ജീവല്‍പ്രശ്‌നങ്ങള്‍ക്ക് സുസ്ഥിര വികസനമാണ് പരിഹാരം
('പേരുകള്‍ക്കപ്പുറം ഇസ്‌ലാമിന്റെ മൂല്യങ്ങളാണ് സമൂഹത്തില്‍ പടരേണ്ടത്' - 2)
താങ്കളുടെ സംസാരത്തില്‍ ഏറെ മുഴച്ചുനില്‍ക്കുന്ന ആശയമാണ് Sustainable Development സുസ്ഥിര വികസനം. ഈ ആശയത്തിനു പിന്നില്‍ ആരാണ്?
എന്തുകൊണ്ട് സുസ്ഥിര വികസനം എന്ന ചോദ്യത്തിനാണ് ആദ്യം ഉത്തരം നല്‍കേണ്ടത്. ജനസംഖ്യാ വര്‍ധനവ് വലിയ ഒരു പ്രശ്‌നമായി ഉയര്‍ത്തിക്കാണിക്കപ്പെട്ട തൊണ്ണൂറുകളിലാണ് സുസ്ഥിര വികസനം എന്ന ആശയം രൂപപ്പെടുന്നത്. കൃത്യമായി പറഞ്ഞാല്‍ 1992 മുതല്‍. സമ്പന്നര്‍ അതിസമ്പന്നരും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരുമായിത്തീരുന്ന സ്ഥിതിവിശേഷത്തിന് മാറ്റം കൊണ്ടുവരികയായിരുന്നു സാമ്പത്തിക സാമൂഹിക ശാസ്ത്രജ്ഞരുടെ ഉദ്ദേശ്യം. ലോകത്ത് വലിയൊരു ശതമാനം ജനങ്ങള്‍ പട്ടിണി മൂലം മരണപ്പെടുന്നു. വലിയൊരു വിഭാഗം മനുഷ്യര്‍ക്ക് ജീവിക്കാനാവശ്യമായ വിഭവങ്ങള്‍ ലഭ്യമാകുന്നില്ല. വിഭവങ്ങളുടെ ദൗര്‍ലഭ്യമല്ല, ഉള്ള വിഭവങ്ങള്‍ എല്ലാ മനുഷ്യരിലേക്കും എത്തുന്നില്ല എന്നതാണ് പ്രശ്‌നം. ഇപ്പോള്‍ കൃഷി എങ്ങനെ അഭിവൃദ്ധിപ്പെടുത്താമെന്ന് ആളുകള്‍ ആലോചിക്കുന്നുണ്ട്. അപ്പോള്‍ കൃഷിക്ക് ആവശ്യമായ വെള്ളം വേണം. വെള്ളം ഒരു പ്രകൃതിവിഭവമാണ്. ആ വിഭവം എങ്ങനെ ഉണ്ടാക്കാം? ഇതെല്ലാം സൂചിപ്പിക്കുന്നത് മനുഷ്യര്‍ ഈ പ്രശ്‌നങ്ങളുടെ പരിഹാരത്തിനു വേണ്ടി ശ്രമിക്കുന്നുവെന്നാണ്. ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണിതൊക്കെയും. മനുഷ്യരുടെ ജീവിതം സംരക്ഷിക്കപ്പെടണം. സുസ്ഥിര വികസനം മുന്നോട്ടുവെക്കുന്ന ആശയവും മറ്റൊന്നല്ല. മനുഷ്യന്റെ ജീവല്‍പ്രശ്‌നങ്ങള്‍ മഖാസ്വിദിന്റെ മുഖ്യവിഷയമാണ്.
