മനുഷ്യജീവന് പരമ പവിത്രം
ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ ഏറ്റവും പുതിയ കണക്ക് പ്രകാരം 2001 മുതല്‍ 2017 വരെയുള്ള കാലത്ത് വ്യക്തികള്‍ പരസ്പരമുള്ള കലഹത്തിന്റെയും ശണ്ഠകളുടെയും ഫലമായി രാജ്യത്ത് 67,774 പേര്‍ കൊലചെയ്യപ്പെട്ടിട്ടുണ്ട്. വ്യക്തികലഹങ്ങളും ശത്രുതയുമാണ് വലിയ അളവില്‍ കൊലപാതകങ്ങള്‍ക്ക് കാരണമാകുന്നതെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. വ്യക്തി കലഹങ്ങളും ശത്രുതയും എന്തുകൊണ്ട് കൊലപാതകങ്ങള്‍ക്ക് ഹേതുവാകുന്നുവെന്നും ഈ വിഷയകമായി ഇസ്‌ലാമിന്റെ സമീപനമെന്താണെന്നുമാണ് ഈ കുറിപ്പില്‍ ചുരുക്കിപ്പറയാന്‍ ഉദ്ദേശിക്കുന്നത്.
തര്‍ക്കസ്വഭാവം മനുഷ്യപ്രകൃതിയില്‍ അന്തര്‍ലീനമാണ്. ഈ സ്വഭാവ വിശേഷം പോസിറ്റീവായും നെഗറ്റീവായും ഉപയോഗപ്പെടുത്താന്‍ കഴിയും. സൃഷ്ടിപരവും ഗുണകാംക്ഷാപരവുമായ രൂപത്തില്‍ നമ്മുടെ ആശയങ്ങളെ സഹോദരങ്ങളുടെ മനസ്സിലേക്ക് ചൊരിഞ്ഞുകൊടുക്കാന്‍ നമുക്കും കഴിയും; കഴിയണം. പരസ്പരമുള്ള ആശയക്കൈമാറ്റം ഒരിക്കലും ശത്രുതയുണ്ടാക്കുകയില്ല. സൗഹൃദം ഊട്ടിയുറപ്പിക്കുകയേ ഉള്ളൂ.
വിശുദ്ധ ഖുര്‍ആന്‍ ആവശ്യപ്പെടുന്നു: ''അതിനാല്‍ നിങ്ങള്‍ അവരെ ഉദ്‌ബോധിപ്പിക്കുക. അത് മാത്രമാണ് നിങ്ങളുടെ ബാധ്യത'' (അല്‍ഗാശിയ: 21).
എന്നാല്‍ ചിലയാളുകള്‍ ഈ സഹജ സ്വഭാവത്തെ സ്വേഛാപരവും സ്വാര്‍ഥവുമായ താല്‍പര്യങ്ങള്‍ക്കു വേണ്ടി ദുരുപയോഗപ്പെടുത്തുന്നു. ഇതാണ് മിക്കപ്പോഴും വഴക്കിനും വക്കാണത്തിനും മാനുഷിക ബന്ധങ്ങള്‍ തകരാറിലാകാനും കാരണമാകുന്നത്. അക്രമ സംഭവങ്ങളിലേക്കും കൊലപാതകങ്ങളിലേക്കും എത്തിക്കുന്നതും ഇതുതന്നെ.
ചിലയാളുകള്‍ സത്യത്തെ മറച്ചുവെക്കാനും അടിച്ചൊതുക്കാനും വേണ്ടി വെറുതെ തര്‍ക്കങ്ങള്‍ മെനഞ്ഞുണ്ടാക്കുന്നു. ഇത് യഥാര്‍ഥത്തില്‍ സത്യത്തെ കുഴിച്ചുമൂടുകയല്ലാതെ മറ്റൊന്നുമല്ല. ഇതിനുവേണ്ടി കുതര്‍ക്കങ്ങളില്‍ ഏര്‍പ്പെടുക മാത്രമല്ല ഇവര്‍ ചെയ്യുക. യാഥാര്‍ഥ്യവുമായി പുലബന്ധം പോലുമില്ലാത്ത സംസാരങ്ങളും അടിസ്ഥാനരഹിതമായ വാദഗതികളും പടച്ചുവിടുകയും ചെയ്യും. അങ്ങനെ ഒച്ചയിട്ട് ശബ്ദമലിനീകരണം സൃഷ്ടിക്കുന്നു.
