Prabodhanm Weekly

Pages

Search

2020 ജനുവരി 17

3135

1441 ജമാദുല്‍ അവ്വല്‍ 21

രാഷ്ട്ര സാരഥിയെ നിശ്ചയിക്കുന്നത്

റാശിദുല്‍ ഗന്നൂശി

ശൂറായുടെ പ്രധാന വ്യവഹാര മണ്ഡലങ്ങളിലൊന്നാണ് രാഷ്ട്രത്തിന് ഒരു സാരഥിയെ നിശ്ചയിക്കുക എന്നത്. ഒരു രാഷ്ട്രത്തെ സംബന്ധിച്ചേടത്തോളം ഈ ചുമതലയാണല്ലോ മര്‍മപ്രധാനം. കാരണം സമൂഹത്തില്‍ ഏറ്റവും മികച്ച ഗുണങ്ങളുള്ള ഒരാളായിരിക്കണം ഈ സ്ഥാനത്ത് അവരോധിക്കപ്പെടേണ്ടത്. ഏറ്റവും ചുരുങ്ങിയത്, സമൂഹത്തിന്റെ യഥാര്‍ഥ നിലയെ പ്രതിനിധീകരിക്കുന്ന ഒരാളെങ്കിലുമാവാണം. 'നിങ്ങള്‍ എങ്ങനെയാണോ അങ്ങനെയായിരിക്കും നിങ്ങള്‍ക്കു മേല്‍ അധികാരം നടത്തുന്നവന്‍' എന്നാണ് പ്രമാണം. അതിനാല്‍ ഈ തെരഞ്ഞെടുപ്പിന് മുഴുവനാളുകളുടെയും അഭിപ്രായമാരായല്‍ വേണ്ടിവരും. 'അവരുടെ കാര്യങ്ങള്‍ പരസ്പരം കൂടിയാലോചിച്ചായിരിക്കും' (അശ്ശൂറാ 38) എന്ന് ഖുര്‍ആന്‍ പറയുന്നുണ്ടല്ലോ.
രാഷ്ട്രനിര്‍മാണം നിര്‍ബന്ധമായിത്തീരുന്നത്, ശരീഅത്തിന്റെ പ്രയോഗവത്കരണം അതിനെ ആശ്രയിച്ചുനില്‍ക്കുന്നു
എന്നതുകൊണ്ടാണ്. ശരീഅത്തിന്റെ പ്രയോഗവത്കരണം എന്ന ബാധ്യത രാഷ്ട്രത്തലവന് ബാധകമായിരിക്കുമോ? ആ ബാധ്യത യഥാര്‍ഥത്തില്‍ ആര്‍ക്കാണ്? രാഷ്ട്രത്തലവന്റെ ഗുണവിശേഷങ്ങള്‍ എന്തെല്ലാം? എങ്ങനെയാണ് അയാളെ തെരഞ്ഞെടുക്കുന്നത്? അയാള്‍ക്ക് സമൂഹത്തോട്, സമൂഹത്തിന് അയാളോട് ഉള്ള ബാധ്യതകള്‍ എന്തെല്ലാം? ശൂറാ കൗണ്‍സിലുമായി അയാള്‍ക്കുള്ള ബന്ധം? അതിക്രമങ്ങള്‍ വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എന്തൊക്കെ? ഇതു സംബന്ധമായി ചില കാര്യങ്ങള്‍ സൂചിപ്പിക്കട്ടെ:
എ) നേതൃത്വം എക്കാലത്തെയും ആവശ്യമാണ്. ഒരു മനുഷ്യ സംഘാതം, കുടുംബമോ കുലമോ പോലെ അതെത്ര ചെറുതാണെങ്കിലും, ഒരു നേതൃത്വമുണ്ടെങ്കിലേ അതിന്റെ കാര്യങ്ങള്‍ നേരെ ചൊവ്വെ പോവുകയുള്ളൂ. അതുകൊണ്ടാണ് പ്രവാചകന്‍ പറഞ്ഞത്, നിങ്ങള്‍ മൂന്നു പേര്‍ യാത്ര പോവുകയാണെങ്കില്‍ അവരിലൊരാളെ നേതാവാക്കണമെന്ന് (അബൂദാവൂദ് റിപ്പോര്‍ട്ട് ചെയ്തത്). നല്ലവനാണെങ്കിലും മോശക്കാരനാണെങ്കിലും ഒരാള്‍ നേതാവായി വേണമെന്ന ഇമാം അലിയുടെ വാക്കുകള്‍ ഓര്‍ക്കാം. അദ്ദേഹം പിന്നെ ഇങ്ങനെ കൂട്ടിച്ചേര്‍ക്കുന്നുമുണ്ട്: ''ഭരണാധികാരികള്‍ നന്നാവാതെ പ്രജകള്‍ നന്നാവുകയില്ല. പ്രജകള്‍ നേരെയാവാതെ ഭരണാധികാരികളും നേരെയാവില്ല.'' മനുഷ്യപ്രകൃതത്തിലുള്ള ജന്തുസഹജമായ ആക്രമണവാസനകളെ തടുക്കുന്ന ഒരാള്‍ ഉയര്‍ന്നുവരുമെന്നാണ് ഇബ്‌നുഖല്‍ദൂന്‍ പറയുന്നത്. അവരില്‍പെട്ട ഒരാള്‍ തന്നെയായിരിക്കും ആ തടുക്കുന്നയാള്‍. അയാള്‍ക്ക് അധികാരവും