത്തില്‍ ഏപ്രില്‍ 22-ന് ലേഖനമെഴുതി. കോവിഡ് മഹാമാരിയെ ഹിന്ദുത്വ ശക്തികള്‍ ബോധപൂര്‍വം എങ്ങനെ വര്‍ഗീയവത്കരണ സ്രോതസ്സായി മാറ്റിയെന്നായിരുന്നു വിഷയം. 'കോവിഡ് വ്യാപനത്തോടെ ഇന്ത്യയില്‍ ഇസ്ലാംഭീതി മൂര്‍ധന്യത്തിലെത്തിയിരിക്കുന്നു. ഇതൊരു പ്രാഥമിക പ്രതികരണം എന്നുപറഞ്ഞ് തള്ളാനാകില്ല. മറിച്ച്, കൃത്യമായ ആസൂത്രണത്തോടെ കണിശമായി നടപ്പാക്കപ്പെടുന്ന രാഷ്ട്രീയ അജണ്ടയാണ്.'
മഹാമാരിയെ കൈകാര്യം ചെയ്യുന്നതില്‍ ഭരണകൂടത്തിന്റെ വീഴ്ചകളും അനിവാര്യമായ കടുത്ത സാമ്പത്തിക പ്രതിസന്ധിയും ചൂണ്ടിക്കാട്ടുന്ന അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നതിങ്ങനെ: 'ഇന്ത്യയിലെ ഹിന്ദുത്വ ശക്തികള്‍ കൊറോണാ വൈറസ് പ്രതിസന്ധിക്ക് വര്‍ഗീയഛായ നല്‍കാനാണ് ശ്രമം നടത്തുന്നത്. ഗുരുതര നയപാളിച്ചകളില്‍നിന്ന് തത്കാല പഴുതാകുമെന്നു മാത്രമല്ല, ബിഹാര്‍ പോലുള്ള സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള അവസരം കൂടിയായി ഈ മുസ്ലിം വിരുദ്ധ അന്തരീക്ഷത്തെ പ്രയോജനപ്പെടുത്താമെന്നും അവര്‍ കണക്കുകൂട്ടുന്നു. കൊറോണാ വൈറസ് ഇന്ത്യക്ക് കനത്ത പ്രതിസന്ധിയാണ് സമ്മാനിച്ചിരിക്കുന്നത്. പക്ഷേ, നരേന്ദ്ര മോദി സര്‍ക്കാറിന് ഇതും ശക്തമായ രാഷ്ട്രീയ ആയുധമാണ്.'

വിദ്വേഷ കാമ്പയിന്‍ ഗള്‍ഫില്‍ പരക്കുന്ന വിധം

ഈ ട്വീറ്റുകള്‍ പറന്നുനടക്കുന്നതിനിടെ, സ്വയം പ്രഖ്യാപിത മുസ്ലിം പണ്ഡിതനായ താരിഖ് ഫത്താഹിനെ (ഹിന്ദുത്വ കേന്ദ്രങ്ങള്‍ക്ക് നേരത്തേ പ്രിയ പുത്രനായിരുന്നു) ഉദ്ധരിച്ച് ബി.ജെ.പി പാര്‍ലമെന്റംഗം തേജസ്വി സൂര്യയുടെ 2015-ലെ ട്വീറ്റും പുറത്തെത്തി: '95 ശതമാനം അറബ് വനിതകളും നൂറ്റാണ്ടുകളായി രതിമൂര്‍ഛ ഒരിക്കലും അനുഭവിക്കാറില്ല. കുട്ടികള്‍ പിറക്കുന്നതില്‍ അവര്‍ക്ക് ലൈംഗികത മാത്രമേയുള്ളൂ, സ്‌നേഹത്തിന്റെ സാന്നിധ്യമില്ല.'
കടുത്ത വിമര്‍ശനമാണ് ഇതിനെതിരെ ഉയര്‍ന്നത്. ദുബൈയിലെ പ്രമുഖ വ്യവസായി നൂറ ഗുറൈര്‍ പ്രതികരിച്ചത്: 'ഏറ്റവും മികച്ച ചില വനിതാ രത്‌നങ്ങളുടെ നാടായിട്ടും, പെണ്ണിനോട് ആദരവ് മനസ്സിലാകാത്ത നിങ്ങളുടെ ശിക്ഷണത്തില്‍ ലജ്ജ തോന്നുന്നു.' ഭാവിയിലെങ്ങാനും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഭാഗമായാല്‍ 'അറബ് നാടുകളില്‍ വരാതെ ശ്രദ്ധിക്കണമെന്നു'കൂടി ട്വീറ്റ് ആവശ്യപ്പെടുന്നുണ്ട്.  കുവൈത്തുകാരനായ കമന്റേറ്റര്‍ അബ്ദുര്‍ റഹ്മാന്‍ നസ്സാര്‍ നേരിട്ട് പ്രധാനമന്ത്രിക്ക് ട്വീറ്റ് ചെയ്തത് തേജസ്വി സൂര്യയെ പാര്‍ലമെന്റ് അംഗത്വത്തില്‍നിന്ന് പുറത്താക്കണമെന്നാണ്. കുവൈത്തില്‍ കോവിഡ് ബാധിച്ച ഏറ്റവും വലിയ സമൂഹം ഇന്ത്യക്കാരാണെന്നും അവര്‍ക്ക് ഏറ്റവും മികച്ച ആശുപത്രികളില്‍ മികച്ച ചികിത്സ ഉറപ്പാക്കുന്നുണ്ടെന്നും ട്വീറ്റ് പറയുന്നു. ഇന്ത്യക്കാര്‍ ശതകോടിക്കണക്കിന് ഡോളറുകളാണ് നാട്ടിലേക്ക് അയക്കുന്നത്. എല്ലാ ഇന്ത്യക്കാരും ഗള്‍ഫ് രാജ്യങ്ങളില്‍ നല്ലനിലയിലാണ് പരിചരിക്കപ്പെടുന്നത്. ഇന്ത്യയില്‍ മുസ്ലിംകളുടെ പരിചരണം എങ്ങനെയാണെന്നുകൂടി ട്വീറ്റ് ചോദിക്കുന്നു.
    കുവൈത്ത് അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ മിജ്ബാല്‍ ശരികയും സൂര്യയുടെ ട്വീറ്റിനെതിരെ രംഗത്തുവന്നു. 'ഞങ്ങളുടെ വനിതകളെ പരസ്യമായി അയാള്‍ അപമാനിച്ചിരിക്കുന്നു. ഇതിനെതിരെ ക്രിമിനല്‍ നടപടി വേണം'- ട്വീറ്റ് ആവശ്യപ്പെടുന്നു.
