Prabodhanm Weekly

Pages

Search

2020 ഫെബ്രുവരി 14

3139

1441 ജമാദുല്‍ ആഖിര്‍ 20

അയലത്തെ അതിശയങ്ങള്‍; അരുതായ്മകളും

ടി.കെ അബ്ദുല്ല

(നടന്നു തീരാത്ത വഴികളില്‍ ഓര്‍മകള്‍ അവസാനിക്കുന്നില്ല-6)

ആയഞ്ചേരിക്കാരനായ ഞാന്‍ മൂന്ന് നാട്ടില്‍ താമസിച്ചിട്ടുണ്ട്. 1929  ജൂലൈ മുതല്‍ 67 ജൂലൈ വരെ ജന്മദേശമായ ആയഞ്ചേരിയില്‍, അവിടന്നിങ്ങോട്ട് ഇന്നോളം കുറ്റിയാടി ചെറിയ കുമ്പളത്തും. ഇടക്ക്  80-കളുടെ ഒടുവില്‍ രണ്ട് വര്‍ഷം പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലെ മലയോര പ്രദേശമായ ഒറ്റക്കണ്ടത്തിലും താമസിക്കാനിടയായി. ഈ മൂന്ന് നാട്ടിന്‍പുറങ്ങളിലെ അത്യാവശ്യം ഓര്‍മകളും അനുഭവങ്ങളും മാത്രം വായനക്കാരുമായി പങ്കുവെക്കുകയാണ്. പറഞ്ഞുവരുന്നത് കമ്പ്യൂട്ടറിന്റെയും സോഷ്യല്‍ മീഡിയയുടെയും പുതുകാല കഥകളല്ല. എന്റെ ചെറുപ്പകാലത്തെ അനുഭവങ്ങളാണ്.