എല്ലാ മനുഷ്യര്‍ക്കും കൂടുതല്‍ നന്നായി ജീവിക്കാന്‍ കഴിയുന്ന ഒരു ഇടമായി ഈ ലോകത്തെ മാറ്റിപ്പണിയുക എന്ന ഉദ്ദേശ്യാര്‍ഥം, 2015-ല്‍ ഐക്യരാഷ്ട്രസഭ സുസ്ഥിര വികസനത്തിന്റെ അടിസ്ഥാനത്തില്‍ ഒരു ബൃഹദ്പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്. അടുത്ത 15 വര്‍ഷത്തിനുള്ളില്‍ സാക്ഷാത്കരിക്കേണ്ട 17 ലക്ഷ്യങ്ങള്‍ അത് വിഭാവന ചെയ്തിട്ടുണ്ട്. ദാരിദ്ര്യം അവസാനിപ്പിക്കുക, ഭൂമി സംരക്ഷിക്കുക, എല്ലാവര്‍ക്കും സമൃദ്ധി ഉറപ്പുവരുത്തുക (End Poverty, Protect the Planet and Ensure Prosperity for all) എന്നിവയാണ് സുസ്ഥിര വികസനത്തിന്റെ ലക്ഷ്യങ്ങള്‍.
സുസ്ഥിര വികസനത്തെക്കുറിച്ച് പറഞ്ഞപ്പോള്‍, അതിന്റെ ലക്ഷ്യങ്ങളെ മഖാസ്വിദുശ്ശരീഅയിലെ അഞ്ച് അടിസ്ഥാനതത്ത്വങ്ങളുമായി താങ്കള്‍ സമീകരിച്ചു കണ്ടു. മഖാസ്വിദും സുസ്ഥിര വികസനവും എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു?
മഖാസ്വിദിന്റെ അഞ്ച് അടിസ്ഥാനങ്ങളില്‍ ഒന്ന് ജീവന്റെ സംരക്ഷണമാണ്. ഒരു മനുഷ്യജീവനെ ആപത്തില്‍നിന്ന് രക്ഷിക്കല്‍ മാത്രല്ല ജീവന്റെ സംരക്ഷണം. മനുഷ്യജീവിതം നിലനിര്‍ത്താനും അത് സംരക്ഷിക്കാനും ചെയ്യുന്ന വ്യവസ്ഥാപിതമായ പ്രവര്‍ത്തനങ്ങളും 'ഹിഫഌന്നഫ്‌സി'ന്റെ (Preservation of Soul) പരിധിയില്‍ വരും. സുസ്ഥിര വികസനം കൊണ്ടുദ്ദേശിക്കുന്നതും മനുഷ്യന്റെ ജീവിതപ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ്. കാര്‍ഷികവൃത്തി ഇവിടെ ഉണ്ടാകണം. എല്ലാവര്‍ക്കും ഭക്ഷണം വേണം. നമ്മുടെ ഭാവിയെ നിര്‍മിക്കാനുള്ള വഴികളാണിവ. നമ്മള്‍ ഭക്ഷണം ഉല്‍പ്പാദിപ്പിക്കുന്നതും കഴിക്കുന്നതുമൊക്കെ നമ്മുടെ ഭാവിയെ മുന്‍നിര്‍ത്തിയാണല്ലോ. വരുംതലമുറകള്‍ക്കു വേണ്ടിയും ഭൂമിയും വായുവും വെള്ളവും മണ്ണും സംരക്ഷിക്കപ്പെടണം. അതിനെ ഏറ്റവും നല്ല രീതിയില്‍ ഉപയോഗപ്പെടുത്തണം. അതൊരിക്കലും പാഴാക്കരുത്.
സുസ്ഥിര വികസനവുമായി കൂട്ടിവായിക്കുമ്പോള്‍, അതില്‍ മഖാസ്വിദുശ്ശരീഅയുടെ അഞ്ചു അടിസ്ഥാനങ്ങളും അടങ്ങിയിട്ടുണ്ടെന്നു കാണാം. ജീവന്റെയും ബുദ്ധിയുടെയും സമ്പത്തിന്റെയും സംരക്ഷണം വഴി എല്ലാവര്‍ക്കും ജീവിക്കാന്‍ കഴിയുന്ന ഒരു ലോകക്രമം സൃഷ്ടിച്ചെടുക്കുകയാണ് മഖാസ്വിദ്. അതുതന്നെയാണ് സുസ്ഥിര വികസനവും മുന്നോട്ടുവെക്കുന്ന മുദ്രാവാക്യം.
