വംശഹത്യയുടെ യു.പി ഭീകരതകള്‍
മുസഫര്‍ നഗറിലെ കാലാപാര്‍ എന്ന മുസ്ലിം കോളനി. ഉത്തരേന്ത്യയിലെ മുസ്ലിം ഗല്ലികളുടെ പൊതുസ്വഭാവം അതേപടി നിലനില്‍ക്കുന്ന, ഇടുങ്ങിയ ഗല്ലികളും വൃത്തിശൂന്യമായ അഴുക്കുചാലുകളുമുള്ള, ജനങ്ങള്‍ കന്നുകാലികളെ പോലെ തിങ്ങിപ്പാര്‍ക്കുന്ന വളഞ്ഞും പുളഞ്ഞുമുള്ള ഇടനാഴികള്‍. ഡിസംബര്‍ 21-ന് അതിവെളുപ്പിന്, അല്ലെങ്കില്‍ 20-ന് അര്‍ധരാത്രിയില്‍ യൂനിഫോമിട്ട യു.പി പോലീസ് എല്ലാ വഴികളിലൂടെയും ഈ ഗല്ലികള്‍ക്കകത്തേക്ക് പ്രവേശിക്കുന്നു. കണ്ണില്‍ കണ്ട മുഴുവന്‍ വീടുകളും വാഹനങ്ങളും അടിച്ചുപൊളിക്കുകയും വീടുകള്‍ക്കകത്തുള്ള സ്വത്തുവകകള്‍ ചാക്കിലും ബാഗുകളിലും വാരിക്കെട്ടി കൊണ്ടുപോവുകയും ചെയ്യുന്നു. വര്‍ഗീയ കലാപങ്ങളില്‍ സാധാരണ ആര്‍.എസ്.എസും മറ്റും ചെയ്യാറുണ്ടെന്ന് പതിവായി ഉയര്‍ന്നുകേള്‍ക്കുന്ന ആരോപണം. പക്ഷേ ഇത്തവണ പ്രതിസ്ഥാനത്ത് നിയമപാലകരായിരുന്നു. സെര്‍ച്ച് ചെയ്യാനാണ് എത്തിയതെന്ന വ്യാജേന സ്ത്രീകളെ ഉള്‍പ്പെടെ പുലഭ്യം പറയാനും അടിച്ചു ചതക്കാനും എത്തിയത് പുരുഷ പോലീസുകാരായിരുന്നു. കാലാപാറിലെ മിക്ക വീടുകളിലും പോലീസുകാര്‍ അന്ന് പറഞ്ഞുകൊണ്ടിരുന്ന ഒരു കാര്യം മാ്രതം ഇവിടെ പകര്‍ത്തട്ടെ. ''നിങ്ങള്‍ക്ക് പൗരത്വം വേണം അല്ലേ? ...... മക്കള്‍. അടുത്ത തവണ ഞങ്ങള്‍ വരുമ്പോഴേക്കും ഈ വീടുകള്‍ കാലിയാക്കിവെച്ചോ. പ്രമാണം ഞങ്ങളുടെ പേരില്‍ എഴുതിക്കോ. ഇനി ഞങ്ങളാണ് ഈ വീടുകളില്‍ താമസിക്കാന്‍ പോകുന്നത്. നിങ്ങള്‍ക്ക് പാകിസ്താനിലേക്ക് പോകാനുള്ള സമയമായിക്കഴിഞ്ഞു'' - പൗരത്വ നിയമം പാസ്സായ വിവരം മുസഫര്‍ നഗറിലെ ജനങ്ങളെ പോലീസുകാര്‍ അറിയിച്ചത് ഇങ്ങനെയായിരുന്നു. കൈയില്‍ കറുത്ത ബാന്‍ഡ് കെട്ടി പ്രതിഷേധിക്കുന്നവരോട് പാകിസ്താനിലേക്കു പോകാന്‍ ആവശ്യപ്പെടുന്ന മീറത്തിലെ പോലീസ് സൂപ്രണ്ട് അഖിലേഷ് സിംഗിന്റെ വീഡിയോ ദൃശ്യം വൈറലാവുകയും ചെയ്തു.
താഴേത്തട്ടില്‍ പോലീസും ആര്‍.എസ്.എസും ബി.ജെ.പിയുമൊക്കെ നിയമം എങ്ങനെയാണ് മനസ്സിലാക്കിയത് എന്നതിന്റെ ഒരു സാമ്പിള്‍ ആയിരുന്നു കാലാപാര്‍. എന്നാല്‍ പൗരത്വ ഭേദഗതി നിയമത്തിലൂടെ കൂടുതല്‍ പേര്‍ക്ക് പൗരത്വം നല്‍കാനാണ്, അല്ലാതെ ആരുടെയെങ്കിലും പൗരത്വം എടുത്തുകളയാനല്ല കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് എന്നാണ് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അപ്പോഴും പുറത്ത് റാലികളില്‍ അവകാശപ്പെട്ടുകൊണ്ടിരുന്നത്. ഇരുവരുടെയും രാഷ്ട്രീയ ചരിത്രവും വിശ്വാസ്യതയും മാത്രം മുന്നില്‍ വെച്ചു തന്നെ ഒറ്റയടിക്ക് തള്ളാനാവുന്ന വാദങ്ങളായിരുന്നു ഇവയെങ്കിലും ഗതികേടു കൊണ്ട് പത്താം ക്ലാസ്സും ഗുസ്തിയും മാത്രം കൈമുതലുള്ള യു.പി പോലീസിനെ കൂടി കൂട്ടുപിടിക്കേണ്ടിവരികയാണ്. നരേന്ദ്ര മോദിക്കും അമിത് ഷാക്കുമിടയില്‍ പോലും പരസ്പരവിരുദ്ധമായിട്ടാണ് രാജ്യം കത്തിയെരിഞ്ഞ ഈ ദിവസങ്ങളില്‍ പോലും പ്രസ്താവനകള്‍ പുറത്തുവന്നുകൊണ്ടിരുന്നത്. പൗരത്വ പട്ടിക നിലവില്‍ അജണ്ടയിലില്ലെന്ന് പ്രധാനമന്ത്രി പറയുമ്പോള്‍ ഉണ്ടെന്നാണ് അമിത് ഷാ വ്യക്തമാക്കിയത്. ജനസംഖ്യാ രജിസ്റ്ററും പൗരത്വ പട്ടികയും തമ്മില്‍ ബന്ധമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കുമ്പോള്‍ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലവും പാര്‍ലമെന്റില്‍ നല്‍കിയ മറുപടികളിലുണ്ടായിരുന്നത് ബന്ധം ഉണ്ടെന്നാണ്. എന്തുകൊണ്ടായിരുന്നു