പള്ളിക്കു മുമ്പില്‍ മുട്ടിയും കൊണ്ട് പോകല്‍
ആയഞ്ചേരി പ്രദേശങ്ങളില്‍  എന്റെ ചെറുപ്പകാലത്ത് ഹിന്ദു-മുസ്‌ലിം ബന്ധങ്ങള്‍  സന്തോഷകരവും സൗഹാര്‍ദപരവും ആയിരുന്നു. ഹിന്ദുക്കള്‍ മറ്റു പല പ്രദേശങ്ങളിലെന്ന പോലെ മൂന്ന് തട്ടുകളിലായിരുന്നു. മേലേ തട്ടില്‍ ജന്മി-നാടുവാഴിത്തറവാട്ടുകാരായ നായര്‍-നമ്പൂതിരി സവര്‍ണ വിഭാഗങ്ങള്‍. കര്‍ഷകത്തൊഴിലാളികളായ തീയ്യര്‍ (ഈഴവര്‍) ആണ് രണ്ടാം നിരയില്‍. ഏറ്റവും താഴെ തലത്തില്‍ അയിത്തജാതിക്കാരായ പുലയര്‍ തന്നെ. ഈ മൂന്ന് വിഭാഗങ്ങളുമായും മുസ്‌ലിംകളുടെ ബന്ധം നല്ല നിലയില്‍ ആയിരുന്നു. അയിത്ത ജാതിക്കാര്‍ക്കും മുസ്‌ലിം വീടുകളില്‍ തുറന്ന ബന്ധമായിരുന്നു. ഒരു തരത്തിലുള്ള തൊട്ടുകൂടായ്മയോ തീണ്ടിക്കൂടായ്മയോ ഉണ്ടായിരുന്നില്ല. അങ്ങനെ മൂന്ന് വിഭാഗങ്ങളുമായും മുസ്‌ലിം ബന്ധം ഏറക്കുറെ സുതാര്യമായിരുന്നു.
ക്ഷേത്രങ്ങളിലെ ഉത്സവാഘോഷങ്ങളില്‍ മുസ്‌ലിംകളും കാഴ്ചക്കാരായിരുന്നു. അഞ്ഞൂറ്റാന്‍, മുന്നൂറ്റാന്‍ പോലുള്ള തിറ തെയ്യം കോലങ്ങള്‍, നിശ്ചല ദൃശ്യങ്ങള്‍, പട്ടം കെട്ടിയ ഗജവീരന്മാര്‍ എന്നിവയൊക്കെ കുട്ടികള്‍ക്ക് എന്നല്ല മുതിര്‍ന്നവര്‍ക്കും കണ്ടാല്‍ മതിവരാത്ത കാഴ്ചകളായിരുന്നു. അന്നൊക്കെ ഹിന്ദു മതാചാരങ്ങളും ആഘോഷങ്ങളും ഭയപ്പാടില്ലാതെ മുസ്‌ലിംകള്‍ക്കും ആസ്വദിക്കാമായിരുന്നു, എന്നല്ല ഉത്സവപ്പറമ്പില്‍ 'ചട്ടി'വെക്കാറുള്ളത് (ചീട്ടുകളിയുടെ നാടന്‍ രൂപം) പലപ്പോഴും മാപ്പിളമാരായിരുന്നു. പറഞ്ഞു വരുന്നത് മതവിധിയല്ല, നടപ്പുശീലങ്ങളാണ്. കൂട്ടത്തില്‍ പറയട്ടെ, ഉത്സവപ്പറമ്പില്‍ ചിലപ്പോള്‍ കൂട്ടത്തല്ലും നടക്കാറുണ്ട്. ഹിന്ദു- മുസ്‌ലിം തമ്മിലടിയല്ല, വിവിധ സംഘങ്ങളും പ്രദേശത്തുകാരും തമ്മില്‍. 
ഇതൊക്കെ തന്നെയാണ് സാമാന്യസ്ഥിതിയെങ്കിലും അപൂര്‍വം ചിലപ്പോള്‍ ഉത്സവാഘോഷങ്ങളും എഴുന്നള്ളത്തുകളും ഹിന്ദു-മുസ്‌ലിം സംഘര്‍ഷത്തിന് നിമിത്തമാകാറുണ്ട്. മുസ്‌ലിം പള്ളിക്ക് മുമ്പിലൂടെ ചെണ്ടമുട്ടി പോകുന്നതാണ് മിക്കപ്പോഴും പ്രശ്‌നമാകാറുള്ളത്. പൈങ്ങോട്ടായി പള്ളിക്ക് സമീപം നടന്ന ഒരു സംഭവം ഉദാഹരണം. നാട്ടുകാരണവരായ തോലാത്തിയില്‍  അമ്മദ്ക്കയുടെ മകന്‍ കുഞ്ഞിസൂപ്പി പള്ളിക്കടുത്ത് റേഷന്‍ കട നടത്തുന്നു. ആയഞ്ചേരിയിലെ കരുത്തനായ ഈഴവ മൂപ്പന്‍ മലയില്‍ ചോയി കുഞ്ഞിസൂപ്പിയോട് റേഷന്‍ വിലയ്ക്ക് ഒരു ചാക്ക് അരി ചോദിച്ചേടത്താണ് സംഭവത്തിന്റെ തുടക്കം. കുഞ്ഞിസൂപ്പി അരി കൊടുക്കാതിരുന്നത് ചോയിക്ക് രസിച്ചില്ല. മറ്റൊരാളെക്കൊണ്ട് ചോയി ഇതേ കടയില്‍നിന്ന് അധിക വിലയ്ക്ക് അരി വാങ്ങിച്ചുവത്രെ. അധിക വില വാങ്ങിയത് ചോയിക്ക് തിരിച്ചുകിട്ടിയേ പറ്റൂ. കുഞ്ഞിസൂപ്പി വഴങ്ങാതിരുന്നപ്പോഴാണ് പ്രതികാര ബുദ്ധിയായ ചോയി പള്ളിക്ക് മുമ്പില്‍ ഉറക്കെ ചെണ്ട മുട്ടിക്കൊണ്ട് ക്ഷേത്രത്തിലേക്ക് ഇളനീര്‍വരവ് നിശ്ചയിക്കുന്നത്. ലക്ഷ്യം