വിവേചനങ്ങള്‍ക്കെതിരെ ഒച്ചപ്പാട് കൂട്ടുന്ന കഥകള്‍
കഥകള്‍ വായിക്കുമ്പോള്‍ നമുക്ക് എന്താണ് സംഭവിക്കുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ..? നമ്മുടെ ചുറ്റുപാടുകളില്‍നിന്ന് മറ്റൊരു ചുറ്റുപാടിലേക്ക് നമ്മള്‍ വാസം മാറുകയാണ്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഓരോ കഥയും ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് നമ്മെ കടത്തിക്കൊണ്ടു പോകുന്നു. തെലങ്കാന നിവാസിയായ സ്‌കൈബാബയുടെ 'വെജിറ്റേറിയന്‍സ് ഓണ്‍ലി' എന്ന പുസ്തകത്തിലെ കഥകളും നമുക്കത്ര ശീലമല്ലാത്ത, എന്നാല്‍ കേട്ടുപരിചയമുള്ള ലോകത്തേക്കാണ് കൂട്ടിക്കൊണ്ടു പോകുന്നത്.
നിരപരാധികളായിരുന്നിട്ടും ജയിലില്‍ കിടക്കുന്ന ചെറുപ്പക്കാരെ കുറിച്ച് നമുക്കറിയാം. അവരെ തേടിയലയുന്ന ഉമ്മയെയും നമ്മള്‍ വായിച്ചിട്ടുണ്ട്. 'പെറ്റീഷന്‍' എന്ന കഥ അത്തരത്തിലൊരു ഉമ്മയുടെ കഥയാണ്. കൈ വളരുന്നോ, കാല്‍ വളരുന്നോ എന്ന് നോക്കിനോക്കി നിന്ന് ഞാന്‍ വളര്‍ത്തിയ എന്റെ മോനെ നിങ്ങളെന്ത് ചെയ്തുവെന്ന് ഈ ഉമ്മ പോലീസിനോട് രോഷപ്പെടുന്നുണ്ട്. ആദ്യം മകനെ അന്വേഷിച്ച് പേടിച്ചു പേടിച്ച് പോലീസ് സ്റ്റേഷനിലെത്തിയ അവര്‍ പിന്നീട് ദിവസങ്ങളോളം അലയേണ്ടിവരികയാണ്. പതിയെ അവരുടെ പേടി മാഞ്ഞുപോകുന്നു.
ഭയം കൂടുവിട്ട് പറക്കുമ്പോഴാണത്രെ പോരാളികള്‍ ജനിക്കുന്നത്!
വാടകക്ക് താമസിക്കാനൊരു വീടു പോലും കിട്ടാതെ അലയേണ്ടിവരുന്ന യൂസുഫിന്റെ കഥയാണ് 'വെജിറ്റേറിയന്‍സ് ഓണ്‍ലി.' ബീഫ് കഴിക്കുന്നവര്‍ക്കൊന്നും വീട് വാടകക്ക് നല്‍കില്ല എന്നാണ് വീട്ടുടമസ്ഥരുടെ നിലപാട്. നിങ്ങള്‍ക്കിഷ്ടമില്ലെങ്കില്‍ ഇനി കഴിക്കില്ല എന്നു പറഞ്ഞിട്ടും യാതൊരു കാര്യവുമില്ലായിരുന്നു. ഇഷ്ടമുള്ളത് കഴിക്കാന്‍ പോലും സ്വതന്ത്ര്യമില്ലാത്ത മനുഷ്യരുടെ കഥകളാണ് സ്‌കൈബാബ പറയുന്നത്.
എന്റെ കഥകളിലൊന്നും കാറും വിലകൂടിയ മറ്റു യാതൊന്നും നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ല എന്ന് സ്‌കൈബാബ മുഖവാക്കില്‍ പറയുന്നുണ്ട്. കാരണം അത്രമേല്‍ ദരിദ്രമാണ് തന്റെ നാട്!
'മാതൃരാജ്യം' എന്ന കഥയില്‍ വീട്ടിലെ ദാരിദ്ര്യം തീര്‍ക്കാന്‍ ഗള്‍ഫിലേക്ക് പോകുന്ന സുല്‍ത്താനോട് സുഹൃത്ത് സുരേഷ് പറയുന്നത്, നിങ്ങള്‍ക്ക് രാജ്യസ്‌നേഹം ഇല്ലാത്തതുകൊണ്ടാണ് സ്വന്തം നാട് വിട്ടുപോകുന്നത് എന്നാണ്. അങ്ങനെ ഒട്ടേറെ ആത്മസംഘര്‍ഷങ്ങള്‍ വഹിക്കുന്ന കഥാപാത്രങ്ങളാണ് കഥകളില്‍ നിറയെ.
ജാതിവിവേചനങ്ങളെ കുറിച്ച് വളരെ ശക്തമായാണ് സ്‌കൈബാബ കഥകളിലൂടെ സംസാരിക്കുന്നത്. കൂട്ടുകാരന്റെ പെങ്ങളുടെ കല്യാണത്തിന് ഭക്ഷണം വിളമ്പിയതിന് താഴ്ന്ന ജാതിക്കാരനായ പരശുറാമിനെ അവഹേളിച്ചു വിടുന്ന വര്‍ണമനുഷ്യരുടെ കഥകള്‍ നമ്മിലുണ്ടാക്കുന്ന രോഷം ചെറുതല്ല.
വെജിറ്റേറിയന്‍സ് ഓണ്‍ലി സ്‌കൈബാബ മൊഴിമാറ്റം: മെഹദ് മഖ്ബൂല്‍ പ്രസാധനം: Ente books വില: 160 |
Comments