മേധാവിത്വവും മേല്‍ക്കൈയും ലഭിക്കുന്നു. ആര്‍ക്കെതിരെ അതിക്രമമുണ്ടായാലും തടയാന്‍ അയാളുണ്ടാവും. അയാളെ നാം രാജാവ്/ഭരണാധികാരി എന്നു വിളിക്കുന്നു.1 മാര്‍ക്‌സിസ്റ്റ് വീക്ഷണത്തില്‍, ഭൂവുടമകളുടെ കൈയിലെ മര്‍ദനോപകരണമാണ് രാഷ്ട്രം. അതുകൊണ്ടാണ് എംഗല്‍സ് പറഞ്ഞത്: ''അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് ഒരു രാഷ്ട്രം ആവശ്യമുണ്ട്; സ്വാതന്ത്ര്യം സംരക്ഷിക്കാനല്ല, പ്രതിയോഗികളെ കീഴൊതുക്കാന്‍.'' ലെനിന്‍ പറഞ്ഞത് ഇങ്ങനെ: ''ഈ പ്രത്യേക മര്‍ദനോപകരണം, അഥവാ രാഷ്ട്രം, അതൊരു അനിവാര്യതയായി നിലനില്‍ക്കും.''2 
പൊതുവെ ഇസ്‌ലാമിക ചിന്തകര്‍ മനുഷ്യപ്രകൃതത്തെ കാണുന്നത് നന്മതിന്മകള്‍ ഇടകലര്‍ന്നതായിട്ടാണ്. അതിനാല്‍ വ്യതിചലനങ്ങള്‍ സംഭവിക്കാം. അത് തിരുത്തുന്നതിനാണ് സാമൂഹിക സ്ഥാപനങ്ങള്‍. അതില്‍ പ്രധാനമാണ് രാഷ്ട്രം.3 നന്മയെ വളര്‍ത്തുകയും പൗരന്റെ വ്യക്തിത്വത്തെ വികസിപ്പിക്കുകയും ചെയ്യുക എന്നതാണ് അതിന്റെ ധര്‍മം. അങ്ങനെ പൗരന് ഇരുലോകത്തും സൗഭാഗ്യം കരഗതമാവണം. പൗരന്‍ വഴിതെറ്റുമ്പോള്‍ നേര്‍വഴിക്ക് കൊണ്ടുവരികയും വേണം.
ചുരുക്കം പറഞ്ഞാല്‍, പ്രേരണകളും ലക്ഷ്യങ്ങളും എന്തുമാവട്ടെ, എല്ലാ ദര്‍ശനങ്ങളും സാമൂഹിക സംഘാടനത്തിന് നേതൃത്വത്തിന്റെ അനിവാര്യത ഊന്നിപ്പറഞ്ഞിട്ടുണ്ട്. പാശ്ചാത്യ ലോകത്താകട്ടെ, ഇസ്‌ലാമിക സംസ്‌കൃതിയിലാകട്ടെ ഇതിന് എതിരു നിന്ന ചിന്താധാരകള്‍ വളരെ അപൂര്‍വമാണ്. ഇസ്‌ലാമിക വീക്ഷണത്തില്‍ നേതൃത്വം എന്നത്, ജനങ്ങള്‍ പരസ്പരം നടത്തുന്ന കൈയേറ്റങ്ങളെ തടയുക പോലുള്ള നിര്‍ണിത ധര്‍മങ്ങള്‍ മാത്രം നിര്‍വഹിക്കുന്ന ഒന്നല്ല. ഇസ്‌ലാമിക നിയമങ്ങളുടെ നന്മ പ്രസരിപ്പിക്കുന്ന ഒരു സംവിധാനമാണത്. ആ നേതൃത്വവും ഭരണസംവിധാനവും ജനങ്ങള്‍ക്കിടയില്‍ സാഹോദര്യബോധം വളര്‍ത്തുന്നു. ഓരോ മനുഷ്യനും എല്ലാ നിലക്കും വളര്‍ന്നുവരാനുള്ള അവസരം തുറന്നുകൊടുക്കുന്നു. ഈയൊരാവശ്യം എക്കാലത്തും നിലനില്‍ക്കുമല്ലോ. ദുന്‍യാവ് ശരിപ്പെടുത്തല്‍, ദീനിന്റെ സംരക്ഷണം എന്നിങ്ങനെ ആ രാഷ്ട്രധര്‍മത്തെ നമുക്ക് ചുരുക്കിയെഴുതാം. അതുകൊണ്ടാണ് ബഹുഭൂരിപക്ഷം മുസ്‌ലിം പണ്ഡിതന്മാരും നേതാവിനെ നിശ്ചയിക്കല്‍, പ്രമാണപരമായി നോക്കിയാലും യുക്തിപരമായി ചിന്തിച്ചാലും ഒരു അനിവാര്യതയാണ് എന്ന് അഭിപ്രായപ്പെട്ടത്. ഇക്കാര്യത്തില്‍ പ്രവാചകാനുചരന്മാരുടെ അഭിപ്രായസമന്വയം തന്നെയുണ്ട്. പ്രവാചകന്‍ ഇഹലോകവാസം വെടിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ജനാസ മറവ് ചെയ്യുന്നതിനേക്കാള്‍ അവര്‍ പ്രാധാന്യം കൊടുത്തത് അടുത്ത