നമുക്ക് സ്വര്‍ഗം കിട്ടുമോ?
സുഹൃത്തും ഞാനും പള്ളിയിലേക്ക് നടക്കുകയാണ്. സുഹൃത്ത് ചോദിച്ചു: ''ഇസ്മാഈല്‍, നമുക്ക് സ്വര്‍ഗം കിട്ടുമോ?'' ഞാന്‍ പറഞ്ഞു: ''കിട്ടുമെന്ന് ആശിക്കാം. നാം നല്ലവരായല്ലേ ജീവിക്കുന്നത്.''
വര്‍ഷങ്ങള്‍ കഴിഞ്ഞു. എന്നാല്‍ ആ ചോദ്യം മനസ്സില്‍നിന്ന് മാഞ്ഞുപോയില്ല. ഹൃദയത്തിന്റെ കോണിലിരുന്ന് ആരോ ചോദിക്കുന്നതുപോലെ: 'നമുക്ക് സ്വര്‍ഗം കിട്ടുമോ?'
സ്വര്‍ഗത്തിലേക്ക് പോകാനുള്ള മാര്‍ഗം നമ്മുടെ മുന്നിലുണ്ട്. അതിലൂടെ പോയാല്‍ സ്വര്‍ഗത്തിലെത്താമെന്ന് പ്രവാചകന്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്, ജീവിച്ചു കാണിച്ചുതന്നിട്ടുണ്ട്. ഒട്ടേറെ മാതൃകാ വ്യക്തിത്വങ്ങളെ സമ്മാനിച്ചിട്ടുണ്ട്. അതുപോലുള്ള ജീവിതം നമ്മള്‍ ജീവിച്ചുവോ എന്ന ചോദ്യമാണ് നമ്മുടെ മുന്നിലുള്ളത്. അത് ഓരോരുത്തരും അവനവനോടുതന്നെ ചോദിക്കേണ്ട ചോദ്യമാണ്.
ദൈവമുണ്ടോ എന്ന ചോദ്യമാണ് പലരെയും അലട്ടുന്നത്. എന്നാല്‍ പ്രവാചകനിലൂടെ ദൈവത്തെ കണ്ടെത്താനാകും. പ്രവാചകന്‍ കളവു പറയില്ല. ഭൗതികമായ എല്ലാ സുഖസൗകര്യങ്ങളും സ്ഥാനമാനങ്ങളും വാഗ്ദാനം ചെയ്‌തെങ്കിലും ദൈവിക സന്ദേശം ഉപേക്ഷിക്കാന്‍ പ്രവാചകന്‍ തയാറായില്ല. വാഗ്ദാനം ചെയ്ത എല്ലാം സ്വജീവിതത്തിലൂടെ പൂര്‍ത്തീകരിച്ച ശേഷമാണ് പ്രവാചകന്‍ വിടവാങ്ങിയത്.
സ്വര്‍ഗത്തില്‍ കടക്കാനുള്ള പരിശ്രമം നിസ്സാരമായ ഒന്നല്ല. ഈസാ പ്രവാചകന്‍ ഒരു ഉപമയിലൂടെ വിവരിക്കുന്നു: ''വരനെക്കാത്ത് മണവാട്ടികള്‍ അടഞ്ഞ വാതില്‍ക്കല്‍ നില്‍ക്കുന്നു. ഓരോരുത്തരും കൈയില്‍ വിളക്ക് കരുതിയിട്ടുണ്ട്. രാത്രി വൈകിയിട്ടും മണവാളന്‍ വാതില്‍ തുറന്നില്ല. പലരും ഉറക്കം തൂങ്ങാന്‍ തുടങ്ങി. ക്രമേണ അവര്‍ നിലത്തുവീണുറങ്ങി. കൈയിലെ വെളിച്ചം കെട്ടു. പാതിര കഴിഞ്ഞ് മണവാളന്‍ വാതില്‍ തുറന്നപ്പോള്‍ വിളക്കുമേന്തി ഉണര്‍ന്നിരിക്കുന്നത് ഒരാള്‍ മാത്രം. അവളെ മണവാളന്‍ സ്വീകരിക്കുകയും വാതില്‍ അടയുകയും ചെയ്തു.''
