ജൈത്രയാത്ര തുടരട്ടെ
സ്ത്രീ പങ്കാളിത്തം തീരെ ഇല്ലായിരുന്നു, സ്ത്രീ പങ്കാളിത്തം പറ്റേ കുറഞ്ഞുപോയി പോലുള്ള പത്രഭാഷാ വിലാപങ്ങള്‍ക്ക് ഒരര്‍ഥവുമില്ല എന്നു തെളിയിച്ചുകൊണ്ടാണ് 2019 കടന്നുപോയത്. സ്ത്രീ പങ്കാളിത്തം പോലുമായിരുന്നില്ല ചര്‍ച്ചാ വിഷയം. പ്രക്ഷോഭങ്ങളുടെയും മറ്റു വിവിധ സാമൂഹിക, ധൈഷണിക ആക്ടിവിസങ്ങളുടെയും നേതൃത്വം സ്ത്രീകള്‍, വിശിഷ്യാ മുസ്‌ലിം സ്ത്രീകള്‍ പിടിച്ചെടുക്കുന്ന കാഴ്ചയാണ് ലോകത്ത് പലയിടങ്ങളിലും കാണുന്നുണ്ടായിരുന്നത്. പോയ വര്‍ഷം സ്ത്രീ മുന്നേറ്റങ്ങളുടെ ചരിത്രത്തില്‍ നിര്‍ണായകമായ ഒരു നാഴികക്കല്ലും വഴിത്തിരിവുമാകുന്നത് അതുകൊണ്ടാണ്. യാഥാസ്ഥിതികത്വത്തിന്റെ കരിമ്പടത്തില്‍ ഇനിയും സ്ത്രീ സമൂഹത്തെ പുതപ്പിച്ചു കിടത്താനാവില്ലെന്ന താക്കീതായി കൂടി ആ മുന്നേറ്റത്തെ മനസ്സിലാക്കാം. ഫെമിനിസ്റ്റ് ലിബറലിസത്തില്‍നിന്നല്ല, ഇസ്‌ലാമിക പ്രമാണങ്ങളില്‍നിന്നും ചരിത്രത്തില്‍നിന്നുമാണ് ആ സ്ത്രീ മുന്നേറ്റം ആശയവും ആവേശവും മാതൃകകളും കണ്ടെടുക്കുന്നത്. ഈ ലക്കം വാരിക ആ മുന്നേറ്റത്തെ പല രീതിയില്‍ അടയാളപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. 'സമരമുഖത്തെ മുസ്‌ലിം സ്ത്രീ: പാഠവും പ്രതീക്ഷയും' എന്ന ലേഖനത്തില്‍ ബാസിമ മുഹമ്മദ്, പോയ വര്‍ഷത്തിനൊടുവില്‍ തുടങ്ങി ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്ന സ്ത്രീ/വിദ്യാര്‍ഥിനി മുന്നേറ്റങ്ങളെ കൃത്യമായി അടയാളപ്പെടുത്തുന്നു. കേരളത്തില്‍ വേരുകളുള്ള, എന്നാല്‍ മലയാളികള്‍ക്ക് തീരെ പരിചയമില്ലാത്ത സാജിദ കുട്ടി എന്ന എസ്.കെ അലിയെയും ഈ ലക്കത്തില്‍ പരിചയപ്പെടുത്തുന്നു. കനേഡിയന്‍-വടക്കനമേരിക്കന്‍ സാഹിത്യ മണ്ഡലത്തില്‍ തന്റേതായ കൈയൊപ്പ് ചാര്‍ത്താനും ഇതിനകം ഈ യുവ സാഹിത്യകാരിക്ക് കഴിഞ്ഞിരിക്കുന്നു. അവരെ പരിചയപ്പെടുത്തുന്ന കുറിപ്പിനോടൊപ്പം സയാന്‍ ആസിഫ് അവരുമായി നടത്തിയ അഭിമുഖവും ഈ ലക്കത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