നേതാവിനെ തെരഞ്ഞെടുക്കാനായിരുന്നു. നേതൃത്വവും ഭരണവുമുണ്ടായലല്ലാതെ ശരീഅത്ത് പ്രയോഗവത്കരിക്കാനാവില്ല എന്നതാണ് അതിനു പറയുന്ന ഒരു ന്യായം. ജനങ്ങള്‍ക്ക് ആവശ്യമുണ്ട് എന്നതിനാല്‍ യുക്തിപരമായി അതൊരു ബാധ്യതയാണെന്നും പ്രമാണപരമായി ബാധ്യതയാണെന്ന് പറയാന്‍ കഴിയില്ലെന്നുമാണ് മറ്റൊരു വിഭാഗം വാദിക്കുന്നത്. ഇതൊക്കെ മൊത്തം വിശകലനം ചെയ്താല്‍, അബ്ദുല്‍ വഹാബ് ഖല്ലാഫ് പറയുന്നപോലെ, മുസ്‌ലിംകള്‍ക്ക് ഒരു വലിയ നേതാവോ ഉന്നത നേതൃത്വമോ ഉണ്ടാവണമെന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ ഏകോപിച്ചിരിക്കുന്നു എന്നു വ്യക്തമാവും. ഉമ്മത്തിന്റെ/സമൂഹത്തിന്റെ ശബ്ദം അതിനു ചുറ്റും സംഗമിക്കുന്നു. ഐക്യത്തിന്റെ, സാമൂഹിക താല്‍പര്യങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്നതിന്റെ പ്രതീകമായി ആ നേതൃത്വം മാറുകയും ചെയ്യുന്നു.4 അല്ലാഹു പറഞ്ഞു: ''വിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെയും ദൈവദൂതനെയും നിങ്ങളില്‍നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക'' (4:59). അല്‍മാവര്‍ദി എഴുതി: ''കൈകാര്യകര്‍ത്താക്കളെ അനുസരിക്കല്‍ നമ്മുടെ മേല്‍ നിര്‍ബന്ധമുള്ള കാര്യമാണ്. നമുക്കു മേല്‍ ശാസനാധികാരമുള്ള നേതാക്കളാണവര്‍.''5
ബി) പൊതു നേതൃത്വത്തെ സ്ഥാപിക്കേണ്ടത് ആരുടെ ചുമതല? മാവര്‍ദിയും അബൂയഅ്‌ലല്‍ ഫര്‍റാഉം പറയുന്നത്, ഇതിന്റെ ചുമതല രണ്ടു കൂട്ടര്‍ക്കാണെന്നാണ്: ഒന്ന്, പഠന-ഗവേഷണങ്ങള്‍ നടത്തുന്ന വിഭാഗം. അവര്‍ തെരഞ്ഞെടുക്കണം. രണ്ട്, നേതൃത്വയോഗ്യതകള്‍ പൂര്‍ത്തിയായവര്‍. അവരില്‍നിന്നൊരാളെയാണ് നിശ്ചയിക്കേണ്ടത്. ഇവരെയാണ് 'അഹ്‌ലുല്‍ ഹല്ലി വല്‍ അഖ്ദ്' എന്നു പറയുന്നത്. അപ്പോള്‍ ഒരു ചോദ്യമുയരും. ഈ പ്രക്രിയയില്‍ ഉമ്മത്ത്/സമുദായം എവിടെയാണ്? ഈ വിഭാവനയില്‍ സമുദായം അദൃശ്യമാക്കപ്പെടുകയല്ലേ? കെട്ടാനും അഴിക്കാനും യോഗ്യതയുള്ളവര്‍ എന്നോ ശൂറായുടെയോ ഇജ്തിഹാദിന്റെയോ ആളുകളെന്നോ പേരുള്ള ഒരു വിഭാഗം തങ്ങളില്‍നിന്നൊരാളെ നേതാവായി തെരഞ്ഞെടുക്കുന്നു. ഇവരാരൊക്കെ, ഈ പ്രക്രിയ എങ്ങനെ നടക്കുന്നു എന്നൊന്നും സമുദായം അറിയുന്നില്ലെങ്കില്‍ സമുദായത്തിന് പിന്നെ ഒരു റോളും ഇല്ലെന്നു വരും. സമുദായത്തെ സംബന്ധിച്ചേടത്തോളം അജ്ഞാതമായതിലേക്ക് കാര്യങ്ങള്‍ ഏല്‍പ്പിക്കപ്പെടും. സര്‍വാധിപത്യ രാജഭരണങ്ങളിലേക്കല്ലേ ഇതൊടുവില്‍ എത്തുക? ഇങ്ങനെയൊരു വ്യതിയാനം സംഭവിച്ചപ്പോഴാണ് ഇതേക്കുറിച്ച് ആലോചനയുണ്ടായത്. കുറേയേറെ തലമുറകള്‍ ഈയൊരു ഘട്ടത്തിലൂടെ കടന്നുപോവുകയും ചെയ്തു. ഈ വ്യതിയാനത്തെ ന്യായീകരിക്കുന്ന പ്രവണതകളും നാം കാണുന്നു. ഇസ്‌ലാമിന്റെ ആദ്യ തലമുറ ഇങ്ങനെയായിരുന്നല്ലോ എന്നാണ് ന്യായീകരണം. പക്ഷേ ഇത് സന്ദര്‍ഭം നോക്കാതെയുള്ള വ്യാഖ്യാനമാണ്. ദിവ്യവെളിപാടുകള്‍ ഇറങ്ങിക്കൊണ്ടിരുന്ന കാലത്തെ പ്രവാചകശിക്ഷണത്തില്‍ വളര്‍ന്ന സമൂഹം നിരന്തരം ചലിക്കുന്ന ഒന്നായിരുന്നു. സമര-പ്രതിരോധ മുന്നേറ്റങ്ങളില്‍ തലപ്പത്തുള്ളവര്‍ ആരൊക്കെ എന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. കാരണമത് ചെറിയൊരു സമൂഹമായിരുന്നു. ഒരു തെരഞ്ഞെടുപ്പിന്റെയൊന്നും ആവശ്യമുണ്ടായിരുന്നില്ല. റാശിദീ ഭരണം അവസാനിച്ചുകഴിഞ്ഞതില്‍ പിന്നെയാണ് സര്‍വാധിപത്യത്തിന്റെ വരവ്. അതോടെ ജ്ഞാനത്തിന് അനുഭവപരിചയവുമായും രാഷ്ട്രീയവുമായുമുള്ള ബന്ധം നഷ്ടപ്പെട്ടു. ദീനില്‍നിന്നും ഉലമാഇല്‍നിന്നും ഭരണാധികാരികളില്‍നിന്നും അത് അകന്നുപോയി. ഈ സന്ദര്‍ഭത്തിലാണ് ആദ്യകാല തലമുറയെ ചൂണ്ടിക്കാട്ടി നിലവിലുള്ള അവസ്ഥക്ക് ന്യായീകരണങ്ങള്‍ ചമയ്ക്കപ്പെട്ടത്. അങ്ങനെ അക്കാലത്ത് രചിക്കപ്പെട്ട രാഷ്ട്രീയ വ്യവഹാര ഗ്രന്ഥങ്ങള്‍ക്കും സംഭവലോകവുമായുള്ള ബന്ധം വിനഷ്ടമായി. സംഭവലോകത്തിന്റെ തടവറയില്‍നിന്ന് കുതറിമാറി തലയുയര്‍ത്തി നില്‍ക്കാന്‍ അവ അശക്തമായിരുന്നു. ആ കൃതികള്‍ ഇസ്‌ലാമിക ഭരണം എന്ന് വിശേഷിപ്പിച്ചത് ഒരുപറ്റം വരേണ്യവര്‍ഗത്തിന്റെ ഭരണത്തെയായിരുന്നു. അബ്ബാസികളുടെയും അവര്‍ക്കു മുമ്പും ശേഷവുമുള്ളവരുടെയും കാലത്ത് ഭരണത്തില്‍നിന്ന് അകറ്റിനിര്‍ത്തപ്പെട്ടത് പൊതു പണ്ഡിത സമൂഹമായിരുന്നു; ഭാഗഭാക്കായത് പണ്ഡിത വരേണ്യ വിഭാഗവും. റാശിദീ ഭരണകാലത്തും ഒരു വിഭാഗം പണ്ഡിതന്മാരുടെ ഭരണമായിരുന്നില്ലേ എന്ന വിശദീകരണവും ഉണ്ടായി. പക്ഷേ ആ പണ്ഡിതന്മാര്‍ പള്ളി-മദ്‌റസ അങ്കണങ്ങളില്‍നിന്ന് വന്നവരായിരുന്നില്ല എന്ന സത്യം മൂടിവെച്ചു. റാശിദീ കാലത്തെ പണ്ഡിതന്മാര്‍ ദൈവവിരുദ്ധ ശക്തികള്‍ക്കെതിരെ പടനിലങ്ങളില്‍ നിലയുറപ്പിച്ചവരായിരുന്നു. സമൂഹത്തില്‍നിന്ന് ഒറ്റപ്പെട്ടുകഴിയുന്ന വരേണ്യ വിഭാഗമായിരുന്നില്ല അവര്‍. ദീര്‍ഘകാലത്തെ പോരാട്ടങ്ങള്‍ ബഹുജന നേതൃത്വമേറ്റെടുക്കാനുള്ള അര്‍ഹത അവര്‍ക്ക് നേടിക്കൊടുത്തിട്ടുണ്ടായിരുന്നു. നമസ്‌കാരം, ജിഹാദ്, പ്രതിസന്ധി ഘട്ടങ്ങള്‍ തുടങ്ങി ഏതു ജീവിത സന്ദര്‍ഭങ്ങളിലും അവരെടുക്കുന്ന നിലപാടുകള്‍ ഏവര്‍ക്കും അറിവുള്ളതായിരുന്നു. ഇനിയൊരു തെരഞ്ഞെടുപ്പ് നടത്തിയിരുന്നെങ്കില്‍തന്നെ സാധാരണ ഗതിയില്‍ അവരല്ലാത്ത മറ്റാരും ജയിച്ചുവരാനും സാധ്യതയുണ്ടായിരുന്നില്ല. ചുരുക്കത്തില്‍, സംഭവിച്ചത് ഇതാണ്: അധികാര