ഈ വഞ്ചനാത്മകമായ സമീപനം? രാജ്യത്ത് ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത സാധാരണക്കാരായ ആളുകളെ വഞ്ചിക്കുന്നതിന് തങ്ങളുടെ അടിമകളായ ദേശീയ ടെലിവിഷന്‍ ചാനലുകളുടെ സഹായത്തോടെ ബോധപൂര്‍വം നുണ പറയുകയായിരുന്നു ഇരുവരുമെന്നാണ് അരുന്ധതി റോയി കുറ്റപ്പെടുത്തിയത്. മോദിയും ഷായും പറയുന്ന കാര്യങ്ങള്‍ വസ്തുതയാണെങ്കില്‍ അതു തന്നെയാവണമല്ലോ രാജ്യത്ത് നടപ്പിലാകുന്ന കാര്യങ്ങളിലും കാണാനുണ്ടാവേണ്ടത്. ദല്‍ഹിയില്‍ പറയുന്ന കാര്യങ്ങള്‍ തൊട്ടടുത്ത സംസ്ഥാനമായ യു.പിയില്‍ പോലും മറിച്ചാണ് മനസ്സിലാക്കപ്പെടുകയും പ്രയോഗവല്‍ക്കരിക്കുകയും ചെയ്യുന്നതെങ്കില്‍ ഒരു പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും കാടിളക്കി നടത്തുന്ന വിശദീകരണത്തിന് എവിടെയോ തെറ്റുപറ്റുന്നുണ്ട് എന്നാണല്ലോ അര്‍ഥം. അതിന്റെ ഞെട്ടിക്കുന്ന ഉദാഹരണങ്ങളാണ് പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധ സമരങ്ങളോട് ഉത്തര്‍പ്രദേശ് സ്വീകരിച്ച നിലപാടില്‍ കാണാനുണ്ടായിരുന്നത്.
ബി.ജെ.പി മുന്നോട്ടു വെച്ചത് ധ്രുവീകരണ രാഷ്ട്രീയമായിരുന്നു എന്നതില്‍ ഇപ്പോഴാര്‍ക്കും തര്‍ക്കമില്ല. പാര്‍ലമെന്റില്‍ നിയമം പാസ്സാക്കിയെടുക്കാനായെങ്കിലും രാജ്യത്തുടനീളം ജാതിമതഭേദമന്യേ പൊതുജനം നിയമത്തെ ചോദ്യം ചെയ്യുന്നതായിരുന്നു കാണാനുണ്ടായിരുന്നത്. വിട്ടുവീഴ്ചയുടെ നേരിയ സാധ്യത പോലും മോദിയുടെയോ അമിത് ഷായുടെയോ വാക്കുകളില്‍ എന്നിട്ടും കാണാന്‍ തുടങ്ങിയിട്ടില്ല. അമിത് ഷായെ ജനം കൂവി വിളിക്കുന്നതും ഗോബാക്ക് വിളിച്ച് ആട്ടിവിടുന്നതും ദല്‍ഹിയില്‍ തന്നെ കാണാനായി. ജനങ്ങളെ ആരോ തെറ്റിദ്ധരിപ്പിക്കുന്നുണ്ടെന്നും കാര്യങ്ങള്‍ ഒന്നു കൂടി വിശദീകരിക്കാമെന്നുമാണ് ബി.ജെ.പി ഇപ്പോള്‍ സ്വീകരിച്ച നിലപാട്. ഇന്ത്യയെ മനസ്സിലാക്കുന്നതില്‍ ബി.ജെ.പി സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്നാണ് അതിനര്‍ഥം. പാര്‍ലമെന്റില്‍ ഒപ്പം നിന്നവര്‍ക്കു പോലും സംസ്ഥാനങ്ങളില്‍ നിയമത്തെ തള്ളിപ്പറയേണ്ട ഗതികേട് എന്തുകൊണ്ടുണ്ടായി എന്നു പോലും അവര്‍ക്ക് മനസ്സിലായിട്ടില്ല. പുറമെനിന്ന് പിന്തുണച്ചവരും എന്‍.ഡി.എയിലെ അംഗങ്ങളുമൊക്കെ പൗരത്വ വിഷയത്തില്‍ നിലപാടു തിരുത്തി. ജെ.ഡി.യു, എ.ഐ.എ.ഡി.എം.കെ, വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, ബി.ജെ.ഡി മുതലായവയൊക്കെ പൗരത്വ ഭേദഗതി നിയമത്തെ തള്ളിപ്പറഞ്ഞു. ഫലത്തില്‍ പൗരത്വ ബില്‍ രാഷ്ട്രീയമായി ബി.ജെ.പിയുടെ മാത്രം സ്വകാര്യ അജണ്ടയായി മാറി. കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഇക്കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തില്‍ എത്ര ശതമാനം പേര്‍ രാജ്യത്ത് പ്രതിഷേധിക്കുന്നുണ്ട്, 200-ല്‍പരം യൂനിവേഴ്സിറ്റികളില്‍ എത്രയിടത്ത് പ്രതിഷേധമുണ്ട് എന്നതിന്റെ ചില കണക്കുകള്‍ എടുത്തു പറയുകയുണ്ടായി. പക്ഷേ ബി.ജെ.പിയല്ലാതെ എത്ര രാഷ്ട്രീയ പാര്‍ട്ടികള്‍ നിലവില്‍ നിയമത്തെ പിന്തുണക്കുന്നുണ്ട് എന്ന അസുഖകരമായ ചോദ്യത്തെ അദ്ദേഹം അവഗണിക്കുകയാണ് ചെയ്യുന്നത്. പ്രതിപക്ഷത്തിന്റെ പ്രത്യക്ഷ സാന്നിധ്യം ഇല്ലാതെയാണ് നഗരങ്ങളും ഗ്രാമങ്ങളും ഒന്നൊഴിയാതെ നിയമത്തിനെതിരെ ഇളകിമറിഞ്ഞത്. കോണ്‍ഗ്രസിനെ ഈ സമരത്തിന്റെ മുന്നില്‍ വെച്ചുകെട്ടി കുറ്റം ചാര്‍ത്താനുള്ള നീക്കം പോലും ഫലിക്കുന്നുണ്ടായിരുന്നില്ല.
