സമൂഹം ഏല്‍ക്കുന്നത് ദൈവേഛയുടെ വക്കാലത്ത്
എന്താണ് ഖിലാഫത്ത്, അല്ലെങ്കില്‍ രാഷ്ട്ര നേതൃത്വം? മിക്ക മുസ്‌ലിം രാഷ്ട്രമീമാംസകരും പറയുന്നത്, അത് സമൂഹത്തിന്റെ പ്രതിനിധാനമോ വക്കാലത്തോ ആണ് എന്നാണ്. അതായത് ഭൗതികാധികാരത്തിന്റെ നിയന്ത്രണം സമൂഹത്തില്‍ നിക്ഷിപ്തമാണ്. അധികാരത്തിന്റെ സ്രോതസ്സും സമൂഹം തന്നെ. ഒരു പ്രസിഡന്റിന് ലഭിക്കുന്ന അധികാരങ്ങള്‍-ഭരണഘടനാപരമായി-സമൂഹം നല്‍കുന്നതാണ്. നാം കിഫായ ബാധ്യതകള്‍ എന്ന് വിളിക്കുന്നവ- അതില്‍ പെട്ടതാണ് നേതൃത്വം- യഥാര്‍ഥത്തില്‍ സാമൂഹിക ബാധ്യതകളാണ്. സമൂഹത്തില്‍ ചിലരെങ്കിലും ആ ബാധ്യതകള്‍ നിര്‍വഹിച്ചിരിക്കണം. അല്ലെങ്കില്‍ സമൂഹമൊന്നടങ്കം കുറ്റക്കാരാകും. നേതൃത്വമെന്ന ഈ ബാധ്യത നിര്‍വഹിക്കാന്‍ എല്ലാവര്‍ക്കും യോഗ്യതയില്ലാത്തത് കൊണ്ട്, യോഗ്യതയുള്ള ചിലരെ കണ്ടെത്തി സമൂഹം അവരെ ഏല്‍പ്പിക്കുകയാണ്. സമൂഹത്തിന്റെ പ്രതിനിധികളായാണ് അവര്‍ ഭരിക്കുന്നത്. ഇന്നതിന് പ്രതിനിധാനം Representation) എന്നാണ് പറയുക.1 ഒരു ഇസ്‌ലാമിക രാഷ്ട്ര സംവിധാനത്തിന്റെ അടിസ്ഥാനമായിരിക്കേണ്ടത് ദൈവേഛയാണ്. ദൈവേഛയെ പ്രതിനിധീകരിക്കുക ശരീഅത്തായിരിക്കും. ശരീഅത്തിനെ നെഞ്ചേറ്റുന്നവര്‍ ഇസ്‌ലാമിക സമൂഹമായത് കൊണ്ട് ദൈവേഛയുടെ വക്കാലത്താണ് അവര്‍ ഏറ്റെടുത്തിരിക്കുന്നതെന്ന് പറയാം. താന്‍ അവതരിപ്പിച്ച ശരീഅത്ത് വഴി ഇസ്‌ലാമിക സമൂഹത്തെ അധികാരമേല്‍പ്പിച്ചിരിക്കുന്നത് അല്ലാഹു തന്നെയാണ് എന്നര്‍ഥം. ഭരണനിര്‍വഹണമെന്നത് എല്ലാവരും ചേര്‍ന്ന് നിര്‍വഹിക്കുക അസാധ്യമായതിനാല്‍ അല്ലാഹു തങ്ങളില്‍ നിക്ഷിപ്തമാക്കിയ അധികാരം ചിലരെ ഏല്‍പ്പിക്കുകയാണ് ഇസ്‌ലാമിക സമൂഹം. അപ്പോള്‍ ഭരണാധികാരിയുടെ അധികാരം ശരീഅത്തിനാല്‍ മാത്രമല്ല, ഇസ്‌ലാമിക സമൂഹത്താലും നിയന്ത്രിക്കപ്പെടും. മറ്റൊരു വാക്കില്‍, നസ്സ്വ് കൊണ്ടും ശൂറാ കൊണ്ടും നിയന്ത്രിക്കപ്പെടുന്നത്. അപ്പോള്‍ അല്ലാഹുവിന്റെ ഭരണകൂടമെന്നത് ഇസ്‌ലാമിക സമൂഹത്തിന്റെ ഭരണകൂടം തന്നെയാണ്. 'അല്ലാഹുവില്‍നിന്നുള്ള പാശം കൊണ്ട്, ജനങ്ങളില്‍ നിന്നുള്ള പാശംകൊണ്ട്' എന്നുണ്ടല്ലോ ഒരു ഖുര്‍ആനിക സൂക്തത്തില്‍.2 പൊതുകാര്യങ്ങളില്‍ ഭരണാധികാരി സ്വീകരിക്കുന്ന പ്രവര്‍ത്തന ശൈലി ജനകീയാംഗീകാരമുള്ള കാലത്തോളമേ അയാളുടെ ഭരണം നിലനില്‍ക്കൂ. അപ്പോള്‍ പൊതു ബൈഅത്ത് എന്നത് ഒരു വക്കാലത്ത് കരാര്‍ ആകുന്നു. ദൈവിക ശരീഅത്ത് നടപ്പാക്കുമെന്ന സമൂഹത്തിന്റെ വക്കാലത്ത് ഏറ്റെടുക്കുകയാണ് അത് വഴി ഭരണാധികാരി. സമൂഹേഛയാണ് ആ ബൈഅത്തില്‍ പ്രതിഫലിക്കുന്നത്.
തന്റെ പ്രാതിനിധ്യം ഏറ്റെടുക്കണമെന്നും ശരീഅത്ത് നടപ്പാക്കണമെന്നും വിശ്വാസികളോടാണ് അല്ലാഹു ആജ്ഞാപിക്കുന്നത്. ''സത്യവിശ്വാസികളേ, നിങ്ങള്‍ നീതിയുടെ വക്താക്കളാവുക'' (അന്നിസാഅ്: 135), ''നിങ്ങളില്‍നിന്ന് ഒരുവിഭാഗം ഉയര്‍ന്നുവരണം - അവര്‍ നന്മ പ്രബോധനം ചെയ്യുന്നു, ഹിതകരമായത് ഉദ്‌ഘോഷിക്കുന്നു, അഹിതകരമായത് തടയുന്നു'' (ആലുഇംറാന്‍: 104). ദീനിന്റെയും ശരീഅത്തിന്റെയും പ്രയോഗവല്‍ക്കരണവും പൊതുതാല്‍പര്യസംരക്ഷണവും ഇസ്‌ലാമിക സമൂഹത്തിന്റെ ബാധ്യതയാണെന്ന് വ്യക്തമാക്കുന്ന വേറെയും പ്രമാണസൂക്തങ്ങളുണ്ട്. ഈ മഹാ ഉത്തരവാദിത്തം ഉള്ളത്‌കൊണ്ട് തന്നെയാണ് യഥാര്‍ഥ അധികാരവും ഇസ്‌ലാമിക സമൂഹത്തില്‍ നിക്ഷിപ്തമായിരിക്കുന്നത്. അപ്പോള്‍ പരമോന്നത ഭരണകര്‍ത്താവിനെയും മറ്റു ഭരണകര്‍ത്താക്കളെയും തെരഞ്ഞെടുക്കുന്നത് ഇസ്‌ലാമിക സമൂഹം തന്നെയായിരിക്കും. സമൂഹം എടുക്കുന്ന അനുസരണ പ്രതിജ്ഞ, തങ്ങള്‍ ഒരാളെ വക്കാലത്ത് ഏല്‍പ്പിക്കുന്നു എന്നതിന്റെ പ്രതീകാത്മക പ്രവൃത്തിയാണ്. മറ്റുള്ളവര്‍ ഏല്‍പ്പിക്കുമ്പോഴാണ് അത് വക്കാലത്താവുക. അതിനാല്‍ ഒരാള്‍ക്കും മറ്റുള്ളവര്‍ ഏല്‍പ്പിക്കാതെ സ്വയം വക്കാലത്തേറ്റെടുക്കാന്‍ കഴിയില്ല. സമൂഹം ഈ ചുമതല ഏല്‍പ്പിക്കുമ്പോള്‍ മാത്രമാണ് അയാള്‍ ഭരണാധികാരിയോ ഖലീഫയോ ആവുക.