ഇളനീര്‍ വരവോ ക്ഷേത്രദര്‍ശനമോ ഒന്നുമല്ല. കുഞ്ഞിസൂപ്പി മാപ്പളയോട് പകരം വീട്ടല്‍ മാത്രം. പ്രബലരായ ചോയിസംഘത്തെ നേരിടാന്‍ പൈങ്ങോട്ടായിമാപ്പിളമാര്‍ പോരാ. അവരുടെ ഉറ്റ ബന്ധുക്കളായ കുറ്റിയാടിക്കാരിലേക്ക് വിവരം പോയി. പുതുക്കുടി ബാവാച്ചി ഹാജിയുടെയും കേളോത്ത് അമ്മദ്ക്കയുടെയും നേതൃത്വത്തില്‍ വലിയ തയാറെടുപ്പുകള്‍ കുറ്റിയാടിയില്‍ നടക്കുന്നതായി  അഭ്യൂഹം. വില്യാപ്പള്ളി- പറമ്പില്‍ ഭാഗത്തും ചലനങ്ങള്‍ ഉണ്ടായി. മലയില്‍ ചോയിയുടെ ഉറ്റ സുഹൃത്തും വലംകൈയുമായ ചേരാപുരത്തെ  പഴയെടുത്തില്‍ കണ്ണന്‍ എന്ന ഈഴവ പ്രമാണി വിവരങ്ങളെല്ലാം അറിയുന്നുണ്ടായിരുന്നു. സംഗതി കൈവിട്ടുപോകുമെന്ന് കണ്ണന് ആശങ്കയുണ്ടായി. കണ്ണന്‍ ചോയിയെ കണ്ട് സംഗതികളെല്ലാം വേണ്ടവണ്ണം ധരിപ്പിച്ചു. ചോയി ചില്ലറക്കാരനല്ല. കണ്ണനും കരുത്തന്‍. എങ്കിലും ചോയിയെ കുറ്റിയാടി സംഘം വന്നാലുള്ള അപകടം ബോധ്യപ്പെടുത്തി പിന്തിരിപ്പിക്കുന്നതില്‍ കണ്ണന്‍ വിജയിച്ചു. ഇളനീര്‍വരവ് വേണ്ടെന്ന് വെച്ചു. വികാരം വിവേകത്തിന് വഴിമാറി. മലപോലെ വന്നത് മഞ്ഞുപോലെ പോയി. സാവധാനം പഴയ ബന്ധങ്ങളും സൗഹൃദങ്ങളും തിരിച്ചു വന്നു. ഇതുപോലൊരു സന്ദര്‍ഭത്തിലാകണം കെ.ടി മുഹമ്മദിന്റെ 'മതവും ചെണ്ടയും' എന്ന കഥയുടെ പിറവി. അതില്‍ 'മുട്ടി'യും കൊണ്ട് പോകല്‍ എന്നൊരു ദ്വയാര്‍ഥ പ്രയോഗം ഉള്ളതായി ഓര്‍ക്കുന്നു. 
പൈങ്ങോട്ടായി സംഭവം ഒറ്റപ്പെട്ടതല്ല. അപൂര്‍വമായി  മറ്റിടങ്ങളിലും ഉണ്ടാകാറുണ്ട്. എന്നാല്‍ അതിന് സ്ഥിരസ്വഭാവമോ തുടര്‍ച്ചയോ ഉണ്ടായിരുന്നില്ല. സൗഹൃദത്തിന്റെ പൂര്‍വ സ്ഥിതി തിരിച്ചുവരലാണ് പതിവുരീതി.
കുറിപ്പ്: ക്ഷേത്രോത്സവങ്ങളോടനുബന്ധിച്ച് ആകര്‍ഷകമായ കച്ചവടച്ചന്തയും സംഘടിപ്പിക്കാറുണ്ട്. ഹലുവ, വറുത്ത കായ, പൊരി എന്നിവ ചന്തയിലെ സ്ഥിരം വിഭവങ്ങളാണ്. കുട്ടികളുടെ കളിക്കോപ്പുകള്‍,  സ്ത്രീകളുടെ കുപ്പിവളകള്‍, കറിക്കത്തി മുതല്‍  കല്‍ചട്ടി വരെയുള്ള കിച്ചനുപായങ്ങള്‍, പായ, അച്ചിപ്പായ, മന്തിരി, മേശവിരി, കാര്‍പറ്റ് എന്നിത്യാദി നാനാതരം വീട്ടുപകരണങ്ങള്‍ ചന്തയില്‍ നിറയും. തൊട്ടില്‍, ഊഞ്ഞാല്‍, മരണക്കിണര്‍ എന്നിത്യാദി വിനോദ കാഴ്ചകളും ചന്തയുടെ ഭാഗമാണ്. ഗ്രാമീണ ജീവിതത്തിന്റെ വ്യാപാര- വിനോദ- സംസ്‌കാര മേള എന്ന നിലയില്‍ ചന്തകളുടെ ആകര്‍ഷണീയത അനിഷേധ്യമാണ്. ഉഴുത്തു കാളകളുടെ വില്‍പനയും കൈമാറ്റവും നടക്കുന്ന മൂരിച്ചന്തയാണ് ചന്തകളുടെ സിരാകേന്ദ്രം. വയലും കൃഷിയും കന്നുപൂട്ടലും കാലഹരണപ്പെട്ടതോടെ ഉഴുത്തു കാളയും കാലം ചെയ്തു. മൂരിച്ചന്തയില്ലാതെ എന്ത് ചന്ത! ചന്തക്ക് പിന്നെന്ത് ചന്തം!  കുറ്റിയാടിയില്‍ നടോല്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് വര്‍ഷാന്തം ജനുവരി ആദ്യവാരം ഇപ്പോഴും ചന്ത നടന്നുവരുന്നു.