ഏപ്രില്‍ 19-ന് ആദ്യമായി പ്രധാനമന്ത്രി ഇടപെട്ടു. 'കോവിഡ് 19-ന് വംശവും മതവും വര്‍ണവും ജാതിയും വിശ്വാസവും ഭാഷയും അതിരുകളുമറിയില്ലെന്നും ഐക്യത്തിനും സാഹോദര്യത്തിനുമാകണം നമ്മുടെ പ്രഥമ പരിഗണനയെന്നുമാ'യിരുന്നു ട്വീറ്റ്. ഈ പ്രതികരണത്തിന് പക്ഷേ, ആത്മാര്‍ഥതയും ആവേശവും കുറവാണെന്ന് കരുതിയവര്‍ ഏറെയായിരുന്നു. എന്നല്ല, എന്തും പ്രചരിപ്പിക്കുന്ന അനുയായികള്‍ക്കിടയില്‍ മറിച്ചൊരു സ്വാധീനം ചെലുത്താന്‍ ഇത് മതിയാകുമായിരുന്നുമില്ല. ഏപ്രില്‍ 24-ന് നിലഞ്ജന്‍ മുഖോപാധ്യായ എഴുതിയ കുറിപ്പില്‍ പറയുന്നു:
'അദ്ദേഹത്തിന്റെ (മോദി) വാക്കുകള്‍ പോസ്റ്റ് ചെയ്തത് ബിസിനസ്, തൊഴില്‍ അധിഷ്ഠിത സേവനങ്ങള്‍ക്കായി പ്രഫഷനലുകള്‍ പ്രയോജനപ്പെടുത്തുന്ന പ്ലാറ്റ്‌ഫോമിലായിരുന്നു.
മുസ്ലിംകള്‍ക്കെതിരെ വെറുപ്പ് വമിച്ച് രംഗത്തുള്ള അനുയായികളെ ലക്ഷ്യമിട്ടുള്ള സന്ദേശമായിരുന്നോ, അതോ കോവിഡ് രോഗികളെ മതപരമായി മുദ്രകുത്തുന്നതിന് പ്രധാനമന്ത്രി എതിരാണെന്ന് വരുത്തുക മാത്രമായിരുന്നോ ലക്ഷ്യം എന്നതാണ് പ്രധാന ചോദ്യം. രണ്ടു തലങ്ങളില്‍ ഈ ട്വീറ്റ് അസാധാരണമാണ്. ഒന്ന്, തന്റെ അന്ധരായ ഭക്തര്‍ക്ക് ഒരു സന്ദേശം കൈമാറുകയാണ് മോദിയുടെ ലക്ഷ്യമെങ്കില്‍ അതിന് പറ്റുന്ന പ്ലാറ്റ്ഫോം ആയിരുന്നില്ല 'ലിങ്ക്ഡ്ഇന്‍.' രണ്ട്, വൈറസ് അതിന്റെ ഇരകളെ തെരഞ്ഞെടുക്കുന്നത് മതത്തിന്റെ പേരിലാണെന്നല്ല  ഈ കാമ്പയ്നില്‍ ഉയരുന്ന ആരോപണം; മറിച്ച് മുസ്ലിംകള്‍ ബോധപൂര്‍വം രാജ്യത്ത് മഹാമാരി പടര്‍ത്തുകയായിരുന്നു എന്നാണ്.'
    ഈ ഇടപെടല്‍ അര്‍ധമനസ്സോടെയാണെന്ന് പറയുന്നതിലുമുണ്ട് ന്യായം. വര്‍ഷങ്ങളായി മുസ്ലിംകള്‍ക്കെതിരെ വിദ്വേഷ പ്രചാരണം രാജ്യത്ത് ശക്തമാണ്. ഗള്‍ഫ് മനസ്സാക്ഷിയെ അത് പിടിച്ചുലക്കാന്‍ തുടങ്ങിയത് പക്ഷേ, വളരെ അടുത്തും. അതില്‍ പിന്നെ, ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശികള്‍ വൈകാരിക പ്രകടനവുമായി രംഗത്ത് സജീവമാണ്. കലക്കവെള്ളത്തില്‍ മീന്‍ പിടിച്ച് ഇന്ത്യാവിരുദ്ധ ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിച്ച് പാക് ഏജന്‍സികളെയും കാണാം. വ്യാജ ഐ. ഡികളില്‍ രംഗത്തുള്ള അവര്‍ക്ക് വെള്ളവും വളവും നല്‍കി നിരന്തരം അധിക്ഷേപങ്ങളുമായി ഹിന്ദുത്വ ഭ്രാന്ത് ആവേശിച്ചവര്‍ മറുവശത്തുമുണ്ട്.
   ദല്‍ഹി സമ്മേളനം കഴിഞ്ഞ് നാടുകളിലേക്ക് മടങ്ങിയ തബ്‌ലീഗുകാര്‍ എങ്ങനെ കോവിഡ് പരത്തിയെന്ന് കാണിക്കാന്‍ ഔദ്യോഗിക കണക്കുകളായിരുന്നു നിരത്തപ്പെട്ടത്. ഹോസ്പിറ്റല്‍ വാര്‍ഡുകളില്‍ വിവസ്ത്രരായി നടക്കല്‍, വെജിറ്റേറിയന്‍ ഭക്ഷണം എറിഞ്ഞുകളയല്‍, നഴ്‌സുമാര്‍ക്കെതിരായ അശ്ലീല പ്രകടനം, വാര്‍ഡുകളില്‍ മലമൂത്ര വിസര്‍ജനം തുടങ്ങി ഇവരുടെ സ്വാഭാവദൂഷ്യത്തെ കുറിച്ച നിറംപിടിപ്പിച്ച കഥകളും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. മുസ്ലിംകളെന്നാല്‍ വൃത്തിഹീനരും വിലക്ഷണരും ഭോഗാസക്തരും സര്‍വോപരി അപകടകാരികളുമെന്ന ഹിന്ദുത്വ ധാരണകളെ അരക്കിട്ടുറപ്പിക്കുന്നതില്‍ ഇവ വിജയംകണ്ടു.
മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളില്‍ ചിലര്‍ തന്നെ മുസ്ലിംകളെ 'മനുഷ്യ ബോംബുകള്‍', 'മനുഷ്യവംശത്തിന്റെ ശത്രുക്കള്‍' എന്നിങ്ങനെയാണ് വിശേഷിപ്പിച്ചത്. 'കൊറോണാ ജിഹാദ്', 'മുസ്ലിം വൈറസ്' തുടങ്ങിയ പ്രയോഗങ്ങള്‍ പതുക്കെ ദേശീയ പദാവലിയില്‍ ഇടംപിടിച്ചതും നാം കണ്ടു.