ശരീഅഃ പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍, ഖിലാഫത്ത് എന്നാല്‍ ഖലീഫയും സമൂഹവും തമ്മിലുള്ള ഒരു കരാറാണ്. തെരഞ്ഞെടുപ്പിലൂടെയും അംഗീകാരത്തിലൂടെയുമാണ് അത് നിലവില്‍ വരിക. ചില ബാധ്യതകളും അവകാശങ്ങളും തുടര്‍ന്നു വന്നു ചേരും. ഭരണാധികാരിയുടെ ബാധ്യത തന്റെ ഭരണവും രാഷ്ട്രീയ നിലപാടും ഖുര്‍ആനും സുന്നത്തിനുമനുസരിച്ചായിരിക്കുക എന്നാണ്. ജനങ്ങള്‍ക്കിടയില്‍ നീതിസ്ഥാപിക്കാനും അതിക്രമങ്ങള്‍ തടയാനും ദീനിന്റെ ചിഹ്നങ്ങള്‍ നിലനിര്‍ത്താനും രാഷ്ട്രത്തിന്റെ സുരക്ഷ ഉറപ്പുവരുത്താനും അയാള്‍ക്ക് ബാധ്യതയുണ്ട്. പൊതുസമൂഹവുമായും കൂടിയാലോചനാസമിതിയുമായും ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും വേണം. ഇങ്ങനെയുള്ള ഒരു ഖലീഫ പറയുന്നത് കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യേണ്ട ബാധ്യത സമൂഹത്തിനുമുണ്ട്. വളരെ ആത്മാര്‍ഥതയോടെ ഭരണഭാരം ഏറ്റെടുക്കാന്‍ തങ്ങളാലാവുന്നത് അവര്‍ ചെയ്യുകയും വേണം.
''ഖിലാഫത്ത് എന്നത് ഒരിനം വക്കാലത്താണ് എന്ന് വരുമ്പോള്‍, വക്കാലത്തിന്റെ വിധികള്‍ തന്നെയാവും ഇവിടെയും ബാധകമാവുക. അതില്‍പെട്ട ഒരു വിധിയാണ് വക്കാലത്ത് അനന്തരമായി കിട്ടുകയില്ല എന്നത്. ഇനി ഖലീഫ പുറത്താക്കപ്പെടുകയോ മരിക്കുകയോ ചെയ്താല്‍ മന്ത്രിമാരെയും മറ്റു ചുമതലക്കാരെയും നിശ്ചയിച്ച സമൂഹം മാറ്റിനിര്‍ത്തപ്പെടുകയുമില്ല. കാരണം വക്കീലിന്റെ പ്രവൃത്തികള്‍ ആരാണോ അയാളെ ചുതലപ്പെടുത്തിയത്, അതൊക്കെയും അവര്‍ പറയുന്നതിനനുസരിച്ചായിരിക്കണം. ആ പദവികളില്‍ തങ്ങളെ അവരോധിച്ചത് മുസ്‌ലിം സമൂഹമായത് കൊണ്ട് മന്ത്രിമാരും ഗവര്‍ണര്‍മാരും മറ്റു നേതാക്കളുമൊന്നും ഖലീഫയുടെ വക്കീലുമാര്‍ ആവുകയില്ല; അവര്‍ മുസ്‌ലിം സമൂഹത്തിന്റെ വക്കീലുമാരായിരിക്കും.''4
പ്രവാചക വിയോഗ ശേഷമുള്ള അധികാരം എന്നു പറയുന്നത് (കേവല ഭൗതിക രാഷ്ട്രീയത്തില്‍ മറ്റേതൊരു മുസ്‌ലിമിനെപ്പോലെയും പ്രവാചകനും പ്രാതിനിധ്യം ഏല്‍പ്പിക്കപ്പെട്ടവനാണ്5), കേവലം സിവില്‍ അധികാരമാണ്; സമൂഹത്തെ പ്രതിനിധീകരിക്കുന്നത് കൊണ്ട് വന്നുചേരുന്നതുമാണ്. തിയോക്രസിക്ക്/ മതരാഷ്ട്രത്തിന് അവിടെ യാതൊരു സ്ഥാനവുമില്ല.6 തിയോക്രസിയില്‍ ഭരണാധികാരി ദൈവത്തില്‍നിന്ന് നേരിട്ട് അധികാരം കൈപ്പറ്റുകയാണ്. ജനത്തിന് 'ദൈവേഛ' വ്യാഖ്യാനിച്ചുകൊടുക്കുന്നതും അയാളായിരിക്കും. താന്‍ കല്‍പ്പിക്കുന്നതും നിരോധിക്കുന്നതും ദൈവേഛപ്രകാരമാണെന്ന് വാദിക്കും. ഇങ്ങനെയൊരു വാദഗതി മുസ്‌ലിംകളില്‍ ആരും ഏറ്റുപിടിച്ചിട്ടില്ല; അപൂര്‍വം ചില ഗ്രൂപ്പുകളല്ലാതെ;7 വിവരമില്ലായ്മ കൊണ്ട് ചില രാജാക്കന്മാര്‍ നടത്തിയ ചില വര്‍ത്തമാനങ്ങളുമല്ലാതെ. അബ്ബാസി ഖലീഫയായ മന്‍സ്വൂര്‍ ഒരിക്കല്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ട്: ''ഈ ധനമുണ്ടല്ലോ അത് അല്ലാഹുവിന്റെ ധനമാണ്. അതിന്റെ കൈകാര്യം അല്ലാഹു എന്നെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. അവന്‍ ഉദ്ദേശിക്കുമ്പോള്‍ എന്നെ അഴിച്ച് വിടുകയോ പിടിച്ചു വെക്കുകയോ ചെയ്യും.'' ഈ മന്‍സ്വൂറിന്റെ പിതാമഹന്‍ മുആവിയതുബ്‌നു അബീസുഫ്‌യാന്‍ 'ധനമെല്ലാം അല്ലാഹുവിന്റെതാണ്' എന്ന് പറഞ്ഞപ്പോള്‍ അതിനെ ചോദ്യം ചെയ്തിട്ടുണ്ട്, പ്രമുഖ സ്വഹാബിവര്യനായ അബൂദര്‍റുല്‍ ഗിഫാരി. തെളിവുകള്‍ നിരത്തി ഈ സ്വഹാബി വര്യന്‍ ആവശ്യപ്പെട്ടത്, 'ധനം മുസ്‌ലിം സമൂഹത്തിന്റെത്' എന്ന് പറയൂ എന്നാണ്. താന്‍ പറഞ്ഞത് തിരുത്താന്‍ മുആവിയ നിര്‍ബന്ധിതനാവുകയും ചെയ്തു. അടിസ്ഥാനപരമായി എല്ലാ ധനവും അല്ലാഹുവിന്റെതാണ് എന്ന കാര്യത്തില്‍ അബൂദര്‍റിനും അഭിപ്രായ വ്യത്യാസമൊന്നുമില്ല. പക്ഷെ അങ്ങനെ പറയുമ്പോള്‍ രാജാക്കന്മാര്‍ക്ക് ചില ദുരുദ്ദേശ്യങ്ങളുണ്ട്. അതിനെയാണ് അദ്ദേഹം ചോദ്യം ചെയ്യുന്നത്. അവര്‍ ധനം ദൈവത്തിന്റെത് എന്ന് പറയുമ്പോള്‍ ഉദ്ദേശിക്കുന്നത് അത് സമൂഹത്തിന്റെതല്ല, അധികാരിയുടെതാണ് എന്നാണ്. ധനം അല്ലാഹുവിന്റെത്, അതിന്റെ കൈകാര്യകര്‍തൃത്വം ഏല്‍പ്പിക്കപ്പെട്ടിരിക്കുന്നത് സമൂഹം എന്നതാണ് യഥാര്‍ഥ കാഴ്ചപ്പാട്. ധനവിനിയോഗത്തില്‍ ഭരണാധികാരിക്ക് വക്കാലത്ത് മാത്രമേയുള്ളൂ. ബുദ്ധിമാന്ദ്യംകൊണ്ട് ഒരു ഭരണാധികാരി മറിച്ച് മനസ്സിലാക്കുന്നുണ്ടെങ്കില്‍ ഭരണാധികാരം അയാളില്‍നിന്ന് തിരിച്ചെടുക്കുകയാണ് വേണ്ടത്. ''നിങ്ങള്‍ക്ക് പിന്‍ബലമായി അല്ലാഹു നല്‍കിയ സമ്പത്ത് നിങ്ങള്‍ ബുദ്ധിമാന്ദ്യമുള്ളവരെ ഏല്‍പ്പിക്കരുത്'' (അമ്പിയാഅ്: 5). ''നിങ്ങള്‍ പരസ്പരം സ്വത്ത് അന്യായമായി ഭക്ഷിക്കരുത്; അതിന് അനുവാദം കിട്ടാന്‍ ഭരണാധികാരികളെ സമീപിക്കുകയുമരുത്'' (അല്‍ബഖറ: 188).
