Prabodhanm Weekly

Pages

Search

2020 ഫെബ്രുവരി 14

3139

1441 ജമാദുല്‍ ആഖിര്‍ 20

'പൗരത്വ ഭേദഗതി നിയമം കോടതി റദ്ദാക്കിയില്ലെങ്കില്‍ജനകീയ പ്രക്ഷോഭം തുടരണം'

 രവി നായര്‍/ ബിലാലുബ്‌നു ശാഹുല്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്താകമാനം അലയടിച്ചുകൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങളെ ഏകോപിപ്പിക്കാനും അവക്ക് ദിശാബോധം നല്‍കാനും മില്ലി-സിവില്‍ സൊസൈറ്റി കൂട്ടായ്മകളും പ്രമുഖ വ്യക്തിത്വങ്ങളും ചേര്‍ന്ന് രൂപം കൊടുത്ത സഖ്യമാണ് 'അലയന്‍സ് എഗൈന്‍സ്റ്റ് സി.എ.എ ആന്റ് എന്‍.ആര്‍.സി.' അതിന്റെ കണ്‍വീനറാണ് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും സൗത്ത് ഏഷ്യ ഹ്യൂമന്‍ റൈറ്റ്‌സ് ഡോക്യുമെന്റേഷന്‍ സെന്ററിന്റെ ഡയറക്ടറുമായ രവി നായര്‍. പ്രബോധനത്തിന് വേണ്ടി അദ്ദേഹവുമായി ജാമിഅ മില്ലിയ്യ വിദ്യാര്‍ഥി ബിലാലുബ്‌നു ശാഹുല്‍ സംസാരിക്കുന്നു. ദഅ്‌വത്ത് ഉര്‍ദു വാരികക്കു വേണ്ടി അഫ്‌റൂസ് ആലം സാഹില്‍ നടത്തിയ അഭിമുഖത്തിന്റെ ചില ഭാഗങ്ങളും ഇതില്‍ ചേര്‍ത്തിട്ടുണ്ട്.

---------------------------------------------


പൗരത്വ പ്രക്ഷോഭത്തിന് രണ്ടു മാസം തികയുകയാണ്. എന്താണ് ദല്‍ഹിയിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ഈ സമരത്തിന്റെ അവസ്ഥ?

രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങള്‍ തീര്‍ത്തും ആവേശകരമാണ്. സമരത്തിന്റെ മുന്‍നിരയിലുള്ള സ്ത്രീകളുടെയും വിദ്യാര്‍ഥികളുടെയും ഒപ്പം സമൂഹത്തിലെ വിവിധ വിഭാഗങ്ങളും അണിചേരുകയാണ്.  പ്രക്ഷോഭം പടരുക മാത്രമേ ചെയ്യൂ. ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ അവര്‍ വിതച്ച വിത്തുകള്‍ കൊയ്യുകയാണിപ്പോള്‍.

പൗരത്വ ഭേദഗതി നിയമത്തെ താങ്കള്‍ എങ്ങനെ കാണുന്നു?

അതൊരു ഭരണഘടനാവിരുദ്ധ നിയമമാണ്. സുപ്രീം കോടതി ഇതിനെതിരെ വന്ന ഹരജികളില്‍ വിധി പറയാനിരിക്കുകയാണ്. സുപ്രീം കോടതിക്ക് ഈ നിയമത്തെ അംഗീകരിക്കാനാവില്ലെന്നാണ് ഞാന്‍ കരുതുന്നത്. കാരണമത് ഭരണഘടനയിലെ വിവിധ വകുപ്പുകള്‍ക്കെതിരാണ്.

ഭരണഘടനയുടെ ഏതൊക്കെ വകുപ്പുകളുടെ ലംഘനമാണ് ഈ നിയമം?