ഇവയെല്ലാം ശുദ്ധ നുണകളായിരുന്നു. തബ്‌ലീഗുകാരുടെ സ്വഭാവദൂഷ്യ റിപ്പോര്‍ട്ടുകള്‍ അധികൃതര്‍ തന്നെ പിന്നീട് തള്ളി. തുടക്കത്തില്‍ ഇത് അവതരിപ്പിക്കാന്‍ കാണിച്ച ആവേശം പക്ഷേ, നിഷേധിക്കുമ്പോള്‍ ഉണ്ടായില്ലെന്നു മാത്രം. തബ്‌ലീഗുകാര്‍ വഴിയുണ്ടായ രോഗവ്യാപന കണക്കുകളുടെ കഥയിലുമുണ്ട് കൗതുകം. ഇതെങ്ങനെ സാധ്യമായെന്ന് ഐറിന അക്ബര്‍ വിശദീകരിക്കുന്നു: 'മാര്‍ച്ച് 29-30 തീയതികളിലെ ഭൂരിപക്ഷം പോസിറ്റീവ് കേസുകളും തബ്‌ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ടായത്, ഈ ഘട്ടത്തില്‍ പ്രധാനമായി അവരുടെ പരിശോധനകളാണ് നടന്നത് എന്നതുകൊണ്ടാണ്. പൊതുവായ പരിശോധന അപ്പോഴും വളരെ കുറവായിരുന്നു.' സാംപഌങ് പക്ഷപാതം എന്നേ ഇതിനെ വിളിക്കാനാവൂ എന്ന് ഐറിന അഭിപ്രായപ്പെടുന്നു.
വിവാദം സൃഷ്ടിച്ച പ്രതിസന്ധി പരിഹരിക്കാന്‍ കൂടുതല്‍ ഇടപെടല്‍ ആവശ്യമാണെന്നു കണ്ട് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ വ്യക്തിപരമായി ഇതില്‍ ഇടപെടുന്നതും കണ്ടു. യു.എ.ഇ, ഖത്തര്‍, ഒമാന്‍, സുഊദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി അദ്ദേഹം സംഭാഷണം നടത്തി. റമദാന്‍ മാസത്തില്‍ ആവശ്യമായ ഭക്ഷ്യവിതരണം ഇന്ത്യ ഉറപ്പാക്കുമെന്നും മഹാമാരിയെ നേരിടാനുള്ള മരുന്ന് നല്‍കുമെന്നും അദ്ദേഹം ഉറപ്പു നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗള്‍ഫ് കൂടി ഉള്‍പ്പെടുന്ന പടിഞ്ഞാറിനോട് ആഭിമുഖ്യം ഇന്ത്യ ഇനിയും തുടരുമെന്നും ടെലിവിഷന്‍ റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാണ്ടി.

ഇന്ത്യാ-ഗള്‍ഫ് ബന്ധങ്ങള്‍

ഗള്‍ഫ് രാഷ്ട്രങ്ങള്‍ മുമ്പ് കാര്യമാത്ര ശ്രദ്ധ നല്‍കാതിരുന്ന തീവ്രഹിന്ദുത്വ ശക്തികളുടെ പ്രതിലോമ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ അവരുടെ കണ്ണാടിയില്‍ കൂടുതല്‍ തെളിമയോടെ പതിച്ചുതുടങ്ങിയതാണ് വലിയ മാറ്റം. നിരന്തര വാചാടോപങ്ങള്‍ക്കിടെയും ഗള്‍ഫ് രാജ്യങ്ങള്‍ക്കും ഇന്ത്യക്കുമിടയിലെ ബന്ധം ശക്തമായി തുടരുന്നത് ഹിന്ദുത്വ അണികളെ അമ്പരപ്പിച്ചിട്ടുണ്ടാകണം. ശീതയുദ്ധകാലത്ത്, ജി.സി.സി രാജ്യങ്ങള്‍ പാകിസ്താനുമായി രാഷ്ട്രീയ, സൈനിക തലങ്ങളില്‍ സൗഹൃദം തുടര്‍ന്നത് ഒരു മുസ്ലിം രാജ്യമെന്ന നിലക്കായിരുന്നില്ല. മറിച്ച്, ഇരുവരും നിലയുറപ്പിച്ചത് അമേരിക്ക മുന്നില്‍ നില്‍ക്കുന്ന ഒരേ ചേരിക്കൊപ്പം ആണെന്നതു കൊണ്ടായിരുന്നു.
ശീതയുദ്ധത്തിനുശേഷം, ജി.സി.സി എന്ന സഖ്യസംവിധാനത്തിന്റെ ഭാഗമായ അറബ് ഗള്‍ഫ് രാഷ്ട്രങ്ങള്‍, പ്രധാനമന്ത്രി എ.ബി വാജ്‌പേയ് നയിച്ച ബി.ജെ.പി സര്‍ക്കാറുമായി സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തി. 2001 ജനുവരിയില്‍ അന്നത്തെ വിദേശകാര്യ മന്ത്രി ജസ്വന്ത് സിംഗ് രിയാദ് സന്ദര്‍ശിച്ചത് ഒരു നാഴികക്കല്ലായിരുന്നു. പ്രതീകാത്മകമായി രണ്ട് അറബിക്കുതിരകളാണ് അന്ന് മന്ത്രിക്ക് സമ്മാനിക്കപ്പെട്ടത്. കിരീടാവകാശി അബ്ദുല്ല രാജകുമാരന്റെ മകന്‍ മിത്അബ് ബിന്‍ അബ്ദുല്ല, അന്ന് ജസ്വന്ത് സിംഗിനോട് പങ്കുവെച്ചത്, 'മന്ത്രിയെ ഞാന്‍ ഇഷ്ടപ്പെടുന്നു. അദ്ദേഹം സത്യസന്ധനാണ്. നമ്മെ പോലെ നാടോടിയാണ്' എന്നായിരുന്നു.
2008-ല്‍ മുംബൈ ഭീകരാക്രമണത്തോടെ ഇന്ത്യാ- സുഊദി ബന്ധം തന്ത്രപ്രധാന തലത്തിലേക്ക് വളര്‍ന്നു. പാകിസ്താന്‍ ഭീകരതയുടെ നഴ്‌സറിയും ആസ്ഥാനവുമായി വളര്‍ന്നെന്ന് ഈ ആക്രമണം വ്യക്തമാക്കിയിരുന്നു. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സൗഹൃദത്തിന്റെ വാഴ്ത്ത് കൂടിയായിരുന്നു പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും അബ്ദുല്ല രാജാവും തമ്മില്‍ 2010 ഫെബ്രുവരിയില്‍ ഒപ്പുവെച്ച രിയാദ് പ്രഖ്യാപനം.
ആ അടിത്തറകളിലൂന്നി ബന്ധത്തിന് കൂടുതല്‍ ഉയരങ്ങള്‍ കുറിക്കുകയായിരുന്നു കഴിഞ്ഞ ആറു വര്‍ഷങ്ങള്‍ക്കിടെ പ്രധാനമന്ത്രി മോദി. സഹസ്രാബ്ദങ്ങളിലൂടെ ഒഴുകിപ്പരന്ന പാരസ്പര്യമാണ് ഇന്ത്യക്കും ഗള്‍ഫ് നാടുകള്‍ക്കുമിടയിലുള്ളത്. മോദിയും ഗള്‍ഫ് നേതാക്കളുമായി നടന്ന ഓരോ സംഭാഷണത്തിനുമൊടുവിലെ സംയുക്ത പ്രസ്താവന ഈ പൈതൃകത്തിന്റെ ഗരിമ പ്രഖ്യാപിക്കുന്നവയാണ്.