കുമ്പളം എന്ന കുടിയേറ്റ താവളം
1967 ജൂലൈ 31-ന് ആയഞ്ചേരിയില്‍നിന്ന് കുറ്റിയാടി കുമ്പളത്ത് താമസം മാറ്റുമ്പോള്‍ ഞാന്‍ അറിഞ്ഞേയിരുന്നില്ല, കുമ്പളം കുടിയേറ്റക്കാരുടെ കോളനിയാണെന്ന്. മിതവിലയ്ക്ക് ഭൂമി ലഭിക്കുന്നതിനു പുറമെ സൈ്വര്യജീവിതം കൊതിച്ചു വരുന്നവരാണ്/ആയിരുന്നു കുമ്പളത്തെ കുടിയേറ്റക്കാര്‍. അതുകൊണ്ടുതന്നെ ശാന്തിയും സ്വസ്ഥതയും കുമ്പളത്തിന്റെ മുഖമുദ്രയാണ്. കുടിയേറി വരുന്നവര്‍ ആഴ്ചകള്‍ക്കകം നാട്ടുകാരില്‍ ലയിച്ചുചേരുന്നു. പണ്ടേ വന്നവരും പുതുമുറക്കാരും തമ്മില്‍ ഒരു  വിവേചനവുമില്ല. ഈ ഗുണം ഇത്രത്തോളം  മറ്റ് പ്രദേശങ്ങളില്‍ അപൂര്‍വമാണ്. ജനങ്ങളില്‍ ബഹുഭൂരിഭാഗവും പലപ്പോഴായി കുടിയേറി വന്നവരാണ് എന്നതും ഇതിന് കാരണമാവാം.
നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം എന്നൊക്കെ പറയുമെങ്കിലും അതില്‍ വലിയൊരു ശരിയുണ്ടെന്ന് അനുഭവത്തില്‍ ബോധ്യമായത് കുമ്പളത്ത് താമസം മാറിയപ്പോഴാണ്. മറ്റേത് ഉള്‍നാട്ടുകാരെയും പോലെ കൊച്ചു കൊച്ചു കുശുമ്പും കുന്നായ്മയുമൊക്കെ കുമ്പളത്തുകാരിലും ഇല്ലായ്കയില്ല. അത്യാവശ്യം അസൂയ, ഏഷണി, പരദൂഷണം എന്നതൊക്കെ നാട്ടുമ്പുറത്തുകാരന്റെ നേരമ്പോക്കുകളാണല്ലോ. എന്നാല്‍, അതിനൊന്നും സ്ഥിരതയോ കരുതിവെപ്പോ ഉണ്ടാവണമെന്നില്ല. കുമ്പളത്ത് കുടിയേറിയവര്‍ തിരിച്ചു പോകുന്നതാവട്ടെ അത്യപൂര്‍വം. ഹിന്ദുക്കളും മുസ്‌ലിംകളും സ്‌നേഹ-സൗഹൃദത്തോടെ ഇടകലര്‍ന്ന് ജീവിക്കുന്നു. വര്‍ഗീയ വൈരം വളര്‍ത്താന്‍ കുത്സിത ശ്രമങ്ങള്‍  നടക്കായ്കയല്ല. അതൊന്നും പക്ഷേ, മുളക്കാതെ പോയത് ആശ്വാസകരം. മുസ്‌ലിംകളില്‍ സുന്നി, മുജാഹിദ്, ജമാഅത്ത് പള്ളിമഹല്ലുകള്‍ സജീവമാണെങ്കിലും അവക്കെല്ലാം മേലെ പൊതുവായ ഐക്യം നിലനില്‍ക്കുന്നു. കാലം വല്ലാതെ മാറുമ്പോഴും  കുമ്പളത്തുകാരുടെ ഈ നേരും നന്മയും  മാറാതെ നില്‍ക്കട്ടെ എന്ന് പ്രാര്‍ഥിച്ചുപോകുന്നു. പലപ്പോഴും അകലാന്‍ ശ്രമിച്ചുനോക്കിയിട്ടും സാധിക്കുന്നില്ല എന്നതും കുമ്പളത്തുകാരുടെ ദൗര്‍ബല്യം! ഈ മഹത്തായ ദൗര്‍ബല്യം മേല്‍ക്കുമേല്‍ വാഴ്‌കൈ!

പാലവും മൂല്യവും
എന്റെ കുമ്പളം താമസവും കുറ്റിയാടി പാലംപണിയും ഒരേ കാലത്തായിരുന്നു. അതുവരെ കോണ്‍ക്രീറ്റ് പണികളൊന്നും നാട്ടുമ്പുറത്തുകാര്‍ കണ്ടിട്ടില്ല. നാട്ടില്‍ ആണിന് രണ്ടര- മൂന്ന്  ഉറുപ്പികയും പെണ്ണിന് രണ്ടുറുപ്പികയും പണിക്കൂലിയുള്ളപ്പോള്‍ പാലംപണിക്ക് കൈനിറയെ കൂലി! ആദ്യമാദ്യം അറച്ചുനിന്നെങ്കിലും പിന്നെപ്പിന്നെ പെണ്ണുങ്ങളും പാലംപണിക്ക് പോയിതുടങ്ങി. പല നാട്ടുകാരായ തൊഴിലാളിക്കൂട്ടങ്ങളില്‍ നാടന്‍പെണ്ണുങ്ങളുടെ 'കൂടിക്കലരല്‍' അങ്ങാടിപ്പാട്ടായി. അസൂയക്കാര്‍  പരദൂഷണം പറഞ്ഞു. പുത്തന്‍ വികസന സങ്കല്‍പങ്ങളും പഴഞ്ചന്‍ മൂല്യബോധവും സമാസമം 'പാലം പണിയു'മ്പോള്‍ ഇതൊക്കെ സ്വാഭാവികം. ശുദ്ധാത്മാക്കള്‍ക്ക് സങ്കടം കരഞ്ഞുതീര്‍ക്കാം. 
അരനൂറ്റാണ്ടിനപ്പുറത്തെ കഥയാണ് പറഞ്ഞുവരുന്നത്. ഗള്‍ഫ് വാതില്‍ തുറന്നുകിട്ടിയ ശേഷം സ്ഥിതിഗതികളെല്ലാം മാറി. പട്ടിണി പോയി. പണവും പകിട്ടും വന്നു.
'ഇപ്പോള്‍ അതിന്മാതിരിയൊന്നുമില്ല
'ഗള്‍ഫ് പെട്ടി'യില്ലാത്തൊരു വീടുമില്ല.'