ഒന്നാമതായി ഇത് ഭരണഘടനയുടെ 14-ാം ഖണ്ഡികക്കെതിരാണ്. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും തുല്യ നിയമപരിരക്ഷണം ഗവണ്‍മെന്റ് ഉറപ്പു വരുത്തണമെന്ന് 14-ാം ഖണ്ഡികയില്‍ പറയുന്നുണ്ട്. ഈ നിയമം ഖണ്ഡിക 15-നും എതിരാണ്. അത് പ്രകാരം രാജ്യത്തെ എല്ലാ പൗരന്മാരും തുല്യരാണ്. മതത്തിന്റെയോ ജാതിയുടെയോ വംശത്തിന്റെയോ ലിംഗത്തിന്റെയോ പേരില്‍ ഒരു തരത്തിലുള്ള വിവേചനവും പാടില്ലാത്തതാകുന്നു. ഇത് 21-ാം ഖണ്ഡികക്കും എതിരാണ്. പൗരന്റെ വ്യക്തി സ്വാതന്ത്ര്യത്തില്‍ ഭരണകൂടം ഇടപെടലുകള്‍ നടത്തുന്നില്ലെന്ന് അത് ഉറപ്പു നല്‍കുന്നു. എന്നല്ല ഭരണഘടനയുടെ പല വകുപ്പുകള്‍ക്ക് എതിര് നില്‍ക്കുന്നു പൗരത്വ ഭേദഗതി നിയമം. രാഷ്ട്രം അതിന്റെ പൗരന്മാരെ രാഷ്ട്രരഹിതരാക്കി മാറ്റരുത് എന്നതിലാണ് അവയുടെയെല്ലാം ഊന്നല്‍.

അന്തര്‍ദേശീയതലത്തില്‍ ഇതിനകം ഉണ്ടായിട്ടുള്ള ഇടപെടലുകള്‍ എന്തൊക്കെയാണ്?

രാജ്യാന്തര പൊതുഅഭിപ്രായം വളരെയധികം ഈ സമരത്തിന്റെ നൈതികതക്കൊപ്പമാണ്. സ്വിറ്റ്‌സര്‍ലന്റ്,  ഫ്രാന്‍സ്, അമേരിക്ക, കുവൈത്ത്്, മലേഷ്യ, തുര്‍ക്കി, നോര്‍വേ  തുടങ്ങി വിവിധ രാജ്യങ്ങള്‍ ഇവിടെ നടക്കുന്ന പ്രക്ഷോഭങ്ങളെക്കുറിച്ച് ആശങ്കകള്‍ പങ്കുവെച്ചിട്ടുണ്ട്. അമേരിക്കന്‍ കോണ്‍ഗ്രസ്സും യൂറോപ്യന്‍ പാര്‍ലമെന്റും ഈ വിഷയം ചര്‍ച്ചക്കെടുക്കുകയും ഇന്ത്യയുമായി അത് പങ്കുവെക്കുകയും ചെയ്തു. ബി.ജെ.പി ഭരണകൂടം പ്രക്ഷോഭങ്ങള്‍ക്കെതിരെ അഴിച്ചുവിട്ട അക്രമങ്ങളെ രാജ്യാന്തര മാധ്യമങ്ങള്‍ വളരെ നിശിതമായി വിമര്‍ശിച്ചുകൊണ്ടിരിക്കുന്നുണ്ട്. കേന്ദ്ര ഗവണ്‍മെന്റിന്റെ നയതന്ത്ര മികവിന്റെ വീഴ്ചയാണിതെല്ലാം സൂചിപ്പിക്കുന്നത്.

ബി.ജെ.പി ഗവണ്‍മെന്റിനെ ഈ സമരം എത്രത്തോളം സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്? എന്തായിരിക്കും ഗവണ്‍മെന്റിന്റെ അടുത്ത നടപടികള്‍?

ദീര്‍ഘദൃഷ്ടിയും പാര്‍ശ്വദൃഷ്ടിയും വകതിരിവും ഒട്ടുമില്ലാത്ത സര്‍ക്കാരാണ് ബി.ജെ.പിയുടേത്. സി.എ.എ,  എന്‍.ആര്‍.സി, എന്‍.പി.ആര്‍ എന്നിവ റദ്ദ് ചെയ്യാനുള്ള നല്ല ബുദ്ധി അവര്‍ക്കില്ലെന്നു തോന്നുന്നു. അവര്‍ ഇനിയും ഭരണകൂട ഭീകരതകള്‍ അഴിച്ചുവിടും എന്നതില്‍ എനിക്കൊരു സംശയവുമില്ല.  ചരിത്രാവബോധം ഒട്ടും ഇല്ലാത്ത പാര്‍ട്ടിയാണത്. വിയറ്റ്‌നാമിന്റെ ഐതിഹാസിക നേതാവ് ഹോചിമിന്‍ പറഞ്ഞതുപോലെ, ജനം ഒരുമിച്ചു കഴിഞ്ഞാല്‍ പിന്നെ അവരെ തോല്‍പ്പിക്കാനാവുകയില്ല.

