Prabodhanm Weekly

Pages

Search

2020 ഫെബ്രുവരി 14

3139

1441 ജമാദുല്‍ ആഖിര്‍ 20

ഇസ്‌ലാമിക റഫറന്‍സുകളും ജനായത്തവും

ഡോ. സഅ്ദുദ്ദീന്‍ ഉസ്മാനി

[പ്രായോഗിക രാഷ്ട്രീയവും പ്രവാചക മാതൃകയും - 5]

സ്വാഭാവികമായും ഏതൊരു പരിഷ്‌കരണ പദ്ധതിക്കും സിദ്ധാന്തപരമായ ഒരടിത്തറയുണ്ടാകും. തത്ത്വചിന്തയുടെ അടിത്തറയും ഉണ്ടാകും. ആ തത്ത്വചിന്തക്കാകട്ടെ വേറിട്ട ഒരു ലോകവീക്ഷണവും സാമൂഹിക വീക്ഷണവും ചരിത്ര സമീപനവുമുണ്ടാകും. മനുഷ്യരെപ്പറ്റിയും കാഴ്ചപ്പാടുണ്ടായിരിക്കും. അതിന് ആധാരമായി വര്‍ത്തിക്കുന്ന റഫറന്‍സ്, പ്രമാണം ഏത് എന്നത് വളരെ പ്രധാനമാണ്. പ്രത്യയശാസ്ത്രം അഥവാ ഐഡിയോളജി എന്നാണ് മാര്‍ക്‌സ് ഇതിനെ വിളിച്ചത്. മിക്കവാറും സന്ദര്‍ഭങ്ങളില്‍ ഈ സിദ്ധാന്ത അടിത്തറയും പ്രമാണങ്ങളും പുനരാലോചനകളെയും നവീകരണങ്ങളെയും കൂടുതല്‍ യുക്തിസഹമാക്കുന്നതിന് സഹായകമായി വര്‍ത്തിക്കും. ചിലപ്പോഴിത് തീവ്രമായ അതിരുകവിച്ചിലുകള്‍ക്ക് നിമിത്തമാകാറുമുണ്ട്. കൂടുതല്‍ റാഡിക്കലായ ആശയപരിസരത്തിലേക്ക് സാമൂഹിക രാഷ്ട്രീയ പരിഷ്‌കരണങ്ങളെ ഇത് കൊണ്ടു ചെന്നെത്തിക്കുമെന്ന് വാദിക്കുന്നവരുമുണ്ട്. ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ഇതിനെ സംബന്ധിച്ച് തികഞ്ഞ ബോധവും ജാഗ്രതയും സൂക്ഷിക്കുന്നുണ്ട്.
മൗലികമായ ഇത്തരം അവലംബങ്ങളെ ആശ്രയിക്കുന്നതിനെക്കുറിച്ചും സിദ്ധാന്തങ്ങളെ ആധാരമാക്കുന്നതിനെ സംബന്ധിച്ചും ഇങ്ങനെ പ്രതിലോമപരമായി ചിന്തിക്കുന്നതില്‍ ഒരര്‍ഥവുമില്ല. മോഡേണിറ്റിയുടെയോ ഡെമോക്രസിയുടെയോ തത്ത്വങ്ങള്‍ക്കും പ്രയോഗങ്ങള്‍ക്കും ഏതു നിലക്കാണ് ഇത് വിരുദ്ധമാകുന്നത്? ക്രിസ്ത്യന്‍ ഡെമോക്രാറ്റുകളും ക്രിസ്ത്യന്‍ സോഷ്യല്‍ ഡെമോക്രാറ്റുകളും അടക്കമുള്ള ക്രിസ്ത്യന്‍ പാര്‍ട്ടികള്‍ മുന്നോട്ടുവെക്കുന്ന മത ഉള്ളടക്കമുള്ള ആശയങ്ങളെ പാശ്ചാത്യ ജനാധിപത്യം സ്വാംശീകരിച്ചത് അവിടങ്ങളിലെ ജനാധിപത്യ അനുഭവങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയും. ഈ പാര്‍ട്ടികളുടെ ആശയവും നിലപാടുകളുമാകട്ടെ, ബൈബിളിലെ നിയമങ്ങളെയാണ് അവലംബമാക്കിയിട്ടുള്ളത്.
