വിമോചനപ്പോരാളികള്‍ക്ക് ദേശത്ത് സംഭവിക്കുന്നത്
രണ്ടാം ലോകയുദ്ധശേഷം ഏഷ്യനാഫ്രിക്കന്‍ നാടുകളില്‍ ദേശീയ പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുകയും പതിയെ അവയൊക്കെയും സ്വതന്ത്രമാവുകയും ചെയ്തു. എന്നിട്ടും ദീര്‍ഘകാലം സ്വാതന്ത്ര്യത്തിനായി വിമോചനപ്പോരാട്ടങ്ങള്‍ തുടരേണ്ടിവന്ന രാജ്യങ്ങള്‍ ഉണ്ടായിരുന്നു. ദക്ഷിണാഫ്രിക്കയും റൊഡേഷ്യയുമൊക്കെ ഇത്തരം ദേശങ്ങളാണ്. ഇതില്‍ സ്വാതന്ത്ര്യപ്പോരാട്ടം ദീര്‍ഘകാലം തുടരേണ്ടിവന്ന രാജ്യമാണ് തെക്കന്‍ റൊഡേഷ്യ എന്ന ഇന്നത്തെ സിംബാബ്‌വേ. ഇംഗ്ലീഷ് കോളനി എന്നത് മാത്രമായിരുന്നില്ല റൊഡേഷ്യയുടെ പ്രത്യേകത. കടുത്ത വര്‍ണവെറിയുടെ യൂറോപ്യന്‍ മുഷ്‌ക്കില്‍ യാതനാനിര്‍ഭരമായ ഒരു ജീവിതം തീര്‍ത്തവരാണവര്‍. ദേശവിഭവങ്ങള്‍ അത്രയും സ്വന്തമാക്കുകയും ദേശവാസികളെ അടിമകളാക്കുകയും ചെയ്യുന്ന യൂറോപ്യന്‍ കുടിലത വേണ്ടത്ര അനുഭവിച്ചവരാണ് നിസ്വരും നിസ്സഹായരുമായ റൊഡേഷ്യന്‍ ജനത. അതുകൊണ്ട് ഈ സാധു മനുഷ്യരുടെ കണ്ണുനീരില്‍ സങ്കടത്തിന്റെ ലവണസാന്ദ്രിമ കൂടും.
ഈ ലവണക്കടലുകള്‍ വാറ്റിവറ്റിച്ച് അതിനകത്തുനിന്ന് ഒരു ജനതയുടെ സഹനത്തിന്റെയും ഉയിര്‍പ്പിന്റെയും കഥ അത്യന്തം സര്‍ഗാത്മകമായി മലയാളികളോട് നേര്‍ക്കുനേര്‍ പറയുന്ന പുസ്തകമാണ് മതപണ്ഡിതനും അധ്യാപകനുമായ ഒ.പി. അബ്ദുസ്സലാം മൗലവി എഴുതിയ 'നങ്കൂരം നഷ്ടപ്പെട്ടവര്‍' എന്ന നോവല്‍. കൊളോണിയല്‍ അധിനിവേശം ചവിട്ടിക്കുഴച്ച മധ്യാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിരവധി വര്‍ഷങ്ങള്‍ ജീവിച്ച അബ്ദുസ്സലാം മൗലവിക്ക് അവരുടെ സംഘര്‍ഷങ്ങളും പ്രാരാബ്ധങ്ങളും അടുത്തറിയാം. ആ അറിവും അനുഭവവുമാണ് ഈ നോവല്‍.