ജനങ്ങള്‍ക്കു വേണ്ടി
ചെറിയ കുമ്പളം ഉള്‍പ്പെടെ കുറ്റിയാടി മേഖല ആതുര സേവന - അഗതി സംരക്ഷണ രംഗത്ത് മുന്നിട്ട് നില്‍ക്കുന്ന കേന്ദ്രമാണെന്ന് സന്തോഷപൂര്‍വം എടുത്തു പറയേണ്ടതുണ്ട്. പാവപ്പെട്ടവരുടെ കല്യാണം, ഭവന നിര്‍മാണം, ചികിത്സ മുതലായ സേവന സംരംഭങ്ങളില്‍ ജാതി, മത, കക്ഷി ഭിന്നതകള്‍ തടസ്സമേ ആകാറില്ല. കരുണ, തണല്‍, നന്മ, സീഗേറ്റ്, റഹ്മ, ഗ്രേസ് എന്നീ സന്നദ്ധ സംഘടനകള്‍ സവിശേഷം സ്മരണീയമാണ്. മഹല്ല് കമ്മിറ്റികളും ഈ രംഗത്ത് വലിയ സേവനങ്ങളാണ്  അര്‍പ്പിക്കുന്നത്. സംഗമം പലിശരഹിത നിധിയും പ്രവര്‍ത്തിച്ചുവരുന്നു. കുമ്പളം- പാറക്കടവ് ഭാഗത്തെ കുടിയേറ്റത്തിന് ഈ സാഹചര്യവും പ്രേരണയാകാം. 

പാറക്കടവ് മഹല്ല്
കുമ്പളത്ത് പള്ളി മഹല്ല് വരുന്നതിനു മുമ്പ് പാലേരി പാറക്കടവ് ആയിരുന്നു കുമ്പളത്തുകാരുടെയും മഹല്ല് (ശ്മശാനം ഇപ്പോഴും പാറക്കടവത്ത് തന്നെ). നാട്ടുകാര്‍ക്ക് പ്രയങ്കരനും സര്‍വസമ്മതനുമായ, എല്ലാവരും 'എളാപ്പ' എന്ന് വിളിക്കുന്ന മുതവല്ലി കാവില്‍ ഇബ്രാഹി ഹാജിയുടെ കീഴില്‍, തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയാണ് മഹല്ല് ഭരണം നടത്തുന്നത്. മാതൃകാ മഹല്ല് എന്ന ലക്ഷ്യം വെച്ച് വളരെ നല്ല നിലയില്‍ വളര്‍ന്നുവരുന്ന മഹല്ല് ആണ് പാറക്കടവ് മഹല്ല്. കുടിയേറ്റ കാര്യത്തിലും സേവന-സന്നദ്ധ പ്രവര്‍ത്തനത്തിലും കുമ്പളത്തെ കുറിച്ച് പറഞ്ഞതെല്ലാം പാറക്കടവിനും ബാധകമാണ്. മുസ്‌ലിം സ്ത്രീകളുടെ ഉണര്‍വും മുന്നേറ്റവും പ്രത്യേകം അടയാളപ്പെടുത്തേണ്ടതുണ്ട്. ജാതിമതഭേദമന്യേ നാട്ടുകാരുടെ കല്യാണാദികള്‍ മഹല്ല് ബോര്‍ഡില്‍ രേഖപ്പെടുത്തുന്നത് സമുദായ സൗഹൃദത്തിന് മാതൃകയാണ്. 

