'ക്ഷമാപണ മനസ്സുള്ളവരല്ല എന്റെ കഥാപാത്രങ്ങള്‍'
നിങ്ങളുടെ നോവലായ 'ലവ് ഫ്രം ഏ ടു സീ' ഭാഗികമായെങ്കിലും ഇസ്‌ലാംവിരുദ്ധത വിഷയമാക്കുന്നുണ്ട്. പാശ്ചാത്യ രാജ്യത്ത് ജീവിക്കുന്ന വ്യക്തി എന്ന നിലയില്‍ താങ്കള്‍ക്ക് ഇസ്‌ലാംവിരുദ്ധത അനുഭവിക്കേണ്ടി വന്നിട്ടുണ്ടോ? മറ്റു പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് ഇക്കാര്യത്തില്‍ കാനഡ കുറേ കൂടി നല്ല സമീപനം സ്വീകരിക്കുന്നുണ്ടോ?
വ്യക്തിജീവിതത്തില്‍ എനിക്ക് ഇസ്‌ലാമോഫോബിയ നേരിടേണ്ടി വന്നിട്ടുണ്ട്. അതില്‍ പലതും ഞാന്‍ ലവ് ഫ്രം ഏ ടു സീ എന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പക്ഷേ 'തീവ്രവാദി' എന്ന് വിളിച്ച് ഒരാള്‍ എന്നെ സബ് വെയിലെ പ്ലാറ്റ്‌ഫോമിലേക്ക് തള്ളിയിട്ടതടക്കം ചില സംഭവങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
വ്യക്തിപരമായ അനുഭവങ്ങള്‍ക്കപ്പുറത്ത് വാര്‍ത്തകള്‍ ശ്രദ്ധിച്ചതിലൂടെ ഞാന്‍ മനസ്സിലാക്കിയ ഒരു കാര്യമുണ്ട്. ഇസ്‌ലാമോഫോബിയയെ നിയന്ത്രിക്കുന്നതില്‍ കാനഡ മറ്റു രാജ്യങ്ങളേക്കാള്‍ ഒരുപാടൊന്നും മുന്നിലാണെന്ന് പറയാന്‍ സാധിക്കില്ല. ക്യൂബെക് വെടിവെപ്പ് നടന്നത് രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. പശ്ചിമേഷ്യയെയും മുസ്‌ലിംകളുമായി ബന്ധപ്പെട്ട രാജ്യങ്ങളെയും 'ഭീഷണികള്‍' ആയി കാണുന്ന വിദേശനയമാണ് കാനഡക്കും ഉള്ളത്. ഇവിടെ മുഖ്യധാരാ മാധ്യമങ്ങള്‍ ദശാബ്ദങ്ങളായി വളരെ പരിതാപകരമായ രീതിയിലാണ് മുസ്‌ലിംകളെ കാണിക്കുന്നത്. യുദ്ധകാഹളങ്ങള്‍ തനിയെ മുഴങ്ങുന്നതല്ലല്ലോ.
മുസ്‌ലിംകളെ വളരെ മോശമായി, ഭീകരമായി അവതരിപ്പിക്കുന്ന വാര്‍ത്തകളും സിനിമകളും ടി.വി പരിപാടികളും പരസ്യങ്ങളും കണ്ടാണ് ഞാന്‍ വളര്‍ന്നത്. ഇതൊക്കെ സമൂഹത്തില്‍ അതിന്റേതായ പ്രത്യാഘാതങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. സാമൂഹികമാധ്യമങ്ങളില്‍ ഇസ്‌ലാംവിരുദ്ധത പ്രചരിപ്പിക്കുന്ന സംഘടനകളും വ്യക്തികളും ഉദാഹരണം. ഈ തെറ്റായ പ്രചാരണങ്ങള്‍ കാരണം തങ്ങള്‍ക്കിടയിലെ മുസ്‌ലിംകള്‍- അഥവാ കനേഡിയന്‍ മുസ്‌ലിംകള്‍- തങ്ങള്‍ക്ക് ഭീഷണിയാണെന്ന് അവരില്‍ പലരും ആത്മാര്‍ഥമായി വിശ്വസിക്കുന്നുണ്ട്.
ഇങ്ങനെയൊക്കെ ഒരു ഭാഗത്ത് നടക്കുന്നുണ്ടെങ്കിലും, സാംസ്‌കാരിക വ്യത്യാസങ്ങള്‍ക്കപ്പുറമുള്ള ഒരു സാമൂഹിക ബോധം കാനഡയില്‍, പ്രത്യേകിച്ച് ടൊറാേയില്‍, നിലനില്‍ക്കുന്നുണ്ട്. ഈ ഒരുമ ഇവിടെയുള്ള അത്രയും ഞാന്‍ മറ്റെവിടെയും കണ്ടിട്ടില്ല. അതുകൊണ്ടു തന്നെ ലോകത്തെ കുറച്ചു കൂടി കരുണാമയമായ ഒരിടമാക്കി മാറ്റാന്‍ പ്രയത്‌നിക്കുന്നവര്‍ക്ക് കാനഡ പ്രത്യാശ നല്‍കുന്നുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.
കാനഡയിലെ ഒരു മുസ്‌ലിം സ്ത്രീയുടെ ജീവിതം ഇപ്പോള്‍ എങ്ങനെയാണ്? മുന്‍കാല അനുഭവങ്ങള്‍ക്ക് മാറ്റം സംഭവിച്ചു കൊണ്ടിരിക്കുന്നുണ്ടോ?