ശീഈ വൈജ്ഞാനിക സാഹിത്യത്തിലല്ലാതെ ഇസ്‌ലാമിക പാരമ്പര്യത്തില്‍ ഈ തിയോക്രാറ്റിക് ചിന്ത ഞാന്‍ കാണുന്നത് ഖര്‍റാഫിയിലാണ്. ഭരണാധികാരി ദൈവത്തിന്റെ പ്രതിനിധിയാണെന്നും അദ്ദേഹത്തിന്റെ വിധികള്‍ ദൈവിക പ്രമാണങ്ങളാണെന്നും ഖര്‍റാഫി പറയുന്നു. അദ്ദേഹത്തെ ഉദ്ധരിക്കാം: ''ഭരണാധികാരിക്ക് അല്ലാഹുവുമായുള്ള ബന്ധം അവന്റെ പ്രതിനിധിയാണ് എന്നതാണ്. നേരത്തെ വിധി വന്നിട്ടില്ലാത്ത കാര്യങ്ങളില്‍ അയാള്‍ക്ക് വിധിക്കാം. അയാളൊരു വിധി പറയുമ്പോള്‍ അത് ദൈവ നിര്‍ദേശപ്രകാരമുള്ള വിധിയാണ്. അയാള്‍ വിധിച്ചതെന്തോ അത് തന്നെയാണ് തന്റെയും വിധി എന്നാണ് അല്ലാഹുവിന്റെ തീരുമാനം. അപ്പോള്‍ ഒരു സംഭവത്തില്‍ ഭരണാധികാരിയുടെ വിധി ദൈവികപ്രമാണ(നസ്സ്വ്) ത്തിന്റെ സ്ഥാനത്താണ് നില്‍ക്കുന്നത്.''8 ഇതിന് അബുല്‍ ഖാസിമുല്‍ അന്‍സ്വാരി മറുപടി പറഞ്ഞിട്ടുണ്ട്: ''ദൈവ നിര്‍ദേശപ്രകാരമാണ് ഭരണാധികാരി വിധിക്കുന്നത് എന്ന ഖര്‍റാഫിയുടെ അഭിപ്രായം തെറ്റാണ്. ഭരണാധികാരിയുടെ വിധി ചിലപ്പോള്‍ ദൈവേഛയുമായി ചേര്‍ന്നുവന്നേക്കാം; അപ്പോഴത് ദൈവത്തിന്റെ വിധിയാണ്. ദൈവവിധിയുമായി ചേരാതെയും വന്നേക്കാം; അപ്പോഴതിന് ദൈവവിധി എന്ന് പറയാന്‍ പറ്റുകയില്ല. ഇജ്തിഹാദില്‍ പിഴച്ചു എന്ന ഒഴികഴിവ് അപ്പോള്‍ ഭരണാധികാരിക്ക് പറയാം. തന്റെ ശ്രമത്തിന് അയാള്‍ പ്രതിഫലാര്‍ഹനായിരിക്കുകയും ചെയ്യും.''9
ശരിയോ തെറ്റോ പറ്റാന്‍ സാധ്യതയുള്ള സിവിലിയനാണ് ഭരണാധികാരി എന്ന ഇസ്‌ലാമിക കാഴ്ചപ്പാടുമായി ഒത്തുപോവുകയില്ല ഖര്‍റാഫിയുടെ വീക്ഷണം. ഭരണാധികാരിക്ക് തെറ്റുപറ്റും എന്നതിനാലാണ് ശൂറ നിര്‍ബന്ധമാക്കിയത്. എന്ന് മാത്രമല്ല, തന്റെ ഒരു പടനായകന് നിര്‍ദേശങ്ങള്‍ നല്‍കവേ നബി തിരുമേനിയോട് ആ പടനായകന്‍ ഒരു ചോദ്യം ചോദിക്കുന്നുണ്ട്; താന്‍ ജയിച്ചടക്കുന്ന വിഭാഗത്തിന്റെ മേല്‍ താന്‍ നടത്തുന്ന വിധിതീര്‍പ്പുകള്‍ തന്റെതോ അതോ ദൈവത്തിന്റെയോ? നബി(സ) അയാളോട് പറഞ്ഞു: ''അത് നീ നടത്തുന്ന വിധിതീര്‍പ്പാണ്. കാരണം, നിനക്കറിയില്ല, ദൈവേഛയനുസരിച്ചാണോ ഞാന്‍ വിധിച്ചത്, അതോ എനിക്ക് തെറ്റായിപ്പോയിട്ടുണ്ടോ എന്ന്.'' ഒരിക്കല്‍ ഉമര്‍ ബ്‌നുല്‍ ഖത്താബിന് വേണ്ടി കത്തെഴുതിയ ആള്‍ ഇങ്ങനെ രേഖപ്പെടുത്തി, 'അല്ലാഹു വിധിക്കുന്നത് എന്തെന്നാല്‍....', ഉമര്‍ അയാളെ തിരുത്തി, 'ഉമര്‍ വിധിക്കുന്നത് എന്തെന്നാല്‍' എന്നെഴുതൂ.