ആരെയും പൗരത്വത്തില്‍നിന്ന് പുറംതള്ളാനല്ല, അഭയാര്‍ഥികളെ ഇന്ത്യയില്‍ ഉള്‍ക്കൊള്ളാനാണ് പൗരത്വ ഭേദഗതി നിയമം എന്നാണ് ബി.ജെ.പിയുടെ വാദം. എന്താണ് മറുപടി?  

ആര്‍.എസ്.എസ്സിനും ബി.ജെ.പിക്കുമുള്ളത് അതിനിഷ്ഠുരവും കുടിലവുമായ പദ്ധതികളാണ്. മുസ്‌ലിംകള്‍,  ക്രിസ്ത്യാനികള്‍, ദലിതുകള്‍, ആദിവാസികള്‍, മറ്റു ഒ.ബി.സി വിഭാഗങ്ങള്‍ എന്നിവരുടെ അവകാശങ്ങള്‍ എടുത്തുമാറ്റാനാണ് എന്‍.പി.ആര്‍ നടപ്പിലാക്കുന്നത്. പിന്നീട്, എന്‍.ആര്‍.സി നടപടികളിലൂടെ അവരെ രണ്ടാംകിട പൗരന്മാരാക്കി  വിദേശിമുദ്ര ചാര്‍ത്തിക്കൊടുക്കും. ഈ രണ്ടു നടപടികളിലൂടെയും പൗരത്വത്തില്‍ അനിശ്ചിതത്വത്തിലായിക്കഴിഞ്ഞവരില്‍നിന്ന് ഹിന്ദുത്വ അജണ്ടയോടു കൂറ് പുലര്‍ത്തുന്നവരെ സി.എ.എയിലൂടെ പൊതുമാപ്പ് നല്‍കി ഇന്ത്യക്കാരാക്കും. ബി.ജെ.പി പലതും പറയും. അവര്‍ പറഞ്ഞത് വിശ്വസിക്കുന്നത് പിശാചിനെ വിശ്വസിക്കുന്നതിന് തുല്യമായിരിക്കും.
ബാബരി മസ്ജിദിനു ഒന്നും സംഭവിക്കില്ല എന്ന വ്യാജവാഗ്ദാനം നല്‍കിയ യു.പി.യിലെ അന്നത്തെ ബി.ജെ.പി മുഖ്യമന്ത്രി കല്യാണ്‍ സിംഗിനെ മറക്കാന്‍ കഴിയില്ലല്ലോ. പിന്നീട് അദ്ദേഹം തന്നെയാണ് മസ്ജിദ് തകര്‍ക്കാന്‍ വേണ്ട എല്ലാ കാര്യങ്ങളും ചെയ്തു കൊടുത്തതും. ബി.ജെ.പിയുടെ ഉറപ്പിന് അതെഴുതിത്തരുന്ന കടലാസിന്റെ വില പോലുമില്ല. അവര്‍ പ്രസംഗത്തിലൂടെ തരുന്ന ഉറപ്പാകട്ടെ, വെറും ചുടുകാറ്റായി കണ്ടാല്‍ മതി.

സമര രംഗത്തുള്ളവര്‍ക്കെതിരെ കടുത്ത ദുഷ്പ്രചാരണവും പീഡനങ്ങളും അറസ്റ്റുമൊക്കെയാണ് ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ഇതിനെ എങ്ങനെ നേരിടാനാകും?