സ്ഥാനങ്ങളില്‍നിന്ന് അകറ്റിനിര്‍ത്തപ്പെട്ട ഒരു വിഭാഗം പണ്ഡിതന്മാരെ 'കെട്ടാനും അഴിക്കാനും' യോഗ്യതയുള്ളവരായും ശൂറാ അംഗങ്ങളായും പ്രതിഷ്ഠിക്കുന്നു. ഭരണാധികാരിയെ തെരഞ്ഞെടുക്കേണ്ടതും ഇവരാണെന്ന് നിശ്ചയിക്കുന്നു! ഒരു ചരിത്രാനുഭവത്തിന്റെ പ്രഹസനമാണ് ഇവിടെ അരങ്ങേറുന്നത്. ഈ പണ്ഡിത വിഭാഗത്തിന് ഭരണാധികാരിയെ നിശ്ചയിക്കുന്നതില്‍ കാര്യമായ ഒരു റോളും ഇല്ലെന്ന് വ്യക്തമായിരുന്നു. അതിനാല്‍ അവര്‍ ഒരു പ്രയോജനവും ചെയ്യാത്ത തര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ടു; നേതാവിനെ നിശ്ചയിക്കുന്ന സമിതിയില്‍ എത്ര പേര്‍ ഉണ്ടായിരിക്കണം പോലുള്ള തര്‍ക്കങ്ങള്‍. അഞ്ചെന്നും ആറെന്നും പറഞ്ഞവരുണ്ട്. ചിലര്‍ പറഞ്ഞത് രണ്ട് മതി എന്നും.6  അപ്പോള്‍ അനുസരണ പ്രതിജ്ഞ (ബൈഅത്ത്) ഈ ചെറിയ സംഘത്തില്‍ പരിമിതമായിത്തീരുന്നു. 'കെട്ടുകയും അഴിക്കുകയും' ചെയ്യുന്ന സമിതിയില്‍ രണ്ടു പേരുണ്ടാവുകയും അതില്‍ ഒരാള്‍ മറ്റേയാളെ ബൈഅത്ത് നടത്തുകയും  ചെയ്താല്‍ തന്നെ ഖിലാഫത്ത് നിലവില്‍ വരും എന്നു വരെ ഇബ്‌നുഖല്‍ദൂന്‍ പറഞ്ഞിട്ടുണ്ട്. സാക്ഷി പറയാന്‍ ഒരാള്‍ മതിയല്ലോ എന്നാണ് അദ്ദേഹത്തിന്റെ ന്യായം. അങ്ങനെ പൊതു ബൈഅത്തിനെ സംബന്ധിച്ച സംസാരം തന്നെ ഇല്ലാതായി. റാശിദീ ഘട്ടത്തിലെ പ്രക്രിയ ചൂണ്ടിക്കാട്ടിയാണ് രാഷ്ട്രമീമാംസകര്‍ ഈ  ഇടുക്കം സൃഷ്ടിച്ചത്. പുതിയ ഖലീഫ ആരെന്ന് അരക്കിട്ടുറപ്പിക്കുകയും അഹ്‌ലുല്‍ ഹല്ലി വല്‍ അഖ്ദ് എന്ന നിര്‍വാഹക സമിതിയില്‍നിന്ന് ആരെങ്കിലും വിമതസ്വരം പുറപ്പെടുവിക്കുന്നത് തടയുകയും ചെയ്യുക എന്നതേ ബൈഅത്ത് കൊണ്ട് ഉദ്ദേശിക്കപ്പെട്ടിരുന്നുള്ളൂ.7
നൂറ്റാണ്ടുകളിലൂടെ സൃഷ്ടിക്കപ്പെട്ട ഈ കുരുക്കള്‍ പൊളിച്ചുമാറ്റാന്‍ ശ്രമിച്ച പൂര്‍വകാല പണ്ഡിതന്‍, നമ്മുടെ അറിവില്‍, ഇബ്‌നുതൈമിയ്യയാണ്; താന്‍ ഉയര്‍ത്തിയ എതിര്‍ ശബ്ദങ്ങളിലധികവും അദ്ദേഹത്തിന്റെ കാലത്ത് വനരോദനങ്ങളായി കലാശിച്ചുവെങ്കിലും. അദ്ദേഹമെഴുതിയ 'അസ്സിയാസ അശ്ശര്‍ഇയ്യ' എന്ന കൊച്ചു പുസ്തകത്തില്‍ ഇങ്ങനെ കാണാം: ഖലീഫയെ നിശ്ചയിക്കുന്നതില്‍ വളരെ നിര്‍ണായകമാണ് പൊതു ബൈഅത്ത്. അഹ്‌ലുല്‍ ഹല്ലി വല്‍ അഖ്ദിന്റെ അനുസരണ പ്രതിജ്ഞ നാമനിര്‍ദേശം മാത്രമേ ആകുന്നുള്ളൂ.
അപ്പോള്‍ പള്ളിയില്‍ വെച്ച് നടന്ന പൊതു അനുസരണ പ്രതിജ്ഞ പ്രകാരമാണ് ഖുലഫാഉര്‍റാശിദീന്‍ അധികാരച്ചുമതലയേല്‍ക്കുന്നത്. സഖീഫയില്‍ വെച്ച് വിവിധ വിഭാഗം പ്രതിനിധികള്‍ നടത്തിയ അനുസരണ പ്രതിജ്ഞയോ ഉമറിനെ നാമനിര്‍ദേശം ചെയ്തതോ ഉസ്മാനുബ്‌നു അഫ്ഫാനെ തെരഞ്ഞെടുത്തതോ ഒന്നുമല്ല ഖിലാഫത്തിന് സാധുത നല്‍കുന്നത്.8 ഖലീഫയെ തെരഞ്ഞെടുക്കുന്നതില്‍നിന്ന് സമുദായത്തെ മാറ്റിനിര്‍ത്തിയ ചരിത്രസഞ്ചാരത്തിനുള്ള തിരുത്താണിത്. ഏതാണ്ട് ഇതേ അഭിപ്രായം ഇമാം റാസിയും പ്രകടിപ്പിച്ചിട്ടുണ്ട്.9