ദീനീ വീക്ഷണത്തിലൂടെ നോക്കിയാല്‍ ഒരു മുസ്‌ലിം ഭരണാധികാരി മറ്റേതൊരു മുസ്‌ലിമില്‍നിന്നും ഒട്ടും ഭിന്നനല്ല. മറ്റേതൊരു മനുഷ്യനുമെന്ന പോലെ ഭരണാധികാരിക്കും തെറ്റുപറ്റാം. അദ്ദേഹത്തിന്റെ അന്വേഷണങ്ങളും സ്വയം കണ്ടെത്തലുകളുമൊക്കെ മറ്റുള്ളവരുടെ സ്വയം കണ്ടെത്തലുകള്‍ പോലെത്തന്നെ കൂടിയാലോചനാ സംവിധാനങ്ങളുടെ പരിശോധനക്ക് വിധേയമാണ്. സ്വീകരിക്കേണ്ട അഭിപ്രായങ്ങള്‍ സ്വീകരിക്കും, അല്ലാത്തവ തള്ളും. ഭൂരിപക്ഷത്തിന് ഭരണാധികാരിയുടെ നിലപാടിനെ നിരസിക്കാം. കാരണം ജനങ്ങളും ശൂറാ സംവിധാനങ്ങളുമാണ് ഭരണാധികാരി ആരെന്ന് നിര്‍ണയിച്ച് അയാളെ ഭരിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. അയാളെ ജനം അനുസരിക്കുന്നത് നേരത്തെ പറഞ്ഞ വക്കാലത്ത് എന്ന രാഷ്ട്രീയ പ്രക്രിയ അതില്‍ ഉള്‍ച്ചേര്‍ന്നതിനാലാണ്. ഇന്നത്തെ കാലത്ത് അതിനെ 'പ്രതിനിധാനം' എന്ന് വിളിക്കുന്നു. പൊതു ബൈഅത്തിലൂടെ, കാലത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ തെരഞ്ഞെടുപ്പിലൂടെയാണ് അധികാരം അയാളില്‍ വന്നെത്തുന്നത്. നബി(സ) ദൈവദൂതനെന്ന നിലക്ക് പ്രവാചക പരമ്പരയുടെ അവസാന കണ്ണിയും തെറ്റുകുറ്റങ്ങളില്‍നിന്ന് പൂര്‍ണമുക്തനുമാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. തെറ്റുപറ്റില്ല എന്നതിനാല്‍ അദ്ദേഹം ജീവിച്ചിരിക്കെ ശൂറാ സംവിധാനത്തിന്റെ ആവശ്യവുമില്ല. അതേസമയം ഒരു രാഷ്ട്രത്തിന്റെ ഭരണാധികാരി എന്ന നിലക്ക്, പ്രവാചകന്റെ ഈ ഭരണാധികാരം സ്ഥാപിതമാവുന്നത് രണ്ടാം അഖബാ ഉടമ്പടിയോടെയാണ് എന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. അതാണല്ലോ മദീനയിലെ രാഷ്ട്ര സംവിധാനത്തിന് അടിത്തറയായിത്തീര്‍ന്നത്. എന്നാല്‍ മദീനയില്‍ ജൂതഗോത്രങ്ങളും ബഹുദൈവാരാധകരായ പല ജനവിഭാഗങ്ങളും താമസിക്കുന്നുണ്ടായിരുന്നു. അവര്‍ രണ്ടാം അഖബാ ഉടമ്പടിയില്‍ പങ്കാളികളായിട്ടില്ല. അവരെക്കൂടി ഉള്‍ക്കൊള്ളുന്നതിന് വേണ്ടിയാണ് പ്രവാചകന്‍ മദീനക്ക് ഒരു ഭരണഘടന (സ്വഹീഫതു മദീന) രൂപകല്‍പ്പന ചെയ്യുന്നത്. രാഷ്ട്രമീമാംസാ ചിന്താ ചരിത്രത്തിലെ ഏറ്റവും വിശ്വസനീയമായ, ഏറ്റവും വ്യക്തതയുള്ള ആദ്യ ലിഖിത ഭരണഘടന. വ്യത്യസ്ത മതവിഭാഗങ്ങളും വംശീയതകളും പുലരുന്ന ഒരു സമൂഹത്തിലെ സാമൂഹിക ബന്ധങ്ങളെയും അവകാശങ്ങളെയും അത് നിര്‍വചിക്കുന്നു. ആ കരാറില്‍ ഒപ്പുവെക്കുന്നതോടെ അല്ലെങ്കില്‍ ഈ നവജാത രാഷ്ട്രത്തിന് ബൈഅത്ത് ചെയ്യുന്നതോടെ ഈ ജനങ്ങളെല്ലാം പ്രവാചകന്റെ രാഷ്ട്രീയ നേതൃത്വത്തെ അംഗീകരിക്കുകയാണ് ചെയ്യുന്നത്. ഈയൊരു പാരമ്പര്യമാണ് ഇസ്‌ലാമിക സമൂഹം പിന്തുടര്‍ച്ചയായി കൈയേല്‍ക്കുന്നത്. അതായത് പ്രവാചകന്‍ നിര്‍വഹിച്ച ഈ ദൗത്യം നിര്‍വഹിക്കുന്ന ഒരാളെ ബൈഅത്തിലൂടെ ഭരണാധികാരിയായി ജനം അംഗീകരിക്കുകയാണ്.10
ഇവിടെ പറയുന്ന ബൈഅത്തും വക്കാലത്തും ഒരുപോലെയാണോ? ഒരുപോലെയാണെന്ന അഭിപ്രായത്തെ ചിലര്‍ ചോദ്യം ചെയ്തിട്ടുണ്ട്. ഖലീഫയായി തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തി ദീനിന്റെ അടിസ്ഥാന ധര്‍മങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥനാവുമല്ലോ. ഇതിനെതിരെ ഒരു നിലപാടെടുക്കാന്‍ സമൂഹത്തിന് അവകാശമില്ല. എന്നാല്‍ ഭരണാധികാരി 'വക്കീല്‍' മാത്രമാകുമ്പോള്‍ അരാണോ വക്കാലത്ത് ഏല്‍പ്പിച്ചത് അവരുടെ ആജ്ഞാനിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ അയാള്‍ ബാധ്യസ്ഥനാണ്. ഭരണാധികാരി അതിക്രമിയോ സത്യനിഷേധിയോ കഴിവ് കെട്ടവനോ ഒക്കെ ആകുമ്പോള്‍ മാത്രമേ അയാളെ തല്‍സ്ഥാനത്ത് നിന്ന് നീക്കാന്‍ സമൂഹത്തിന് അധികാരമുള്ളൂ. എന്നാല്‍ ഖിലാഫത്ത് എന്നത് വക്കാലത്ത് വ്യവസ്ഥയാണ് എന്ന് അംഗീകരിച്ചാല്‍, എപ്പോള്‍ വേണമെങ്കിലും വക്കാലത്ത് നല്‍കിയവര്‍ക്ക് അത് പിന്‍വലിക്കാമല്ലോ. വക്കീലിനെ ഒന്ന് മാറ്റണമെന്ന് തോന്നിയാല്‍ തന്നെ മതിയാകും.11
മറ്റു ചില വിമര്‍ശനങ്ങളും വക്കാലത്ത് സംബന്ധമായി ഉണ്ട്. ഒരാളെ വക്കാലത്ത് ഏല്‍പ്പിക്കുമ്പോള്‍ അത് ഏല്‍പ്പിക്കുന്നവര്‍ ചെയ്യുന്നത് കൈകാര്യാധികാരം മുഴുവന്‍ അയാള്‍ക്ക് കൈമാറുകയാണ്. പക്ഷെ ഖിലാഫത്തില്‍ അത്തരം കൈകാര്യാധികാരങ്ങള്‍ ഭാഗികമായേ കൈമാറുന്നുള്ളൂ. പൊതുനേതൃത്വം എന്നത് സമൂഹത്തിന്റെ ചുമതലയില്‍ പെടുന്നതാണ്. ഒരാളെ ബൈഅത്ത് ചെയ്യുന്നതുകൊണ്ട് സമൂഹത്തിന് ആ സ്ഥാനം നഷ്ടമാകുന്നില്ല. പല രീതിയില്‍ ആ പൊതുനേതൃത്വം അത് നിര്‍വഹിച്ചുകൊണ്ടിരിക്കുകയും ചെയ്യും. രാഷ്ട്രത്തലവന്‍ വരെ പരിധിയില്‍ വരുന്ന 'നന്മ പ്രോത്സാഹിപ്പിക്കുകയും തിന്മ തടയുകയും' ചെയ്യുന്ന വിവിധ സംവിധാനങ്ങള്‍ ഉദാഹരണം. ദീനീവിധികള്‍ നല്‍കുന്ന പൊതുവും സവിശേഷവുമായ ശൂറാ സംവിധാനങ്ങളുമുണ്ടാവും. സമൂഹം അതിന്റെ ശൂറാ സംവിധാനത്തിലൂടെ അംഗീകരിക്കുന്നത് അനുസരിച്ച് മാത്രമേ രാഷ്ട്രത്തലവന് പ്രവര്‍ത്തിക്കാനാവൂ എന്നര്‍ഥം.
