എസ്.കെ അലി: മുസ്‌ലിം യുവതയുടെ സര്‍ഗാത്മക ശബ്ദം
കനേഡിയന്‍- നോര്‍ത്ത് അമേരിക്കന്‍ സാഹിത്യ ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന എഴുത്തുകാരിയാണ് കേരളത്തില്‍ വേരുകളുള്ള സാജിദ കുട്ടി അഥവാ എസ്.കെ അലി. മുഖ്യധാരാ ആഖ്യാനങ്ങളില്‍ ഇസ്‌ലാമും മുസ്‌ലിംകളും പ്രതിനിധീകരിക്കപ്പെടുന്ന രീതിയെ പൂര്‍ണമായും മാറ്റിയെഴുതുകയാണ് ഈ എഴുത്തുകാരി. അവരുടെ ആദ്യ നോവലായ സെയിന്റ്‌സ് ആന്റ് മിസ്ഫിറ്റ്‌സ് (Saints & Misfits) 2018-ലെ യുവസാഹിത്യ രചനകള്‍ക്കുള്ള മോറിസ് അവാര്‍ഡ് (Morris Award) ഫൈനലിസ്റ്റാണ്. മറ്റൊരു പുസ്തകമായ ദി പ്രൗഡസ്റ്റ് ബ്ലൂ (The Proudest Blue) ന്യൂയോര്‍ക്ക് ടൈംസ് ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.
2019-ല്‍ കാനഡയിലെ 'ഏറ്റവും ശക്തരായ 29 വനിതകളില്‍ ഒരാള്‍' എന്നാണ് റിഫൈനറി 29 (Refinery 29)എന്ന വെബ്‌സൈറ്റ് എസ്.കെ അലിയെ വിശേഷിപ്പിച്ചത്. എഴുത്തുകാരിയായ മാര്‍ഗരറ്റ് ആറ്റ്‌വുഡും സംഗീതജ്ഞയായ സെലിന്‍ ഡിയോനുമടക്കമുള്ള ലോകപ്രശസ്തരായ പ്രതിഭകളുടെ കൂടെയാണ് എസ്.കെ അലി ഈ പട്ടികയില്‍ സ്ഥാനം പിടിക്കുന്നത്. തന്റെ സമുദായത്തെ ചരിത്രത്തിലേക്ക് എഴുതിച്ചേര്‍ക്കുകയെന്ന ദൗത്യം ഏറ്റെടുത്ത 'ഗെയിം ചെയ്ഞ്ചര്‍' എന്നാണ് വെബ്‌സൈറ്റ് അവരെ വിശേഷിപ്പിച്ചത്.
മുസ്‌ലിംകളായ, എന്നാല്‍ ക്ഷമാപണ മനഃസ്ഥിതി കൈയൊഴിഞ്ഞ് തങ്ങളുടെ മുസ്‌ലിം സ്വത്വം പരിരക്ഷിക്കുന്ന ശക്തരായ കഥാപാത്രങ്ങളാണ് എസ്.കെ അലിയുടെ പുസ്തകങ്ങളുടെ എടുത്തുപറയേ പ്രത്യേകത. പ്രമുഖ കനേഡിയന്‍ ഇസ്‌ലാമിക പണ്ഡിതനായ വി.പി അഹ്മദ് കുട്ടിയുടെയും സുഹ്‌റയുടെയും മൂത്ത മകള്‍ എന്ന നിലയില്‍ തന്റെ മുസ്‌ലിം സ്വത്വത്തെക്കുറിച്ച പൂര്‍ണ ആന്തരികബോധത്തോടെ തന്നെയാണ് സാജിദ വളര്‍ന്നത്. മലപ്പുറത്തെ എടയൂരില്‍ ജനിച്ചതിന് ശേഷം മൂന്നാം വയസ്സിലാണ് സാജിദയുടെ കുടുംബം കാനഡയിലേക്ക് കുടിയേറുന്നത്. വളരെ ചെറിയ പ്രായത്തില്‍ തന്നെ ഇസ്‌ലാമിനെക്കുറിച്ച ചോദ്യങ്ങള്‍ നേരിട്ടും അവക്ക് വിശദീകരണങ്ങള്‍ നല്‍കിയുമാണ് അവര്‍ വളര്‍ന്നത്. പലപ്പോഴും ക്ലാസിലും പൊതുയിടങ്ങളിലും ശിരോവസ്ത്രം ധരിച്ചു നടക്കുന്ന ഒരേയൊരു വ്യക്തിയായിരുന്നു സാജിദ. ഇസ്‌ലാമിക