Prabodhanm Weekly

Pages

Search

2020 ഫെബ്രുവരി 14

3139

1441 ജമാദുല്‍ ആഖിര്‍ 20

'ഈ സമരകാലം പുതിയൊരിന്ത്യക്ക് നാന്ദികുറിക്കും'

സയ്യിദ് സആദത്തുല്ല ഹുസൈനി

പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികക്കുമെതിരായ ജനകീയ പ്രക്ഷോഭങ്ങള്‍ കത്തിപ്പടരുകയാണ് ഇന്ത്യയൊട്ടാകെ. ഇന്ത്യ എന്ന ആശയത്തിനുമേല്‍ ഈ വിവേചന നിയമങ്ങള്‍ ഏല്‍പിച്ച ആഘാതം ചെറുതല്ല. എന്നാല്‍, ഇനിയും മരിക്കാത്ത രാഷ്ട്ര മനസ്സാക്ഷി ഈ ചരിത്രസന്ധിയെ മറികടക്കുമെന്ന പ്രതീക്ഷ പങ്കുവെക്കുകയാണ് ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അധ്യക്ഷന്‍ സയ്യിദ് സആദത്തുല്ലാ ഹുസൈനി, റേഡിയന്‍സ് ഇംഗ്ലീഷ് വാരികക്ക് നല്‍കിയ ഈ അഭിമുഖത്തില്‍.

-----------------------------------------

ഇന്ത്യ എന്ന ആശയത്തെ മുന്‍നിര്‍ത്തി, രാജ്യത്തെ നിലവിലെ സാഹചര്യത്തെ താങ്കള്‍ എങ്ങനെ വീക്ഷിക്കുന്നു?

സ്വാതന്ത്ര്യസമര പ്രസ്ഥാനം വിഭാവനം ചെയ്ത, ഭരണഘടന സ്വാംശീകരിച്ച ഇന്ത്യ എന്ന ആശയത്തിന് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ മാരക പ്രഹരമാണേറ്റിരിക്കുന്നത്. ലോകത്തെ മുഴുവന്‍ പരിഷ്‌കൃത രാഷ്ട്രങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന സാര്‍വലൗകികമായ മാനവിക മൂല്യങ്ങളുടെ അടിത്തറയിലാണ് സ്വാതന്ത്ര്യത്തിനു ശേഷം ഒരു രാഷ്ട്രം എന്ന നിലയില്‍ ഇന്ത്യ പടുത്തുയര്‍ത്തപ്പെടുന്നത്. അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതാണ് നമ്മുടെ ഭരണഘടന. ഏതു മതം പിന്തുടരാനും ഏതാശയം വെച്ചുപുലര്‍ത്താനും അത് പൗരന് സ്വാതന്ത്ര്യം നല്‍കുന്നു. എല്ലാ വിശ്വാസധാരകളെയും ഈ ഭരണഘടന ആദരിക്കുന്നു. മൗലികവും അടിസ്ഥാനപരവുമായ ഈ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളാത്ത ഒരു രാഷ്ട്രത്തിനും പരിഷ്‌കൃതമെന്ന് അവകാശപ്പെടാനാവില്ല.
സ്വാതന്ത്ര്യാനന്തരം ഈ തത്ത്വങ്ങള്‍ക്ക് സവിശേഷ സ്ഥാനമാണ് നമ്മുടെ ഭരണഘടനയില്‍ ലഭിച്ചത്. ഒരാധുനിക രാഷ്ട്രമായി ഇന്ത്യ കെട്ടിപ്പടുക്കപ്പെടുന്നത് ഈ അസ്തിവാരത്തിന്മേലാണ്. ഇന്ത്യയെന്ന ബഹുസ്വര രാജ്യത്ത്, ഭിന്ന സംസ്‌കാരങ്ങളുടെയും വിശ്വാസധാരകളുടെയും സമാധാനപരമായ സഹവര്‍ത്തിത്വത്തിന് ഇക്കാലമത്രയും പശ്ചാത്തലമൊരുക്കിയത് ഈ പ്രമാണരേഖയാണ്. ദൗര്‍ഭാഗ്യവശാല്‍, അടുത്ത കാലത്തായി ചില ശക്തികള്‍ ഈ രാജ്യത്തെ തെളിക്കുന്നത്, ഇന്ത്യ എന്ന ഈ മൗലിക ഭാവത്തിന് തീര്‍ത്തും വിപരീതമായ ഒരു ദിശയിലേക്കാണ്. ഇന്ത്യയെന്ന ആശയത്തിന് പോറലേല്‍പിക്കുകയല്ല ഇവര്‍ ചെയ്യുന്നത്; ആധുനിക ഇന്ത്യ പണിതുയര്‍ത്തപ്പെട്ട ആധാരശിലകള്‍ തകര്‍ത്തെറിയുകതന്നെയാണ്.

ലോകത്തേറ്റം ശ്രേഷ്ഠമാണ് നമ്മുടെ ഇന്ത്യ - സാരേ ജഹാന്‍ സേ അച്ചാ ഹിന്ദുസ്താന്‍- എന്നു പാടിയിട്ടുണ്ട് കിഴക്കിന്റെ കവി മുഹമ്മദ് ഇഖ്ബാല്‍. എന്നാല്‍, ലോകരാഷ്ട്രങ്ങള്‍ക്കിടയിലെ ഇന്നത്തെ ഇന്ത്യ?

എല്ലാം അവസാനിച്ചിരിക്കുന്നു എന്നു കരുതേണ്ട, പ്രതീക്ഷകളൊക്കെയും കൈയൊഴിയേണ്ട ഒരു സാഹചര്യത്തിലേക്ക് രാജ്യം നിലംപതിച്ചിരിക്കുന്നു എന്ന് നാം ഒരിക്കലും ധരിക്കേണ്ടതില്ല. വളരെ വിപത്കരമായ ഒരു ദിശയിലേക്കാണ് അധികാരകേന്ദ്രങ്ങളിലുള്ളവര്‍ രാജ്യത്തെ ഇപ്പോള്‍ കൊണ്ടുപോകുന്നത് എന്നതില്‍ സംശയമില്ല. അപകടകരമായ ഈ പ്രയാണം താങ്കള്‍ സൂചിപ്പിച്ച ഇന്ത്യയുടെ വ്യതിരിക്തതയെയും മഹിമയെയും ഇല്ലാതാക്കുമെന്നത് തീര്‍ച്ചയാണ്. ഭരണത്തിന്റെ തലപ്പത്തുള്ളവരുടെ കുടില നീക്കങ്ങളോടൊപ്പം നമ്മെ ഏറെ വേദനിപ്പിക്കുന്നത് ധാര്‍മിക പാപ്പരത്തത്തിനടിപ്പെട്ട, ഷണ്ഡീകരിക്കപ്പെട്ട പ്രതിപക്ഷമാണ്. ഉത്തരവാദപ്പെട്ട പ്രതിപക്ഷം എന്ന റോളില്‍ തങ്ങളിലര്‍പ്പിതമായ ഭരണഘടനാ ബാധ്യതകള്‍ നിറവേറ്റുന്നതില്‍ അവര്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും പ്രത്യാശക്ക് വകനല്‍കുന്ന ഒട്ടേറെ ഘടകങ്ങള്‍ ഇപ്പോഴും നമ്മുടെ രാജ്യത്തുണ്ട്. സാമ്പ്രദായിക പ്രതിപക്ഷം കളമൊഴിഞ്ഞിടത്ത് കയറിനിന്ന്, കരുത്തും ആവേശവും പ്രസരിപ്പിച്ച് മുന്നോട്ടുനീങ്ങുന്ന നമ്മുടെ ചെറുപ്പം പകരുന്ന പ്രതീക്ഷയുടെ കിരണം ചെറുതല്ല. വര്‍ഗീയ വിഭജനവും മതവിവേചനവും ഇന്ത്യന്‍ പൗരസമൂഹം അംഗീകരിക്കുന്നില്ലെന്ന് സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങള്‍ സംശയാതീതമായി തെളിയിച്ചു. മതം മാനദണ്ഡമാക്കി രാജ്യത്തെ പൗരന്മാര്‍ക്കിടയില്‍ വിവേചനം കല്‍പിക്കാനും ആ വിവേചനം അടിത്തറയാക്കി നിയമനിര്‍മാണം നടത്താനുമുള്ള ഭരണകൂടത്തിന്റെ കുത്സിത നീക്കങ്ങളെ അതിശക്തമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന് നേരിടുകയാണ് ഇന്ത്യന്‍ പൗരസമൂഹം. മുഴുവന്‍ മതവിശ്വാസികളും ഈ സമരപോരാട്ടങ്ങളില്‍ അണിനിരക്കുന്നുണ്ട്. പ്രക്ഷുബ്ധമാണ് ഇന്ത്യന്‍ നഗരങ്ങളും തെരുവുകളും. മാധ്യമമേഖലയില്‍ വരെ മാറ്റം ദൃശ്യമാണ്. അതേ, ഈ നാടിന്റെ മനസ്സാക്ഷി ഇനിയും മരിച്ചിട്ടില്ല. കരാളമായ വിവേചന നിയമങ്ങളെ ഈ രാജ്യം പൊറുപ്പിക്കില്ല. മുഴുവന്‍ പൗരന്മാരുടെയും അഭിവൃദ്ധിക്കു വേണ്ടി നിലകൊള്ളുന്ന, മാന്യമായ ജീവിതം എല്ലാവര്‍ക്കും പ്രദാനം ചെയ്യുന്ന ഒരിടമായി ഈ രാജ്യത്തെ നിര്‍മിച്ചെടുക്കാനാകുമെന്നുതന്നെ നാം പ്രതീക്ഷിക്കുക. ഒരിക്കലും നമ്മള്‍ ഇഛാഭംഗത്തിനടിപ്പെടരുത്; ധീരമായി ചെറുത്തുനില്‍ക്കുക. ഈ കരിനിയമങ്ങള്‍ക്കെതിരെ പ്രതിരോധനിര തീര്‍ക്കുന്ന മുഴുവനാളുകള്‍ക്കും നാം പിന്തുണ നല്‍കണം, രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ പുനഃസ്ഥാപിക്കുമെന്ന് ദൃഢനിശ്ചയമെടുക്കണം.

സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഉയര്‍ന്ന ശിരസ്സും നിര്‍ഭയ മനസ്സുമുള്ള പൗരന്മാരെ സ്വപ്‌നം കണ്ടു മഹാകവി ടാഗോര്‍. അപമാനഭാരത്താല്‍ തലതാഴ്ത്തുന്നു നമ്മളിപ്പോള്‍.

നമ്മുടെ രാജ്യത്തിന്റെ നടപ്പു രാഷ്ട്രീയമാണ് ഇതിന്റെ മൗലിക കാരണം. വെറുപ്പിന്റെയും വിഭാഗീയതയുടെയും അന്തരീക്ഷം സൃഷ്ടിച്ച് ജനങ്ങളെ ധ്രുവീകരിക്കുന്നതിലൂടെ മാത്രമേ തങ്ങളുടെ രാഷ്ട്രീയം തഴച്ചുവളരുകയുള്ളൂ എന്നു കരുതുന്നവര്‍, അതിനുവേണ്ടി ആസൂത്രിതവും സംഘടിതവുമായ രീതിയില്‍ വിദ്വേഷവ്യാപനം നടത്തി ജനമനസ്സുകളെ വിഷലിപ്തമാക്കുന്നു. അതിനനുസൃതമായ നയനിലപാടുകളാണ് അവര്‍ സ്വീകരിക്കുന്നത്. ലോകത്തിനു മുന്നില്‍ ശിരസ്സുയര്‍ത്താനാകാത്ത വിധം ഇന്ത്യക്കാരെ അപമാനിതരാക്കുന്ന സംഭവ പരമ്പരകള്‍, സംഘടിതരീതിയില്‍ നിരന്തരമായി നടക്കുന്ന ഇത്തരം ശ്രമങ്ങളുടെ ബാക്കിപത്രമാണ്. നേരത്തേ സൂചിപ്പിച്ചപോലെ രാഷ്ട്ര മനസ്സാക്ഷി ജീവത്തായി നിലനില്‍ക്കുന്നതുകൊണ്ട് ഈ ദുഃസ്ഥിതിയില്‍നിന്ന് നമുക്ക് തിരിച്ചുകയറാനാവും. സമാധാനത്തെയും സാഹോദര്യത്തെയും വിലമതിക്കുന്നവര്‍ ധീരമായി, ആര്‍ജവത്തോടെ എഴുന്നേറ്റുനില്‍ക്കണം. ഫാഷിസ്റ്റ് ശക്തികളെ തടുത്തുനിര്‍ത്തുന്നതിന് ഭയത്തിന്റെയും ഭീരുത്വത്തിന്റെയും ആവരണങ്ങള്‍ വകഞ്ഞുമാറ്റി നമ്മള്‍ സ്വതന്ത്രരാവണം. ഈ ഭരണാധികാരികളും അവരുടെ നയനിലപാടുകളും ലോകത്തിനു മുന്നില്‍ ഇന്ത്യയെ നാണം കെടുത്തുന്നുവെന്നത് ശരിയാണ്; എന്നാല്‍ ഈ രാജ്യത്തെ ജനങ്ങള്‍, പ്രത്യേകിച്ച് യുവാക്കള്‍ ഈ സാഹചര്യത്തെ അഭിമുഖീകരിക്കുന്ന രീതി തീര്‍ച്ചയായും വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്.