അസമിന്റെ തലസ്ഥാനമായ ഗുവാഹതി ആയിരുന്നു പൗരത്വ നിയമവിരുദ്ധ പ്രക്ഷോഭത്തിന്റെ പ്രഭവകേന്ദ്രം. ബംഗ്ലാദേശില്‍നിന്നും നുഴഞ്ഞു കയറി അസമില്‍ താമസിക്കുന്ന ഹിന്ദുക്കളുടെ എണ്ണം ഭയാനകമാംവിധം വലുതാണെന്നും മുസ്ലിംകളല്ല യഥാര്‍ഥ നുഴഞ്ഞുകയറ്റക്കാരെന്നും തിരിച്ചറിഞ്ഞ അസം ജനത നിയമത്തെ പൂര്‍ണമായും തള്ളിപ്പറയുന്നതാണ് കാണാനുണ്ടായിരുന്നത്. ഹിന്ദുവെന്നോ മുസ്ലിമെന്നോ ഭേദമില്ലാതെ എല്ലാ നുഴഞ്ഞുകയറ്റക്കാരെയും പുറത്താക്കണമെന്നായിരുന്നു അവരുടെ ആവശ്യം. നുഴഞ്ഞുകയറ്റവിരുദ്ധ പ്രക്ഷോഭത്തിലൂടെ അധികാരത്തിലെത്തിയിട്ടും പൗരത്വനിയമത്തിനനുകൂലമായി ജനങ്ങളെ ഒപ്പം നിര്‍ത്താന്‍ അസമിലെ ബി.ജെ.പി മുഖ്യമന്ത്രി സര്‍ബാനന്ദ് സോനവാലിന് കഴിഞ്ഞില്ല. ഇതേ സമരത്തിലൂടെ സംസ്ഥാനത്ത് കരുത്താര്‍ജിച്ച ആള്‍ അസം സ്റ്റുഡന്റ്സ് യൂനിയന്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ പ്രബലരായ വിദ്യാര്‍ഥി സംഘടനകള്‍ വീണ്ടുമൊരിക്കല്‍കൂടി പുതിയ നിയമത്തിനെതിരെയും തെരുവിലിറങ്ങി. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു. ദീപാഞ്ചല്‍ ദാസ് എന്ന പത്തൊമ്പതുകാരനായിരുന്നു ആദ്യത്തെ ഇര. ബി.ജെ.പിയുടെ സഖ്യ കക്ഷിയായ അസം ഗണ പരിഷത്ത് നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുവോളം കാര്യങ്ങളെത്തി. ജാമിഅ മില്ലിയ്യ യൂനിവേഴ്സിറ്റിയും അലീഗഢുമൊക്കെ പിന്നീടാണ് ചിത്രത്തിലേക്ക് കടന്നുവന്നത്. മുസ്ലിം പേരും മുഖവും സമൂഹത്തില്‍ കുറേക്കൂടി എളുപ്പത്തില്‍ ധ്രുവീകരണം സാധ്യമാക്കുമെന്നത് വസ്തുതയായിരിക്കാം. കേന്ദ്രത്തിലെയും ഉത്തര്‍പ്രദേശിലെയും സര്‍ക്കാറുകള്‍ ഈ അവസരം നന്നായി ഉപയോഗപ്പെടുത്തുകയും ചെയ്തിട്ടുണ്ടാവാം. എന്നാല്‍ വിദ്യാര്‍ഥികള്‍ നടത്തിയ സമാധാനപരമായ സമരത്തെ തോക്കും കണ്ണീര്‍വാതകവും ഉപയോഗിച്ച് ദല്‍ഹി പോലീസ് നേരിട്ടത് പ്രതിഷേധത്തിന് പുതിയ മാനവും മുഖങ്ങളും നല്‍കുകയാണുണ്ടായത്. സമരത്തിന് പൊടുന്നനെ ജനകീയ മുഖം കൈവന്നു. കേരളം, പശ്ചിമ ബംഗാള്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, തെലങ്കാന, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം പൗരത്വനിയമത്തിനെതിരെ ജനകീയ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ പടുകൂറ്റന്‍ റാലികള്‍ അരങ്ങേറി. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രമായിരുന്നു ഏറ്റുമുട്ടലുകളും സംഘര്‍ഷവും നടന്നത്. ഉത്തര്‍പ്രദേശ്, കര്‍ണാടക, അസം എന്നീ സംസ്ഥാനങ്ങളില്‍ നേര്‍ക്കുനേരെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പോലീസിനെ നിയന്ത്രിക്കുന്ന ദല്‍ഹിയില്‍ പിന്നില്‍നിന്നും ബി.ജെ.പി ഈ പ്രക്ഷോഭങ്ങളെ രക്തരൂഷിതമായ ഏറ്റുമുട്ടലുകളാക്കി മാറ്റിയെടുത്തു.