ഇവിടെയുള്ള ഇസ്‌ലാമോഫോബിയയെ കുറിച്ച് ഞാന്‍ മുമ്പ് സംസാരിച്ചെങ്കിലും കാനഡയിലല്ലാതെ മറ്റൊരു രാജ്യത്തും ജീവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഒരുപാട് യാത്ര ചെയ്യാനും ഇസ്‌ലാമിക രാജ്യങ്ങളിലടക്കം ജീവിക്കാനും ഭാഗ്യം സിദ്ധിച്ച ഒരാള്‍ എന്ന നിലയിലാണ് ഞാനിത് പറയുന്നത്.
മുസ്‌ലിം രാജ്യങ്ങളിലെയും ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെയും മുസ്‌ലിം സ്ത്രീകള്‍ക്ക് എത്രത്തോളം അവകാശങ്ങള്‍ ലഭ്യമാണ് എന്നതിനെക്കുറിച്ച് എനിക്ക് വളരെയധികം ആശങ്കയുണ്ട്. ഇസ്‌ലാം സ്ത്രീകള്‍ക്ക് നല്‍കുന്ന അവകാശങ്ങള്‍ യഥാര്‍ഥ ജീവിതത്തില്‍ അവര്‍ക്ക് വകവെച്ചു കൊടുക്കുന്ന ഒരു രാജ്യവും ഞാനിതു വരെ കണ്ടിട്ടില്ല- കാനഡയൊഴികെ.
ഞാനിങ്ങനെ പറയുന്നത് പലരെയും അത്ഭുതപ്പെടുത്തുമെന്ന് അറിയാം. കാനഡയിലെ മുസ്‌ലിംകളുടെ അവസ്ഥയെക്കുറിച്ച് തെറ്റായ ധാരണകള്‍ വെച്ചു പുലര്‍ത്തുന്ന പല മുസ്‌ലിംകളെയും വിദേശത്ത് താമസിക്കുന്ന കാലത്ത് ഞാന്‍ കണ്ടുമുട്ടിയിട്ടുണ്ട്. മാധ്യമങ്ങളില്‍ മുസ്‌ലിംകളെ പ്രതിനിധീകരിക്കുന്ന രീതിയെക്കുറിച്ചു ഞാന്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ കേട്ടവര്‍ക്കും ഈ അഭിപ്രായം അത്ഭുതകരമായി തോന്നാം.
എന്നാല്‍ എന്റെ പിതാവിനെ പോലെ ഞാനും തുറന്നു സംസാരിക്കാന്‍ പേടിക്കാത്ത ഒരാളാണ്-അത് 'നമ്മള്‍'ക്ക് അനുകൂലമായാലും പ്രതികൂലമായാലും.
ഒരു മുസ്‌ലിം വനിത എന്ന നിലയില്‍ സ്വാതന്ത്ര്യത്തോടെയും പേടിയില്ലാതെയും എന്റെ മതം പിന്തുടരാനുള്ള അവകാശങ്ങള്‍ എനിക്ക് ഇവിടെ ലഭിക്കുന്നുണ്ട്. എന്റെ ചെറുപ്പകാലം മുതല്‍ തന്നെ അതങ്ങനെയാണ്. അതിനൊരു മാറ്റവും വന്നിട്ടില്ല. ഇസ്‌ലാം സ്ത്രീക്ക് നല്‍കണമെന്ന് പറയുന്ന തരത്തിലുള്ള ആദരവ് എനിക്ക് ഇവിടെ ലഭിക്കുന്നുണ്ട്. എന്റെ യാത്രകള്‍ക്കിടയില്‍ മറ്റെവിടെയും എനിക്ക് ഈ സ്വാതന്ത്ര്യവും സുരക്ഷിതത്വ ബോധവും അനുഭവപ്പെട്ടിട്ടില്ല- ഇസ്‌ലാമിക രാജ്യങ്ങളിലടക്കം.
കനേഡിയന്‍ മുസ്‌ലിം എന്ന നിലയില്‍ വ്യക്തിപരമായി എനിക്ക് ഒരു സുരക്ഷിതത്വ ബോധം അനുഭവപ്പെടുന്നുണ്ടെങ്കിലും സര്‍ക്കാറിന്റെ നയങ്ങളുടെ മേല്‍ ഇസ്‌ലാമോഫോബിയക്കുള്ള സ്വാധീനത്തെക്കുറിച്ചുള്ള ആധിയും ഇതിന്റെ കൂടെ എന്റെ മനസ്സിലുണ്ട്. ക്യൂബെക്കിലെ ബില്‍ 21 ആണ് ഇതിനൊരുദാഹരണം. അതുമായി ബന്ധപ്പെട്ട നിയമയുദ്ധത്തെ ഞാന്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.
(ക്യൂബെക്കിലെ പൊതുമേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ മതപരമായ ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍നിന്ന് വിലക്കുന്ന നിയമമാണ് ബില്‍ 21).