രാഷ്ട്രശില്‍പികള്‍ വിഭാവനം ചെയ്ത ഇന്ത്യയെന്ന ആശയം വീണ്ടെടുക്കുന്നതില്‍ രാജ്യത്തെ പൗരസമൂഹത്തിന്, വിശിഷ്യാ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കുമുള്ള പങ്ക് വിശദീകരിക്കാമോ?
രണ്ടു സംഗതികള്‍ ഇവിടെ പ്രധാനമാണ്. ഭരണകൂടത്തിനകത്തും പുറത്തുമുള്ള വര്‍ഗീയ ശക്തികളുടെ തെറ്റായ നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും ഉയര്‍ത്തിക്കൊണ്ടുവരികയാണ് ഒന്ന്. അടിയന്തര പ്രാധാന്യമുള്ള ഉത്തരവാദിത്വമാണിത്. നമ്മുടെ പുതുതലമുറ, വിശേഷിച്ച് വിദ്യാര്‍ഥി-യുവജനങ്ങള്‍ വലിയ മുന്നേറ്റമാണ് ഈ രംഗത്ത് നടത്തിയിരിക്കുന്നത്. ഏറെ ആഹ്ലാദകരമാണിത്. ഒരു രാഷ്ട്രത്തിലെ യുവതലമുറ ഉണര്‍ന്നെഴുന്നേല്‍ക്കുന്നത് വന്‍ പരിവര്‍ത്തനത്തിന്റെയും നവോത്ഥാനത്തിന്റെയും വിപ്ലവത്തിന്റെയും സൂചന നല്‍കുന്നു. ഫാഷിസത്തിനും മതധ്രുവീകരണത്തിനുമെതിരെയുള്ള ചെറുത്തുനില്‍പിന്റെ പ്രതീകമായി ഈ രാജ്യത്തെ യുവതലമുറ നിലയുറപ്പിച്ചിരിക്കുന്ന കാഴ്ച എത്ര ആവേശകരമാണ്! ഒട്ടും വഴങ്ങിക്കൊടുക്കാതെ വര്‍ഗീയതയെ തടുത്തുനിര്‍ത്തുക എന്നത് വളരെ അനിവാര്യമാണിന്ന്. സര്‍ക്കാറിനുള്ളിലും പുറത്തും നിലയുറപ്പിച്ച് ജനമനസ്സുകളില്‍ ഭിന്നിപ്പും ധ്രുവീകരണവും സൃഷ്ടിക്കാന്‍ പണിയെടുക്കുന്നവരെ ഒരു നിലക്കും അതിനനുവദിക്കരുത്.
ഏറെ സമയമെടുത്ത്, നൈരന്തര്യസ്വഭാവത്തോടെ നിര്‍വഹിക്കപ്പെടേണ്ടതാണ് രണ്ടാമത്തെ ദൗത്യം. ഫാഷിസത്തിന്റെയും സാമുദായിക വിദ്വേഷത്തിന്റെയും മതധ്രുവീകരണത്തിന്റെയും വിഷംതീണ്ടിയ സമൂഹത്തെ ആ വിഷബാധയില്‍നിന്ന് മുക്തമാക്കുക. രാഷ്ട്രീയ മേഖലയില്‍ മാത്രമല്ല ഈ കൊടും വിഷം പടര്‍ന്നിരിക്കുന്നത്. മുഴുവന്‍ സാമൂഹിക മണ്ഡലങ്ങളിലും അതാണ്ടിറങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ ഈ മാരകവിഷത്തില്‍നിന്ന് സമൂഹത്തെ ശുദ്ധീകരിച്ചെടുക്കുന്നതിന് വ്യത്യസ്ത ജാതിമത വിഭാഗങ്ങള്‍ക്കിടയില്‍ അടുപ്പത്തിന്റെയും രഞ്ജിപ്പിന്റെയും സംവാദത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കണം. ഏറെ സമയമെടുത്തുകൊണ്ടുള്ള കഠിനശ്രമം തന്നെ ഇതിനാവശ്യമാണ്. തമ്മിലിടപഴകിയും സംവദിച്ചും പരസ്പരം മനസ്സിലാക്കാന്‍ കഴിയണം. ഇസ്‌ലാമിനെക്കുറിച്ച് സംസാരിക്കേണ്ടത് മുസ്‌ലിംകളാണ്; ഇസ്‌ലാമിനും മുസ്‌ലിം സമൂഹത്തിനുമെതിരെ കൊടിയ ശത്രുതയും വെറുപ്പും വെച്ചുപുലര്‍ത്തുന്ന മാധ്യമങ്ങളോ ഏതെങ്കിലും മൂന്നാം കക്ഷികളോ അല്ല.
മുസ്‌ലിംകള്‍ സ്വയം മുന്നോട്ടുവന്ന് സമൂഹത്തിനു മുന്നില്‍ ഇസ്‌ലാമിനെ നേര്‍ക്കുനേരെ, ആത്മവിശ്വാസത്തോടെ അവതരിപ്പിക്കണം. വിവിധ വിഷയങ്ങളിലെ ഇസ്‌ലാമികാധ്യാപനങ്ങളും വ്യത്യസ്ത പ്രശ്‌നങ്ങളോടുള്ള മുസ്‌ലിം സമൂഹത്തിന്റെ നിലപാടുകളും അവര്‍ തന്നെ വിശദീകരിക്കണം. ഇങ്ങനെ സംഭാഷണത്തിന്റെയും സംവാദത്തിന്റെയും അന്തരീക്ഷമൊരുക്കിയും സമുദായങ്ങള്‍ക്കിടയില്‍ പാരസ്പര്യം വളര്‍ത്തിയെടുത്തും തെറ്റിദ്ധാരണയുടെയും വിദ്വേഷത്തിന്റെയും വിഷവേരുകള്‍ പിഴുതെറിയുക എന്നത് നമ്മുടെ ദീര്‍ഘകാല അജണ്ടയാകണം. യുവതലമുറ സജീവമായിത്തന്നെ ഈ രംഗത്ത് നിലയുറപ്പിക്കണം. ചര്‍ച്ചയുടെയും സംവാദത്തിന്റെയും പരിതഃസ്ഥിതിയൊരുക്കേണ്ടത് യുവാക്കളെ സംബന്ധിച്ചേടത്തോളം ഏറെ അനിവാര്യമാണ്. ഭിന്നിപ്പും വെറുപ്പും വിതറുന്ന വര്‍ഗീയ ശക്തികള്‍ സവിശേഷമായി ഉന്നമിടുന്നത് യുവജനങ്ങളെയാണ്. അതുകൊണ്ടുതന്നെ സാഹോദര്യത്തിലും സമാധാനത്തിലും വിശ്വാസമര്‍പ്പിക്കുന്ന ചെറുപ്പക്കാര്‍ ഈ വെല്ലുവിളി ഏറ്റെടുത്ത്, ജനങ്ങളെ മാറിച്ചിന്തിപ്പിക്കുന്നതിന് സഹായകമായ സംഘടിത പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്തണം.