യു.പിയിലെ തേര്‍വാഴ്ച
ഉത്തര്‍പ്രദേശില്‍ നിഗൂഢമായ രീതിയിലാണ് പൊതുമുതലുകള്‍ നശിപ്പിക്കപ്പെട്ടത്. ആദിത്യനാഥ് ഗവണ്‍മെന്റിന്റെ നിലപാടുകള്‍ അറിയാവുന്ന ഒരു സംഘടനയും യു.പിയില്‍ പ്രകടനം നടത്താന്‍ പോലും ധൈര്യപ്പെടില്ലെന്നിരിക്കെ
പോലീസ് സ്റ്റേഷനുകള്‍ക്കു പോലും തീയിടുന്ന രീതിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങള്‍ വഴിതെറ്റിയത് സംശയാസ്പദമായിരുന്നു. ഇടതടവില്ലാതെ ഈ ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ കാണിച്ചുകൊണ്ടേയിരുന്നു. ലഖ്നൗ നദ്വത്തുല്‍ ഉലമായില്‍നിന്നും താടിയും തൊപ്പിയുമുള്ള മൗലാനമാര്‍ പോലീസിനെ കല്ലെറിയുന്നതും ഹൈദറാബാദ് മൗലാനാ ആസാദ് യൂനിവേഴ്സിറ്റിയില്‍ മുഖംമൂടി പര്‍ദാധാരിണികള്‍ ധര്‍ണ നടത്തുന്നതുമൊക്കെ കാലത്തു മുതല്‍ വൈകുന്നേരം വരെ കാണിച്ചുകൊണ്ടിരുന്ന ചാനലുകള്‍ പക്ഷേ ഐ.ഐ.ടികളിലും ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ടിലും ബനാറസ് ഹിന്ദു സര്‍വകലാശാലയിലും ഐ.ഐ.എമ്മുകളിലുമൊക്കെ അരങ്ങേറിയ പ്രകടനങ്ങളെ കഴിയുന്നത്ര മറച്ചുപിടിച്ചു. മുസ്ലിംകളുടെ മാത്രം പ്രതിഷേധമാണ് രാജ്യത്ത് നടക്കുന്നതെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ശ്രമം. അതുകൊണ്ടു തന്നെ പ്രതിഷേധക്കാരോട് പ്രതികാരം ചെയ്യാനുള്ള ആദിത്യനാഥിന്റെ ആഹ്വാനവും പ്രകടനക്കാര്‍ക്കു നേരെ നിര്‍ദാക്ഷിണ്യം വെടിവെക്കാനുള്ള ഉത്തരവുമൊക്കെ ക്രമസമാധാന പാലനത്തിനുള്ള തികച്ചും സാധാരണമായ നടപടികള്‍ മാത്രമായി 'പൊതുമനസ്സാക്ഷി' എന്ന ഹിന്ദു പൊതുബോധത്തെ കൊണ്ട് അംഗീകരിപ്പിക്കാന്‍ ബി.ജെ.പി സര്‍ക്കാറുകള്‍ക്ക് കഴിഞ്ഞു. കര്‍ണാടകയിലും യു.പിയിലും കൊല്ലപ്പെട്ടവരില്‍ ഒന്നോ രണ്ടോ പേരൊഴികെ ആരും പ്രതിഷേധ സമരത്തില്‍ പങ്കെടുത്തവരായിരുന്നില്ല. ഗല്ലികള്‍ക്കകത്തേക്കു പോലും കയറിച്ചെന്ന് പോലീസ് കണ്ണില്‍ കണ്ടവരെ മുഴുവന്‍ വെടിവെച്ചു വീഴ്ത്തുകയാണ് ചെയ്തത്. മാത്രമല്ല, ഉത്തര്‍പ്രദേശില്‍ തെരുവു ഗുണ്ടകളോടൊപ്പമായിരുന്നു പോലീസ് നിലയുറപ്പിച്ചത്. കൃത്യമായ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായിരുന്നു ഇത്.
ഈ തേര്‍വാഴ്ചയുടെ ഏറ്റവും കിരാതമായ മുഖമായിരുന്നു മുസഫര്‍ നഗറിലേത്. ബി.ജെ.പിക്ക് രാജ്യത്തുടനീളം വര്‍ഗീയ ധ്രുവീകരണം സാധ്യമാക്കിക്കൊടുത്ത 2013-ലെ കലാപത്തിന്റെ അതേ മാതൃകയിലാണ് യു.പി പോലീസ് ഈ നഗരത്തില്‍ അഴിഞ്ഞാടിയത്. 2002-ല്‍ ഗുജറാത്തില്‍ ഗോധ്രാ സംഭവത്തിന്റെ പകരം വീട്ടി 'ഹിന്ദു ഹൃദയ സാമ്രാട്ട്' ആയി മാറിയ തന്റെ നേതാവിനെ അതേ കോപ്പി ബുക്കില്‍ പകര്‍ത്തിയെഴുതി തോല്‍പ്പിക്കാനായിരുന്നു ആദിത്യനാഥ് കരുക്കള്‍ നീക്കിയത്. പ്രതികാരം എന്ന അതേ വാചകം പോലും പരസ്യമായി ആദിത്യനാഥ് ഉപയോഗിച്ചു. ഡിസംബര്‍ 20-ന് വെള്ളിയാഴ്ച നഗരത്തിലെ മുസ്ലിംകള്‍ക്കു നേരെ പോലീസും സംഘ് പരിവാര്‍ പ്രവര്‍ത്തകരും അഴിച്ചുവിട്ട അക്രമത്തിന് സംസ്ഥാന ഭരണകൂടത്തിന്റെ മുഴുവന്‍ അറിവും സമ്മതവും ഉണ്ടായിരുന്നുവെന്ന് സംശയിക്കാന്‍ എത്രയെങ്കിലും സാഹചര്യത്തെളിവുകളുണ്ട്. സംഭവ ദിവസം പൗരത്വ നിയമത്തിനെതിരെ മുസ്ലിംകള്‍ നടത്തിയ പ്രതിഷേധ പ്രകടനം തികച്ചും സമാധാനപരമായാണ് മുന്നോട്ടു നീങ്ങിയത്. മീനാക്ഷി ചൗക്കിലൂടെ മുന്നോട്ടു പോയി ജില്ലാ കമീഷണര്‍ക്ക് നിവേദനം നല്‍കി മടങ്ങാനായിരുന്നു അവരുടെ നീക്കം. പക്ഷേ മീനാക്ഷി ചൗക്കില്‍ അവരെയും കാത്ത് പോലീസും പോലീസിനു പിന്നില്‍ ശിവ് ചൗക്ക് വരെ നീളത്തില്‍ സംഘ് പരിവാര്‍ പ്രവര്‍ത്തകരും കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. പ്രകടനം ചൗക്കിലെത്തിയപ്പോള്‍ ഒരു മുന്നറിയിപ്പുമില്ലാതെ പ്രകടനക്കാര്‍ക്കു നേരെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിക്കാനും ലാത്തിച്ചാര്‍ജ് ചെയ്യാനും തുടങ്ങിയതോടെ പ്രതിഷേധക്കാര്‍ മഹാഭൂരിപക്ഷവും പിന്തിരിഞ്ഞോടി. ചിലര്‍ പോലീസിനെ തിരികെ കല്ലെറിയുകയും ചെയ്തിട്ടുണ്ട്. ഈ സമയത്താണ് മീനാക്ഷി ചൗക്കിലെ ദേനാ ബാങ്കിനു മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന നാല് ബൈക്കുകള്‍ക്ക് ചിലര്‍ തീയിട്ടത്. പോലീസിനെ മറയാക്കി നിര്‍ത്തി സംഘ്പരിവാര്‍ അക്രമികളായിരുന്നു ഇത് ചെയ്തതെന്ന് ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്. പിന്നീടവര്‍ ബാങ്കിന്റെ എതിര്‍വശത്തുള്ള മസ്ജിദിലേക്ക് കത്തിയ ടയറുകളും വിറകും വലിച്ചെറിയുകയും സമീപത്തെ മുസ്ലിം വ്യാപാരികളുടെ കടകള്‍ കൊള്ളയടിക്കുകയും ചെയ്തു. പോലീസ് ഈ അതിക്രമങ്ങള്‍ തടയുന്നതിനു പകരം അക്രമികളോടൊപ്പം നിലയുറപ്പിക്കുകയായിരുന്നു. ഈ കലാപകാരികളുടെ കൂട്ടത്തില്‍ കേന്ദ്ര മന്ത്രിയും 2019-ലെ മുസഫര്‍ നഗര്‍ കലാപത്തിന്റെ മുഖ്യ ആസൂത്രകനെന്ന് ആരോപിക്കപ്പെട്ട ബി.ജെ.പി നേതാവുമായ സഞ്ജീവ് ബാലിയന്‍ ഉണ്ടായിരുന്നുവെന്ന് നിരവധി ദൃക്സാക്ഷികളെ ഉദ്ധരിച്ച് കാരവാന്‍ പോലുള്ള ദേശീയ മാധ്യമങ്ങളും ബി.ബി.സി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പിന്നീടാണ് നഗരത്തില്‍ വെടിവെപ്പ് നടന്നത്. 'വളകള്‍ വാങ്ങി അണിഞ്ഞുകൂടേ, നാണമില്ലേ' എന്നൊക്കെ പോലീസിനെ ബാലിയന്‍ ശാസിച്ചതായി ചില ദൃക്സാക്ഷികള്‍ വെളിപ്പെടുത്തുന്നുണ്ട്. എന്നാല്‍ കലാപം അടിച്ചമര്‍ത്താനാണ് താന്‍ ശ്രമിച്ചതെന്നും അല്ലാതെ പോലീസിനെയോ കലാപകാരികളെയോ ഇളക്കിവിടുകയായിരുന്നില്ലെന്നും ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തില്‍ ബാലിയന്‍ വ്യക്തമാക്കി. നഗരത്തില്‍ വെടിയേറ്റു മരിച്ച നൂര്‍ മുഹമ്മദിന്റെ കുടുംബം ആരോപിക്കുന്നതാകട്ടെ മറിച്ചും. പ്രക്ഷോഭം മൂലം നേരത്തേ കടയടച്ച് വീട്ടിലേക്ക് വരികയായിരുന്ന നൂര്‍ മുഹമ്മദ് സഞ്ജീവ് ബാലിയന്റെ സാന്നിധ്യത്തിലാണ് നെറ്റിക്ക് വെടിയേറ്റ് കൊല്ലപ്പെട്ടതെന്നാണ് ജ്യേഷ്ഠന്‍ ശുഐബ് കുറ്റപ്പെടുത്തുന്നത്. എന്തായാലും പോയന്റ് ബ്ലാങ്കില്‍, അതായത് തൊട്ടടുത്തു നിന്നായിരുന്നു നൂര്‍ വെടിയേറ്റു വീണത്. സമാനമായ ആരോപണമാണ് ബിജ്നൂരില്‍ വെടിയേറ്റു മരിച്ച മുഹമ്മദ് സുലൈമാന്റെയും മുഹമ്മദ് അനസിന്റെയും കുടുംബങ്ങളും പറയുന്നത്. പോയന്റ് ബ്ലാങ്കില്‍ പോലീസ് വെടിവെച്ചുകൊന്ന ബിജ്നൂരിലെ മുഹമ്മദ് സുലൈമാന്റെ കൈയില്‍ പിസ്റ്റള്‍ ഉണ്ടായിരുന്നുവെന്നാണ് എഫ്.ഐ.ആറിലുള്ളത്. പനി ബാധിച്ച് അവശനായതു മൂലം പള്ളിയില്‍നിന്നും ഒറ്റക്ക് നടന്നുവരികയായിരുന്ന സുലൈമാനെ പിടികൂടി കുറച്ചകലെയുള്ള ഒരു ഒഴിഞ്ഞ ഇടനാഴിയില്‍ കൊണ്ടു നിര്‍ത്തി ഷര്‍ട്ട് ഊരിമാറ്റിയതിനു ശേഷം നെഞ്ചില്‍ വെടിവെച്ചുകൊല്ലുകയാണ് ചെയ്തത്. പിന്നീടാണ് കെട്ടുകഥ മെനഞ്ഞത്. സുലൈമാന്റെ കൈയില്‍നിന്നും നാടന്‍ പിസ്റ്റള്‍ കണ്ടെടുത്തുവെന്ന പോലീസിന്റെ അവകാശവാദം ശുദ്ധ അസംബന്ധമായിരുന്നു. അന്ന് കാലത്ത് ദല്‍ഹിയില്‍നിന്ന് വീട്ടിലെത്തിയ സുലൈമാന്‍ രോഗിയും അവശനുമായിരുന്നു. വേറെയുമുണ്ട്, കൊന്നതിനു ശേഷം സ്വന്തം തടി കാക്കാനായി കാക്കിക്കുള്ളിലെ കലാകാരന്മാര്‍ മെനഞ്ഞ ചോരയൂറുന്ന സാഹിത്യങ്ങള്‍. മീറത്തില്‍ വെടിയേറ്റ മുഹമ്മദ് ആസിഫ് സ്വന്തം ഇ.ഓട്ടോ ഷെഡില്‍ നിര്‍ത്തിയിട്ട് വീട്ടിലേക്ക് നടന്നുവരികയായിരുന്നു. മീറത്തില്‍ നടന്ന മുഴുവന്‍ കലാപത്തിന്റെയും മുഖ്യസൂത്രധാരന്‍ ആസിഫ് ആയിരുന്നുവെന്നും ദല്‍ഹിയിലെ തന്റെ ബന്ധങ്ങള്‍ ഉപയോഗിച്ച് ഇയാള്‍ മീറത്തിലേക്ക് കലാപകാരികളെ കൊണ്ടുവന്നുവെന്നും പോലീസ് തയാറാക്കിയ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. കുട്ടിക്കാലത്ത് സ്വന്തം പിതാവിനൊപ്പം ദല്‍ഹിയില്‍ താമസിച്ചിരുന്നു എന്നതൊഴിച്ചാല്‍ പറയത്തക്ക ഒരു ബന്ധവും ആസിഫിന് ദല്‍ഹിയില്‍ ഉണ്ടായിരുന്നില്ല. നഹ്തോറിലെ വീട്ടില്‍ നിന്ന് ഏഴുമാസം മാ്രതം പ്രായമുള്ള കുഞ്ഞിന് പാലുവാങ്ങാന്‍ പോയ മുഹമ്മദ് അനസിന്റെ കണ്ണിലേക്കാണ് പോലീസ് വെടിയുതിര്‍ത്തത്. കല്യാണ വീടുകളില്‍ കോഫി മെഷീന്‍ സ്ഥാപിച്ച് ലഭിക്കുന്ന തുഛമായ വരുമാനം കൊണ്ടായിരുന്നു അനസ് കുടുംബം പുലര്‍ത്തിയിരുന്നത്. സ്വന്തം വീട്ടില്‍നിന്ന് നൂറോ നൂറ്റമ്പതോ മീറ്റര്‍ അകലെ വെടിയേറ്റു വീണ ഈ യുവാവിന് പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധവുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല. ഭരണകൂടത്തിന് ഒരു നിലക്കും ഒഴിഞ്ഞുമാറാനാകാത്ത കൊലപാതകമായിരുന്നു അത്.