നിങ്ങളുടെ സഹോദരനായ ഫൈസല്‍ കുട്ടി പ്രമുഖ അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമാണ്. നിഖാബ് നിരോധവും ഓന്റാറിയോ ഭീകരാക്രമണ പദ്ധതി കേസും വിമാനയാത്രകളെ നിയന്ത്രിക്കുന്ന പാസഞ്ചര്‍ പ്രൊട്ടക്ട് ആക്ടുമടക്കം മുസ്‌ലിംകളെയും ഇസ്‌ലാമിനെയും ബാധിക്കുന്ന പല പ്രമാദമായ കേസുകളുടെയും ഭാഗമായി പ്രവര്‍ത്തിച്ച വ്യക്തിയാണ് അദ്ദേഹം. സാമൂഹിക/രാഷ്ട്രീയ ആക്ടിവിസം നിങ്ങളുടെയും ജീവിതത്തിന്റെ ഭാഗമാണോ?
എന്റെ ചെറുപ്പകാലത്ത്, പ്രത്യേകിച്ച് സര്‍വകലാശാലയില്‍ പഠിച്ചിരുന്ന കാലത്ത്, രാഷ്ട്രീയവും സാമൂഹികവുമായ ആക്ടിവിസം എന്റെ ജീവിതത്തിന്റെ പ്രധാന ഭാഗമായിരുന്നു. സ്‌കൂള്‍ കാലം തൊട്ടു തന്നെ മറ്റു കുട്ടികളെയും വിഷയങ്ങളില്‍ പ്രതികരിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു സമ്പൂര്‍ണ ആക്ടിവിസ്റ്റായിരുന്നു ഞാന്‍.
പിന്നീട് മാതാവും അധ്യാപികയുമൊക്കെ ആയപ്പോള്‍ സാമൂഹിക നീതിക്കു വേണ്ടിയുള്ള എന്റെ പ്രവര്‍ത്തന രീതികളില്‍ മാറ്റം വന്നു എന്നുമാത്രം. എന്റെ ക്ലാസ്മുറികളില്‍ എന്റെ കുട്ടികളുടെ വ്യക്തിത്വത്തെ പരിപോഷിപ്പിക്കുന്ന പുസ്തകങ്ങള്‍ നിറയ്ക്കാന്‍ ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്. കുട്ടികള്‍ക്കിടയില്‍, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്കിടയില്‍, തങ്ങള്‍ ജീവിക്കുന്ന സമുദായവുമായി അടുപ്പം വളര്‍ത്താനും പരസ്പരം സഹായിക്കാന്‍ അവരെ പഠിപ്പിക്കാനുമാണ് എന്റെ ശ്രമങ്ങള്‍. കാനഡയിലെ താമസസ്‌കൂളുകളിലെ ആദിവാസി വിഭാഗക്കാരായ കുട്ടികളുടെ ദുരനുഭവങ്ങളടക്കം അവര്‍ അറിഞ്ഞിരിക്കേണ്ട വിഷയങ്ങളെക്കുറിച്ച് ഞാന്‍ അവരോട് സംസാരിക്കുന്നു.
മാതാവ് എന്ന നിലയില്‍ ഞാനെന്റെ കുട്ടികളെ വിവിധ വിഷയങ്ങളില്‍ നടക്കുന്ന പ്രതിഷേധങ്ങളുടെയും പ്രകടനങ്ങളുടെയും ഭാഗമാകാന്‍ കൊണ്ടുപോവാറുണ്ട്. അവരുടെ കാഴ്ചപ്പാടുകള്‍ വികസ്വരമാകാന്‍ അവര്‍ക്ക് പുസ്തകങ്ങള്‍ നല്‍കാറുണ്ട്. അവരുറങ്ങുമ്പോള്‍ പല വിഷയങ്ങളിലും എനിക്കുള്ള ആശങ്കകള്‍ പങ്കുവെച്ചു കത്തുകളും ലേഖനങ്ങളും എഴുതാനും മറ്റു പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും സമയം കെത്തുകയും ചെയ്യുന്നു.
ഇന്ന് ഞാന്‍ പുസ്തകങ്ങള്‍ എഴുതുന്നു. ലോകത്തെക്കുറിച്ച എന്റെ ആശങ്കകള്‍, കാരുണ്യവും നീതിയുമുള്ള ഒരു ലോകം സൃഷ്ടിക്കുന്നതിനു വേണ്ടി മനുഷ്യര്‍ ചെയ്യണമെന്ന് ഞാന്‍ വിശ്വസിക്കുന്ന കാര്യങ്ങള്‍ ഇതൊക്കെ ഈ പുസ്തകങ്ങളിലൂടെ ജനങ്ങളിലെത്തിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്, ഇന്‍ശാ അല്ലാഹ്.
അമുസ്‌ലിംകളെയും കൂടെ ചേര്‍ത്തു നിര്‍ത്തി പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും അവരുമായി സംവദിക്കണമെന്നും വിശ്വസിക്കുന്ന വ്യക്തിയാണ് നിങ്ങളുടെ പിതാവായ ശൈഖ് അഹ്മദ് കുട്ടി. എന്നാല്‍ കാനഡയിലെ എല്ലാ മുസ്‌ലിംകളും ഇത്ര വിശാലമായി ചിന്തിക്കുന്നവരല്ല. ഈ യാഥാസ്ഥിതിക ചിന്തക്ക് സമുദായത്തില്‍ എത്രത്തോളം സ്വാധീനമുണ്ട്?