2015 ആഗസ്റ്റിലെ ഇന്ത്യാ- യു.എ.ഇ സംയുക്ത പ്രസ്താവന മുതല്‍ 2018 ഫെബ്രുവരിയില്‍ ഇന്ത്യാ- ഒമാന്‍ പ്രഖ്യാപനം വരെ ഈ ശ്രേണിക്ക് നീളംകൂടും.
വാചാടോപങ്ങള്‍ക്കപ്പുറത്ത് സുദൃഢമായ ഇടപാടുകളായി മോദിയുടെ പ്രധാനമന്ത്രി പദത്തിനിടെ ഈ ബന്ധം വളര്‍ന്നതാണ്. യു.എ.ഇയും സുഊദി അറേബ്യയും ഇന്ത്യയില്‍ വന്‍കിട നിക്ഷേപത്തിന് ഒരുക്കമറിയിച്ചതും ഇതിന്റെ തുടര്‍ച്ചയാണ്. യു.എ.ഇ 70 ബില്യന്‍ ഡോളറിന്റെയാണെങ്കില്‍ സുഊദി പ്രഖ്യാപിച്ചത് 100 ബില്യന്‍ ഡോളറിന്റെയായിരുന്നു. ഇന്ത്യയിലെ അടിസ്ഥാന വികസന മേഖലക്കു പുറമെ ഊര്‍ജം, വ്യവസായം എന്നിവയുടെയും വികസനമായിരുന്നു ലക്ഷ്യം. ചില പദ്ധതികള്‍ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. യു.എ.ഇയുടെ ഏറ്റവും വലിയ വ്യക്തിഗത പുരസ്‌കാരമായ 'ഓര്‍ഡര്‍ ഓഫ് സായിദ്' 2019 ആഗസ്റ്റിലാണ് പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചത്. പ്രഖ്യാപനം നടത്തിയതാകട്ടെ, ഇന്ത്യ പൊതുതെരഞ്ഞെടുപ്പിന് ഒരുങ്ങിയ ഫെബ്രുവരിയിലും. ആഗസ്റ്റില്‍ ബഹ്‌റൈന്റെ 'കിങ് ഹമദ് ഓര്‍ഡര്‍ ഓഫ് റിനയ്‌സന്‍സും' സമ്മാനിക്കപ്പെട്ടു. 2016-ല്‍ സുഊദിയും സമാനമായി പുരസ്‌കാരം നല്‍കിയതു വേറെ.

മുറിയാത്ത പൈതൃകത്തിന്റെ കണ്ണികള്‍

ഇന്ത്യയും പശ്ചിമേഷ്യന്‍ സംസ്‌കാരങ്ങളും സമൂഹങ്ങളും  5,000 വര്‍ഷത്തെ പൈതൃകത്താല്‍ പരസ്പരം ഇഴചേര്‍ക്കപ്പെട്ടവയാണെന്ന്, മതകീയ ദ്വന്ദങ്ങളാല്‍ അന്ധരാക്കപ്പെട്ട ഹിന്ദുത്വ ബ്രിഗേഡിന് അറിയാതെ പോകേണ്ടതില്ല. ഒരിക്കലും കണ്ണി മുറിയാതൊഴുകിയ ഈ സൗഹൃദത്തിനു മേല്‍ വിശ്വാസം പരിഗണനയേ ആയിരുന്നില്ല. ഹാരപ്പന്‍ സംസ്‌കാരത്തിലെ ജനങ്ങള്‍ക്ക് ബഹ്‌റൈന്‍, ഒമാന്‍ തുടങ്ങിയ ദേശങ്ങളുമായി ബന്ധമുണ്ടായിരുന്നുവെന്ന് പുരാവസ്തു ഗവേഷണങ്ങള്‍ സ്ഥിരീകരിച്ചതാണ്. ധാന്യങ്ങള്‍, തുണിത്തരങ്ങള്‍ തുടങ്ങിയവയുള്‍പ്പെടെ ഇന്നും ഇന്ത്യ കയറ്റി അയക്കുന്ന പല വസ്തുക്കളും അന്നും കപ്പലേറിപ്പോയി. പില്‍ക്കാലത്ത്, അസീറിയ, പേര്‍ഷ്യ, ഈജിപ്ത് എന്നിവയുമായും ഇവര്‍ വഴി റോമന്‍ സാമ്രാജ്യവുമായും ഇന്ത്യ അടുത്ത ബന്ധം നിലനിര്‍ത്തി. ഇസ്ലാം വരുന്നതിന് 2000 വര്‍ഷം മുമ്പുവരെ ഇന്ത്യന്‍, അറബ് ജനത ഇരു മേഖലകളിലുമായി മാറിമാറി താമസിച്ചുപോന്നു. അതുവഴി, മതം, നാഗരികത, സാമൂഹിക ചട്ടങ്ങള്‍, ജീവിത മൂല്യങ്ങള്‍ എന്നിവയുടെ കൊള്ളക്കൊടുക്കകളും സമൃദ്ധമായി നടന്നു.
ഇസ്ലാം വന്ന ശേഷം 718-800 കാലഘട്ടത്തില്‍ അറബികള്‍ സൈന്യവുമായി ഇന്ത്യയിലെത്തി. രാഷ്ട്രീയമായി ഇതിന് വലിയ സവിശേഷത പറയാനില്ലെങ്കിലും ഇതുയര്‍ത്തിയ സാംസ്‌കാരിക സ്വാധീനം ഏറെ വലുതായിരുന്നു: മാലിക് മുഹമ്മദ് പറയുന്നു: 'അറബികള്‍.. (ഇന്ത്യയുടെ) സാംസ്‌കാരിക ഔന്നത്യം കണ്ട് ശരിക്കും അമ്പരന്നു. ഇന്ത്യന്‍ തത്ത്വചിന്തയുടെ ഉദാത്തത, ബൗദ്ധികതയുടെ സമൃദ്ധി എന്നിവയും അവരില്‍ വലിയ സ്വാധീനം സൃഷ്ടിച്ചു'(The Foundations of the Composite Culture in India, Aakar Books, 2007, p. 58).
വൈദ്യശാസ്ത്രം, ജ്യോതിശാസ്ത്രം, ഗണിതം തുടങ്ങി വിവിധ വൈജ്ഞാനിക മേഖലകളിലെ ഇന്ത്യന്‍ രചനകള്‍ അക്കാലത്ത് സംസ്‌കൃതത്തില്‍നിന്ന് അറബിയിലേക്ക് മൊഴിമാറ്റം നടത്തിയിരുന്നു. അര്‍ഥശാസ്ത്രം, സിദ്ധാന്ത ചരക സംഹിത, പഞ്ചതന്ത്രം തുടങ്ങിയവ ഉദാഹരണം. അബ്ബാസി ഖലീഫ മഅ്മൂന്റെ ഭരണകാലത്ത് (813-33 സി.ഇ)  ഗണിതവിശാരദനായ അല്‍ഖവാറസ്മി (780-840 സി.ഇ) സംസ്‌കൃത അക്കങ്ങള്‍ അറബി ഗണിതത്തിലേക്ക് കടംകൊണ്ടു.
ദക്ഷിണേന്ത്യയില്‍ വണിക്കുകളായും സഞ്ചാരികളായും എത്തിയ അറബികളെ പ്രാദേശിക ഭരണാധികാരികള്‍ ഹൃദയപൂര്‍വം വരവേറ്റ കഥകളനവധി. അറബ് സഞ്ചാരി ഇബ്‌നു ബത്തൂത്ത (130-477 സി.ഇ) ഇന്ത്യയുടെ പശ്ചിമ തീരങ്ങള്‍ വഴിയുള്ള യാത്രക്കിടെ പേര്‍ഷ്യക്കാരും യമനികളുമായ നിരവധി മുസ്ലിംകള്‍ സമൃദ്ധിയില്‍ ജീവിക്കുന്നത് കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്.
എട്ട്- പതിനഞ്ച് നൂറ്റാണ്ടുകള്‍ക്കിടയില്‍ വൈഷ്ണവ, ശൈവ സന്യാസിമാര്‍ തുടക്കമിട്ട പരിഷ്‌കരണ പ്രസ്ഥാനങ്ങളില്‍ മതാതീതമായ സുപ്രധാന സ്വാധീനങ്ങള്‍ നമുക്ക് കാണാം. ഡോ. താരാചന്ദ് എഴുതുന്നു: '(ദക്ഷിണേന്ത്യയിലാണ്) ഇസ്ലാം ഹിന്ദുമതവുമായി സംവദിക്കുന്നതും ഹിന്ദു ചിന്തയെ ഉര്‍വരമാക്കുന്നതും.'
രാമാനുജന്‍, വിഷ്ണുസ്വാമി, മാധവന്‍, നിംബര്‍ക തുടങ്ങി 12,13 നൂറ്റാണ്ടുകളിലെ സന്യാസിശ്രേഷ്ഠന്മാരുടെ ചിന്തകള്‍ക്ക് ഇസ്ലാമിക ദര്‍ശനത്തോട് കൂടുതല്‍ സാമ്യം കാണാം. സൂഫിസം ചെലുത്തിയ ചില സ്വാധീനതകള്‍ താരാചന്ദ് എണ്ണുന്നുണ്ട്;  ഏകദൈവ വിശ്വാസത്തിലുള്ള ഊന്നല്‍, വൈകാരിക ആരാധന, സ്വയം സമര്‍പ്പണം (പ്രപതി), അധ്യാപക സ്‌നേഹം (ഗുരുഭക്തി), ജാതി സമ്പ്രദായത്തില്‍നിന്ന് പതിയെ പിറകോട്ടുപോരല്‍, ആചാരാധിഷ്ഠിത വിശ്വാസത്തോടുള്ള വിപ്രതിപത്തി...
   ചുരുങ്ങിയത് ഒരു സഹസ്രാബ്ദമെങ്കിലുമായി ഇന്ത്യന്‍ സമൂഹങ്ങള്‍ ഗള്‍ഫ് മേഖലയില്‍ താമസിച്ചുവരുന്നു. കച്ച് മേഖലയിലെ ഇന്ത്യക്കാര്‍ കഴിഞ്ഞ ആറു നൂറ്റാണ്ടായി മസ്‌കത്തില്‍ കഴിയുന്നതിന്റെ തെളിവുകള്‍ ലഭ്യമാണ്. 15-ാം നൂറ്റാണ്ട് മുതല്‍ ഥത്ത മേഖലയിലെ ഭാട്ടിയ വിഭാഗം തുടക്കത്തിലും സിന്ധിലെ ഭാട്ടിയ, ഖോജ വിഭാഗങ്ങള്‍ (ഒമാനില്‍ ഇവര്‍ അറിയപ്പെട്ടത് ലവാടികള്‍ എന്നായിരുന്നു) തുടര്‍ന്നും ഇവിടങ്ങളില്‍ കോളനികള്‍ നിലനിര്‍ത്തിയതായും കാണാം. 1649-ല്‍ പോര്‍ച്ചുഗീസ് അധിനിവേശത്തിനെതിരെ ഒമാനീ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയത് കച്ച് വ്യാപാരിയായിരുന്ന നരോത്തം ആയിരുന്നു. അദ്ദേഹത്തിന്റെ പിന്മുറക്കാര്‍ ഇന്നും ഒമാനില്‍ ആദരിക്കപ്പെടുന്നു.
1765-ല്‍ ഡച്ച് പര്യവേക്ഷകനായിരുന്ന കാഴ്സ്റ്റണ്‍ നീബര്‍ (Carsten Niebuhr) മസ്‌കത്തിനെ കുറിച്ച് എഴുതിയത് ഇങ്ങനെ: 'മുഹമ്മദന്‍ നഗരങ്ങളില്‍ മസ്‌കത്ത് പോലെ ഇന്ത്യക്കാരെ ധാരാളമായി കാണുന്ന  മറ്റൊന്നില്ല. 1200 -ലേറെ വരും അവരുടെ ജനസംഖ്യ ഇവിടെ. സ്വന്തം നിയമങ്ങള്‍ അനുസരിച്ച് ജീവിക്കാനും കുടുംബങ്ങളെ ഇവിടെ എത്തിക്കാനും സ്വന്തം വീടുകളില്‍ വിഗ്രഹങ്ങള്‍ സ്ഥാപിക്കാനും മരിച്ചവരെ ദഹിപ്പിക്കാനും വരെ അനുമതിയുണ്ട്.'
ഗള്‍ഫ് സമൂഹങ്ങള്‍ ഇന്ത്യയില്‍നിന്ന് ഭക്ഷ്യവസ്തുക്കള്‍, വസ്ത്രം, മരം, ലോഹം തുടങ്ങിയവ ഇറക്കുമതി ചെയ്തു. പകരമായി, കുതിരകള്‍, ആഭരണമാക്കി പിന്നീട് ലോകവിപണിയിലെത്തിച്ച രത്‌നം തുടങ്ങിയവ തിരിച്ചും അവര്‍ കൊണ്ടുപോയി. 16-ാം നൂറ്റാണ്ട് മുതല്‍ 1960-കള്‍ വരെ ഇന്ത്യന്‍ രൂപയായിരുന്നു ഗള്‍ഫ് മേഖലയില്‍ ഉപയോഗത്തിലുണ്ടായിരുന്നത്. ഇപ്പോഴും ഒമാനില്‍ 100 -ഓളം കച്ചി കുടുംബങ്ങള്‍ക്ക് ഒമാനി പൗരത്വമുണ്ട്. കനകഭായ് ഖിംജി അവരുടെ 'ശൈഖും'.