പുതിയ കാലത്ത് പാശ്ചാത്യ കുളമ്പടികള്‍ മുസ്‌ലിം കോട്ടകളില്‍ പ്രകമ്പനം സൃഷ്ടിക്കുകയും തങ്ങളുടെ നാഗരികതയില്‍ അവശേഷിച്ചിരുന്ന ഖിലാഫത്ത് പോലുള്ള സംവിധാനങ്ങളെ പോലും പിഴുതുമാറ്റുകയും ചെയ്തപ്പോള്‍ മുസ്‌ലിംകള്‍ ഉണര്‍ന്നു. ഖിലാഫത്ത്, ശൂറാ, അഹ്‌ലുല്‍ ഹല്ലി വല്‍ അഖ്ദ് തുടങ്ങിയ സംജ്ഞകളെക്കുറിച്ച് അവര്‍ പുതുതായി ആലോചിക്കാന്‍ തുടങ്ങി. ഭൂതകാലത്തോടുള്ള അനുരാഗം അപ്പോഴും അവരുടെ സംസാരങ്ങളില്‍നിന്ന് വിട്ടുമാറിയിരുന്നില്ല. എന്നാല്‍ ഒരു വിഭാഗം പണ്ഡിതന്മാര്‍ ആ ഭാഷാപ്രയോഗങ്ങളെക്കുറിച്ച് കൃത്യമായ പഠനങ്ങള്‍ നടത്തി. അവരില്‍ പ്രധാനികളാണ് മുഹമ്മദ് അബ്ദുവും അദ്ദേഹത്തിന്റെ ശിഷ്യനും. അവര്‍ രണ്ടു പേരുമാണ് അഹ്‌ലുല്‍ ഹല്ലി വല്‍ അഖ്ദിനെ കാലത്തിനൊത്ത് വ്യാഖ്യാനിച്ചതും അങ്ങനെ മുസ്‌ലിം സമുദായത്തിന് നഷ്ടപ്പെട്ട അമാനത്ത് എന്ന പദവി തിരികെ നല്‍കാന്‍ ശ്രമിച്ചതും. ദൈവിക നിയമങ്ങളുടെ വിശ്വസ്ത കാവല്‍ക്കാരന്‍ അല്‍ ഉമ്മ/ സമുദായം ആണ്. ഈ കാലത്ത് ആ ദൗത്യം നിര്‍വഹിക്കാന്‍ എന്തൊക്കെ സംവിധാനങ്ങളും സ്ഥാപനങ്ങളും ആവശ്യമാണ് എന്നവര്‍ ആലോചിച്ചു. വിവിധ സാമൂഹിക യത്‌നങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ജനകീയ നേതൃത്വങ്ങളാണ് ഇന്നത്തെ കാലത്തെ അഹ്‌ലുല്‍ ഹല്ലി വല്‍ അഖ്ദ് എന്ന് മുഹമ്മദ് അബ്ദു ഊന്നിപ്പറഞ്ഞു. അവരാണ് അല്‍ ഉമ്മയെ പ്രതിനിധീകരിക്കുന്നവര്‍. ഈ സമുദായം അല്ലെങ്കില്‍ അവരെ പ്രതിനിധീകരിക്കുന്ന അഹ്‌ലുല്‍ ഹല്ലി വല്‍ അഖ്ദ് ആണ് ഭരണാധികാരിയെ തെരഞ്ഞെടുക്കുക. ആ ഭരണാധികാരിക്കു മേല്‍ സമുദായത്തിന് പൂര്‍ണ നിയന്ത്രണമുണ്ടാകും; നീക്കണമെന്ന് തോന്നിയാല്‍ ആ സ്ഥാനത്തു നിന്ന് ഭരണാധികാരിയെ നീക്കുകയും ചെയ്യും. ഈ ആശയത്തെ ആധുനിക നിയമ ചിന്തയുടെ വെളിച്ചത്തില്‍ സ്ഫുടമായും ഗഹനമായും വിശകലനം ചെയ്തത് ശഹീദ് അബ്ദുല്‍ഖാദിര്‍ ഔദയാണ്. അദ്ദേഹം 'ഖിലാഫത്ത് സംസ്ഥാപനം അനിവാര്യം' എന്ന ശീര്‍ഷകത്തില്‍ എഴുതുന്നത് ഇപ്രകാരം: ''ജിഹാദ്, നീതിന്യായം പോലെ സാമൂഹിക ബാധ്യതകളില്‍ (ഫുറൂളുല്‍ കിഫായാത്ത്) പെടുന്നതാണ് ഖിലാഫത്ത് സ്ഥാപിക്കുക എന്നതും. അതിന് യോഗ്യരായവര്‍ അക്കാര്യം നിര്‍വഹിച്ചാല്‍ സമൂഹത്തിലെ മറ്റുള്ളവര്‍ ആ ബാധ്യതയില്‍നിന്ന് ഒഴിവായി. ആരുമത് നിര്‍വഹിച്ചില്ലെങ്കില്‍ അത് നിര്‍വഹിക്കപ്പെടുന്നതുവരെ മൊത്തം മുസ്‌ലിംകളും കുറ്റക്കാരായിത്തീരും.''