നിര്‍ഭാഗ്യകരമായ ഒരു വസ്തുതയാണിത്. യാഥാസ്ഥിതിക ചിന്തകളില്‍ സമുദായത്തെ തളച്ചിടുന്ന ഒരു വിഭാഗം കനേഡിയന്‍ മുസ്‌ലിംകള്‍ക്കിടയില്‍ വളരെ ശക്തമായി തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. സ്വന്തം സമുദായത്തെ സ്‌നേഹിക്കുകയും അവരെക്കുറിച്ച് നല്ല കഥകള്‍ പറയണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു എഴുത്തുകാരി എന്ന നിലയില്‍ ഇത്തരം മോശപ്പെട്ട അനുഭവങ്ങള്‍ എന്നെ വേദനിപ്പിക്കുന്നു. യാത്രകള്‍ക്കിടയില്‍ മറ്റുള്ളവരുമായി സംവദിക്കുമ്പോള്‍ സ്വന്തം സമുദായത്തിന്റെ നല്ല വശം ഉയര്‍ത്തിക്കാണിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. കാരണം ഇപ്പോഴുള്ള ഇസ്‌ലാമോഫോബിയ മൂലം ഈ കഥകള്‍ പലതും പുറത്തേക്കു വരുന്നില്ല. നമ്മുടെ സമുദായത്തെ പിറകോട്ടേക്ക് വലിക്കുന്ന പല ശക്തികളെയും ഞാനിവിടെ നേരിടേണ്ടി വരുന്നുണ്ട്. ഈ അനുഭവങ്ങളില്‍ പലതും മുസ്‌ലിം സ്ത്രീ എന്ന നിലയിലുള്ള എന്റെ അനുഭവങ്ങളുടെ ഭാഗമാണ്.
ഇവിടെയുള്ള ചില പള്ളികളാണ് ഇതിനൊരുദാഹരണം. പാതാളമുറികള്‍ പോലെ ഇടുങ്ങിയ സ്ഥലങ്ങളാണ് പലപ്പോഴും സ്ത്രീകളുടെ നമസ്‌കാരസ്ഥലമായി മാറ്റിവെച്ചിരിക്കുന്നത്. ഇവ കണ്ടാല്‍ സ്ത്രീകള്‍ക്കുള്ള ഭാഗം പണിയാന്‍ മറന്നു പോയിട്ട് പിന്നീട് പേരിനു വേണ്ടി ചെറിയൊരു സ്ഥലം മാറ്റി വെച്ചതാണോ എന്ന് തോന്നിപ്പോകും. ഞാനടുത്തിടെ പശ്ചിമേഷ്യയിലെ ചില രാജ്യങ്ങള്‍ സന്ദര്‍ശിച്ച് തിരിച്ചുവന്നതാണ്. അവിടെയും പള്ളികളുടെ കാര്യം സമാനമാണെന്ന് എനിക്ക് പറയാന്‍ സാധിക്കും. സ്ത്രീകളെ 'കുറഞ്ഞവരായി' കാണാനുള്ള ഈ പ്രവണത കനേഡിയന്‍ മുസ്‌ലിംകള്‍ തങ്ങളുടെ 'പഴയ രാജ്യങ്ങളി'ല്‍നിന്ന് കൊണ്ടു വന്നതാണെന്ന് തോന്നുന്നു (ഒരു ഗള്‍ഫ് രാജ്യത്ത് പോയപ്പോള്‍ മനോഹരമായ വലിയ ഒരു പുതിയ പള്ളി സന്ദര്‍ശിക്കാനിടയായി. അവിടെയും വിശ്വസിക്കാനാവാത്തത്രയും ചെറിയ ഒരു സ്ഥലമാണ് സ്ത്രീകള്‍ക്ക് വേണ്ടി മാറ്റി വെച്ചിരുന്നത്. കുറേ സ്ത്രീകള്‍ പുറത്ത് പടികളിലും കുറേ പേര്‍ പൊള്ളുന്ന വെറും മാര്‍ബിള്‍ തറയിലും നെറ്റി വെച്ചാണ് നമസ്‌കരിച്ചത്).
ഇത്തരം കാര്യങ്ങള്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന യാഥാസ്ഥിതിക പിന്നാക്ക ചിന്താഗതിയുടെ പ്രതിഫലനമാണ്. മുസ്‌ലിം പണ്ഡിത വിഭാഗത്തിലേക്കും ഈ ചിന്തകള്‍ അരിച്ചുകേറിയിട്ടുണ്ട്. ഉത്തര അമേരിക്കയിലെ ഭക്തിയുള്ള ചെറുപ്പക്കാരായ മുസ്‌ലിംകള്‍ പോലും 'പള്ളിയില്‍ നിന്ന് വേറിട്ടവര്‍' (Unmosqued) എന്ന് സ്വയം വിശേഷിപ്പിക്കാനാണ് ഇഷ്ടപ്പെടുന്നത്. പള്ളികളെ കൂടുതല്‍ തുറന്നതും ഇസ്‌ലാമികവുമായ സ്ഥലങ്ങളാക്കണോ എന്ന ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ അവര്‍ താല്‍പര്യപ്പെടുന്നില്ല. ഒരുപാട് വര്‍ഷങ്ങളുടെ പ്രയത്‌നങ്ങള്‍ക്കും മാറ്റങ്ങള്‍ക്കു വേണ്ടിയുള്ള കാത്തിരിപ്പിനുമൊടുവിലും ഇതാണ് അവസ്ഥ. ഈ 'അണ്‍മോസ്‌ക്ഡ്' വിചാരധാര മാറുകയും സമുദായത്തിന്റെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ആളുകളുടെ ഭാഗത്തു നിന്ന് കൂടുതല്‍ ശ്രമങ്ങള്‍ ഉണ്ടാവുകയും ചെയ്യട്ടെ എന്ന് ഞാന്‍ പ്രത്യാശിക്കുന്നു.
