Prabodhanm Weekly

Pages

Search

2020 ഫെബ്രുവരി 14

3139

1441 ജമാദുല്‍ ആഖിര്‍ 20

മുസ്‌ലിം ഉണര്‍വ് ആരെയാണ് അലട്ടുന്നത്?

ഉമര്‍ ഖാലിദ്

ശാഹീന്‍ ബാഗ് ഇന്ന് പലരെയും ഭയപ്പെടുത്തുകയും വെപ്രാളം കൊള്ളിക്കുകയും ചെയ്യുന്നുണ്ട്. ഇന്നതൊരു പ്രദേശത്തിന്റെ പേര് മാത്രമല്ലാതായി മാറിയിരിക്കുന്നു. 'നിങ്ങള്‍ വോട്ട് ചെയ്യുമ്പോള്‍ അതിന്റെ പ്രതിഫലനം ശാഹീന്‍ ബാഗില്‍ അനുഭവപ്പെടണ'മെന്നും 'തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ അവിടെയുള്ളവരെ ഒഴിപ്പിച്ചിരിക്കുമെ'ന്നും ദല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടക്ക് അമിത് ശാ പറഞ്ഞതും, ഷാഹീന്‍ ബാഗിലെ പ്രതിഷേധക്കാര്‍ക്കൊപ്പം നില്‍ക്കുന്നു എന്നു പറഞ്ഞ് അരവിന്ദ് കെജരിവാളിനെ നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തിയതുമെല്ലാം ആ വെപ്രാളത്തിന് തെളിവാണ്. 
ആഗോളതലത്തില്‍തന്നെ  ശാഹീന്‍ ബാഗ് സ്ഥിരപ്രതിഷ്ഠ നേടിയിരിക്കുന്നു, ഈജിപ്തിലെ തഹ്‌രീര്‍ സ്‌ക്വയര്‍ പോലെ, തുര്‍ക്കിയിലെ തഖ്‌സീം സ്‌ക്വയര്‍ പോലെ, ന്യൂയോര്‍ക്കിലെ വാള്‍ സ്ട്രീറ്റ് പോലെ.
 ഇന്ത്യയുടെ മുക്കുമൂലകളില്‍ ശാഹീന്‍ ബാഗ് പടരുകയാണ്. കൊല്‍ക്കത്തയിലെ പാര്‍ക്ക് സര്‍ക്കസിലും ലഖ്‌നൗവിലെ ഗന്ധകാറിലും ബംഗളൂരുവിലെ മോസ്‌ക് റോഡിലുമെല്ലാം ശാഹീന്‍ ബാഗ് നിര്‍മിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ശാഹീന്‍ ബാഗോ സി.എ.എക്കെതിരെയുള്ള മറ്റു പ്രതിഷേധങ്ങളോ ഒന്നും അത്ര സാധാരണമല്ല. രാഷ്ട്രീയ പ്രസംഗങ്ങള്‍ കേട്ട് പിരിഞ്ഞുപോകുന്ന, ആര്‍ക്കും വളക്കാവുന്ന കൂട്ടരല്ല അവര്‍.
നോക്കൂ, ഏതു നേരവും സജീവമാണ് ശാഹീന്‍ ബാഗ്. കുട്ടികളുമായി വന്ന ഉമ്മമാരും വല്യുമ്മമാരുമാണ് അവിടെയുള്ളത്. ഏതൊക്കെയോ വീടുകളില്‍നിന്ന് ഭക്ഷണങ്ങള്‍ അങ്ങോട്ടേക്കെത്തുകയാണ്. അവിടെ ചിലര്‍ വരക്കുന്നു, ചിലര്‍ പാടുന്നു. 
ഭ്രാന്തരെന്ന് തോന്നിക്കുന്ന ആയുധമേന്തിയ പോലീസിനെ അവഗണിച്ച് പ്രതിഷേധക്കാര്‍ ശാഹീന്‍ ബാഗിലേക്ക് തെല്ലും ഭയമില്ലാതെ നടന്നുനീങ്ങുന്നു. എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചവരാണവര്‍. ജനങ്ങളെല്ലാം ഒത്തുചേരുമ്പോഴുണ്ടാകുന്ന ഒരു ശക്തിയില്ലേ, ആ ശക്തിയുടെ ആഘോഷത്തെയാണ് വിപ്ലവമെന്ന് വിളിക്കുന്നത്. 