രീതിയിലുള്ള വസ്ത്രങ്ങള്‍ പോലും ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്ന ഒരു കാലം. അപ്പോഴും തന്റെ മുസ്‌ലിം വ്യക്തിത്വത്തെ അവര്‍ പരിരക്ഷിച്ചു. വലുതാകുമ്പോള്‍ മുസ്‌ലിംകള്‍ക്ക് പറ്റിയ വസ്ത്രങ്ങള്‍ നിര്‍മിക്കുന്ന ഒരു ഡിസൈനര്‍ ആകും എന്ന് സ്വയം ആശ്വസിപ്പിക്കുക മാത്രമാണ് കുട്ടിയായ സാജിദ അന്ന് ചെയ്തത്.
ചോദ്യങ്ങളെ ഇങ്ങനെ ആര്‍ജവത്തോടെ നേരിടാന്‍ സാജിദക്ക് ധൈര്യം നല്‍കിയത് മാതാപിതാക്കളാണ്. ഇക്കാര്യത്തില്‍ പിതാവിന്റെ മാതൃക അവരെ വളരെയധികം സഹായിച്ചിട്ടുണ്ട്. കാനഡയിലെ മുസ്‌ലിംകളെയും അല്ലാത്തവരെയും ഒന്നിച്ച് നിര്‍ത്തുകയും അവര്‍ തമ്മിലുള്ള ആശയവിനിമയത്തിന് ആഴം കൂട്ടാന്‍ പ്രയത്‌നിക്കുകയും ചെയ്യുന്ന പണ്ഡിതനാണ് പിതാവ് ശൈഖ് അഹ്മദ് കുട്ടി. ഇതു കാരണം പല യാഥാസ്ഥിതിക മുസ്‌ലിം വിഭാഗങ്ങളില്‍ നിന്നും വിമര്‍ശനം നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍ക്ക് മാറ്റമുണ്ടായില്ല. സ്വയം മാതൃക കാണിച്ചും വളരുന്ന പ്രായത്തില്‍ അവര്‍ക്ക് ചേരുന്ന പുസ്തകങ്ങളും ഉപദേശങ്ങളും നല്‍കിയും അദ്ദേഹം മക്കള്‍ക്കൊപ്പം നിന്നു. വളരുന്ന കുട്ടികളുടെ മനസ്സിനെ അദ്ദേഹം വളരെ നന്നായി മനസ്സിലാക്കിയിരുന്നു എന്ന് സാജിദ പറയുന്നു.
എസ്.കെ അലി എന്ന എഴുത്തുകാരി വളരെയധികം വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ പിറവിയെടുത്തിരുന്നു. ഏഴാം തരത്തില്‍ പഠിക്കുമ്പോഴാണ് സാജിദ തന്റെ ആദ്യത്തെ കഥ എഴുതുന്നത്. പതിനൊന്നാം വയസ്സുമുതല്‍ തന്നെ എഴുത്തുകാരിയാവണമെന്ന ആഗ്രഹം അവര്‍ മനസ്സില്‍ സൂക്ഷിച്ചു നടന്നു. പിന്നീട് യോര്‍ക്ക് സര്‍വകലാശാലയില്‍ നിന്ന് ക്രിയാത്മക രചനയില്‍ ബിരുദം നേടിയെങ്കിലും അധ്യാപനജീവിതം ആരംഭിച്ചതു മുതല്‍ എഴുത്തുമായുള്ള ബന്ധം മുറിഞ്ഞു. 2007-ല്‍ ഒരു സുഹൃത്തുമായുള്ള ആകസ്മികമായ സംഭാഷണമാണ് അവരെ വീണ്ടും എഴുത്തിലേക്ക് കൊണ്ടെത്തിക്കുന്നത്. അതിനു ശേഷം കുറേ വര്‍ഷങ്ങളോളം ബ്ലോഗുകളിലൂടെയും മറ്റു എഴുത്തുകാരുമായുള്ള ആശയവിനിമയങ്ങളിലൂടെയും അവര്‍ തന്റെ എഴുത്തിനെ പരിപോഷിപ്പിച്ചു. അതിനിടയില്‍ പരീക്ഷണമെന്ന നിലയില്‍ ഒരു പുസ്തകമെഴുതിയെങ്കിലും അത് പ്രസിദ്ധീകരിച്ചില്ല.