മിക്ക ഭരണഘടനാ സ്ഥാപനങ്ങളും ഭരണഘടന തന്നെയും വന്‍ ഭീഷണിയിലാണിന്ന്. ഇവ സംരക്ഷിക്കുന്നതിന് രാജ്യത്തെ പൗരന്മാര്‍ അവലംബിക്കേണ്ട പ്രവര്‍ത്തനമാര്‍ഗം?

രാജ്യത്തെ മുഴുവന്‍ പൗരന്മാരുടെയും ഐക്യമാണ് പ്രഥമോപാധി. കക്ഷി-രാഷ്ട്രീയ-പ്രത്യയശാസ്ത്ര ഭിന്നതകള്‍ മാറ്റിവെച്ച്, മാനവിക മൂല്യങ്ങളും ഭരണഘടനാ തത്ത്വങ്ങളും ഭരണഘടനയും പരിരക്ഷിക്കുന്നതിന് സംഘടിതവും ഏകോപിതവുമായ നീക്കങ്ങള്‍ നടത്താന്‍ പൗരസമൂഹം സ്വയം മുന്നോട്ടുവരണം. മാറ്റം ആവശ്യപ്പെടുന്ന സാഹചര്യം രാജ്യത്തെ തുറിച്ചുനോക്കിയ പല ഘട്ടങ്ങളിലും  അതിനു നേരെ മൗനം പാലിച്ച് കൈകെട്ടി നോക്കിനില്‍ക്കുകയായിരുന്നു രാജ്യത്തെ സമാധാനതല്‍പരരായ ജനാധിപത്യശക്തികള്‍. ഈ വലിയ പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നതു വരെ അതായിരുന്നു അവസ്ഥ. രാജ്യം നേരിട്ട ഒരു വലിയ ദുരന്തമായിരുന്നു ഈ നിസ്സംഗത. ഈ അവസ്ഥക്ക് വലിയ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നു ഇപ്പോള്‍. എന്നാല്‍, ഈ നീക്കങ്ങള്‍ കൂടുതല്‍ ഫലപ്രദവും സ്ഥായീസ്വഭാവത്തിലുള്ളതുമാകേണ്ടതുണ്ട്. ചുരുക്കം പറഞ്ഞാല്‍ ഒറ്റക്കെട്ടാവുക, സംഘടിതരാവുക, കര്‍മനിരതരാവുക എന്നതാണ് നമുക്കു മുന്നിലുള്ള വഴി. 
ഭരണഘടനാ തത്ത്വങ്ങളും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കുന്നതിന് ഭരണഘടനാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുക എന്നതാണ് ഏറെ പ്രാധാന്യമുള്ള രണ്ടാമത്തെ ഉപാധി. രാഷ്ട്രീയ-സാമൂഹിക മേഖലകളിലാണ് ഇത് നടക്കേണ്ടതെന്ന് നേരത്തേ സൂചിപ്പിച്ചു. ഒന്നാമതായി, ഗവണ്‍മെന്റിന്റെ തെറ്റായ നയങ്ങളെ ശക്തമായി ചെറുക്കുക. രണ്ട്, പൊതുസമൂഹവുമായി അടുത്തിടപഴകി, ഭരണകൂടം മുന്നോട്ടുവെക്കുന്ന ഭിന്നിപ്പിന്റെയും ധ്രുവീകരണത്തിന്റെയും നയനിലപാടുകള്‍ രാജ്യത്തിന് ഒട്ടും ഗുണകരമല്ലെന്ന് ബോധ്യപ്പെടുത്തി അവരെ സ്വാധീനിക്കാന്‍ ശ്രമിക്കുക. സാംസ്‌കാരിക ബഹുത്വത്തെയും വൈവിധ്യത്തെയും മാനിക്കാതെ ഈ രാജ്യത്തിന് ഒരടി മുന്നേറാന്‍ കഴിയില്ല. ഈ സന്ദേശങ്ങള്‍ വ്യക്തതയോടെ ജനങ്ങള്‍ക്കു മുന്നില്‍ വിശദീകരിക്കപ്പെടണം. സത്യത്തിന്റെയും നീതിയുടെയും നിലനില്‍പ് ഉറപ്പുവരുത്തുന്നതിനും ഭരണഘടന സംരക്ഷിക്കുന്നതിനും സ്ഥാപിതമായ ഭരണഘടനാ സ്ഥാപനങ്ങളെ കൂടുതല്‍ പ്രവര്‍ത്തനക്ഷമവും കാര്യക്ഷവുമാക്കുക എന്നതാണ് മൂന്നാമത്തെ ദൗത്യം. ജുഡീഷ്യറിയുടെ പങ്ക് ഇവിടെ വളരെ പ്രധാനമാണ്. നീതിന്യായരംഗത്ത് ലഭ്യമായ മുഴുവന്‍ സംവിധാനങ്ങളെയും സാമഗ്രികളെയും ഏതറ്റം വരെയും ഉപയോഗപ്പെടുത്തണം. അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന തെറ്റായ നീക്കങ്ങള്‍ കോടതികളില്‍ ചോദ്യം ചെയ്തും വിവിധതരം ഹരജികള്‍ ഫയല്‍ ചെയ്തും മറ്റും ജുഡീഷ്യറിയുടെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തണം. സമയബന്ധിതമായ നീതിനിര്‍വഹണത്തിന് ജുഡീഷ്യറിയെ നിര്‍ബന്ധിതമാക്കണം. അതുപോലെത്തന്നെ നമ്മുടെ യുവാക്കളുടെ കൈകളിലുള്ള സോഷ്യല്‍ മീഡിയയെ, ബദല്‍ മാധ്യമം എന്ന നിലയില്‍ അതിന്റെ മുഴുവന്‍ സാധ്യതകളോടെയും വര്‍ധിത തോതില്‍ പ്രയോജനപ്പെടുത്തുക. പരമ്പരാഗത മാധ്യമങ്ങള്‍ അനുദിനം ക്ഷയിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇതിന്റെ ഫലപ്രാപ്തിയെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കേണ്ടതില്ല. ജനാധിപത്യത്തിനും സമാധാനത്തിനും വേണ്ടി നിലകൊള്ളുന്നവര്‍ ഒറ്റക്കെട്ടായി രംഗത്തുവരികയാണെങ്കില്‍, നിലവിലെ സാമൂഹികാവസ്ഥ മെച്ചപ്പെടുത്താന്‍ ഉപയുക്തമായ നിരവധി സ്ഥാപനങ്ങളും ഉപകരണങ്ങളും ഇപ്പോഴും ഇവിടെ അവര്‍ക്കു മുന്നില്‍ നിലനില്‍ക്കുന്നുണ്ട്.