എന്റെ ഉപ്പ ടൊറാേയില്‍ സ്ഥാപിച്ച ഇസ്‌ലാമിക് ഇന്‍സ്റ്റിറ്റിയൂട്ട് (Islamic Institute of Toronto) ഇതിനൊരു മനോഹരമായ മാതൃകയാണ്, മാശാ അല്ലാഹ്. ഇവിടെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള ഭാഗങ്ങള്‍ സമമാണ്. പുരുഷന്മാര്‍ കാണുന്ന അതേ രൂപത്തില്‍ സ്ത്രീകളും ഖത്വീബിനെ കാണുന്നു (ഉയരത്തിലുള്ള ഒരു പക്ഷിക്കൂട്ടില്‍ നിന്നോ കാഴ്ചക്കപ്പുറമുള്ള ഏതെങ്കിലും നിലവറയില്‍ നിന്നോ അല്ല). പുരുഷന്മാര്‍ കയറുന്ന അതേ കവാടത്തിലൂടെ സ്ത്രീകളും കയറുന്നു (രാത്രികാലങ്ങളില്‍ സുരക്ഷിതമല്ലാത്ത പിന്‍വാതിലുകളിലൂടെ അല്ല; ഇവിടെ പല പള്ളികളിലും അതാണ് സ്ഥിരം കാഴ്ച). ക്ലാസ്മുറികളില്‍ തുറന്ന ഇരിപ്പിടങ്ങളാണ്; അവിടെ എനിക്ക് വേണമെങ്കില്‍ എന്റെ ഭര്‍ത്താവിന്റെ കൂടെ ഇരിക്കാം. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും മാന്യതയോടെ ഇടപഴകാനുള്ള സ്ഥലം കയറിവരുന്നയിടത്തുണ്ട്. പല പള്ളികളിലും കാണുന്നതു പോലെ 'അയ്യേ, ഇവിടെ ഒരു സ്ത്രീ!' എന്ന മനോഭാവമല്ല. അവിടെ ഞാനോ എന്റെ സഹോദരിയോ പിതാവിനെയോ ഭര്‍ത്താവിനെയോ ആണ്‍മക്കളെയോ മരുമക്കളെയോ പെരുന്നാളിന് ആശ്ലേഷിക്കാന്‍ പോവുന്നതില്‍ തെറ്റില്ല. സമുദായത്തില്‍ തന്നെയുള്ള പരിചയക്കാരോട് സഹോദരനും സഹോദരിയും ചെയ്യുന്നതു പോലെ സംവദിക്കുന്നതില്‍ വിലക്കില്ല. അതായത് സ്ത്രീകളും മനുഷ്യരാണ് എന്ന് കാണിക്കുന്നതില്‍ അവിടെ വിലക്കില്ല.
ഇങ്ങനെയൊരു സ്ഥലം സ്ത്രീകള്‍ക്ക് സുരക്ഷിതവും സൗകര്യപ്രദവും ആക്കിത്തീര്‍ത്തതില്‍ എന്റെ പിതാവിന്റെ പ്രയത്‌നത്തിന് പങ്കുണ്ട്. പ്രവാചകന്റെ (റ) സമയത്തും കാര്യങ്ങള്‍ ഇങ്ങനെയായിരുന്നു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സത്യത്തില്‍ പുരുഷമേധാവിത്വത്തില്‍നിന്നും സാംസ്‌കാരിക മേധാവിത്വത്തില്‍നിന്നും ലൗകിക ജീവിതത്തിന്റെ മറ്റു പടുകുഴികളില്‍നിന്നും രക്ഷപ്പെടാന്‍ ലോകത്തിന് മാതൃക കാണിക്കേണ്ട ദര്‍ശനമാണ് ഇസ്‌ലാം. അത്തരമൊരു സംസ്‌കാരത്തില്‍ നിന്ന് തെറ്റായ മാര്‍ഗത്തിലേക്ക് മുസ്‌ലിംകള്‍ വഴി മാറി നടന്നതിനെക്കുറിച്ച് കൂടുതല്‍ ആളുകള്‍ക്ക് ബോധ്യമുണ്ടാകട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു.
എഴുത്തിലൂടെ നിങ്ങള്‍ അഭിസംബോധന ചെയ്യാന്‍ ശ്രമിക്കുന്ന വിഷയങ്ങള്‍ എന്തൊക്കെയാണ്?
കുട്ടികളെ ബാധിക്കുന്ന വിഷയങ്ങളാണ് യുവവായനക്കാര്‍ക്ക് വേണ്ടിയുള്ള എന്റെ കഥകളിലെ പ്രമേയങ്ങള്‍. ഈ പ്രശ്‌നങ്ങള്‍ ചെറുതായിരുന്നപ്പോള്‍ ഞാന്‍ നേരിട്ടവയാണ്. ഇന്നത്തെ കുട്ടികളും അതു നേരിട്ടുകൊണ്ടിരിക്കുന്നു. അന്ന് ഞാന്‍ ചോദിക്കാന്‍ മടിക്കുകയോ പേടിക്കുകയോ ചെയ്ത ചോദ്യങ്ങളാണ് അവര്‍ക്കു വേണ്ടി ഇന്ന് ഞാന്‍ ഉയര്‍ത്തുന്നത്.