ഈ പോരാട്ടം എന്തു നേടിയെന്ന് ചില ദോഷൈകദൃക്കുകള്‍ ചോദിക്കുന്നുണ്ട്. നരേന്ദ്ര മോദിയും അമിത് ഷായും അവരുടെ പ്ലാനുകളൊന്നും ഇതുവരെ മാറ്റിയില്ലല്ലോ എന്നാണവര്‍ ചോദിക്കുന്നത്. സ്വാതന്ത്ര്യാനന്തരം ഇതാദ്യമായി ഇന്ത്യയിലെ മുസ്‌ലിംകള്‍ അവരുടേതായ ഒരു ഭാഷ കണ്ടെത്തിയിരിക്കുന്നുവെന്നും അവരുടെ വേദനകളും ആശകളും പ്രകടിപ്പിക്കാന്‍ പുതിയൊരു രാഷ്ട്രീയ വ്യാകരണങ്ങള്‍ അവര്‍ പഠിച്ചെടുത്തിരിക്കുന്നുവെന്നുമാണ് അത്തരം ദോഷൈകദൃക്കുകളോട് പറയാനുള്ളത്. 
മോദി ഭരണത്തില്‍ ഇതാദ്യമായി അവര്‍ ഉച്ചത്തില്‍ സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഓരോ ആള്‍ക്കൂട്ടക്കൊലയും നടക്കുമ്പോള്‍ അവര്‍ നിസ്സഹായരായിരുന്നു. അയോധ്യാ വിധിയിലെ അനീതിക്കെതിരെ അവര്‍ നിശ്ശബ്ദരായിരുന്നു. അവര്‍ ഭയപ്പാടിലും നിരാശയിലുമായിരുന്നു. അവര്‍ക്കിപ്പോള്‍ ശബ്ദം വീണ്ടുകിട്ടിയിരിക്കുന്നു. ഒച്ചയറ്റിരുന്ന സമുദായം ഇപ്പോള്‍ ഉണര്‍ന്നെണീറ്റിരിക്കുന്നു. ആണുങ്ങളും പെണ്ണുങ്ങളുമടങ്ങിയ മുസ്‌ലിം യൗവനം ഇന്ന് ഏറെ ജാഗരൂകരാണ്. കൂടുതല്‍ അറിവുള്ളവരും അപ്‌ഡേറ്റ് ആയവരുമാണ്. വാട്ട്‌സാപ്പ് യൂനിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന ആവറേജ് ഇന്ത്യക്കാരേക്കാള്‍ തിരിച്ചറിവുള്ളവരാണ്. ഈ കൂട്ടായ പോരാട്ടത്തിന്റെ ഏറ്റവും വലിയ നേട്ടമായി  ഇതു തന്നെ ധാരാളമല്ലേ..? 
കാലങ്ങളായി മുസ്‌ലിംകള്‍ ഒരു വോട്ട് ബാങ്ക് മാത്രമായി ചുരുക്കപ്പെടുകയായിരുന്നു. മുസ്‌ലിംകളെന്നും ഉപദേശിക്കപ്പെട്ടത് താഴേ തട്ടില്‍ തന്നെ കിടക്കാനാണ്, അവര്‍ക്കായി 'മറ്റുള്ളവര്‍' പോരാടുമെന്നാണ്. ആ 'മറ്റുള്ളവര്‍' എന്ന ഗണത്തില്‍ പെടുന്നത് സ്വയംപ്രഖ്യാപിത സെക്യുലരിസ്റ്റുകളും ലിബറലുകളും ജാതിവിരുദ്ധ പോരാളികളുമെല്ലാമായിരുന്നു. സമുദായത്തിന് നല്ലത് വരണമെന്ന് കരുതുന്നവര്‍ തന്നെയായിരുന്നു അവരിലധികവും. മറ്റു ചിലര്‍ മുസ്‌ലിം വോട്ട് മാത്രം ആഗ്രഹിച്ചവരായിരുന്നു.
മുസ്‌ലിംകളെപ്പോഴും മിണ്ടാതിരിക്കണമെന്നവര്‍ പറയും, മുസ്‌ലിംകള്‍ മിണ്ടിയാല്‍ അത് ഹിന്ദുത്വവാദികള്‍ക്ക് സമൂഹത്തെ ധ്രുവീകരിക്കാന്‍ എളുപ്പമാകുമെന്നും അവര്‍ വിശദീകരിക്കും. പതിറ്റാണ്ടുകളായി മുസ്‌ലിംകള്‍ അവരുടെ ഉപദേശം അനുസരിച്ചു.
ഇങ്ങനെയൊരു തന്ത്രം കൊണ്ട് മുസ്‌ലിംകളോ ഇന്ത്യയോ എന്ത് നേടിയെന്ന് ആലോചിച്ചിട്ടുണ്ടോ? 