അഞ്ചു വര്‍ഷത്തോളം നീണ്ട പ്രയത്‌നത്തിനൊടുവിലാണ് 2016-ല്‍ അവര്‍ തന്റെ ആദ്യ നോവലായ സെയിന്റ്‌സ് ആന്റ് മിസ്ഫിറ്റ്‌സ് പൂര്‍ത്തീകരിക്കുന്നത്. ഭാഗ്യകരമെന്നു പറയട്ടെ, പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ എഴുത്തുകള്‍ക്ക് പ്രത്യേക ശ്രദ്ധ കൊടുക്കുന്ന ഒരു മുന്നേറ്റം പ്രസാധക ലോകത്ത് ശക്തി പ്രാപിക്കുന്ന ഒരു സമയം കൂടിയായിരുന്നു അത്. എഴുത്തിനെയും എഴുത്തുകാരെയും ഒരിടത്തു നിന്നു തന്നെ കണ്ടെടുക്കുന്ന 'ഓണ്‍ വോയ്‌സസ്' (Own Voices) മുന്നേറ്റമായിരുന്നു ഇതില്‍ പ്രധാനം. പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ കഥകള്‍ അവരില്‍ പെട്ടവര്‍ തന്നെ എഴുതണമെന്നായിരുന്നു ഓണ്‍ വോയ്‌സിന്റെ നിലപാട്. പുറത്തുനിന്നുള്ള, വെള്ളക്കാരടക്കമുള്ള എഴുത്തുകാരുടെ വീക്ഷണകോണുകളിലൂടെ കഥ പറയുന്നത് തെറ്റായ പ്രതിനിധാനങ്ങള്‍ക്ക് വഴിവെക്കുമെന്ന വാദമാണ് അവര്‍ ഉന്നയിക്കുന്നത്.
പ്രധാനമായും മുസ്‌ലിം കഥാപാത്രങ്ങളെ അണിനിരത്തി എഴുതിയ ഒരു കഥ യാതൊരു വിധത്തിലും വെള്ളം ചേര്‍ക്കപ്പെടാതെ 2017-ല്‍ പ്രസിദ്ധീകരിക്കപ്പെടാന്‍ ഈ മുന്നേറ്റങ്ങള്‍ സഹായിച്ചു. അമേരിക്കയിലെ ഏറ്റവും വലിയ അഞ്ച് പ്രസാധക കമ്പനികളിലൊന്നായ സൈമണ്‍ ആന്റ് ഷൂസ്റ്ററിനു (Simon and Schuster) കീഴില്‍ മുസ്‌ലിം ശബ്ദങ്ങള്‍ ഉയര്‍ത്തിക്കാണിക്കാന്‍ വേണ്ടി ആരംഭിച്ച സലാം റീഡ്‌സ് ആണ് സെയിന്റ്‌സ് ആന്റ് മിസ്ഫിറ്റ്‌സ് പ്രസിദ്ധീകരിച്ചത്. എസ്.കെ അലിയുടെ കഥാപാത്രങ്ങള്‍ക്ക് മുസ്‌ലിം നാമം മാത്രമല്ല, ഇസ്‌ലാമികമായ ആദര്‍ശങ്ങളും മുസ്‌ലിമാണെന്ന വ്യക്തമായ ബോധവുമുണ്ട്. പതിനഞ്ച് വയസ്സുകാരിയായ ജെന്ന യൂസുഫ് എന്ന മുസ്‌ലിം പെണ്‍കുട്ടിയാണ് സെയിന്റ്‌സ് ആന്റ് മിസ്ഫിറ്റ്‌സിലെ മുഖ്യകഥാപാത്രം. മറ്റേതു കൗമാരക്കാരിയെയും പോലെ സ്‌കൂളിലെയും വീട്ടിലെയും സന്തോഷങ്ങളും പ്രശ്‌നങ്ങളും ആശയക്കുഴപ്പങ്ങളും ജെന്നയുടെ ജീവിതത്തിന്റെയും ഭാഗമാണ്. അതിനൊപ്പം അവള്‍ നേരിടുന്ന മറ്റൊരു ദുരന്തവും അതിനോടുള്ള അവളുടെ പ്രതികരണവുമാണ് കഥയുടെ സാരം.