ഇപ്പോള്‍ ഞാന്‍ എഴുതിക്കൊണ്ടിരിക്കുന്ന പുസ്തകം മുതിര്‍ന്നവര്‍ക്കുള്ളതാണ്. ഇസ്തംബൂളില്‍ നടക്കുന്ന ഒരു പ്രണയ-ഹാസ്യ നോവലാണത്. വ്യക്തിപരമായ വളര്‍ച്ചയെക്കുറിച്ചാണ് പുസ്തകം മുഖ്യമായും സംസാരിക്കുന്നത്.
നിങ്ങളുടെ കഥാപാത്രങ്ങള്‍ മുഖ്യധാരാ ആഖ്യാനങ്ങളിലെ മുസ്‌ലിംകളില്‍ നിന്ന് എങ്ങനെയാണ് വ്യത്യസ്തമാകുന്നത്? ഏതു തരത്തിലുള്ള മുസ്‌ലിമിനെയാണ് നിങ്ങള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്?
കുറവുകളും ആഗ്രഹങ്ങളുമുള്ള, ആത്മവിശ്വാസവും ആത്മവിശ്വാസക്കുറവുമുള്ള, വിവിധങ്ങളായ വ്യക്തിത്വങ്ങളുള്ള യഥാര്‍ഥ മുസ്‌ലിംകളെ വരച്ചുകാട്ടാനാണ് ഞാന്‍ ശ്രമിക്കുന്നത്. ഒരു പ്രത്യേക തരത്തിലുള്ള മുസ്‌ലിമിനെക്കുറിച്ചല്ല ഞാനെഴുതുന്നത്. ഞാനും എന്റെ ചുറ്റുമുള്ളവരുമടക്കം ജീവിതത്തില്‍ ഞാന്‍ കണ്ടുമുട്ടിയ യഥാര്‍ഥ മനുഷ്യര്‍ തന്നെയാണ് എന്റെ കഥാപാത്രങ്ങള്‍.
ഇങ്ങനെ പറയുമ്പോള്‍ തന്നെ ഉത്തര അമേരിക്കയിലെ പ്രസാധക ലോകവും ബാക്കിയുള്ള സാംസ്‌കാരിക ലോകവും തമ്മില്‍ വലിയൊരു അന്തരം നിലനില്‍ക്കുന്നുണ്ട് എന്ന യാഥാര്‍ഥ്യത്തെക്കുറിച്ചും എനിക്ക് നല്ല ബോധ്യമുണ്ട്. മുസ്‌ലിം സ്വത്വത്തെ സ്വാഭാവികമായി കാണുന്ന, അതിനെ ഒരു പ്രശ്‌നമോ വേദനയോ ആയി കാണാത്ത ആഖ്യാനങ്ങള്‍ കുറവാണ്. ക്ഷമാപണമില്ലാതെ മുസ്‌ലിമാകുന്ന കഥാപാത്രങ്ങള്‍ സാഹിത്യത്തില്‍ കാണാന്‍ സാധിക്കില്ല. എന്നാല്‍ ഞാന്‍ വളര്‍ന്നത് അങ്ങനെയുള്ള മുസ്‌ലിംകളുടെ നടുവിലാണ്. എന്റെ കഥകളിലെ മുസ്‌ലിംകള്‍ അവരുടെ ഇസ്‌ലാമികതയില്‍ ലജ്ജിക്കുന്നില്ല. എന്നാല്‍ അവരൊന്നും എല്ലാം തികഞ്ഞ കാല്‍പനിക മനുഷ്യരുമല്ല. അല്‍ഹംദു ലില്ലാഹ്, ഇതു കൊണ്ടാണ് എന്റെ കഥകള്‍ വേറിട്ടു നില്‍ക്കുന്നതെന്ന് തോന്നുന്നു.
സെയിന്റ്‌സ് ആന്റ് മിസ്ഫിറ്റ്‌സ്, ലവ് ഫ്രം ഏ ടു സീ എന്നിവയാണ് നിങ്ങളുടെ പ്രധാന രചനകള്‍. രണ്ട് പ്രമേയങ്ങളിലേക്കും എത്തിച്ചേര്‍ന്നത് എങ്ങനെയാണ്?
മുസ്‌ലിംകള്‍ക്കിടയിലും സ്ത്രീകള്‍ക്കെതിരെ ലൈംഗികാതിക്രമങ്ങള്‍ നടക്കുന്നുണ്ടെന്നതും, മുസ്‌ലിമാണെങ്കിലും അല്ലെങ്കിലും ഒരു സ്ത്രീയെ സംബന്ധിച്ചേടത്തോളം ഇത്തരം കാര്യങ്ങളെക്കുറിച്ച് തുറന്നു പറയുന്നത് എത്ര കഠിനമാണെന്നതും സെയിന്റ്‌സ് ആന്റ് മിസ്ഫിറ്റ്‌സ് ചര്‍ച്ച ചെയ്യുന്ന ചില പ്രമേയങ്ങളാണ്. പല ശക്തികള്‍ ഒരുമിച്ച് സ്വാധീനം ചെലുത്തുന്ന ഒരു ലോകത്ത് സ്വന്തം സ്ഥാനവും സ്വത്വവും എന്താണെന്ന തിരിച്ചറിവിലേക്കുള്ള ഒരു വ്യക്തിയുടെ യാത്രയും പുസ്തകം വരച്ചുകാട്ടുന്നുണ്ട്. ഇതിനൊക്കെ പുറമെ ഈ പുസ്തകം മുസ്‌ലിം സമുദായത്തിനുള്ള എന്റെ ഒരു പ്രേമലേഖനമാണെന്നും പറയാം. സമുദായത്തിനകത്തും പുറത്തും പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിട്ടും ജീവിതം മെച്ചപ്പെടുത്താന്‍ മുസ്‌ലിം സമുദായം നടത്തുന്ന ശ്രമങ്ങള്‍ ഞാന്‍ എന്റെ വാക്കുകളിലൂടെ സാക്ഷ്യപ്പെടുത്തുകയാണ്.
