Prabodhanm Weekly

Pages

Search

2020 ഫെബ്രുവരി 14

3139

1441 ജമാദുല്‍ ആഖിര്‍ 20

പളുങ്കുപാത്രം പൊട്ടുന്നത്

ഡോ. ജാസിമുല്‍ മുത്വവ്വ

ട്വിറ്ററില്‍ എന്നെ ഫോളോ ചെയ്യുന്നവരോട് ഞാനൊരു ചോദ്യം ഉന്നയിച്ചു. 'സ്ത്രീഹൃദയം തകരുന്നതെപ്പോള്‍?' മറുപടികള്‍ പലവിധത്തിലായിരുന്നു:
ഒന്ന്, വിവാഹമോചനത്തോടെ സ്ത്രീയുടെ ഹൃദയം തകരും; പ്രത്യേകിച്ച് വിവാഹമോചനം അന്യായമായാണ് നടന്നതെങ്കില്‍.
രണ്ട്, ഭര്‍ത്താവിന്റെ ഭാഗത്തുനിന്ന് വഞ്ചനയുണ്ടായാല്‍ പെണ്ണിന് പിടിച്ചുനില്‍ക്കാനാവില്ല. ഹൃദയം തകര്‍ന്നെന്നു വരും.
മൂന്ന്, പിതാവ് മരണമടഞ്ഞാല്‍.
നാല്, സുരക്ഷിതത്വം ഇല്ലാതായാല്‍.
അഞ്ച്, ഭര്‍ത്താവ് 'അഴകിയ രാവണ'നോ അഹങ്കാരിയോ പെങ്ങച്ചക്കാരനോ ശുംഭനോ ആയാല്‍.
ആറ്, ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിച്ചാല്‍.
ഏഴ്, ദാമ്പത്യത്തില്‍ മോഹഭംഗം സംഭവിച്ചാല്‍.
എട്ട്, നിരന്തരമായ അവഹേളനവും പീഡനവും സഹിക്കേണ്ടി വരുമ്പോള്‍.
ഞാന്‍ ഈ ചോദ്യം എടുത്തിട്ടത് ഒരു നബിവചനം ഓര്‍മ വന്നതിനാലാണ്. സ്ത്രീയെ പ്രത്യേകം പരിഗണിക്കണമെന്നും അവളുടെ വിചാരങ്ങളെയും വികാരങ്ങളെയും മാനിക്കണമെന്നും അവളോട് കാരുണ്യത്തോടെ വര്‍ത്തിക്കണമെന്നും നബി (സ) ഉപദേശിക്കുന്നുണ്ട്. പളുങ്കുപാത്രം പോലെയാണ് സ്ത്രീയെന്ന് നബി (സ) വിശേഷിപ്പിക്കുന്നു. ഉടഞ്ഞ സ്ഫടികം ഒരുവേള ഒട്ടിച്ചു നന്നാക്കാന്‍ കഴിയുമായിരിക്കും. പക്ഷേ ഒരിക്കലും അത് പൂര്‍വസ്ഥിതിയിലാവില്ല. ത്വലാഖാണ് സ്ത്രീഹൃദയത്തെ തകര്‍ക്കുക എന്ന് നബി (സ) പറഞ്ഞു. അതുകൊണ്ടാണ് സ്ത്രീഹൃദയം തകര്‍ക്കുന്നതെന്താണെന്ന ചോദ്യം ഞാന്‍ എടുത്തിട്ടത്. ഇപ്പോള്‍ മറ്റൊരു ചോദ്യം ഞാന്‍ ഉന്നയിക്കുകയാണ്; എല്ലാ വിവാഹമോചനവും സ്ത്രീഹൃദയം തകര്‍ക്കുമോ? ഭര്‍ത്താവിന്റെ വഞ്ചനയും ചതിയുമൊന്നും സ്ത്രീഹൃദയത്തെ തകര്‍ക്കുകയില്ലെന്നോ?
എല്ലാ വിവാഹമോചനവും സ്ത്രീഹൃദയത്തെ തകര്‍ക്കണമെന്നില്ല. എന്നാല്‍, ദാമ്പത്യബന്ധം തുടരണമെന്ന് ഭാര്യാഭര്‍ത്താക്കന്മാര്‍ അതിയായി ആഗ്രഹിച്ചിട്ടും അവരുടെ മോഹങ്ങള്‍ക്ക് എള്ളോളം വിലകല്‍പിക്കാതെ ഭാര്യാകുടുംബത്തിലെയോ ഭര്‍തൃകുടുംബത്തിലെയോ ദുശ്ശാഠ്യക്കാരും മര്‍ക്കട മുഷ്ടിക്കാരുമായ ആളുകള്‍ അന്യായമായി ത്വലാഖിലെത്തിക്കുകയാണെങ്കില്‍ തീര്‍ച്ചയായും