പുതിയൊരു പതിറ്റാണ്ടിന്റെ പടിവാതില്‍ക്കലാണ് നമ്മള്‍. ഒരു ദശകത്തിനു ശേഷം 2030-ലെ ഇന്ത്യ?

സമാധാനവും സുരക്ഷിതത്വവും രാജ്യത്ത് നിലനില്‍ക്കുന്നതിന് ഒഴിച്ചുകൂടാനാകാത്ത മുന്നുപാധിയാണ് നീതി. നീതി നിഷേധിക്കപ്പെടുന്നിടത്ത് ശാന്തി പുലരുമെന്നത് വ്യാമോഹമാണ്. നീതിയും സമാധാനവും പരസ്പരാശ്രിതമാണ്. രാജ്യത്തെ ഓരോ പൗരന്നും, മുഴുവന്‍ സാമൂഹിക വിഭാഗങ്ങള്‍ക്കും അടുത്ത പതിറ്റാണ്ടിനുള്ളില്‍ സമഗ്രാര്‍ഥത്തിലുമുള്ള നീതി ലഭ്യമാക്കാന്‍ എല്ലാ ശ്രമങ്ങളും നടക്കണം. തുല്യാവകാശങ്ങളും തുല്യാവസരങ്ങളും ഉള്ളടങ്ങുന്ന സാമൂഹികനീതി ഇതില്‍ പ്രധാനമാണ്. രാഷ്ട്രീയ-സാമ്പത്തിക നീതിയും അങ്ങനെത്തന്നെ. രാഷ്ട്രത്തിന്റെ അഖണ്ഡതക്കും, വികസനത്തിന്റെയും പുരോഗതിയുടെയും പാതയില്‍ രാജ്യത്തെ മുന്നോട്ടുനയിക്കുന്നതിനും കുറ്റമറ്റ നീതിവാഴ്ച അനിവാര്യമാണ്. വരും ദശകത്തില്‍ ഈ ദിശയിലുള്ള നീക്കങ്ങള്‍ ശക്തിപ്പെടുമെന്നും മുഴുവന്‍ സാമൂഹിക വിഭാഗങ്ങള്‍ക്കും സമ്പൂര്‍ണ നീതി അനുഭവവേദ്യമാകുന്ന രീതിയില്‍ രാഷ്ട്രീയ വ്യവഹാരങ്ങള്‍ ഗതിമാറുമെന്നും പ്രത്യാശിക്കാം.
സമഗ്ര നീതി പുലരുന്നതിന് അധഃസ്ഥിത-പിന്നാക്ക വിഭാഗങ്ങള്‍ക്കു നേരെ പൊതുസമൂഹത്തിന്റെ സഹായഹസ്തം നീളേണ്ടത് അനിവാര്യമാണ്.  ദുഃഖകരമെന്നു പറയട്ടെ ഏതാനും വര്‍ഷങ്ങളായി ഇത്തരമൊരു കൈത്താങ്ങ് എവിടെയും നമ്മള്‍ കാണുന്നില്ല. വലിയ തിരിച്ചടിയാണിത്. പട്ടിക ജാതി-വര്‍ഗങ്ങള്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കും, പ്രത്യേകിച്ച് മുസ്‌ലിം സമൂഹത്തിന് ഈയൊരു സഹായഹസ്തം ലഭിച്ചതേയില്ല. പിന്നാക്കാവസ്ഥയുടെ കാഠിന്യം ഏറ്റവുമധികം നേരിടുന്നത് മുസ്‌ലിം സമൂഹമാണെന്ന് നിരവധി പഠന റിപ്പോര്‍ട്ടുകള്‍ സ്പഷ്ടമാക്കിയതാണ്. സാമ്പത്തികരംഗത്തും അവരുടെ സ്ഥിതി അതിദയനീയമാണ്. അനീതി അതിന്റെ എല്ലാ ക്രൗരഭാവത്തോടും ഈ സമൂഹത്തിനു മുന്നില്‍ തിടം വെച്ചുനില്‍ക്കുന്നു. സാമുദായിക കാലുഷ്യത്തിന്റെ സര്‍വ വേദനകളും നഷ്ടവും ആഘാതവും അവരാണേറ്റുവാങ്ങിയത്. സ്റ്റേറ്റും പോലീസും അവര്‍ക്കു മേല്‍ അമിതാധികാരപ്രയോഗം നടത്തി. ജനസംഖ്യാനുപാതികമായ രാഷ്ട്രീയ പ്രാതിനിധ്യം അവര്‍ക്കു മുന്നില്‍ വലിയൊരു മരീചികയാണ്. നിലവിലെ പരിതാപകരമായ രാഷ്ട്രീയ പ്രാതിനിധ്യം പോലും കഴിഞ്ഞ ആറു വര്‍ഷത്തിനുള്ളില്‍ വീണ്ടും താഴോട്ടു കൂപ്പുകുത്തി. കേന്ദ്ര ഗവണ്‍മെന്റിലും നിരവധി സംസ്ഥാന സര്‍ക്കാറുകളിലും അവരുടെ പ്രാതിനിധ്യം ഏറക്കുറെ പൂജ്യമാണ്. മുസ്‌ലിംകളുടെയും ദലിത്-പിന്നാക്ക വിഭാഗങ്ങളുടെയും സാമ്പത്തിക നിലയാകട്ടെ അനുദിനം തകര്‍ന്നുകൊണ്ടിരിക്കുകയാണെന്നു തെളിയിക്കുന്ന നിരവധി സ്ഥിതിവിവര റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. ഭരണകൂടം നടപ്പാക്കിക്കൊണ്ടിരിക്കുന്ന സാമ്പത്തിക നയങ്ങള്‍ അസമത്വത്തിന്റെ വളര്‍ച്ചയിലാണ് കലാശിക്കുന്നത്. ഉള്ളവന്റെ സമ്പത്ത് പിന്നെയും കുമിഞ്ഞുകൂടുകയും ഇല്ലാത്തവന്റെ ദാരിദ്ര്യം കൂടുതല്‍ കൊടുമ്പിരികൊള്ളുകയും ചെയ്യുന്ന അവസ്ഥ. ഈ നില ഓരോ വര്‍ഷവും വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു. ഒരു ശതമാനം വരുന്ന അതിസമ്പന്ന ഇന്ത്യക്കാര്‍ കൈയടക്കിവെച്ച സമ്പത്തിന്റെ കണക്ക് അതിഭീകരവും ആരെയും ഞെട്ടിക്കുന്നതുമാണ്. പറഞ്ഞുവരുന്നത്, രാജ്യത്ത് സമാധാനാന്തരീക്ഷം നിലനില്‍ക്കണമെങ്കില്‍ ഈ തിക്ത യാഥാര്‍ഥ്യങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ള തിരുത്തല്‍ നടപടികള്‍ സര്‍ക്കാറുകളുടെ ഭാഗത്തുനിന്ന് ഉണ്ടായേ മതിയാകൂ എന്നാണ്. അപ്പോള്‍ മാത്രമേ അനീതിയും അസമത്വവും ഇല്ലാതാക്കാനും നീതിനിഷേധത്തിന്റെ ഇരകളായ ജനവിഭാഗങ്ങളുടെ സാമൂഹികോന്നമനം സാധ്യമാക്കാനും കഴിയൂ. മതത്തിന്റെയും ജാതിയുടെയും വര്‍ഗത്തിന്റെയും അടിസ്ഥാനത്തില്‍ ആളുകള്‍ക്കിടയില്‍ വിവേചനം കല്‍പിക്കപ്പെടാത്ത, എല്ലാവരും തുല്യത അനുഭവിക്കുന്ന സാമൂഹിക സാഹചര്യത്തിലേക്ക് രാജ്യം നടന്നടുത്തേ പറ്റൂ.