മഖാസ്വിദുശ്ശരീഅയിലെ മറ്റൊരു അടിസ്ഥാനതത്ത്വം വിശ്വാസസംരക്ഷണമാണ്, ഹിഫഌദ്ദീന്‍. ഇസ്‌ലാം മതത്തിന്റെ സംരക്ഷണം മാത്രമല്ല, എല്ലാ മനുഷ്യരുടെയും വിശ്വാസ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്നതാണ് അതിന്റെ താല്‍പ്പര്യം. മഖാസ്വിദ് മുസ്‌ലിംകളില്‍ മാത്രം പരിമിതപ്പെടേണ്ട ഒന്നല്ല. മുഴുവന്‍ മനുഷ്യരാശിയെയും ഉള്‍ക്കൊള്ളുന്ന ആശയമാണത്. സുസ്ഥിര വികസനത്തിന്റെ യൂറോപ്യന്‍ പ്രയോക്താക്കളുമായി സംസാരിക്കുമ്പോള്‍ ഞാന്‍ അവരോടു പറയാറുണ്ട്, നിങ്ങളുടെ സുസ്ഥിര വികസനത്തിലെ 17 ലക്ഷ്യങ്ങള്‍, ഞങ്ങളുടെ മഖാസ്വിദിലെ അഞ്ച് ലക്ഷ്യങ്ങളില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട് എന്ന്.
സുസ്ഥിര വികസനത്തിലെ ആദ്യ ലക്ഷ്യം ദാരിദ്ര്യത്തിന് അറുതി വരുത്തുകയാണ്. സമ്പത്തിന്റെ സന്തുലിതമായ വികേന്ദ്രീകരണത്തിലൂടെയാണ് ദാരിദ്ര്യനിര്‍മാര്‍ജനം സാധ്യമാക്കുന്നത്. സുസ്ഥിര വികസനം, സമ്പത്തിന്റെ വികേന്ദ്രീകരണം, ആരോഗ്യസംരക്ഷണം, സ്ഥിരതയുള്ള സമ്പദ്‌വ്യവസ്ഥ എല്ലാം സുസ്ഥിര വികസനത്തിന്റെ ഭാഗമാണ്. അപ്പോള്‍ സുസ്ഥിര വികസനത്തിന്റെ പതിനേഴ് ലക്ഷ്യങ്ങളെ, മഖാസ്വിദിന്റെ അഞ്ച് അടിസ്ഥാന ലക്ഷ്യങ്ങളില്‍ സംഗ്രഹിക്കാം. അതിനപ്പുറവും സുസ്ഥിര വികസന കാഴ്ചപ്പാടുകളുണ്ട്.
നമ്മള്‍ കണ്ടുശീലിച്ച വികസനത്തിന് പ്രായോജകരും ഇരകളുമുണ്ട്. ഒരു ന്യൂനപക്ഷത്തിന് മാത്രം പ്രയോജനമുണ്ടാവുകയും വലിയൊരു വിഭാഗം വികസനത്തിന്റെ ഇരകളാക്കപ്പെടുകയും ചെയ്യുന്ന വികസനമല്ല ഇത്. മറിച്ച്, വികസനം കൊണ്ട് ആരും ഇരകളാക്കപ്പെടുകയോ വിഭവങ്ങള്‍ അപഹരിക്കപ്പെടുകയോ ചെയ്തുകൂടാ. പ്രകൃതിയും ജന്തുജാലങ്ങളും എല്ലാം ഇതിന്റെ പ്രായോജകരാകണം.