ചിലര്‍ അഭിപ്രായപ്പെടുന്നത്, കുറ്റം രണ്ടു കൂട്ടര്‍ക്കായിരിക്കും എന്നാണ്. ഒരു കൂട്ടര്‍ അഭിപ്രായ സുബദ്ധതയുള്ളവരാണ്. ഒരു ഖലീഫയെ തെരഞ്ഞെടുക്കും വരെ അവര്‍ കുറ്റവിമുക്തരായിരിക്കുകയില്ല. രണ്ടാമത്തെ കൂട്ടര്‍ ഖിലാഫത്തിന് യോഗ്യതയുള്ളവരാണ്. തങ്ങളില്‍നിന്നൊരാളെ തെരഞ്ഞെടുക്കും വരെ അവരും കുറ്റവിമുക്തരാവുകയില്ല. പക്ഷേ യാഥാര്‍ഥ്യം അതല്ല. കുറ്റത്തില്‍ മുഴുവന്‍ സമൂഹവും പങ്കാളികളായിരിക്കും. കാരണം ഈ നിയമസംവിധാനത്തിന്റെ നടത്തിപ്പിനു വേണ്ടി ശ്രമിക്കണമെന്ന് ആജ്ഞാപിച്ചിരിക്കുന്നത് മുഴുവന്‍ സമൂഹത്തോടുമാണ്. അവരുടെ പ്രഥമ കര്‍ത്തവ്യം എന്നു പറയുന്നത്, നന്മയുടെ പ്രചാരണവും തിന്മയുടെ വിപാടനവുമാണ്. ഒരാള്‍ തന്റെ കാര്യം മാത്രം നോക്കിയാല്‍ പോരാ. അയാള്‍ ദീന്‍ സ്ഥാപിക്കേണ്ടത് സ്വന്തം ജീവിതത്തില്‍ മാത്രമല്ല, മറ്റുള്ളവരുടെ ജീവിതത്തിലും കൂടിയാണ്. ഇനി ഒരു വിഭാഗത്തെ ഈ ചുമതല ഏല്‍പിച്ചിട്ടുണ്ടെങ്കില്‍ അവരെ സഹായിക്കേണ്ടത് സമുദായത്തിലെ മുഴുവന്‍ അംഗങ്ങളുടെയും ചുമതലയാണ്. അല്ലാത്തപക്ഷം സഹകരിക്കാത്തവര്‍ക്കെല്ലാം ഈ കുറ്റത്തില്‍ പങ്കാളിത്തമുണ്ടാവും. ഇനി, ഈ ചുമതല ഏല്‍പിക്കപ്പെട്ട വിഭാഗം അത് നിര്‍വഹിക്കുന്നില്ലെങ്കില്‍ അവരെ മാറ്റി മറ്റൊരു വിഭാഗത്തെ പകരം വെക്കേണ്ടതും സമുദായത്തിന്റെ ഉത്തരവാദിത്തമാണ്. കാരണം ആ വിഭാഗം നിലകൊള്ളുന്നത് സമുദായത്തെ പ്രതിനിധീകരിച്ചുകൊണ്ടാണല്ലോ. ഡ്യൂട്ടി നിര്‍വഹിക്കാത്ത പക്ഷം ആ കുറ്റത്തിന്റെ പേരില്‍ മേല്‍ വിശേഷണം ആ ഗ്രൂപ്പിന് അന്യമാവുകയും സമുദായത്തെ പ്രതിനിധീകരിക്കാനുള്ള യോഗ്യത അതിന് നഷ്ടമാവുകയും ചെയ്യും. അപ്പോള്‍ സമുദായം ആ ഡ്യൂട്ടി നിര്‍വഹിക്കാന്‍ കെല്‍പുള്ള മറ്റൊരു വിഭാഗത്തെ തെരഞ്ഞെടുക്കണം. ദൈവിക നിയമങ്ങള്‍ നടപ്പാക്കാന്‍ നീതിമാനായ ഭരണാധികാരിയെ നിശ്ചയിക്കുന്നത് സമുദായത്തിന്റെ ഏറ്റവും പ്രഥമ സാമൂഹിക ബാധ്യതയായാണ് അബ്ദുല്‍ഖാദിര്‍ ഔദ10 കാണുന്നത്. അങ്ങനെ ദീര്‍ഘകാലത്തെ തെറ്റായ പ്രയാണത്തെ തിരുത്തുകയാണ് അദ്ദേഹം ചെയ്യുന്നത്; സമുദായത്തിന് സ്വന്തം നേതാവിനെ നിശ്ചയിക്കാനുള്ള അധികാരവും നാഗരിക യത്‌നങ്ങള്‍ നടത്താനുള്ള അവസരവും തിരിച്ചുനല്‍കുകയും.11


കുറിപ്പുകള്‍

1. ഇബ്‌നുഖല്‍ദൂന്‍, മുഖദ്ദിമ, പേജ് 71,72
2. ലെനിന്‍ - തെരഞ്ഞെടുത്ത കൃതികള്‍ (മോസ്‌കോ: ദാറുത്തഖദ്ദും, 1968- അറബി പതിപ്പ്), വാള്യം 2, രാഷ്ട്രവും വിപ്ലവവും, പേജ് 285
3. മുഅ്തസിലയില്‍പെട്ട അബൂബക്ര്‍ അല്‍ അസ്വമ്മും ഖവാരിജുകളിലെ നജ്ദത്തുബ്‌നു ആമിര്‍ അല്‍ ഹനഫിയുടെ ശിഷ്യന്മാരും (നജ്ദാത്ത്) മാത്രമാണ് ഇമാമിനെ നിശ്ചയിക്കല്‍ നിര്‍ബന്ധമാണ് എന്ന അഭിപ്രായ സമന്വയ(ഇജ്മാഅ്)ത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നത്. അത്തരം വിഭാഗങ്ങളൊക്കെ എന്നോ ഇല്ലാതായി. ഖിലാഫത്തിന്റെയല്ല, ശരീഅത്തിന്റെ സംസ്ഥാപനമാണ് നിര്‍ബന്ധം എന്നാണവര്‍ വാദിച്ചത്. നീതി സംസ്ഥാപിക്കാനും ഇസ്‌ലാമികനിയമങ്ങള്‍ നടപ്പാക്കാനും ഒരു നേതാവില്ലാതെ സാധ്യമാവുമെങ്കില്‍, നേതാവിനെ പ്രതിഷ്ഠിക്കുക എന്നത് നിര്‍ബന്ധ കര്‍മമാവുകയില്ല. അത് അനുവദിക്കാവുന്നതാണ് എന്നു മാത്രം. ഇതാണവരുടെ വാദം (കാണുക: ഇബ്‌നു ഹസമിന്റെ അല്‍ഫസ്വ്‌ലു ഫില്‍ മിലലി വല്‍ അഹ്‌വാഇ വന്നിഹല്‍ -കയ്‌റോ-1964- 4/84, ബഗ്ദാദിയുടെ അല്‍ മവാഖിഫ്, പേജ് 603).