ഈ വിമര്‍ശനങ്ങളൊക്കെ ഉണ്ടെങ്കിലും ഖിലാഫത്തിനെ വക്കാലത്തുമായി സമീകരിക്കുന്നത് പൊതുവെ സ്വീകാര്യമാണെന്ന് പറയാം. കാരണം, യഥാര്‍ഥ അധികാര കേന്ദ്രം ഭരണാധികാരിയല്ല എന്ന് സ്ഥാപിക്കാന്‍ അതുവഴി സാധിക്കുന്നുണ്ട്. ദൈവപ്രാതിനിധ്യമേറ്റവര്‍ എന്ന നിലക്ക് ഇസ്‌ലാമിക സമൂഹം അനുവദിച്ച് നല്‍കുന്നതാണ് ആ അധികാരം എന്നും വന്നുകൂടുന്നു. ഇനിപ്പറയുന്ന മൂന്ന് അധികാര ഘടനകള്‍ മുമ്പില്‍ വെച്ചാല്‍ വ്യത്യാസം കൂടുതല്‍ തെളിഞ്ഞ് കിട്ടും.
ഒന്ന്: ഒരു തിയോക്രസിയില്‍ സമൂഹത്തിന്റെ സ്ഥാനം; ദൈവം-ഭരണാധികാരി-സമൂഹം എന്ന ക്രമത്തില്‍
രണ്ട്: ജനാധിപത്യ സംവിധാനത്തില്‍. സമൂഹം-ഭരണാധികാരി.
മൂന്ന്: ഇസ്‌ലാമിക ജനാധിപത്യ ഘടനയില്‍. ദൈവം-സമൂഹം-ഭരണാധികാരി.
ഈ മൂന്ന് ഘടനകള്‍ തമ്മില്‍ സാമ്യങ്ങള്‍ ഉണ്ടാകുമെങ്കിലും അവ തമ്മിലുള്ള വ്യത്യാസം വ്യക്തമാണ്. അവസാനം പറഞ്ഞ ഇസ്‌ലാമിക ഘടന ശ്രദ്ധിക്കുക. അവിടെ സമൂഹം വഴിയാണ് ഭരണാധിപനിലേക്ക് അധികാരമെത്തുന്നത്. അതിനാല്‍ ജനാധിപത്യഘടനയോട് അത് ഏറ്റവും അടുത്ത് നില്‍ക്കുന്നതുമാണ്. അതുകൊണ്ട് തന്നെ പല ഇസ്‌ലാമിക ചിന്തകരും ഇസ്‌ലാമിനെ ജനാധിപത്യവുമായി ബന്ധിപ്പിച്ച് ഇസ്‌ലാമിക് ഡമോക്രസി എന്നൊക്കെ പ്രയോഗിച്ചിട്ടുണ്ട്. കാരണമിവിടെ ജനത്തില്‍നിന്ന് അധികാരം കൈമാറിക്കിട്ടാതെ ഒരാളും ഈ ഘടനയില്‍ ഭരണാധികാരിയാവുന്നില്ലല്ലോ. പക്ഷെ ഇതിന് മറ്റൊരു വശവും കൂടിയുണ്ട്. സമൂഹത്തിന്റെ അധികാരമെന്നത് ദൈവത്താല്‍ അവതീര്‍ണമായ നിയമവ്യവസ്ഥയാല്‍/ശരീഅത്തിനാല്‍ നിര്‍ണിതമാണ്. അല്ലാഹുവിനെ രക്ഷിതാവും ഇസ്‌ലാമിനെ ദീനും ആയി അംഗീകരിച്ച ഒരു സമൂഹം സ്വമേധയാ, സ്വന്തം ഇഷ്ടപ്രകാരം ഇങ്ങനെയൊരു നിലപാട് സ്വീകരിക്കുകയാണ്. പക്ഷെ ഡമോക്രസിയില്‍ പൂര്‍ണാധികാരം ജനത്തിനാണ്. ഇതാണതിന്റെ ക്ലാസിക്കല്‍ വിഭാവന. എന്നാല്‍, യാത്രാ സൗകര്യങ്ങളും മറ്റും വര്‍ധിച്ചതോടെ ജനസമൂഹങ്ങള്‍ തമ്മിലുള്ള അകലം കുറയുകയും അവര്‍ക്കിടയില്‍ താല്‍പ്പര്യ സംഘട്ടനങ്ങളുണ്ടാവുകയും അത്യന്തം വിനാശകരമായ യുദ്ധങ്ങള്‍ പൊട്ടിപ്പുറപ്പെടുകയും ചെയ്തതോടെ ഈ ജനസര്‍വാധികാരത്തിന്/ദേശീയാധികാരത്തിന് ചില നിയന്ത്രണങ്ങള്‍ വെക്കാന്‍ അന്താരാഷ്ട്ര സമൂഹം നിര്‍ബന്ധിതമാവുകയുണ്ടായി. അങ്ങനെയാണ് അന്താരാഷ്ട്ര കരാറുകളും സ്ഥാപനങ്ങളും ഉണ്ടാകുന്നത്. ദേശീയാധികാരത്തിന് മേലെയായിരിക്കും അതിന്റെ അധികാരം. മാത്രമല്ല, സകലവിധ ധാര്‍മിക, മാനവിക മൂല്യങ്ങളും കുടഞ്ഞെറിഞ്ഞ ജനകീയാധികാര രൂപങ്ങള്‍ മനുഷ്യ ചരിത്രത്തിലെ ഏറ്റവും ബീഭത്സമായ സര്‍വാധിപത്യങ്ങള്‍ക്ക് ജന്മം നല്‍കിയതായും നാം കാണുന്നു. അവ ഭൂമുഖത്തെ രക്ത പങ്കിലമാക്കി; അതിന് മേല്‍ ഭയത്തിന്റെയും വിശപ്പിന്റെയും ആവരണമിട്ടു. മിക്ക പാശ്ചാത്യന്‍, മാര്‍ക്‌സിയന്‍ ജനാധിപത്യങ്ങളിലും നാമിത് കാണുകയുണ്ടായിട്ടുണ്ട്.