ഒരു ജനതയുടെ സാമൂഹിക പുരോഗതിയെ, അവരുടെ ചരിത്രത്തില്‍ ആഴത്തില്‍ വേരൂന്നിയ നാഗരികവും സാംസ്‌കാരികവുമായ റഫറന്‍സുകളില്‍നിന്ന് വേര്‍തിരിക്കാവതല്ല. മുസ്‌ലിംകള്‍ അവരുടെ സമൂഹ ചരിത്രത്തിലുടനീളം മുസ്‌ലിംകളായിട്ടാണ് നിലകൊണ്ടിരുന്നത്. സമൂഹത്തിലെ ഏതു തരത്തിലുള്ള പരിഷ്‌കരണ ശ്രമങ്ങളും ഈ യാഥാര്‍ഥ്യത്തെ ഗൗരവപൂര്‍വം പരിഗണിച്ചേ മതിയാവൂ. ഈ യാഥാര്‍ഥ്യത്തെ നിരാകരിക്കുന്നത് ഇതിനെതിരായ പ്രതിപ്രവര്‍ത്തനങ്ങള്‍ക്ക് കാരണമാവും. അത് ധാരാളം സമയവും അധ്വാനവും നഷ്ടപ്പെടുത്തും. തുടങ്ങിവെച്ച സംരംഭങ്ങള്‍ ലക്ഷ്യത്തിലെത്തിക്കാനും കഴിയില്ല. അറബ് ലോകത്ത് നടപ്പാക്കിയ ആധുനികവത്കരണത്തെ വിശകലനം ചെയ്തുകൊണ്ട് നിരവധി ഗ്രന്ഥകാരന്മാര്‍ അഭിപ്രായപ്പെടുന്നത്, സലഫി ചിന്താധാരയില്‍പെട്ടവരാണ് ലിബറല്‍ ചിന്തകരേക്കാള്‍ ഇതിനു വേണ്ടി പരിശ്രമിച്ചത് എന്നാണ്. തങ്ങളെ മേഡേണിസ്റ്റുകള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന അധിക പേരും കരുതുന്നത്, പ്രഫ. അബ്ദുസ്സമദ് ബല്‍ കബീര്‍ പറയുന്ന പോലെ 'മോഡേണിറ്റി എന്നത് ഇറക്കുമതി ചെയ്ത ചിന്തകളും ടെക്‌നോളജിയുമാണ്. സ്വതന്ത്ര വ്യക്തിയെയോ രാഷ്ട്രത്തെയോ അത് പിന്തുണക്കുന്നില്ല. സ്വാശ്രയത്വം വളര്‍ത്തുകയോ സാമൂഹിക സവിശേഷതകളെ സംരക്ഷിക്കുകയോ ചെയ്യുന്നില്ല. മോഡേണിസം സ്ഥാപിതമായതോടെ തങ്ങള്‍ സമൂഹത്തില്‍നിന്ന് പൂര്‍ണമായും പിഴുതുമാറ്റപ്പെട്ടു എന്നാണ് മോഡേണിസ്റ്റുകള്‍ കരുതുന്നത്. സമൂഹത്തില്‍ തങ്ങള്‍ക്ക് വലിയ സ്വാധീനമൊന്നുമുണ്ടായില്ല എന്നും അവര്‍ മനസ്സിലാക്കി. പ്രതിലോമപരമായിരുന്നു അതിന്റെ ഫലങ്ങള്‍. വ്യക്തിത്വത്തെ കളങ്കപ്പെടുത്തുന്നതും ആശ്രിതത്വം അടിച്ചേല്‍പിക്കുന്നതുമാണ് മോഡേണിസം. തല്‍ഫലമായി തങ്ങള്‍ ചരിത്രത്തില്‍നിന്നു തന്നെ ബഹിഷ്‌കൃതരായി എന്നവര്‍ കരുതുന്നു.1
''പൂര്‍ണ ഉത്തരവാദിത്വത്തോടെ ഞാന്‍ പറയുകയാണ്; ആധുനികതയെയും മോഡേണിസത്തെയും അറബ്‌ലോകത്ത് ഇറക്കുമതി ചെയ്തത് ലിബറലുകളല്ല, സലഫികളാണ്. അതിന്റെ സങ്കേതങ്ങളും ഉള്ളടക്കങ്ങളും സലഫികളിലൂടെയാണ് അറബ്ചിന്തയിലും സിരകളിലും പടര്‍ന്നുകയറിയത്; സാമൂഹിക സ്ഥാപനങ്ങളുടെ പ്രകൃതത്തെ മാറ്റിമറിച്ചത്. സലഫികള്‍ മോഡേണിറ്റിയെ നേരിടുകയും വിജയം വരിക്കുകയും ചെയ്തു, അതായത് അവരുടെ ആയുധങ്ങള്‍ക്കായിരുന്നു മൂര്‍ച്ച കൂടുതല്‍.''2
ലിബറലുകളും മോഡേണിസ്റ്റുകളും ആധുനികതയുടെ മൂല്യങ്ങളെന്ന് കരുതുന്ന ചിന്താ സ്വാതന്ത്ര്യം, സ്വയംഭരണാവകാശം, സ്ത്രീസ്വാതന്ത്ര്യം, സ്ത്രീകളുടെ അവകാശങ്ങള്‍ എന്നിവക്കു വേണ്ടി ശബ്ദിച്ചതിനേക്കാള്‍ കൂടുതല്‍ മുഹമ്മദ് അബ്ദുവും റശീദ് രിദായും ശബ്ദിച്ചിട്ടുണ്ടായിരുന്നു എന്നര്‍ഥം.
