ദേശക്കൂറ്
പുകള്‍പെറ്റ സനാതന ധര്‍മ-
സംക്ഷിപ്തം ധീര ദേശാഭിമാന
സ്വത്വത്തെ പാഴ്‌ച്ചേറിലാഴ്ത്തുംവിധം
ധ്വരയുടെ കാലില്‍ വീണ് 'മാപ്പ്-
മാപ്പെ'ന്ന് കേണ് സമരോജ്ജ്വല
സ്വാതന്ത്ര്യത്തിന്‍ വീര്യത്തെയൊറ്റിയ
നാണക്കേടിന്റെ വിഴുപ്പുകൊണ്ട്
ഭാരതാംബയെ മൂടിയതാരോ?
ഇന്ത്യയെന്ന ജ്വലിക്കും വികാരം
ചെന്തീപ്പന്തം കണക്കേയുയര്‍ത്തി
തുറുങ്ക്, തൂക്കുമരങ്ങള്‍ വെന്ന്
പറങ്കിപ്പടയെ തുരത്തിയോര്‍.
ജന്മനാടിനെ രക്ഷിക്കുവാനായ്
രക്തസാക്ഷിത്വച്ചോരയില്‍ മുക്കി
ചെറുത്തുനില്‍പ്പിന്‍ വീരചരിതം-
തീര്‍ത്ത കുഞ്ഞാലി മരയ്ക്കാര്‍മാര്‍ തന്‍
പിന്മുറക്കാരോട് ദേശക്കൂറിന്‍
രേഖ ചോദിക്കുന്ന മൂഢരാരോ?
ആജന്മവാസമേ 'മുസല്‍മാന്റെ
ദേശക്കൂറെ'ന്നൊരാധിയിലായോര്‍
കാണുന്നതെങ്ങനെ, മെഡലണിഞ്ഞ
പോലീസ് മേധാവി*തന്നെ നേരില്‍
പെറ്റ രാജ്യത്തിനെ വിലപേശി
ഒറ്റിക്കൊടുക്കുന്ന നൃശംസത?
എങ്കിലു,മിന്ത്യന്‍ മുസല്‍മാന്‍ മാത്രം
ദേശക്കൂറ് നെറ്റിയില്‍ കാട്ടണം!
കല്‍പ്പിക്ക രാജ, ആരുടെ തിരു-
മുമ്പിലെത്തണം, അന്തരാത്മാവിന്‍
അടരുകള്‍ തോറും പടരുന്ന
ജന്മനാടെന്ന നവ ജീവന്റെ
ഊര്‍ജ സരിത്തിന്നളവെടുക്കാന്‍?
ആരുടെ കൈയിലതിന്‍ മാപിനി?
ആശാസ്യമാകുന്നൊരളവെത്ര?
ആശ്വാസമേകും കുറഞ്ഞ തോതോ?
എത്ര നാളിന് മതിയാകുമാ
ഭയമുദ്ര പേറും സാക്ഷ്യപത്രം?
...............................................................................................
*വിശിഷ്ട സേവനത്തിന് രാഷ്ട്രപതി മെഡല്‍ സമ്മാനിച്ച ജമ്മു-കശ്മീര്‍ പോലീസ് മേധാവി ദേവീന്ദര്‍ സിംഗ് അതിര്‍ത്തിയില്‍ ഭീകരവാദികള്‍ക്ക് സഹായമേകിയതിന് അറസ്റ്റിലായ, 2020 ജനുവരി 16-ലെ വാര്‍ത്ത ഓര്‍ക്കുക.
Comments