ആസൂത്രിതമായ രാഷ്ട്രീയ ലക്ഷ്യത്തോടെ പോലീസ് ഏറ്റെടുത്ത ക്വട്ടേഷനുകളായിരുന്നു ഉത്തര്‍പ്രദേശില്‍ നടന്ന 19 കൊലപാതകങ്ങളും. പൗരത്വ നിയമത്തിനെതിരെ സമാധാനപരമായി പോലും പ്രതിഷേധിക്കാന്‍ ആര്‍ക്കും അവകാശമുണ്ടായിരുന്നില്ല. മധ്യപ്രദേശിലും ബംഗാളിലുമൊക്കെ മുഖ്യമന്ത്രിമാര്‍ തന്നെ നിയമത്തിനെതിരെ പ്രതിഷേധം നയിച്ചപ്പോള്‍ യു.പിയില്‍ തെരുവിലിറങ്ങിയ 1113 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 5558 പേരെ കസ്റ്റഡിയില്‍ എടുത്തു. പ്രകടനം നടത്തിയതിന് 327 എഫ്.ഐ.ആറുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. മുസഫര്‍ നഗര്‍, മീറത്ത്, ബിജ്നൂര്‍, മൗ, വരാണസി എന്നിവിടങ്ങളിലായി പോലീസ് വെടിവെപ്പില്‍ 19 പേര്‍ കൊല്ലപ്പെട്ടു. പ്രതിഷേധം തടയാനെന്ന പേരില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പലതവണ ഇന്റര്‍നെറ്റ് നിരോധം ഏര്‍പ്പെടുത്തി. 19409 സോഷ്യല്‍ മീഡിയാ പോസ്റ്റുകള്‍ക്കെതിരെയും പോലീസ് കേസെടുത്തു. അതേസമയം 61 പോലീസുകാര്‍ക്ക് ബുള്ളറ്റ് മുറിവുകള്‍ ഉണ്ടായിട്ടുണ്ടെന്നും 34 നാടന്‍ പിസ്റ്റളുകള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ടെന്നും ഉത്തര്‍പ്രദേശ് ഡി.ജി.പി ഓം പ്രകാശ് സിംഗ് അറിയിച്ചിട്ടുണ്ട്. പോലീസുകാര്‍ക്ക് വെടിയേറ്റെന്ന അവകാശവാദം തെളിയിക്കുന്ന കൃത്യമായ ഒരു റിപ്പോര്‍ട്ട് പോലും പക്ഷേ അന്വേഷണ സംഘങ്ങള്‍ക്ക് ലഭിച്ചിരുന്നില്ല. യോഗേന്ദ്ര യാദവ്, ഹര്‍ഷ് മന്ദര്‍, കവിതാ കൃഷ്ണന്‍, നദീം ഖാന്‍ എന്നിവരടങ്ങിയ സംഘത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
കൊല്ലപ്പെട്ട എല്ലാ കേസുകളിലും പോലീസ് പലതും മറച്ചുവെക്കാന്‍ തിടുക്കപ്പെടുന്നത് കാണാനാകും. രണ്ടു കാര്യങ്ങള്‍ യു.പിയില്‍ എല്ലായിടത്തും ഒരുപോലെ ആവര്‍ത്തിച്ചു. അതിലൊന്ന്, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കുടുംബങ്ങള്‍ക്ക് നല്‍കാതിരിക്കാന്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചു. വെടിയുണ്ട പോലീസിന്റേതാണോ അല്ലേ എന്ന സംശയം കുടുംബം ഉന്നയിക്കാതിരിക്കാനും മൃതദേഹം അടക്കം ചെയ്തതിനു ശേഷം മാത്രം റിപ്പോര്‍ട്ട് നല്‍കാനുമായിരുന്നു ഈ നീക്കം. ഇക്കൂട്ടത്തില്‍പെട്ട ഒരാളുടെ മൃതദേഹം പോലും യു.പിയില്‍ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകാന്‍ പോലീസ് അനുവദിച്ചില്ല. സുലൈമാന്റെ മൃതദേഹം സംസ്‌കരിച്ചത് 20 കിലോമീറ്റര്‍ അകലെ മറ്റൊരു ഗ്രാമത്തിലാണ്. ആംബുലന്‍സില്‍ മൃതദേഹം ഖബ്ര്‍സ്ഥാനിലെത്തിച്ച പോലീസ് ഉടന്‍ കുഴിയെടുത്തു മൂടാനാണ് ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. അനസിന്റേത് അവന്റെ മാതാവിന്റെ ഗ്രാമത്തില്‍ അടക്കം ചെയ്യാന്‍ സമ്മതിച്ചത് ഒരു രാ്രതി മുഴുവന്‍ മൃതദേഹം വെച്ച് നടത്തിയ വിലപേശലിനൊടുവിലാണ്. മുസ്ലിംകള്‍ മൃതദേഹം കുളിപ്പിക്കാറുണ്ടെന്നും മയ്യിത്ത് നമസ്‌കരിക്കാറുണ്ടെന്നും കൊണ്ടുവന്ന പോലീസിന് അറിയില്ലായിരുന്നു. അല്ലെങ്കില്‍ അത്തരം കാര്യങ്ങള്‍ അനുവദിക്കാനാവില്ലെന്ന നിലപാടിലായിരുന്നു പോലീസ്. ഏറെ തര്‍ക്കത്തിനൊടുവിലാണ് അതിനുള്ള അവസരം ലഭിച്ചത്.