റൊഡേഷ്യന്‍ നഗരമായ സാന്‍സിബാറില്‍നിന്ന് ഏറെ വിദൂരമായ ഗ്രാമത്തിലാണ് കഥ നടക്കുന്നത്. കൊക്കേഷ്യന്‍ ദുഷ്ടതയില്‍ റൊഡേഷ്യ ഭയപ്പെട്ടു കഴിയും കാലത്താണ് സാമാന്യം സമ്പന്നനും ഉദാരനുമായ ഒരു റൊഡേഷ്യന്‍ യുവാവിന് പുത്രസൗഭാഗ്യമുണ്ടാവുന്നത്. അവന്‍ ജോര്‍ജ് ന്‍ക്‌വേനി. അക്കാലത്തെ ഏത് മധ്യാഫ്രിക്കന്‍ ബാല്യകൗമാര യൗവനവും പോലെത്തന്നെയായിരുന്നു ന്‍ക്‌വേനിയുടെയും ജീവിതം. വിഹ്വലതയാര്‍ന്ന റൊഡേഷ്യന്‍ സാമൂഹികതയില്‍ ന്‍ക്‌വേനിയും അടുത്ത ഗ്രാമത്തില്‍നിന്നൊരു വിവാഹം കഴിച്ചു ജീവിതത്തിലേക്ക് പ്രവേശിച്ചു. കാലംകൊണ്ടവര്‍ക്കൊരു പുത്രി പിറന്നു, നര്‍ജീസ്. കൃഷിയും കുടുംബജീവിതവും ഏറെ ആഹ്ലാദത്തോടെയാണ് ന്‍ക്‌വേനി മുന്നോട്ടുകൊണ്ടുപോയത്. അപ്പോഴും പക്ഷേ സ്വന്തം ജനതയുടെ ക്രൂശിതാവസ്ഥ ഈ യുവാവിന് നല്ല നിശ്ചയമുണ്ടായിരുന്നു. ഈ സന്ദിഗ്ധതയിലാണ് അപരിചിതനായ ഒരു യുവാവ് ന്‍ക്‌വേനിയുടെ വീടങ്കണത്തിലെത്തുന്നത്. അത് അമാദു. രാത്രി ആളൊഴിഞ്ഞ വേളയില്‍ പതുങ്ങിയും ആയാസപ്പെട്ടുമാണ് അമാദുവിന്റെ വരവ്. അപരിചിതനെങ്കിലും അമാദുവിന്റെ സാന്നിധ്യവും വര്‍ത്തമാനവും ന്‍ക്‌വേനി കുടുംബം കൃത്യമായും കേട്ടിരിക്കുന്നു. വര്‍ത്തമാന റൊഡേഷ്യ നേരിടുന്ന ഇംഗ്ലീഷ് പീഡനവും അതില്‍നിന്ന് ദേശം വിമോചിതമാകേണ്ട അനിവാര്യതയുമാണ് അമാദുവിന്റെ വിസ്താരം. അത് ന്‍ക്‌വേനിയുടെയും കൂടി വികാരമാണ്. അമാദു ഇരുട്ടിലൂടെ ഊടുവഴിയിലേക്ക് മറയുമ്പോള്‍ ന്‍ക്‌വേനിയും ഭാര്യയും റൊഡേഷ്യന്‍ വിമോചനപ്പോരാട്ട സംഘത്തില്‍ പങ്കാളികളാകാന്‍ തീരുമാനിച്ചുകഴിഞ്ഞിരുന്നു. തുടര്‍ന്നങ്ങോട്ട് നോവലില്‍ നിറയുന്നതത്രയും സ്വന്തം ദേശത്തിന്റെ വിടുതലിനും ദേശവാസികളുടെ സ്വാതന്ത്ര്യത്തിനുമായി ന്‍ക്‌വേനിയുടെയും കുടുംബത്തിന്റെയും സമാനതകളില്ലാത്ത സഹനപര്‍വമാണ്. അത്രക്ക് കുടിലമായിരുന്നു അന്നത്തെ കൊളോണിയല്‍ മുഷ്‌ക്ക്.
അമാദുവിന്റെ പ്രചോദനങ്ങളില്‍ ആകൃഷ്ടനായി ഇദ്ദേഹം സമരങ്ങളില്‍ പങ്കാളിയാകുന്നു. സമാധാനത്തിന്റെ ഭാഷയും വ്യാകരണവും മനസ്സിലാകാത്തവരാണ് കൊളോണിയല്‍ അധിനിവേശകര്‍. അങ്ങനെ വരുമ്പോള്‍ നാട്ടുകാര്‍ക്ക് മറ്റൊരു ഭാഷയില്‍ സംസാരിക്കേണ്ടിവരും. അതാകട്ടെ വരേണ്യ ആധിപത്യത്തിന് പ്രകോപനമുണ്ടാക്കുന്ന ഭാഷയായിരുന്നു.