ഒരു വസ്തുവിനെ അതിന്റെ പൂര്‍ണാര്‍ഥത്തില്‍ ഉപയോഗപ്പെടുത്തുക എന്നത് സുസ്ഥിര വികസനത്തിന്റെ ഭാഗമാണ്. ഉദാഹരണത്തിന് പ്രവാചകന്‍ തന്റെ വസ്ത്രങ്ങള്‍ സ്വയം തുന്നി ഉപയോഗിച്ചിരുന്നു. ചെരിപ്പ് പൊട്ടുമ്പോള്‍ അവിടുന്ന് തന്നെ അത് തുന്നി ശരിയാക്കി ഉപയോഗിച്ചിരുന്നു. വസ്ത്രം കീറുമ്പോള്‍ അവിടുന്ന് തന്നെ അത് തുന്നി വീണ്ടും അണിഞ്ഞിരുന്നു. വിഭവങ്ങളുടെ കൃത്യമായ ഉപയോഗരീതിയാണത്. ആധുനികകാലത്ത് നാമതിനെ റീസൈക്ലിംഗ് എന്നു പറയുന്നു. മുസ്‌ലിംകള്‍ ഇതിനെ നബിയുടെ ഒരു വ്യക്തിഗത സ്വഭാവം മാത്രമായി കണ്ടുപോരുന്നു. ഒരു വസ്തുവിന്റെ പുനരുപയോഗം എന്ന തത്ത്വം ഈ നബിചര്യയില്‍ അടങ്ങിയിട്ടുണ്ട്. മുസ്‌ലിം സമൂഹം വലിയ അളവില്‍ ഉപഭോഗ സംസ്‌കാരത്തിന്റെ അടിമകളാണ്. സുസ്ഥിര വികസനം മുന്നോട്ടുവെക്കുന്ന മറ്റൊരു കാഴ്ചപ്പാട് വിഭവങ്ങള്‍ പാഴാക്കാതെ അവയുടെ പൂര്‍ണാര്‍ഥത്തിലുള്ള ഉപയോഗവും പുനരുപയോഗവുമാണ്.
കേരള മുസ്‌ലിംകളും മലേഷ്യന്‍ മുസ്‌ലിംകളും തമ്മിലെ സമാനതകളില്‍ സുപ്രധാനമായ ഒന്ന് ഇരുകൂട്ടരും ശാഫിഈ മദ്ഹബ് അനുധാവനം ചെയ്യുന്നവരാണ് എന്നതാണ്. എന്നാല്‍ മലേഷ്യയിലെ മുസ്‌ലിം സ്ത്രീകള്‍ സാമൂഹിക, വിദ്യാഭ്യാസ, രാഷ്ട്രീയ രംഗങ്ങളിലെ പങ്കാളിത്തത്തില്‍ കേരളീയ മുസ്‌ലിം സ്ത്രീകളേക്കാള്‍ വളരെയേറെ മുമ്പിലാണ്. പൊതുരംഗത്ത് മലേഷ്യന്‍ സ്ത്രീകളുടെ ഉയര്‍ന്ന പങ്കാളിത്തത്തിന്റെ കാരണങ്ങള്‍ എന്തൊക്കെയാണ്?
മലേഷ്യയില്‍ പൊതുരംഗത്ത് സ്ത്രീപങ്കാളിത്തം ഉയര്‍ന്ന രീതിയിലുണ്ട്. എന്നാല്‍ എല്ലാ സംസ്ഥാനങ്ങളിലും സ്ത്രീപങ്കാളിത്തം ഒരു പോലെയല്ല. ഉദാഹരണത്തിന് കെലന്‍താന്‍, നെഗേരി സെമ്പിലാന്‍ തുടങ്ങിയ സ്റ്റേറ്റുകളില്‍ സ്ത്രീകള്‍ വളരെയേറെ സജീവമാണെന്നു കാണാം. മലേഷ്യയില്‍ മിക്കവാറും സ്ഥലങ്ങളില്‍ മാതൃദായ ക്രമമാണ് നിലനില്‍ക്കുന്നത്. അതിനാല്‍ സ്വാഭാവികമായും പുരുഷന്മാരേക്കാള്‍ സ്വാധീനവും അധികാരവും കുടുംബത്തില്‍ സ്ത്രീകള്‍ക്കുണ്ടാകും. ഇത് മറ്റു രംഗങ്ങളിലും പ്രതിഫലിക്കും. മലേഷ്യന്‍ സാമൂഹികഘടന ചരിത്രാതീതകാലം മുതല്‍ക്ക് സ്ത്രീകള്‍ക്ക് പൊതുരംഗത്ത് വലിയ പ്രാധാന്യം നല്‍കിവരുന്നു. രാഷ്ട്രീയരംഗത്തും മലേഷ്യന്‍ വനിതകള്‍ പണ്ടുമുതലേ സജീവമാണ്. 