മുസ്‌ലിംകളുടെ നിശ്ശബ്ദത ധ്രുവീകരണത്തെ തടഞ്ഞോ..?  അനിയന്ത്രിതമായ ഫാഷിസത്തിന്റെ വളര്‍ച്ച ഒതുങ്ങിയോ..?  സെക്യുലരിസത്തെ ആ മൗനം രക്ഷിച്ചെടുത്തോ..?  മുസ്‌ലിംകളുമായി കൂട്ടുചേരുന്നത് ഒഴിവാക്കിയാല്‍ പ്രതിപക്ഷത്തിന് ബി.ജെ.പി യുടെ വോട്ട് എണ്ണത്തില്‍ കുറവുണ്ടാക്കാനാകുമെന്നാണോ കരുതുന്നത്..? രാഷ്ട്രീയ സുരക്ഷയില്‍ നിന്ന് അകലുക എന്നതിനര്‍ഥം, സാമൂഹികമായും സാമ്പത്തികമായുമുള്ള സുരക്ഷയും അവര്‍ക്കില്ല എന്നാണ്. 
മറ്റു സമുദായങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ നിരക്ഷരതയുടെ തോത് മുസ്‌ലിം സമുദായത്തില്‍ കൂടുതലാണ് (42.7 ശതമാനം). ഉന്നത വിദ്യാഭ്യാസം നേടുന്നവരുടെ എണ്ണവും കുറവാണ്. ജോലി സുരക്ഷിതത്വം ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാലത്ത് മുസ്‌ലിംകളുടെ അവസ്ഥ പ്രത്യേകം പറയേണ്ടതില്ല. സച്ചാര്‍ കമ്മിറ്റിയും രംഗനാഥ മിശ്ര കമ്മിറ്റിയും അഭിനവ് കുണ്ടു കമ്മിറ്റിയുമെല്ലാം ഇന്ത്യയിലെ വലിയ ന്യൂനപക്ഷത്തിന്റെ ദാരിദ്ര്യത്തെ കുറിച്ച് സാക്ഷ്യപ്പെടുത്തിയതാണ്. ഗവണ്‍മെന്റ് ജോലികളിലും പോലീസിലും സൈന്യത്തിലുമെല്ലാം നിരാശാജനകമാംവിധം അവര്‍ കുറച്ചേയുള്ളൂ. മുസ്‌ലിംകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യമുള്ളത് ജയിലുകളില്‍ മാത്രമാണ്.
പിന്നെ എങ്ങനെയാണ് നമ്മുടെ നിശ്ശബ്ദത നമ്മെ സഹായിക്കുക..? ഇന്ന് സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങളിലൂടെ മുസ്‌ലിംകള്‍ സംസാരിക്കുക മാത്രമല്ല, ഇന്നത്തെ രാഷ്ട്രീയത്തെ പൊളിച്ചെഴുതുക കൂടി ചെയ്യുന്നുണ്ട്. 
മുസ്‌ലിംകള്‍ ഒരു വോട്ട് ബ്ലോക്കോ ഏകീകൃത സമൂഹമോ അല്ല. എന്നാല്‍ ഈ പ്രക്ഷോഭങ്ങളോടെ മുസ്‌ലിംകളില്‍ ചലനങ്ങളുണ്ടാവുകയും അവര്‍ ഒന്നാവുകയും ചെയ്തു. ഇത്രയും കാലം സമുദായത്തെ പ്രതിനിധീകരിച്ചിരുന്ന മുഖ്യധാരയിലുള്ളവര്‍ ഇപ്പോള്‍ വെല്ലുവിളിക്കപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. 
ആരാണ് വെല്ലുവിളിക്കുന്നത്..?  വളരെയേറെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മുസ്‌ലിംകള്‍.. അവരിലെ ആണുങ്ങളും പെണ്ണുങ്ങളും!
ഇൗ ഉണര്‍വുകള്‍ അലട്ടുന്നത് മുസ്‌ലിംകളെ വോട്ട് ബാങ്കായി മാത്രം കണ്ടിരുന്നവരെയാണ്. മുസ്‌ലിംകളെ ഒരു സ്റ്റീരിയോടൈപ്പ് സമുദായമായി മാത്രം കാണാന്‍ ആഗ്രഹിച്ചിരുന്നവരെയാണ്. 