മറ്റെല്ലാവരെയും പോലെ മുസ്‌ലിംകളുടെ ജീവിതങ്ങളിലും പ്രശ്‌നങ്ങളുണ്ടെന്നും ഈ പ്രശ്‌നങ്ങളെ സമുദായത്തിനകത്തു നിന്നുള്ളവരുടെ കണ്ണിലൂടെ തന്നെ വിശകലനം ചെയ്യേണ്ടതുണ്ടെന്നുമാണ് ഈ പുസ്തകത്തിലൂടെ താന്‍ പറയാന്‍ ശ്രമിക്കുന്നതെന്ന് സാജിദ പറയുന്നു. പുറത്തു നിന്നുള്ള അഭിപ്രായങ്ങളും വിശകലനങ്ങളും ശ്രദ്ധയൂന്നുന്നത് പലപ്പോഴും അവരുടെ വ്യക്തിത്വത്തിന്റെ 'മുസ്‌ലിം' എന്ന ഐഡന്റിറ്റിക്ക് മാത്രമാണ്. തന്റെ മുസ്‌ലിം സ്വത്വത്തെ തള്ളിക്കളയാതെ തന്നെ തന്റെ വ്യക്തിത്വവും ശബ്ദവും കണ്ടെത്തുന്ന പെണ്‍കുട്ടിയാണ് ജെന്ന. എന്നാല്‍ മുസ്‌ലിമായി ജനിച്ചതു കൊണ്ടു മാത്രം ഇസ്‌ലാമിക സംസ്‌കാരം മുഴുവനായി ജെന്ന ഏറ്റെടുക്കുന്നുമില്ല. വളര്‍ന്നു വരുന്ന ഘട്ടങ്ങളില്‍ തന്റെ സാഹചര്യങ്ങളെയും സംസ്‌കാരങ്ങളെയും കുറിച്ച് ഒരാള്‍ക്ക് ഉണ്ടായേക്കാവുന്ന സംശയങ്ങളിലൂടെയും ആത്മപരിശോധനയിലൂടെയും അവളും കടന്നുപോകുന്നുണ്ട്.