ജനാധിപത്യ സ്ഥാപനങ്ങള്‍ ശക്തവും കെട്ടുറപ്പുള്ളതുമായി നിലനില്‍ക്കേണ്ടതും വളരെ പ്രധാനമാണ്. ഭരണകൂടം പൗരന്മാരോട് ഉത്തരവാദിത്വബോധമുള്ളതാകണം. പാര്‍ലമെന്റ് അര്‍ഥപൂര്‍ണമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കുമുള്ള വേദിയാകണം. മുഴുവന്‍ രാഷ്ട്ര സംവിധാനങ്ങളും ഉത്തരവാദിത്വത്തോടെ തങ്ങളുടെ ചുമതലകള്‍ നിറവേറ്റണം. കലുഷമായ നിലവിലെ സാഹചര്യം സാമ്പത്തിക മേഖലയില്‍ വലിയ നഷ്ടമാണുണ്ടാക്കിയത്. രാജ്യത്തിന്റെ വളര്‍ച്ചാ മേഖലയിലും വികസനരംഗത്തും കടുത്ത മാന്ദ്യമാണ് അനുഭവപ്പെടുന്നതെന്ന് ഇനിയും വിശദീകരിക്കേണ്ടതില്ല. ഇന്ത്യ വികസിത രാഷ്ട്രമാകാന്‍ പോകുന്നു എന്ന ആരവമായിരുന്നു അഞ്ചാറ് വര്‍ഷം മുമ്പ്. ഇപ്പോള്‍ എല്ലാം ഒറ്റയടിക്ക് കീഴ്‌മേല്‍ മറിഞ്ഞിരിക്കുന്നു. ഏറ്റവും കൂടുതല്‍ ജനങ്ങള്‍ അധിവസിക്കുന്ന രാജ്യം എന്ന നിലയില്‍ മാത്രമല്ല 2030-ല്‍ ഇന്ത്യ തലയെടുപ്പ് കാട്ടേണ്ടത്; ലോകത്തെ വന്‍കിട സമ്പദ് വ്യവസ്ഥകളില്‍ ഒന്ന് എന്ന നിലക്കു കൂടിയാകണം. സമഗ്ര സ്വഭാവത്തിലുള്ള സാമ്പത്തിക വളര്‍ച്ചയാണ് രാജ്യം ലക്ഷ്യം വെക്കേണ്ടത്. മൊത്തം ആഭ്യന്തരോല്‍പാദനത്തെ (Gross Domestic Product-GDP)  ആധാരമാക്കി മാത്രമാകരുത് സാമ്പത്തിക വളര്‍ച്ച കണക്കാക്കേണ്ടത്. ഏതാനും മുതലാളിത്ത ഭീമന്മാര്‍ വട്ടംകൂടി രാജ്യം വികസിതമായിരിക്കുന്നുവെന്ന്  വീരസ്യം പറയലാണത്. മാനവ വികസന സൂചിക(Human Development Index- HDI) ക്ക് പ്രാമുഖ്യം നല്‍കുമ്പോഴാണ് യഥാര്‍ഥത്തില്‍ ഒരു രാജ്യം വികസിത രാഷ്ട്രമാവുക. സാര്‍വത്രിക വിദ്യാഭ്യാസവും സമ്പൂര്‍ണ ആരോഗ്യ പരിരക്ഷയും ആ രാഷ്ട്രത്തിന്റെ സവിശേഷതയായിരിക്കും. എല്ലാവരുടെയും അടിസ്ഥാന ജീവിതാവശ്യങ്ങള്‍ നിറവേറ്റപ്പെടുന്ന, എല്ലാ പൗരന്മാര്‍ക്കും നീതിയും സമത്വവും അനുഭവവേദ്യമാകുന്ന രാഷ്ട്രം. മുഴുവന്‍ സാമൂഹിക വിഭാഗങ്ങളുടെയും ഉന്നമനം ഉറപ്പുവരുത്തുന്നതിന് നമ്മുടെ രാജ്യത്ത് സക്രിയ നടപടികളുണ്ടാകണം. എച്ച്.ഡി.ഐയും സാമൂഹിക പുരോഗതിയുടെ ഇതര സൂചികകളും അടിസ്ഥാനപ്പെടുത്തിയാവണം വികസനം ലക്ഷ്യം വെക്കേണ്ടത്.
സമൂഹം ധാര്‍മികമായി വളരേണ്ടതും വളരെ അത്യാവശ്യമാണ്. അഴിമതിരഹിത സമൂഹം എന്നത് ഇന്നും വിദൂര സ്വപ്‌നമാണ്. സ്ത്രീകള്‍ക്കു നേരെ നടക്കുന്ന ചൂഷണത്തില്‍നിന്നും ലൈംഗിക കുറ്റകൃത്യങ്ങളില്‍നിന്നും അടുത്ത പത്തു വര്‍ഷത്തിനുള്ളിലെങ്കിലും രാജ്യം മുക്തമാകണം. മതവിശ്വാസികളുടെ നാടാണ് ഇന്ത്യ. എന്നാല്‍, അടുത്ത കാലത്തായി സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കു വേണ്ടി മതം കരുവാക്കപ്പെടുകയാണിവിടെ. വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ അകല്‍ച്ചയും ഭിന്നതയും ശത്രുതയും സൃഷ്ടിക്കുന്നതിന് മതവിശ്വാസം ദുരുപയോഗം ചെയ്യപ്പെടുന്ന ദുരവസ്ഥ. രാജ്യത്തിന്റെ അടിയന്തരാവശ്യമായ ധാര്‍മിക പരിവര്‍ത്തനം സാധ്യമാക്കുന്നതിന് മതങ്ങള്‍ അവയുടെ യഥാര്‍ഥ പങ്ക് നിര്‍വഹിക്കണം. മതം ഭിന്നതയുടെ ശാശ്വതരേഖയാകുന്നതിനു പകരം, വ്യത്യസ്ത മതവിശ്വാസികള്‍ക്കിടയില്‍ ആരോഗ്യകരമായ ആശയസംവാദത്തിന്റെയും സത്യാന്വേഷണത്തിന്റെയും സംസ്‌കാരം വളര്‍ന്നുവരണം.