19-ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാര്‍ ഗള്‍ഫ് മേഖലയില്‍ അധികാരമുറപ്പിക്കുന്നതോടെ ഭരണം കൈയാളിയതും ആവശ്യമായ ഫണ്ടിറക്കിയതും ഇന്ത്യ കേന്ദ്രീകരിച്ചായിരുന്നു. അതിനാല്‍ തന്നെ ഇവിടെ താമസിച്ച ഇന്ത്യന്‍ കുടുംബങ്ങള്‍ വ്യവസായികളായും  പ്രഫഷനലുകളായും ടെക്‌നീഷ്യന്മാരായും സര്‍ക്കാര്‍ ഉദ്യോഗസ്ഥരായും വിവിധ മേഖലകളില്‍ നിറഞ്ഞുനിന്നു. ബ്രിട്ടീഷ് ഇന്ത്യന്‍ സാമ്രാജ്യത്തിന്റെ പുറംഅറ്റം മാത്രമാണ് ഗള്‍ഫ് എന്ന് ജെയിംസ് ഓന്‍ലി (James Onley) അഭിപ്രായപ്പെടുന്നുണ്ട്.
'കഴിഞ്ഞ 4,000 വര്‍ഷങ്ങളായി, അറേബ്യ ഇന്ത്യയുടെ സാമ്പത്തിക, സാംസ്‌കാരിക വൃത്തത്തിലുണ്ട്. ബ്രിട്ടീഷ് ഭരണമായതോടെ, രാഷ്ട്രീയമായും അത് ഇന്ത്യയുടെ വൃത്തത്തിലേക്ക് വന്നു. 1820-നും 1947-നുമിടയില്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും അതിന്റെ പിന്‍ഗാമികളും തന്നെയായിരുന്നു മേഖലയുടെ രാഷ്ട്രീയം കൈകാര്യം ചെയ്തത്. ബ്രിട്ടീഷ് ഇന്ത്യന്‍ സാമ്രാജ്യത്തിന്റെ പടിഞ്ഞാറേ അതിരായിരുന്നു അറേബ്യ.'
ശില്‍പകല, വസ്ത്രധാരണം, ഭക്ഷ്യവിഭവങ്ങള്‍ തുടങ്ങി സാംസ്‌കാരിക രംഗത്ത് ഇന്ത്യക്ക് ഗള്‍ഫ് ജനതയില്‍ അദ്വിതീയമായ സ്വാധീനമാണ് ഉണ്ടായിരുന്നത്. കറിവെച്ച ആട്ടിറച്ചി, ബിരിയാണി, സീക് കബാബ് തുടങ്ങി 'പാവം' സമോസ വരെ ഇപ്പോഴും ഗള്‍ഫ് അറബികള്‍ക്ക് പ്രിയപ്പെട്ടതാണ്. ഇന്ത്യക്കാരന്റെ സ്വന്തം 'ഖഠക്' ചായ പലര്‍ക്കും ലഹരിപോലെയാണ്. ഇന്ത്യന്‍ ബസ്മതി അരിയുടെ പ്രധാന വിപണികളിലൊന്ന് അറേബ്യയാണ്.
എണ്ണ വരുമാനം കൂടിയായതോടെ, ഗള്‍ഫ് അക്ഷരാര്‍ഥത്തില്‍ ആഗോള പ്രൗഢിയിലേക്ക് ചുവടുവെച്ചിട്ട് ഏറെയായിട്ടില്ല. വമ്പന്‍ ലോകോത്തര ബ്രാന്‍ഡുകള്‍ മേഖലയില്‍ ചുവടുറപ്പിച്ചു. അടിസ്ഥാന സൗകര്യ വികസനം, ഊര്‍ജം, നിര്‍മാണം തുടങ്ങിയ മേഖലകളില്‍ അവര്‍ക്കായി മേല്‍ക്കൈ. വെല്ലുവിളി ഏറ്റെടുത്ത ഇന്ത്യ, ഇവിടെ പദ്ധതി നടത്തിപ്പില്‍ ആവശ്യമായ മനുഷ്യവിഭവം നല്‍കി ഒപ്പംനിന്നു. 1980-കളുടെ ആരംഭത്തില്‍ 10 ലക്ഷം പേര്‍ മാത്രമായിരുന്നത് 2000 ആകുമ്പോഴേക്ക് 35 ലക്ഷമായി വളര്‍ന്നു. 2010-ല്‍ അത് 80 ലക്ഷം വരെയെത്തി. 35 ബില്യന്‍ ഡോളറാണ് ശരാശരി ഇവര്‍ ഇന്ത്യയിലേക്ക് അയക്കുന്നത്.
ഗള്‍ഫിലെ ഓരോ രാജ്യത്തും ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണ്. യു.എ.ഇ, ബഹ്‌റൈന്‍, ഖത്തര്‍ എന്നിവിടങ്ങളില്‍ ഭൂരിപക്ഷവുമാണ്. അവരുടെ തൊഴില്‍ സ്വഭാവത്തിലുമുണ്ടായിട്ടുണ്ട് മാറ്റം. 1990-ല്‍ 90 ശതമാനവും  നീലക്കോളര്‍ തൊഴിലാളികളായിരുന്നത് ഇപ്പോള്‍ 65-70 ശതമാനമായി മാറി. 20 ശതമാനവും എഞ്ചിനീയര്‍മാര്‍, ഡോക്ടര്‍മാര്‍, മാനേജര്‍മാര്‍, അക്കൗണ്ടന്റുമാര്‍ തുടങ്ങിയ പ്രഫഷനലുകള്‍. നൂറുകണക്കിന് ഇന്ത്യന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരാണ് ദുബൈ, അബൂദബി, ഒമാന്‍ തുടങ്ങിയിടങ്ങളില്‍ ഉയര്‍ന്ന പദവി വഹിക്കുന്നത്.
അവസാന പതിറ്റാണ്ടുകളില്‍ സംരംഭകരുടെ എണ്ണത്തിലുമുണ്ടായിട്ടുണ്ട് വന്‍വളര്‍ച്ച. കൊച്ചുനിക്ഷേപകരായി എത്തിയ പലരും ആരോഗ്യ, നിര്‍മാണ, വിദ്യാഭ്യാസ, അടിസ്ഥാന സൗകര്യ വികസന, ഫിനാന്‍സ്, ചില്ലറ വില്‍പന മേഖലകളിലെ രാജ്യാന്തര ബ്രാന്‍ഡുകളുടെ അധിപന്മാരായി മാറി.
കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഗള്‍ഫ് മേഖലയില്‍നിന്ന് പെട്രോളിയം ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇന്ത്യയുടെ മൊത്തം എണ്ണ, പ്രകൃതിവാതകം എന്നിവയുടെ 50 ശതമാനവും വരുന്നത് ജി. സി. സിയില്‍നിന്നാണ്. ഇന്ത്യയുടെ ആദ്യ അഞ്ച് വ്യാപാര പങ്കാളികളില്‍ രണ്ടെണ്ണം യു.എ.ഇയും സുഊദിയുമാണ്. മേഖല  തിരിച്ചാണെങ്കില്‍ ഗള്‍ഫുമുണ്ട് മുന്‍നിരയില്‍. ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ നിക്ഷേപമിറക്കുമ്പോള്‍ മറുവശത്ത്, ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ അവിടെയും ചുവടുറപ്പിക്കുന്നു.