പക്ഷേ, പാശ്ചാത്യ മീഡിയക്ക്, നമ്മുടെ മീഡിയക്കും, മുസ്‌ലിം സ്ത്രീ ഇപ്പോഴും അവഗണിക്കപ്പെടുന്നവളും പീഡിപ്പിക്കപ്പെടുന്നവളും മാത്രമാണ്. ഇടക്കാലത്തുണ്ടായ ഈ വന്‍ മുന്നേറ്റങ്ങളൊന്നും അവരുണ്ടാക്കി വെച്ച വാര്‍പ്പു മാതൃകകള്‍ക്ക് ഇളക്കം തട്ടിച്ചില്ല. ഇത്തരം വംശീയ മുന്‍ധാരണകളുടെ തടവറകളില്‍നിന്ന് പുറത്തു കടക്കുക മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് എളുപ്പവുമല്ല. അതേസമയം മുഖ്യധാരയില്‍ പെടുന്ന ചില മാധ്യമങ്ങള്‍ തന്നെ ഈ യാഥാര്‍ഥ്യം കാണാതിരിക്കുന്നുമില്ല. കഴിഞ്ഞ വര്‍ഷം ലോകത്തെ ഏറ്റവുമധികം സ്വാധീനിച്ച വനിതകളുടെ ഒരു ലിസ്റ്റ് ബി.ബി.സി പുറത്തിറക്കിയപ്പോള്‍ അതില്‍ 17 പേര്‍ അറബ് ലോകത്തെ മുസ്‌ലിം സ്ത്രീകളായിരുന്നു. ഫോബ്‌സ് പുറത്തിറക്കിയ കഴിഞ്ഞ വര്‍ഷത്തെ 'ശക്തരായ നൂറ് സ്ത്രീകളി'ല്‍ അഞ്ച് മുസ്‌ലിം സ്ത്രീകളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ പട്ടികകളില്‍ ശരിയായ പ്രാതിനിധ്യം മുസ്‌ലിം സ്ത്രീകള്‍ക്ക് കിട്ടി എന്നു പറയാനാവില്ല. മാറ്റങ്ങളെ കാണാതിരിക്കാന്‍ മീഡിയക്ക് കഴിയില്ല എന്നതിന് ഒരു ഉദാഹരണം പറഞ്ഞുവെന്നു മാത്രം.
പട്ടികകളില്‍ ഇടം നേടിയ ഏതാനും ചിലരെയെങ്കിലും പരാമര്‍ശിക്കാതിരിക്കാനാവില്ല. നൈജീരിയക്കാരിയായ അമീന മുഹമ്മദാണ് അവരിലൊരാള്‍. ഐക്യരാഷ്ട്രസഭയുടെ അസിസ്റ്റന്റ് സെക്രട്ടറിയായി നിയമിതയായ അവര്‍ ഈ പദവിയിലെത്തുന്ന ഹിജാബ്ധാരിണിയായ ആദ്യ മുസ്‌ലിമാണ്. നൈജീരിയയിലെ ഈ മുന്‍ പരിസ്ഥിതി കാര്യമന്ത്രി, ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസനം എന്ന കാഴ്ചപ്പാട് വികസിപ്പിച്ചെടുത്ത പ്രമുഖ അക്കാദമിക്കുകളില്‍ ഒരാളുമാണ്. ലിബിയയില്‍ 'നാമൊന്നിച്ച് പണിയും' എന്ന കൂട്ടായ്മ രൂപവത്കരിച്ച് സ്ത്രീ ശാക്തീകരണത്തിന് വലിയ സംഭാവനകള്‍ നല്‍കിയ രിളാ ത്വബൂലിയാണ് മറ്റൊരാള്‍. ജൈവ സാങ്കേതിക വിദ്യയും കൃത്രിമ ധിഷണയും വൈദ്യശാസ്ത്ര ഗവേഷണങ്ങള്‍ക്ക് എങ്ങനെ ഉപയോഗപ്പെടുത്താം എന്ന അന്വേഷണമാണ് സിറിയക്കാരിയായ നൂര്‍ ശാകിറിനെ കഴിഞ്ഞ വര്‍ഷം ശ്രദ്ധേയയാക്കിയത്. അമേരിക്കന്‍ കോണ്‍ഗ്രസ്സിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇല്‍ഹാന്‍ ഉമറിനെയും റശീദ ത്വുലൈബിനെയും പരാമര്‍ശിക്കുക മാത്രം ചെയ്യുന്നു. അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെയും അവിടത്തെ ജൂതലോബിയുടെയും കണ്ണിലെ കരടായി ഇരുവരും മാറി എന്നതിലപ്പുറം മറ്റെന്ത് അംഗീകാരമാണ് വേണ്ടത്! ഇനിയുള്ള വര്‍ഷങ്ങളിലും ഈ ജൈത്ര യാത്ര തുടരട്ടെ, പൂര്‍വാധികം ശക്തിയോടെ.
Comments