നിര്‍ണായകമായ ഈ ചരിത്രസന്ധിയില്‍ രാജ്യത്തെ പൗരസമൂഹത്തിനും ഭരണകൂടത്തിനും താങ്കള്‍ നല്‍കുന്ന സന്ദേശം?

മുഴുവന്‍ ഇന്ത്യക്കാരെയും പ്രതിനിധീകരിക്കുന്ന ഭരണകൂടത്തെയാണ് തങ്ങള്‍ നയിക്കുന്നതെന്ന് ഭരണത്തിലുള്ളവര്‍ മനസ്സിലാക്കണം. ഏതെങ്കിലുമൊരു പ്രത്യേക വിഭാഗത്തെയോ അല്ലെങ്കില്‍ ഭൂരിപക്ഷ സമുദായത്തെയോ അല്ല, 130 കോടി ഇന്ത്യക്കാരെയാണ് സര്‍ക്കാര്‍ പ്രതിനിധീകരിക്കുന്നതെന്ന് അവര്‍ തിരിച്ചറിഞ്ഞേ തീരൂ. മൊത്തം രാജ്യനിവാസികളുടെയും ക്ഷേമവും നന്മയുമാണ് ഭരണാധികാരികള്‍ ആലോചിക്കേണ്ടത്. സങ്കുചിത രാഷ്ട്രീയ നേട്ടങ്ങള്‍ ലാക്കാക്കുന്നതിനപ്പുറം രാജ്യത്തിന്റെ വിശാല താല്‍പര്യങ്ങള്‍ക്കു വേണ്ടി ഉയര്‍ന്നു ചിന്തിക്കണം. സര്‍ക്കാറുകള്‍ വരും, പോകും. എന്നാല്‍ രാജ്യത്തിന്റെ ആധാരശിലകള്‍ ആക്രമിക്കപ്പെടുകയും അടിസ്ഥാന ഘടന തകര്‍ക്കപ്പെടുകയും ജനങ്ങള്‍ ധ്രുവീകരിക്കപ്പെടുകയും വെറുപ്പ് പടര്‍ന്നു പിടിക്കുകയും ഒരു പ്രത്യേക വിഭാഗം വികസനത്തില്‍നിന്നും പുരോഗതിയില്‍നിന്നും പുറംതള്ളപ്പെടുകയും നീതിയുടെ വാതിലുകള്‍ അവര്‍ക്കു മുന്നില്‍ നിരന്തരം കൊട്ടിയടക്കപ്പെടുകയും ചെയ്യുന്ന സ്ഥിതിവിശേഷം അപരിഹാര്യമായ നഷ്ടത്തിലേക്കാണ് രാജ്യത്തെ എടുത്തെറിയുക. തങ്ങളുടെ ഇടുങ്ങിയ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കല്ല; 130 കോടി വരുന്ന ഇന്ത്യക്കാരുടെ ക്ഷേമാഭിവൃദ്ധിക്കാണ് അധികാരത്തിന്റെ തലപ്പത്തുള്ളവര്‍ മുന്‍ഗണന നല്‍കേണ്ടത്.
പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ പട്ടികയുമാണ് അടിയന്തര സ്വഭാവത്തോടെ ഇപ്പോള്‍ നമുക്ക് മുന്നില്‍ ഉയര്‍ന്നുവന്ന പ്രശ്‌നങ്ങള്‍. ഈ നടപടികള്‍ രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങള്‍ക്കിടയില്‍ അമര്‍ഷവും ഭയവും ഉളവാക്കിയിരിക്കുന്നു. രണ്ടോ മൂന്നോ വിദേശ രാജ്യങ്ങളിലെ ഏതാനും ആയിരങ്ങള്‍ക്കു വേണ്ടി രാജ്യത്തിനകത്തെ കോടിക്കണക്കിന് പൗരന്മാരില്‍ ഭീതിയും അസ്വസ്ഥതയും വിതക്കുന്നതിന്റെ ഔചിത്യമെന്താണ്? ഭരണകൂട നിഷ്ഠുരതക്ക് ഇരയാകുന്നവര്‍ തീര്‍ച്ചയായും സ്വാഗതം ചെയ്യപ്പെടണം. എന്നാല്‍ ആ ഇരകള്‍ക്കിടയില്‍ മതാടിസ്ഥാനത്തില്‍ വിവേചനം കല്‍പിക്കുന്നതിന്റെ ന്യായമെന്താണ്? ഗവണ്‍മെന്റ് അതിന്റെ സമീപനം മാറ്റാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ആദ്യ ചുവടുവെപ്പ് എന്ന നിലയില്‍, തീര്‍ത്തും അന്യായവും അനീതിപരവുമായ ഈ നിയമം പിന്‍വലിക്കാന്‍ തയാറാവുക. എല്ലാവരെയും ഒപ്പം ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് രാജ്യത്തെ മുഴുവന്‍ പൗരന്മാര്‍ക്കും ഗവണ്‍മെന്റ് ഉറപ്പു നല്‍കണം. സര്‍ക്കാര്‍ അഹന്ത കൈവെടിയണം, പ്രശ്‌നപരിഹാരത്തിനു മുന്നില്‍ ഈഗോ തടസ്സമാകരുത്. എല്ലാവരും ഈ രാജ്യത്തെ പൗരന്മാരാണ്, രാജ്യം എല്ലാവരുടേതുമാണ്; രാജ്യത്തോട് ഉത്തരം ബോധിപ്പിക്കാന്‍ ബാധ്യസ്ഥമാണ് സര്‍ക്കാര്‍. താല്‍ക്കാലിക രാഷ്ട്രീയ ലാഭങ്ങള്‍ക്കു വേണ്ടി രാജ്യത്തെ തകര്‍ച്ചയിലേക്ക് തള്ളിവിടാതിരിക്കാനുള്ള വിവേകം ഭരണാധികാരികള്‍ കാണിക്കണം.
ഒരു ജനാധിപത്യ രാഷ്ട്രത്തിന്റെ യഥാര്‍ഥ അവകാശികളും യജമാനന്മാരും ആ രാജ്യത്തെ ജനങ്ങളാണ്. രാജ്യം നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ അവര്‍ക്ക് വലിയ ഉത്തരവാദിത്വമുണ്ട്. ഭരണാധികാരികളെ ശരിയായ പാതയില്‍ ചലിപ്പിക്കേണ്ടത് പൗരന്മാരുടെ ചുമതലയാണ്. ഭരണകൂടം ചൂഷണത്തിന്റെ തേരുരുട്ടുമ്പോള്‍ അതിന്റെ മുന്നില്‍ നിസ്സംഗ ഇരകളായി നിന്നുകൊടുക്കാന്‍ തങ്ങളെ കിട്ടില്ലെന്ന് ജനങ്ങള്‍ ദൃഢനിശ്ചയമെടുത്താല്‍ ലോകത്തെ ഒരു ശക്തിക്കും ഈ രാജ്യത്തെ പിറകോട്ടു വലിക്കാനാവില്ല. പരസ്പര സ്‌നേഹവും സൗഹാര്‍ദവും പുലരുന്ന സഹജീവിതമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും വെറുപ്പും ഭിന്നതയും തങ്ങള്‍ക്ക് അസ്വീകാര്യമാണെന്നും വിഭാഗീയതയുടെയും ധ്രുവീകരണത്തിന്റെയും വിദ്വേഷ രാഷ്ട്രീയത്തെ തങ്ങള്‍ പിന്തുണക്കില്ലെന്നും ഒറ്റക്കെട്ടായി നിന്ന് ഈ രാജ്യത്തെ ഭൂരിപക്ഷം ജനങ്ങള്‍ തീരുമാനമെടുത്താല്‍ ഒരു ഭരണകൂടത്തിനും ഈ രാഷ്ട്രത്തെ ക്ഷതപ്പെടുത്താനാവില്ല. അതിന് ഇപ്പോഴത്തെ പ്രക്ഷോഭങ്ങള്‍ വലിയ ജനകീയ മുന്നേറ്റങ്ങളായി മാറേണ്ടതുണ്ട്. താല്‍ക്കാലികമായി ഉയര്‍ന്നുവരുന്ന പ്രശ്‌നങ്ങള്‍ പ്രതിരോധിക്കുന്നതില്‍  ഈ സമരങ്ങള്‍ പരിമിതപ്പെട്ടുകൂടാ. അതിനപ്പുറം, വിശാലമായ മാറ്റങ്ങള്‍ കൂടി ലക്ഷ്യം വെച്ച് ഈ ജനകീയ പ്രസ്ഥാനത്തെ വികസിപ്പിക്കണം. ഇതൊരു രണ്ടാം സ്വാതന്ത്ര്യസമര പ്രസ്ഥാനമാണ്, സംശയമില്ല. അനീതിയില്‍നിന്ന്, കാടത്തത്തില്‍നിന്ന്, ക്രിമിനല്‍വത്കരണത്തില്‍നിന്ന്, കച്ചവട രാഷ്ട്രീയത്തില്‍നിന്ന്, വര്‍ഗീയ രാഷ്ട്രീയത്തില്‍നിന്ന് ഈ പ്രസ്ഥാനം നമ്മെ വിമോചിപ്പിക്കുമെന്നുതന്നെ പ്രതീക്ഷിക്കുക. മുഴുവന്‍ പൗരന്മാരും ഈ പോരാട്ടത്തില്‍ പങ്കാളികളാവുക; നിലച്ചുപോകാതെ, തുടര്‍ച്ച മുറിയാതെ ഈ ജനകീയ പ്രസ്ഥാനം മുന്നോട്ടു പോകണം. 

വിവ: മുഹമ്മദ് ഫിന്‍സര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (2-4)
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്വര്‍ഗമായിരിക്കണം ലക്ഷ്യം
പി.വൈ സൈഫുദ്ദീന്‍ മാള