ഇസ്‌ലാംവിരുദ്ധത ചെറുപ്പക്കാരെ എങ്ങനെ ബാധിക്കുന്നുവെന്നും പ്രശ്‌നങ്ങളോട് പല തരം ആളുകള്‍ എങ്ങനെ പല രീതിയില്‍ പ്രതികരിക്കുന്നുവെന്നും അടയാളപ്പെടുത്താനാണ് ലവ് ഫ്രം ഏ ടു സീ എന്ന പുസ്തകം ശ്രമിക്കുന്നത്. മാരകരോഗങ്ങളും ജീവിതത്തിലെ മറ്റു പ്രതിസന്ധി ഘട്ടങ്ങളുമുാവുമ്പോള്‍, കുടുംബവും സുഹൃത്തുക്കളും നമുക്കു ചുറ്റും ഉണ്ടാക്കിയെടുത്ത ബന്ധങ്ങള്‍ എങ്ങനെയാണ് നമ്മെ താങ്ങി നിര്‍ത്തുന്നതെന്നും ഈ നോവല്‍ ചിത്രീകരിക്കുന്നുണ്ട്. എന്നാല്‍ ആത്യന്തികമായി ഇതൊരു പ്രണയകഥയാണ്. ഒരാള്‍ മറ്റൊരാളിലെ ഏറ്റവും നല്ല ഗുണങ്ങള്‍ കണ്ടുപിടിക്കുന്നു, ഈ ലോകത്ത് ശേഷിക്കുന്ന സമയം അവരില്‍ ഈ ഗുണങ്ങള്‍ പുറത്തുകൊണ്ടുവരാനും സ്വന്തം ജീവിതങ്ങള്‍ മെച്ചപ്പെടുത്താനും ഉപയോഗിക്കുമെന്ന് സ്വയം പ്രതിജ്ഞയെടുക്കുന്നു- അങ്ങനെയുള്ള മനോഹരമായ സ്‌നേഹത്തിന്റെ കഥ.
യുവസാഹിത്യം തെരഞ്ഞെടുക്കാനുള്ള കാരണമെന്താണ്? അധ്യാപിക എന്ന നിലയില്‍ താങ്കളുടെ ജോലി ഈ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടുണ്ടോ?
കുട്ടിത്തത്തില്‍ നിന്ന് യൗവനത്തിലേക്കും പക്വതയിലേക്കും കാലെടുത്തു വെക്കുന്ന പ്രായം വളരെ പ്രധാനമാണ്. ഇവയെക്കുറിച്ചുള്ള കഥകള്‍ക്കും നല്ല പ്രാധാന്യമുണ്ട്. സ്വത്വബോധത്തിന്റെ പുതിയ പല സാധ്യതകളുടെയും അന്വേഷണങ്ങള്‍ ഇന്ന് യുവസാഹിത്യത്തിലാണ് നടക്കുന്നത്. പ്രത്യേകിച്ച് പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ സ്വത്വബോധം. ചെറുപ്പക്കാരിയായ മുസ്‌ലിം എന്ന നിലയില്‍ എന്റെ അനുഭവങ്ങള്‍ പ്രതിഫലിക്കുന്ന പുസ്തകങ്ങള്‍ ഞാന്‍ വളര്‍ന്നു വരുമ്പോള്‍ കണ്ടിട്ടേയില്ല. അതുകൊണ്ടാണ് ഇത്തരം കഥകള്‍ എഴുതണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നത്.
നിങ്ങളുടെ പല കഥാപാത്രങ്ങളുടെയും വേരുകള്‍ പല രാജ്യങ്ങളിലായാണ് കിടക്കുന്നത്. ഉദാഹരണത്തിന്, ഇന്ത്യന്‍, ഈജിപ്ഷ്യന്‍, കരീബിയന്‍... ഇസ്‌ലാം ഒരു പ്രത്യേക വംശമോ രാജ്യമോ അല്ല എന്നുള്ള ഒരു ആശയം നല്‍കാന്‍ ഈ കഥാപാത്രങ്ങളിലൂടെ നിങ്ങള്‍ ശ്രമിക്കുന്നുണ്ടോ?
സാംസ്‌കാരിക വൈവിധ്യം നിറഞ്ഞ ഒരു സമൂഹമാണ് ടൊറാേയില്‍ നിലനില്‍ക്കുന്നത്. ഞാന്‍ വെള്ളിയാഴ്ച ജുമുഅക്ക് പോകുന്ന പള്ളിയില്‍ എല്ലാ രാജ്യങ്ങളില്‍ നിന്നും സംസ്‌കാരങ്ങളില്‍ നിന്നും ഉള്ളവരുണ്ട്. ചെറുപ്പകാലത്ത് ഞാന്‍ ഭാഗമായിരുന്ന യൂത്ത് ഗ്രൂപ്പുകളും സംസ്‌കാരവൈവിധ്യം നിറഞ്ഞവയായിരുന്നു. എന്റെ കുടുംബ, സാമൂഹിക വൃത്തങ്ങള്‍ സാംസ്‌കാരികമായി ഏറെ വൈവിധ്യങ്ങള്‍ പുലര്‍ത്തുന്നുണ്ട്. അതുകൊണ്ട് അത്തരം കഥാപാത്രങ്ങളെ എന്റെ കഥകളില്‍ ഉള്‍പ്പെടുത്തുക എന്നത് എന്നെ സംബന്ധിച്ചേടത്തോളം എളുപ്പമാണ്.