സ്ത്രീഹൃദയം തകരും. അല്ലെങ്കില്‍ ഭര്‍ത്താവ് മര്‍ദകനും കൊടിയ പീഡകനുമൊക്കെയായിരിക്കും. പക്ഷേ മക്കളുടെ ഭാവിയോര്‍ത്ത് പാതകിയായ ഭര്‍ത്താവിനോടൊപ്പം ദാമ്പത്യജീവിതം കയ്‌പോടെ അനുഭവിച്ചുതീര്‍ക്കാന്‍ സ്ത്രീ തീരുമാനിച്ചിട്ടുണ്ടാകും. അതിന് പല കാരണങ്ങളുണ്ടാവാം. ഒന്നുകില്‍ മക്കളുടെ ഭാവി, അല്ലെങ്കില്‍ സമൂഹത്തില്‍ അവരുടെ സ്ഥാനം, അതുമല്ലെങ്കില്‍ പുള്ളിക്കാരന്‍ ഒരുകാലത്ത് നന്നാവാം എന്ന ആ പാവം സ്ത്രീയുടെ പ്രതീക്ഷ. ഇത്തരം സാഹചര്യങ്ങളിലും സ്ത്രീഹൃദയം തകരാം. വിവാഹമോചനം ചില സന്ദര്‍ഭങ്ങളില്‍ സ്ത്രീക്കും പുരുഷനും കരുണയാവും. ദൈവികാനുഗ്രഹത്തിന്റെ വാതിലുകള്‍ തുറന്നുകിട്ടാനുള്ള വാതിലാകും. അല്ലാഹു പറഞ്ഞുവല്ലോ: ''ഇനി ദമ്പതികള്‍ വേര്‍ പിരിയുക തന്നെയാണെങ്കില്‍, അപ്പോള്‍ അല്ലാഹു അവന്റെ അപാരമായ അനുഗ്രഹത്താല്‍ ഓരോരുത്തരെയും പരാശ്രയത്തില്‍നിന്ന് മുക്തരാക്കുന്നതാണ്. അല്ലാഹുവിന്റെ ഔദാര്യം അതിവിശാലമാകുന്നു. അവന്‍ അഭിജ്ഞനുമാകുന്നു'' (അന്നിസാഅ് 130). ഇങ്ങനെയാകുമ്പോള്‍ വിവാഹമോചനം മൂലം സ്ത്രീഹൃദയം തകരില്ല. ചില സ്ത്രീകളുടെ അഭിപ്രായപ്രകടനങ്ങള്‍ നമ്മുടെ ഈ നിരീക്ഷണത്തിന് അടിവരയിടുന്നു. എല്ലാ സ്ത്രീഹൃദയങ്ങളും വിവാഹമോചനം മൂലം തകരില്ല. ചില സ്ത്രീകള്‍ക്ക് ത്വലാഖ് പുതുജീവിതത്തിന്റെ തുടക്കമായിരിക്കും. ചില സ്ത്രീകള്‍ വിവാഹമോചനം ആഘോഷമാക്കും. തങ്ങളുടെ മേല്‍ പതിച്ച ദ്രോഹത്തില്‍നിന്നും പീഡനപര്‍വത്തില്‍നിന്നുമുള്ള മോചനമായല്ലോ എന്ന സന്തോഷമാണവര്‍ക്ക്.
സ്ത്രീഹൃദയം പൊട്ടിത്തകരാന്‍ വേറെയും കാരണങ്ങള്‍ കാണും. ദാമ്പത്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ ത്വലാഖിന് ധൃതി കൂട്ടരുതെന്നാണ് നബി (സ) നല്‍കിയ ഉപദേശം. സ്ത്രീകളോട് ക്ഷമയോടും അനുകമ്പയോടും കൂടി വര്‍ത്തിക്കണമെന്നാണ് പ്രവാചകന്‍ നിരന്തരം ആവശ്യപ്പെട്ടത്. അവധാനതയും ക്ഷമയും വേണം. അനുരഞ്ജനം ക്ഷമയും സമയവും ആവശ്യപ്പെടുന്ന പ്രക്രിയയാണ്. പുരുഷന് ഒരു സ്ത്രീയുടെ കൂട്ടു കൂടിയേ തീരൂ. അത് ഭാര്യയുടെയോ ഉമ്മയുടെയോ സഹോദരിയുടെയോ കൂട്ടാവാം. നബി (സ) പറഞ്ഞു: 'സ്ത്രീ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് വളഞ്ഞ വാരിയെല്ല് കൊണ്ടാണ്. അത് ഒരേവിധം നേരെയാക്കാന്‍ നിങ്ങള്‍ക്കാവില്ല. ആ വളവ് നിലനിര്‍ത്തിക്കൊണ്ട് നിങ്ങള്‍ക്ക് അവള്‍ മുഖേനയുള്ള ആനന്ദം അനുഭവിക്കാം. വളവ് നിവര്‍ത്താന്‍ നിങ്ങള്‍ മിനക്കെട്ടാല്‍ എല്ല് ഒടിയുകയാവും ഫലം. എല്ല് ഒടിഞ്ഞു പൊട്ടുകയെന്നാല്‍ അവളെ നിങ്ങള്‍ ത്വലാഖ് ചൊല്ലുകയെന്നാണര്‍ഥം.'