ഇനിയും ഒരുപാട് ദുഷ്പ്രചാരണങ്ങളും അറസ്റ്റുകളും പീഡനങ്ങളും തന്നെയാണ് ഉണ്ടാവുക. അതിനെ പ്രതിരോധിക്കാനുള്ള ഏകമാര്‍ഗം കൂടുതല്‍ ആര്‍ജവത്തോടെ നിസ്സഹകരണ സമരങ്ങളുമായി മുന്നേറുക എന്നത് തന്നെയാണ്.  കൂടുതല്‍ സത്യഗ്രഹ സമരങ്ങള്‍.  ജയില്‍ നിറക്കാനുള്ള ദേശീയ പ്രചാരണ പ്രവര്‍ത്തനങ്ങള്‍.  ഇന്ത്യയുടെ മൊത്തം ജയിലുകള്‍ക്ക് ഉള്‍ക്കൊള്ളാനാവുക കേവലം 3 ലക്ഷം പേരെ മാത്രമാണ്. സമാധാനപരവും അഹിംസയില്‍ അധിഷ്ഠിതവുമായ സമരങ്ങളിലൂടെ  10 ലക്ഷം ആളുകളെയെങ്കിലും ജയിലുകളിലെത്തിക്കണം. അങ്ങനെ വന്നാല്‍ വിവേകശൂന്യവും നിയമവിരുദ്ധവുമായ ഈ നിയമം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാവും.  രാജാവിന്റെ മുഴുവന്‍ പരിവാരത്തെയും സേനാവ്യൂഹത്തെയും ഒരുമിച്ചുനിര്‍ത്തിയാല്‍ പോലും ഹിന്ദുത്വ അജണ്ട നടപ്പിലാക്കാന്‍ അപ്പോള്‍ സാധിക്കാതെ വരും.

സാമുദായിക ധ്രുവീകരണത്തിലൂടെയും വര്‍ഗീയവല്‍ക്കരണത്തിലൂടെയും സമരത്തെ അട്ടിമറിക്കാനും പ്രതിസന്ധി മറികടക്കാനുമാണ് സംഘ് പരിവാര്‍ ശ്രമിക്കുന്നത്. ഇതിനെ എങ്ങനെ ചെറുക്കാം?

പ്രക്ഷോഭത്തെ ഇല്ലായ്മ ചെയ്യാന്‍ നിയമപരവും നിയമവിരുദ്ധവുമായ എല്ലാ തന്ത്രങ്ങളും ബി.ജെ.പി പയറ്റിനോക്കും.  നമ്മള്‍ നമ്മുടെ അടിത്തറ വിപുലീകരിച്ചുകൊണ്ടേയിരിക്കണം. ഇന്ത്യയിലെ എല്ലാ ലിബറല്‍ വ്യക്തികളും ഈ മുന്നേറ്റത്തോടൊപ്പമാണ്. ഭീം ആര്‍മിയും ബാംസെഫും ദലിത്, ഒ.ബി.സി  വിഭാഗങ്ങളെ സംഘടിപ്പിക്കുന്നുണ്ട്. കത്തോലിക്കാസഭയും പ്രൊട്ടസ്റ്റന്റ് ധാരകളെ പ്രതിനിധീകരിക്കുന്ന ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയും ഇതിനെതിരെ രംഗത്ത് വന്നുകഴിഞ്ഞു.
മനുവാദികളുടെ സങ്കുചിത മനോഭാവങ്ങളെ തുറന്നു കാണിക്കാനാകണം. രാജ്യത്തെ ഓരോ ഭവനത്തിലേക്കും ഈ സന്ദേശം നമുക്ക് എത്തിക്കാന്‍ കഴിയണം.  പത്തില്‍ കൂടുതല്‍ ആളുകളില്ലാത്ത ഞായറാഴ്ച യോഗങ്ങള്‍ വിളിച്ചുകൂട്ടി മനുവാദികളുടെ വാദങ്ങളെക്കുറിച്ചു നാം അവരെ ബോധവാന്മാരാക്കണം.  സദസ്സ് എത്ര ചെറുതാവുന്നോ അത്രയും സ്പഷ്ടമായി നമുക്ക് ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും ഫാഷിസ്റ്റ് അജണ്ടകളെ ജനങ്ങള്‍ക്ക് വിശദീകരിച്ചുകൊടുക്കാനും അവരുടെ സംശയങ്ങള്‍ ദൂരീകരിക്കാനുമാകും. ജനങ്ങളുടെ ചാലകശക്തിയെ ആര്‍ക്കും തടഞ്ഞുനിര്‍ത്താനാവില്ല. ജന്മിത്തപരവും മുതലാളിത്തത്തില്‍ അധിഷ്ഠിതവുമായ മനുവാദികളുടെ വാദമുഖങ്ങളെ അവര്‍ തകര്‍ത്തെറിയുക തന്നെ ചെയ്യും.

കോടതിവിധി ഗവണ്‍മെന്റിന് അനുകൂലമാണെങ്കില്‍ തുടര്‍ സമരത്തിന്റെ സ്വഭാവം എന്തായിരിക്കും?