അപ്പോള്‍ രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും ദേശീയാധികാരത്തെ നിയന്ത്രിക്കുന്ന മറ്റൊരു ശക്തി ഉണ്ടായിരിക്കണം. സങ്കുചിത മത, ദേശീയ, വംശീയ, ഗോത്രീയ ചിന്തകളും കടന്നാക്രമണ പ്രവണതകളും കൈയൊഴിച്ച്, ഒരൊറ്റ ബീജത്തില്‍നിന്ന് ഉരുവം കൊണ്ടവരെന്ന നിലക്ക് സമൂഹങ്ങള്‍ പരസ്പരം തിരിച്ചറിയണമെന്നും ആഗോള സാഹോദര്യത്തിലേക്കും സൗഹൃദത്തിലേക്കും കടന്ന് വരണമെന്നും ആഹ്വാനം ചെയ്ത ദൈവിക ദീനിനേക്കാള്‍ മറ്റേത് ദര്‍ശനമുണ്ട് ആ സമുന്നത സ്ഥാനത്തേക്ക് കയറി നില്‍ക്കാന്‍ അര്‍ഹതയുള്ളതായി? ''ജനങ്ങളേ, നാം നിങ്ങളെ ആണില്‍നിന്നും പെണ്ണില്‍നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നാം നിങ്ങളെ ജനതകളും ഗോത്രങ്ങളുമാക്കിയത് പരസ്പരം തിരിച്ചറിയാന്‍ വേണ്ടിയാണ്. ഏറ്റവുമധികം ജീവിത സൂക്ഷ്മത കാണിക്കുന്നവരത്രെ ദൈവത്തിന്റെയടുത്ത് ഏറ്റവും ആദരണീയര്‍'' (അല്‍ഹുജുറാത്ത്: 13). നേരത്തെ നാം മനസ്സിലാക്കിയപോലെ, ജനാധിപത്യ ഭരണത്തിന്റെ ആധാര(സമൂഹം)വും, ഇസ്‌ലാമിക ഭരണത്തിന്റെ ആധാര(ദൈവിക ശരീഅത്ത്)വും തമ്മിലുള്ള വിടവ് നികത്തപ്പെടാന്‍ കഴിയാത്തത്ര അകലത്തിലൊന്നുമല്ല.12
ഖലീഫയെ ബൈഅത്ത് ചെയ്ത ശേഷം, അതിക്രമമോ സത്യനിഷേധമോ കഴിവ്‌കേടോ കാരണമല്ലാതെ, അയാളെ മാറ്റാനാവില്ല എന്നത് സുസ്ഥിരമായ ഒരു ദീനീപ്രമാണമൊന്നുമല്ല; മിക്ക ഇസ്‌ലാമിക രാഷ്ട്രമീമാംസാ പണ്ഡിതന്മാരും അങ്ങനെയാണ് അഭിപ്രായപ്പെട്ടിട്ടുള്ളതെങ്കിലും. ഒന്നിലധികം ഇജ്തിഹാദിന് പഴുതുള്ള ഒരു തുറന്ന രാഷ്ട്രീയ മേഖലയാണിതും. തെരഞ്ഞെടുപ്പ് സംശുദ്ധമായും വിവിധ വീക്ഷണഗതിക്കാര്‍ക്ക് അവസരം നല്‍കിയുമാണ് നടത്തപ്പെടുന്നതെങ്കില്‍ ഭരണകാലമെത്രയെന്നത് പുതുക്കി നിശ്ചയിക്കാവുന്നതേയുള്ളൂ.
ഭരണത്തിന്റെ വക്കാലത്ത് ഏല്‍പ്പിച്ചുകൊടുക്കുന്നത് നിരുപാധികമായിട്ടല്ല; ഏല്‍പ്പിച്ചുകൊടുക്കുന്നതിന് ഒരൊറ്റ രൂപവുമല്ല ഉള്ളത്. ചിലപ്പോള്‍ ഏല്‍പി
ച്ചുകൊടുക്കല്‍ ഭാഗികമായിട്ടായിരിക്കും. അതിന്റെ രൂപങ്ങളിലും ഉപാധികളിലും മാറ്റങ്ങളുണ്ടാവും. അപ്പോള്‍ ബൈഅത്ത് ചെയ്യുന്നതും വക്കാലത്ത് നല്‍കുന്നതുമെല്ലാം ശരീഅത്ത് നടപ്പക്കാനും സമൂഹതാല്‍പര്യങ്ങള്‍ സംരക്ഷിക്കാനുമാണ്. മറ്റേതൊരു കരാറിലുമെന്നപോലെ കരാറിലേര്‍പ്പെടുന്ന ഇരു കക്ഷികളും ചില നിബന്ധനകള്‍ പാലിക്കേണ്ടിവരും. അതിലൊരു പ്രധാന നിബന്ധനയാണ് ശൂറാ തീരുമാനങ്ങളോട് പ്രതിബദ്ധത കാണിക്കുകയെന്നത്. ഭരണകാലം എത്ര എന്ന് നിശ്ചയിച്ചത് അതേപടി ആവര്‍ത്തിക്കപ്പെടാം; ആവര്‍ത്തിക്കപ്പെടാതിരിക്കുകയും ചെയ്യാം.13
കുറിപ്പുകള്‍
1. അര്‍റീസ് - അന്നള്‌രിയ്യാത്തുസ്സിയാസിയ്യ അല്‍ ഇസ്‌ലാമിയ്യ, പേ: 222
2. 'ബി ഹബ്‌ലിന്‍ മിനല്ലാഹി, വ ഹബ്‌ലിന്‍ മിനന്നാസ്', ആലുഇംറാന്‍: 112
3. മൂസ - നിളാമുല്‍ ഹുകൂം ഫില്‍ ഇസ്‌ലാം, പേ: 78
4. മഹ്മൂദ് ഹില്‍മി - നിളാമുല്‍ ഹുക്മില്‍ ഇസ്‌ലാമി മുഖാരിനന്‍ ബിന്നളുമില്‍ മുആസ്വറ (കൈറോ, ദാറുല്‍ ഫിക്‌രില്‍ അറബി, 1973) 95-96.
5. പക്ഷെ പ്രവാചകന്‍ സമൂഹത്തില്‍നിന്ന് നേടിയെടുത്ത സ്‌നേഹബഹുമാനങ്ങള്‍ ഒരു ഭരണാധികാരിക്കും നേടിയെടുക്കാനായിട്ടില്ലെന്ന് മാത്രം. മദീന എന്ന രാഷ്ട്രം നിലവില്‍ വരുന്നത് രണ്ടാം അഖബ ഉടമ്പടിയുടെയും 'മദീന പാക്ടി' (സ്വഹീഫതു മദീന) ന്റെയും അടിസ്ഥാനത്തിലുമായിരുന്നു.