ഇതിനിടയില്‍ ന്‍ക്‌വേനിയുടെ മകള്‍ മിടുക്കിയായി വളരുന്നുണ്ട്. പള്ളിക്കൂടത്തില്‍ അവള്‍ ഉത്തമ മാതൃകയായി. അവളില്‍ കുടുംബത്തിന്റെ പ്രതീക്ഷകള്‍ മാരിവില്ലുകള്‍ തീര്‍ത്തു. അപ്പോഴും റൊഡേഷ്യ തിളച്ചുമറിയുകയായിരുന്നു. ദേശസ്വാതന്ത്ര്യത്തിനായി സ്വയം സമര്‍പ്പിക്കാന്‍ തയാറായി ഇരമ്പിയെത്തുന്ന റൊഡേഷ്യന്‍ യൗവനം. ഗാര്‍ഹസ്ഥ്യത്തിന്റെ സ്വസ്ഥതയില്‍നിന്ന് പതിയെ ന്‍ക്‌വേനി സ്വാതന്ത്ര്യ സമരങ്ങളിലേക്ക് എടുത്തുചാടി. ഏതു സമഗ്രാധിപത്യത്തിലും പൗരാവകാശ പ്രവര്‍ത്തകര്‍ക്ക് എന്താണോ പ്രതീക്ഷിക്കാവുന്നത് അതു തന്നെ സംഭവിച്ചു. കൊളോണിയല്‍ അധിനിവേശവിരുദ്ധ പോരാട്ടഭൂമിയിലായിരുന്നു അന്ന് ന്‍ക്‌വേനി. ഒരുനാള്‍ വീടെത്തിയപ്പോള്‍ ന്‍ക്‌വേനി കണ്ടത് സംഭീതമായ ദൃശ്യങ്ങള്‍. വീടാകെ ചവിട്ടിക്കുഴച്ച് അലങ്കോലമായിരിക്കുന്നു. തന്റെ സ്‌നേഹനിധിയായ മകളെ കാണാനില്ല; ഭാര്യയെയും. പിറന്ന മണ്ണില്‍ അന്തസ്സോടെ ജീവിക്കാന്‍ ഒരു ജനത നടത്തുന്ന ഏത് കുതറലിനെയും അധികാരശക്തി പൊറുപ്പിക്കുകയില്ല. ആ ശേഷിയെ അവര്‍ കശക്കിയെറിയും. എക്കാലത്തും ഏതു ദേശത്തും അതങ്ങനെയാണ്. അത് വൈദേശികമാണെങ്കിലും ഇനി സ്വദേശി തന്നെയാണെങ്കിലും.
ഏറെ വെപ്രാളത്തോടെ അയാള്‍ വീടാകെ പരതി നടന്നു. അപ്പോള്‍ വീടിന് അകലെ കൃഷിത്തോട്ടത്തിന്റെ ഓരത്തുനിന്നൊരു നേര്‍ത്ത ഞെരക്കം ന്‍ക്‌വേനി കേട്ടു. ഉദ്വേഗത്തോടെ അദ്ദേഹം അവിടേക്കോടുന്നു. അത് തന്റെ ഭാര്യ മാരിയ. അയാള്‍ക്ക് ഊഹമുണ്ടായിരുന്നു ഇവിടെ വന്നതാരെന്നും സംഭവിച്ചതെന്തെന്നും. കൈകാലുകള്‍ ബന്ധിക്കപ്പെട്ട് വിവശയായി കിടക്കുന്ന മാരിയയില്‍നിന്ന് കേട്ടതൊക്കെയും പ്രതീക്ഷിക്കപ്പെട്ടതു മാത്രം. അവര്‍ സ്തബ്ധരായത് മകള്‍ കട്ടെടുക്കപ്പെട്ടു എന്നറിഞ്ഞപ്പോഴാണ്. പഠനത്തിലും പാഠ്യേതരത്തിലും മിടുക്കിയായ ആ കൗമാരത്തിടമ്പ് അന്ന് നഷ്ടമായതാണവര്‍ക്ക്. അവള്‍ കശക്കപ്പെട്ടു കാണും, അരിഞ്ഞെറിയപ്പെട്ടുകാണും; റൊഡേഷ്യയിലെ പരശ്ശതം ബാല്യകൗമാരങ്ങളെപ്പോലെ.