ദൈവവുമായുള്ള ബന്ധം അനശ്വര സ്‌നേഹത്തിന്റെ കാത്തിരിപ്പാണ്. ദൈവത്തെ സന്ധിച്ചേ പറ്റൂ എന്ന ഉല്‍ക്കടമായ ആഗ്രഹമുള്ളവര്‍ക്കേ സംശുദ്ധമായ ജീവിതം കാഴ്ചവെക്കാന്‍ പറ്റൂ. അല്ലാത്തവര്‍ തളര്‍ന്ന് ഉറങ്ങിപ്പോകും, വിളക്കുകള്‍ കെട്ടുപോകും. ഭൗതിക താല്‍പര്യങ്ങളുടെ പാറക്കെട്ടുകളില്‍ തട്ടി ജീവിതം തകര്‍ന്നുപോകും.
രബീന്ദ്രനാഥ ടാഗോറിന്റെ ഗീതാഞ്ജലിയിലെ ഒരു കഥ ഇങ്ങനെ: 'ഒരാള്‍ ഇരുമ്പ് ഉരുക്കി കൂറ്റന്‍ ചങ്ങലയുണ്ടാക്കാന്‍ തുടങ്ങി. രാവും പകലും അധ്വാനിച്ചു. അവസാനം ചങ്ങല പൂര്‍ത്തിയായപ്പോള്‍ ആ ചങ്ങലയില്‍തന്നെ താന്‍ ബന്ധിപ്പിക്കപ്പെട്ടതായി അയാള്‍ കണ്ടു.' ഭൗതിക താല്‍പര്യങ്ങള്‍ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവര്‍ ആ ചങ്ങലയില്‍തന്നെ ബന്ധിപ്പിക്കപ്പെടുന്നു. അവര്‍ അധ്വാനിച്ച് സമ്പാദിച്ചുകൂട്ടുന്നത് അവര്‍ക്കുതന്നെ വിനയായിത്തീരുന്നു.
ബോധമില്ലാതെ ജീവിക്കുന്നവരുടെ കഥ മൗലാനാ മൗദൂദി വിശദീകരിക്കുന്നു: ''നാം ഗംഭീരമായ ഒരു വീട്ടില്‍ എത്തിപ്പെടുന്നു. അതിന്റെ മുക്കും മൂലകളും അറകളും ഖജനാവുമെല്ലാം പരിശോധിക്കുന്നു. വീട്ടിലെ പല സാധനങ്ങളും യഥേഷ്ടം ഉപയോഗിക്കുകയും ചിലവ നശിപ്പിക്കുകയും ചെയ്യുന്നു. പക്ഷേ വീട് ആരുടേതാണെന്ന് അറിയില്ല. ഉടമസ്ഥന് നമ്മുടെ പ്രവര്‍ത്തനങ്ങള്‍ ഇഷ്ടപ്പെടുന്നുണ്ടോ എന്ന ചിന്തയില്ല. ഈ സ്വഭാവം ഒരു കള്ളന് ചേര്‍ന്നതായിരിക്കാം. പക്ഷേ, ഒരു മാന്യന് ചേര്‍ന്നതല്ല'' (ആത്മസംസ്‌കരണം).
ഒരു വലിയ വിഭാഗത്തിന്റെ ജീവിതം ഇങ്ങനെയാണ്. എപ്പോഴോ ഭൂമിയിലേക്ക് പിറന്നുവീഴുന്നു, വളരുന്നു. കണ്ടത് ആസ്വദിക്കുന്നു. ചോദ്യമില്ല. ചിന്തയില്ല. ദൈവമുണ്ടോ എന്ന അന്വേഷണമില്ല. ഉണ്ടെങ്കില്‍ അവന്റെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ തയാറല്ല.