6. വിശുദ്ധവാക്യങ്ങളെ ഭരണാധികാരി തന്നത്താന്‍ വ്യാഖ്യാനിക്കാവതല്ല. അയാള്‍ ഇജ്തിഹാദ് നടത്താന്‍ യോഗ്യനാണെങ്കില്‍ പോലും, തന്റെ കണ്ടെത്തലുകള്‍ സമൂഹത്തിന് മേല്‍ അടിച്ചേല്‍പിക്കാന്‍ അയാള്‍ക്ക് അധികാരമില്ല. പണ്ഡിത പ്രമുഖര്‍ നടത്തിയ ഇജ്തിഹാദിന് വിധേയപ്പെടുകയാണ് അയാള്‍ വേണ്ടത്. അടിസ്ഥാന നിയമാവിഷ്‌കാരത്തിനുള്ള അധികാരം ഭരണകര്‍ത്താവിനില്ല; അത് അല്ലാഹുവിന്നുള്ളതാണ്. നിയമനിര്‍ധാരണവും ഭരണാധികാരിയല്ല നടത്തേണ്ടത്, മറിച്ച് കൂടിയാലോനചാ സമിതി(ശൂറ)യാണ്. ചില ഭരണാധികാരികള്‍ ഇതിന് വിരുദ്ധമായി വ്യാഖ്യാനങ്ങള്‍ ചമക്കുന്നത്‌കൊണ്ടാണ് ഇങ്ങനെ പറയേണ്ടി വരുന്നത്. തുനീഷ്യന്‍ പണ്ഡിതന്‍ ശൈഖ് റഹ്മൂനിയെ തൂക്കിലേറ്റാന്‍ ശിക്ഷിച്ചുകൊണ്ടുള്ള വിധി പ്രസ്താവത്തില്‍ ഇങ്ങെയൊരു വാക്യമുണ്ട്: 'ബഹുമാന്യനായ പ്രസിഡന്റിനെതിരെ പ്രതി സ്വന്തം നിലക്ക് ഖുര്‍ആനെ വ്യാഖ്യാനിച്ചതിനാല്‍!' നമ്മുടെ കാലത്തെ 'സെക്യുലര്‍ മതരാഷ്ട്ര' വാദത്തിന് ഒരു ഉദാഹരണം പറഞ്ഞുവെന്ന് മാത്രം.
7. ദിറാസാതുന്‍ ഫീ വിലായത്തില്‍ ഫഖീഹി വ ഫിഖ്ഹിദ്ദൗല എന്ന കൃതിയില്‍(1/405) പ്രമുഖ ശീഈ പണ്ഡിതന്‍ ആയത്തുല്ലാ മുന്‍തളരി എഴുതുന്നു: ''അധികാരവും ഭരണകര്‍തൃത്വവും അല്ലാഹുവിന് മാത്രമേയുള്ളൂ. അല്ലാഹു പ്രവാചകന് നേരിട്ട് നല്‍കിയ അധികാരമെന്തോ അതേ പ്രവാചകനും ഉള്ളൂ. ഇമാമുമാരെ അല്ലാഹുവിന്റെ കല്‍പ്പന പ്രകാരം നബി തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. ഇമാം അദൃശ്യനായിരിക്കുന്ന കാലഘട്ടങ്ങളിലും പണ്ഡിതന്മാര്‍ ഈ പദവി ഇമാമുമാര്‍ക്ക് വകവെച്ചു നല്‍കിയിട്ടുണ്ട്. അങ്ങനെയല്ലായിരുന്നെങ്കില്‍ അവര്‍ക്ക് അധികാരം ഉണ്ടാകുമായിരുന്നില്ലല്ലോ. ഇക്കാര്യത്തില്‍ ജനങ്ങളുടെ തെരഞ്ഞെടുപ്പിനൊന്നും യാതൊരു സ്ഥാനവുമില്ല. ഇസ്‌ലാമിക ഭരണകൂടം തിയോക്രസി തന്നെയായിരിക്കും. നമ്മുടെ ഇമാമീ സുഹൃത്തുക്കിടയില്‍ ഈ അഭിപ്രായത്തിനാണ് പ്രാമുഖ്യം.'' സമൂഹത്തിന്റെ അധികാരാവകാശങ്ങള്‍ കവര്‍ന്നെടുത്ത്, അവരെ അരിക്‌വല്‍ക്കരിച്ച് വ്യക്തിയിലേക്ക് അധികാരം കേന്ദ്രീകരിക്കുന്ന ഈ സമ്പ്രദായം മതത്തിന്റെ പേരില്‍ കടന്നുവരുന്ന സ്വേഛാധിപത്യമല്ലാതെ മറ്റൊന്നുമല്ല. ചെറിയൊരു പ്രതീക്ഷയുള്ളത്, ഇത് ഇമാമീ പണ്ഡിതന്മാരുടെ ഏകോപിച്ച അഭിപ്രായമല്ല എന്നതാണ്. ഭിന്നാഭിപ്രായമുള്ളവരുമുണ്ട്. തെറ്റ് പറ്റാത്ത ഇമാം മറഞ്ഞിരിക്കുന്ന കാലയളവുകളിലെല്ലാം ഭരണാധികാരം സംബന്ധിച്ച സുന്നി-ശീഈ വീക്ഷണങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസമില്ലെന്ന കാര്യം നാം മുമ്പ് സൂചിപ്പിച്ചിട്ടുണ്ട്. സുന്നികളിലേത് പോലെ തന്നെ പലതരം രാഷ്ട്രീയ വീക്ഷണങ്ങളുള്ള ഗ്രൂപ്പുകള്‍ ശീഈകളിലുമുണ്ട്. ഉദാഹരണത്തിന്, ഇറാഖില്‍ പ്രവര്‍ത്തിച്ചിരുന്ന അദ്ദഅ്‌വ എന്ന ശീഈ പാര്‍ട്ടിയുടെ രാഷ്ട്രീയ വീക്ഷണം മുഹമ്മദ് അബ്ദു, റശീദ് രിള, ഹസനുല്‍ ബന്ന തുടങ്ങിയവരുടെതില്‍ നിന്ന് ഏറെയൊന്നും ഭിന്നമായിരുന്നില്ല. ഇറാന്‍ വിപ്ലവത്തിന് ശേഷം അതിന്റെ സ്വാധീന ഫലമായി 'വിലായത്തുന്‍ ഫഖീഹി'ന് അനുഗുണമാകും വിധം അവര്‍ നിലപാട് മാറ്റുകയും ചെയ്തു. (അബ്ദുല്‍ ജബ്ബാര്‍ 'അല്‍ഹയാത്തി'ല്‍ എഴുതിയ ലേഖനം -19/06/1992- കാണുക.).
8. ശിഹാബുദ്ദീന്‍ അഹ്മദ് ഇദ്‌രീസ് ഖര്‍റാഫി - അല്‍ഫുറൂഖ് (തുനീഷ്യന്‍ എഡിഷന്‍ ഹി. 1302) 2/105106
9. അബുല്‍ ഖാസിം അല്‍ അന്‍സ്വാരി - ഇദ്‌റാറുശ്ശുറൂഖ് അലാ അന്‍വാരില്‍ ഫുറൂഖ്, പേ: 105-106
10. 'സ്വഹീഫതു മദീന' എന്ന ഈ സുപ്രധാന ചരിത്ര രേഖയുടെ ടെക്സ്റ്റ് ഡോ. മുഹമ്മദ് ഹമീദുല്ലയുടെ 'മജ്മൂഅതുല്‍ വസാഇഖ് അസ്സിയാസിയ്യ ലില്‍ അഹ്ദിന്നബവി വല്‍ ഖിലാഫത്തിര്‍റാശിദ' എന്ന കൃതിയിലുണ്ട്.