സുഊദി മാറ്റിനിര്‍ത്തിയാല്‍, പൊതുജീവിതത്തില്‍ മതത്തിന് പ്രാധാന്യം നല്‍കുന്നവയല്ല, ഗള്‍ഫ് രാജ്യങ്ങള്‍. അതുകൊണ്ടുതന്നെ, തൊഴില്‍ മേഖലയില്‍ ആളെ റിക്രൂട്ട് ചെയ്യുന്നതില്‍ മതം ഒരിക്കലും വിഷയമാകാറില്ല. യു.എ.ഇയില്‍ നിലവില്‍ 100-ലേറെ രാജ്യക്കാരുണ്ട്. അതില്‍ 55 ശതമാനവും ഇന്ത്യക്കാരുമാണ്. സുഊദി അറേബ്യ ഒഴികെ എല്ലാ ജി.സി.സി രാജ്യങ്ങളിലും അമ്പലങ്ങള്‍, ചര്‍ച്ചുകള്‍ എന്നിവ മാത്രമല്ല, അതത് വിശ്വാസികള്‍ക്ക് ശവസംസ്‌കാര സൗകര്യവും വെവ്വേറെയുണ്ട്.
വഹാബി ധാരയുടെ ഭാഗമായ സുഊദി അറേബ്യയില്‍ പോലും വിശ്വാസമെന്ന നിലക്കല്ല, രാഷ്ട്രീയ കോയ്മയെന്ന നിലക്കാണ് മതത്തിന്റെ സ്വാധീനം വരുന്നത്. 1980-കളില്‍ സിഖുകാര്‍ക്ക് വിലക്ക് (അതിവേഗം അത് നീക്കി) വന്നപ്പോഴും മുസ്ലിംകള്‍ക്ക് പ്രത്യേക ആനുകൂല്യം അവര്‍ പ്രഖ്യാപിച്ചിരുന്നില്ല. ഗള്‍ഫിലെ വന്‍കിട വ്യവസായികള്‍ മുതല്‍ താഴെതട്ടില്‍ വരെ ഈ വൈവിധ്യം അതിന്റെകൂടി തുടര്‍ച്ചയാണ്.

ബന്ധങ്ങള്‍ രൂഢമാകാന്‍

ഈ പശ്ചാത്തലത്തില്‍ വേണം പുതിയ കോലാഹലങ്ങള്‍  അപനിര്‍മിക്കാന്‍. ജി.സി.സിയിലെ ഔദ്യോഗിക തലങ്ങളില്‍ ആരും വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. ഗള്‍ഫിലെ അത്യപൂര്‍വമായ ചില കോണുകളില്‍നിന്നു മാത്രമാണ് വിദ്വേഷ സന്ദേശങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടത്. അവയാകട്ടെ, തീവ്ര ഹിന്ദുത്വ വിഭാഗത്തിലെ ചിലരുടെ സന്ദേശങ്ങള്‍ക്കെതിരെ മാത്രവും. പൊതുവായി ഇന്ത്യക്കെതിരെയായിരുന്നില്ല വിമര്‍ശനം. ഹിന്ദുത്വ പക്ഷത്തുനിന്നുള്ള ട്വീറ്റുകളില്‍നിന്ന് ഭിന്നമായി ജി. സി. സി ട്വീറ്റുകളില്‍ വര്‍ഗീയഛായ ഇല്ലായിരുന്നു. കാലങ്ങളായി ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിലനിന്ന ഊഷ്മളത മറന്നുപോകുന്നതിലെ ആധിയായിരുന്നു അവരുടെ ട്വീറ്റുകളുടെ പൊതുഭാഷ.
ഇത് ഒട്ടും അത്ഭുതപ്പെടുത്തുന്നതല്ല. കാരണം, ഇന്ത്യയെ അവര്‍ ഒരിക്കലും വര്‍ഗീയതയുടെ ദര്‍പ്പണത്തിലൂടെ വീക്ഷിച്ചിട്ടില്ല. മറിച്ച്, ജനാധിപത്യം, മതേതരത്വം, ബഹുസ്വരത തുടങ്ങി ഇന്ത്യ കാത്തുപോന്ന അടിസ്ഥാന മൂല്യങ്ങളിലൂന്നിയ ചട്ടക്കൂടിലൂടെയായിരുന്നു. വികസ്വര രാജ്യങ്ങളില്‍ വേറിട്ട അസ്തിത്വമായാണ് ഇന്ത്യയെ അവര്‍ നോക്കിക്കണ്ടത്. ഇന്ത്യയില്‍ ജനാധിപത്യമുണ്ട്, മതേതരത്വമുണ്ട്. ബഹുസ്വരമാണ്. വ്യക്തിനിയമവും സിവില്‍ നിയമവും ഒന്നിച്ചുനിലനില്‍ക്കുന്നു. മതങ്ങള്‍ക്കിടയിലെ വിവാഹം പോലും അനുവദിക്കപ്പെടുന്നു. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് കൂച്ചുവിലങ്ങില്ല. ജുഡീഷ്യറിയും സ്വതന്ത്രം. എല്ലാറ്റിലുമുപരി, സാമ്പത്തിക, സാങ്കേതിക രംഗത്ത് ഇന്ത്യ നേടിയ വിജയം അസൂയാവഹവും.
കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി 'ഇന്ത്യന്‍ മോഡല്‍' ഒരു മേഖലയുടെ മൊത്തം ആദരവും അസൂയയും ഏറ്റുവാങ്ങിയതായിരുന്നുവെന്ന് ഈ ഭ്രാന്തര്‍ക്കറിയുമോ ആവോ! നിരന്തരം വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടായപ്പോഴും അതൊന്നും അവര്‍ അറിയാഞ്ഞല്ല. മറിച്ച്, വിശാലതയും വൈജാത്യവും പേറുന്ന രാജ്യത്ത് സംഭവിച്ച ചെറിയ പോറലുകള്‍ മാത്രമായി കാണാനാണ് അവര്‍ ഇഷ്ടപ്പെട്ടത്. ബാബരി മസ്ജിദ് തകര്‍ത്തപ്പോഴും തുടര്‍ന്ന് കലാപഭൂമിയായപ്പോഴും ഔദ്യോഗിക കേന്ദ്രങ്ങള്‍ പ്രതികരണവുമായി എത്താത്തത് അതുകൊണ്ടായിരുന്നു.