പരിശുദ്ധ ഖുര്‍ആന്‍ ഇക്കാര്യം സൂചിപ്പിക്കുന്നത് ഇങ്ങനെയാണ്: ''നാം ഈ ഖുര്‍ആനില്‍ നാനാതരം ഉപമകളിലൂടെ വിവിധ രീതിയില്‍ ജനങ്ങള്‍ക്ക് കാര്യം ഗ്രഹിപ്പിച്ചുകൊടുത്തു. എന്നാല്‍ മനുഷ്യന്‍ വല്ലാത്ത തര്‍ക്കപ്രിയനായിരിക്കുന്നു'' (അല്‍കഹ്ഫ്: 54).
നമ്മുടെ രാജ്യത്ത് മിക്ക സംഭവങ്ങളിലും അഭിപ്രായസ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നതോടൊപ്പം തെറ്റായി ഉപയോഗിക്കുകയും ചെയ്യുന്നു എന്നതാണ് ഏറെ ഖേദകരം. സത്യം പറയുകയും ശരിയായ പാതയിലൂടെ ജീവിതത്തെ മുന്നോട്ടു നയിക്കുകയും ചെയ്യുന്ന ഒരുത്തനെ സംബന്ധിച്ചേടത്തോളം ജീവിതം അസഹനീയമെന്നു മാത്രമല്ല; പലപ്പോഴും ജീവനു തന്നെ ഭീഷണിയുമാണ്. സുരക്ഷിതത്വം ഇല്ലാതാകുന്നത് ഒരാളുടെ മൗലികാവകാശത്തിന് കളങ്കമേല്‍പ്പിക്കലും അതിന്റെ പവിത്രതയെ തൃണവല്‍ഗണിക്കലുമാണ്. ഈ വീക്ഷണകോണിലൂടെ നോക്കുമ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ആള്‍ക്കൂട്ടക്കൊലകളുടെ യഥാര്‍ഥ കാരണം കണ്ടെത്തുന്നതില്‍ നാഷ്‌നല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പരാജയപ്പെട്ടിരിക്കുന്നു എന്നു പറയേണ്ടിവരും.
മനുഷ്യജീവന് ഇസ്‌ലാം വലിയ വില കല്‍പിക്കുന്നു. മനുഷ്യജീവനെ വളരെ പവിത്രമായാണ് അത് പരിഗണിക്കുന്നത്. ഇസ്‌ലാമിക വീക്ഷണത്തില്‍ ഒരു മനുഷ്യനെ അകാരണമായി കൊല്ലുന്നത് മുഴുവന്‍ മനുഷ്യരെയും കൊല്ലുന്നതിനു തുല്യമാണ്. ഒരു മനുഷ്യജീവന്‍ രക്ഷിക്കുന്നത് മുഴുവന്‍ മനുഷ്യരെയും രക്ഷിക്കുന്നതിനു തുല്യവും. ഇസ്‌ലാമല്ലാത്ത മറ്റൊരു വ്യവസ്ഥയും ഈ രൂപത്തില്‍ മനുഷ്യജീവനെ ഇത്രയേറെ പവിത്രമായി കാണുന്നില്ല.
പരിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ''ഇക്കാരണത്താല്‍ ഇസ്രായേല്‍ വംശത്തിന് നാം ശാസനമെഴുതിയിട്ടുണ്ടായിരുന്നു. ഒരാത്മാവിനു പകരമായോ അല്ലെങ്കില്‍ ഭൂമിയില്‍ നാശം വിതച്ചതിന്റെ പേരിലോ അല്ലാതെ ആരെങ്കിലും ഒരു മനുഷ്യനെ വധിച്ചാല്‍ അവന്‍ മുഴുവന്‍ മനുഷ്യരെയും വധിച്ചതുപോലെയാകുന്നു. ഒരുവന്‍ ആര്‍ക്കെങ്കിലും ജീവിതം നല്‍കിയാല്‍ അവന്‍ മുഴുവന്‍ മനുഷ്യര്‍ക്കും ജീവിതം നല്‍കിയതുപോലെയുമാകുന്നു'' (അല്‍ മാഇദ: 32).
Comments