11. അല്‍ ഈലി - അല്‍ ഹുര്‍രിയ്യാത്തുല്‍ ആമ്മ, പേ: 230-231
12. പ്രശസ്ത ഫ്രഞ്ച് ചിന്തകന്‍ ഫ്രാന്‍സോ ബുര്‍ഗ (Francois Burgat) പറയുന്നു: ''നിലപാ
ടുകളില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിന്, തന്നെ ഭരിക്കേണ്ട നിയമങ്ങള്‍ തെരഞ്ഞെടുക്കാന്‍ മനുഷ്യന്‍ സര്‍വഥാ സ്വതന്ത്രമാണ് എന്ന പാശ്ചാത്യ രാഷ്ട്രീയ ചിന്തയെ നാം കൂടുതല്‍ സൂക്ഷ്മ പഠനത്തിന് വിധേയമാക്കണം. പ്രവൃത്തിയില്‍ അങ്ങനെത്തന്നെയാണോ സംഭവിക്കുന്നത് എന്നും പഠിക്കണം. അമേരിക്കയിലെ 'ദൈവത്തില്‍ നാം വിശ്വാസമര്‍പ്പിക്കുന്നു' (In God We Trust) എന്നത് തൊട്ട് ഫ്രാന്‍സിലെ റിപ്പബ്ലിക്കന്‍ ഭരണരീതിയെ വരെ നാം വിശകലന വിധേയമാക്കണം; പി
ന്നെ ഇംഗ്ലണ്ടിലെയും ജര്‍മനിയിലെയും അനുഭവങ്ങളും. ലിബറല്‍ രാഷ്ട്രീയ ചിന്തയിലെ ഈ അനുഭവങ്ങളെല്ലാം നമ്മോട് പറയുന്നത്, മനുഷ്യേഛക്ക് മീതെ ചില അടിസ്ഥാന തത്ത്വങ്ങള്‍ പ്രവര്‍ത്തനക്ഷമമാകുന്നുണ്ടെന്നാണ്. മനുഷ്യേഛ എന്ന് പറയുമ്പോള്‍ അത് ചിലപ്പോള്‍ സാമൂഹികേഛയോ ഭൂരിപക്ഷത്തിന്റെ ഇഛയോ ഒക്കെ ആവാം. ചിലപ്പോള്‍ ആ അടിസ്ഥാനങ്ങളില്‍ ദൈവിക നിര്‍ദേശങ്ങളിലേക്കുള്ള വ്യക്തമായ സൂചനകള്‍ കാണാം. മറ്റു സന്ദര്‍ഭങ്ങളില്‍ ഈ സൂചനകളില്‍ അമേരിക്കയും ബ്രിട്ടനും ജര്‍മനിയും തമ്മില്‍ രൂപപരമായ ചില വ്യത്യാസങ്ങളേ കാണാന്‍ കഴിയൂ. പാര്‍ലമെന്റ് ഭൂരിപക്ഷത്തോടെ പാ
സാക്കിയ ഒരു നിയമത്തിന്റെ മുകളിലായിരിക്കും അന്താരാഷ്ട്ര കരാറുകള്‍. ഒരു നാട്ടിലെ ഭൂരിപക്ഷത്തിന്റെ അഭിപ്രായം പല അന്താരാഷ്ട്ര നിയമങ്ങള്‍ക്കും കീഴ്‌വഴക്കങ്ങള്‍ക്കും വിധേയമായിരിക്കും എന്നര്‍ഥം. ഭൂരിപക്ഷത്തിന്റെ അതിരുകവിച്ചിലുകള്‍ക്ക് തടയിടാനാണ് ഈ അന്താരാഷ്ട്ര നിയമങ്ങളും തത്ത്വങ്ങളും. അപ്പോള്‍ മനുഷ്യേഛക്കും അപ്പുറമുള്ള ഒരു സ്രോതസ്സില്‍നിന്ന് ഈ അടിസ്ഥാന തത്ത്വങ്ങള്‍ രൂപപ്പെട്ടേ മതിയാവൂ. ഏതായാലും എല്ലാറ്റിന്റെയും അടിസ്ഥാനം മനുഷ്യേഛയല്ല എന്ന് വ്യക്തമാവുന്നു. ഈയൊരു വിതാനത്തില്‍ ചിന്തിച്ചാല്‍, പാശ്ചാത്യ ജനാധിപത്യ സെക്യുലര്‍ ഘടനയും ഇസ്‌ലാമിക ശരീഅത്ത് പരിപ്രേക്ഷ്യവും തീരെ ഒത്തിണക്കമില്ല എന്ന നിഗമനത്തിലൊന്നും നാം എത്തുകയില്ല. ആദില്‍ ഹുസൈന്‍ പറയുന്നത്, ഇസ്‌ലാമിക് റഫറന്‍സ്/ആധാരം എന്ന് പറയുമ്പോള്‍ അതിനൊരു ആവിഷ്‌കാര രൂപമേ ഉള്ളൂ എന്ന് കരുതരുതെന്നാണ്. പശ്ചിമ ജര്‍മനിയുടെ ഭരണഘടന അതിന്റെ അടിസ്ഥാന രാഷ്ട്രീയ വിഭാവനയോട് യോജിക്കാത്തവര്‍ക്ക് രാഷ്ട്രീയാവകാശങ്ങള്‍ നിഷേധിച്ചിരുന്നതും കമ്യൂണിസ്റ്റുകാര്‍ക്ക് അമേരിക്കന്‍ ഐക്യനാടുകള്‍ പ്രവേശനാനുമതി നിഷേധിച്ചിരുന്നതും ഇവിടെ ഓര്‍ക്കാം.'' ഫ്രാന്‍സോ ബുര്‍ഗയുടെ 'അല്‍ ഇസ്‌ലാമുസ്സിയാസി: സ്വൗതുല്‍ ജനൂബ് (അറബി പരിഭാഷ: ലോറീന്‍ സകരി, കൈറോ, 1992), പേ: 145-147.
13. ബൈഅത്തിലൂടെ/തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുന്നവരുടെ ഭരണം ഇത്രകാലമായിരിക്കുമെന്നും അതിലൊരു പരിഷ്‌കരണവും പാടില്ലെന്നും പറയുന്ന ഒരു ഇസ്‌ലാമിക പ്രമാണവും ഇല്ല. സമൂഹത്തിന് നേതൃത്വത്തിലുള്ള വിശ്വാസം പുതുക്കാം; അല്ലെങ്കില്‍ അയാളുടെ നേതൃത്വത്തില്‍ വിശ്വാസമില്ലെന്ന് പ്രഖ്യാപിക്കാം. ഖുലഫാഉര്‍റാശിദുകളുടെ കാലത്ത് അവരുടെ ഭരണകാലം നിശ്ചയിക്കപ്പെട്ടിരുന്നില്ലല്ലോ എന്നതിന്, ആ രീതി സ്വീകരിക്കുന്നതിനും അനുവാദമുണ്ട് എന്നേ അര്‍ഥമുള്ളൂ. ഖിലാഫത്തുര്‍റാശിദയുടെ കാലത്തുണ്ടായ 'വന്‍ കലാപ'ത്തിന് മൂന്നാം ഖലീഫയുടെ വാര്‍ധക്യം ഒരു പ്രധാന കാരണമാണെന്ന ഒരു വായനയുണ്ട്. ഖലീഫയെ മാറ്റുന്നതിനുള്ള നസ്സ്വ് ഇല്ലാത്തത് പോലെ, അങ്ങനെയൊരു കീഴ്‌വഴക്കവും ഇല്ലായിരുന്നല്ലോ. അതിനാല്‍ യൂസുഫുല്‍ ഖറദാവിയെ പോലുള്ള പണ്ഡിതന്മാര്‍ ഭരണത്തിന് സമയ പരിധി വേണം എന്ന അഭിപ്രാ
യക്കാരാണ്. മതത്തിന്റെ പേരില്‍ മാത്രമല്ല, ജനാധിപത്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും പേരില്‍ പോലും ഏകാധിപത്യം തിമര്‍ത്താടുന്ന ഒരു സമൂഹത്തില്‍ സമയപരിധി അനിവാര്യത തന്നെയാണെന്ന് നമുക്ക് ബോധ്യമാവും.
Comments