എന്നാല്‍ ഇതില്‍ ഞാന്‍ ബോധപൂര്‍വമായ ഒരു നീക്കം നടത്തുന്നുണ്ട് എന്നതും സത്യമാണ്. സാംസ്‌കാരിക പാരമ്പര്യങ്ങളെ 'മുസ്‌ലിം പാരമ്പര്യങ്ങ'ളായി മുദ്ര കുത്തുന്ന രീതി എന്നെ അലോസരപ്പെടുത്തുന്നുണ്ട്. എന്റെ കഥകളിലൂടെ ഇത്തരം ധാരണകളെ ചോദ്യം ചെയ്യാന്‍ എനിക്ക് സാധിക്കുന്നു. അതില്‍ ഞാനൊരു സംതൃപ്തി കണ്ടെത്തുന്നുണ്ട്.
മുസ്‌ലിം ഷെല്‍ഫ് സ്‌പേസ് (#MuslimShelfSpace) എന്ന ഹാഷ്ടാഗിനെക്കുറിച്ച് വിവരിക്കാമോ?
2016-ന്റെ അവസാനത്തിലോ 2017-ന്റെ തുടക്കത്തിലോ ആരംഭിച്ചതാണ് #MuslimShelfSpace . ഉത്തരവാദിത്തപൂര്‍ണമായ പ്രസാധനത്തെക്കുറിച്ച് ഇത്രയേറെ ചര്‍ച്ചകള്‍ നടക്കുന്ന കാലത്തും മുസ്‌ലിംകളെക്കുറിച്ച മോശമായ സ്ഥിരസങ്കല്‍പങ്ങള്‍ സാഹിത്യത്തില്‍ നിലനില്‍ക്കുന്നതിനെതിരെയായിരുന്നു ഈ നീക്കം. മുസ്‌ലിംകളെ നല്ല വെളിച്ചത്തില്‍ കാണിക്കുന്ന പുസ്തകങ്ങള്‍ നിറയ്ക്കാന്‍ മാത്രമായി ഒരു സ്ഥലം പുസ്തകത്തട്ടില്‍ മാറ്റിവെക്കാന്‍ വായനക്കാരെ വെല്ലുവിളിച്ചു കൊണ്ടാണ് ഈ ഹാഷ്ടാഗ് (Hashtag) സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇത്തരം പുസ്തകങ്ങളുടെ എണ്ണം കൂടിവരുന്നത് വായനക്കാരുടെ പ്രതികരണങ്ങളിലൂടെ മനസ്സിലാകുന്നുണ്ടായിരുന്നു. അഭിമാനത്തോടെയാണ് പലരും ഇതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചത്. വ്യക്തി തലത്തിലും പ്രസാധക തലത്തിലും ഈ വിഷയത്തെക്കുറിച്ച് ബോധവത്കരണം സൃഷ്ടിക്കാന്‍ ഈ ഹാഷ്ടാഗിലൂടെ സാധിച്ചു.
പണിപ്പുരയിലുള്ള കൃതികള്‍?
ഇസ്തംബൂളിലെ ഒരു ക്ലാസില്‍ വെച്ച് കണ്ടുമുട്ടുന്ന രണ്ടാളുകളെക്കുറിച്ചുള്ള ഹാസ്യ-പ്രണയ കഥ ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്. ഇത് മുതിര്‍ന്നവര്‍ക്കുള്ള കഥയാണ്. യുവസാഹിത്യത്തില്‍ മൂന്ന് രചനകളുടെ പണിപ്പുരയിലാണ് ഞാന്‍. എന്നാല്‍ ഇപ്പോള്‍ അതിനെക്കുറിച്ച് പറയാന്‍ സാധിക്കില്ല. 2020 മെയ് 5-ന് ഞാന്‍ ഭാഗമായ കുട്ടികള്‍ക്കുള്ള ചെറുകഥകളുടെ ഒരു സമാഹാരം പുറത്തിറങ്ങുന്നുണ്ട്. വണ്‍സ് അപോണ്‍ ആന്‍ ഈദ്(Once Upon An Eid) എന്നാണ് അതിന്റെ പേര്. വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നുള്ള 15 മുസ്‌ലിം എഴുത്തുകാരുടെ രചനകളാണ് അതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സന്തോഷവും സ്‌നേഹവും നിറഞ്ഞ കഥകളാണിവയെല്ലാം. മുസ്‌ലിംകള്‍ സ്വന്തം അസ്തിത്വം അഭിമാനത്തോടെ ആഘോഷിക്കാന്‍ സമയമായി എന്ന് വിശ്വസിക്കുന്ന ഒരാളെന്ന നിലക്ക് ഈ പുസ്തകം വളരെ ആവേശത്തോടെയാണ് ഞാന്‍ ഉറ്റുനോക്കുന്നത്.
Comments