അതോടെ ആ കുഞ്ഞു കുടുംബം വേവലാതികളുടെ കൊടുംശിഖരം കേറി. ഭരണകൂടത്തിന്റെ പോറ്റുപട്ടാളം മാത്രമല്ല അവിടെ നായാട്ടിനെത്തിയിരുന്നത്. ഒറ്റുകാരുടെ സംഘവുമുണ്ടായിരുന്നു. ഇവര്‍ക്ക് ന്‍ക്‌വേനിയുടെ മകള്‍ മാത്രമല്ല, അവളുടെ അമ്മയും സ്ത്രീയായിരുന്നു. ഫലം ആ വീട്ടിലും സങ്കരവര്‍ണത്തിലൊരു കുഞ്ഞു പിറക്കുന്നു. പക്ഷേ ന്‍ക്‌വേനി ആ കുഞ്ഞിനെ സ്വന്തം രേതസ്സില്‍നിന്നുള്ളതെന്നോണം വളര്‍ത്തി. ഈയൊരു മൂന്നാം ജനം അന്ന് റൊഡേഷ്യയില്‍ സാധാരണമായിരുന്നു. അധിനിവേശത്തില്‍ അധികാരം മാത്രമല്ല, ബീജവും കടന്നുകയറും. സര്‍വ വേദനകളും ഏറ്റുവാങ്ങി സ്വസ്ഥതയറിയാതെ ആ കുടുംബം ചിതറിത്തെറിച്ചു ഭൂമിയില്‍നിന്നും നിഷ്‌ക്രമിക്കുന്നു.
എഴുത്തുകാരന്‍ പറയുന്ന കഥയില്‍ അതിശയത്തിന്റെയോ ഭാവനയുടെയോ തൊങ്ങലുകളൊന്നുമില്ല എന്നതാണ് സത്യം. മൗലവി തൊട്ടടുത്ത സാംബിയന്‍ ദേശത്ത് കഴിയുമ്പോള്‍ അവിടെയെത്തിയ ഒരു റൊഡേഷ്യന്‍ സുഹൃത്ത് നടത്തിയ സംഭവവിവരണം മൗലവി അപ്പാടെ ഈ നോവലില്‍ പകര്‍ത്തിവെക്കുകയാണുായത്. സത്യത്തില്‍ കേരളത്തിലെ സാമ്പ്രദായിക മതപണ്ഡിതന്മാരില്‍ നിരവധി എഴുത്തുകാരുണ്ട്. കര്‍മശാസ്ത്രവും മതമീമാംസയുമാണ് മിക്കവരുടെയും വ്യവഹാരമണ്ഡലം. അപൂര്‍വമായി പാട്ട് തട്ടകമാക്കിയവരുണ്ട്. പക്ഷേ ആശയപ്രകാശനത്തിന് ഇവരാരും തന്നെ നോവല്‍ മാധ്യമമാക്കിയതായി കണ്ടിട്ടില്ല. പിന്നെയുള്ളത് കെ.കെ. ജമാലുദ്ദീന്‍ മൗലവി എഴുതിയ 'ഹിള്ര്‍ നബിയെ കണ്ട നഫീസ', 'സിയാലിലകത്ത് സൈനബ' തുടങ്ങിയ ചില രചനകളാണ്. അവയൊക്കെയും പക്ഷേ മുസ്‌ലിം ചരിത്ര പശ്ചാത്തലത്തില്‍നിന്ന് രചിക്കപ്പെട്ടതാണ്. എന്നാലിപ്പോഴിതാ ഒരു മുസ്‌ലിം പണ്ഡിതന്‍ തന്റെ ആശയപ്രകാശനത്തിനായി നോവല്‍ മാധ്യമമായി സ്വീകരിച്ചിരിക്കുന്നു. രചനാ പരിസരമാകട്ടെ ഒരു ജനതയുടെ രാഷ്ട്രീയ വിമോചനവും. ഇത് മലയാള ഭാഷാചരിത്രത്തില്‍ ആദ്യസംഭവമാണ്. വര്‍ത്തമാനകാല ഇന്ത്യന്‍ സാഹചര്യത്തില്‍ ഈ നോവല്‍ അസാധാരണമായ പാരായണ പ്രക്ഷുബ്ധത സൃഷ്ടിക്കുന്നു.
Comments