1957-ല്‍ ഞങ്ങളുടെ സ്വാതന്ത്ര്യസമരം വിജയിച്ചതിലും സ്ത്രീകള്‍ക്കു വലിയ പങ്കുണ്ട്. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത അധികസ്ത്രീകളും അധ്യാപികമാരായിരുന്നു. വിദ്യാഭ്യാസവും അവര്‍ നേടിയ അറിവുമാണ് ഈ സമരത്തില്‍ പങ്കെടുക്കാന്‍ അവരെ പ്രാപ്തരാക്കിയത്. അക്കാലത്ത് മലേഷ്യന്‍ പ്രധാനമന്ത്രിക്ക്, ബ്രിട്ടനുമായി നയതന്ത്രചര്‍ച്ച നടത്താന്‍ ലണ്ടനില്‍ പോകേണ്ടിയിരുന്നു. അന്ന് മലേഷ്യ ഒരു ദരിദ്രരാജ്യമാണ്. മലേഷ്യന്‍ സ്ത്രീകള്‍ അവരുടെ സ്വര്‍ണാഭരണങ്ങള്‍ നല്‍കിയാണ് പ്രധാനമന്ത്രിയെ ലണ്ടനിലേക്കയച്ചതും ബ്രിട്ടനുമായി ഉടമ്പടിയില്‍ ഒപ്പിട്ട് സ്വാതന്ത്ര്യം നേടിയെടുക്കുന്നതും. മലേഷ്യന്‍ സ്ത്രീകള്‍ ഭൂരിഭാഗവും രാഷ്ട്രീയപ്രബുദ്ധരാണ്.
വിദ്യാഭ്യാസരംഗത്തും മലേഷ്യന്‍ വനിതകള്‍ സജീവമാണ്. ഐ.ഐ.യു.എമ്മില്‍ 70 ശതമാനം വിദ്യാര്‍ഥികളും പെണ്‍കുട്ടികളാണ്. ആണ്‍കുട്ടികളേക്കാള്‍, പെണ്‍കുട്ടികള്‍ക്കാണ് പഠനത്തില്‍ ഫോക്കസ് ചെയ്യാന്‍ സാധിക്കുക എന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ഇന്നത്തെ സാഹചര്യത്തില്‍ വിജയങ്ങള്‍ കരസ്ഥമാക്കാന്‍ പെണ്‍കുട്ടികളുടെ പ്രകൃതമാണ് കൂടുതല്‍ അനുയോജ്യമെന്നും ആധുനിക പഠനങ്ങള്‍ സമര്‍ഥിക്കുന്നു. കാരണം, അവര്‍ പരിശ്രമശാലികളും, തങ്ങള്‍ ഏര്‍പ്പെട്ടിരിക്കുന്ന മേഖലകളില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയുന്നവരുമാണ്. സമീപകാലങ്ങളില്‍ മത്സരപരീക്ഷകളിലും യൂനിവേഴ്‌സിറ്റി -സ്‌കൂള്‍ പരീക്ഷകളിലും ഉയര്‍ന്ന വിജയം വരിക്കുന്ന പെണ്‍കുട്ടികളുടെ തോത് വര്‍ധിച്ചതായി കാണാം. എന്നാല്‍ ആണ്‍കുട്ടികള്‍ വളരെ പെട്ടെന്ന്, ശ്രദ്ധതിരിയുന്നവരും വിനോദശീലരുമാണ്.