2017-ലെ യുവസാഹിത്യത്തിനുള്ള ഏഷ്യന്‍/പസഫിക് അമേരിക്കന്‍ പുരസ്‌കാരത്തിന് (Asian/Pacific American Award for Young Adult Literature) സെയിന്റ്‌സ് ആന്റ് മിസ്ഫിറ്റ്‌സ് അര്‍ഹമായിട്ടുണ്ട്. അതേ വര്‍ഷം മിഡില്‍ ഈസ്റ്റ് ബുക്ക് അവാര്‍ഡിനു വേണ്ടിയും പുസ്തകം തെരഞ്ഞെടുക്കപ്പെട്ടു. യുവസാഹിത്യ മേഖലയിലെ ഏറ്റവും നല്ല സ്ത്രീപക്ഷവാദ പുസ്തകങ്ങളിലൊന്നായി 2018-ല്‍ അമീലിയ ബ്ലൂമേര്‍ (Amelia Bloomer) പട്ടികയില്‍ ഈ നോവല്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
സെയിന്റ്‌സ് ആന്റ് മിസ്ഫിറ്റ്‌സിന് ശേഷം 2019-ല്‍ പുറത്തിറങ്ങിയ നോവലാണ് ലവ് ഫ്രം ഏ ടു സീ (Love From A to Z). മതചിന്തകള്‍ സൂക്ഷിക്കുന്ന മുസ്‌ലിം കൗമാരക്കാര്‍ക്കിടയിലെ പ്രണയവും ആക്റ്റിവിസവും അവര്‍ നേരിടുന്ന ഇസ്‌ലാം വിരുദ്ധതയുമടക്കം ചില പ്രധാന വിഷയങ്ങള്‍ ഈ പുസ്തകത്തിന്റെ പ്രമേയങ്ങളായി വരുന്നു. 'മുസ്‌ലിംകളെയും മുസ്‌ലിം അനുഭവങ്ങളെയും കുറിച്ച് ഞാന്‍ വായിച്ച ഏറ്റവും ആരോഗ്യകരമായ, ഏറ്റവും നല്ല പുസ്തകങ്ങളിലൊന്ന്' എന്നാണ് ഒരു വായനക്കാരന്‍ നോവലിനെ വിശേഷിപ്പിച്ചത്. ദോഹയില്‍ വെച്ചാണ് കഥ നടക്കുന്നത്. പഴമയും പാരമ്പര്യവും കാത്തുസൂക്ഷിക്കുമ്പോള്‍ തന്നെ പുതുമയെ പുണരാന്‍ കൂടി ശ്രമിക്കുന്ന നഗരം എന്ന നിലയിലാണ് താന്‍ ദോഹ തെരഞ്ഞെടുത്തത് എന്ന് എസ്.കെ അലി പറയുന്നു. തന്റെ കഥാപാത്രങ്ങളും അതു പോലെ തന്നെയാണ്.
'വളരുന്ന പ്രായത്തില്‍ എന്നെ പോലെയുള്ളവരെ ഞാനൊരിക്കലും പുസ്തകങ്ങളുടെ ഏടുകളില്‍ കണ്ടില്ല' - സാജിദ പറയുന്നു. 'മുസ്‌ലിംകളെ കുറിച്ച മുഖ്യധാരാ ആഖ്യാനങ്ങളില്‍ നിന്ന് വിട്ടുപോയ കാര്യങ്ങള്‍ പൂരിപ്പിക്കുകയാണ് എന്റെ എഴുത്തിന്റെ ലക്ഷ്യം. എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് ഈ ദൗത്യത്തിന്റെ ഗാംഭീര്യം എനിക്ക് മനസ്സിലാവുന്നത്. തന്നെ കൊണ്ടോ, തന്നെ പോലെയുള്ള ഏതാനും എഴുത്തുകാരെ കൊണ്ടോ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്ന ദൗത്യമല്ല ഇത്. ഇനിയും ഒരുപാട് മുസ്‌ലിം സാഹിത്യകാരന്മാരും സാഹിത്യകാരികളും മുന്നോട്ട് വന്നേ മതിയാവൂ.'
ഓസ്മ സെഹനത്ത് ഖാന്‍, ഉസ്മാ ജലാലുദ്ദീന്‍, നഫീസാ അസദ്, ഹുദാ അല്‍ മറാശി തുടങ്ങിയ മുസ്‌ലിം വനിതാ എഴുത്തുകാരുടെ എഴുത്തിനോടുള്ള ആദരവും എസ്.കെ അലി തുറന്നു പ്രകടിപ്പിച്ചിട്ടുണ്ട്. സാഹിത്യകാരികള്‍ പരസ്പരം പ്രോത്സാഹിപ്പിക്കുകയും അഭിപ്രായങ്ങള്‍ പങ്കുവെക്കുകയും ചെയ്യണമെന്ന് അവര്‍ വിശ്വസിക്കുന്നു.
Comments