ഡോ. മുഹമ്മദ് ആബിദ് അല്‍ ജാബിരി പറയുന്നു: ''ദീര്‍ഘകാലമായി നമ്മുടെ നാടുകളില്‍ നടക്കുന്ന പ്രശ്‌നങ്ങളെ നമ്മുടെ സാമൂഹിക സവിശേഷതകളെ ആധാരമാക്കിയല്ല വിശകലനം ചെയ്തിട്ടുള്ളത്; മറിച്ച് ഇറക്കുമതി ചെയ്ത യൂറോപ്യന്‍ സാമൂഹിക അനുഭവങ്ങളില്‍നിന്നും രൂപം കൊണ്ട ചിന്തകളെ ആധാരമാക്കിയാണ്. അറബ് ചിന്തകരും രാഷ്ട്രീയക്കാരും ഇതിനോടാണ് തങ്ങളുടെ ബന്ധം ദൃഢപ്പെടുത്തിയതും.'' അറേബ്യന്‍ സാമൂഹിക യാഥാര്‍ഥ്യങ്ങളെ ഈ വരേണ്യചിന്തകര്‍ ഒട്ടും പരിഗണിച്ചില്ല. തല്‍ഫലമായി അറബ് ജനതക്കും ഈ ചിന്തകര്‍ക്കുമിടയില്‍ വലിയ വിടവ് രൂപപ്പെട്ടു. അറബ് ലോകത്തിന്റെ സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ക്കും ഇവരുടെ വിശകലനങ്ങള്‍ക്കുമിടയിലും ഈ അന്തരം നിലനില്‍ക്കുന്നുണ്ട്.3
ഏതൊരു സമൂഹത്തെയും പരിഷ്‌കരിക്കുന്നതിനുള്ള അടിസ്ഥാനോപാധിയാണ്, അതിന്റെ സ്വത്വപരവും സാംസ്‌കാരികവുമായ തലങ്ങളെ പരിഗണിക്കുക എന്നത്. ഇതാണ് പ്രായോഗികമായ രൂപവും. യഥാര്‍ഥത്തില്‍ ഈ സംസ്‌കാരിക സ്വത്വമാണ് ശക്തിയും കരുത്തും. ഈ സാംസ്‌കാരിക സ്വത്വത്തെയും അതാസ്പദിച്ചു നില്‍ക്കുന്ന മൗലിക ദര്‍ശനത്തെയും പരിഗണിക്കാതിരിക്കുമ്പോഴാണ് സാമൂഹിക സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കപ്പെടുക. പുതിയ കാലത്തെ നിരവധി സാമൂഹികശാസ്ത്ര പഠനങ്ങള്‍ ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. വികസനത്തെക്കുറിച്ച വിവിധ കാഴ്ചപ്പാടുകളും ഇക്കാര്യം ഊന്നിപ്പറയുന്നുണ്ട്.
മുസ്‌ലിംകള്‍ക്ക് ഇക്കാര്യത്തില്‍ തങ്ങളുടെ ഇസ്‌ലാമികമായ ആധാരങ്ങളെ അവലംബിക്കാമെന്നത് അവരുടെ മൗലികാവകാശമാണ്. തങ്ങളുടെ ആദര്‍ശത്തിനും സ്വത്വത്തിനും നല്‍കുന്ന ആദരവു കൂടിയാണത്. ആ അവകാശം നിരാകരിക്കുന്നത് അക്രമവും അനീതിയുമാണ്. ഈയൊരു റഫറന്‍സിനെ, ആധാരത്തെ പരിഗണിക്കുന്നില്ലെങ്കില്‍ അതൊരു സമൂഹത്തിന്റെ സ്വത്വത്തിനും സംസ്‌കാരത്തിനുമെതിരെയുള്ള പോരാട്ടം തന്നെയാണ്.
എല്ലാ ഐഡിയോളജികളും നിരന്തരമായ നവീകരണവും പുനഃപരിശോധനയും ആവശ്യപ്പെടുന്നുണ്ട്. കാലത്തിന്റെ മാറ്റങ്ങള്‍ക്കും പുരോഗതിക്കും മനുഷ്യരുടെ ആവശ്യങ്ങള്‍ക്കും അനുസരിച്ച് നിലപാടുകളും പദ്ധതികളും ഉണ്ടാക്കണമെങ്കില്‍ ഈ മാറ്റം അനിവാര്യമാണ്. ഇസ്‌ലാമിക ചിന്തയുടെ നവീകരണത്തിന്റെ കടമ ഇതാണ്. കര്‍മശാസ്ത്രപരവും ചിന്താപരവുമായ ഗവേഷണങ്ങള്‍ ഇത് കണക്കിലെടുത്തേ മതിയാവൂ. മനുഷ്യന്‍ ആര്‍ജിച്ച  ജ്ഞാനവും ചിന്തയും സ്വാംശീകരിക്കാനുള്ള ശേഷിയും മാറിയ ലോകസാഹചര്യത്തെ അഭിമുഖീകരിക്കാനുള്ള കരുത്തും അതുവഴി നമുക്ക് നേടാനാകും.

ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടി

1. മൊറോക്കോയിലെ പൊതുവായ സാമൂഹിക അനുഭവങ്ങളെ മനസ്സിലാക്കിയാലല്ലാതെ ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടിയുടെ സംഭാവനകളെ വേണ്ടവിധം ഗ്രഹിക്കാന്‍ സാധിക്കുകയില്ല. ഹിജ്‌റ ഒന്നാം നൂറ്റാണ്ടില്‍തന്നെ കിഴക്കന്‍ അറേബ്യയില്‍നിന്ന് ഇദ്‌രീസ് ഒന്നാമന്‍ അവിടെ എത്തിയതു മുതല്‍ മൊറോക്കോ- അമാസിഗകള്‍ അദ്ദേഹത്തെ ഭരണാധികാരിയാക്കി. അദ്ദേഹത്തിന്റെ വംശാവലി പ്രവാചകനില്‍ എത്തിച്ചേരുന്നുവെന്നതായിരുന്നു കാരണം. പല കുടുംബങ്ങള്‍ മാറിമാറി ഭരിച്ചെങ്കിലും ഈ ഭരണവ്യവസ്ഥയാണ് നൂറ്റാണ്ടുകളായി ഇവിടെ നിലനില്‍ക്കുന്നത്. ഇന്നും ആ ഭരണകൂടം നിലനില്‍ക്കുന്നു. കിഴക്കന്‍ അറേബ്യന്‍ രാജ്യങ്ങള്‍ ഖിലാഫത്തിന്റെ പതനം മൂലം അഭിമുഖീകരിച്ച പ്രശ്‌നങ്ങള്‍ മൊറോക്കോവിന് നേരിടേണ്ടിവന്നില്ല. ഇസ്‌ലാമിക ഭരണകൂടമായാണ് മൊറോക്കോക്കാര്‍ അതിനെ കാണുന്നത്. അതിനാലിവിടെ ഒരു ഇസ്‌ലാമിക ഭരണകൂടം പുനഃസ്ഥാപിക്കേണ്ടതായിട്ടില്ല. ഈ വിഷയത്തില്‍  വന്ന കിഴക്കനറേബ്യന്‍ സാഹിത്യങ്ങള്‍ ഇങ്ങോട്ട് ഇറക്കുമതി ചെയ്യേണ്ടതുമില്ല. അതിനാല്‍ കഴിഞ്ഞ നൂറ്റാണ്ട് മുതല്‍ മൊറോക്കോയിലെ പരിഷ്‌കര്‍ത്താക്കള്‍ ചിന്തിച്ചുകൊണ്ടിരിക്കുന്നത് രാഷ്ട്രീയ വ്യവസ്ഥ പരിഷ്‌കരിക്കാനും അതിന്റെ പോരായ്മകളെ മറികടക്കാനുമാണ്.
2. മതത്തെക്കുറിച്ച പാര്‍ട്ടിയുടെ സമീപനം തജ്ദീദീ (പരിഷ്‌കരണ) നിലപാടുതറയില്‍നിന്നുകൊണ്ടുള്ളതാണ്. ജീവിതത്തിന്റെ വ്യത്യസ്ത വശങ്ങളുമായി സംവദിക്കുന്നതുമാണ്. ഈ കാഴ്ചപ്പാടിനെ സ്വീകരിക്കാനും നിരാകരിക്കാനുമുള്ള സ്വാതന്ത്ര്യം ആര്‍ക്കുമുണ്ട്. ഇതൊരു അന്വേഷണമാണ് (ഇജ്തിഹാദ്); അത് ശരിയാവുകയോ പിഴക്കുകയോ ചെയ്യാമല്ലോ. ദീനീ പൊരുളുകളെല്ലാം സ്വാംശീകരിച്ചതിന്റെ കുത്തക പാര്‍ട്ടി ഒരിക്കലും അവകാശപ്പെടുന്നില്ല. അങ്ങനെയൊരു അവകാശവാദം ഉന്നയിക്കാനും സാധ്യമല്ല. കാരണം ഇസ്‌ലാമിക തത്ത്വങ്ങള്‍ തന്നെ അതിനെ നിരാകരിക്കുന്നുണ്ട്.
3. ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടി ഒരു മതകക്ഷിയല്ല. എന്നാല്‍ മതപരമായ മൂല്യങ്ങളെ സ്വാംശീകരിച്ച ദേശീയ രാഷ്ട്രീയ പ്രസ്ഥാനമാണ്. മതമോ വംശമോ ഒന്നുമല്ല, പൗരത്വത്തെയാണ് അത് അടിസ്ഥാനമാക്കുന്നത്. മത ഫത്‌വകളല്ല, രാഷ്ട്രീയ വസ്തുതകളാണ് പ്രവര്‍ത്തനത്തിന്റെ അടിത്തറയായി പാര്‍ട്ടി സ്വീകരിക്കുന്നത്. അതിന്റെ രാഷ്ട്രീയ പരിപാടികള്‍ ജനാധിപത്യ ബോധത്തില്‍നിന്ന് രൂപപ്പെട്ട സിവില്‍ തത്ത്വങ്ങളെയാണ് ആധാരമാക്കുന്നത്. മത വിഷയങ്ങളെയല്ല പാര്‍ട്ടി അഭിമുഖീകരിക്കുന്നത്; രാഷ്ട്രീയ വിഷയങ്ങളെയും പ്രശ്‌നങ്ങളെയുമാണ്.
4. മതവേദികളെയും രാഷ്ട്രീയ വേദികളെയും രണ്ടായിട്ടാണ് പാര്‍ട്ടി മനസ്സിലാക്കുന്നതും പരിഗണിക്കുന്നതും. സംഘര്‍ഷവും ഏറ്റുമുട്ടലുമില്ലാതെ മതരംഗവും രാഷ്ട്രീയ രംഗവും മുന്നോട്ടുപോകുന്നതിന്റെ പ്രധാന കാരണവും ഇതാണ്. 

(അവസാനിച്ചു)

വിവ: എസ്.എം സൈനുദ്ദീന്‍

 

കുറിപ്പുകള്‍
1.     അബ്ദുസ്സമദ് ബല്‍കബീര്‍- ജദ്‌ലുത്തഹ്ദീസ് വത്തഖ്‌ലീദ് ഫീ തജ്‌രിബത്തില്‍ അറബിയ്യ (മുനീറുല്‍ ഹിവാര്‍ ജേര്‍ണല്‍, ലക്കം 31, 1994, പേജ് 79,80.
2.     അതേ പ്രബന്ധം, പേജ് 81.
3.    വിജ്ഹതുന്നളര്‍ (അല്‍മര്‍കസു സഖാഫി അല്‍ അറബി, 1992, പേജ് 148.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (2-4)
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്വര്‍ഗമായിരിക്കണം ലക്ഷ്യം
പി.വൈ സൈഫുദ്ദീന്‍ മാള