ഇസ്‌ലാമിലെ ചിന്താ പ്രസ്ഥാനങ്ങളെ പഠിക്കുമ്പോള്‍, അവയില്‍ സന്തുലിത നിലപാട് സ്വീകരിച്ചവക്കാണ് കൂടുതല്‍ പ്രചാരമുണ്ടായത് എന്നു കാണാം. ഒരു വിഭാഗം തീവ്ര സ്വഭാവത്തോടെ ഹിംസയിലും കാഫിറാക്കലിലും ഏര്‍പ്പെടുമ്പോള്‍ അവ ചുരുങ്ങിപ്പോവുകയും ഒടുവില്‍ നാശത്തിന്റെയും വിസ്മൃതിയുടെയും കുഴിയില്‍ വീണുപോവുകയുമാണ് ചെയ്തിട്ടുള്ളത്.
4. ഖല്ലാഫ്- അസ്സിയാസതുശ്ശര്‍ഇയ്യ ഔ നിളാമുദ്ദൗലതില്‍ ഇസ്‌ലാമിയ്യ
5. അല്‍ മാവര്‍ദി- അല്‍ അഹ്കാമുസ്സുല്‍ത്വാനിയ്യ വല്‍ വിലായാത്തുദ്ദീനിയ്യ. അബുല്‍ ഹസന്‍ മുഹമ്മദിന്റെ അല്‍ അഹ്കാമുസ്സുല്‍ത്വാനിയ്യ (കയ്‌റോ 1966) എന്ന കൃതിയും (പേജ് 3) കാണുക.
6. അഞ്ചു പേര്‍ ചേര്‍ന്ന് തീരുമാനിച്ചാല്‍ ഖിലാഫത്ത് സ്ഥാപിതമാകും എന്നാണ് ഭൂരിപക്ഷ അഭിപ്രായമെന്ന് മാവര്‍ദി ഉദ്ധരിക്കുന്നു. അഞ്ചില്‍ നാലു പേര്‍ അവരിലൊരാളെ നിശ്ചയിച്ചാലും മതി. ചിലര്‍ പറയുന്നത്, മൂന്നു പേര്‍ മതിയെന്നും അവരിലൊരാള്‍ ഭരണമേറ്റെടുത്താല്‍ മതിയെന്നുമാണ്. മാവര്‍ദിയുടെ അതേ പുസ്തകം, പേജ് 33
7. അല്‍മുറാദി- അല്‍ഖിലാഫത്തു ബൈനത്തന്‍ളീരി വത്തത്വ്ബീഖ്, പേജ് 198
8. ഇബ്‌നുതൈമിയ്യ-അസ്സിയാസ അശ്ശര്‍ഇയ്യ ഫീ ഇസ്വ്‌ലാഹി റാഈ വര്‍റഇയ്യ
9. തഫ്തസാനി, ഇമാം റാസിയില്‍നിന്ന് ഉദ്ധരിക്കുന്നു: 'പൊതു ഭരണത്തിന്റെ ഉടമസ്ഥത സമുദായത്തിന് അവകാശപ്പെട്ടതാണ്. സമുദായത്തിന് നേതാവിനെ മാറ്റാം, ചെയ്ത കരാര്‍ പിന്‍വലിക്കാം. കാരണം സമുദായത്തിലാണ് എല്ലാറ്റിന്റെയും തുടക്കം.' റീസിന്റെ 'അന്നള്‌രിയ്യാത്തുസ്സിയാസിയ്യ അല്‍ ഇസ്‌ലാമിയ്യ'യില്‍നിന്ന്, പേജ് 217
10. ഔദ- അല്‍ ഇസ്‌ലാമു വ ഔളാഉനാ അല്‍ ഖാനൂനിയ്യ, പേജ് 103,104
11. അതേ കൃതി, പേജ് 103,104. ആധുനികകാലത്തെ മിക്ക ഇസ്‌ലാമിക രാഷ്ട്രമീമാംസകരും ഔദയുടെ വീക്ഷണം അംഗീകരിക്കുന്നവരാണ്. അവരിലൊരാളാണ് അബ്ദുല്‍ഹകീം ഹസന്‍ അല്‍ ഈലി. ആരെ ഖലീഫയാക്കി ബൈഅത്ത് ചെയ്യണമെന്നത് സമുദായത്തിന്റെ അവകാശമാണെന്ന് അദ്ദേഹം പറയുന്നു. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ളവര്‍ അതില്‍ പങ്കാളികളാവണം. ദൈവിക ഗ്രന്ഥത്തിലും പ്രവാചകചര്യയിലും ആഴത്തില്‍ അറിവുള്ള, പൊതു താല്‍പര്യങ്ങളെക്കുറിച്ച് നന്നായി ഗ്രാഹ്യമുള്ള അഹ്‌ലുല്‍ ഹല്ലി വല്‍ അഖ്ദിന്റെ അംഗീകാരം കേവലം നാമനിര്‍ദേശം മാത്രമേ ആകുന്നുള്ളൂ. അദ്ദേഹത്തിന്റെ അല്‍ ഹുര്‍രിയാത്തുല്‍ ആമ്മ എന്ന കൃതി കാണുക. പേജ് 229

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (64-69)
ടി.കെ ഉബൈദ്‌