ഒറ്റക്കായില്ല, ഒറ്റക്കണ്ടത്തില്‍
ഒറ്റക്കണ്ടം മലയോര പ്രദേശത്ത് 1980 ഒടുവില്‍ രണ്ട് വര്‍ഷക്കാലം ഞാന്‍ മാറിത്താമസിച്ച കാര്യം മുമ്പ് സൂചിപ്പിച്ചതാണല്ലോ. പേരാമ്പ്ര- പാലേരി- പന്തിരിക്കര ത്രികോണത്തില്‍ ചങ്ങരോത്ത് പഞ്ചായത്തിലെ  മലയോര- നാട്ടിന്‍പുറ സംസ്‌കാരത്തിന്റെ സംഗമസ്ഥാനമാണ് ഒറ്റക്കണ്ടം പ്രദേശം.  ഭൂമിശാസ്ത്രപരമായും കാലാവസ്ഥാപരമായും മറ്റും വളരെ ഫിറ്റാണെങ്കിലും ആശങ്കകളോടെയായിരുന്നു അങ്ങോട്ട് എന്റെ കൂടുമാറ്റം. മുന്‍പരിചയമില്ലാത്ത നാടും ചുറ്റുപാടും. മുസ്‌ലിം വീടുകള്‍ പേരിനു മാത്രം. ഹിന്ദുക്കളും ക്രിസ്ത്യാനികളുമാണ് ഭൂരിപക്ഷം. ക്രിസ്ത്യാനികളാണ് പ്രബലസമുദായം (ദക്ഷിണ കേരളത്തില്‍നിന്നുള്ള കുടിയേറ്റ ക്രിസ്ത്യാനികളെ ചേട്ടന്മാര്‍ എന്നാണ് ഇവിടങ്ങളില്‍ വിളിച്ചുവരുന്നത്).
തീര്‍ത്തും അപരിചിതവും വ്യത്യസ്തവുമായ ഒരു മേഖലയിലേക്ക് പെട്ടെന്നുള്ള താമസമാറ്റം സാമുദായികമായ അന്യതക്കും സാംസ്‌കാരികമായ ഒറ്റപ്പെടലിനും ഇടവരുത്തുമോ എന്നതായിരുന്നു വലിയ ഒരാശങ്ക. സുരക്ഷിതത്വവും പ്രശ്‌നമായിരുന്നു. എന്നാല്‍ തികച്ചും അപ്രതീക്ഷിതവും അസാധാരണവുമായ പുത്തന്‍ അനുഭവങ്ങളിലൂടെയാണ് ഒറ്റക്കണ്ടം ഞങ്ങളെ സ്വാഗതം ചെയ്തത്. അത്രമേല്‍ ഈടുറ്റ അയല്‍പക്കബന്ധവും പരസ്പരവിശ്വാസവും വളര്‍ന്നുവരാന്‍ ദിവസങ്ങളേ വേണ്ടിവന്നുള്ളു. എന്റെ ഭാഗത്തുനിന്നുണ്ടായ കൊച്ചുകൊച്ചു നന്മകളോട് പോലും അയല്‍ക്കാരുടെ പ്രതികരണങ്ങള്‍ അത്രമേല്‍ മഹത്തരമായിരുന്നു.
ക്രിസ്ത്യാനികളെപ്പറ്റി എന്റെ കേട്ടറിവ് വ്യത്യസ്തമായിരുന്നു. ഇടപാടുകളില്‍ അത്യന്തം കണിശക്കാര്‍, പണത്തോട് കടുപിടിത്തക്കാര്‍, വിട്ടുവീഴ്ചയില്ലാത്തവര്‍ എന്നൊക്കെയായിരുന്നു മുന്‍ധാരണകള്‍. ഇതിന്റെയൊക്കെ ശരിതെറ്റുകളില്‍ പാഠഭേദങ്ങള്‍ ഉണ്ടാവാമെങ്കിലും എന്നോടുള്ള പെരുമാറ്റവും പ്രതികരണങ്ങളും വളരെ ഉദാരമായിരുന്നു എന്നതിന് അനുഭവങ്ങളാണ് സാക്ഷി.
ഞങ്ങളുടെ തൊട്ടടുത്ത അയല്‍വാസികളാണ് ചാലിങ്ങല്‍ ചാക്കോച്ചന്‍- മറിയാമ്മ കുടുംബം. കുറ്റിയാടി മലയോരത്തിലെ ആദ്യ കുടിയേറ്റക്കാരില്‍ മുന്‍നിരക്കാരാണ് ചാക്കോ കുടുംബം.  അയല്‍പക്കബന്ധം വളരുന്നതിനിടെ ചാലിങ്ങല്‍ കുടുംബത്തിന്റെ ഒരു സഹകരണം ഞങ്ങള്‍ക്ക് അത്യാവശ്യമായി വന്നു. ചാക്കോച്ചന്റെ വീട്ടുമുറ്റത്തേക്ക് മെയ്ന്‍ റോഡില്‍നിന്ന് സ്വന്തം പറമ്പിലൂടെ ഒരു പ്രൈവറ്റ് റോഡുണ്ട്. അതുവഴി ചരക്കുഗതാഗതത്തിന് ലോറിയും മറ്റും വരാന്‍ ഞങ്ങള്‍ക്കും അനുവാദം ലഭിച്ചാല്‍ വലിയ സൗകര്യമായിരുന്നു. അറച്ചും മടിച്ചുമാണെങ്കിലും ആവശ്യമുന്നയിക്കേണ്ട താമസം, തുറന്ന മനസ്സോടെ അനുവാദം ലഭിച്ചു. ഞങ്ങള്‍ തിരിച്ചുപോരുന്നതു വരെ ഈ സൗകര്യം ഉപയോഗപ്പെടുത്താന്‍ ഒരു തടസ്സവും ഉണ്ടായില്ല.
പേരറിയാത്ത മറ്റൊരു ചേട്ടനോട്  പത്ത് രൂപക്ക് കപ്പ വാങ്ങിയതാണ് വേറൊരനുഭവം. ചേട്ടന്റെ പറമ്പില്‍ കപ്പ പറിച്ചുവില്‍ക്കുന്നതറിഞ്ഞ് വാങ്ങാന്‍ പോയതാണ്. കപ്പ വാങ്ങി നൂറുരൂപാ നോട്ട് കൊടുത്തപ്പോള്‍  ചേട്ടന്‍ പറഞ്ഞു; 'എന്നാ ചെയ്യുക മൗലവീ, ചെയ്ഞ്ചില്ലല്ലോ.' സാരമില്ല, എനിക്ക് ഇനിയും കപ്പ വേണ്ടിവരും, കാശ് അവിടെയിരിക്കട്ടെ എന്ന് ഞാനും പറഞ്ഞു. ഈ ചേട്ടനും ഞാനും വല്ലപ്പോഴുമൊക്കെ റോഡുവക്കത്തെ ചായക്കടയില്‍ ഒത്തുചേരാറുണ്ട്. അപ്പോഴൊക്കെ എന്നെ വെട്ടിച്ച് എന്റെ കാശും കൊടുത്ത് മുങ്ങലാണ് ചേട്ടന്റെ പതിവ്. എന്തിനാണിത് ചെയ്യുന്നതെന്ന് അന്നും ഇന്നും എനിക്കറിയില്ല. ഒരുപക്ഷേ, കപ്പവാങ്ങി കാശ് ബാക്കിവെച്ചു പോകുന്ന അനുഭവം അവര്‍ക്ക് പുതിയതാവാം. അതിന്റെ പ്രതികരണമാകാം, ചായക്കടയില്‍ കാശ് കൊടുത്ത് മുങ്ങല്‍.