അയോധ്യാ വിധിക്കു ശേഷം ഒരു സെക്യുലര്‍ ബുദ്ധിജീവി എഴുതിയ ലേഖനം മുസ്‌ലിംകളെ ശകാരിക്കുംമട്ടില്‍ രക്ഷാകര്‍തൃത്വത്തിന്റെ ഭാഷയിലായിരുന്നു. ഈ വിധിയെ എങ്ങനെ മുസ്‌ലിംകള്‍ സമീപിക്കണം എന്നായിരുന്നു അതില്‍ പറഞ്ഞത്. ഷാബാനു വിധിന്യായത്തിനെതിരെ പ്രതിഷേധിക്കുന്നത് തിരിച്ചടിയാവുമെന്നായിരുന്നു ജാവേദ് ആനന്ദിന്റെ അഭിപ്രായം. ഹിന്ദുത്വവാദികള്‍ക്ക് മരുന്നിട്ട് കൊടുക്കലാകുമത്രെ അത്. 
മുസ്‌ലിംകള്‍ക്ക് അവരൊരിക്കലും ആവശ്യപ്പെടാത്ത ഇത്തരത്തിലുള്ള ഉപദേശം നല്‍കുമ്പോള്‍ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിനെ ഇന്ത്യയിലെ മുസ്‌ലിംകളുടെ ഏക പ്രതിനിധിയാക്കിയ രാജീവ്ഗാന്ധിയെ കുറിച്ച് അദ്ദേഹത്തിന് വാക്കുകളില്ല. മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് കോണ്‍ഗ്രസിന് വെല്ലുവിളിയാകില്ല എന്നവര്‍ക്കറിയാം. അതുകൊണ്ടാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ അങ്ങനെ ചെയ്തത്. മുസ്‌ലിംകളെ നിയന്ത്രിക്കാനുള്ള അധികാരമുള്ളത് എപ്പോഴും നല്ലതാണല്ലോ!
സെക്യുലര്‍ പാര്‍ട്ടികള്‍ മുസ്‌ലിംകളെ മൗനത്തിലേക്ക് തള്ളിവിട്ട അനവധി ഉദാഹരണങ്ങള്‍ ചരിത്രത്തിലുണ്ട്. എന്നാല്‍ ഇനിയും അങ്ങനെ ബ്ലാക്ക് മെയില്‍ ചെയ്യാനാവില്ല. ശരിയാണ്, ഞങ്ങള്‍ സെക്യുലരിസ്റ്റുകളാണ്. എന്നാല്‍ സെക്യുലരിസത്തിന് വേണ്ടിയുള്ള ഞങ്ങളുടെ പോരാട്ടം രേഖപ്പെടുത്തപ്പെടില്ല. 
മുസ്‌ലിംകള്‍ അഭിമുഖീകരിക്കുന്ന അസമത്വങ്ങളെയും വൈരുധ്യങ്ങളെയും അസ്പഷ്ടമാക്കുന്ന ചട്ടക്കൂടുകള്‍ക്കുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ക്കാവില്ല. സി.എ.എ, എന്‍.ആര്‍.സി, എന്‍.പി.ആര്‍ തുടങ്ങിയവക്കെതിരിലുള്ള പോരാട്ടത്തിലൂടെ മതേതരത്വം സംരക്ഷിക്കണമെന്നു മാത്രമല്ല, സാമൂഹിക നീതി ഉറപ്പു വരുത്തണമെന്നു കൂടിയാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. പൗരത്വം സംരക്ഷിക്കപ്പെട്ടാല്‍ എളുപ്പം നിര്‍ത്തുന്നതല്ല ഈ സമരം. മുസ്‌ലിം ആകാനും തുല്യതയുള്ള പൗരനാകാനുമുള്ള അവകാശം കൂടി ലഭിക്കേണ്ടതുണ്ട്.
ബ്ലാക്ക് സിവില്‍ റൈറ്റ്‌സ് മൂവ്‌മെന്റിന് സമാനമായ സന്ദര്‍ഭമാണിത്. നമ്മളൊരു സാധ്യതയുടെ പാതയിലാണ്, വീണ്ടും തുല്യത നേടാനുള്ള സാധ്യതയുടെ പാതയില്‍. 

(മുന്‍ ജെ.എന്‍.യു വിദ്യാര്‍ഥിയും ആക്ടിവിസ്റ്റുമാണ് ലേഖകന്‍. theprint.in-വന്ന ലേഖനം)
വിവ: അബൂ ഇനാന്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (2-4)
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്വര്‍ഗമായിരിക്കണം ലക്ഷ്യം
പി.വൈ സൈഫുദ്ദീന്‍ മാള