   2002-ല്‍ സുഊദി അറേബ്യയില്‍ അംബാസഡറായിരിക്കെ, സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഗോധ്ര കലാപം വിശദീകരിക്കാന്‍ ബന്ധപ്പെട്ട സുഊദി മന്ത്രിയെ ചെന്നുകണ്ടപ്പോള്‍ വിശദീകരണം ആവശ്യമില്ലെന്നായിരുന്നു പ്രതികരണം. അത് ഒറ്റപ്പെട്ട സംഭവമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അടിസ്ഥാന മൂല്യങ്ങളോട് രാജ്യം കാത്തുവെച്ച കടപ്പാടില്‍ അത്രക്കായിരുന്നു അവര്‍ക്ക് വിശ്വാസം.  പക്ഷേ, പ്രതീക്ഷക്ക് ഇനിയുമേറെ സാധ്യത നിലനില്‍ക്കുന്നില്ല. ഗള്‍ഫ് മേഖലയില്‍ വ്യാപകമായി പ്രചാരം നേടിയ വിദ്വേഷ സന്ദേശങ്ങളില്‍ പലതിന്റെയും പ്രഭവ കേന്ദ്രം ഗള്‍ഫ് അല്ല. വ്യാജ വാര്‍ത്തകള്‍ ആദ്യം സൃഷ്ടിച്ചും പിന്നീട് സമൂഹ മാധ്യമങ്ങളിലെ നൂറുകണക്കിന് അക്കൗണ്ടുകള്‍ വഴി പ്രചരിപ്പിച്ചും ഇന്ത്യയില്‍ സജീവമായ വിദ്വേഷ വ്യവസായത്തിന്റെ തുടര്‍ച്ചയാണവ. ഏറ്റുപാടാന്‍ വര്‍ഗീയഭ്രാന്ത് പിടിച്ച കുറേ പേരും. ഹിന്ദുത്വ എന്താണെന്ന് ഗള്‍ഫ് മേഖലക്ക് പച്ചയായി തുറന്നുകാണിച്ചുനല്‍കുന്നവയായിരുന്നു ഈ ട്വീറ്റുകള്‍. പാരമ്പര്യമായി ഇന്ത്യ കാത്തുപോന്ന മൂല്യങ്ങളോടായിരിക്കില്ല, ആ രാജ്യത്തിന്റെ ഇനിയുള്ള കടപ്പാട് എന്ന ആധി ഇവ പകര്‍ന്നുനല്‍കുന്നുണ്ട്.
ഇവ ഇന്ത്യയുടെ രാഷ്ട്രീയ, സാമ്പത്തിക ബന്ധങ്ങളെ സ്വാധീനിച്ചേക്കുമോ? ഇന്ത്യയില്‍ നിന്നുള്ള റിക്രൂട്ട്‌മെന്റ് താളംതെറ്റുമോ? ഉടനെയൊന്നും ഉണ്ടാകണമെന്നില്ല. വസ്തുനിഷ്ഠമായി കാര്യങ്ങള്‍ കാണുന്നവരാണ് മേഖലയിലെ ഭരണാധികാരികള്‍. ഇന്ത്യക്ക് ഊര്‍ജ വിഭവങ്ങള്‍ വേണമെന്നും തിരിച്ച് ഇന്ത്യയുടെ മനുഷ്യവിഭവം തങ്ങള്‍ക്ക് വേണമെന്നും അവര്‍ക്കറിയാം. ഈ മിടുക്കിന് പകരമാകാന്‍ മറ്റൊരു രാജ്യക്കാരുമില്ല. ഇന്ത്യക്കാരന്‍ കാണിക്കുന്ന അച്ചടക്കവും അരാഷ്ട്രീയതയും. മേഖലയിലെ നേതൃത്വവുമായി അടുത്തിടെ, മോദിയും ജയശങ്കറും സംവദിച്ചപ്പോള്‍ പങ്കുവെക്കാനുണ്ടായിരുന്നതും ഇതാണ്.
പക്ഷേ, പൊതുമണ്ഡലത്തെ മതമുക്തമാക്കി നിലനിര്‍ത്താന്‍ ഭരണാധികരികാരികള്‍ക്കാകുമെങ്കിലും പൊതുസമൂഹം മുസ്ലിമും അവരുടെ വിശ്വാസം ഇസ്ലാമുമാണ്. മിതവാദ ഇസ്ലാമിന് മേഖലയുടെ രാഷ്ട്രീയ ക്രമത്തില്‍ സ്വാധീനവുമുണ്ട്. ആഗോള മുസ്ലിം സമൂഹത്തിന്റെ നേതൃത്വം സ്വയം ഏറ്റെടുക്കാന്‍ സുഊദി അവകാശപ്പെടുന്നത് മക്ക, മദീന എന്നീ ഇരു ഹറമുകളുടെയും കൈകാര്യ കര്‍തൃത്വമാണ്. ഖത്തര്‍ രാഷ്ട്രീയ ഇസ്ലാമില്‍ വിശ്വസിക്കുന്നു. തുര്‍ക്കിയുമായും ഇറാനുമായും ഒപ്പം ഇസ്ലാമിസ്റ്റ് പ്രസ്ഥാനങ്ങളുമായും അവര്‍ ബന്ധം നിലനിര്‍ത്തുന്നത് ഈ അര്‍ഥത്തിലാണ്. കുവൈത്തില്‍ മുസ്ലിം ബ്രദര്‍ഹുഡിനോട് ചായ്‌വുള്ള രാഷ്ട്രീയ കക്ഷി സജീവമായുണ്ട്. മിതവാദ ഇസ്ലാമിന്റെ വക്താക്കളാണെന്നതില്‍ അഭിമാനം കൊള്ളുന്നുണ്ട് യു.എ.ഇ.
ഹിന്ദുത്വ അനുകൂലികളുടെ പ്രത്യയശാസ്ത്ര സവിശേഷതകള്‍, അജണ്ട, പലവട്ടം അവര്‍ നടത്തിയ ആക്രമണങ്ങള്‍ എന്നിവ മേഖല കൂടുതല്‍ പരിചയപ്പെട്ട സ്ഥിതിക്ക് ഇനിയും എല്ലാം പതിവിന്‍പടിയെന്ന് വിശ്വസിക്കുന്നതില്‍ കഴമ്പില്ല. സ്വന്തം നാട്ടില്‍ പൈശാചിക മുദ്ര ചാര്‍ത്തിയും കൊടിയ പീഡനങ്ങള്‍ക്കിരയാക്കിയും മുസ്ലിംകള്‍ക്കെതിരെ ഹിംസ തുടരുമ്പോള്‍ ഗള്‍ഫിന്റെ നഭസ്സില്‍ തിളങ്ങുന്ന പ്രഭാവമായി മോദി തുടരുമോ? സ്വന്തം അണികള്‍ തുപ്പുന്ന ഈ വിഷം ഇനിയും തുടരാതെ സൂക്ഷിക്കുകയാണ് പോംവഴി.
ഗള്‍ഫില്‍നിന്ന് നാം കേള്‍ക്കുന്നത് വലിയൊരു അപായ മുന്നറിയിപ്പാണ്. പിന്നെ മറ്റു പല കേന്ദ്രങ്ങളില്‍നിന്നും അത്തരം മുന്നറിയിപ്പുകള്‍ വരുന്നുണ്ട്. ദല്‍ഹിയില്‍ ഇത് കേള്‍ക്കാന്‍ ആരെങ്കിലുമുണ്ടോ? 

(മുന്‍ നയതന്ത്ര ഉദ്യോഗസ്ഥനും The Wire-ന്റെ കണ്‍സള്‍ട്ടിംഗ് എഡിറ്ററുമാണ് ലേഖകന്‍)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (38-41)
ടി.കെ ഉബൈദ്‌