പോലീസിന്റെ പട്ടാപ്പകല്‍ കൊള്ള
പൊതുമുതല്‍ നശിപ്പിക്കപ്പെട്ടു എന്നു വരുത്തിത്തീര്‍ക്കുകയാണ് യു.പി പോലീസ് ആദ്യം ചെയ്തത്. മുഖ്യമന്ത്രി ആവശ്യപ്പെട്ട പ്രതികാരം ചെയ്യലിന് അവസരമൊരുക്കാന്‍ പ്രകടനക്കാര്‍ പൊതുമുതല്‍ നശിപ്പിച്ചുവെന്ന് പോലീസിന് വരുത്തിത്തീര്‍ക്കണമായിരുന്നു. സാഹചര്യത്തെളിവുകള്‍ വിരല്‍ ചൂണ്ടുന്നതാകട്ടെ പോലീസിന്റെ ഇരട്ടമുഖത്തിനു നേര്‍ക്കും. മീറത്തില്‍ നെയിം ബാഡ്ജ് ധരിക്കാത്ത നിരവധി പോലീസുകാര്‍ പൊതുമുതല്‍ അടിച്ചു തകര്‍ക്കുന്നത് കാണാനുണ്ടായിരുന്നു. കുഴപ്പക്കാരോടൊപ്പം നിന്ന് പോലീസ് കല്ലെറിയുന്നതും കാണാമായിരുന്നു. മുസഫര്‍ നഗറില്‍ പോലീസ് നോക്കിനില്‍ക്കെയാണ് സംഘ്പരിവാര്‍ നേതൃത്വത്തില്‍ ആക്രമണങ്ങള്‍ അരങ്ങേറിയത്. ദേനാ ബാങ്കിനു മുമ്പിലെ ആസിഫ് ഖാന്റെ മൊബൈല്‍ കടയില്‍നിന്നും 8 ലക്ഷം രൂപയുടെ ഫോണുകളാണ് പോലീസ് സാന്നിധ്യത്തില്‍ അക്രമികള്‍ കൊള്ളയടിച്ചത്. പട്ടാപ്പകല്‍ നടന്ന ഈ കൊള്ളയടിക്കു ശേഷമാണ് പോലീസ് തന്നെ രാത്രിയില്‍ ചാക്കുമായി മുസ്ലിം വീടുകള്‍ കൊള്ളയടിക്കാനിറങ്ങിയത്. വിവാഹം നിശ്ചയിച്ച ഹാജി അന്‍വറിന്റെയും ഹാജി ഹാമിദ് ഹസന്റെയും വീടുകളില്‍നിന്നായി പോലീസ് മൊത്തം 20 ലക്ഷം രൂപയുടെയെങ്കിലും സ്വര്‍ണവും ആഭരണങ്ങളും കൊള്ളയിട്ടു കൊണ്ടുപോയിട്ടുണ്ട്. എടുത്തുകൊണ്ടു പോകാനാവാത്ത സ്വത്തുവകകള്‍ മൂന്നോ നാലോ കോടി രൂപയുടേത് പല വീടുകളിലായി അടിച്ചു തകര്‍ത്തിട്ടുമുണ്ട്. മാധ്യമങ്ങളോടു പോലും തുറന്നു സംസാരിക്കാന്‍ തയാറില്ലാതെ ഹാജി അന്‍വര്‍ നിശ്ശബ്ദനാവുന്നത് അദ്ദേഹത്തിന്റെ നഷ്ടത്തിന്റെ ആഴം കൊണ്ടു മാത്രമല്ല, പോലീസ് ഭീഷണിയുടെ കൂടി ഊക്കു കൊണ്ടാണ്. വ്യാജമായ ഒരു വാഗ്ദാനത്തിന്റെ പിന്‍ബലത്തിലാണ് അവരത് സാധിച്ചെടുത്തത്. മെയ് മാസം നടക്കേണ്ടിയിരുന്ന ഒരു കല്യാണത്തിനായി വാങ്ങിവെച്ച ആഭരണങ്ങളും പണവുമാണ് ഹാജിയുടെ വീട്ടില്‍നിന്ന് പോലീസുകാര്‍ എടുത്തുകൊണ്ടുപോയത്. നഷ്ടപ്പെട്ട സാധനങ്ങളുടെ ലിസ്റ്റ് ജില്ലാ കലക്ടര്‍ക്ക് എഴുതി നല്‍കിയാല്‍ അവരത് വിലയിരുത്തി നഷ്ടപരിഹാരം നല്‍കുമെന്ന ഒരു വാഗ്ദാനം നല്‍കിയാണ് ആദ്യ ദിവസങ്ങളില്‍ മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയ ഹാജിയെ പിന്നീട് ജില്ലാ ഭരണകൂടം നിശ്ശബ്ദനാക്കിയത്. ഇതിനകം രാജ്യം മുഴുവനുമറിഞ്ഞ ഈ കൊള്ളക്കണക്ക് ഇനി മൂടിവെച്ചാല്‍ നഷ്ടപരിഹാരം നല്‍കുമെന്ന ആദിത്യനാഥ് സര്‍ക്കാറിന്റെ പെരുംനുണ പോലും മുസഫര്‍ നഗറില്‍ തിരിച്ചറിയപ്പെട്ടിരുന്നില്ല. പോലീസുകാര്‍ കവര്‍ച്ച നടത്തിയ വീടുകളില്‍നിന്നെല്ലാം തന്നെ ഏതെങ്കിലുമൊരു പുരുഷനെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ഹാജി ഹാമിദ് ഹസന്റെ രണ്ടാമത്തെ മകന്‍ സാജിദിന്റെ കൈയില്‍നിന്നും തോക്കു കണ്ടെടുത്തുവെന്ന കള്ളക്കേസ് ചമച്ചാണ് അദ്ദേഹത്തിന്റെ കുടുംബത്തില്‍ നടത്തിയ കൊള്ളയടി പോലീസ് മറച്ചുപിടിക്കാന്‍ നോക്കുന്നത്. എന്നാല്‍ ഇത് കള്ളക്കേസായിരുന്നുവെന്നാണ് ഒപ്പമുണ്ടായിരുന്ന ഹാജിയുടെ ചെറുമകന്‍ മഹ്മൂദ് അഹ്മദ് ചൂണ്ടിക്കാട്ടുന്നത്.