സ്ത്രീകളുടെ സ്വഭാവസവിശേഷതകള്‍ ആധുനികലോകത്തിന്റെ ആവശ്യങ്ങളോട് കൂടുതല്‍ ചേര്‍ന്നു നില്‍ക്കുന്നതാണ്. ഇന്ത്യന്‍ സ്ത്രീകളെ കുറിച്ച് എനിക്ക് കൂടുതല്‍ അറിയില്ല. എങ്കിലും, ഇവിടെയും സ്ത്രീകളുടെ പങ്കാളിത്തം രാഷ്ട്രീയ-വിദ്യാഭ്യാസമേഖലകളിലുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ഇന്ത്യയിലെ പ്രമുഖ യൂനിവേഴ്‌സിറ്റി കാമ്പസുകളില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭത്തില്‍ വലിയ സ്ത്രീപങ്കാളിത്തം ദൃശ്യമാണ്. ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരെ പൊതുവില്‍ ഒരുപാട് അക്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും, പെണ്‍കുട്ടികള്‍ കൂട്ടമായി തെരുവില്‍ പ്രതിഷേധിക്കുന്നതു കാണുന്നു. അതില്‍ മുസ്‌ലിംകളും, മതമുള്ളവരും മതമില്ലാത്തവരുമൊക്കെയുണ്ട്. കഴിഞ്ഞ ദിവസം, അല്‍ ജാമിഅയുടെ ബിരുദദാന സമ്മേളനത്തില്‍ വിദ്യാര്‍ഥിനികളെ പ്രതിനിധീകരിച്ച് സംസാരിച്ച വിദ്യാര്‍ഥിനിയുടെ പ്രസംഗം, കൃത്യമായ രാഷ്ട്രീയ നിലപാട് വ്യക്തമാക്കുന്നതായിരുന്നു. പൊതുരംഗത്തെ സ്ത്രീപങ്കാളിത്തത്തില്‍, പലയിടങ്ങളിലും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടെങ്കിലും, പൊതുവില്‍ മുസ്‌ലിം സ്ത്രീപങ്കാളിത്തം പ്രതീക്ഷാനിര്‍ഭരമാണ്. പടിഞ്ഞാറിനെ അപേക്ഷിച്ച്, ഇവിടെ പ്രതിഷേധത്തില്‍ പോലും നമ്മുടെ സ്ത്രീകള്‍ ഇസ്‌ലാമിക വസ്ത്രധാരണ രീതി സ്വീകരിക്കുന്നവരും മാന്യമായി പെരുമാറുന്നവരുമാണെന്നത് എടുത്തുപറയേണ്ട കാര്യമാണ്. കാരണം, പടിഞ്ഞാറ് കാണുന്ന പല സ്ത്രീപ്രതിഷേധ പരിപാടികളും, അവരുടെ മാന്യതയും അന്തസ്സും കളഞ്ഞുകുളിക്കുന്നതാണ്.
പൊതുരംഗത്ത് മലേഷ്യന്‍ സ്ത്രീകളുടെ ഉയര്‍ന്ന പങ്കാളിത്തത്തിന്റെ പ്രധാന കാരണം, മലേഷ്യയിലെ വിദ്യാഭ്യാസരംഗത്തെ സ്ത്രീസാന്നിധ്യം തന്നെയാണ്. അധ്യാപകരില്‍ വലിയൊരു ശതമാനവും സ്ത്രീകളാണ്. അതുകൊണ്ടുതന്നെ, പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പോകാനും തുടര്‍ന്ന് പഠിക്കാനും താല്‍പ്പര്യമേറുന്നു. മാത്രമല്ല, വിദ്യാര്‍ഥിനികളില്‍ അധികപേരും അധ്യാപകവൃത്തിയില്‍ ആകൃഷ്ടരാകാനും അധ്യാപനരംഗത്തെ വര്‍ധിച്ച സ്ത്രീപങ്കാളിത്തം കാരണമാണ്.
ഒരു വിദ്യാഭ്യാസ വിചക്ഷണന്‍ എന്ന നിലയില്‍ മുസ്‌ലിം ലോകത്തെ വിദ്യാഭ്യാസമുന്നേറ്റത്തിന് മുന്നോട്ടുവെക്കാനുള്ള നിര്‍ദേശങ്ങള്‍ എന്തൊക്കെയാണ്? ഏതു രീതിയിലുള്ള മാറ്റങ്ങളാണ് നമ്മുടെ പിന്നാക്കാവസ്ഥക്ക് പരിഹാരമായി, താങ്കള്‍ക്ക് നിര്‍ദേശിക്കാനുള്ളത്?
വളരെ പ്രധാനപ്പെട്ട ചോദ്യമാണിത്. വിദ്യാഭ്യാസത്തെ പുനര്‍നിര്‍വചിക്കാനൊരുങ്ങുകയാണ് യുനെസ്‌കോ. യുനെസ്‌കോ തന്നെ തയാറാക്കിയ 'ഫ്യൂച്ചേഴ്‌സ് ഓഫ് എജുക്കേഷന്‍' എന്ന പുസ്തകം ഉടനടി പുറത്തുവരും. എല്ലാവരും സംസാരിച്ചുകൊണ്ടിരിക്കുന്നത് സുസ്ഥിര വികസനത്തിലേക്ക് മടങ്ങിപ്പോകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ്. നമ്മുടെ ഈ ഭൂമിയില്‍ മനുഷ്യജീവിതം ഉറപ്പാക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ വിദ്യാഭ്യാസം അര്‍ഥശൂന്യമാണ്. ഇന്ന് ലോകം നിരവധി പ്രതിസന്ധികള്‍ അഭിമുഖീകരിക്കുന്നു. സാമ്പത്തിക പ്രതിസന്ധി, പരിസ്ഥിതി നാശം തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങള്‍. നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കോ പാഠ്യരീതികള്‍ക്കോ ഒന്നും ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുന്നില്ല.