കോടതി വിധി അവസാന വാക്കല്ല. പരമാധികാരം ജനങ്ങളിലാണ് നിക്ഷിപ്തമായിരിക്കുന്നത്.   ബാബരി വിധി നീതിന്യായ സംവിധാനത്തിനകത്തേക്കുള്ള ഒരു കടന്നുകയറ്റമായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് സുപ്രീം കോടതി ഹേബിയസ് കോര്‍പ്പസ് നടപടി നിര്‍ത്തല്‍ ചെയ്തത് നാം അംഗീകരിച്ചിരുന്നുവോ? ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭത്തിന്റെ കാതല്‍ തന്നെ ഭരണഘടനയുടെ അഖണ്ഡത സംരക്ഷിക്കുകയെന്നതാണ്. സുപ്രീംകോടതിയാണ് ഇപ്പോള്‍ ജനങ്ങളുടെ നിരീക്ഷണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നത്.

ജാമിഅ, അലീഗഢ് എന്നിവയുള്‍പ്പെടെയുള്ള സര്‍വകലാശാലാ കാമ്പസുകളില്‍ നടക്കുന്ന സമരങ്ങളെ താങ്കള്‍ എങ്ങനെ നോക്കിക്കാണുന്നു?

വിദ്യാര്‍ഥികളാണ് ഈ മുന്നേറ്റത്തിന്റെ മുന്നണിപ്പോരാളികള്‍. അവരായിരുന്നു ജെ.പി മുന്നേറ്റത്തിന്റെയും പിന്നിലെ ചാലകശക്തി. യുവശക്തിയെ ആര്‍ക്കും അവഗണിച്ച് തള്ളാനാവില്ല. ജനസംഖ്യയുടെ വലിയൊരു ശതമാനം യുവാക്കളുള്ള നാടാണിത്. രാഷ്ട്രീയ പാര്‍ട്ടികളുടെയും തൊഴിലാളി പ്രസ്ഥാനങ്ങളുടെയും വൃദ്ധ നേതൃത്വങ്ങള്‍ അമരത്തേക്ക് കൂടുതല്‍ ഊര്‍ജസ്വലരായ യുവാക്കളെ കൊണ്ടുവരേണ്ട സന്ദര്‍ഭമാണിത്. 

ശാഹീന്‍ ബാഗ് സമരത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്?  ശാഹീന്‍ ബാഗ് മോഡല്‍ സമരങ്ങള്‍ രാജ്യത്താകമാനം ഉണ്ടായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

ശാഹീന്‍ ബാഗ് എന്നത് ഈ മുന്നേറ്റത്തിന്റെ പ്രതീകാത്മക ചിഹ്നം കൂടിയാണിപ്പോള്‍. അര്‍ജന്റീനയില്‍ പട്ടാള ഭരണകാലത്ത് 'പ്ലാസ മായോ അമ്മമാര്‍'  (ങീവേലൃ െീള ജഹമ്വമ ങമ്യീ) നയിച്ച സമര സ്മരണയാണ് ഇത് ഉണര്‍ത്തുന്നത്. ശാഹീന്‍ ബാഗില്‍ അണിനിരന്ന സ്ത്രീകള്‍ നമ്മുടെ കാലത്തെ പ്ലാസ മായോ ഉമ്മമാരാണ്.

താങ്കള്‍ നേതൃത്വം കൊടുക്കുന്ന 'സി.എ.എ - എന്‍.ആര്‍.സി വിരുദ്ധ സഖ്യ'ത്തില്‍ ഏതൊക്കെ സംഘടനകളാണ് അണിനിരന്നിരിക്കുന്നത്? എന്തൊക്കെയാണ് സഖ്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍?