ശാസ്ത്രത്തിന്റെ മേന്മകള്‍ പൊക്കിപ്പിടിച്ചാണ് ഒരു വിഭാഗം മതത്തെ നിഷേധിക്കുന്നത്. ശാസ്ത്രം ഒട്ടേറെ സൗകര്യങ്ങള്‍ തന്നിട്ടുണ്ട്. എന്നാല്‍ മൂല്യങ്ങള്‍ തന്നില്ല. ശാസ്ത്രം ഒരേസമയം അനുഗ്രഹങ്ങളും ആപത്തുകളും നല്‍കി. മഹാ ശാസ്ത്രജ്ഞനായ ഐന്‍സ്റ്റീനോട് ചോദിച്ചു: 'മൂന്നാമതൊരു ലോകയുദ്ധമുണ്ടായാല്‍ എന്തായിരിക്കും മനുഷ്യന്റെ ആയുധം?' ഐന്‍സ്റ്റീന്‍ പറഞ്ഞു: 'അറിയില്ല. പക്ഷേ, നാലാമത് യുദ്ധമുണ്ടായാല്‍ ഉപയോഗിക്കാനുള്ളത് കല്ലും മരവുമായിരിക്കും.'
ജപ്പാനില്‍ പണ്ട് മുളയും കടലാസും കൊണ്ടുള്ള വിളക്കുകള്‍ ഉപയോഗിച്ചിരുന്നു. അതിനുള്ളില്‍ മെഴുകുതിരി കത്തിച്ചുവെക്കും. ഒരു രാത്രി ഒരു കുരുടന്‍ തന്റെ സുഹൃത്തിന്റെ അടുക്കലെത്തി. തിരിച്ചുപോകുമ്പോള്‍ സുഹൃത്ത് അയാള്‍ക്ക് കത്തിച്ച വിളക്ക് കൊടുത്തു.
'എനിക്ക് വിളക്ക് വേണ്ട. ഇരുട്ടും വെളിച്ചവും എനിക്ക് ഒരുപോലെയാണ്'- കുരുടന്‍ പറഞ്ഞു.
'അതെനിക്കറിയാം. പക്ഷേ നിങ്ങള്‍ വിളക്കില്ലാതെ പോകുമ്പോള്‍ ആരെങ്കിലും നിങ്ങളെ തട്ടിവീഴ്ത്തും.'
വിളക്കുമായി കുരുടന്‍ യാത്ര തുടങ്ങി. കുറച്ചു ദൂരം ചെന്നപ്പോള്‍ ഒരാള്‍ കുരുടന്റെ ദേഹത്ത് വന്നു മുട്ടി.
'എന്താ, വിളക്ക് കണ്ടുകൂടേ?' കുരുടന്‍ ചോദിച്ചു. 'നിങ്ങളുടെ വിളക്കിലെ വെളിച്ചം കെട്ടുപോയിരിക്കുന്നു'-വഴിയാത്രക്കാരന്‍ പറഞ്ഞു.
മുസ്‌ലിംകള്‍ ഈ കുരുടനെപ്പോലെയാണ്. കൈയിലെ വിളക്ക് കെട്ടുപോയിരിക്കുന്നു. ആപത്ത് അവര്‍ സ്വയം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു.
ഏറെ അസ്വസ്ഥതയുണ്ടാക്കുന്ന ആ ചോദ്യം ബാക്കിവെച്ചുകൊണ്ട് സുഹൃത്ത് മരിച്ചുപോയി. വിശ്വാസത്തിന്റെ നോവായി ആ ചോദ്യം എപ്പോഴും ഉയര്‍ന്നുവരുന്നു: 'നമുക്ക് സ്വര്‍ഗം കിട്ടുമോ?'
Comments