നഗരത്തിലെ മുസ്ലിം കടകള്‍ വ്യാപകമായി കൊള്ളയടിക്കപ്പെട്ടുവെങ്കിലും ഈ കടകള്‍ക്ക് താഴിടുകയാണ് പോലീസ് ആദ്യം ചെയ്തത്. പ്രതിഷേധക്കാര്‍ നഗരത്തില്‍ വരുത്തിയതെന്ന് പോലീസും ബി.ജെ.പിയും ആരോപിച്ച നാശനഷ്ടങ്ങള്‍ ഈ കടകള്‍ ജപ്തി ചെയ്ത് ഈടാക്കുമെന്നായിരുന്നു ഭീഷണി. 66 കടകള്‍ ഇങ്ങനെ തെരഞ്ഞുപിടിച്ച് പോലീസ് താഴിട്ടു പൂട്ടിയെന്നാണ് വ്യാപാരി സംഘടനാ നേതാവായ മുഹമ്മദ് അസ്ഹര്‍ ചൂണ്ടിക്കാട്ടുന്നത്. ചില ഉദ്യോഗസ്ഥന്മാര്‍ പറഞ്ഞതനുസരിച്ച് അടച്ചുപൂട്ടിയ കടകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തുകയോ അല്ലെങ്കില്‍ നഗരത്തില്‍ ഉണ്ടായ നാശനഷ്ടങ്ങളുടെ പേരു പറഞ്ഞ് കണ്ടുകെട്ടുകയോ ചെയ്യുമെന്ന ഭീതിയിലായിരുന്നു വ്യാപാരികള്‍. ഏഴു ദിവസം അടഞ്ഞുകിടന്ന ഈ കടകള്‍ വിഷയം പുറംലോകത്ത് വാര്‍ത്തയാകാന്‍ തുടങ്ങിയതോടെയാണ് തുറന്നുകൊടുത്തത്. അതിലടങ്ങിയ നിയമവശം പോലും അത്രയും ദിവസങ്ങളില്‍ യു.പിയില്‍ ആരുടെയും ചര്‍ച്ച ആയിരുന്നില്ല. യഥാര്‍ഥത്തില്‍ നിയമവാഴ്ച എന്നൊന്ന് മുസഫര്‍ നഗറിലെന്നല്ല ആദിത്യനാഥിനു ശേഷം യു.പിയില്‍ എവിടെയും ഭരണഘടനാനുസൃതമായി നടക്കുന്നേ ഉണ്ടായിരുന്നില്ല. ബി.ജെ.പി ഭരണകൂടത്തിന്റെ ഉത്തരവനുസരിച്ച് ഒരു മതസമൂഹത്തിനെതിരെ പോലീസ് നടത്താന്‍ ശ്രമിച്ച കലാപമായിരുന്നു മുസഫര്‍ നഗറിലേത്. വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ പോലീസിന് നിര്‍ദേശമുണ്ടായിരുന്നുവെന്ന് സംശയിക്കാനാവുന്ന ഒരു തെളിവെങ്കിലും അവര്‍ ബാക്കിവെച്ചിട്ടുമുണ്ട്. മസ്ജിദ് അബ്ദുല്‍കരീം അര്‍ധരാത്രിയിലെത്തി അടിച്ചുതകര്‍ത്തത് മറ്റാരുമല്ല യൂനിഫോമിട്ട പോലീസുകാര്‍ തന്നെയായിരുന്നു. എന്നിട്ടും ഈ കേസില്‍ പോലും ഒരു പോലീസുകാരനെ അറസ്റ്റ് ചെയ്തതായി ഇന്നോളം വിവരമില്ല.
പൗരത്വം ചോദിക്കുന്നവരെ എങ്ങനെ പാഠം പഠിപ്പിക്കണം എന്ന ഈ മുസഫര്‍ നഗര്‍ മാതൃകയിലെ അവസാനത്തെ അധ്യായമായിരുന്നു മദ്രസാ സാദാത്ത് ഹോസ്റ്റലില്‍നിന്ന് പിടിച്ചുകൊണ്ടുപോയ അനാഥരും പ്രായപൂര്‍ത്തി എത്താത്തവരുമായ ബാലന്മാര്‍ക്കു നേരെ നടന്ന പീഡനം. പോലീസ് ഇവരെ പ്രകൃതിവിരുദ്ധ ലൈംഗിക വേഴ്ചക്കായി ഉപയോഗിച്ചുവെന്നാണ് ഒടുവില്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. മൗലാനാ ആസാദ് റസാ ഹുസൈനി എന്ന ശീഈ പണ്ഡിതന്‍ നടത്തുന്ന ഈ സ്ഥാപനത്തില്‍നിന്ന് പിടിച്ചുകൊണ്ടുപോയ വിദ്യാര്‍ഥികളില്‍ ചിലരാണ് പോലീസിന്റെ ക്രൂര പീഡനത്തെ കുറിച്ച കഥകള്‍ പുറത്തുവിട്ടത്. രക്തസ്രാവം രൂക്ഷമായതിനെ തുടര്‍ന്ന് ഇവരെ കസ്റ്റഡിയില്‍നിന്ന് മോചിപ്പിക്കാന്‍ പോലീസ് നിര്‍ബന്ധിതരാവുകയായിരുന്നു. ഈ വാര്‍ത്തകള്‍ പോലീസ് നിഷേധിച്ചുവെങ്കിലും ബി.ജെ.പി സഹയാത്രികനായ ഒരു മൗലാനക്കു പോലും പൗരത്വ നിയമത്തിന്റെ കാലത്ത് യു.പിയിലെ ഇടം പോലീസ് കൃത്യമായി കാണിച്ചു കൊടുത്തു. കൈയും കാലുമൊക്കെ അടിച്ചുതകര്‍ത്ത മൗലാനയെ ഒരു കേന്ദ്രമന്ത്രി ഇടപെട്ടതിനു ശേഷമാണ് വിട്ടയച്ചതെന്നു പോലും റിപ്പോര്‍ട്ടുണ്ട്.
Comments