സഖ്യത്തിന്റെ പരിപാടി വളരെ ചലനാത്മകവും നൂതനവുമാണ്. ഇത് വിവിധ സംഘടനകളുടെ ഒരു പ്ലാറ്റ്‌ഫോമാണ്. സംഘടനകള്‍ക്ക് പുറമെ മനുഷ്യാവകാശ- പൗരസമൂഹവും വിവിധ മത കൂട്ടായ്മകളും ട്രേഡ് യൂനിയനുകളും ഇതില്‍ അണിചേര്‍ന്നിരിക്കുന്നു. സംഘടനാ ബന്ധങ്ങളില്ലാത്ത നിരവധി പ്രമുഖ വ്യക്തിത്വങ്ങളും ഞങ്ങളോടൊപ്പമുണ്ട്. ഭരണഘടനാ വിരുദ്ധമായ കരിനിയമത്തെ എല്ലാവരെയും അണിനിരത്തി നേരിടാനുള്ള ഒരു ഏകോപന ശ്രമമാണിത്. ഇപ്പോള്‍ ഈ സഖ്യത്തില്‍ നൂറിലധികം കൂട്ടായ്മകള്‍ അണിനിരന്നിരിക്കുന്നു. ഇനിയും നിരവധി കൂട്ടായ്മകള്‍ ഈ പൊതുവേദിയിലേക്ക് കടന്നുവരുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. സി.എ.എ, എന്‍.ആര്‍.സി, എന്‍.പി.ആര്‍ എന്നിവ പിന്‍വലിക്കുന്നതു വരെ സന്ധിയില്ലാ സമരംതന്നെയാണ് സഖ്യം പ്രഖ്യാപിച്ചിട്ടുള്ളത്.

എന്തൊക്കെയാണ് സഖ്യത്തിന്റെ പരിപാടികള്‍?

തെരുവുകളില്‍ സമരം നയിക്കുകയെന്നത് തന്നെയാണ് പ്രധാന പരിപാടി. പോലീസ് അതിക്രമങ്ങളുണ്ടായ യു.പിയിലെ നഗരങ്ങളിലേക്കെല്ലാം വസ്തുതാന്വേഷണ സംഘങ്ങളെ ഞങ്ങള്‍ അയച്ചുകൊണ്ടിരിക്കുന്നുണ്ട്. പോലീസ് അതിക്രമത്തിനിരയായവരെ ആശ്വസിപ്പിക്കുകയും അവര്‍ക്ക് ധൈര്യം പകരുകയും ചെയ്യുന്നു. പരിക്കേറ്റവരെ ദല്‍ഹിയില്‍ കൊണ്ടുവന്ന് ചികിത്സ നല്‍കാനും ശ്രദ്ധിക്കുന്നു. അവര്‍ക്ക് എല്ലാവിധ നിയമസഹായങ്ങളും നല്‍കും. പീഡിതരുടെ പക്ഷത്തു നിന്നുള്ള എഫ്.ഐ.ആറും തയാറാക്കും. യു.പിയിലെ പോലീസ് അതിക്രമങ്ങളെക്കുറിച്ച് വസ്തുനിഷ്ഠമായി അന്വേഷിച്ച് റിപ്പോര്‍ട്ട് തയാറാക്കിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ഇതുവഴി ഭരണകൂട അതിക്രമങ്ങളെ കോടതികള്‍ക്ക് മുമ്പാകെ തുറന്നുകാട്ടാനാവും.
ഫെബ്രുവരി മാസത്തില്‍ സഖ്യത്തിന്റെ ഭാഗമായിട്ടുള്ള ഒരു സംഘടന നടത്തുന്ന പാര്‍ലമെന്റ് ഘെരാവോക്ക് ഞങ്ങള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.  മുംബൈയില്‍ ഒരു വലിയ സമരത്തിനും സഖ്യം തുടക്കം കുറിക്കാന്‍ പോകുന്നു. ജില്ലാതല പരിപാടികള്‍ തെലങ്കാന, മഹാരാഷ്ട്ര,  ഉത്തര്‍പ്രദേശ് തുടങ്ങി രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍  നടക്കുന്നുണ്ട്. സമാധാനപരമാണ് സമരപരിപാടികള്‍; തീര്‍ത്തും നൂതനമായ ശൈലിയില്‍. എല്ലാ ജനകീയ പ്രക്ഷോഭങ്ങള്‍ക്കും സഹായ ഘടകമായി പ്രവര്‍ത്തിക്കുകയാണ് ഞങ്ങള്‍. ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും ഫാഷിസ്റ്റ് അജണ്ടകള്‍ക്കെതിരെ വളരെ വിശാലമായ മുന്നണി പടുത്തുയര്‍ത്തുകയാണ് ഏറ്റവും ഫലപ്രദമായ പ്രതിരോധമാര്‍ഗമെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (2-4)
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്വര്‍ഗമായിരിക്കണം ലക്ഷ്യം
പി.വൈ സൈഫുദ്ദീന്‍ മാള