ഭൂമി കൈമാറ്റ പ്രാര്‍ഥന
ക്രിസ്ത്യാനികള്‍ക്ക് എല്ലാ വിശേഷ മുഹൂര്‍ത്തങ്ങളിലും സന്ദര്‍ഭത്തിന് ചേര്‍ന്ന ആകര്‍ഷകമായ പ്രാര്‍ഥനകളുണ്ട്. ചിലത് പാട്ടുരൂപത്തിലായിരിക്കും. എല്ലാ പ്രാര്‍ഥനകളും പാട്ടുകളും മലയാളത്തില്‍ ക്രോഡീകരിച്ച പ്രാര്‍ഥനാ പുസ്തകവും ലഭ്യമാണ്. ഇത്തരം പ്രാര്‍ഥനാസമാഹാരം എല്ലാ വിഭാഗത്തിലും പെട്ട ക്രിസ്ത്യാനികള്‍ക്കും ഉണ്ടെന്നാണ് അറിവ്. ഒരു പെന്തക്കോസ്ത് കുടുംബത്തിന്റെ ഭൂമികൈമാറ്റ ചടങ്ങില്‍ പങ്കെടുക്കാന്‍ സന്ദര്‍ഭമുണ്ടായി. അവരുടെ പാസ്റ്ററിന്റെ പ്രാര്‍ഥനയായിരുന്നു മുഖ്യ ഇനം. ഭൂമിയും പുരയിടവും ഏറ്റുവാങ്ങി താമസിക്കാന്‍ വരുന്നവര്‍ക്കും മറ്റൊരു വീട്ടിലേക്ക് മാറിത്താമസിക്കാന്‍ പോകുന്നവര്‍ക്കും ഐശ്വര്യത്തിനും സുഖസന്തോഷങ്ങള്‍ക്കും സമ്പദ്‌സമൃദ്ധിക്കും സംതൃപ്തിക്കും വേണ്ടിയുള്ളതായിരുന്നു പ്രാര്‍ഥന. മത, ജാതി വിവേചനങ്ങള്‍ക്കതീതമായ ഈ മനസ്സറിഞ്ഞ പ്രാര്‍ഥന വളരെ ഹൃദ്യമധുരമായി തോന്നി.
എല്ലാ ജീവിത മുഹൂര്‍ത്തങ്ങള്‍ക്കും അനുഗുണമായ പ്രാര്‍ഥനകള്‍ ഇസ്‌ലാമിലും ഉണ്ട്. വിശുദ്ധ ഖുര്‍ആനിലും നബിവചനങ്ങളിലും അതിന്റെ മാതൃകകള്‍ സുലഭമാണ്. ഇതെല്ലാം ക്രോഡീകരിച്ച പ്രാര്‍ഥനാ പുസ്തകങ്ങളും ഉണ്ട്. എന്നാല്‍ ഇത് സന്ദര്‍ഭോചിതം പ്രയോജനപ്പെടുത്തുന്നതില്‍ ജമാഅത്ത്  - മുജാഹിദ് വൃത്തങ്ങളില്‍ പൊതുവെ വീഴ്ചകളുണ്ടെന്നാണ് തോന്നുന്നത്. സുന്നികളിലാകട്ടെ, പ്രാര്‍ഥനയുടെ പ്രളയമാണ് എന്നുതന്നെ പറയാം. നല്ല നിയ്യത്തോടുകൂടിയ പ്രാര്‍ഥന എത്രയും നല്ലതുതന്നെ. അല്ലാഹുവിലേക്കുള്ള അടുപ്പം, ആത്മീയമായ അനുഭൂതി എന്നതിലപ്പുറം, പ്രാര്‍ഥനകളില്‍ പ്രകടനാത്മകത (രിയാഅ്) വലിയൊരു ഫിത്‌നയാണ്. മരിച്ച വീട് സംഘടിതമായി 'പിടിച്ചടക്കാനും' സംഘടനകള്‍ തമ്മിലുള്ള മാത്സര്യത്തിനും  കൂട്ടുപ്രാര്‍ഥനകള്‍ ദുരുപയോഗപ്പെടുത്തുന്നത് കാണുമ്പോള്‍ വേദന തോന്നാറുണ്ട്.  നാട്ടുപ്രമാണിയുടെ മരണവീട്ടില്‍ മതസംഘടനകളുടെ യൂനിഫോമിട്ട വളന്റിയര്‍മാര്‍ സേവനമത്സരത്തില്‍ പോരടിക്കുന്നതും കാണാനിടയായി.
വാല്‍ക്കഷ്ണം: പാപ്പച്ചന്റെ വീടും പറമ്പും ഞങ്ങള്‍ ഏറ്റുവാങ്ങുന്നതിനിടയില്‍ അദ്ദേഹത്തെ പലവട്ടം ചെന്ന് കാണേണ്ടി വന്നിട്ടുണ്ട്. ഒരിക്കല്‍ ഞാനും സുഹൃത്തും ചെന്നപ്പോള്‍ ചേട്ടന്‍ സ്ഥലത്തില്ല. ചേട്ടത്തിയാണ് സംസാരിച്ചത്. കുശലാന്വേഷണങ്ങള്‍ക്കിടയില്‍ പെട്ടെന്ന് ചേട്ടത്തിയുടെ ഒരു ചോദ്യം കേട്ട് ഞാന്‍ അമ്പരന്നുപോയി. മൗലവി കുടിക്കുമോ എന്നായിരുന്നു ചോദ്യം! ഒരു മുഖവുരയുമില്ലാതെ, ഒരു ഔചിത്യവുമില്ലാതെ ചേട്ടത്തിയുടെ ഇടിത്തീ പോലുള്ള ഈ ചോദ്യം ദീര്‍ഘനേരം എന്നെ അസ്വസ്ഥനാക്കി. പിന്നീടാണെനിക്ക് ചേട്ടത്തിയുടെ മനോഗതം പിടികിട്ടിയത്. മുഴുകുടിയനായ ചേട്ടന്റെ ദുശ്ശീലം സഹിച്ചുസഹിച്ച് ആ വീട്ടമ്മ തളര്‍ന്നിരിക്കുന്നു. എങ്ങനെയും ഒരു പിടിവള്ളിയാണ് അവര്‍ക്കാവശ്യം. മൗലവിയും കുടിക്കുമെങ്കില്‍ എല്ലാവരും കുടിയന്മാരാണ് എന്നാശ്വസിക്കാമല്ലോ. ഈ നിസ്സഹായതയില്‍നിന്നാണ് ചേട്ടത്തിയുടെ ചോദ്യം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (2-4)
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്വര്‍ഗമായിരിക്കണം ലക്ഷ്യം
പി.വൈ സൈഫുദ്ദീന്‍ മാള