ഗ്രെറ്റ തുന്‍ബര്‍ഗ് എന്ന 16 വയസ്സുകാരിയെ കുറിച്ച വാര്‍ത്തകള്‍ ഇന്ന് നാം വായിക്കുന്നു. അടിയന്തരപ്രാധാന്യമുള്ള ഒരു വിഷയത്തിലേക്കാണ് ആ കുട്ടി ലോകത്തിന്റെ ശ്രദ്ധ തിരിച്ചത്. സ്‌കൂളുകള്‍ ബഹിഷ്‌കരിക്കണമെന്നാണ് ഈ കുട്ടിയുടെ കാമ്പയിന്‍. തങ്ങളുടെ ഭാവിജീവിതത്തിന് ഭൂമിയില്‍ ഒരുറപ്പുമില്ലെന്നിരിക്കെ, ഞങ്ങളെന്തിന് വിദ്യാഭ്യാസം നേടണമെന്നാണ് ഈ കുട്ടി ലോകത്തോടു ചോദിക്കുന്നത്. ഞാന്‍ ഭാവിയില്‍ ജീവിച്ചിരിക്കുമെന്നോ, നമ്മുടെ ഈ ലോകം ഇങ്ങനെ നിലനില്‍ക്കുമെന്നോ യാതൊരുറപ്പുമില്ല. അങ്ങനെ നോക്കുമ്പോള്‍ ഇതിന് പരിഹാരം എന്ന നിലയില്‍, നമുക്ക് നിര്‍ദേശിക്കാനുള്ളത്, ഇസ്‌ലാം എങ്ങനെ വരുംതലമുറകളുടെ ഭാവി ഉറപ്പുവരുത്തുന്നു എന്ന കാര്യമാണ്. എങ്ങനെയാണ് നമ്മുടെ കുഞ്ഞുങ്ങളുടെ ജീവിതം സംരക്ഷിക്കപ്പെടുന്നത്? അവരുടെ ബുദ്ധിയും വിദ്യാഭ്യാസവും സംരക്ഷിക്കപ്പെടുന്ന തരത്തിലായിരിക്കണം നമ്മുടെ വിദ്യാ ഭ്യാസരീതി. നമ്മുടെ വിദ്യാഭ്യാസരീതി, പൊതുവെ യൂറോകേന്ദ്രിതമാണ്. മനുഷ്യര്‍ക്ക് മൊത്തം കാരുണ്യവും സുരക്ഷിതത്വവും സമാധാനവും പ്രദാനം ചെയ്യുന്ന വിദ്യാഭ്യാസരീതി അത് ഉറപ്പുവരുത്തുന്നില്ല. പടിഞ്ഞാറന്‍ വിദ്യാഭ്യാസ രീതി ഹ്യൂമന്‍ ക്യാപിറ്റല്‍ തിയറിയില്‍ അധിഷ്ഠിതമാണ്. നമ്മള്‍ ചെയ്യുന്ന ഏതു കാര്യത്തിനും ഒരു സാമ്പത്തിക ലക്ഷ്യം കൂടിയുണ്ടാകുന്നു എന്നതാണ് ഈ തിയറിയുടെ പ്രത്യേകത. നിങ്ങള്‍ ഒരു ഗവേഷണം ചെയ്യുകയാണെങ്കില്‍ അതിന് ഒരു സാമ്പത്തിക ലക്ഷ്യമുണ്ട്. ഇത്തരം വിദ്യാഭ്യാസ രീതിയിലൂടെ നല്ല ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും ഉണ്ടാകുന്നുണ്ട്. എന്നാല്‍ ഈ വിദ്യാഭ്യാസം സൃഷ്ടിക്കുന്ന 'നല്ല' ഡോക്ടര്‍, ഒരു നല്ല മനുഷ്യനാണോ എന്ന ചോദ്യം അവശേഷിക്കുന്നു. നിങ്ങള്‍ നല്ല ഒരു എഞ്ചിനീയറോ ഡോക്ടറോ ആയിരിക്കാം. പക്ഷേ, നിങ്ങള്‍ ഒരു നല്ല മനുഷ്യനാകുന്നില്ലെങ്കില്‍, ഇത്തരം വിദ്യാഭ്യാസംകൊണ്ട് എന്തു പ്രയോജനം?
ഉന്നതമൂല്യങ്ങള്‍ കൂടി ഉള്‍ച്ചേരുമ്പോള്‍ മാത്രമേ വിദ്യാഭ്യാസം അര്‍ഥവത്താവൂ. ഇവിടെയാണ് മഖാസ്വിദിന്റെ പ്രസക്തി. മുസ്‌ലിം ബുദ്ധിജീവികളും ശരീഅ പണ്ഡിതന്മാരും മഖാസ്വിദിനെ ഒരു സാര്‍വ ലൗകിക ആശയമായി ലോകത്തിന് പരിചയപ്പെടുത്തണം. അതുവഴി മുസ്‌ലിം-അമുസ്‌ലിം വിവേചനം കൂടാതെ, വികസിത-വികസ്വര വ്യത്യാസങ്ങളില്ലാതെ എല്ലാ രാജ്യക്കാര്‍ക്കും അതിനെക്കുറിച്ച് ചര്‍ച്ചചെയ്യാനും പ്രയോഗത്തില്‍ വരുത്താനും കഴിയണം. ഞങ്ങളിപ്പോള്‍ അതിനു വേണ്ടിയാണ് പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. മഖാസ്വിദ് എന്ന പദത്തേക്കാള്‍ ഞങ്ങള്‍ ഉപയോഗിക്കുന്നത് The Five Elements of Human Existence എന്നാണ്. മനുഷ്യകുലത്തിന് ഇവിടെ നിലനില്‍ക്കണമെങ്കില്‍ ആദ്യമായി ജീവന്‍ സംരക്ഷിക്കപ്പെടണം. ബുദ്ധിക്കും സ്വത്തിനും അഭിമാനത്തിനും അവരുടെ ഭാവിക്കും അവരുടെ വിശ്വാസത്തിനും സംരക്ഷണം വേണം. നല്ല ജോലി കിട്ടുക, ചെയ്യുന്ന ജോലിയില്‍ പ്രശസ്തിയുണ്ടാവുക എന്നതൊക്കെ വിദ്യാ ഭ്യാസത്തിന്റെ ഒരു ഭാഗം മാത്രമാണ്. വിദ്യാഭ്യാസത്തിന്റെ ഏറ്റവും ഉയര്‍ന്ന വശം അതിന്റെ ആത്മീയ തലമാണ്. പടിഞ്ഞാറിന്റെ വിദ്യാഭ്യാസവീക്ഷണത്തില്‍ ആത്മീയ മൂല്യങ്ങള്‍ കടന്നുവരുന്നില്ല. to do, learning to live together, learning to be വിദ്യാഭ്യാസത്തിന്റെ നാല് തൂണുകളായി അറിയപ്പെടുന്ന കാര്യങ്ങളാണിവ. ഇത് മഖാസ്വിദുമായി സാമ്യമുള്ള തത്ത്വങ്ങളാണ്. ഇവക്കു വേണ്ടി നമ്മള്‍ പണിയെടുക്കുകയാണെങ്കില്‍ നമുക്ക് ഒരു നല്ല ഭാവി പ്രതീക്ഷിക്കാം. ഇസ്‌ലാമിക മൂല്യങ്ങള്‍ നമ്മുടെ വിദ്യാഭ്യാസരീതിയില്‍ പരോക്ഷമായി കൊണ്ടുവരണം. അവ സാര്‍വത്രിക മൂല്യങ്ങളായി എല്ലാവരാലും സ്വീകരിക്കപ്പെടേണ്ടതുണ്ട്.
(അവസാനിച്ചു)
Comments