'പൊട്ടുകയെന്നാല്‍ ത്വലാഖ്' എന്ന വാക്ക് ക്ഷമിക്കാനും വിവേകം പ്രകടിപ്പിക്കാനും ഹൃദയവിശാലത പ്രദര്‍ശിപ്പിക്കാനുമുള്ള നബി(സ)യുടെ ആഹ്വാനമാണ്. എല്ലാ പ്രശ്‌നങ്ങളും ശക്തിയും ബലവും ചെലുത്തി പരിഹരിക്കാനാവില്ല; പ്രത്യേകിച്ച് ദാമ്പത്യപ്രശ്‌നങ്ങള്‍. മനുഷ്യമനസ്സിനെക്കുറിച്ച വലിയ അറിവാണ് ഈ നബിവചനം പകരുന്നത്. കൂടാതെ സ്ത്രീയോട് വര്‍ത്തിക്കാനുള്ള നൈപുണിയും ഇത് പഠിപ്പിക്കുന്നു. വ്യക്തിത്വം, ചിന്താരീതി, മാനസികാവസ്ഥ, സമീപന ശൈലി തുടങ്ങിയവയിലെല്ലാം പുരുഷന്മാരില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് സ്ത്രീയുടെ മാനദണ്ഡങ്ങള്‍. സമയ വിനിയോഗം, ഉത്തരവാദിത്ത നിര്‍വഹണം, ധനവ്യയം എന്നിവകളിലെല്ലാമുണ്ട് ഈ സ്ത്രീപുരുഷ ഭിന്നത. ഈ വ്യത്യാസം അംഗീകരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്‌തേ പറ്റൂ. സ്ത്രീക്കും പുരുഷനുമിടയിലെ വ്യത്യാസം ഇല്ലാതാക്കുക അസാധ്യമാണ്; അസംഭവ്യമാണ്. പുരുഷനോട് പെരുമാറുന്ന പോലെ സ്ത്രീയോട് പെരുമാറുന്നത് അബദ്ധമാണ്. സ്ത്രീയെ സ്ത്രീയായി കണ്ട് പെരുമാറണം. സ്ത്രീക്ക് സ്‌ത്രൈണ സ്വഭാവം ഉള്ളതുപോലെ പുരുഷന് പൗരുഷ ഭാവവും ഉണ്ട്. ഖുര്‍ആന്‍ പറഞ്ഞു: 'ആണ് പെണ്ണിനെ പോലെയാവില്ല'. 
ട്വിറ്ററില്‍ എന്റെ അന്വേഷണത്തിന് രസകരമായ ചില കമന്റുകളും വന്നു. വിവാഹിതനാകാന്‍ പോകുന്ന യുവാവിന്റേതാണ് ഒന്ന്; 'എനിക്ക് പളുങ്ക് കൊണ്ടുള്ള പെണ്ണ് വേണ്ട. പ്ലാസ്റ്റിക് നിര്‍മിതമായ പെണ്ണിനെയാണ് ഞാന്‍ അന്വേഷിക്കുന്നത്. അത് പൊട്ടിപ്പോകില്ലല്ലോ.' മറ്റൊരാള്‍: 'പൊട്ടാത്ത പളുങ്കുപാത്രം പോലെയുള്ള ഒരു സ്ത്രീയെയാണ് ഞാന്‍ വിവാഹം കഴിക്കുക'. ഒരു സ്ത്രീ ഇങ്ങനെ കമന്റിട്ടു: 'അയാള്‍ എന്നെ പൊട്ടിക്കാന്‍ വരട്ടെ. ഞാനയാളെ കുപ്പിക്കഷ്ണം കൊണ്ട് കുത്തിക്കീറും.'

 
വിവ: പി.കെ ജമാല്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (2-4)
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്വര്‍ഗമായിരിക്കണം ലക്ഷ്യം
പി.വൈ സൈഫുദ്ദീന്‍ മാള